National
ന്യൂഡൽഹി: ഇന്ത്യ-നേപ്പാൾ ശാശ്വത സൗഹൃദ ബന്ധത്തിന്റെ പ്രതീകമായി നേപ്പാളിന് 50 മിലിട്ടറി യൂട്ടിലിറ്റി വാഹനങ്ങൾ ഇന്ത്യൻ സേന കൈമാറി. കാഠ്മണ്ഡുവിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വാഹനങ്ങൾ ഔദ്യോഗികമായി നേപ്പാളിനു കൈമാറും.
ഇരു രാജ്യങ്ങളുടെയും സൈനിക സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിതെന്ന് സമൂഹമാധ്യമമായ എക്സിൽ ഇന്ത്യൻ സേന അറിയിച്ചു.
മ്യാൻമറിലെ സൈന്യവുമായും സഹകരണമുണ്ടാകുമെന്ന് അറിയിച്ച സൈന്യം, സൗഹൃദ രാജ്യങ്ങളുമായുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി സിമുലേറ്റർ ഡെവലപ്മെന്റ് ഡിവിഷനിൽനിന്നുള്ള ഇന്ത്യൻ ആർമി മൊബൈൽ പരിശീലന സംഘം, ബഹ്തുവിലെ മ്യാൻമർ ആർമി കോംപാക്ട് ഫോഴ്സ് സ്കൂളിൽ 12 ലെയ്ൻ ഇൻഫൻട്രി വെപ്പൺ ട്രെയിനിംഗ് സിമുലേറ്റർ സ്ഥാപിച്ചു പ്രവർത്തിപ്പിച്ചതായും അറിയിച്ചു.
National
അഹമ്മദാബാദ്: നേപ്പാളിലെ ജെൻ സി കലാപത്തിനിടെ ജയിലിൽനിന്നു രക്ഷപ്പെട്ട ലഹരി മരുന്ന് കേസ് പ്രതി ഗുജറാത്തിൽ പിടിയിൽ.
അഹമ്മദാബാദ് സ്വദേശി ധർമേഷ് റസിക്ലൽ ചുനരായെയാണ് ഗുജറാത്ത് പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയത്.
2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബാങ്കോക്കിൽനിന്നു കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ധർമേഷിനെ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
പിടിച്ചെടുത്ത ലഹരി മരുന്ന് അന്തരാഷ്ട്ര വിപണിയിൽ ഏകദേശം 13 കോടി രൂപ വില വരുന്നതായിരുന്നു. തുടർന്ന് ഇയാൾ കാഠ്മണ്ഡുവിലെ ഭദ്ര ജയിലിലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റബറിൽ നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധത്തിനിടെ ഭദ്ര ജയിൽ തകർക്കുപ്പെടുകയും ധർമേഷ് ഉൾപ്പടെയുള്ള നിരവധി തടവുകാർ രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ സോണൗലി അതിർത്തി കടന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തി.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ധർമേഷിനെ അഹമ്മദാബാദിലെ ഒളിത്താവളത്തിൽനിന്നു പോലീസ് പിടികൂടിയത്. പ്രതിയെ നേപ്പാളിനു കൈമാറുന്നതിനുള്ള നിയമ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭകർ മുൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ അനുയായികളുമായി ഏറ്റുമുട്ടിയതിനെത്തുടർന്ന് കർഫ്യു ഏർപ്പെടുത്തി.
ബുധനാഴ്ച ബാര ജില്ലയിലായിരുന്നു സംഭവം. ശർമ ഒലിക്ക് സെപ്റ്റംബറിലെ ജെൻ സി പ്രക്ഷോഭത്തിൽ അധികാരമൊഴിയേണ്ടിവന്നിരുന്നു.
