Kerala
കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരൺ കുമാറി(34)ന് മർദനം. സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.
വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ മർദിച്ചു.
അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയ(24) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. കേസിൽ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.
Kerala
തൃശൂര്‍: തിരുവില്വാമലയിൽ ബാർ ജീവനക്കാരന് ക്രൂരമർദനം. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരൻ സുബ്രഹ്മണ്യനാണ് ക്രൂര മർദനമേറ്റത്. സംഭവത്തിൽ ബാറിലെ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാറിലെ മുൻ ജീവനക്കാരൻ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിന്റോ, എബിൻ, രഞ്ജിത്ത് എന്നിവരാണ് കസ്റ്റഡിയിലായത്. പഴയന്നൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മർദനമെന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്.
ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് സുഹൃത്തുക്കൾക്കൊപ്പം വീണ്ടും ബാറിലെത്തുകയായിരുന്നു. പിന്നാലെ സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുകൊണ്ടേയിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സുബ്രഹ്മണ്യന്റെ മുഖത്ത് ആഞ്ഞടിക്കുന്നത് അടക്കം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സുബ്രഹ്മണ്യനെ പലതവണ അടിക്കുന്നതും ദൃശ്യത്തിലുണ്ട്.
അടിയേറ്റ് നിലത്ത് വീണ സുബ്രഹ്മണ്യനെ അവശനിലയിൽ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബാറിലെ ജീവനക്കാ ജീവനക്കാരൻ ആയിരിക്കെ, ചില വിഷയങ്ങളുടെ പേരിൽ ഗിരീഷിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.
എന്നാൽ, വ്യക്തിപരമായി താനുമായി യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് സുബ്രഹ്മണ്യൻ പറയുന്നത്. താടിയെലിന് ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്.
Kerala
പാലക്കാട്: കാവശേരി പഞ്ചായത്ത് സെക്രട്ടറിക്ക് മർദനം. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം സെക്രട്ടറി പി. വേണുവിനാണ് മർദനമേറ്റത്.
സിപിഎം പ്രവർത്തകരായ പ്രമോദ്, രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മർദിച്ചതെന്ന് പരാതി. തെരഞ്ഞെടുപ്പിൽ പ്രമോദിന്റെ നാമനിർദേശപത്രിക തള്ളിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു മർദനമെന്നാണ് പരാതി. പരിക്കേറ്റ വേണു ചികിത്സയിലാണ്. സംഭവത്തിൽ പോലീസിൽ പരാതി നൽകി.
Kerala
കൊച്ചി: കൂത്താട്ടുകുളം നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ നിയുക്ത കൗൺസിലർക്ക് മർദനം. 16-ാം വാർഡിൽ നിന്നും വിജയിച്ച യുഡിഎഫിലെ ജോമി മാത്യുവിനാണ് പരിക്കേറ്റത്.
മാത്യുവിനെ ആക്രമിച്ച കേസിൽ കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശി ജോസഫ് കുര്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
District News
ഗുരുവായൂർ: ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന്റെ തട്ടുകട തകർത്ത് ഉടമയെ ക്രൂരമായി മർദിച്ചു.
ഇരുമ്പുപൈപ്പുകൊണ്ടുള്ള അടിയേറ്റ് കച്ചവടക്കാരന്റെ ഇടതുകൈയുടെ എല്ലുപൊട്ടി. സംഭവത്തിൽ പോലീസ് കേസെടുത്തത് ഒരാഴ്ചയ്ക്കുശേഷം. വടക്കേനടയിൽ മാഞ്ചിറ റോഡിൽ ഏഴുവർഷമായി മുല്ലപ്പൂവും പൂജാ സാധനങ്ങളും വില്പന നടത്തുന്ന ചാവക്കാട് തിരുവത്ര ചീരമ്പത്ത് രാജേന്ദ്രൻ(66)നാണ് മർദനമേറ്റത്. കൈക്ക് പ്ലാസ്റ്ററിട്ട രാജേന്ദ്രൻ വീട്ടിൽ വിശ്രമത്തിലാണ്.
തെരുവിൽ കഴിയുന്നവർ കഴിഞ്ഞദിവസം നടപ്പാതയിൽ മലമൂത്ര വിസർജനം നടത്തുന്നത് രാജേന്ദ്രൻ ചോദ്യം ചെയ്തിരുന്നു. പിറ്റേന്ന് കട വിസർജ്യവസ്തുക്കളാൽ മലിനമാക്കി.
