Kerala
കൊച്ചി: വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി മോഹൻ (62) ആണ് അറസ്റ്റിലായത്. ദോഹയിൽ നിന്നുള്ള ഖത്തർ എയർവേയ്സ് വിമാനത്തിലായിരുന്നു സംഭവം.
അമേരിക്കൻ പൗരത്വമുള്ള മലയാളി യുവതിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ദോഹയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം നടന്നത്.
നെടുമ്പാശേരി പോലീസാണ് മോഹനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വൈദ്യ പരിശോധനയ്ക്ക് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
National
മുംബൈ: വിമാനം പുറപ്പെടാൻ വൈകിയതിന് ജീവനക്കാരെ അസഭ്യം പറയുകയും അക്രമാസക്തരാകുകയും ചെയ്ത യാത്രക്കാരെ പോലീസിന് കൈമാറി.
മുംബൈയിൽ നിന്നും തായ്ലൻഡിലേക്ക് പോകേണ്ടിയിരുന്ന വിമാനമാണ് വൈകിയത്. ചെവ്വാഴ്ച പുലർച്ചെ 4:05 പുറപ്പെടേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് 1:21 ആയിരുന്നു പുറപ്പെട്ടത്.
വിമാനം വൈകിയെത്തിയതും ജീവനക്കാരുടെ ഡ്യൂട്ടി സമയം കഴിഞ്ഞതും എയർ ട്രാഫിക്കും മൂലമാണ് വിമാനം വൈകിയതെന്ന് യാത്രക്കാരെ അറിയിച്ചുവെങ്കിലും ഇവർ പ്രകോപിതരാകുകയായിരുന്നു.
ജീവനക്കാരോട് അസഭ്യം പറഞ്ഞതിനും വിമാനത്തിന്റെ വാതിലിൽ തൊഴിച്ചതിനും രണ്ട്പേരെ യാത്രയിൽ നിന്നും ഒഴിവാക്കിയതായും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു.
International
ദുബായ്: പുതിയ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് എയർപ്പോർട്ട്. പേപ്പർ ടിക്കറ്റുകൾ എടുക്കാനുള്ള നീണ്ട ക്യൂവുകൾക്കും തിരക്കിനും വിരാമം കുറിച്ചുകൊണ്ട് എല്ലാ ടെർമിനലുകളിലും പേപ്പർരഹിത ഇ-വാലറ്റ് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തി. ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടും സാലിക് കന്പനി പിജെഎസിയും ചേർന്ന് 10 വർഷത്തെ കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ഹൈവേ റോഡുകളിൽ ആസ്വദിക്കുന്ന അതേ യാത്രാസൗകര്യം എയർപ്പോർട്ട് പാർക്കിംഗിലേക്കു കൊണ്ടുവരാൻ ഉദേശിച്ചുകൊണ്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപ്പോർട്ടുകളിലൊന്നായ ദുബായ് എയർപ്പോർട്ടിൽ ഇ- വാലറ്റ് പാർക്കിംഗ് സംവിധാനങ്ങൾ കൊണ്ടുവരാനാണ് പുതിയ കരാർ. എല്ലാ പെയ്ഡ് കാർ പാർക്കിംഗുകളിലും സാലിക് ഇ-വാലറ്റ് സംവിധാനം ഉപയോഗിച്ചു പാർക്കിംഗിനു പണം നൽകാൻ ഡ്രൈവർമാർക്കു കഴിയും. ഫിസിക്കൽ ടിക്കറ്റുകളുടെയോ പ്രത്യേക പേയ്മെന്റ് മെഷീനുകളുടെയോ ആവശ്യം ഇനി മുതൽ ഇല്ല. മൂന്നു പാസഞ്ചർ ടെർമിനലുകളിലും കാർഗോ മെഗാ ടെർമിനലിലും ഈ സംവിധാനം ഏർപ്പെടുത്തും.
