ബിഹാറിലെ മുസാഫർപൂരിൽ നിന്ന് പുറത്തുവന്ന മനസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.
സ്വന്തം മകളോട് ഒരമ്മ കാട്ടിയ അതിക്രൂരമായ പെരുമാറ്റമാണ് ഈ വീഡിയോയിൽ ദൃശ്യമാകുന്നത്. mസ്കൂൾ വിട്ട് വരുന്ന കൊച്ചു പെൺകുട്ടി ഭാരമേറിയ ബാഗ് ചുമക്കാൻ പാടുപെടുന്നത് കണ്ടാണ് നാട്ടുകാർ ശ്രദ്ധിച്ചത്.
കുട്ടിയെ സഹായിക്കാനായി ബാഗ് പരിശോധിച്ച വഴിയാത്രക്കാർ ഞെട്ടിപ്പോയി. ബാഗിനുള്ളിൽ പുസ്തകങ്ങൾക്ക് പകരം ഭാരമേറിയ ഇഷ്ടികകളാണ് ആ അമ്മ നിറച്ചു വെച്ചിരുന്നത്.
താൻ അനുഭവിക്കുന്ന വേദന നാട്ടുകാരോട് കരഞ്ഞുകൊണ്ട് വിവരിച്ച കുട്ടിക്ക് നേരെ അമ്മ പരസ്യമായി അക്രമം അഴിച്ചുവിടുന്നതാണ് പിന്നീട് കാണുന്നത്.
ഇഷ്ടികകൾ പുറത്തെടുത്തത് ഇഷ്ടപ്പെടാതിരുന്ന സ്ത്രീ, ആളുകൾ നോക്കിനിൽക്കെ തന്നെ കുട്ടിയെ ക്രൂരമായി തല്ലിച്ചതക്കുകയും അസഭ്യം പറയുകയും ചെയ്തു.
ഇതിനെതിരെ പ്രതികരിച്ച നാട്ടുകാരോട് വളരെ ധിക്കാരപരമായ രീതിയിലാണ് ഈ സ്ത്രീ പെരുമാറിയത്. കുട്ടി തന്റേതാണെന്നും അവളെ എന്ത് ചെയ്യാനും തനിക്ക് അവകാശമുണ്ടെന്നും അവർ ആക്രോശിച്ചു.
തങ്ങളെ വീഡിയോ എടുക്കുന്നത് തടയാനും പോലീസിനെ വിളിക്കുമെന്ന് പറഞ്ഞവരോട് വെല്ലുവിളിക്കാനുമാണ് അവർ ശ്രമിച്ചത്. ഈ ദൃശ്യങ്ങൾ വൈറലായതോടെ കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻസിപിസിആർ പോലുള്ള സംഘടനകൾ ഇടപെടണമെന്ന ആവശ്യം ശക്തമായി.
വീടിനുള്ളിൽ പോലും സുരക്ഷിതയല്ലാത്ത ഈ പെൺകുട്ടിക്ക് മാനസികമായ പിന്തുണയും ചികിത്സയും ആവശ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി.
ക്രൂരമായ ഈ പെരുമാറ്റം കുട്ടികളോടുള്ള അതിക്രമത്തിന്റെ പരിധിയിൽ വരുമെന്നും ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു.
സംഭവം ഗൗരവകരമായതോടെ മുസാഫർപൂർ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് കാന്തേഷ് കുമാർ മിശ്ര വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിക്കാനും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കാനും അദ്ദേഹം ഉത്തരവിട്ടു.
ചൈൽഡ് വെൽഫെയർ ഓഫീസറുടെ നേതൃത്വത്തിൽ ഈ കുടുംബത്തെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് നേരെയുള്ള അതിക്രമം തെളിയിക്കപ്പെട്ടാൽ മാതാവിനെതിരെ കർശനമായ കേസെടുക്കുമെന്ന് പോലീസ് ഉറപ്പുനൽകി.