Kerala
പൊടിമറ്റം (കാഞ്ഞിരപ്പള്ളി): പരിസ്ഥിതിയുടെ സംരക്ഷകര്‍ കര്‍ഷകരാണെന്നും അവരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ. മാണി എംപി.
ഇന്‍ഫാമിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ കാര്‍ഷിക ജില്ലകളിലെ 75 വയസ് കഴിഞ്ഞ കര്‍ഷകരെ ആദരിക്കുന്ന വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്കാര ചടങ്ങ് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എംപി.
വന്യമൃഗസംരക്ഷണ നിയമം വന്നപ്പോള്‍ മനുഷ്യരെ മറന്നു. 54 ശതമാനം വനാവരണം മാത്രമുള്ള കേരളത്തില്‍ 30.6 ശതമാനം മാത്രമേ കൃഷി ചെയ്യാന്‍ ഉള്ളു. കേരളത്തെ കേരളമാക്കി മാറ്റിയത് കര്‍ഷകരാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവർ: മാര്‍ തോമസ് തറയില്‍
കൃഷിയുടെ നല്ല കാലവും കഷ്ടകാലവും കണ്ടവരാണ് ഇന്ന് ഇവിടെ ആദരിക്കപ്പെടുന്ന മുതിര്‍ന്ന കര്‍ഷകരെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പും ചങ്ങനാശേരി കാര്‍ഷികജില്ല രക്ഷാധികാരിയുമായ മാര്‍ തോമസ് തറയില്‍ പറഞ്ഞു. കേരളത്തില്‍ കൃഷി ചെയ്യാന്‍ യുവകര്‍ഷകര്‍ക്ക് ധൈര്യമില്ല. കൃഷി ആദായകരമാക്കാന്‍ സര്‍ക്കാരുകള്‍ക്കോ ഭരിക്കുന്നവര്‍ക്കോ കഴിയുന്നില്ല.
ഇതുകൊണ്ടാണ് യുവാക്കള്‍ കൃഷിയിലേക്ക് ഇറങ്ങാന്‍ മടിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്കു താഴെ ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് കര്‍ഷകര്‍.
വരുമാനമില്ലെങ്കിലും സ്ഥലം ഉള്ളതിന്റെ പേരില്‍ കര്‍ഷകര്‍ക്ക് ആനുകുല്യങ്ങള്‍ നഷ്ടപ്പെടുന്നു.കൃഷി ലാഭകരമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ആലോചിച്ച് പദ്ധതികള്‍ തയാറാക്കണമെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ സംരക്ഷിക്കണം:തോമസ് മാര്‍ കൂറിലോസ്
കര്‍ഷകരെ സംരക്ഷിച്ച് വേണ്ട പ്രോത്സാഹനം നല്കി ഭക്ഷ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് തിരുവല്ല ആര്‍ച്ച്ബിഷപ്പും തിരുവല്ല കാര്ഷികജില്ലാരക്ഷാധികാരിയുമായ തോമസ് മാര്‍ കൂറിലോസ് മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. വിളകള്‍ക്ക് മതിയായ വില ലഭിക്കുന്നില്ല. കര്‍ഷകര്‍ ചെയ്യുന്ന ജോലിക്ക് വേണ്ട പരിഗണന നല്‍കണമെന്നും തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.
