ക്വാലാലംപുർ: ഒരു പതിറ്റാണ്ട് മുന്‍പത്തെ മലേഷ്യൻ യാത്രാവിമാനത്തിന്റെ തിരോധാനത്തിൽ അന്വേഷണം പുനരാരംഭിക്കുന്നു.
ഓഷൻ ഇൻഫിനിറ്റി എന്ന സമുദ്രപര്യവേക്ഷണ സ്ഥാപനത്തിന്റെ തെരച്ചിൽ ഡിസംബർ 30ന് ആരംഭിക്കും. വിമാനദുരന്തത്തിന്റെ ഇരകളോടു സർക്കാരിനുള്ള പ്രതിജ്ഞാബദ്ധതയാണ് ഇതു വ്യക്തമാക്കുന്നതെന്നു മലേഷ്യൻ ഗതാഗത മന്ത്രാലയം പറഞ്ഞു.
2014 മാർച്ച് എട്ടിന് 239 പേരുമായി ക്വാലാലംപുരിൽനിന്നു ബെയ്ജിംഗിലേക്കു പറന്ന വിമാനത്തിന്റെ തിരോധാനം വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നാണ്. ഒരു മണിക്കൂറിനുള്ളിൽ എയർട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ട വിമാനത്തിനോ അതിലെ യാത്രക്കാർക്കോ എന്തു സംഭവിച്ചു എന്നതിൽ ഒരു വ്യക്തതയുമില്ല.ഇന്ത്യൻ മഹാസമുദ്രത്തിൽ തകർന്നുവീണിരിക്കാം എന്ന് അനുമാനിക്കുന്നു.
26 രാജ്യങ്ങളിലെ 60 കപ്പലുകളും 50 വിമാനങ്ങളും ഉൾപ്പെട്ട അന്വേഷണം 2017 വരെ നീണ്ടു. ഓഷൻ ഇൻഫിനിറ്റി 2017ൽ മൂന്നു മാസം തെരച്ചിൽ നടത്തിയിരുന്നു.
ഇപ്പോഴത്തെ തെരച്ചിൽ മാർച്ചിൽ നിശ്ചയിച്ചിരുന്നതാണ്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണു നീട്ടിക്കൊണ്ടുപോയത്.
55 ദിവസം നീളുന്ന തെരച്ചിലിൽ വിമാനം കണ്ടെത്തിയാൽ മാത്രമേ ഓഷൻ ഇൻഫിനിറ്റിക്കു പ്രതിഫലം നല്‍കേണ്ടതുള്ളൂ.
Tags : Malaysian plane crash Malaysia Search resumes Ocean Infinity