ഇരിങ്ങാലക്കുട: സാംസ്കാരിക മണ്ഡലത്തില്‍ കൂടിച്ചേരലിന്റേയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേര്‍ത്ത വര്‍ണക്കുട സംസ്കാരികോത്സവം 26 മുതല്‍ 30 വരെ മുനിസിപ്പല്‍ മൈതാനിയില്‍ അരങ്ങേറുമെന്ന് മന്ത്രി ആര്. ബിന്ദു അറിയിച്ചു
30ന് വര്‍ണക്കുടയുടെ സമാപന ചടങ്ങില്‍ ഇന്നസെന്റ്് സ്മാരക പുരസ്കാരം ജൂറി തെരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്രതാരത്തിനും പി. ജയചന്ദ്രന് സ്മാരക പുരസ്കാരം ജൂറി തെരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര സംഗീതസംവിധായകനും ഗായകനും സമ്മാനിക്കും.
26 ന് വൈകീട്ട് 5.30ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വര്ണക്കുടയ്ക്ക് തുടക്കമാകും. ഉദ്ഘാടന ചടങ്ങിനുശേഷം കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശില്പം, തുടര്‍ന്ന് ഇന്ദുലേഖ ജയരാജ് വാര്യരുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗീത പരിപാടി എന്നിവ നടക്കും.
27ന് വൈകീട്ട് 5.30ന് പ്രാദേശിക പരിപാടികളോടെ ആരംഭിക്കുന്ന വേദിയില്‍ ഏഴു മുതല്‍ രഗസ ബാൻഡ്, 8.30ന് പ്രശസ്ത ചലച്ചിത്രതാരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തപരിപാടി എന്നിവ അരങ്ങേറും.
28ന് വൈകീട്ട് പ്രാദേശിക പരിപാടികളോടെ ആരംഭിക്കുന്ന വേദിയില്‍ 7.30 ന് കഥകളി തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായിക പുഷ്പവതിയുടെ നേതൃത്വത്തില്‍ സംഗീത പരിപാടി എന്നിവ നടക്കും.
29 ന് വൈകീട്ട് 5.30ന് പ്രാദേശിക പരിപാടി, തുടര്‍ന്ന് ബംഗാളി കലാരൂപമായ പുരുളിയ ചാവ് അരങ്ങേറും. രാത്രി 8.30ന് പ്രശസ്ത ഗസല്‍ ഗായകന് ഷബാസ് അമന് ഗസല്‍ സന്ധ്യ അവതരിപ്പിക്കും.
30ന് വൈകീട്ട് 5.30ന് പ്രാദേശിക പരിപാടിയും തുടര്‍ന്ന് മണിപ്പൂരി ഡാന്‍സും നടക്കും. വൈകീട്ട് ഏഴിന് സമാപന സമ്മേളനവും തുടര്‍ന്ന് താമരശേരി ചുരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീതനിശയും വര്‍ണക്കുടയുടെ വേദിയെ വര്‍ണാഭമാക്കും.
ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും രാഷ്ട്രീയ കലാസാംസ്കാരിക ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്നും സംഘാടകസമിതി ചെയര്മാന് മന്ത്രി ഡോ.ആര് ബിന്ദു, ജനറല്‍ കണ്‍വീനര്‍ ജോസ് ചിറ്റിലപ്പിള്ളി, സംഘാടകസമിതി വൈസ് ചെയര്മാന് പ്രദീപ് മേനോന്, സംഘാടകസമിതി ജോ കണ്‍വീനര്‍മാരായ പി കെ ഭരതന് മാസ്റ്റര്‍, എന്‍ കെ ഉദയപ്രകാശ്, അഡ്വ കെ ആര് വിജയ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Tags : Minister R. Bindu