Tech
ആപ്പിളിന്റെ ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഐ ഫോണായ "ഐഫോണ്‍ എയര്‍' ഡിസൈന്‍ ചെയ്ത അബിദുര്‍ ചൗധരി കമ്പനി വിട്ടെന്ന് റിപ്പോര്‍ട്ട്. "ഐഫോണ്‍ എയര്‍' വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബിദുര്‍ ചൗധരിയുടെ രാജി.
സ്വന്തമായി സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കുന്നതിനായാണ് അബിദുര്‍ ആപ്പിളിനോട് ഗുഡ്ബൈ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. ടെക് ഭീമനായ ആപ്പിളിന്റെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായിരുന്നു അബിദുര്‍ ചൗധരി. യുകെയിലെ ലൗബറോ സര്‍വകലാശാലയില്‍ നിന്ന് ഡിസൈനിംഗിൽ ചൗധരി ബിരുദം നേടിയിട്ടുണ്ട്. 2019 ജനുവരിയിലാണ് ആപ്പിളില്‍ ചേര്‍ന്നത്.
ചരിത്രത്തിലെ ഏറ്റവും സ്ലിമ്മായ (5.6 മില്ലീമിറ്റര്‍ കട്ടി) ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ എന്ന ഖ്യാതിയുമായാണ് ഐ ഫോണ്‍ എയര്‍ വിപണിയില്‍ എത്തിയതെങ്കിലും പ്രതീക്ഷിച്ച വില്പന ഫോണിന് ലഭിച്ചിരുന്നില്ല. ഇതിന്റെ കനം 5.6 എംഎം മാത്രമാണ്. ഐഫോണ്‍ എയറിന് 48 എംപി ഫ്യൂഷന്‍ കാമറയും ഉണ്ട്. മുന്‍വശത്ത് 18 എംപി സെല്‍ഫി കാമറയാണ് നല്‍കിയിരിക്കുന്നത്.
ഐ ഫോണ്‍ എയര്‍ മോഡലിന്റെ ന്യൂനതയായി പലരും എടുത്തു കാണിക്കുന്ന കാര്യം അതിന് ഒരു പിന് കാമറയെ ഉള്ളൂവെന്നതാണ്. ഐ ഫോണ്‍ 17 മോഡലിനു പോലും ഇരട്ട പിന്‍കാമറ ഉണ്ട്. വിലയും കുറവ്. ഐഫോണ്‍ എയറിന്റെ പ്രാരംഭ വില ഇന്ത്യയില്‍ 1,19,990 രൂപയാണ്. അബിദുര്‍ ചൗധരി കമ്പനി വിട്ടതുമായി ബന്ധപ്പെട്ട് ആപ്പിള്‍ ഇതുവരെ പ്രതിച്ചിട്ടില്ല.
Tech
ഐഫോണുകള്‍ കൊണ്ടുനടക്കാന്‍ ചെറിയൊരു തുണിസഞ്ചി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ജാപ്പനീസ് ഫാഷന്‍ ഹൗസായ ഇസേ മിയാകെയുമായി സഹകരിച്ച് ഐഫോണ്‍ പോക്കറ്റ് എന്നൊരു ഉത്പന്നമാണ് കമ്പനി പുറത്തിറക്കിയത്.
ലിമിറ്റഡ് എഡിഷന് വെയറബിള്‍ പോക്കറ്റ് ആണിത്. ഐഫോണോ അതുപോലെയോ ഉള്ള ചെറിയ ഡിവൈസുകള്‍ സൂക്ഷിക്കാന്‍ പാകത്തിലുള്ള വലിപ്പമേ ഐഫോണ്‍ പോക്കറ്റ് എന്ന ആക്സസറിക്കുള്ളൂ.
ഇത് കെെയില്‍ കൊണ്ടുനടക്കാം, ബാഗുകളില്‍ കെട്ടിവച്ച് ഉപയോഗിക്കാം, വേണമെങ്കില്‍ ശരീരത്തില്‍ തൂക്കിയിടുകയും ചെയ്യാം. രണ്ട് സ്ട്രാപ്പ് വേരിയന്റുകളാണ് പുതിയ ഐഫോണ്‍ പോക്കറ്റിനുണ്ടാവുക.
