Kerala
കണ്ണൂർ: കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് ശേഖരം. കരേറ്റയിലാണ് ബോംബ് ശേഖരവും ബോംബ് നിർമാണ സാമഗ്രികളും കണ്ടെത്തിയത്.
12 കിലോ വെടിമരുന്ന്, അഞ്ച് കിലോ സൾഫർ, ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടൈനറുകൾ, ഐസ്ക്രീം കണ്ടെയ്നറുകൾ എന്നിവ കണ്ടെടുത്തു.
കണ്ടെടുത്ത ഒൻപത് നാടൻ ബോംബുകൾ പഴകി ദ്രവിച്ച നിലയിലാണ്. സ്ഫോടകവസ്തുക്കൾ കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് മാറ്റി.
Kerala
കൊച്ചി: കൊച്ചിയിൽ ബാങ്കുകൾക്കു ബോംബു ഭീഷണി. കൊച്ചിയിലെ സിറ്റി യൂണിയന് ബാങ്കിന്റെ രണ്ടു ശാഖകളിലാണ് വ്യാജ ബോംബ് ഭീഷണി എത്തിയത്. സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പേരിലാണ് ബാങ്കുകളിലേക്ക് ഈ മെയിലില്‍ ഭീഷണി സന്ദേശം എത്തിയത്. ബാങ്കില്‍ അമോണിയം നൈട്രേറ്റ് അടക്കമുള്ള സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയോടെ സ്ഫോടനം നടക്കുമെന്നുമാണ് സന്ദേശം എത്തിയത്.
എന്നാല്‍, ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ ഭീഷണി സന്ദേശത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, മറ്റ് ജില്ലകളിലെ ബാങ്കുകളിലും സമാന സന്ദേശം എത്തിയിട്ടുണ്ടെന്നും വിവരവമുണ്ട്. പാലക്കാടും പരിശോധന നടക്കുന്നുണ്ട്.
Kerala
നെടുമ്പാശേരി: ദുബായിൽനിന്നു തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യു പേപ്പറിൽ എഴുതി ഉപേക്ഷിച്ച നിലയിൽ ബോംബ് ഭീഷണി സന്ദേശം.
തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ടിഷ്യു പേപ്പറിൽ ബോംബ് എന്നെഴുതിയ പേപ്പർ വിമാനത്തിലെ ജീവനക്കാർ കണ്ടെത്തിയത്. പേന ഉപയോഗിച്ച് ഇംഗ്ലീഷിലായിരുന്നു എഴുതിയിരുന്നത്.
വിമാനജീവനക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് സുരക്ഷാവിഭാഗം യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തര നടപടികൾ സ്വീകരിച്ചു. യാത്രക്കാരെ പെട്ടെന്നു പുറത്തിറക്കി വിമാനത്തിന്റെ അകം മുഴുവൻ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
ഭീഷണി എഴുതി ശുചിമുറിയിൽ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിൽ നിർണായക വഴിത്തിരിവ്. വൈറ്റ് കോളർ ഭീകരസംഘത്തിന് വിദേശത്ത് നിന്ന് 42 ബോംബ് നിർമാണ വീഡിയോകൾ ലഭിച്ചെന്ന് അന്വേഷണ സംഘം. ദേശീയമാധ്യമത്തോടാണ് അന്വേഷണസംഘം ഇക്കാര്യം വെളിപ്പെടുത്തിയത്.
കേസിൽ അറസ്റ്റിലായ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടർ മുസമ്മിൽ അഹമ്മദ് ഗനായിയുടെ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ നിന്നാണ് അന്വേഷണസംഘം വീഡിയോകൾ കണ്ടെത്തിയത്.
ഹൻസുള്ള എന്ന വിദേശ ഹാൻഡിലുകളിൽ നിന്നാണ് മുസമ്മിൽ അഹമ്മദ് ഗനായിയുടെ ലാപ്ടോപ്പിലേക്ക് വീഡിയോകൾ ലഭിച്ചിരിക്കുന്നത്. സ്ഫോടനം നടത്തിയ ഉമർ നബിയുടെ സഹപ്രവർത്തകനും കൂട്ടാളിയുമായിരുന്നു അറസ്റ്റിലായ ഗനായി. ചാവേർ ആക്രമണത്തിന് പ്രതികളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് വീഡിയോകളെന്നും അന്വേഷണ സംഘം പറഞ്ഞു.
