ചെങ്ങന്നൂർ: സംസ്ഥാനത്തെ സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് തണലായി സർക്കാർ ആരംഭിച്ച കേരള സിവിൽ സർവീസ് അക്കാദമിയുടെ ചെങ്ങന്നൂർ ജില്ലാ കേന്ദ്രം ഇനി അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിൽ. അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം ഉദ്ഘാടനം ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കാത്തിരിപ്പിനു
വിരാമം
2014ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട പദ്ധതി പത്തുവർഷത്തെ കാത്തിരിപ്പിനുശേഷമാണ് യാഥാർഥ്യമാകുന്നത്. മുൻ എംഎൽഎ പി.സി. വിഷ്ണുനാഥിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 1.5 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച നിർമാണം പല സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് തടസപ്പെട്ടിരുന്നു. എന്നാൽ, 2022ൽ മന്ത്രി സജി ചെറിയാന്റെ ഇടപെടലിലൂടെ നിർമാണം പുനരാരംഭിക്കുകയും മൂന്ന് ഘട്ടങ്ങളിലായി പൂർത്തീകരിക്കുകയും ചെയ്തു. മന്ത്രി സജി ചെറിയാന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 90 ലക്ഷം രൂപ കൂടി അനുവദിച്ചതോടെ ആകെ 2.4 കോടി രൂപ ചെലവിലാണ് മനോഹരമായ അക്കാദമി മന്ദിരം ഉയർന്നിരിക്കുന്നത്.
അത്യാധുനിക
സൗകര്യങ്ങൾ
സ്വകാര്യ കോച്ചിംഗ് സെന്ററുകളെ വെല്ലുന്ന രീതിയിലുള്ള സൗകര്യങ്ങളാണ് 8322 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്.
അഞ്ചു സ്മാർട്ട് ക്ലാസ് മുറികൾ. എയർ കണ്ടീഷണറുകളും സ്മാർട്ട് ബോർഡുകളും സഹിതം. ലൈബ്രറിയും വായനമുറികളും. ഫാക്കൽറ്റി റൂം, കോ-ഓർഡിനേറ്റർ ഓഫീസ്, വിശാലമായ ശുചിമുറി ബ്ലോക്ക് എന്നി വയുണ്ട്.
എംഎൽഎ ഫണ്ടിൽനിന്നും ഫർണീച്ചറുകൾക്കായി 20 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി 30 ലക്ഷം രൂപയും കൂടി അനുവദിച്ചിട്ടുണ്ട്. മിതമായ നിരക്കിൽ മികച്ച പരിശീലനം ഉറപ്പാക്കുന്ന അക്കാദമിയിൽ പ്രധാനമായും മൂന്നുതരം കോഴ്സുകളാണുള്ളത്.
ഹൈസ്കൂൾ വിദ്യാർഥികൾക്കായി ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഫൗണ്ടേഷൻ കോഴ്സ്, കോളജ് വിദ്യാർഥികൾക്കായുള്ള സമഗ്ര സിവിൽ സർവീസ് കോച്ചിംഗ്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾക്കായി സംസ്ഥാന സർക്കാരിന്റെ വിവിധ വുപ്പുകൾ നൽകുന്ന സ്കോളർഷിപ്പ് ആനുകൂല്യങ്ങ ളും ഇവിടെ ലഭ്യമാണ്. മധ്യതിരുവിതാംകൂറിലെ സാധാരണക്കാരായ വിദ്യാർഥികൾക്ക് ഐഎഎസ് മോഹങ്ങളിലേക്ക് എത്താൻ ഈ കേന്ദ്രം വലിയ മുതൽക്കൂട്ടാകും.