2026 ജനുവരി 22 മുതലാണ് ഇ- വാലറ്റ് പേയ്മെന്റ് ഉപയോഗിച്ചു തുടങ്ങുന്നത്. 7,400 പാർക്കിംഗ് സ്ഥലങ്ങളിലായി ഈ സംവിധാനം പ്രവർത്തനക്ഷമമാകും. ടെർമിനൽ 3ൽ യാത്രക്കാരെ ഇറക്കാനും, കാർഗോ ടെർമിനലിൽനിന്നു ഷിപ്പ്മെന്റ് എടുക്കാനും മാനുവൽ പേ ബൂത്തിൽ നിർത്താതെതന്നെ അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാൻ ഇനി മുതൽ സാധിക്കും.
International
വാഷിംഗ്ടൺ: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് അമേരിക്കയിൽ വ്യോമഗതാഗതം പ്രതിസന്ധിയിലായി. വെള്ളിയാഴ്ച വൈകുന്നേരം നാല് വരെ 1500ലധികം വിമാന സർവീസുകളാണ് വിവിധ വിമാനക്കമ്പനികൾ രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറൻ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം വരെ 1581 വിമാനങ്ങളാണ് റദ്ദാക്കിയത്. 6883 വിമാനങ്ങളാണ് വൈകിയത്.
ന്യൂയോർക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനിൽക്കുന്ന വിമാനത്താവളങ്ങളിൽ മുന്നിൽ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോർക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
ക്രിസ്മസ് യാത്രക്കാരുടെ തിരക്കേറിയ സമയത്താണ് വിമാനങ്ങൾ റദ്ദാക്കിയത്. ഇതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. ന്യൂയോർക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
National
ബംഗുളൂരു: വിമാനയാത്രക്കിടെ സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എംഎൽഎയും ഡോക്ടറുമായ അഞ്ജലി നിംബാൽക്കർ.
അമേരിക്കൻ യുവതിയുടെ ജീവനാണ് അഞ്ജലി രക്ഷിച്ചത്. ഞായറാഴ്ച ഗോവ-ന്യൂഡൽഹി വിമാനത്തിലായിരുന്നു സംഭവമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.
ഗോവയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയാണ് നിംബാൽക്കർ. ഡൽഹിയിൽ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് രാംലീല മൈതാനത്ത് നടന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് അവർ ഗോവയിൽ നിന്നും ഡൽഹിയിലേക്ക് യാത്രതിരിച്ചത്.
ഇതിനിടെ വിമാനത്തിലുണ്ടായിരുന്ന യുവതിക്ക് ദേഹാസ്വസ്ഥ്യം ഉണ്ടാവുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട അഞ്ജലി നിംബാൽക്കർ കടുത്ത വിറയലും ക്ഷീണവും അനുഭവപ്പെട്ട രോഗിക്ക് സിപിആർ നൽകി. പിന്നീട് യാത്രയിലുടനീളം അവർക്ക് വേണ്ട സഹായം നൽകി ഡോക്ടറും ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽ വിമാനമിറങ്ങിയ ഉടനെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റി. നിംബോൽക്കറിന്റെ സമയോചിതമായ ഇടപാടാണ് രോഗിയുടെ ജീവൻരക്ഷിച്ചതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, നിംബാൽക്കറിനെ അഭിനന്ദിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തി. നിംബാൽക്കറിന്റെ നടപടിയെ അഭിനന്ദിക്കുകയാണ്. സഹയാത്രികരിൽ ഒരാൾക്ക് വൈദ്യസഹായം ആവശ്യം വന്നപ്പോൾ അത് നൽകി അവരുടെ ജീവൻ രക്ഷിക്കുകയാണ് നിംബാൽക്കർ ചെയ്തതെന്നും സിദ്ധരാമയ്യ എക്സിലെ പോസ്റ്റിൽ കുറിച്ചു.
Sports
കോൽക്കത്ത: അര്‍ജന്റൈൻ ഫുട്ബോള്‍ ഇതിഹാസം ലയോണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്‍ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൻഡിഗോ വിമാന സർവീസുകളിൽ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും സര്‍വീസ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്തേക്കു വരാനുള്ള ഒരു വിമാനം മാത്രമാണ് റദ്ദാക്കിയത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള ചില ഇൻഡിഗോ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. കൊച്ചിയിൽ നാല് സർവീസുകൾ റദ്ദാക്കി. കണ്ണൂരിൽ ഡൽഹി സർവീസ് മാത്രം തടസപ്പെട്ടു. ചൊവ്വാഴ്ച രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ മാത്രം 422 സർവീസ് മുടങ്ങിയിരുന്നു.