ഒന്ന് നീളം കുറഞ്ഞ സ്ട്രാപ്പുള്ളതും ഒന്ന് നീളം കൂടിയ സ്ട്രാപ്പുള്ളതും. നീളം കുറഞ്ഞതിന് 149.95 ഡോളറും (13200 രൂപയോളം) നീള മേറിയതിന് 229.95 ഡോളറും (20400 രൂപയോളം) ആണ് വില. ഇന്ത്യയില്‍ ഇത് എത്തുമോ എന്ന് വ്യക്തമല്ല.
ഐഫോണ്‍ പോക്കറ്റ് നീളം കുറഞ്ഞ സ്ട്രാപ്പ് വേരിയന്റ് ലെമണ്‍, മാന്ഡറിന്, പര്‍പ്പിള്‍, പിങ്ക്, പീക്കോക്ക്, സഫയര്‍, സിന്നാമന്‍, ബ്ലാക്ക് എന്നീ വ്യത്യസ്ത നിറങ്ങളില്‍ വില്പനയ്ക്കെത്തും. നീളമേറിയ സ്ട്രാപ്പുള്ള വേരിയന്റിന് സഫയര്‍, സിന്നാമന്‍, കറുപ്പ് നിറങ്ങളാണുണ്ടാവുക.
ഫ്രാന്‍സ്, ചൈന, ഇറ്റലി, ജപ്പാന്, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, യുകെ, യുഎസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ആപ്പിള്‍ സ്റ്റോറുകളിലാണ് ഐഫോണ്‍ പോക്കറ്റ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.
International
സിലിക്കൺ വാലി: രണ്ട് ഡേറ്റിംഗ് പ്ലാറ്റ്ഫോമുകൾ ആപ്പ് സ്റ്റോറിൽനിന്ന് ഔദ്യോഗികമായി നീക്കം ചെയ്ത് ആപ്പിൾ. ടീ, ടീഓൺഹെർ എന്നീ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളാണ് ആപ്പിൾ നീക്കിയത്.
വർധിച്ചുവരുന്ന ഉപയോക്തൃ പരാതികളെയും സ്വകാര്യതാ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകളെയും തുടർന്നാണ് തീരുമാനം. ഈ രണ്ട് ആപ്പുകളും മോഡറേഷൻ, ഉപയോക്തൃ സ്വകാര്യത തുടങ്ങിയവയുമായി ബന്ധപ്പെട്ടവ നിരവധി ആപ്പ് സ്റ്റോർ നയങ്ങൾ ലംഘിച്ചുവെന്നാണ് ആപ്പിൾ പറയുന്നത്.
നിരവധി ഉപയോക്തൃ പരാതികളും നെഗറ്റീവ് റിവ്യുകളും ഈ ആപ്പുകൾക്കെതിരെ ഉയർന്നിരുന്നു. പ്രായപൂർത്തിയാകാത്തവരുടെ സ്വകാര്യ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമുകളിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ട്. ഈ പ്രശ്നങ്ങളെക്കുറിച്ച് കമ്പനി നിരവധി തവണ ഡെവലപ്പർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ ആവർത്തിച്ചുള്ള പരാതികൾക്കൊടുവിൽ ഈ ആപ്പുകളെ ആപ്പിൾ ഒഴിവാക്കുകയായിരുന്നു.
Tech
ഐഒഎസ് 26 ഒഎസിലെ ലിക്വിഡ് ഗ്ലാസ് ഡിസൈനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കു പിന്നാലെ പുനര്‍വിചിന്തനവുമായി ആപ്പിള്‍. വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വച്ചാണ് ഐഒഎസ് ഇന്റര്‍ഫെയ്സ് അടിമുടി മാറ്റിക്കൊണ്ടുള്ള പുതിയ ലിക്വിഡ് ഗ്ലാസ് ഡിസൈന്‍ ആപ്പിള്‍ അവതരിപ്പിച്ചത്.
ഇപ്പോഴിതാ ലിക്വിഡ് ഗ്ലാസ് ഡിസൈനില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ഐഒഎസ് 26.1 ബീറ്റാ പതിപ്പിലാണ് പുതിയ ടോഗിള്‍ ഫീച്ചര്‍ അവതരിപ്പിച്ചത്.