ഇതിന്റെ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജേന്ദ്രൻ പറയുന്നു. ഇക്കഴിഞ്ഞ 12ന് പുലർച്ചെ മൂന്നോടെ ഇരുമ്പ് പൈപ്പുമായി എത്തിയ അക്രമി മർദിക്കുന്നതും കട തല്ലിത്തകർക്കുന്നതും തൊട്ടടുത്ത സ്ഥാപനത്തിലെ നിരീക്ഷണകാമറയിൽ തെളിഞ്ഞിട്ടുണ്ട്. പോലീസ് ഇന്നലെ രാജേന്ദ്രനെ വിളിച്ചുവരുത്തി മൊഴിയെടുത്തതിനുശേഷം കേസെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേരാണ് തെരുവോരങ്ങളിൽ കഴിയുന്നത്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്.
Kerala
തൃശൂർ: പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാർക്ക് മർദനം. വെള്ള ഫോർച്യൂണർ കാറിൽ എത്തിയ സംഘം ഒരു പ്രകോപനവും ഇല്ലാതെ ജീവനക്കാരെ മർദിക്കുകയായിരുന്നു.
ഫാസ്റ്റ്ടാഗ് റീഡ് ചെയ്ത കാർ മുന്നോട്ട് നീക്കി നിർത്തിയ ശേഷം സംഘം കാറിൽ നിന്നിറങ്ങി ജീവനക്കാരെ മർദിച്ചു.
കസേരയിൽ വെറുതെ ഇരിക്കുന്ന ജീവനക്കാരനെ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ടോൾ പ്ലാസയിലെ ബാരിക്കേടുകൾ തകർത്ത് വാഹനങ്ങളും കടത്തിവിട്ടു. സംഭവത്തിൽ ടോൾ പ്ലാസ അതികൃതർ പോലീസിൽ പരാതി നൽകി.
Kerala
മലപ്പുറം: പിഎസ്സി ജീവനക്കാരനെ ട്രെയിനിൽ നിന്ന് മർദിച്ച് തള്ളിയിട്ടതായി പരാതി. കിഴിശേരി സ്വദേശി തച്ചക്കോട്ടിൽ മുജീബിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30ന് കണ്ണൂരിൽ നിന്ന് ഫറൂക്കിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ഡോറിന് സമീപം വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നുവെന്നും ഈ സമയം ഒരാൾ പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും പിന്നീട് മൂന്നു പേർ ചേർന്ന് മർദിക്കുകയും ട്രെയിനിന് പുറത്തേക്ക് വലിച്ചിടുകയും ആയിരുന്നുവെന്ന് മുജീബ് റഹ്മാൻ പറയുന്നു.
പരിക്കേറ്റ മുജീബ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി പ്രവർത്തനരഹിതമാണ്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് ആക്രമണം.
വടകര തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ക്രൂര പീഡനത്തിന് വിധേയമായത്. ഉച്ചക്കുശേഷം സ്കൂളിലേക്ക് തിരിച്ചു വരുമ്പോഴാണ് സ്കൂളിന് പുറത്തുവച്ച് സീനിയർ വിദ്യാർഥികൾ മർദിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആറങ്ങോട്ട് മീത്തൽ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൂക്കിന് പൊട്ടലുണ്ട്. മർദനത്തിൽ കണ്ണിനു താഴെയും കറുത്ത പാട് രൂപപ്പെട്ടു. മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപെട്ട് സ്കൂളിൽ കഴിഞ്ഞ രണ്ട് ദിവസമായി സംഘർഷാവസ്ഥ നിലവിലുണ്ട്. ഇതിനിടയിൽ സംഘടിച്ചെത്തിയ ഒരു വിഭാഗം വിദ്യാർഥികൾ മുഹമ്മദിനെ മർദിക്കുകയായിരുന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയതു ചോദ്യംചെയ്ത് സീനിയർ വിദ്യാർഥികൾ ജൂണിയർ വിദ്യാർഥികളെ ക്ലാസിൽ കയറി മർദിച്ചു.
ഒരു വിദ്യാർഥിനിയുടെ കൈ ഒടിഞ്ഞു. അക്രമം തടയാൻ ശ്രമിച്ച അധ്യാപികയ്ക്കും മർദനമേറ്റു. ഇക്കഴിഞ്ഞ 22ന് വളപട്ടണം ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. പരിക്കേറ്റ വിദ്യാർഥികളുടെ പരാതിയിൽ 51 പ്ലസ് ടു വിദ്യാർഥികൾക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തു.
പ്ലസ് വൺ ക്ലാസ് നടന്നുകൊണ്ടിരിക്കേ സംഘടിച്ചെത്തിയ പ്ലസ്ടു വിദ്യാർഥികൾ ചീത്തവിളിച്ച് ക്ലാസിൽ കയറി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. തടയാൻ ചെന്നപ്പോഴാണ് അധ്യാപികയ്ക്കും മർദനമേറ്റത്. സംഭവത്തെത്തുടർന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഇരു വിഭാഗത്തിലെയും രക്ഷിതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് സ്കൂളിൽ യോഗം ചേർന്നിരുന്നു.