തിരുവനന്തപുരത്ത് നാലും കൊച്ചിയിൽ ഏഴു സർവീസുമാണ് ചൊവ്വാഴ്ച മുടങ്ങിയത്. കാര്യക്ഷമമായി സർവീസ് നടപ്പാക്കാനാകാത്തതിനെതുടർന്ന് ശീതകാല ഷെഡ്യൂളിൽ പത്തു ശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഇൻഡിഗോ കമ്പനി ചൊവ്വാഴ്ച തീരുമാനിച്ചിരുന്നു. ഇതുപ്രകാരം പ്രതിദിനം ഏകദേശം 216 സർവീസും ആഴ്ചയിൽ 1500 വരെ സർവീസും റദ്ദാക്കാൻ ഇടയുണ്ടെന്നാണ് വിവരം.
International
ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. വിദേശത്തുനിന്നുള്ള രണ്ടെണ്ണം ഉൾപ്പെടെ മൂന്ന് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്.
ഇതേ തുടർന്ന് ഞായറാഴ്ച രാത്രി അധികൃതർ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും പരിശോധന നടത്തുകയും ചെയ്തു.
ലണ്ടൻ ഹീത്രോയിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനം ബിഎ 277, ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള ലുഫ്താൻസ വിമാനം എൽഎച്ച് 752, കണ്ണൂരിൽ നിന്നുള്ള ഇൻഡിഗോ വിമാനം 6ഇ 7178 എന്നീ വിമാനങ്ങളെ ലക്ഷ്യമിട്ടാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
ഭീഷണി സന്ദേശം ലഭിച്ചെങ്കിലും എല്ലാ വിമാനങ്ങളും തടസങ്ങളില്ലാതെ യാത്രാ പൂർത്തിയാക്കി സുരക്ഷിതമായി ലാൻഡ് ചെയ്തു. അന്താരാഷ്ട്ര വിമാനങ്ങൾ തിങ്കളാഴ്ച പുലർച്ചെയും ആഭ്യന്തര വിമാന സമയക്രമമനുസരിച്ചും ഇറങ്ങി.
NRI
ബെര്‍ലിന്‍: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില്‍ വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: റദ്ദാക്കപ്പെട്ട ഇൻഡിഗോ വിമാനങ്ങൾക്കുള്ള ടിക്കറ്റ് റീഫണ്ടുകൾ ഇന്നു രാത്രി എട്ടിനകം പൂർണമായി നൽകണമെന്ന് വ്യോമയാന മന്ത്രാലയം നിർദേശിച്ചു. യാത്രക്കാരിൽനിന്നു വേർതിരിക്കപ്പെട്ട ബാഗേജുകൾ 48 മണിക്കൂറിനുള്ളിൽ തിരികെ നൽകണം.
റദ്ദാക്കലുകൾ ബാധിക്കപ്പെട്ടവരിൽനിന്ന് റീഷെഡ്യൂളിംഗ് ചാർജ് ഈടാക്കരുതെന്നും പ്രതിസന്ധി നേരിടാൻ പാസഞ്ചർ സപ്പോർട്ടും റീഫണ്ടിംഗ് സാധ്യമാക്കുന്നതിനു സഹായിക്കുന്ന സെല്ലുകളും പ്രവർത്തിപ്പിച്ചു തുടങ്ങാനും ഇൻഡിഗോയ്ക്ക് നിർദേശം നൽകി.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ രാജ്യത്ത് തുടരുന്ന ടിക്കറ്റ് നിരക്ക് കൊള്ളയ്ക്ക് മൂക്കുകയറിട്ട് കേന്ദ്ര സര്‍ക്കാര്‍. വിമാനക്കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയെന്ന് യാത്രക്കാര്‍ വ്യാപകമായി പരാതിപ്പെട്ടതിന് പിന്നാലെയാണ് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിര്‍ണായക ഇടപെടല്‍.
