National
ന്യൂഡൽഹി: ഒന്‍പത് ദിവസത്തിനുള്ളിൽ 22 പേരുടെ ജീവനെടുത്ത കാട്ടാനയെ തുരത്താൻ ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ച് ജാർഖണ്ഡ്.
ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിൽ ജനുവരി ആദ്യം മുതൽ ആക്രമണം നടത്തുന്ന അതീവ അപകടകാരിയായ ആനയെ മെരുക്കാനാണു സർക്കാരിന്റെ അഭൂതപൂർവമായ നടപടി.
ദിവസേന 30 കിലോമീറ്ററോളം സഞ്ചരിക്കുന്ന കാട്ടാനയെ പിന്തുടരാനും പിടികൂടാനുമായി നൂറോളം പേരെ വനംവകുപ്പ് വിന്യസിച്ചിട്ടുണ്ട്. ഒറ്റക്കൊന്പുള്ള കാട്ടാനയെ തുരത്താൻ മയക്കുവെടി പരീക്ഷിച്ചെങ്കിലും വിജയിച്ചിട്ടില്ല.
കാട്ടാന മദം പൊട്ടി നിൽക്കുകയാണെന്ന് അധികൃതർ സംശയിക്കുന്നു. കൊന്പനാനകളിൽ പുരുഷ ഹോർമാണായ ടെസ്റ്റോസ്റ്റിറോണ്‍ കൂടുന്പോഴാണ് മദം പൊട്ടുന്നതായി വിശേഷിപ്പിക്കുന്നത്. സാധാരണയേക്കാൾ 60 ഇരട്ടി ടെസ്റ്റോസ്റ്റിറോണുകൾ ആനയുടെ ശരീരത്ത് ഉണ്ടാകുന്പോൾ അവ കൂടുതൽ അക്രമകാരിയാകുന്നു.
സാധാരണയായി രണ്ടുമുതൽ മൂന്നു മാസം വരെയാണ് ഇതു നിലനിൽക്കുന്നത്. കാട്ടാനയെ കണ്ടെത്താനായി മറ്റു മൂന്ന് സംസ്ഥാനങ്ങളിലെ വന്യജീവി വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ടെങ്കിലും ആനയുടെ ക്രമരഹിതമായ ചലനം മൂലം പിന്തുടരാൻ പ്രയാസമാണെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
National
റാഞ്ചി: ജാർഖണ്ഡിലെ ഹസാരിബാഗിൽ സ്ഫോടനം. സംഭവത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
ഹസാരിബാഗിലെ ബാര ബസാർ ടോപ്പ് ഏരിയയ്ക്ക് കീഴിലുള്ള ഹബീബ് നഗറിലാണ് സ്ഫോടനം ഉണ്ടായത്. ഒഴിഞ്ഞുകിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
ഭർത്താവും ഭാര്യയും മറ്റൊരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചതെന്നും സ്ഫോടനത്തിന്റെ കാരണം കണ്ടെത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
പോലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഫോടന കാരണം വ്യക്തമല്ലായെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സ്ഫോടനം ഉണ്ടായ സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി ഫോറൻസിക് സയൻസ് സംഘത്തെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്.
National
റാഞ്ചി: നാലും അഞ്ചും വയസ് പ്രായമുള്ള രണ്ടു കുട്ടികളുടെ തിരോധാനത്തെത്തുർന്ന് ജാർഖണ്ഡിലെ ധ്രുവയിൽ പ്രതിഷേധം തുടരുന്നു. മേഖലയിൽ ഇന്നലെ 12 മണിക്കൂറോളം നീണ്ട ബന്ദ് ജനജീവിതം തടസപ്പെടുത്തി.
കഴിഞ്ഞ രണ്ടാംതീയതി വീടിനു സമീപമുള്ള പലചരക്കുകടയിലേക്കു പോയതാണു കുട്ടികൾ. ഇതുവരെ തിരിച്ചെത്തിയിട്ടില്ല. 40 പേരുടെ പ്രത്യേക അന്വേഷണസംഘം പത്തുദിവസമായി കുട്ടികളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും ആശ്വാസവാർത്ത അകലെയാണ്. ഈ സാഹചര്യത്തിലാണ് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി കൈലാസ് യാദവിന്റെ നേതൃത്വത്തിൽ പ്രതിഷേധം.