ഇതുവഴി ഐഒഎസിലെ ഗ്ലാസ് പശ്ചാത്തലങ്ങള്‍ കൂടുതല്‍ ഇരുണ്ടതാക്കാന്‍ സാധിക്കും. സെറ്റിംഗ്സില് ഡിസ്പ്ലേ ആൻഡ് ബ്രൈറ്റ്നെസ് ഓപ്ഷനില്നിന്നു ലിക്വിഡ് ഗ്ലാസ് തെരഞ്ഞെടുത്താല്‍ ക്ലിയര്‍, ടിന്റഡ് എന്നിവയില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം.
ഐഒഎസ് 26.1 ബീറ്റാ പതിപ്പിലും മാക്ക് ഒഎസ് 26.1 ഡെവലപ്പര്‍ ബീറ്റയിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.
Business
മുംബൈ: ഇന്ത്യയിൽ ആപ്പിളിന്റെ സ്വപ്നതുല്യമായ മുന്നേറ്റം ഐഫോണുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു. 2025 ജനുവരി-മാർച്ച് പാദത്തിൽ, പിസി, ടാബ്ലെറ്റ് വിപണികളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡായി ഇത് ഉയർന്നുവന്നു. സംരംഭങ്ങളിലും ഉപഭോക്തൃ വിഭാഗങ്ങളിലും ഐപാഡുകൾക്കും മാക്ബുക്കുകൾക്കുമുള്ള വർധിച്ചുവരുന്ന ആവശ്യകതയാണ് ഇതിന് ആപ്പിളിന്റെ വിപണിയെ ഉയർത്തിയത്.
കനാലിസിന്റെ ഡാറ്റ പ്രകാരം, ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി ആപ്പിൾ മാറി. ആപ്പിളിന്റെ ടാബ്ലെറ്റ് വിപണി വിഹിതം 16 ശതമാനം ആയി ഉയർന്നു. കഴിഞ്ഞവർഷത്തെക്കാൾ 27% വളർച്ച രേഖപ്പെടുത്തി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടാബ്ലെറ്റ് ബ്രാൻഡായി. പിസി വിഭാഗത്തിൽ, ആപ്പിൾ കയറ്റുമതിയിൽ 73 ശതമാനത്തിന്റെ അന്പരപ്പിക്കുന്ന വളർച്ച രേഖപ്പെടുത്തി. വിപണി വിഹിതം 7.1 ശതമാനമായി ഉയർന്ന് ആദ്യമായി മികച്ച അഞ്ച് പിസി ബ്രാൻഡുകളിൽ ഇടം നേടി.
അതേസമയം, ടാബ്ലെറ്റ് കയറ്റുമതിയിൽ 33.4 ശതമാനം ഇടിവുണ്ടായെങ്കിലും 29.9 ശതമാനം വിപണി വിഹിതവുമായി സാംസംഗ് ഒന്നാം സ്ഥാനം നിലനിർത്തി. ചൈനീസ് കന്പനികളായ ലെനോവോയും ഷവോമിയും ടാബ്ലെറ്റ് കയറ്റുമതിയിൽ യഥാക്രമം 16.1 ശതമാനവും 12.6 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ, ഏസറിന് 67.2% കുത്തനെ ഇടിവ് നേരിട്ടു.
2025ലെ ആദ്യപാദത്തിൽ ഇന്ത്യയുടെ പിസി (ടാബ്ലെറ്റ് ഒഴികെ) വിപണി വാർഷികാടിസ്ഥാനത്തിൽ 13 ശതമാനം വളർച്ചയുമായി 3.3 മില്യണ്‍ യൂണിറ്റിലെത്തി. നോട്ട്ബുക്ക് കയറ്റുമതിയിൽ 21 ശതമാനം വർധനയാണ് (2.4 മില്യണ്‍ യൂണിറ്റുകൾ) ഇതിന് കാരണമായത്്. ഡെസ്ക്ടോപ്പ് കയറ്റുമതി ശതമാനം കുറഞ്ഞ് 906,000 യൂണിറ്റിലെത്തി.
പിസി വിപണിയിൽ 28.9% വിഹിതവുമായി എച്ച്പിയാണ് മുന്നിൽ, തൊട്ടുപിന്നാലെ ലെനോവോ (18.8%), ഏസർ (15.8%), ഡെൽ (13.3%) എന്നിവ ഇടിവ് രേഖപ്പെടുത്തി. ആപ്പിളിന് പുറമെ, ലെനോവോയും ഏസറും മാത്രമാണ് ഈ പാദത്തിൽ കയറ്റുമതി വളർച്ചയിൽ ഇരട്ടയക്കം രേഖപ്പെടുത്തിയത്.