കൊല്ലത്തിന്റെ പ്രസിദ്ധി ലോകമെങ്ങും അറിയുന്നത് കശുവണ്ടിയുടെ പേരിലാണ്. ലോകത്തിന്റെ ഏതു കോണിൽനിന്നും ആളുകൾ കൊല്ലത്തെത്തിയാൽ കശുവണ്ടിപ്പരിപ്പ് വാങ്ങലും രുചിയറിയലും പ്രധാനമാണ്. കശുവണ്ടിയുടെ ഉപയോഗം അനുദിനം വർധിക്കുകയാണ്.
സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവർ കൊറിച്ചിരുന്ന കശുവണ്ടി ഇപ്പോൾ സാധാരണക്കാരും കഴിക്കുന്നു. ബിരിയാണിയിലും ബിസ്കറ്റിലും പുഡ്ഡിങ്ങിലും കറികളിൽപോലും കശുവണ്ടി ചേർക്കുന്നത് സാധാരണമായി. മുളപ്പിച്ച കശുവണ്ടിപോലും അടുക്കളയിലേക്കു വരികയാണ്.
അതുകൊണ്ടുതന്നെ കേരളത്തിലെ കശുവണ്ടി വ്യവസായം പ്രധാനമായും കൊല്ലം ജില്ലയിൽ കേന്ദ്രീകരിച്ചിരിക്കുന്നു. കശുവണ്ടി ബിസിനസിലൂടെ സ്വന്തം മേൽവിലാസം സൃഷ്ടിച്ച കന്പനിയാണ് ഞക്കാടൻ കാഷ്യു എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്ട്സ്.
അവരുടെ സാരഥി അസ്ഗർ ബഷീർ എന്ന യുവാവ് പയറ്റിത്തെളിഞ്ഞതു വിജയത്തിലേക്കുള്ള വഴിയാണ്. പണ്ടത്തെപ്പോലെ കശുവണ്ടിയുടെ ഈറ്റില്ലമെന്നു കൊല്ലത്തെ വിളിക്കാൻ കഴിയില്ലെങ്കിലും പല ഫാക്ടറികളും പൂട്ടികിടക്കുന്പോഴും ഈ യുവാവ് നേടിയ വിജയം ചെറുതല്ല.
സ്വന്തം മേൽവിലാസം ഈ വ്യവസായത്തിൽ ഉണ്ടാക്കാൻ അദ്ദേഹത്തിനു സാധിച്ചിരിക്കുന്നു. കമ്പനി സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലെ വേളമാനൂർ എന്ന സ്ഥലത്താണ്. പല ഡിപ്പാർട്ട്മെന്റുകളിലുമായി മുന്നൂറോളം സ്ത്രീകൾ തൊഴിൽ ചെയ്യുന്നുണ്ട്.
ഇക്കൂട്ടത്തിൽ അന്യ സംസ്ഥാന തൊഴിലാളികളുമുണ്ട്. പ്രധാനമായും കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഡൽഹി അടക്കമുള്ള അന്യസംസ്ഥാനങ്ങളിലേക്കും പരിപ്പ് കയറ്റി അയക്കുന്നുണ്ട്. കൂടാതെ കോസ്റ്റ് ഗാനഗ്രി എന്ന ആഫ്രിക്കൻ രാജ്യത്തിൽനിന്നു കശുവണ്ടി ഇറക്കുമതി ചെയ്തും കച്ചവടം നടത്തുന്നുണ്ട്.
കൊല്ലം ചന്ദനത്തോപ്പ് സ്വദേശിയായ അസ്ഗർ പത്ത് വർഷമായി സ്വന്തമായി ബിസിനസ് ചെയ്യുന്നു. അസ്ഗറിന്റെ കുടുംബം അന്പതുവർഷമായി കശുവണ്ടി ബിസിനസിൽ ഉണ്ട്.
പഴയതുപോലെയില്ല
പഴയ പോലെയുള്ള ഉത്പാദനം ഇന്നു കൊല്ലത്ത് നടക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. ഇല്ലെന്നാണ് അസ്ഗർ ബഷീർ വെളിപ്പെടുത്തുന്നത്. പലരും വ്യവസായം നിർത്തി മറ്റു മേഖലകളിലേക്കു തിരിഞ്ഞു.
മുന്പുണ്ടായിരുന്നതിന്റെ 50 ശതമാനം പോലും ഫാക്ടറികൾ ഇപ്പോൾ കൊല്ലത്തില്ല. കുടിൽ വ്യവസായമായിപ്പോലും ഉത്പാദനം നടന്നിരുന്ന കൊല്ലത്ത് ഇപ്പോൾ ആയിരത്തിലേറെ ഫാക്ടറികൾ കാടുപിടിച്ച് അടഞ്ഞ് കിടപ്പുണ്ട്.
