Auto
മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.
എസ്യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്ഡ് കുറയാതെ വിപണി വാഴുന്നത്.
രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്റിലാണ് അഡാസ് നൽകിയിരിക്കുന്നത്.
ഇസഡ് 8 എൽ വേരിയന്റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്ലാംപ്, സീക്വൻഷ്യൽ ടേണ് ഇന്ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്റീരിയറിനെ മികച്ചതാക്കുന്നു.
സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്.
ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.
ഇസഡ് 8 ടി
ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്റ് സ്ഥിതി ചെയ്യുന്നത്.
18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.
Auto
ഇന്ത്യയിൽ ഇലക്ട്രിക് വാഹന വിപണി ചുവടുറപ്പിക്കുകയാണ്. പരന്പരാഗതമായ ഫോസിൽ ഇന്ധനത്തിൽ നിന്ന് ഇലക്ട്രിക്കിലേക്ക് മാറുന്നതിലുള്ള ആളുകളുടെ ആശങ്ക കുറഞ്ഞുവരുന്നു. പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഇതിനകം തന്നെ ഇലക്ട്രിക് പതിപ്പുകൾ അവതരിപ്പിച്ചു കഴിഞ്ഞു
റേഞ്ചും ചാർജിംഗും ആയിരുന്നു ഇവി വാങ്ങുന്നവരുടെ പ്രശ്നം. അതിന് ഒരു പരിധിവരെയെങ്കിലും പരിഹാരം കാണാൻ കന്പനികൾക്ക് കഴിഞ്ഞിട്ടുണ്ട്.
നിരവധി ചാർജിംഗ് സ്റ്റേഷനുകൾ വരികയും ചാർജിംഗ് വേഗത്തിലാക്കുകയും ഒറ്റ ചാർജിൽ കൂടുതൽ റേഞ്ച് ലഭിക്കുന്ന വാഹനങ്ങൾ നിർമാണ കമ്പനികൾ പുറത്തിറക്കുകയും ചെയ്തതോടെ കൂടുതൽ ആളുകൾ ഇവിയിലേക്ക് എത്തുന്നു.
രാജ്യത്ത് ഇന്നു ലഭിക്കുന്ന മികച്ച ഇലക്ട്രിക് കാറുകളെ പരിചയപ്പെടാം
ടാറ്റ ടിയാഗോ ഇ വി
കൈയിലൊതുങ്ങുന്ന വിലയിൽ ഒരു ഇലക്ട്രിക് കാർ അതാണ് ടാറ്റയുടെ ടിയാഗോ ഇ വി. ഹൃസ്വദൂര യാത്രകൾക്കും ഉതകുന്ന വാഹനമാണ് ടിയാഗോ. മികച്ച നിർമാണവും സുരക്ഷയും ടിയാഗോ ഉറപ്പുതരുന്നു.
നഗരത്തിൽ കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം കറങ്ങാൻ അനുയോജ്യമാണ് ടിയാഗോ ഇ വി.
റേഞ്ച്: 19.2 കിലോവാട്ട്-250 കി.മീ, 24 കിലോവാട്ട്-315 കി.മീ
വില: 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെ
ടാറ്റ പഞ്ച് ഇ വി
സ്റ്റൈലിഷ് ഡിസൈൻ, കരുത്തുറ്റ ബിൽഡ് ക്വാളിറ്റി, മികച്ച ഇന്റീരിയർ എന്നീ സവിശേഷതകളോടെ ടാറ്റ് പുറത്തിറക്കിയ ഇലക്ട്രിക് വാഹനമാണ് പഞ്ച്.
കാഴ്ചയിൽ പെട്രോൾ പഞ്ചിനോട് സമാനമാണെങ്കിലും പൂർണമായ ഇവി പ്ലാറ്റ്ഫോമിലാണ് പഞ്ച് നിർമിച്ചിട്ടുള്ളത്. 5 സ്റ്റാർ റേറ്റിംഗും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉപഭോക്താക്കളുടെ മെച്ചപ്പെട്ട ഓപ്ഷനായി പഞ്ചിനെ മാറ്റുന്നു.