പുതിയ ഉത്തരവ് പ്രകാരം 500 കിലോ മീറ്റര്‍ വരെയുള്ള യാത്രക്ക് പരമാവധി 7500 രൂപയും, 500 മുതല്‍ 1000 കിലോമീറ്റര്‍ വരെയുള്ള യാത്രക്ക് 12,000 രൂപയും, 1000 മുതല്‍ 1500 കിലോ മീറ്റര്‍ വരെയുള്ള യാത്രയ്ക്ക് 15,000 രൂപയും, 1500 കിലോ മീറ്ററിന് മുകളിലുള്ള യാത്രയ്ക്ക് 18,000 രൂപയും ഈടാക്കാൻ സാധിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇത് പരമാവധി തുകയാണ്. ഇതിന് മുകളില്‍ ടിക്കറ്റ് നിരക്ക് ഈടാക്കിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വിമാനക്കമ്പിനികൾ യാത്രാ നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് യാത്രാനിരക്കുകൾക്ക് പരിധി ഏർപ്പെടുത്തി സിവിൽ ഏവിയേഷൻ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചത്. കഴിഞ്ഞ ദിവസം ആഭ്യന്തര സര്‍വീസുകള്‍ക്ക് 50,000 മുതല്‍ ഒരു ലക്ഷം വരെ ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും ഞായറാഴ്ചയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം നൽകിയ ഉത്തരവ് ഇൻഡിഗോ നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
International
ബെയ്ജിംഗ്: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാനസര്‍വീസിനു തുടക്കമിട്ട് ചൈന ഈസ്റ്റേൺ എയർലൈൻസ്. കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശികസമയം പുലർച്ചെ 2.19ന് 282 യാത്രക്കാരുമായി ചൈനയിലെ ഷാങ്ഹായിയിൽനിന്ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വഴി അർജന്റീന തലസ്ഥാനമായ ബുവാനോസ് ആരിസിലേക്കായിരുന്നു എംയു 745 വിമാനത്തിന്റെ കന്നിയാത്ര. 19,681 കിലോമീറ്റർ നീണ്ട ഈ യാത്ര ലക്ഷ്യസ്ഥാനത്ത് എത്താൻ 29 മണിക്കൂറെടുത്തു. ഓക്ലൻഡിൽ മാത്രമായിരുന്നു സ്റ്റോപ്പ്. ഷാങ്ഹായ്-ഓക്ലൻഡ്- ബുവാനോസ് ആരിസ് സർവീസ് ആഴ്ചയിൽ രണ്ടു ദിവസം ഉണ്ടായിരിക്കുമെന്നാണ് എയർലൈൻസ് കന്പനി അറിയിച്ചത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലായിരിക്കും ഷാങ്ഹായിയിൽനിന്നുള്ള സർവീസ്. ബുവാനോസ് ആരിസിൽനിന്നുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലുമായിരിക്കും.
വ്യാഴാഴ്ച പ്രാദേശികസമയം വൈകുന്നേരം ആറിനാണ് വിമാനം ഓക്ലൻഡിൽ ലാൻഡ് ചെയ്തത്. യാത്രയുടെ പാതിവഴിയിൽ ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്താവളത്തിലിറങ്ങിയപ്പോൾ യാത്രക്കാർ അനുഭവം പങ്കുവച്ചു. ലോകത്തിലെ ഏറ്റവും ദീർഘമായ വിമാനയാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച യാത്രക്കാർ, ഓക്ലൻഡിലെ ചെറിയ ഇടവേള ആസ്വദിച്ചതായും പറഞ്ഞു. യാത്രക്കാർക്ക് ഓക്ലൻഡ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡിന്റെയും മേയർ വെയ്ൻ ബ്രൗണിന്റെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കിയിരുന്നു. രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെനിന്നു യാത്ര പുനരാരംഭിച്ചത്. യാത്രാസർവീസിനൊപ്പം തെക്കേ അമേരിക്കയുമായുള്ള ചരക്കുഗതാഗതം വർധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നണ്ട്.
