നടവയൽ: നടവയൽ സെന്റ് തോമസ് എൽപി സ്കൂളിന്റെ നേതൃത്വത്തിൽ കോർണർ പിടിഎ നടത്തി.
അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക, കുട്ടികളുടെ മികച്ച പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്കു മുൻപിൽ അവതരിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നെല്ലിയന്പം, ചീങ്ങോട്, പാതിരിയന്പം, നെയ്കുപ്പ എന്നീ നാല് ഏരിയകൾ കേന്ദ്രീകരിച്ചാണ് കോർണർ പിടിഎകൾ നടത്തിയത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യം കോർണർ പിടിഎകളുടെ വിജയത്തിന് കാരണമായി. ജനപ്രതിനിധികൾ ഓരോ ഏരിയയിലുമുള്ള കോർണർ പിടിഎ യോഗം ഉദ്ഘാടനം ചെയ്തു.
എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്കിറ്റ്, പരീക്ഷണങ്ങൾ, കവിതയുടെ ദൃശ്യവിഷ്കാരം എന്നിവയും നടത്തി. നെയ്കുപ്പയിൽ നടന്ന സമ്മേളനത്തിൽ നെയ്ക്കുപ്പ പള്ളിവികാരി ഫാ. ജോർജ് തട്ടാന്പറന്പിൽ മുഖ്യ പ്രഭാഷണം നടത്തി. നെയ്കുപ്പയിൽ നടന്ന കോർണർ പിടിഎയിൽ പൂതാടി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ബിജു ഇരട്ടമുണ്ടക്കലും ചീങ്ങോട് പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം അതുൽ തോമസും പാതിരിയന്പത്ത് അംഗം രാജനും നെല്ലിയന്പത്ത് മഹൽ കമ്മിറ്റി അംഗം ഇബ്രാഹിമും ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ബിജേഷ് കൊയ്ക്കാട്ടിൽ, ജിൻസണ് താഴത്തുവീട്ടിൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ അധ്യക്ഷതവഹിച്ചു. കോർണർ പിടിഎ വിഷയവതരണം ഹെഡ്മാസ്റ്റർ പി.ജെ. ബെന്നി നിർവഹിച്ചു