ബുധനാഴ്ച ബാര ജില്ലയിൽ ജെൻ സി പ്രക്ഷോഭകരും ശർമ ഒലിയുടെ സിപിഎൻ-യുഎംഎൽ പാർട്ടിക്കാരും ഒരേ സമയം റാലി നടത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നീട് ഇരു വിഭാഗവും ഏറ്റുമുട്ടി.
പരിക്കേറ്റ ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് അറിയിച്ചു.
International
കാഠ്മണ്ഡു: വടക്കുകിഴക്കൻ നേപ്പാളിൽ ഹിമപാതത്തിൽ മൂന്നു പേർ മരിച്ചു. നാലു പേരെ കാണാതായി. ഒരു ഫ്രഞ്ച് പർവതാരോഹകനും രണ്ടു നേപ്പാളി ഗൈഡുകളുമാണു മരിച്ചത്. കാനഡ, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ് കാണാതായത്.
തിങ്കളാഴ്ച രാവിലെ പത്തിനായിരുന്നു ഹിമപാതമുണ്ടായത്. റോൾവാലിംഗ് വാലിയിൽ 5630 മീറ്റർ ഉയരത്തിലുള്ള ബേസ് ക്യാന്പ് ഒലിച്ചുപോയി. അഞ്ചു പേർക്കു പരിക്കേറ്റു.
Leader Page
ജെൻ സി വിപ്ലവം നേപ്പാളിൽ ഭരണമാറ്റം സൃഷ്ടിച്ചിരിക്കുന്നു. ഇതിനു മുമ്പ് ശ്രീലങ്കയിലും ബംഗ്ലാദേശിലും സമാനമായ സംഭവങ്ങൾ നടന്നു. ഈ പുതുതലമുറ യുവത്വം എന്തുകൊണ്ടാണ് ഇത്ര എളുപ്പത്തിൽ, ഇത്ര ശക്തമായ അക്രമവും ബലപ്രയോഗവുംകൊണ്ട് ഭരണാധികാരികളെ സ്ഥാനഭ്രഷ്ടരാക്കുന്നത് എന്നത് വിസ്മയകരമാണ്.
ഒരുപക്ഷേ, പഴയ തലമുറയിൽപ്പെട്ടവർക്ക് ഇത് അചിന്തനീയവും അദ്ഭുതമുളവാക്കുന്നതും ഞെട്ടിക്കുന്നതും ആയേക്കാം. ഈ രാജ്യങ്ങൾക്കെല്ലാംതന്നെ പൊതുവായുള്ളത് ഇവയെല്ലാം ബ്രിട്ടന്റെ നേരിട്ടുള്ള മുൻകാല കോളനികളോ ബ്രിട്ടനുമായി ഏതെങ്കിലും ഒത്തുതീർപ്പുണ്ടാക്കി ഭരണം നടത്തിയ പ്രദേശങ്ങളോ ആയിരുന്നു എന്നതാണ്. പ്രത്യേകിച്ചും നേപ്പാൾ രാജാധികാര രാഷ്ട്രമായിരുന്നെങ്കിലും അവിടത്തെ ഭരണാധികാരികൾ ബ്രിട്ടീഷ് കൊളോണിയൽ ശക്തിയുടെ പിൻബലത്തിൽ ഭരണം നടത്തിയവരായിരുന്നു.
കോളനിവാഴ്ച കാലഘട്ടത്തിലും അതിൽനിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷവും ഇവിടെയൊക്കെ നടന്നിട്ടുള്ള, നടക്കാൻ ഇടയുള്ള സംഭവങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള എക്കാലത്തെയും മികച്ച പോസ്റ്റ് കൊളോണിയൽ ചിന്തകനാണ് ഫ്രാൻസ് ഫാനൺ. കറുത്ത വർഗക്കാരനായി ഫ്രഞ്ച് കോളനിയായ അൽജീരിയയിൽ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തിൽതന്നെ കോളനിവത്കരണത്തിന്റെ മനഃശാസ്ത്ര വശമാണ് അദ്ദേഹം കൂടുതലും വിശദീകരിക്കാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് അദ്ദേഹം പ്രവചിച്ചിട്ടുള്ള പല കാര്യങ്ങളും മുൻകാല കോളനികളിലും അതുപോലെയുള്ള ഭരണപ്രദേശങ്ങളിലും നടക്കുന്നത് എന്നുള്ളത് പഠനാർഹമാണ്; പ്രത്യേകിച്ച് ഇന്ത്യയും ഒരു മുൻകാല കോളനിയായതുകൊണ്ട്.
