കാസര്‍ഗോഡ്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് നാളെ തുടക്കം കുറിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. ഉച്ചയ്ക്ക് 1.30നു കര്‍ണാടകയിലെ ഉള്ളാള്‍ ദര്‍ഗയില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരും ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എ.കെ.എം. അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
16നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപന സമ്മേളനം. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍. അലി അബ്ദുള്ള, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൾ ഖാദിര്‍ മദനി, അബ്ദുള്‍ ഹക്കീം ഹാജി കളനാട്, കൊല്ലംപാടി അബ്ദുള്‍ ഖാദര്‍ സഅദി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുള്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.
Tags : Kanthapuram nattuvishasham local news