കാഞ്ഞിരപ്പള്ളി: താങ്ങുവില കർഷകന്റെ അവകാശമാക്കി മാറ്റണമെന്ന് പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും എഐസിസി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാല്‍ എംപി. ഇന്‍ഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന കിസാന്‍ കാര്‍ണിവല്‍ - കൈക്കോട്ടും ചിലങ്കയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
താങ്ങുവില ആരുടെയും ഔദാര്യമല്ല, അവകാശമാക്കി മാറ്റണം. കൃഷിക്കാരനെ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കുണ്ട്. കൃഷിക്കാരനെ കടക്കെണിയില്‍നിന്ന് രക്ഷിക്കാനുള്ള ചിന്ത സര്‍ക്കാരിനുണ്ടാകണം.
കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നവര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു മനസിലാക്കി അതിനെ എങ്ങനെ തരണം ചെയ്യാമെന്നു മനസിലാക്കി വേണം താങ്ങുവില നല്‍കേണ്ടത്. നിരവധിയായ കര്‍ഷക പ്രശ്നങ്ങളില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച ധീരമായ നിലപാടുകളായിരുന്നു ഇന്‍ഫാം നടത്തിയത്.
കൃഷിക്കാരന് സ്വാഭിമാനം നല്‍കാനും യഥാര്ഥമയ അധ്വാനശേഷിയെ ഉയര്‍ത്തിക്കാട്ടാനും ബഹുമുഖമായ പോരാട്ടങ്ങള്‍ ഇന്‍ഫാം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 25 വർഷമായി കർഷകരുടെ കണ്ണീരിനും കിനാവിനും ഒപ്പം നിൽക്കുന്ന പ്രസ്ഥാനമാണ് ഇൻഫാം.
കപ്പയ്ക്ക് 15 രൂപയായി വില ഇടിഞ്ഞപ്പോൾ, 25 രൂപയ്ക്ക് സംഭരിച്ച് ഉണക്കക്കപ്പയാക്കി വിപണിയിൽ ഇടപെട്ട ഇൻഫാമിന്റെ മാതൃക ഇടനിലക്കാരായ ലോബികൾക്കുള്ള മറുപടിയായിരുന്നു. കേരളത്തിന്റെ കാർഷിക പുരോഗതിയിൽ ക്രൈസ്തവ സഭകളും കുടിയേറ്റ കർഷകരും നൽകിയ സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമാണെന്നും, തരിശുഭൂമികളെ പൊന്നുവിളയുന്ന മണ്ണാക്കി മാറ്റിയത് ഇവരാണെന്നും അദ്ദേഹം അനുസ്മരിച്ചു.
Tags : K.C. Venugopal Support price farmer Kanjirapally Infarm Silver Jubilee