ഫാനന്റെ പഠനം
ഫാനന്റെ പഠനത്തിൽ കോളനിവാഴ്ചക്കാലത്ത് കോളനിവാസികൾ അതിനിഷ്ഠുരമായ മനുഷ്യത്വരാഹിത്യത്തിനും അക്രമത്തിനും വിധേയരായിട്ടുണ്ട്. ഇത് ശാരീരികപീഡനത്തിനപ്പുറം അചിന്തനീയമായ മാനസിക മുറിവുകൾ ഉണ്ടാക്കി. “റെച്ചഡ് ഓഫ് ദ ഏർത്’’ എന്നാണ് ഫാനൻ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.
സ്വാതന്ത്ര്യം കിട്ടിയപ്പോഴാകട്ടെ ഭരണാധികാരികളായി വന്നത് കോളനിയിലെ ദേശീയ ബൂർഷ്വകൾ എന്നറിയപ്പെടുന്ന വരേണ്യവർഗമാണ്. അവരാകട്ടെ കൊളോണിയൽ ഭരണകർത്താക്കളുമായി കൊടുക്കൽ വാങ്ങലുകൾ നടത്തിയതിന്റെ ഗുണഭോക്താക്കളായിരുന്നു. അതുകൊണ്ട് പുറമെ തദ്ദേശീയരായി കാണപ്പെട്ടെങ്കിലും കോളനി ഭരണകർത്താക്കളുടെ മോശമായ പതിപ്പുകളായിരുന്നു. അവരുടെ പകരക്കാരായി അവരേക്കാൾ മോശമായി ജനങ്ങളെ ബുദ്ധിമുട്ടിച്ചു. അവർ എല്ലാ അർഥത്തിലും കൊളോണിയൽ യജമാനന്മാരെ അവരേക്കാൾ മോശമായി അനുകരിച്ചു.
ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ഉപകാരപ്രദമായ വികസനപ്രവർത്തനങ്ങളോ വിദ്യാഭാസ പ്രവർത്തനങ്ങളോ മറ്റു സൗകര്യങ്ങളോ ചെയ്തുകൊടുക്കാതെ, ദേശീയ ഗാനത്തിലും പതാകയിലും മാറ്റങ്ങൾ വരുത്തി വലിയ ദേശീയതയായി അതിനെ ആഘോഷിച്ച് ജനങ്ങളെ തൃപ്തിപ്പെടുത്തി. ചുരുക്കത്തിൽ, വേറൊരുതരം പുതിയ കൊളോണിയലിസമായി ഭരണം അധഃപതിച്ചു. പക്ഷേ ഭരണകർത്താക്കളോടുള്ള വെറുപ്പും പ്രതിഷേധവും എല്ലായ്പോഴും ജനങ്ങൾ തങ്ങളുടെ മനസിൽ സൂക്ഷിച്ചു. പ്രത്യേകിച്ചും കൊളോണിയൽ ഭരണകർത്താക്കളുടെ ആർഭാടവും അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സ്വേച്ഛാധിപത്യ പ്രവണതകളും പുതിയ ഭരണകർത്താക്കളും പിന്തുടർന്നു. ഇതിനോടൊക്കെ പ്രതിഷേധം ഉണ്ടങ്കിലും ഒരു കൊളോണിയൽ വിധേയമനസ് തങ്ങൾക്കുള്ളതുകൊണ്ടും ദേശീയത ഒരു വികാരമായി ജനങ്ങളിൽ വളർന്നതുകൊണ്ടും ഈ ഭരണവൈകല്യങ്ങളെയെല്ലാം ജനം സഹിച്ചു എന്നുള്ളതാണ് ഇതിന്റെ മനഃശാസ്ത്രം.