ദൈര്‍ഘ്യമേറിയ നിർത്താതെയുള്ള സർവീസിലും ചൈനീസ് കമ്പനി
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നിർത്താതെയുള്ള വിമാനയാത്ര ഇപ്പോൾ ഔദ്യോഗികമായി 19 മണിക്കൂറും 20 മിനിറ്റുമാണ്. ചൈനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ അവരുടെ പുതിയ ന്യൂയോർക്ക് - ഫുഷൗ റൂട്ടിലൂടെയാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര എന്ന റെക്കോർഡ് നേടിയത്. ഏകദേശം 12,505 കിലോമീറ്റർ ഒരിടത്തും നിർത്താതെ ഈ വിമാനം പറക്കുന്നു. തൊട്ടുപിന്നിൽ ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്നു സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിലേക്കുള്ള സിംഗപ്പുർ എയർലൈൻസിന്റെ സർവീസാണ്. ഇത് ഏകദേശം18 മണിക്കൂർ 40 മിനിറ്റ് എടുക്കുന്നു. ഈ സർവീസ് ഏകദേശം 15,289 കിലോമീറ്റർ (9,500 മൈൽ) ദൂരമാണു സഞ്ചരിക്കുന്നത്.
വമ്പൻ പദ്ധതിയുമായി ക്വാന്താസ്
'പ്രോജക്ട് സൺറൈസ്' എന്ന പദ്ധതിയിലൂടെ 22 മണിക്കൂർ നീളുന്ന ദീർഘദൂര സർവീസുകൾ നടത്താൻ ഓസ്ട്രേലിൻ എയർലൈനായ ക്വാന്തസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേകം സജ്ജമാക്കിയ 12 എയർബസ് എ350-1000 യുആർഎൽ വിമാനങ്ങൾക്ക് കന്പനി ഓർഡർ നൽകിയിട്ടുണ്ട്. 2027ന്റെ തുടക്കത്തിൽ സർവീസ് ആരംഭിക്കും. തുടക്കത്തിൽ സിഡ്നിയിൽനിന്ന് ലണ്ടനിലേക്കുള്ള 20 മണിക്കൂർ നിർത്താതെയുള്ള സർവീസായിരിക്കും. 17,015 കിലോമീറ്റർ ദൂരം താണ്ടുന്നതാണ് ഈ സർവീസ്. യാത്രക്കാർക്ക് ഒരൊറ്റ യാത്രയിൽ രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും.
സഞ്ചാരികളെ ആകർഷിക്കാൻ ന്യൂസിലൻഡ്
2025 നവംബർ മുതൽ ഓക്ലൻഡ് അന്താരാഷ്ട്ര വിമാനത്താവളം വഴി മൂന്നാമതൊരു രാജ്യത്തേക്ക് പോകുന്ന ചൈനീസ് പാസ്പോർട്ട് ഉടമകൾക്ക് പ്രത്യേക ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായി ന്യൂസിലൻഡ് ഇലക്ട്രോണിക് ട്രാവൽ അഥോറിറ്റി കാർഡ് ഉപയോഗിക്കാൻ അർഹതയുണ്ടെന്ന് ന്യൂസിലാൻഡ് സർക്കാർ ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ചൈന ഈസ്റ്റൺ വിമാനസർവീസ് ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി കൂടുതൽ സഞ്ചാരികളെയും നിക്ഷേപവും രാജ്യത്തേക്ക് ആകർഷിക്കാൻ ന്യൂസിലൻഡ് ലക്ഷ്യമിടുന്നു.
Kerala
ന്യൂഡൽഹി: സർവീസുകൾ താറുമാറായതിനു പിന്നാലെ ഇൻഡിഗോയ്ക്ക് ആശ്വാസമായി ഡിജിസിഎയുടെ ഇളവ്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പിൻവലിച്ചു.
വിമാന ജീവനക്കാർക്ക് പ്രതിവാര വിശ്രമവും അവധിയും രണ്ടായി നൽകണമെന്ന നിർദേശമാണ് ഡിജിസിഎ പിൻവലിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്കരണങ്ങൾ കാരണം ഇൻഡിഗോയുടെ നൂറുകണക്കിന് സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.
ഇതിനുപിന്നാലെ ഇൻഡിഗോ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കേന്ദ്ര സർക്കാർ ഇടപെടലുണ്ടായത്.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടമായി റദ്ദാക്കുന്നത് തുടരുന്നതിനിടെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ).