ചേര്‍ത്തു പിടിക്കുന്നവർക്ക് കര്‍ഷകര്‍ വോട്ടു ചെയ്യും: മാര്‍ ജോസ് പുളിക്കല്‍
കര്‍ഷകരെ ആരു ചേര്‍ത്തു പിടിക്കുന്നുവോ അവര്‍ക്ക് കര്‍ഷകര്‍ വോട്ടു ചെയ്യുമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി ബിഷപ്പും കാഞ്ഞിരപ്പള്ളി കാർഷിജില്ല രക്ഷാധികാരിയുമായ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കര്‍ഷകര്‍ അവഗണിക്കപ്പെടുന്നതിന് കാരണം അവര്‍ക്ക് ശബ്ദമില്ലാത്തതാണ്. എന്നാല്‍, ഇനി അങ്ങനെയായിരിക്കില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളാണ് കര്‍ഷകരെ ചേര്‍ത്തു പിടിക്കേണ്ടത്. ഭൂമി വനവത്കരിക്കുന്നതിന്റെ പ്രശ്നങ്ങള്‍ കര്‍ഷകര്‍ക്കുണ്ട്. ഇതില്‍ നിയമഭേദഗതികള്‍ ആവശ്യമാണ്. അതിനാല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കണം. കര്‍ഷകര്‍ സ്വപ്നങ്ങളും പ്രതീക്ഷകളും ഉള്ളവരാണെന്നും കര്‍ഷകരെ ഒരു കുടക്കീഴില് അണിനിരത്താന്‍ ഇന്‍ഫാമിന് കഴിഞ്ഞുവെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാമിന്റെ പ്രവര്‍ത്തനം ശ്രദ്ധേയം:മാര്‍ മാത്യു അറയ്ക്കല്‍
ഒരു ജനതയുടെവികസന വഴികളില്‍ ഇന്‍ഫാം സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത മുന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
അവാര്‍ഡുകള്‍ കർഷകരെ ആദരിക്കുന്നതിനുവേണ്ടി: ഫാ. തോമസ് മറ്റമുണ്ടയില്‍
കര്‍ഷകരുടെ ജീവിതാന്തസ് ഉയര്‍ത്തുന്നതിനും കൃഷിയെയും അനുബന്ധ കൃഷികളെയും പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിക്കുന്നതിനും വേണ്ടിയാണ് വിവിധങ്ങളായ അവാര്‍ഡുകള്‍ ഇന്‍ഫാം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
ഡീന്‍ കുര്യാക്കോസ് എംപി, ഇന്‍ഫാം സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് പൊട്ടയ്ക്കല്‍, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും ഇന്‍ഫാം സഹരക്ഷാധികാരിയുമായ റവ.ഡോ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍, ചങ്ങനാശേരി കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, തിരുവല്ല കാര്‍ഷികജില്ലാ ഡയറക്ടര്‍ ഫാ. ബിനീഷ് സൈമണ്‍ കാഞ്ഞിരത്തുങ്കല്‍, സംസ്ഥാന പ്രസിഡന്റ് ജോസ് ഇടപ്പാട്ട്, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടോം ചമ്പക്കുളം എന്നിവര്‍ പ്രസംഗിച്ചു.
ഇന്‍ഫാമിന്റെ കേരളത്തിലെ വിവിധ കാര്ഷികജില്ലകളില്നിന്നുള്ള 75 വയസ് കഴിഞ്ഞ മണ്ണില്‍ പൊന്നു വിളയിച്ച 921 കര്‍ഷകര്‍ക്കാണ് മെമന്റോ, തലപ്പാവ്, മറ്റ് സമ്മാനങ്ങള്‍ എന്നിവയടങ്ങിയ വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്കാരം ഇന്നലെ നല്‍കിയത്. യാത്ര ചെയ്തു വരാന്‍ സാധിക്കാത്ത 485 കര്‍ഷകരെ ഇന്‍ഫാം പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ അവരുടെ വീടുകളിലെത്തി വരും ദിനങ്ങളില്‍ ആദരിക്കും.
Kerala
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പരിസ്ഥിതിബോധവത്കരണത്തിനും സംരക്ഷണത്തിനും കരുതലിനും സുസ്ഥിരവികസനത്തിനുമായി സമഗ്രസംഭാവന നല്കുന്ന സംസ്ഥാനത്തെ മികച്ച കോളജുകള്‍ക്ക് പി.എ. തോമസ് ആന്‍ഡ് റോസാ തോമസ് മെമ്മോറിയല്‍ ക്രൈസ്റ്റ് കോളജ് ഗ്രീന്‍ നേച്ചര്‍ കാഷ് അവാര്‍ഡും ഫലകവും സര്‍ട്ടിഫിക്കറ്റും നല്കി ആദരിക്കുന്നു.
2026-27 അധ്യയനവര്‍ഷത്തില്‍ പലവിധത്തിലുള്ള പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച കോളജുകള്‍ക്കാണ് പുരസ്കാരം നൽകുക. കോളജില്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്, പത്രവാര്‍ത്ത, ഫോട്ടോകള്‍, സിഡികള്‍ എന്നിവയടക്കം പ്രിന്‍സിപ്പല്‍, ക്രൈസ്റ്റ് കോളജ് എന്ന വിലാസത്തില്‍ ഈമാസം 30 നുമുമ്പായി അപേക്ഷിക്കേണ്ടതാണെന്നു കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫാ. ജോയ് പീണിക്കപറമ്പില്‍ - 9446420005
Sports
ദുബായ്: ഗ്ലോബ് സോക്കർ അവാർഡുകൾ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉസ്മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ് ഗ്ലോബ് സോക്കർ.