ഇവിടെ ക്ഷീണം സംഭവിച്ചപ്പേൾ അയൽസംസ്ഥാനങ്ങളിൽ വ്യവസായം വർധിച്ചു. അതോടെ പരിപ്പ് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും വരുന്ന അവസ്ഥയുണ്ട്. കൂലിയും തൊഴിൽ പ്രശ്നങ്ങളും അതിനെ ബാധിച്ചിട്ടുണ്ട്.
പ്രതിസന്ധി
സംസ്ഥാനത്തെ ഉയർന്ന ഉത്പാദനച്ചെലവ് തിരിച്ചടിയാണ്. ഉയർന്ന കൂലിനിരക്കും കുറഞ്ഞ ഉത്പാദനക്ഷമതയും പ്രതിസന്ധിയുണ്ടാക്കുന്നു.

സംസ്ഥാനത്തിനു പുറത്തുള്ള ബിസിനസ് സാഹചര്യങ്ങളിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും വിയറ്റ്നാം, മൊസാംബിക്, ചില ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവ യന്ത്രവത്കരണത്തിലൂടെ ഉത്പാദനച്ചെലവ് കുറച്ച് സംസ്കരണം നടത്തുന്നതും കൂലി കുറവുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, ഒഡിഷ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഉയർത്തുന്ന വെല്ലുവിളികളും ഇറക്കുമതി ചെയ്ത കശുവണ്ടിയുടെ ലഭ്യത, വില, ഗുണനിലവാരം, ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയും നേരിടുന്ന പ്രശ്നങ്ങളാണ്.
ആഭ്യന്തര ഉത്പാദനത്തിലെ കുറവും വലയ്ക്കുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന കശുവണ്ടി പോലും സംസ്കരണ യൂണിറ്റുകൾക്കു കിട്ടുന്നില്ല. യന്ത്രവത്കരണം, ആധുനികരീതിയിലുള്ള സംസ്കരണരീതികൾ എന്നിവ നടപ്പാക്കുന്നതിൽ പിന്നിലായതും വ്യവസായത്തിന്റെ നാശത്തിനു കാരണമായി.
പരിഹാര മാർഗങ്ങൾ
പരിഹാരമാർഗങ്ങൾ ഏറെയാണ്. സംസ്കരണത്തിന് ഘട്ടംഘട്ടമായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുകയും യന്ത്രവത്കരണം നടപ്പാക്കുകയും ചെയ്യണം. തൊഴിലാളികളുടെ വരുമാനവും സാമൂഹിക സുരക്ഷിതത്വവും ജോലിസാഹചര്യവും മെച്ചപ്പെടുത്തുകയും കശുവണ്ടി സംഭരണരീതി കാര്യക്ഷമമാക്കുകയും വേണം.
ഇറക്കുമതിക്ക് പകരം മറ്റു സംസ്ഥാനങ്ങളിൽനിന്നു കശുവണ്ടി സംഭരിക്കാനുള്ള സാധ്യത തേടുകയും ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിൽ കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറയുന്നു.
തോട്ടണ്ടി ക്ഷാമം
കൊല്ലത്തെ കശുവണ്ടി വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് തോട്ടണ്ടി ക്ഷാമം. തമിഴ്നാട്ടിലും മംഗലാപുരത്തുമൊക്കെ കശുവണ്ടി ഫാക്ടറികൾ പ്രവർത്തനം ആരംഭിച്ചതോടെ കേരളത്തിലെ വടക്കൻ ജില്ലകളിൽനിന്നു കൊല്ലത്തേക്കുള്ള തോട്ടണ്ടിയുടെ വരവുകുറഞ്ഞു.
ഉൽപാദനച്ചെലവ് താരതമ്യേന കുറവായതിനാൽ തമിഴ്നാട്ടിലും മംഗലാപുരത്തുമൊക്കെ തോട്ടണ്ടിക്ക് മികച്ച വില ലഭിക്കുന്നതാണ് ഇതിനു കാരണം. പല ഫാക്ടറികളും പുതിയ യന്ത്രസാമഗ്രികൾ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ തോട്ടണ്ടി എത്തുന്നത്. കണ്ണൂരിൽനിന്നും കാസർഗോഡ് ജില്ലകളിൽനിന്നും എത്തുന്നുണ്ട്. കേരളത്തിലുള്ള കശുവണ്ടിക്കു ഗുണമേന്മ കൂടുതലാണ്. പക്ഷേ, ആവശ്യത്തിനു സാധനമില്ലാത്തതാണ് പ്രശ്നമെന്നും അസ്ഗർ ബഷീർ പറഞ്ഞു.
Tags : Agriculture Cashew