റേഞ്ച്: 25 കിലോവാട്ട്, 315 കി.മീ
35 കിലോവാട്ട്, 421 കി.മീ
വില: 9.99 ലക്ഷം രൂപ മുതൽ 14.44 ലക്ഷം രൂപ വരെ
മഹീന്ദ്ര ബിഇ6 ഇ വി
ആകർഷകവും ആധുനികവുമായ ഒരു ഡിസൈനിൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് ബിഇ6. നിരവധി സുരക്ഷാ സംവിധാനങ്ങൾക്കൊപ്പം 5 സ്റ്റാർ റേറ്റിംഗും 200 കിലോമീറ്റർ വരെ വേഗതയാർജിക്കാനുള്ള കഴിവും ലോംഗ് റേഞ്ചും വാഹനത്തെ വ്യത്യസ്തമാക്കുന്നു.
റേഞ്ച്: 59 കിലോവാട്ട്-557 കി.മീ.
79 കിലോവാട്ട്-683 കി.മീ.
വില: 18.90 ലക്ഷം രൂപ മുതൽ 27.65 ലക്ഷം രൂപ വരെ
എംജി കോമറ്റ് ഇ വി
2023 ഏപ്രിലിൽ പുറത്തിറക്കിയ എംജി കോമറ്റ് ഇവി നഗര യാത്രക്ക് യോജിച്ച വാഹനമാണ്. പ്രായോഗികതയും കുറഞ്ഞ പ്രവർത്തനച്ചെലവും കോമറ്റിനെ വ്യത്യസ്തമാക്കുന്നു.
രണ്ട് ഡോറുകളും നാല് സീറ്റുമുള്ള ഒതുക്കമുള്ള രൂപകൽപ്പനയാണ് കോമറ്റിന് നൽകിയിട്ടുള്ളത്.
റേഞ്ച്: 17.4 കിലോവാട്ട് ബാറ്ററി പായ്ക്ക് - 230 കി.മീ.
വില: ബാറ്ററി - ആസ് - എ - സർവീസ് : 5 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു.
ബാറ്ററി പായ്ക്ക് സഹിതം : 7.35 ലക്ഷം രൂപ മുതൽ 9.86 ലക്ഷം രൂപ വരെ
ടാറ്റ നെക്സോൺ ഇ വി
2020 ൽ ആദ്യമായി പുറത്തിറങ്ങിയ ടാറ്റ നെക്സോൺ ഇവി, ഇന്ത്യയിലെ ഏറ്റവും ആവശ്യക്കാരുള്ള കോംപാക്റ്റ് ഇലക്ട്രിക് എസ്യുവികളിൽ ഒന്നാണ്.
ആധുനിക രൂപകൽപനയും മെച്ചപ്പെട്ട സവിശേഷതകളും കൊണ്ട്, ഇത് നഗര, ഹൈവേ ഉപയോക്താക്കളെ ഒരുപോലെ ആകർഷിക്കുന്നു.
റേഞ്ച്: 30 കിലോവാട്ട് - ദൂരം 325 കി.മീ
45 കിലോവാട്ട് - ദൂരം 489 കി.മീ.
വില: 12.5 ലക്ഷം രൂപ മുതൽ 17.19 ലക്ഷം രൂപ വരെ
എംജി വിൻഡ്സർ ഇ വി
പ്രീമിയം എക്സ്റ്റീരിയർ, ഇന്റീരിയർ സ്റ്റൈലിംഗ്, മികച്ച സുരക്ഷ, ആഡംബര കോംപാക്റ്റ് എസ്യുവികളെ തോൽപ്പിക്കുന്ന പ്രായോഗികതയോടെ എംജി പുറത്തിറക്കിയ വാഹനമാണ് വിൻഡ്സർ ഇ വി.
മുൻപ് റേഞ്ച് പ്രശ്നമായിരുന്നു എങ്കിൽ ഇപ്പോൾ അത് പരിഹരിച്ച് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് എം ജി. ബാറ്ററി വാടകയ്ക്ക് എന്ന രീതിയിലും ഈ വാഹനം വാങ്ങിക്കാൻ കഴിയുന്നതാണ്.
റേഞ്ച്: 38 കിലോവാട്ട് - 332 കി.മീ.
52.9 കിലോവാട്ട് - 449 കി.മീ.
വില: 14.00 ലക്ഷം രൂപ മുതൽ 18.10 ലക്ഷം രൂപ വരെ