ദുബായ് സ്പോർട്സ് കൗണ്‍സിൽ നടത്തിവരുന്ന ’ഗ്ലോബ് സോക്കർ 2025’ പുരസ്കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച മിഡിൽ ഈസ്റ്റേണ്‍ ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി ക്ലബ് അൽ നസറിൽ കളിക്കുന്ന റൊണാൾഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്.
International
അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ് ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.
കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.
പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനി ബാബുവിന്റെയും ഏക മകളായ അമല തുവയൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.
ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.
Movies
വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള കെസിബിസി മീഡിയ കമ്മീഷന്റെ 2025-ലെ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് ടോം ജേക്കബ് അർഹനായി. 40 വർഷത്തോളമായി മാധ്യമരംഗത്തുള്ള ഇദ്ദേഹം ശ്രദ്ധേയമായ ‘പകിട പകിട’ പരമ്പരയുടെ നിർമാതാവും 15 ൽപ്പരം സിനിമകളിൽ അഭിനേതാവുമാണ്. പാൻ ഇന്ത്യൻ സിനിമയായ ‘കലാം എസ്ടിഡിബി’ യാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
സാഹിത്യ അവാർഡ് വി.ജെ.ജയിംസിനാണ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന മുൻനിർത്തിയാണു പുരസ്കാരം. കെസിബിസി ദാർശനിക വൈജ്ഞാനിക അവാർഡ് റവ.ഡോ. തോമസ് വള്ളിയാനിപ്പുറത്തിനാണ്. യോഹന്നാന്റെ സുവിശേഷത്തിലും ജെറമിയ പ്രവാചകന്റെ പു സ്തകത്തിലും റോമാക്കാർക്കുള്ള ലേഖനത്തിലും ഡോക്ടറേറ്റുള്ള ഇദ്ദേഹം പതിനെട്ടു പുസ്തകളുടെ രചയിതാവുകൂടിയാണ്.
മലയാളസിനിമയിൽ കോസ്റ്റ്യൂം രംഗത്ത് മികവ് തെളിയിച്ച സ്റ്റെഫി സേവ്യറിനാണ് യുവപ്രതിഭാ പുരസ്കാരം. ‘ഗപ്പി’ എന്ന സിനിമയ്ക്കു കേരള സർക്കാരിന്റെ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഗുരുപൂജ പുരസ്ക്കാരത്തിന് ബേബിച്ചൻ ഏർത്തയിൽ, (കലാ-സാംസ്കാരിക പ്രവർത്തകൻ, എഴുത്തുകാരൻ) ഡോ. ജോർജ് മരങ്ങോലി, (എഴുത്തുകാരൻ), ഫാ. ജോൺ വിജയൻ ചോഴംപറമ്പിൽ (ക്രൈസ്തവ സംഗീതം ) എന്നിവർ അർഹരായി.
കെസിബിസി മീഡിയ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ് അവാർഡുകൾ പ്രഖാപിച്ചത്. 16ന് പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ നൽകുമെന്ന് മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ അറിയിച്ചു.
NRI
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദി ജര്‍മനിയിലെ സാമൂഹിക പ്രവർത്തകനും വ്യവസായ സംരംഭകനും ലോക കേരള സഭാംഗവും ഗ്ലോബല്‍ മലയാളി ഫെഡറേഷന് ചെയര്‍മാനുമായ പോള്‍ ഗോപുരത്തിങ്കലിനെയും വ്യവസായ സംരംഭകനും അഭിനേതാവുമായ രാകേഷ് ശങ്കരനെയും രത്ന പുരസ്കാരം നല്കി ആദരിക്കുന്നു.
ശനിയാഴ്ച നടക്കുന്ന ഗായകൻ രാകേഷ് ബ്രഹ്മാനന്ദന് നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ പ്രോഗ്രാമായ ലാലാ 2025ല്‍ പുരസ്കാര സമര്‍പ്പണം നടത്തും. വേദിയില്‍ യുവ സാഹിത്യകാരി സൗമ്യ കൃഷ്ണ, നഴ്സും സംരംഭകയുമായ അമ്പളി മോബിന്, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ റീന ജോണ്‍ എന്നിവരെയും പുരസ്കാരം നല്കി ആദരിക്കും.
ലണ്ടന്‍ മലയാള സാഹിത്യവേദി ജനറല്‍ കോഓർഡിനേറ്റര്‍ റജി നന്തികാട്ട്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജിബി ഗോപാലന്, കോഓര്‍ഡിനേറ്റര്‍ രാജേഷ് നാലാഞ്ചിറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കും.