കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
കൊല്ലം മൈലക്കാടാണ് ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണത്. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു,
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.