വാട്ടുകപ്പ പാറപ്പുറത്ത് ഉണങ്ങാനിട്ടിരിക്കുന്നു. നീലൂരില്നിന്നുള്ള കാഴ്ച
ചക്ക, മാങ്ങ, വാട്ടുകപ്പ... വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി.
വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടി ഉണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്.
ഒരു ചക്കയ്ക്ക് 45-50 രൂപ
നാട്ടിന്‍പുറങ്ങളില്‍ ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു. കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നും മുഴുവന്‍ ചക്കയും വാങ്ങുകയാണ്.
ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. നേരത്തെ ചക്ക പഴുക്കാറാകുമ്പോള്‍ നാമമാത്രമായി കൊണ്ടുപോയിരുന്ന സ്ഥാനത്താണ് മുഴുവന്‍ ചക്കയും വലിപ്പച്ചെറുപ്പമില്ലാതെ വാങ്ങാന്‍ കച്ചവടക്കാരെത്തുന്നത്.
കുരങ്ങ്, മലയണ്ണാന് തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികള്‍ ചക്ക പഴുക്കുന്ന സീസണില്‍ ഭീഷണിയായിരുന്നു. നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണു മലയോര നിവാസികള്‍. ചക്കയ്ക്ക് അവിചാരിതമായി വില ലഭിക്കുന്നതും കര്‍ഷകര്‍ക്ക് അധിക വരുമാനമായി.
ബംഗളുരൂ, കൊല്‍ക്കത്ത, പൂനെ, മുംബൈ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണു ചക്ക കയറി പോകുന്നത്. ചക്കപ്പുഴുക്ക്, ചക്കക്കുരുകൊണ്ടുള്ള വിവിധ കറികള്‍, ചക്ക വറുത്തത്, ചക്കവരട്ടി, ചക്കപഴംകൊണ്ടുള്ള കുമ്പിളപ്പം തുടങ്ങി ചക്ക വിഭവങ്ങള്‍ നിരവധിയാണ്.
ചക്കയുടെ പുറം തോട് ഒഴികെ ബാക്കി മുഴവന്‍ ഭാഗങ്ങളുടെയും പോഷകമൂല്യവും പ്രാധാന്യവും ആളുകള്‍ തിരിച്ചറിഞ്ഞതോടെ ഡിമാന്‍ഡ് വര്‍ധിക്കുകയാണ്. പച്ചചക്ക പൊടിച്ചുണക്കി നിരവധി കമ്പനികളും സംരഭകരും വിവിധതരം ഉല്പന്നങ്ങളാക്കി വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്.
വര്‍ഷം മുഴുവന്‍ ചക്ക രുചി ആസ്വദിക്കാന്‍ ചക്ക വരട്ടിയും വറുത്തും ഫ്രോസണ്‍ ആയുമൊക്കെ സൂക്ഷിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ട്. ചക്കപഴങ്ങള്ക്കും നല്ല ഡിമാന്റ് ഉണ്ട്. തേനൂറുന്ന വരിക്കച്ചക്ക മുതല്‍ നാരുപോലെ കുഴഞ്ഞിരിക്കുന്ന കൂഴച്ചക്ക വരെയുണ്ട്.
വാട്ടുകപ്പയ്ക്ക് ആവശ്യക്കാരേറെ
മധ്യകേരളത്തിന്റെ പ്രിയ ഭക്ഷണമായ വാട്ടുകപ്പയുടെ തലവര തെളിയുകയാണ്. വില്ക്കാന് വയ്യാതെ കെട്ടിക്കിടന്ന വാട്ടുകപ്പയുടെ കെട്ടകാലം കഴിഞ്ഞു. കിട്ടാനില്ലാതായാതോടെ വിലയും വര്‍ധിച്ചു. കിലോയ്ക്ക് 80 -110 രൂപയാണു വില.
ഒരു വര്‍ഷം മുമ്പ് വാട്ടുകാപ്പ എടുക്കാന്‍ ആളില്ലാത്ത അവസ്ഥയായിരുന്നുവെങ്കില്‍ ഇത്തവണ മറിച്ചാണ് സ്ഥിതി. ഡ്രയറില്‍ ഉണങ്ങാതെ, കര്‍ഷകര്‍ നേരിട്ട് വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്ക്കാണ് ഡിമാന്‍ഡ്. ഉണക്കുന്നതിലെ ചെലവും സമയനഷ്ടവും കാരണം ഇടക്കാലത്ത് കര്‍ഷകര്‍ പിന്‍വാങ്ങിയിരുന്നു.
