National
ചെന്നൈ: ആരാധകരുടെ തിക്കിലും തിരക്കിനുമിടെ നിലത്ത് വീണ് നടനും തമിഴക വെട്രി കഴകം പാർട്ടി അധ്യക്ഷനുമായ വിജയ്.
ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ സേനയ്ക്ക് കഴിഞ്ഞില്ല.
സുരക്ഷാ സേന ഒരുക്കിയ വലയങ്ങളെല്ലാം മറികടന്ന് ആരാധകർ വിജയ്ക്ക് അടുത്തേക്ക് എത്തി. ഇതിനിടെ വാഹനത്തിലേക്ക് കയറാൻ പോകുകയായിരുന്ന വിജയ് താഴെ വീഴുകയായിരുന്നു.
കൂടെയുള്ളവർ പിടിച്ച് എഴുന്നേൽപ്പിച്ചാണ് വിജയ്യെ കാറിനകത്തേക്ക് കയറ്റിയത്. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ യാത്ര തിരിക്കുകയും ചെയ്തു. മലേഷ്യയിൽവെച്ച് നടന്ന തന്റെ പുതിയ ചിത്രം ജനനായകന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് ചെന്നൈയിൽ മടങ്ങിയെത്തിയതായിരുന്നു വിജയ്.
Sports
ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ മലേഷ്യക്കെതിരേ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ദുബായിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 408 റൺസെടുത്തു.
ഏകദിനത്തിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി നേടിയ അഭിഗ്യാൻ കുണ്ടുവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ യുവനിരയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 125 പന്തിൽ 17 ബൗണ്ടറികളും ഒമ്പതു സിക്സറുമുൾപ്പെടെ 209 റൺസുമായി കുണ്ടു പുറത്താകാതെ നിന്നു.
അതേസമയം, അർധസെഞ്ചുറിയോടെ വേദാന്ത് ത്രിവേദിയും (90) വെടിക്കെട്ട് അർധസെഞ്ചുറിയോടെ വൈഭവ് സൂര്യവംശിയും (26 പന്തിൽ 50) മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ ആയുഷ് മഹാത്രെ (14), വിഹാന് മല്‍ഹോത്ര (ഏഴ്), ഹർവൻഷ് പംഗാലിയ (അഞ്ച്), കനിഷ്ക് ചൗഹാൻ (14), ഖിലാൻ പട്ടേൽ (രണ്ട്) എന്നിവർ നിരാശപ്പെടുത്തി.
മലേഷ്യയ്ക്കു വേണ്ടി മുഹമ്മദ് അക്രം 89 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഗിനേശ്വരൻ സത്നകുമാരൻ, ജാഷ്വിൻ കൃഷ്ണമൂർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഗ്രൂപ്പ് ബിയില്‍ യുഎഇ, പാക്കിസ്ഥാന് എന്നിവരെ തോല്‍പ്പിച്ച ഇന്ത്യ നേരത്തെ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു.
International
ക്വാലാലംപുർ: ഒരു പതിറ്റാണ്ട് മുന്‍പത്തെ മലേഷ്യൻ യാത്രാവിമാനത്തിന്റെ തിരോധാനത്തിൽ അന്വേഷണം പുനരാരംഭിക്കുന്നു.
ഓഷൻ ഇൻഫിനിറ്റി എന്ന സമുദ്രപര്യവേക്ഷണ സ്ഥാപനത്തിന്റെ തെരച്ചിൽ ഡിസംബർ 30ന് ആരംഭിക്കും. വിമാനദുരന്തത്തിന്റെ ഇരകളോടു സർക്കാരിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതു വ്യക്തമാക്കുന്നതെന്നു മലേഷ്യൻ ഗതാഗത മന്ത്രാലയം പറഞ്ഞു.
2014 മാർച്ച് എട്ടിന് 239 പേരുമായി ക്വാലാലംപുരിൽനിന്നു ബെയ്ജിംഗിലേക്കു പറന്ന വിമാനത്തിന്റെ തിരോധാനം വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ്. ഒരു മണിക്കൂറിനുള്ളിൽ എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട വിമാനത്തിനോ അതിലെ യാത്രക്കാർക്കോ എന്തു സംഭവിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല.ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരിക്കാം എന്ന് അനുമാനിക്കുന്നു.
26 രാജ്യങ്ങളിലെ 60 കപ്പലുകളും 50 വിമാനങ്ങളും ഉൾപ്പെട്ട അന്വേഷണം 2017 വരെ നീണ്ടു. ഓഷൻ ഇൻഫിനിറ്റി 2017ൽ മൂന്നു മാസം തെരച്ചിൽ നടത്തിയിരുന്നു.
ഇപ്പോഴത്തെ തെരച്ചിൽ മാർച്ചിൽ നിശ്ചയിച്ചിരുന്നതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണു നീട്ടിക്കൊണ്ടുപോയത്.
55 ദിവസം നീളുന്ന തെരച്ചിലിൽ വിമാനം കണ്ടെത്തിയാൽ മാത്രമേ ഓഷൻ ഇൻഫിനിറ്റിക്കു പ്രതിഫലം നല്‍കേണ്ടതുള്ളൂ.
International
ക്വാലാലംപുർ: ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷനും (എഫ്എബിസി) സുവിശേഷവത്കരണ കാര്യാലയവും പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷനറി കോൺഗ്രസിന് മലേഷ്യയിലെ പെനാംഗിൽ തുടക്കമായി. ‘പ്രത്യാശയുടെ മഹത്തായ തീർഥാടനം’ എന്ന പ്രമേയത്തിലാണ് 30 വരെ സമ്മേളനം.
ഇന്നലെ ആരംഭിച്ച സമ്മേളനം സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം പ്രോ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ ഉദ്ഘാടനം ചെയ്തു.
ഏഷ്യന്‍ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും. ഇന്നു നടക്കുന്ന സമ്മേളനത്തിൽ, ‘ഏഷ്യയിലെ ജനങ്ങളായി ഒരുമിച്ച് നടക്കുക’ എന്ന വിഷയത്തിൽ മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ് സൈമൺ പൊഹ് പ്രസംഗിക്കും.
മിഷനുവേണ്ടി യുവാക്കളെ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കോൺഗ്രസിൽ ചർച്ച ചെയ്യും. ഏഷ്യയിലെ സഭയുടെ മിഷനറി ദൗത്യത്തിന്റെ ഭാവിക്കായി സ്വീകരിക്കേണ്ട പാതയെക്കുറിച്ചുള്ള നിഗമനങ്ങളും മാർഗനിർദേശങ്ങളും പങ്കുവച്ചുകൊണ്ട് വട്ടമേശസമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പത്തു കർദിനാൾമാർ, നൂറിലധികം ബിഷപ്പുമാർ, 150ലധികം വൈദികർ, 75 സന്യാസിനികൾ, 500 അല്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽനിന്നുമുള്ള 900ലധികം പ്രതിനിധികളാണു പങ്കെടുക്കുന്നത്.
സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറന്പിൽ, മാർ ജോർജ് രാജേന്ദ്രൻ എന്നിവരടക്കം 14 പ്രതിനിധികളാണു പങ്കെടുക്കുന്നത്.