ഭരിക്കുന്ന ഒരു വലിയ വർഗം ഉടലെടുത്തു. ഈ ഭരണവർഗവും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അന്തരം അടിക്കടി വർധിച്ചു. ഒരുപക്ഷേ, പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ളതിനേക്കാൾ അസമത്വം ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലാണെന്നുള്ളത് ഭീകരമായ വെറുപ്പും പ്രതിഷേധവും ജനങ്ങളിൽ ഉണ്ടാക്കി. എന്നാലും, ഭരണകർത്താക്കൾ കൊളോണിയൽ യജമാനന്മാരുടെ സ്ഥാനത്തായതുകൊണ്ട് ജനങ്ങൾക്ക് ഒരുതരം യാന്ത്രിക അനുസരണവും വിധേയത്വവും ഉണ്ടായി.
എന്നാൽ ഫാനന്റെ അഭിപ്രായത്തിൽ, ഭീകരമായ പ്രതിഷേധവും അക്രമവുംകൊണ്ടു മാത്രമേ ഈ ദുഃസ്ഥിതിക്ക് പരിഹാരമാകുകയുള്ളൂ. അങ്ങനെ അക്രമത്തിൽകൂടി മാത്രമേ പൂർണമായ അപകോളനീകരണം സാധിക്കൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. അങ്ങനെ അക്രമം സൃഷ്ടിപരമായി മാറുന്നു. ഇങ്ങനെ മാത്രമേ ഭരണകർത്താക്കളെ സ്വന്തം രാജ്യഭരണകർത്താക്കളാക്കി മാറ്റാൻ സാധിക്കൂ, പുതിയ തദ്ദേശ ഭരണകർത്താക്കൾ ഉദയം ചെയ്യൂ. അങ്ങനെ മാത്രമേ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അകലം കുറയൂ. അപ്പോഴാണ് അപകോളനീകരണം (decolonisation) പൂർണമാകുന്നത്.
അപകോളനീകരണത്തിന്റെ ഭാഗം
ജെൻ സി വിപ്ലവം അത്തരത്തിൽ അപകോളനീകരണത്തിന്റെ ഭാഗമാണ് എന്നു വേണം കരുതാൻ. കൊളോണിയൽ അടിമത്ത മനോഭാവത്തിൽനിന്ന് പൂർണമായും മോചിതരായ തലമുറയാണ് ജെൻ സി. ഭരണവർഗ ധൂർത്തും അധികാര ദുർവിനിയോഗവും ചോദ്യം ചെയ്യാൻ പ്രാപ്തരും സ്വന്തം ഭാവിയെ നിർണയിക്കാൻ ഉത്തരവാദപ്പെട്ടവരും തികച്ചും അപകോളനീകരിക്കപ്പെട്ടവരുമാണ് അവർ. കൊളോണിയലിസത്തിന്റെ അവശേഷിപ്പുകൾ അവരിൽ ഇല്ലെന്നു സാരം. അതുകൊണ്ട് ഭരണവർഗത്തെ നിശിതമായി നേരിടാനും വേണ്ടിവന്നാൽ പുറത്താക്കാനും അവർക്ക് ഒരു മടിയുമില്ല.
