തനതു ഗ്രാമീണ കാർഷിക രീതികൾ ടൂറിസവുമായി കോർത്തിണക്കിക്കൊണ്ടുപോകുന്നതിന്റെ ഉദാഹരണമാണ് തമിഴ്നാട് കമ്പത്തെ മുന്തിരിപ്പാടങ്ങൾ. ഏക്കർ കണക്കിനു മുന്തിരികൃഷിയാണ് ഇവിടുള്ളത്.
വിളവെടുപ്പ് സീസണിൽ മാത്രമല്ലാതെ ഏതു ദിവസം ചെന്നാലും സഞ്ചാരികൾക്ക് പഴുത്തുതുടുത്തുകിടക്കുന്ന മുന്തിരിക്കുലകൾ കാണാനാവുന്ന തരത്തിലാണ് കമ്പത്തെ മുന്തിരിപ്പാടങ്ങളിലെ കൃഷി.
വർഷത്തിൽ നാലു തവണയാണ് മുന്തിരിയുടെ വിളവെടുപ്പ്. പ്രധാന വിളവെടുപ്പുകാലം ഒക്ടോബർ മുതൽ ഡിസംബർ വരെയാണ്. എന്നാൽ, കമ്പത്തെ മുന്തിരിപ്പാടങ്ങളിൽ എപ്പോഴെത്തിയാലും മുന്തിരി കൃഷിയുടെ കാഴ്ചകൾ ആസ്വദിക്കാം.

ഏതു സമയവും വിളവുലഭിക്കുന്ന തരത്തിലാണ് ഇവിടെ കൃഷി ക്രമീകരിച്ചിരിക്കുന്നത്. ഒരു വശത്തു പച്ചമുന്തിരിയാണെങ്കിൽ മറുഭാഗത്ത് പഴുത്ത മുന്തിരിക്കുലകളും കാണാം. ചില ഭാഗത്ത് കൃഷിയുടെ തുടക്കവുമാണ്.
മുന്തിരിക്കൊപ്പം മറ്റ് കാഴ്ചകളും ആക്റ്റിവിറ്റികളും ഇവിടെയുണ്ട്. തമിഴ്നാട്ടിലെ അഞ്ച് ജില്ലകളെ കാർഷിക സമൃദ്ധമാക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ മാതൃകയും തമിഴ് നാട്ടിലേക്കു മുല്ലപ്പെരിയാറിൽനിന്നു വെള്ളം എത്തിക്കുന്ന പെൻസ്റ്റോക് പൈപ്പുകളുടെ മാതൃകയും മുല്ലപ്പെരിയാർ ഡാമിന്റെ ശിൽപ്പി ജോൺ പെന്നി ക്വിക്കിന്റെ പ്രതിമയും ഇവിടെ ഒരുക്കിയിരിക്കുന്നു.

ഫാമിലി ഔട്ടിംഗിനായി എത്തുന്നവരെ ഏറെ ആകർഷിക്കുന്ന തരത്തിൽ സൈക്കിളിംഗ് തുടങ്ങി നിരവധി വിനോദ ഉപാധികളും ഒരുക്കിയിട്ടുണ്ട്. കാഴ്ചകളുടെ വിസ്മയ ലോകമായി കമ്പം മുന്തിരിപ്പാടങ്ങളെ മാറ്റിയിരിക്കുകയാണ്.
വിദേശികൾ അടക്കം ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടെ എത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കുടുംബമായും അവധി ദിവസങ്ങളിലും ആളുകൾ എത്തുന്നുണ്ട്.
Tags : Agriculture