വടക്കാഞ്ചേരി: വോട്ടുകോഴ വിവാദത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഒാഫീസിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ച് പോലീസ്.
ഇന്നു രാവിലെ പതിനൊന്നോടെയായിരുന്നു ബ്ലോക്ക് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് മാർച്ച്. ബ്ലോക്ക് ഒാഫീസിനു മുമ്പിൽ സംസ്ഥാനപാതയിൽ ബാരിക്കേഡുകൾ ഉയർത്തിയാണു പോലീസ് മാർച്ച് തടഞ്ഞത്. ഇതോടെ തൃശൂർ- ഷൊർണൂർ സംസ്ഥാനപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.
ബാരിക്കേഡുകൾ തകർത്തു പ്രവർത്തകർ മുന്നേറാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്നും പ്രവർത്തകർ പിരിഞ്ഞു പോകാൻ തയാറായില്ല.
ഗതാഗതക്കുരുക്കിൽപെട്ട ഇരുചക്രവാഹനയാത്രികരും നിരന്തരം ഹോണടിച്ച് പ്രതിഷേധമുയർത്തി. തുടർന്ന് ബാരിക്കേഡുകൾ പോലീസ് മാറ്റിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ ബ്ലോക്ക് ഒാഫീസ് ഗേറ്റിനുമുന്നിലേക്കു പ്രകടനമായി നീങ്ങി. എം.പി. വിൻസെന്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.
Tags : Congress march vote bribery water cannons clashes vadakkanchery bribary election ldf udf