Kerala
വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
ഇന്നു രാവിലെ പതിനൊന്നോടെയായിരുന്നു ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ച്. ബ്ലോക്ക് ഒാഫീസിനു മുമ്പിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തിയാണു പോലീസ് മാർച്ച് തടഞ്ഞത്. ഇതോടെ തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
ബാരിക്കേഡുകൾ തകർത്തു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല.
ഗതാഗതക്കുരുക്കിൽപെട്ട ഇരുചക്രവാഹനയാത്രികരും നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തി. തുടർന്ന് ബാരിക്കേഡുകൾ പോലീസ് മാറ്റിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഒാഫീസ് ഗേറ്റിനുമുന്നിലേക്കു പ്രകടനമായി നീങ്ങി. എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.
National
ബെല്ലാരി: കർണാടകയിലെ ബെ ല്ലാരിയിൽ വാല്മീകിപ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു.
ബിജെപി എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഢിയുടെയും അനുയായികൾ തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ജനാർദ്ദന റെഡ്ഢി, മുൻ മന്ത്രി ശ്രീരാമുലു എന്നിവർക്കെതിരേ പോലീസ് കേസെടുത്തു.
ഹവഭാവിയിൽ ജനാർദന റെഡ്ഢിയുടെ വീടിനു മുന്നിൽ വാല്മീകിപ്രതിമ അനാഛാദനത്തിന്റെ ഫ്ലക്സ് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ ജനാർദന റെഡ്ഢിയുടെയും ശ്രീരാമുലുവിന്റെയും അനുയായികളും ഭരത് റെഡ്ഢിയുടെ അനുയായികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുകൂട്ടരും പരസ്പരം കല്ലെറിഞ്ഞു.
ഇതിനിടെ വെടിയേറ്റാണ് കോൺഗ്രസ് പ്രവർത്തകൻ രാജശേഖർ റെഡ്ഢി കൊല്ലപ്പെട്ടത്. ഒരാൾ ആകാശത്തേക്കു വെടിയുതിർത്തത് അബദ്ധത്തിൽ രാജശേഖര റെഡ്ഢിക്ക് ഏൽക്കുകയായിരുന്നു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസും ആകാശത്തേക്ക് വെടിയുതിർത്തിരുന്നു. പോലീസിന്റെ വെടിയേറ്റല്ല രാജശേഖർ കൊല്ലപ്പെട്ടതെന്ന് എസ്പി രഞ്ജിത് കുമാർ ബന്ദാരു പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അഞ്ച് തോക്കുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്. പ്രദേശത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പോലീസ് അറിയിച്ചു.
National
ദിസ്പുർ: ആസാമിൽ വീണ്ടും സംഘർഷം. ഇന്ന് വൈകുന്നേരത്തോടെയാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. 58 പോലീസുകാർക്ക് പരിക്കേറ്റു.
കർബി ആംഗ്ലോംഗ്, വെസ്റ്റ് കർബി ആംഗ്ലോംഗ് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സംഘർഷത്തെ തുടർന്ന് വിച്ഛേദിച്ചു. ഗോത്ര വിഭാഗത്തിൽ പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്.
ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇവിടെ താമസിക്കുന്ന നേപ്പാൾ, ബിഹാർ കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ എത്തിയത്.
District News
കടുവാക്കുളം: റിട്ടേൺ ഓട്ടത്തിന്റെ കാശിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ കടുവാക്കുളത്തു സംഘർഷം. പത്തു രൂപയെച്ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ഒൻപതോടെ കടുവാക്കുളം ചൂളക്കവലയ്ക്കു സമീപമായിരുന്നു സംഭവം. ആക്രമണത്തിൽ പ്രതിഷേധിച്ച് കടുവാക്കുളം കവലയിലെ ഓട്ടോറിക്ഷക്കാർ ഇന്നു രാവിലെ ഒൻപതു മുതൽ 11 വരെ പണിമുടക്ക് പ്രഖ്യാപിച്ചു.
പൂവന്തുരുത്ത് സ്വദേശിയും കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറുമായ ഷാജി(കൊച്ചുമോൻ) ഓട്ടം കഴിഞ്ഞ് സ്റ്റാൻഡിലേക്കു വരുന്നതിനിടയിൽ ഒരു അച്ഛനും മകനും ഓട്ടോയിൽ കയറി ചൂളക്കവലയിൽ ഇറങ്ങി. റിട്ടേൺ ഒാട്ടത്തിനു നൽകിയ 20 രൂപയിൽ പത്തു രൂപ തിരികെ വേണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ, റിട്ടേൺ ഓട്ടത്തിന് 20 രൂപയാണെന്നു ഡ്രൈവർ പറഞ്ഞു. ഇതോടെ തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
സംഘർഷം കണ്ട് ഇതുവഴി വന്ന മറ്റൊരു ഓട്ടോ ഡ്രൈവർ മാട്ടിയും ഇറങ്ങിച്ചെന്നു. തുടർന്ന് തങ്ങളെ ഇരുവരെയും ആക്രമിക്കുകയായിരുന്നെന്ന് ഓട്ടോഡ്രൈവർമാർ ആരോപിക്കുന്നു. മാട്ടിയുടെ മുഖത്തു മർദനമേറ്റു. ഇരുവരും ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷം ഏതാണ്ട് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഈസ്റ്റ് പോലീസിൽ പരാതി നൽകുമെന്ന് ഡ്രൈവർമാർ അറിയിച്ചു.
National
അലിഗഢ്: ഉത്തർപ്രദേശിൽ അഞ്ച് ക്ഷേത്രങ്ങളുടെ മതിലുകളിൽ "ഐ ലൗ മുഹമ്മദ് 'എന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സംഘർഷാവസ്ഥ. ഭഗവൻപുർ, ബുലാഖിഗഢ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലിലാണ് ചുവരെഴുത്ത്.
സിസിടിവി ദൃശ്യങ്ങളുടെയും ഫൊറൻസിക് വിദഗ്ധരുടെയും സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അതേസമയം, ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസാണോ ഇതെന്ന് അന്വേഷിച്ചുവരികയാണെന്ന് സീനിയർ പോലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്. തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിലാണ് സംഭവം.
പാർട്ടിക്കിടെ രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. ഡിജെ പാർട്ടിയിൽ ലഹരിക്കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയും പങ്കെടുത്തു. ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു
സംഭവത്തിൽ ഹോട്ടലിന് പോലീസ് നോട്ടീസ് നൽകി. അടിപിടിയിൽ ആരും പരാതി നൽകിയിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ കേസെടുക്കും. റോഡിൽ നടന്ന തല്ലിനാണ് പോലീസ് സ്വമേധയാ കേസെടുക്കുക.
ഡിജെ സംഘടിപ്പിച്ച ഹാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. സംഘാടകരുടെ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാൽ നടപടി സ്വീകരിക്കുമെന്നും പോലീസ് നോട്ടീസിൽ പറയുന്നുണ്ട്.
അടിപിടിയിൽ പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസിൽ പരാതി പറഞ്ഞെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. പരാതിക്കാര്‍ ആരുമില്ലെന്നാണ് പോലീസ് പറയുന്നത്.