National
ചായിബാസ: ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ. നാലു പേർക്കു പരിക്കേറ്റു. ചായിബാസ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദിത്യ നാരായൺ ആണ് ഇക്കാര്യ അറിയിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരും ബംഗാളിലെ ബങ്കുര ജില്ലയിൽനിന്നുള്ള വിദഗ്ധരും കാട്ടാനയെ വനത്തിലേക്കു തുരത്താൻ ശ്രമം നടത്തിവരികയാണ്.
ചൊവ്വാഴ്ച രാത്രി ഒരു കുടുംബത്തിലെ നാലു പേർ അടക്കം ആറു പേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു കുടുംബത്തിലെ മൂന്നു പേരടക്കം ഏഴു പേർ ഇതേ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങിയതിനെത്തുടർന്ന് സൗത്ത് ഈസ്റ്റേൺ റെയിൽവേയിലെ ചക്രധാർപുർ ഡിവിഷനിൽ ആറു ട്രെയിൻ സർവീസുകൾ റദ്ദാക്കി.
കാട്ടാനശല്യത്തിനു പരിഹാരം കാണുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടെന്ന് ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡ വിമർശിച്ചു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ മറികടന്നത്.
78 പന്തില്‍ 124 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. സ്കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.
ജാർഖണ്ഡിന് വേണ്ടി വികാശ് സിംഗും ശുഭം കുമാർ സിംഗും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്‍ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
National
റാഞ്ചി: പീഡനശ്രമം ചെറുത്ത സ്ത്രീയുടെ ശരീരത്തില്‍ തിളച്ച എണ്ണ ഒഴിച്ച് യുവാക്കള്‍. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഗാഡി ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
ഇവരുടെ കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് ശാരീരിക വൈകല്യമുള്ളയാളാണ്.
ഇവർ ഗ്രാമത്തില്‍ ഒരു ചെറിയ തട്ടുകട നടത്തുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരം ഒരു കൂട്ടം യുവാക്കള്‍ തട്ടുകടയിലെത്തുകയും അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി ഇത് തടഞ്ഞതോടെ തര്‍ക്കമായി.
തുടർന്ന് പ്രതികളിലൊരാള്‍ സമൂസ തയാറാക്കാന്‍ ഉപയോഗിക്കുന്ന തിളച്ച എണ്ണ സ്ത്രീയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ഉടന്‍ തന്നെ രണ്ട് അക്രമികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
National
കൊദേർമ: ജാർഖണ്ഡിൽ കഫ് സിറപ്പ് കഴിച്ച ഒന്നര വയസുകാരി മരിച്ചു. കൊദേർമ ജില്ലയിലെ ലോകായി ഭുയിയാനിൽ ശനിയാഴ്ച വൈകുന്നേരമാണു സംഭവം.
പ്രദേശത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽനിന്നാണ് കഫ് സിറപ്പ് വാങ്ങിയത്. പെൺകുട്ടിയുടെ മരണത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ചൈബാസ: ജാര്‍ഖണ്ഡിലെ ചൈബാസയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസില്‍ യാത്ര ചെയ്ത് കുടുംബം. നോമുണ്ടി ബ്ലോക്കിലെ ബല്‍ജോരി സ്വദേശിയായ ഡിംബ ചതോംബയാണ് തന്റെ കുഞ്ഞിന്റെ മൃതദേഹവുമായി ദുരിതയാത്ര നടത്തിയത്.
ചൈബാസയിലെ സദര്‍ ആശുപത്രിയില്‍ കുഞ്ഞ് ചികിത്സയിലിരിക്കെ മരിച്ചിട്ടും അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാന്‍ തയാറാകത്തതിനെ തുടർന്നാണ് കുടുംബം മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി ബസിൽ യാത്ര തിരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. മൃതദേഹം വീട്ടിലെത്തിക്കാന്‍ വാഹനം വിട്ടുതരണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.
മണിക്കൂറുകളോളം കാത്തിരുന്ന് വലഞ്ഞ കുടുംബാംഗങ്ങള്‍ തങ്ങളുടെ പക്കൽ ആകെയുണ്ടായിരുന്ന 100 രൂപയിൽ നിന്ന് 20 രൂപയ്ക്ക് പ്ലാസ്റ്റിക് സഞ്ചി വാങ്ങി മൃതദേഹം അതിനുള്ളിലാക്കി ബസിൽ കയറി ഗ്രാമത്തിലേക്ക് തിരിച്ചു.
