നെന്മാറ: കശുവണ്ടി വിളവെടുപ്പിനു തുടക്കം. സീസൺ തുടക്കമായതിനാൽ ഉയർന്ന വില ലഭ്യമാകുന്നത് കർഷകർക്ക് ആശ്വാസം. ഒരു കിലോ 140 രൂപ നിരക്കിലാണ് മലഞ്ചരക്ക് വ്യാപാരികൾ കശുവണ്ടി വാങ്ങുന്നത്.
വിളവെടുപ്പ് സജീവമായാൽ സാധാരണ വില കുറയുകയാണ് പതിവ്. ഈ വർഷം വേനൽ മഴയ്ക്ക് മുമ്പുതന്നെ മിക്ക ഇടങ്ങളിലും കശുവണ്ടി വിളവെടുപ്പിന് പാകമായിട്ടുണ്ട്.
മലയോര മേഖലകളായ കരിമ്പാറ, ഒലിപ്പാറ, കോപ്പം കുളമ്പ്, പോത്തുണ്ടി, പോക്കാമട, അയ്യർ പാടി, കൈതച്ചിറ, കാന്തളം, പാളിയമംഗലം പ്രദേശങ്ങളിലാണ് കശുമാവ് കൂടുതൽ കൃഷിയുള്ളത്. ഈ വർഷം അനുകൂല കാലാവസ്ഥയായതിനാൽ നല്ല രീതിയിൽ പൂക്കൾ പിടിക്കുകയും വിളവ് ലഭിക്കുന്ന സ്ഥിതിയുമുണ്ടായിട്ടുണ്ട്.
മഴപെയ്താൽ കശുവണ്ടിയുടെ നിറം കുറയുകയും കറുപ്പ് നിറം പടരാൻ ഇടയാക്കുകയും ചെയ്താൽ കശുവണ്ടിയുടെ വില കുത്തനെ ഇടിയുന്നതാണ് സാധാരണ വർഷങ്ങളിൽ കാണാറുള്ളത്.
സീസണിലെ ആദ്യം പൂവിട്ട മരങ്ങളിൽ ഇടമഴ ലഭിച്ചാൽ വീണ്ടും പൂവിടാനുള്ള സാധ്യതയും അധിക ഉത്പാദന പ്രതീക്ഷയും കർഷകർ പുലർത്തുന്നു.
വില കുറയൽ പതിവായതിനാൽ വിളവെടുക്കുന്ന കശുവണ്ടി കൂടുതൽ ദിവസം വൈകാതെ തന്നെ വിപണിയിൽ എത്തിച്ചില്ലെങ്കിൽ വില കുറയാനുള്ള സാധ്യതയും കർഷകരും വ്യാപാരികളും പറയുന്നു.