വെള്ളരിവർഗവിളകളിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്ന ഒരു പച്ചക്കറിയാണ് തണ്ണിമത്തൻ. അയൽ സംസ്ഥാനങ്ങളിൽനിന്നാണ് കേരള വിപണിയിൽ തണ്ണിമത്തൻ കൂടുതലായും എത്തുന്നത്.
കേരളത്തിലെ കർഷകരുടെ നിഘണ്ടുവിൽ ഇല്ലാതിരുന്ന തണ്ണിമത്തൻ കൃഷി ഇപ്പോൾ നമ്മുടെ നാട്ടിലും വ്യാപകമായിട്ടുണ്ട്. പരമ്പരാഗതമായി സീസണൽ വിളയായിരുന്നെങ്കിലും ഇപ്പോൾ വർഷം മുഴുവനും തണ്ണിമത്തൻ ലഭിക്കുന്നുണ്ട്.
അണുകുടുംബങ്ങൾക്ക് അനുയോജ്യമായ മിനി, ഐസ് ബോക്സ് എന്നീ ചെറിയ തണ്ണിമത്തൻ ഇനങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. തണ്ണിമത്തനിൽ ധാരാളം ജലാംശം, വിറ്റാമിൻ എ, അന്നജം, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
കൂടാതെ സിങ്ക്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് ഈ വിള.
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന സിട്രുലിൻ എന്ന അമിനോആസിഡ് നമ്മുടെ ശരീരത്തിൽ ഒരു ആന്റി ഓക്സിഡൻറ്റായി പ്രവർത്തിക്കുന്നതിലൂടെ ആരോഗ്യസംരക്ഷണത്തിലും പങ്ക് വഹിക്കുന്നു.
ഉപഭോക്തൃ മുൻഗണനയിൽ തണ്ണിമത്തൻ കാന്പിന്റെ നിറം ഒരു നിർണായക ഘടകമാണ്. പ്രധാനമായും ചുവപ്പ്, ഇളം ചുവപ്പ്, മഞ്ഞ, ഇളം മഞ്ഞ, ഓറഞ്ച് എന്നീ നിറഭേദങ്ങളിൽ തണ്ണിമത്തൻ ലഭ്യമാണ്.
ഇതോടൊപ്പം കുരുവില്ലാ തണ്ണിമത്തൻ വർഗങ്ങൾക്കും വിപണിയിൽ പ്രത്യേക പ്രാധാന്യം വർധിച്ചുവരുന്നു.
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ
തണ്ണിമത്തൻ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം നവംബർ മുതൽ മാർച്ച് വരെയാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കുവാൻ.
നല്ല ഫലഭൂയിഷ്ടവും നീർവാർച്ചയുമുള്ള പശിമരാശി മണ്ണ് ആണ് തണ്ണിമത്തൻ കൃഷിക്ക് അഭികാമ്യം.
നിലം ഒരുക്കൽ
കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം നന്നായി കിളച്ചതിനുശേഷം 3 മീറ്റർ അകലത്തിലായി 2 മീറ്റർ ഇടവിട്ട് കുഴിയെടുക്കാം. കുഴികൾക്കു പകരം 3 മീറ്റർ ഇടവിട്ട് ചാലുകളും എടുക്കാവുന്നതാണ്.
ഏകദേശം 60 സെ.മീ. വ്യാസവും 45 സെ.മീ. ആഴവും ഉള്ള കുഴികൾ ആണ് എടുക്കേണ്ടത്. 45 സെ. മീ. താഴ്ച്ച ഉള്ള ചാലുകൾ എടുക്കുവാൻ ശ്രദ്ധിക്കുക.
നടീലും വളപ്രയോഗവും
വളപ്രയോഗത്തിനോട് നല്ല രീതിയിൽ പ്രതികരിക്കുന്ന ഒരു വിളയാണ് തണ്ണിമത്തൻ. സെൻറ്റിനു 1 -2 കിലോഗ്രാം കുമ്മായം ചേർത്ത് മേൽമണ്ണ് ഇളക്കിയതിനുശേഷം ഒരാഴ്ച കഴിഞ്ഞ് 100 കിലോഗ്രാം ജൈവവളം കൂടി നൽകണം.