സംഭവം പുറത്തുവന്നതിന് പിന്നാലെ ജാര്‍ഖണ്ഡ് ആരോഗ്യവകുപ്പ് മന്ത്രി ഇര്ഫാന് അന്‍സാരി അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
എന്നാൽ മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് നല്‍കാറില്ലെന്നും അതിനായി പ്രത്യേക സംവിധാനമുണ്ടെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.
ഇതിനായി ജില്ലയില്‍ ആകെയുള്ള ഒരു വാഹനം മറ്റൊരിടത്തായിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുടുംബം തയാറായില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
Sports
പൂനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 കിരീടം ആർക്കെന്ന് ഇന്നറിയാം. മൂന്ന് ആഴ്ച നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ ഇന്ന് എംസിഎ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന ഫൈനലിൽ കന്നി കിരീടത്തിനായി ഹരിയാനയും ജാർഖണ്ഡും മത്സരിക്കും.
ജാർഖണ്ഡ് ക്യാപ്റ്റൻ ഇഷാൻ കിഷനിലും ഹരിയാന ക്യാപ്റ്റൻ അങ്കിത് കുമാറിലുമാണ് പ്രതീക്ഷ പുലർത്തുന്നത്. ഇരുവരും ടൂർണമെന്റിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിലൂടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചിട്ടുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ലീഗ് ഘട്ടത്തിലും ജാർഖണ്ഡ് ഒന്‍പത് മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറി. എന്നാൽ ചൊവ്വാഴ്ച ആന്ധ്രയോട് പരാജയപ്പെട്ടു.
ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് മത്സരങ്ങൾ തോറ്റ ഹരിയാന സൂപ്പർ ലീഗിൽ നിലവിലെ ചാന്പ്യന്മാരായ മുംബൈയോട് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരേ ആധിപത്യ പ്രകടനം കാഴ്ചവച്ചതോടെ അവർ നെറ്റ് റണ്‍ റേറ്റ് മെച്ചപ്പെടുത്തി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു.
Sports
ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളം ആറ് റണ്‍സിന് ജാര്‍ഖണ്ഡിനോട് തോല്‍വി വഴങ്ങി.
187 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ കേരളം 180 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ 127 റണ്‍സിന്റെ ലീഡ് നേടിയശേഷമാണ് കേരളത്തിന്റെ തോല്‍വി.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച കേരളത്തിന് 25 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. മാനവ് കൃഷ്ണയാണ് (71) കേരള ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. സ്കോര്‍: ജാര്‍ഖണ്ഡ് 206, 313. കേരളം 333, 180.
Sports
ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിന് എതിരേ കേരളത്തിന്റെ വിജയലക്ഷ്യം 187 റണ്‍സ്. മൂന്നാംദിനം അവസാനിക്കുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എടുത്തു. കേരളത്തിനുവേണ്ടി അമയ് മനോജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ജാര്‍ഖണ്ഡിന്റെ അന്മോല് രാജ് (133) സെഞ്ചുറി നേടി. സ്കോര്‍: ജാര്‍ഖണ്ഡ് 206, 313. കേരളം 333, 11/1
Sports
ഹസാരിബാഗ് (ജാര്‍ഖണ്ഡ്): കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ജാര്‍ഖണ്ഡിനെതിരേ കേരളത്തിന് 127 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്.
ജാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 206ന് എതിരേ കേരളം ആദ്യ ഇന്നിംഗ്സില്‍ 333 റണ്‍സ് നേടി. സെഞ്ചുറി നേടിയ മാധവ് കൃഷ്ണയുടെ (139) ഇന്നിംഗ്സാണ് കേരളത്തിനു ലീഡൊരുക്കിയത്. കെ.വി. അഭിനവ് 50 റണ്‍സ് നേടി.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ആതിഥേയര്‍ രണ്ടാംദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എടുത്തു.
National
ന്യൂഡൽഹി: ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ഇന്ത്യ സഖ്യം വിട്ട് എൻഡിഎയിലേക്കെന്ന് റിപ്പോർട്ട്. ജെഎംഎം- കോണ്‍ഗ്രസ് സഖ്യമാണ് ജാർഖണ്ഡിൽ ഭരണം നടത്തുന്നത്.
ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും ഭാര്യ കല്പനയും ഉന്നത ബിജെപി നേതാവുമായി ഡൽഹിയിൽ നടത്തിയ ചർച്ചയാണ് അഭ്യൂഹങ്ങൾ ഉയർത്തുന്നത്. ഡൽഹിയിൽ നടന്നത് കേവലം ഔപചാരിക കൂടിക്കാഴ്ച അല്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ ജാർഖണ്ഡ് ഗവർണർ സന്തോഷ് ഗംഗ് വാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ ജെഎംഎമ്മിന് 34 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിനു വേണ്ടത് 41 പേരുടെ പിന്തുണയാണ്. കോണ്‍ഗ്രസ്-16 ആർജെഡി-4, സിപിഐ (എംഎൽ)(എൽ)-2 എന്നിങ്ങനെയാണ് ഇന്ത്യ മുന്നണിയിലെ മറ്റു കക്ഷികളുടെ അംഗബലം. 56 പേരുടെ പിന്തുണയാണ് നിലവിൽ ഹേമന്ത് സോറനുള്ളത്. ബിജെപിക്ക് 21 അംഗങ്ങളുണ്ട്. എൽജെപി-1, എജെ എസ് യു-1, ജെഡി-യു, മറ്റുള്ളവർ-1 എന്നിങ്ങനെയാണു പ്രതിപക്ഷത്തെ അംഗബലം. ജെഎംഎം എൻഡിഎയിലെത്തിയാൽ 58 പേരുടെ പിന്തുണയുണ്ടാകും.
ഇതിനിടെ, കോണ്‍ഗ്രസിൽ പിളർപ്പുണ്ടാകുമെന്ന് അഭ്യൂഹമുണ്ട്. എട്ടു കോണ്‍ഗ്രസ് എംഎൽഎമാർ ഹേമന്ത് സോറനൊപ്പം പോകാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുണ്ട്. കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കണമെങ്കിൽ 11 കോണ്‍ഗ്രസ് എംഎൽഎമാർ പാർട്ടി വിടണം.
National
ചായിബാസ: ജാർഖണ്ഡിലുണ്ടായ സ്ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. രണ്ടു യുവതികൾക്കു പരിക്കേറ്റു.
വെസ്റ്റ് സിംഗ്ഭും ജില്ലയിൽ സരാന്ദ വനമേഖലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഫൂലൻ ധൻവാർ (18) ആണു കൊല്ലപ്പെട്ടത്. മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ഫൂലൻ അബദ്ധത്തിൽ ചവിട്ടുകയായിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. എട്ട് മണ്ഡലങ്ങളിലാണ് ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ജമ്മു കാഷ്മീരിലെ ബുഡ്ഗാം, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലും രാജസ്ഥാനിലെ അന്തയിലും ജാർഖണ്ഡിലെ ഖട്ട്സിലയിലും തെലങ്കാനയിലെ ജൂബിലി ഹിൽസിലും പഞ്ചാബിലെ തരൺ തരൺ മണ്ഡലത്തിലും മിസോറാമിലെ ഡംപയിലും ഒഡീഷയിലെ നുവാപാഡ മണ്ഡലത്തിലേയ്ക്കും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച മുഖ്യമന്ത്രി ഒമർ അബ്ദുള്ള രാജിവച്ചതിനെ തുടർന്നാണ്
ബുഡ്ഗാമിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തയിലെ എംഎൽഎ ശ്രീ കൻവർലാലിനെ അയോഗ്യനാക്കിയതിനെ തുടർന്നും ആണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കി എല്ലാ മണ്ഡലങ്ങളിലെയും സിറ്റിംഗ് എംഎൽഎമാർ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് എല്ലായിടത്തെയും വോട്ടെണ്ണൽ.
National
റാഞ്ചി: കാമുകിക്കൊപ്പം കണ്ട സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവിനെ ക്വാർട്ടേഴ്സിൽ പൂട്ടിയിട്ട് ഭാര്യ. ജാർഖണ്ഡിലെ ഗർവ ജില്ലയിലാണ് സംഭവം.