എയർലൈനിനോട് വിശദാംശങ്ങൾ ആരാഞ്ഞ ഡിജിസിഎ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി തയാറാക്കാനും ആവശ്യപ്പെട്ടു.
"ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചുവരികയാണ്. വിമാനക്കമ്പനിയുമായി ചേർന്ന് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് ശ്രമം. ഇൻഡിഗോ അധികൃതരോട് നിന്ന് വിശദാംശങ്ങൾ കൈമാറാനും പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തിര പദ്ധതി സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്'- ഡിജിസിഎ വ്യക്തമാക്കി.
ബുധനാഴ്ച മാത്രം ഇൻഡിഗോയുടെ 200ഓളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. പൈലറ്റുമാരുടെ കുറവ്, ഫ്ലൈറ്റ് ഡ്യൂട്ടി സമയക്രമീകരണം, സാങ്കേതിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ചൊവ്വാഴ്ചയും 100ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
രണ്ട് ദിവസമായി പ്രവർത്തനങ്ങൾ തടസപ്പെട്ടതായി വ്യക്തമാക്കിയ ഇൻഡിഗോ, ഉപഭോക്താക്കൾ നേരിട്ട ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിച്ചു. "സാങ്കേതിക പിഴവുകൾ, ശൈത്യകാല ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വിമാനഗതാഗത സംവിധാനത്തിലെ വർധിച്ച തിരക്ക്, പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കൽ എന്നിവയടക്കം അപ്രതീക്ഷിതമായ വെല്ലുവിളികൾ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇത് മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ല'.- ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.
Kerala
കൊച്ചി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത. തിങ്കളാഴ്ച ജിദ്ദയിലേക്കുള്ള ആകാശ് എയറും ദുബായിലേക്കുള്ള ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചിരുന്നു.
രാത്രി 11.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനവും സർവീസ് ഇന്നത്തേക്ക് പുനക്രമീകരിച്ചു. ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കിയത് നിരവധി ഉംറ തീർഥാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അഗ്നിപർവത ചാരവും പുകയും വിമാനങ്ങൾക്ക് യന്ത്ര തകരാർ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പ്രശ്നങ്ങളുള്ള മേഖല ഒഴിവാക്കണമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനം കാരണം സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിയിരുന്നു. സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്ക് കാരണമായി.
സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചു. ഈ ചാരക്കൂമ്പാരത്തിന്റെ കട്ടിയുള്ള ഭാഗങ്ങൾ ഇപ്പോൾ ഡൽഹി, ഹരിയാണ, സമീപപ്രദേശങ്ങളായ ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് നീങ്ങുകയാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മഴയും മൂടല്‍ മഞ്ഞിനെയും തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.
മുംബൈയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളിയാഴ്ച രാത്രി എട്ടോടെ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനം കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ആറു വിമാനജീവക്കാരും 157 യാത്രക്കാരുമാണ് വിമാനത്തിലുളളത്.
ഷാര്‍ജയില്‍നിന്ന് വൈകിട്ട് 6.35ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യ വിമാനം കൊച്ചിയിലേക്കും വഴി തിരിച്ചുവിട്ടു. മുന്ന് കുട്ടികള്‍ ഉള്‍പ്പെടെ 160 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്.
Kerala
തിരുവനന്തപുരം: ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്സ് വിമാനത്തിലുണ്ടായിരുന്ന കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വിമാനം അടിയന്തരമായി മസ്കറ്റിലിറക്കി.
തിരുവനന്തപുരം സ്വദേശികളുടെ കുട്ടിക്കാണ് ശാരീരികാസ്വസ്ഥതയുണ്ടായത്. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് ഇറങ്ങേണ്ടിയിരുന്ന വിമാനം അഞ്ചുമണിക്കൂര്‍ വൈകിയാണ് എത്തിയത്. വിമാനം മൂന്നുമണിക്ക് എത്തിയശേഷം തിരികെ നാലോടെയാണ് സാധാരണ ദുബായിലേക്ക് തിരികെ പുറപ്പെടുക.