ശേഷം അടിവളമായി ആവശ്യമുള്ള രാസവളങ്ങൾ താഴെപ്പറയുന്ന അളവിൽ ചേർക്കണം. രാസവളങ്ങളുടെ അളവ് ഇപ്രകാരമാണ്. യൂറിയ: 303 ഗ്രാം, രാജ്ഫോസ്:560 ഗ്രാം, പൊട്ടാഷ്: 167 ഗ്രാം.
ഇവ മേൽമണ്ണുമായി കലർത്തി കുഴിയുടേയോ ചാലിന്റേയോ മുക്കാൽ ഭാഗം നിറക്കണം. ശേഷം വിത്തുകൾ ഇടുകയോ പ്രോട്രേകളിൽ വളർത്തിയ 10 ദിവസം പ്രായമുള്ള തൈകൾ നടുകയോ ചെയ്യാം. ഒരു തടത്തിൽ 4-5 വിത്തുകൾ/ തൈകൾ നടാവുന്നതാണ്.
2 ആഴ്ചകൾക്കുശേഷം കരുത്തുള്ള 2 ചെടികൾ മാത്രം നിലനിർത്തുക. അടിവളത്തിനു പുറമേ വള്ളിവീശുമ്പോഴും പൂവിടുമ്പോഴും സെന്റിനു 151 ഗ്രാം യൂറിയ വീതം മേൽവളമായി നൽകണം.
വിളയുടെ ആദ്യഘട്ടങ്ങളിൽ 3-4 ദിവസം കൂടുന്പോൾ ജലസേചനം നൽകണം. പിന്നീട് പൂവിട്ടു തുടങ്ങുന്പോഴും കായ പിടിച്ചു തുടങ്ങുന്പോഴും ഒന്നിടവിട്ട ദിവസങ്ങളിൽ ജലസേചനം നടത്തുക.
നല്ല മാധുര്യമുള്ള തണ്ണിമത്തൻ ലഭിക്കുന്നതിനു വേണ്ടി, കായ മൂപ്പെത്തുന്ന സമയത്ത് ജലസേചനം നിയന്ത്രിക്കുക.
തണ്ണിമത്തൻ വള്ളികൾ പടരുന്നതിനായി മണ്ണിൽ ഉണങ്ങിയ കമ്പുകളോ പുല്ലുകളോ നിരത്തുക. മേൽവളം നൽകുമ്പോൾ കളകൾ നീക്കി മണ്ണ് ഇളക്കി കൊടുക്കുകയും വേണം.
വിളവെടുപ്പ്
തൈകൾ നട്ടതിന് ഏകദേശം 30- 35 ദിവസങ്ങൾക്കു ശേഷം തണ്ണിമത്തൻ ചെടികൾ പൂവിട്ടു തുടങ്ങും. പൂവിട്ട് 45- 50 ദിവസം കഴിയുന്പോൾ തണ്ണിമത്തൻ വിളവെടുത്ത് തുടങ്ങാം.
മൂപ്പെത്തിയ തണ്ണിമത്തനിൽ മണ്ണിനോട് ചേർന്നു കിടക്കുന്ന ഭാഗത്തെ തൊലി മഞ്ഞ കലർന്ന വെള്ളനിറത്തിൽ മാറിയതായി കാണപ്പെടും.
കൂടാതെ കായ്കൾ കൈ കൊണ്ട് കൊട്ടുമ്പോൾ പൊള്ളയായ ശബ്ദം കേൾക്കുകയാണെങ്കിൽ തണ്ണിമത്തൻ വിളവെടുക്കാൻ പാകമായതായി കണക്കാക്കാം.

കീടനിയന്ത്രണം
തണ്ണിമത്തനിൽ പ്രധാനമായി കണ്ടുവരുന്ന പടവലം/വെള്ളരി വണ്ടുകളെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചു കൊടുക്കയും ചെടിയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നതുവഴി നിയന്ത്രിക്കാം.
ഇലപ്പേനുകളെ കൃഷിയിടത്തിൽ അങ്ങിങ്ങായി നീലക്കെണികൾ സ്ഥാപിക്കുന്നതുവഴി നിയന്ത്രിക്കാം.