മഴിയവാൻ സർക്കിൾ ഓഫീസർ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ ദിവസം ഭാര്യ ഡോ. ശ്യാമ റാണി പൂട്ടിയിട്ടത്. തന്നെ തുറന്നുവിടണമെന്ന് വീടിനുള്ളിൽ നിന്ന് ഉദ്യോഗസ്ഥൻ ഭാര്യയോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ശ്യാമയ്ക്ക് നേരത്തെ സംശയമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് നവംബർ ഒന്നിന് പുലർച്ചെ നാലരയോടെ ശ്യാമ റാണി ക്വാർട്ടേഴ്സിലെത്തിയത്. അപ്പോഴാണ് മറ്റൊരു യുവതിക്കൊപ്പം ഇയാളെ കണ്ടെത്തുന്നത്.
പിന്നാലെ ബഹളമായി. പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് മഴിയവാൻ പോലീസ് സ്ഥലത്തെത്തി. ഇതിനിടെ പ്രമോദ് മേൽക്കൂരയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിസാര പരിക്കേറ്റു.
വീടിനുള്ളിൽ കണ്ടെത്തിയ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭർത്താവിറെ ഈ ബന്ധത്തെക്കുറിച്ച് വളരെക്കാലമായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ശ്യാമ റാണി മാധ്യമങ്ങളോട് പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
National
ചായിബാസ: ജാർഖണ്ഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് പത്തു വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു. ദിഘ ഗ്രാമക്കാരിയായ സിരിയ ഹെറെൻസ് ആണ് കൊല്ലപ്പെട്ടത്.
വെസ്റ്റ് സിംഗ്ഭും ജില്ലയിലായിരുന്നു സംഭവം. ഇലകൾ ശേഖരിക്കാൻ തിലാപോസി വനത്തിൽ പോയ പെൺകുട്ടി മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡിയിൽ ചവിട്ടുകയായിരുന്നു. പെൺകുട്ടിയുടെ കാലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നു.
National
റാഞ്ചി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി രോഗബാധ.
സിംഗ്ഭൂം ജില്ലയിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ച. ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്ഐവി പോസിറ്റീവ് ആയത്.
ചൈബാസ സദർ ആശുപത്രിയിലെ ബ്ലഡ് ബാങ്കിൽനിന്നും രക്തം സ്വീകരിച്ചവർക്കാണ് രോഗബാധയുണ്ടായത്. തലസീമിയ രോഗ ബാധിതനായ ഏഴ് വയസുകാരനാണ് ആദ്യം എച്ച് ഐവി സ്ഥിരീകരിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് നാല് കുട്ടികൾക്കു കൂടി എച്ച്ഐവിയാണെന്ന് കണ്ടെത്തിയത്.
സംഭവത്തിൽ വിദഗ്ധ അന്വേഷണത്തിനായി സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. തലസീമിയ രോഗിയായ കുട്ടിയ്ക്ക് ബ്ലഡ് ബാങ്കിൽനിന്ന് 25 യൂണിറ്റ് രക്തം നൽകിയിട്ടുണ്ട്. എല്ലാ തലസീമിയ രോഗികൾക്കും നൽകാറുള്ളതുപോലെ സൗജന്യമായാണ് രക്തം നൽകിയത്.
എന്നാൽ രക്തം സ്വീകരിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.
എച്ച്ഐവി ബാധിതന്റെ രക്തം സ്വീകരിച്ചതിനാലാണ് കുട്ടിയ്ക്ക് രോഗബാധയുണ്ടായതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ രക്തം സ്വീകരിച്ചതിലൂടെയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഉറപ്പിക്കാനാവില്ലെന്നും ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിച്ചാലും ഇത്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നും ആശുപത്രിയിലെ സിവിൽ സർജൻ ഡോ. സുശാന്തോ മാജി പറഞ്ഞു.
കുട്ടികൾക്ക് രക്തം നൽകിയ രക്തദാതാക്കളെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: ചികിത്സാച്ചെലവ് താങ്ങാനാവാതെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് "നിധി' ഇന്ന് ജാര്‍ഖണ്ഡിലേക്ക് മടങ്ങി.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഉദ്യോഗസ്ഥരും പോലീസും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഇന്നു രാവിലെ ധന്‍ബാദ് എക്സ്പ്രസില്‍ നിധിയുമായി ജാര്‍ഖണ്ഡിലേക്ക് പുറപ്പെട്ടു. അവിടെ വച്ച് ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതിക്കു കുഞ്ഞിനെ കൈമാറും. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യുസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
ആറ് മാസത്തോളം കേരള വനിതശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.
പൂര്‍ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും "നിധി' എന്ന് പേരിടുകയുമായിരുന്നു.