കൊളോണിയൽ കാലഘട്ടത്തിലെ അധികാര ഗിമ്മിക്കുകൾക്കൊണ്ടൊന്നും പുതിയ തലമുറയെ അടക്കിനിർത്താൻ സാധിക്കുകയില്ല എന്നർഥം. ഇതിന്റെ ഭാഗമായ കണ്ണഞ്ചിപ്പിക്കുന്ന വലിയ സുരക്ഷയോ അംഗരക്ഷകരോ പട്ടാളമോ മണിമന്ദിരങ്ങളോ അധികാരചിഹ്നങ്ങളോ ഒന്നും പുതിയ തലമുറ വകവയ്ക്കില്ല എന്നതിന്റെ തെളിവാണ് ഈ വിപ്ലവങ്ങൾ. ഫാനൻ പ്രവചിച്ചതുപോലെ അക്രമത്തിലൂടെയുള്ള അപകോളനീകരണത്തിന്റെ മുഹൂർത്തമായി വേണം ഇത്തരം കലാപത്തെ മനസിലാക്കാൻ. ഇത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
മുതലാളിത്ത രാജ്യങ്ങളുടെ ഇംഗിതങ്ങൾ നടപ്പിലാക്കുന്ന, കോർപറേറ്റ് സംവിധാനങ്ങളുടെ ലാഭം മാത്രം ഉറപ്പാക്കുന്ന, അതുവഴി അധികാരത്തിൽ തുടരാമെന്നും വേണ്ടിവന്നാൽ സ്വേച്ഛാധിപത്യമോ സമഗ്രാധിപത്യമോ നടപ്പാക്കാമെന്നും ചിന്തിക്കുന്ന, തദ്ദേശീയ ജനങ്ങളുടെ ആവശ്യങ്ങൾ മറക്കുന്ന, എഴുപതും എൺപതും കഴിഞ്ഞ ഭരണാധികാരികൾക്കും ഭരണശൈലിക്കും ഉള്ള താക്കീതായി വേണം നേപ്പാൾ കലാപത്തെ കാണാൻ.
സ്വന്തം രാജ്യം വികസിച്ചുകാണാനും അങ്ങനൊരു രാജ്യത്ത് ജീവിക്കാനുമുള്ള പുതുതലമുറയുടെ നിശ്ചയദാർഢ്യമാണിത്. അതിന് തടസം നിൽക്കുന്ന എന്തിനെയും അവർ ചോദ്യംചെയ്യും, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കും. മുതിർന്ന തലമുറയുടെ കൊളോണിയൽ മൂല്യബോധങ്ങളൊന്നും അവരിൽനിന്നു പ്രതീക്ഷിക്കേണ്ടതില്ല. അവരിലേക്ക് അധികാരം സാവധാനത്തിൽ കൈമാറുകയെന്നുള്ളതാണ് പരിഹാരം.
75 കഴിഞ്ഞാലും അധികാരത്തിൽ തുടരണോ എന്നുള്ളതൊക്കെ തീർത്തും അപ്രസക്തമായ ചർച്ചകളായി മാറിക്കഴിഞ്ഞു. ഇത്തരം ആൾക്കാർ ഇപ്പോഴും ഭരണത്തിൽ തുടരുന്നതും യുവത്വത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വിരോധാഭാസം തന്നെയാണ്. രാഷ്ട്രീയത്തിൽ റിട്ടയർമെന്റ് അനിവാര്യമാണ്. അല്ലാത്തപക്ഷം ഇന്ത്യയിലെ ജെൻ സികളും മറിച്ചു ചിന്തിക്കാൻ വഴിയില്ല.
ഭരണകർത്താക്കൾ ഇതുകൂടി പരിഗണിച്ചു ഭരണമാറ്റങ്ങൾ നടത്തിയാൽ നന്ന്. അല്ലാത്തപക്ഷം നമ്മെയും കാത്തിരിക്കുന്നത് മറ്റൊരു ഭാവിയല്ല എന്നോർക്കുന്നത് ഉചിതം.
Editorial
നേപ്പാളിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ട് ജനാധിപത്യ ഹിംസയ്ക്കിറങ്ങിയ സർക്കാരിനെതിരേ ജെൻ സി അഥവാ ഓൺലൈൻ തലമുറ നടത്തിവരുന്ന പ്രക്ഷോഭം ഒരു മുന്നറിയിപ്പാണ്. ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്.
അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത.
സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു.
അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്.
ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി കഴിഞ്ഞവർഷം വിധിച്ചിരുന്നു.
പിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം സർക്കാർ കൊണ്ടുവന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെയായിരുന്നു സമയം. യുട്യൂബ്, ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി 26 പ്രധാന പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്തില്ല. കാരണം, അതു വെറുമൊരു രജിസ്ട്രേഷനല്ല.
നേപ്പാളിൽ ഓഫീസ് തുറക്കണം, പരാതി പരിഹരിക്കാനും പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുമായി നേപ്പാൾ സ്വദേശിയും സർക്കാരിന്റെ പ്രതിനിധിയും ഉണ്ടാകണം തുടങ്ങിയ നിബന്ധനകൾ കൂച്ചുവിലങ്ങായിരുന്നു. സർക്കാരിനെ വിമർശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതുമായ മധ്യമങ്ങളെ രാജ്യസുരക്ഷയിൽ കുടുക്കുകയായിരുന്നു ലക്ഷ്യം.
രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്ഫോമുകൾ നിരോധിച്ചത് എരിയുന്ന അമർഷത്തെ പൊട്ടിത്തെറിയിലെത്തിച്ച തീപ്പൊരിയായി. യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് വ്യക്തിസ്വാതന്ത്ര്യത്തെയും പഠനത്തെയും ബിസിനസിനെയുമൊക്കെ ബാധിച്ചുവെന്നാണ് ജെൻ സിയുടെ പരാതി.
അഴിമതിയും ദുർഭരണവും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നും ജെൻ സി ആരോപിച്ചു. നേപ്പാളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഏകദേശം 1.35 കോടിയും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 36 ലക്ഷവുമാണ്. ഭരണസിരാകേന്ദ്രത്തിലേക്കും പ്രക്ഷോഭകർ എത്തിയതോടെ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു.
കാഠ്മണ്ഡുവിൽനിന്നു 400 കിലോമീറ്റർ അകലെ ദമാക്കിലുള്ള പ്രധാനമന്ത്രി ഒലിയുടെ വീട്ടിലേക്കും കല്ലേറുണ്ടായി. കാര്യങ്ങൾ കൈവിട്ടതോടെ സമൂഹമാധ്യമ വിലക്ക് പിൻവലിക്കുകയും ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും ചെയ്തു. എന്നാൽ, സമൂഹമാധ്യമങ്ങളെ വിലക്കിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നാണ് വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് പറഞ്ഞത്.
അതായത്, കൂടുതൽ ഒരുക്കങ്ങളോടെ മാധ്യമനിയന്ത്രണത്തിനു ശ്രമിക്കാനായിരുന്നു പദ്ധതിയെന്ന് വ്യക്തം. എന്നാൽ, പ്രക്ഷോഭം കടുത്തതോടെ ഇന്നലെ പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം രാജിവച്ചു. സർക്കാർ വീണു. കലാപം ആളിപ്പടരുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിക്ക് ഇന്ത്യയോടല്ല, കമ്യൂണിസ്റ്റ് ചൈനയോടാണ് കൂറ്.
നേപ്പാളിലെ ജനാധിപത്യ ചട്ടക്കൂട് ഇല്ലായിരുന്നെങ്കിൽ ജെൻ സിക്കും അടിച്ചമർത്തൽ നേരിടേണ്ടിവരുമായിരുന്നു. 1989ലെ വസന്തകാലത്ത് ടിയാനൻമെന്നിലെ വിദ്യാർഥിസമരത്തെ ബൂർഷ്വ ലിബറലിസം എന്നു മുദ്രയടിച്ച് വെടിവച്ചും ടാങ്കുകൾ കയറ്റിയും കമ്യൂണിസ്റ്റ് ഭരണകൂടം തകർത്ത കാര്യം ഓർക്കുക.