മർദനത്തിൽ പങ്കുള്ള 51 പ്ലസ്ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കിയിരിക്കുകയാണ്. ആക്രമണത്തെത്തുടർന്ന് ഭീതിയിലായ പല കുട്ടികളും സ്കൂളിലേക്കു വരാൻ മടിക്കുന്ന സാഹചര്യമുണ്ട്. ഇവരുൾപ്പെടെ പ്ലസ് വൺ ക്ലാസിലെ വിദ്യാർഥികൾക്കു കൗൺസലിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Kerala
തലശേരി: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റസ്ലിംഗ് മാതൃകയിൽ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ രണ്ടു വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പ്ലസ്ടു ക്ലാസ് മുറിയിൽ റസ്ലിംഗ് മാതൃകയിൽ മർദിക്കുകയും എടുത്തുയർത്തി നിലത്തെറിയുകയും ശരീരത്തിലേക്കു ചാടി വീണ്ടും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണു നടപടി. ഒരു വിദ്യാർഥിയെ മറ്റൊരു വിദ്യാർഥി ക്രൂരമായി ആക്രമിക്കുന്നതും കൂടെയുള്ളവർ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ചില വിദ്യാർഥികൾ അനുനയിപ്പിക്കുന്നതോടെയാണ് ദൃശ്യം അവസാനിക്കുന്നത്. കൂട്ടത്തിലുള്ള വിദ്യാർഥിതന്നെയാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പറയുന്നു.
ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ എങ്ങനെയെത്തി എന്ന ചോദ്യവും ഉയരുന്നുണ്ട്. സംഭവത്തെ തുടർന്ന് സ്കൂളിൽ അടിയന്തര യോഗം ചേർന്നിരുന്നു. മർദിച്ച വിദ്യാർഥികളെ ഈ അധ്യയന വർഷം സ്കൂളിൽനിന്ന് മാറ്റിനിർത്താനാണ് തീരുമാനം. എന്നാൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കും.
Kerala
കാസർഗോഡ്: കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്.
ഇന്ന് രാത്രി ഏഴോടെയായിരുന്നു സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ നീലേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
Kerala
കോഴിക്കോട്: തിക്കോടിയില്‍ സ്കൂള്‍ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയായ ഭാര്യയെയും മര്‍ദ്ദിച്ചതായി പരാതി. പുറക്കാട് സ്വദേശി വിജയന്, ഇയാളുടെ ഭാര്യയും സ്കൂള്‍ ബസിലെ ക്ലീനറുമായ ഉഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലെത്തിയ രണ്ട് പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ എട്ടിന് ദേശീയ പാതയില്‍ തിക്കോടി പഞ്ചായത്ത് ബസാറിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ബസിന് മുന്‍പിലായി ഈ കാര്‍ സഞ്ചരിച്ചിരുന്നതായി വിജയന് പറഞ്ഞു. പലതവണ ഹോണ്‍ മുഴക്കിയെങ്കിലും മാറിത്തരാന്‍ കാര്‍ യാത്രികര്‍ തയാറായില്ല. പിന്നീട് കാറിനെ മറികടന്ന് മറ്റൊരു സ്ഥലത്തുവച്ച് കുട്ടികളെ കയറ്റാനായി ബസ് നിര്‍ത്തിയപ്പോള്‍ ഇവര്‍ അവിടെ എത്തുകയും കാറില്‍ നിന്നിറങ്ങി വന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.
വിജയന്റെ മുഖത്തുള്‍പ്പെടെ അടിയേറ്റിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇദ്ദേഹത്തിന്റെ കണ്ണടയും നഷ്ടമായി. അക്രമം തടയാന്‍ ചെന്നപ്പോഴാണ് ഉഷയ്ക്കും മര്‍ദ്ദനമേറ്റത്.
Kerala
മലപ്പുറം: മങ്കടയിൽ ബൈക്ക് യാത്രികന് ക്രൂരമർദനം. മങ്കട ഞാറക്കാട് സ്വദേശി ഹരിഗോവിന്ദനാണ് (48) മർദ്ദനമേറ്റത്.
ഹെൽമെറ്റ് കൊണ്ട് യുവാവിന്റെ തലക്കടിക്കുന്നതും മുഖത്ത് ക്രൂരമായി പ്രഹരിക്കുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. ചാവി കൊണ്ട് കുത്തിയും പരിക്കേൽപ്പിച്ചു. ബൈക്കിൽ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്തെന്ന് പറഞ്ഞാണ് ആക്രമിച്ചത്.
നാല് പേർ ചേർന്നാണ് ഹരിഗോവിന്ദനെ മർദിച്ചത്. സംഭവത്തിൽ പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസെടുത്തതായി മങ്കട പോലീസ് അറിയിച്ചു.