സ്ഫോടനത്തിലെ പ്രതികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. മുസമ്മിൽ അഹമ്മദ് ഗനായി ഉൾപ്പടെയുള്ളവർ തുർക്കി വഴി അഫ്ഗാനിസ്ഥാനിൽ എത്തിയതായും അന്വേഷണ സംഘം കരുതുന്നു. ഭീകരർക്ക് തുർക്കിയിൽ നിന്ന് സഹായം ലഭിച്ചിരുന്നെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ബോംബ് ഭീഷണി.എസ്ഐബിയുടെ തിരുവനന്തപുരം മുക്കോല ശാഖയിലാണ് ഭീഷണി സന്ദേശമെത്തിയത്.
ബാങ്കിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ ഓഫീസിലും പോലീസ് പരിശോധന നടത്തി.
[email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.
International
ഇസ്ലാമാബാദ്: കോടതി സമുച്ചയത്തിന് സമീപത്തുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപണം ഉന്നയിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനമുണ്ടായത്.
പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലായിരുന്നു സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പാക് പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളി. ഷഹബാസ് ഷരീഫ് നടത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സ്വന്തം പൗരന്മാരെ തെറ്റിധരിപ്പിക്കാനുള്ള പതിവ് തന്ത്രമാണിത്. അന്താരാഷ്ട്ര സമൂഹത്തിന് യാഥാർഥ്യം അറിയാമെന്നും ശ്രദ്ധ മാറ്റാനുള്ള പാക് തന്ത്രങ്ങളിൽ ലോകരാജ്യങ്ങൾ വീഴില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
National
ചെന്നൈ: നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ചെന്നൈ ഇസിആറിലുള്ള വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം പോലീസ് ആസ്ഥാനത്തേക്കാണെത്തിയത്.
തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല. സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്കു മുമ്പ് നടി രമ്യ കൃഷ്ണന്റെ വീട്ടിലും ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തില്‍ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അജിത്തിന്റെ വീട്ടിലും ബോംബ് ഭീഷണിയെത്തിയത്.
Kerala
കൊച്ചി: യുവാവ് തോക്കുമായി എത്തിയതിനെ തുടർന്ന് കൊച്ചിയിൽ നടത്തുന്ന നിരീശ്വരവാദി കൂട്ടായ്മ എസന്‍സ് നിര്‍ത്തിവെച്ചു. കൊച്ചി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരി തസ്ലീമ നസ്രിൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
രാവിലെ പരിപാടി ആരംഭിച്ചപ്പോഴാണ് ഒരാൾ തോക്കുമായി എത്തിയത്. സുരക്ഷാ പരിശോധനയിൽ ഇത് തെളിഞ്ഞതോടെയാണ് സംഘാടകർ പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഉദയംപേരൂര്‍ സ്വദേശിയായ ഇയാളെ അറസ്റ്റ് ചെയ്തു.
ലൈസന്‍സുള്ള തോക്കാണെന്നും സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് കൊണ്ടുവന്നതെന്നും അറസ്റ്റിലായ ആൾ പറഞ്ഞു. സ്ഥലത്ത് ബോംബ് സക്വാഡ് അടക്കം എത്തി പരിശോധന നടത്തി. ആറായിരത്തോളം പേർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്.
Kerala
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് മുല്ലപ്പെരിയാര്‍ ഡാമില്‍ പോലീസ് പരിശോധന നടത്തി. ഡാമിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശൂർ കോടതിയിലേയ്ക്കാണ് ഇമെയിൽ സന്ദേശം ലഭിച്ചത്. തുടർന്ന് ഇടുക്കി ജില്ലാ കളക്ടറെ വിവരം അറിയിക്കുകയായിരുന്നു.
ഇടുക്കിയിലെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടിൽ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടർ, മെയിൻ ഡാം, ബേബി ഡാം ഷട്ടർ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതിനിടെ തേക്കടിയിൽ വാർത്തകൾ ശേഖരിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും എത്തിയ മാധ്യമപ്രവർത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ തടഞ്ഞത് പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.