തിരുവനന്തപുരം: നിയമസഭയുടെ അവസാനസമ്മേളനത്തിന്റെ അവസാനദിനം സഭാതലത്തിൽ പോർവിളികളും വെല്ലുവിളികളുമൊക്കെയാണു മുഴങ്ങാറുള്ളത്. ഭരണപക്ഷം അധികാരത്തുടർച്ച സ്വപ്നം കാണുന്പോൾ പ്രതിപക്ഷം അധികാരത്തിലേക്കുള്ള മടങ്ങിവരവിന്റെ അവകാശവാദങ്ങൾ മുഴക്കും. ഇന്നലെ സഭയിൽ അതൊന്നുമുണ്ടായില്ല. സമ്മേളനം അവസാനിക്കുന്നതിനു മുന്പേ പ്രതിപക്ഷം സ്ഥലം കാലിയാക്കിയിരുന്നു.
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ അവസാനദിനമായിരുന്നു ഇന്നലെ. മാർച്ച് ഒടുവിൽ വരെ നിശ്ചയിച്ചിരുന്ന സമ്മേളനം നേരത്തേ അവസാനിപ്പിച്ചതാണ്. പ്രതിപക്ഷ പ്രതിഷേധമാണു കാരണമായി പറഞ്ഞത്. നിയമസഭയിൽ വന്നിരിക്കാൻ ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവർക്കു വലിയ താത്പര്യമില്ല എന്നുള്ളതാണു സത്യം. മാർച്ച് രണ്ടാം വാരം തെരഞ്ഞെടുപ്പു വിജ്ഞാപനം വരുമെന്നാണു കരുതുന്നത്. അപ്പോൾ പിന്നെ മണ്ഡലത്തിൽ പോയി തെരഞ്ഞെുപ്പു പ്രചാരണം ആരംഭിക്കാനാണല്ലോ മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കു താത്പര്യം.
ശബരിമല പ്രശ്നത്തിൽ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം സഭാനടപടികളുമായി ഒരു തരത്തിലും സഹകരിക്കുന്നില്ല. ഇന്നലെയും ചോദ്യോത്തരവേള ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷം നിലപാടു വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുതുയുഗയാത്രയിലായതിനാൽ കെ. ബാബുവാണ് പ്രതിപക്ഷത്തിന്റെ നിലപാടു വ്യക്തമാക്കിയത്. സുദീർഘമായ നിയമസഭാ പ്രവർത്തനപരിചയസന്പത്തുള്ള ബാബുവിന്റെയും നിയമസഭയിലെ അവസാനദിനമായിരുന്നു ഇന്നലെ. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നു ബാബു ആവശ്യപ്പെട്ടു. പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളിച്ചു നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കർ എ.എൻ. ഷംസീർ ചോദ്യോത്തരവേള റദ്ദാക്കുന്നതായി അറിയിച്ചു. പിന്നീട് സഭ പിരിയുന്നതിന്റെ നടപടിക്രമങ്ങളിലേക്കു കടന്നു.
ധനവിനിയോഗ ബില്ലിന്റെ അവതരണവേളയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും നടപടികളെല്ലാം പൂർത്തിയായതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രസംഗിച്ചു. സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചെന്ന് അവകാശപ്പെട്ട ധനമന്ത്രി, പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ ഉത്തരവായി ഉടൻ പുറത്തുവരുമെന്നും ഡിഎ കുടിശിക സംബന്ധിച്ച ഉത്തരവു വൈകാതെ പുറപ്പെടുവിക്കുമെന്നും ഉറപ്പു നൽകി.
മുഖ്യമന്ത്രി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയായിരുന്നു. സർക്കാരിനെക്കുറിച്ച് അവർക്ക് ഒരു ആക്ഷേപവും പറയാനില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് അവർ ചർച്ചയിൽ പോലും പങ്കെടുക്കാത്തത്. അടിയന്തരപ്രമേയം അവതരിപ്പിക്കാൻ പോലും അവർ ഭയപ്പെടുകയാണ്.