കൂടാതെ അക്ടറാ 2 ഗ്രാം/ 10 ലിറ്റർ അല്ലെങ്കിൽ കോണ്ഫിഡർ 3 മില്ലി/ 10 ലിറ്റർ എന്ന തോതിൽ തളിച്ച് 10 ദിവസത്തിനുശേഷം ബ്യുവേറിയ ബാസിയാന 20 ഗ്രാം/ലിറ്റർ എന്ന അളവിൽ ചെടിയിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നത് വഴി ഈ കീടത്തെ നിയന്ത്രിക്കാവുന്നതാണ്.
ഇലകളിൽ നരപ്പ് ഉണ്ടാക്കുന്ന മണ്ഡരികളെ 6 ഗ്രാം വേപ്പെണ്ണ, വെളുത്തുള്ളി, സോപ്പ് ഇവ ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുന്നതു വഴി നിയന്ത്രിക്കാവുന്നതാണ്.
രോഗനിയന്ത്രണം
തണ്ണിമത്തനിൽ പ്രധാനമായും കണ്ടുവരുന്ന കൂന്പുകരിച്ചിൽ വൈറൽ രോഗം (ബഡ് നെക്രോസിസ് വൈറസ്) പരത്തുന്നത് ഇലപ്പേനുകളാണ്. തുടക്കത്തിലേ രോഗം ബാധിച്ച ചെടികൾ പിഴുതു കളയുക. ഇതുവഴി രോഗത്തിന്റെ കാഠിന്യം കുറക്കാം.
ചുവന്ന പശയോടുകൂടിയ തണ്ടുവിള്ളൽ രോഗത്തെ അസോക്സിസ്ട്രോബിൻ + ക്ലോറോത്തലോണിൽ എന്ന കുമിൾനാശിനി 2 ഗ്രാം/ലിറ്റർ എന്ന തോതിൽ തളിച്ച് 10 ദിവസത്തിനുശേഷം ട്രൈക്കോഡെർമ 20 ഗ്രാം/ ലിറ്റർ എന്ന തോതിൽ തളിക്കുകയും ചുവട്ടിൽ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നത് വഴി നിയന്ത്രിക്കാം.
തണ്ണിമത്തനിലെ കൃത്യതാകൃഷി
പരമ്പരാഗത കൃഷി രീതിയേക്കാൾ രണ്ടിരട്ടി വിളവ് ലഭിക്കുന്നതിനാൽ കേരളത്തിൽ വളരെയേറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന കൃഷിരീതിയാണ് തുറസായ കൃത്യതാകൃഷി. പ്രധാനമായും സങ്കരയിനങ്ങൾ ആണ് കൃത്യതാ കൃഷിക്ക് അനുയോജ്യം.
പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ചുള്ള പുതയിടൽ, കണികാ ജലസേചനം, ഫെർട്ടിഗേഷൻ എന്നിവയാണ് പ്രധാനമായും അനുവർത്തിച്ചുവരുന്നത്. സാധാരണയായി 30 മൈക്രോണ് കനത്തിലുള്ള പ്ലാസ്റ്റിക് പുതകളാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് പുതയിടൽ മണ്ണിലെ ജലാംശം നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനും കളകളെയും കീടങ്ങളെയും നിയന്ത്രിക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.
ജലസേചനം ഡ്രിപ്പറുകൾ വഴി കണികാരൂപത്തിൽ നൽകുന്നതിനാൽ ഓരോ ചെടിക്കും ആവശ്യമായ വെള്ളം ലഭിക്കുകയും വെള്ളത്തിന്റെ ഉപയോഗക്ഷമത വർധിപ്പിക്കാൻ സാധിക്കുകയും ചെയ്യുന്നു.
കണികാ ജലസേചനത്തിലൂടെ വളങ്ങളും ചേർത്ത് നൽകുന്ന രീതിയാണ് ഫെർട്ടിഗേഷൻ. ഇതിനായി പൂർണമായും വെള്ളത്തിൽ ലയിക്കുന്ന വളങ്ങളാണ് ഉപയോഗിക്കുന്നത്.
നിശ്ചിത അളവിൽ പലതവണകളായി വളം നൽകുന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. വളങ്ങൾ നേരിട്ട് ചെടിയുടെ ചുവട്ടിൽ എത്തുന്നതിനാൽ ഉപയോഗക്ഷമത വളരെ കൂടുതലാണ്.
Tags : Watermelon Farming Agriculture