തമിഴ്നാട്ടില്‍നിന്നു പായ്ക്കറ്റുകളിലാക്കിയ കപ്പ 80-90 രൂപയ്ക്ക് കിട്ടും. പക്ഷേ, നാടനോടാണു പ്രിയം. എന്നാല്‍ ചെലവ് വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു. മുമ്പ് വീട്ടുകാരും അയല്‍വാസികളും ബന്ധുക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കിയിരുന്ന കപ്പ വാട്ട് ഇപ്പോള്‍ കൂലിയ്ക്ക് തൊഴിലാളികളെ നിര്‍ത്തിയാണു ചെയ്യുന്നത്.
1000 രൂപ കൂലിയും ഭക്ഷണവും നല്കിയാല് പോലും കപ്പ വാട്ടാന്‍ തൊഴിലാളികളെ കിട്ടാനില്ല. പുതുതലമുറയ്ക്ക് ഉണര്‍വേകി, കുടുംബ അയല്പക്ക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ ഉള്‍പ്പെടെ ആഘോഷമാക്കി കപ്പവാട്ട് നടക്കുന്നുണ്ട്.

കണ്ണിമാങ്ങ
പതിവിലും വ്യത്യസ്തമായി ഇത്തവണ നാട്ടിലെ മാവുകള്‍ നിറയെ പൂവിട്ടു. ഇലകള്‍ പോലും കാണാത്ത രീതിയില്‍ പൂവിട്ടതെല്ലാം കണ്ണിമാങ്ങകളായി. അച്ചാറുകളുടെ രാജാവായി അംഗീകരിക്കപ്പെട്ട കണ്ണിമാങ്ങയുടെ വിപണിയും ഇതോടെ സജീവമായി.
അച്ചാര്‍ നിര്‍മാണത്തിനുള്ള കണ്ണിമാങ്ങ കച്ചവടം പ്രധാനമായും പാതയോരങ്ങള്‍ കേന്ദ്രീകരിച്ചാണ്. പുഴയോരങ്ങളിലും വനപ്രദേശങ്ങളിലുമുള്ള കാട്ടുമാങ്ങയാണ് അച്ചാറിന് ഉത്തമം. ഉയരമേറിയ മരങ്ങളില്‍നിന്നു പറിച്ചെടുക്കുന്ന മാങ്ങ ചതവും പഴക്കവുമില്ലാതെ മാര്‍ക്കറ്റിലെത്തിക്കണം. തുടക്കത്തില്‍ കിലോയ്ക്ക് 200 രൂപവരെ വിലയുണ്ടായിരുന്നു.
ഇപ്പോള്‍ കുറഞ്ഞു. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ചു വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. കൃത്യമായ ചേരുവകളോടെ കല്ഭരണികളില് നിറച്ചു മണ്ണില്‍ കുഴിച്ചിട്ടു ഒരു വര്‍ഷത്തിനുശേഷമായിരുന്നു പണ്ട് തറവാടുകളില്‍ കണ്ണിമാങ്ങ അച്ചാറെടുത്തിരുന്നത്. ഈ അച്ചാര്‍ കേടുകൂടാതെ പിന്നീട് ഒരു വര്‍ഷത്തിലധികം ഉപയോഗിക്കാമെന്നു പ്രായമുള്ളവര്‍ പറയുന്നു.
40 ദിവസം വളര്‍ച്ചയെത്തിയ മാങ്ങയാണ് അച്ചാറിന് ഉത്തമം. വിവിധ കമ്പനിക്കാരും കണ്ണിമാങ്ങ അച്ചാര്‍ നിര്‍മാണത്തില്‍ സജീവമായിട്ടുണ്ട്. ഉയരമുള്ള മരങ്ങളില്‍ കയറി നിലത്തു വീഴാതെ കണ്ണിമാങ്ങ ശേഖരിക്കുന്നതു ശ്രമകരമായ ജോലിയാണ്. മരത്തില്‍ കയറുകള്‍ കെട്ടി അതില്‍ തൂങ്ങിയും തോട്ടി ഉപയോഗിച്ചുമാണു മാങ്ങ പറിച്ചെടുക്കുന്നത്.
Tags : Agriculture Mango Jack Fruit