മസ്ക്കറ്റില്‍നിന്ന് വിമാനം തിരുവനന്തപുരത്തേക്ക് എത്താന്‍ വൈകുമെന്നതിനെത്തുടര്‍ന്ന് എമിറേറ്റ്സ് വിമാനകമ്പനി അധികൃതര്‍ സെക്യൂരിറ്റി മേഖലയിലുണ്ടായിരുന്ന 330 യാത്രക്കാരെയും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി.
വിമാനം രാവിലെ എട്ടോടെ എത്തിയെങ്കിലും ക്യാബിന് ക്രൂവിന്റെ ജോലിസമയം കഴിഞ്ഞതിനെത്തുടര്‍ന്ന് ദുബായിലേക്കുളള തുടര്‍യാത്ര റദ്ദാക്കി. ക്യാബിന് ക്രൂവിനെയും വിശ്രമിക്കുന്നതിന് ഹോട്ടലുകളിലേക്ക് മാറ്റി. തുടര്‍ന്ന് രാത്രി 10.30-ഓടെ വിമാനം 330 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ടുവെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിറേറ്റ് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.
Kerala
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ചിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്.
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ ആയില്ല. യാത്രക്കാർക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനം തയാറാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
വിമാനം വൈകിയതോടെ നിരവധി പേരാണ് ബുദ്ധിമുട്ടിലായത്. ബംഗളൂരുവിലേക്കുള്ള വിമാന സർവീസ് വൈകിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര അടക്കം മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
International
ന്യൂയോർക്ക്: വിമാനത്തിൽ സഹയാത്രികരെ കുത്തിപ്പരിക്കേൽപ്പിച്ച ഇന്ത്യക്കാരനായ യുവാവ് അമേരിക്കയിൽ അറസ്റ്റിൽ. പ്രണീത് കുമാർ ഉസിരപള്ളി (28) എന്ന യുവാവാണ് അറസ്റ്റിലായത്.
ഷിക്കാഗോയിൽനിന്നു ജർമനിക്കു പോകുകയായിരുന്ന ലുഫ്താൻസ വിമാനത്തിലായിരുന്നു സംഭവം. സംഘർഷത്തെത്തുടർന്ന് ബോസ്റ്റൺ ലോഗൻ വിമാനത്താവളത്തിലേക്കു വിമാനം തിരിച്ചുവിട്ടു.
പ്രണീത് കുമാർ സഹയാത്രികരായ കൗമാരക്കാരെയാണ് ആക്രമിച്ചത്. പതിനേഴുകാരനായ സഹയാത്രികനെ അടിച്ചശേഷം ഭക്ഷണം കഴിക്കുന്ന ഫോർക് ഉപയോഗിച്ച് തോളിൽ കുത്തുകയായിരുന്നു.
മറ്റൊരു കൗമാരക്കാരന്റെ തലയ്ക്കു പിന്നിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമിയെ ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും. കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ, 10 വർഷം വരെ തടവും 2,50,000 യുഎസ് ഡോളർ പിഴയും ശിക്ഷ ലഭിക്കാം.
പ്രണീതിനെ കീഴ്പ്പെടുത്താൻ വിമാനത്തിലെ സുരക്ഷാ ജീവനക്കാർ ശ്രമിച്ചപ്പോൾ ഇയാൾ വിരലുകൾ വായിൽ തിരുകി തോക്കിന്റെ കാഞ്ചിവലിക്കുന്നതുപോലെ ആംഗ്യം കാണിച്ചു.
തുടർന്ന് ഇയാൾ സ്ത്രീ യാത്രക്കാരിയെ അടിക്കുകയും വിമാന ജീവനക്കാരനെ അടിക്കാൻ ശ്രമിക്കുകയും ചെയ്തു. നിലവിൽ യുഎസിൽ നിയമപരമായ താമസാനുമതി ഇല്ലെന്നാണ് റിപ്പോർട്ടുകൾ. വിദ്യാർഥിവീസയിലാണ് ഇയാൾ യുഎസിൽ പ്രവേശിച്ചത്.
National
നാഗ്പുര്‍: നാഗ്പുരില്‍നിന്ന് ഡല്‍ഹിയിലേക്കു പറന്നുയർന്ന ഉടൻ പക്ഷി ഇടിച്ചതിനെത്തുടര്‍ന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.
