പൊടിമറ്റം (കാഞ്ഞിരപ്പള്ളി): കഴിഞ്ഞ കാല് നൂറ്റാണ്ടുകാലം മധ്യകേരളത്തിലെയും മലയോര മേഖലയിലെയും കര്‍ഷകജീവിതത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിവരുന്ന പ്രസ്ഥാനമാണ് ഇന്‍ഫാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഇന്‍ഫാമിനു സാധിച്ചു.
സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇന്‍ഫാം നല്കുന്ന നിര്‍ദേശങ്ങള്‍ കാര്‍ഷിക നയരൂപീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. കാര്‍ഷികപ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ കര്‍ഷകരെ ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടോ ഏതെങ്കിലും തരത്തിലുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇന്‍ഫാമിനെപ്പോലുള്ള പ്രസ്ഥാനങ്ങള്‍ നല്കുമ്പോള് അത് അതീവ ഗൗരവത്തോടെ പരിഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജാതിമത ചിന്തകള്‍ക്കതീതമായി കര്‍ഷകരെ സംഘടിപ്പിക്കുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഇന്‍ഫാം മുന്നോട്ടു വച്ചിട്ടുള്ള ആദര്‍ശം.
പഞ്ചവത്സര പദ്ധതിയെന്ന നിലയില്‍ ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ധനയ്ക്കും സഹായിക്കുന്ന പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ച കാര്യങ്ങള്‍ എല്ലാ അര്‍ഥത്തിലും പ്രായോഗികമാക്കാന്‍ കഴിയുന്ന ഒന്നാണ്.
പച്ചക്കറി കൃഷിയില്‍ വലിയ മാറ്റം ഇപ്പോള്‍തന്നെ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതികൂടി വരുമ്പോള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയും. നമ്മുടെ നാട് പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ ഇന്‍ഫാം മാതൃകാപരമായ ഇടപെടലുകള്‍ നടത്തി.
കോവിഡ്, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇന്‍ഫാം നടത്തിയ പ്രവര്‍ത്തനം വലുതാണ്. മതനിരപേക്ഷതയും വികസനവും കൈകോര്‍ക്കുന്ന നവകേരള നിര്‍മാണത്തില്‍ ഇന്‍ഫാമിനെപ്പോലുള്ള കര്‍ഷക സംഘടനകളുടെ സേവനം വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്‍ഫാം രജതജൂബിലി സമാപന സമ്മേളനത്തില്‍ ഇന്‍ഫാം സംഘടനാംഗങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ആവിഷ്കരിച്ച പച്ചപ്പൊലിമ എന്ന പഞ്ചവത്സര പദ്ധതി രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു.