കൊല്ലം: വിസ്മയ കേസിലെ പ്രതിയും മോട്ടോർ വാഹനവകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ കിരൺ കുമാറി(34)ന് മർദനം. സംഭവത്തിൽ നാലുപേർക്കെതിരെ ശൂരനാട് പോലീസ് കേസെടുത്തു.
ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടിനാണ് സംഭവം.
വിസ്മയ കേസിന്റെ കാര്യം പറഞ്ഞ് റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനു മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു. തുടർന്നു പുറത്തേക്ക് വന്ന കിരണിനെ മർദിച്ചു.
അടിച്ച് താഴെയിട്ട ശേഷം മൊബൈൽ ഫോൺ കവർന്നു. മുൻപും പലപ്പോഴും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനു മുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. കണ്ടാൽ അറിയുന്നവരായ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിനു ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ബിഎഎംഎസ് വിദ്യാർഥിയായിരുന്ന വിസ്മയ(24) ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. കേസിൽ കിരൺ കുമാറിനെ കോടതി 10 വർഷം തടവിനാണ് ശിക്ഷിച്ചത്. സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്.
Tags : Kiran Kumar Vismaya case beaten case