രാജഭരണ കാലത്ത് വലിയ പ്രൗഢിയോടെ മുന്‍പോട്ടുപോയ മാവേലിക്കര പിന്നീട് വികസനമില്ലായ്മയിലേക്കു കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കാണാന്‍ സാധിച്ചിരുന്നത്.
1991ല്‍ എം. മുരളി നിയമസഭാംഗമായതോടെ വലിയ വികസനങ്ങളാണ് മാവേലിക്കരയിലേക്കെത്തിച്ചത്. സര്‍ക്കാർ അനുവദിച്ച തുകകൊണ്ട് മാവേലിക്കരയില്‍ മിനി സ്റ്റേഷന്റെ ഒന്നാംനില പൂര്‍ത്തീകരിച്ച് 35ലധികം സര്‍ക്കാര്‍ ഓഫീസുകള്‍ അവിടെ കേന്ദ്രീകരിക്കുന്നതില്‍ പ്രധാന നേതൃത്വം വഹിച്ചു. പിന്നീടത് മൂന്നുനില കെട്ടിടമായി.
ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയം ആരംഭിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. എ.ആര്. രാജരാജവര്‍മയുടെ ഭവനം ശാരദാമന്ദിരം സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിച്ച് അത് അദ്ദേഹത്തിന്റെ പേരിലുള്ള സാംസ്കാരിക സ്ഥാപനമാക്കി. രവിവര്‍മ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഫൈന്‍ ആര്‍ട്സ് കോളജാക്കി ഉയര്‍ത്തി.
മാവേലിക്കര എൻജിനിയറിംഗ് കോളജിനു തുടക്കംകുറിക്കുകയും പിന്നീടത് അപ്ലൈഡ് സയന്‍സ് കോളജായി ആരംഭിക്കുന്നതിലും പ്രധാനിയായി. മാവേലിക്കര എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കുറത്തികാട് പോലീസ് സ്റ്റേഷന്, വള്ളികുന്നം പോസ്റ്റോഫീസ്, ജോയിന്റ് ആര്‍ടി ഓഫീസ്, എംപ്ലോയിമെന്റ് എക്സ്ചേഞ്ച് ഓഫീസ്, ഫയര്സ്റ്റേഷന്, പൊതുമരാമത്ത് ഗ്രാമീണ റോഡുകളുടെ വികസനം തുടങ്ങിയവയും എംഎല്‍എയുടെ പരിശ്രമത്തിന്റെ ഫലമായിട്ടുണ്ടായിട്ടുള്ളതാണ്.
ഏറ്റവും കൂടുതൽ സ്വകാര്യബില്ലുകള്‍ അവതരിപ്പിച്ച സാമാജികൻ
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചത് എം. മുരളി എംഎല്‍എ ആണ്. സൂര്യനു താഴെയുള്ള ഏതു വിഷയത്തിലും എം.മുരളി സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്നാണ് സഹ സാമാജികന്മാരുടെ ഭാഷ്യം. പലപ്പോഴും വെള്ളിയാഴ്ച ദിനങ്ങള്‍ എന്നാല്‍ മുരളീരവ ദിനങ്ങള്‍ എന്നു നിയമസഭാ സാമാജികന്മാര് കളിയാക്കിപ്പറയുന്ന കാലമാമായിരുന്ന എം. മുരളിയുടെ നിയമസഭാ കാലം.
മലയാള സര്‍വകലാശാല, ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സർവീസ് മാതൃകയില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പെന്ഷന്, വനിതാ കമ്മീഷന് മാതൃകയില്‍ വയോജന കമ്മീഷന് തുടങ്ങിയ ആശയങ്ങള്‍ ആദ്യമായി ബില്ലിലൂടെ അവതരിപ്പിച്ചത് എം.മുരളി എംഎല്‍എയാണ്.
നിയമസഭയുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന സാധാരണക്കാരുടെയും തൊഴിലാളികളുടെയും ഏതൊരു വിഷയത്തെയും പഠിക്കുകയും അത് സ്വകാര്യ ബില്ലുകളായി അവതരിപ്പിക്കുകയും ഭാവിയില്‍ അതൊക്കെ യാഥാര്‍ഥ്യമാകുകയും ചെയ്യുന്ന കാഴ്ചയായിരുന്നു ഉണ്ടായിരുന്നത്. വലിയ ആലോനാശേഷും പുതിയ വിഷയങ്ങളിലെ അവതരണത്തിലൂടെ കാലത്തിനു മുന്‍പേ സഞ്ചരിച്ച എംഎല്‍എ എന്നുള്ള പല ഖ്യാതികളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്.
കാർ ഉപയോഗിക്കാത്ത എംഎല്‍എ
മാവേലിക്കര: എംഎല്എയായിക്കഴിഞ്ഞാന് യാത്രയുടെ എളുപ്പത്തിനായി കാറുകള്‍ ഉപയോഗിക്കുന്നവരായിരുന്നു എല്ലാ പൊതുപ്രവര്‍ത്തകരും. എന്നാല്‍, ഇതിലൊക്കെ വ്യത്യസ്തനാണ് എം. മുരളി. പരിചയമുള്ളതോ ഇല്ലാത്തതോ ആയ ആരുടെയെങ്കിലും ഇരുചക്രവാഹനത്തിലായിരിക്കും അദ്ദേഹത്തിന്റെ യാത്ര. കയറിക്കഴിഞ്ഞാല്‍ ആ വാഹനത്തിന്റെ യാത്ര എവിടെവച്ച് അവസാനിക്കുന്നുവോ അവിടെവച്ച് അടുത്ത വാഹനത്തിനു കൈകാണിച്ച് യാത്ര തുടരും. നിലത്തു കാലുകുത്താത്ത ഒരു ദന്തഗോപുരവാസിയാണ് എംഎല്‍എ എന്ന സാധാരണക്കാരുടെ സങ്കല്പം മാറ്റിമറിക്കാനാണ് താന്‍ മനഃപൂര്‍വമായി അങ്ങനെ ശ്രമിച്ചതെന്നാണ് അദ്ദേഹം പറയുന്നത്.