സാധാരണയായി ഒരു സർക്കാർ കാലാവധി പൂർത്തിയാകാറാകുന്പോൾ മന്ത്രിമാർക്കും സർക്കാരിനുമൊക്കെ എതിരായി ആരോപണങ്ങൾ വരും. ഇവിടെ അതും ഉണ്ടായില്ല. പ്രതിപക്ഷത്തെ ‘വികസനവിരുദ്ധർ’എന്നു വിശേഷിപ്പിച്ച മുഖ്യമന്ത്രി, എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞു. ബിജെപിയുമായി സഖ്യമെന്ന സിപിഎമ്മിനെതിരേ യുഡിഎഫ് ഉയർത്തന്ന ആക്ഷേപം മുഖ്യമന്ത്രി അതേപടി പ്രതിപക്ഷത്തിനെതിരേ തിരിച്ചുവച്ചു. “ആർഎസ്എസിന്റെ മനസിനു ചെറിയ തോതിൽ വിഷമമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പോലും കോണ്ഗ്രസ് തയാറാകുന്നില്ല.’’ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ കേരളത്തെ സാന്പത്തികമായി വരിഞ്ഞുമുറുക്കിയപ്പോൾ പോലും എതിർക്കാൻ പ്രതിപക്ഷം തയാറായില്ല. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കിയ നേട്ടം ഉയർത്തിക്കാട്ടി മുഖ്യമന്ത്രി സഭയോടായി പറഞ്ഞു: “അധികാരമൊഴിയുന്പോൾ തികഞ്ഞ സംതൃപ്തിയാണുള്ളത് ”.
നയപ്രഖ്യാപന പ്രസംഗത്തിൽ വരുത്തിയ ഭേദഗതികൾ ഉൾപ്പെടെയുള്ള പ്രസംഗം രേഖയാക്കണമെന്ന് ഗവർണർ സ്പീക്കറോട് ആവശ്യപ്പെട്ടെങ്കിലും നിയമസഭ ആ ആവശ്യം തള്ളിക്കളഞ്ഞു. സർക്കാർ തയാറാക്കി നൽകിയ പ്രസംഗംതന്നെയാകും രേഖകളിൽ ഉണ്ടാകുക.
വോട്ട് ഓണ് അക്കൗണ്ട് പാസാക്കി പിരിഞ്ഞു പിന്നീട് സന്പൂർണ ബജറ്റ് പാസാക്കുന്ന രീതിക്കു വിരുദ്ധമായി ഇപ്പോൾത്തന്നെ സന്പൂർണ ബജറ്റ് പാസാക്കാനാണു തീരുമാനിച്ചിരുന്നത്. മാർച്ച് 26വരെ നീളുന്ന സമ്മേളനമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഗില്ലറ്റിൻ പ്രയോഗിച്ച് ബജറ്റ് പാസാക്കി ഇന്നലെ സഭ പരിയുന്പോൾ ഈ സമ്മേളനം ചേർന്നത് 12 ദിവസം മാത്രമാണ്. എങ്കിലും സന്പൂർണ ബജറ്റ് പാസാക്കിയെന്നു ചരിത്രത്തിൽ രേഖപ്പെടുത്തി എന്നു പറയാം.
ഐക്യകേരളം നിലവിൽ വന്നു നാളിതു വരെ എട്ടു തവണ മാത്രമാണ് മാർച്ചിൽത്തന്നെ ബജറ്റ് പൂർണമായി പാസാക്കിയിട്ടുള്ളത്. അതിൽ മൂന്നു തവണ രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിലായിരുന്നു. അതുപോലെതന്നെ കേരള നിയമസഭയുടെ ചരിത്രത്തിൽ സഭ നിർത്തിവച്ചു ചർച്ച നടത്തിയത് ആകെ 48 തവണ മാത്രമാണ്. അതിൽ 24 ചർച്ചയും നടന്നത് ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലയളവിലാണ്. നിയമനിർമാണത്തിലും ചരിത്രം കുറിച്ച സഭയാണു പതിനഞ്ചാം നിയമസഭ.