Kerala
കണ്ണൂർ: സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള യാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“സമുദായ നേതാക്കൾ വർഗീയത പറയുന്നതു നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തും. നാം മനുഷ്യരാകണം. മനുഷ്യനാകുന്നതിനു വലിയ അർഥങ്ങൾ ഉണ്ട്. ചേർന്നുനിൽക്കാനും ചേർത്തു നിർത്താനും നമുക്കാകണം.
വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കേണ്ടത്. സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം. നമ്മുടെ ഒരു പ്രയോഗംകൊണ്ട് സമൂഹത്തിൽ ഛിദ്രത ഉണ്ടാകാൻ ഇടവരരുത്’’- കാന്തപുരം പറഞ്ഞു.
കേരളയാത്രയെ പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
District News
കാസര്‍ഗോഡ്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് നാളെ തുടക്കം കുറിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. ഉച്ചയ്ക്ക് 1.30നു കര്‍ണാടകയിലെ ഉള്ളാള്‍ ദര്‍ഗയില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരും ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എ.കെ.എം. അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
16നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപന സമ്മേളനം. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍. അലി അബ്ദുള്ള, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൾ ഖാദിര്‍ മദനി, അബ്ദുള്‍ ഹക്കീം ഹാജി കളനാട്, കൊല്ലംപാടി അബ്ദുള്‍ ഖാദര്‍ സഅദി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുള്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.
Kerala
കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘടിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യസ്ത്രീ - പുരുഷന്മാര് കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കില്ലെന്നും കാന്തപുരം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്കുപോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.