വെള്ളിയാഴ്ച മുംബൈയിലേക്കു പറന്ന എഐ 466 വിമാനമാണ് മുന്‍കരുതൽ നടപടിയെന്ന നിലയിൽ തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരക്ഷാപ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
National
മുംബൈ: സാങ്കേതിക തകരാറിനെ തുടർന്ന് മുംബൈയിൽ നിന്നും അമേരിക്കയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി.
ഇന്ന് രാവിലെ ന്യൂവാർക്കിലേക്ക് പറന്നുയർന്ന എഐ191 എന്ന വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. തിരിച്ചിറങ്ങിയ ഉടൻതന്നെ പരിശോധനകൾക്കായി വിമാന സർവീസ് നിർത്തിവച്ചു. ഇതേതുടർന്ന് മുംബൈയ്ക്കും ന്യൂവാർക്കിനും ഇടയിൽ സർവീസ് നടത്തുന്ന എഐ191, എഐ144 വിമാനങ്ങൾ റദ്ദാക്കി.
യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റുകയും പകരം സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുവെന്ന് എയർഇന്ത്യ അറിയിച്ചു.
National
കോൽക്കത്ത: ഡൽഹി-കോൽക്കത്ത ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരനും തമ്മിൽ മതപരമായ മുദ്രാവാക്യത്തെച്ചൊല്ലി രൂക്ഷമായ തർക്കം. ഇതേതുടർന്ന് വിമാനം മൂന്ന് മണിക്കൂറോളം വൈകി.
വിമാനത്തിനുള്ളിൽ ഹർ ഹർ മഹാദേവ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റുള്ളവരോട് വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.
മതപരമായ മുദ്രാവാക്യം വിളിച്ചതിനും വിമാനത്തിൽ മദ്യപിച്ചതിനും ഇരുവിഭാഗവും പരസ്പരം പരാതി നൽകി. അഭിഭാഷകനായ യാത്രക്കാരൻ പ്രശ്നമുണ്ടാക്കിയതായി ജീവനക്കാർ ആരോപിച്ചു.
അതേസമയം, എയർലൈൻ ജീവനക്കാർ അടിസ്ഥാന സേവനങ്ങൾ നിഷേധിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് അഭിഭാഷകനും ആരോപിച്ചു. ഇരുവരുടെയും പരാതികൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
31D യിൽ ഇരുന്നു വിമാനത്തിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച നിലയിലായിരുന്നുവെന്നും സഹയാത്രികരെ ഹർ ഹർ മഹാദേവ് എന്ന് വിളിക്കാൻ പ്രേരിപ്പിച്ചതായും എയർ ഹോസ്റ്റസ് പരാതിപ്പെട്ടു.
വിമാനം പുറപ്പെട്ട ശേഷം സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി കുടിക്കാൻ ശ്രമിക്കുകയും ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ അയാൾ പെട്ടെന്ന് അത് കുടിച്ചെന്നും ജീവനക്കാർ പറഞ്ഞു. ഇയാളെ കോൽക്കത്തയിലെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി.
എന്നാൽ, അഭിഭാഷകൻ ആരോപണങ്ങൾ നിഷേധിച്ചു. ക്രൂവിന്റെ മതം അറിയാതെ "ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തതായി അദ്ദേഹം പറഞ്ഞു. വിമാനത്തിൽ മദ്യപിച്ചിട്ടില്ലെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ഐജിഐഎയിൽ ഒരു കുപ്പി ബിയർ കുടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ സർക്കാരിന് തിരിച്ചടി. സിവിൽ ഏവിയേഷൻ വകുപ്പ് ചുമത്തി പ്രോസിക്യൂഷൻ അനുമതി ചോദിച്ച റിപ്പോർട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചു.
വിമാന സുരക്ഷാ നിയമം ഈ കേസിൽ നിലനിൽക്കില്ലെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചു. മുൻ എംഎൽഎ ശബരിനാഥൻ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍.
കണ്ണൂരിൽനിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉള്ളിൽ വച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. 2022 ജൂൺ 13ന് ആണ് സംഭവം. ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.
ഗൂഢാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ്. ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തകർ പാഞ്ഞടുത്തെന്നായിരുന്നു പോലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വച്ച് യാത്രക്കാരെനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.