കമ്യൂണിസ്റ്റ് കണക്കിൽ മരണം 300ൽ താഴെയാണെങ്കിലും ‘ടിയാനൻമെൻ അമ്മമാർ’ പോലുള്ള സംഘടനകളുടെ കണക്കിൽ 8,000നും 10,000നും ഇടയ്ക്കാണ്. നേപ്പാളിൽ ജനാധിപത്യവും ഭരണഘടനയും ഒലിക്കു തടസമായി. സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, ഡിജിറ്റൽ ഇടപാടുകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്കു മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് അറിയില്ലാത്തതും അറിയാൻ അത്ര താത്പര്യമില്ലാത്തതുമായ തലമുറയാണ് ജെൻ സിയും ജെൻ ഇസെഡും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജെൻ സി ഇതിലെ ഇളമുറക്കാരാണ്. വോട്ട് ചെയ്യാൻ പോലും അത്ര താത്പര്യമില്ലാത്ത ഇക്കൂട്ടർ നേപ്പാളിൽ നടത്തിയ പ്രക്ഷോഭത്തിന്റെ പ്രഥമലക്ഷ്യം ജനാധിപത്യ പ്രതിബദ്ധതയായി കാണാമോ എന്ന് സംശയിക്കുന്നവരുണ്ട്. അവർ ഉന്നമിട്ടത്, പ്രധാനമായി തങ്ങളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും ഓൺലൈൻ അധിഷ്ഠിത തൊഴിൽ-വ്യാപാര-വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ്.
എങ്കിലും, തത്കാലത്തേക്കെങ്കിലും സംരക്ഷിക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മാധ്യമസ്വാതന്ത്ര്യമാണ്. സമരത്തിന്റെ ഊന്നൽ അഴിമതി, സ്വജനപക്ഷപാതം, സ്വേഛാധിപത്യം എന്നിവയിലേക്കു മാറുന്നതായാണ് സൂചനകൾ. നേപ്പാൾ വിപ്ലവത്തിൽ പാഠങ്ങളുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവർ ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നില്ല. ഏതുവിധേനയും അധികാരത്തിൽനിന്നിറങ്ങാതിരിക്കാൻ അവർ ശ്രമിക്കും. ജനാധിപത്യത്തിന്റെ കാവൽപുരകൾ തകർക്കാൻ ജനാധിപത്യ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കും. ജനവികാരം പ്രകടിപ്പിക്കുകയും പ്രതിരോധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ ലക്ഷ്യമിടും.
തോക്കു ചൂണ്ടുന്നത് മാധ്യമങ്ങൾക്കുനേരേ ആണെങ്കിലും ആവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ തലയാണെന്നു നേപ്പാളും ചൂണ്ടിക്കാണിക്കുന്നു. നേപ്പാളിൽ ജെൻ സി, സമൂഹമാധ്യമനിരോധനത്തെ ചെറുത്തിരിക്കുന്നു. എന്നാൽ, ജനാധിപത്യ സംരക്ഷണത്തിൽ മുന്നിലുള്ളതും അതേസമയം, ജെൻ സിയെ നേരിട്ടു ബാധിക്കാത്തതുമായ പത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ വിപ്ലവം ഉണ്ടാകുന്നതായി കാണുന്നില്ല.
അതുകൊണ്ട്, ഏകാധിപത്യ പ്രവണതയുള്ള സർക്കാരിനെ ചെറുക്കുന്നതിനൊപ്പം ജെൻ സി തലമുറയെ ജനാധിപത്യത്തോട് കൂടുതൽ ചേർത്തുനിർത്താനും പ്രതിപക്ഷം ഉൾപ്പെടെയുള്ള ജനാധിപത്യ ചേരി സജ്ജരാകണം. ചുരുക്കത്തിൽ, നേപ്പാളിലെ ജെൻ സി വിപ്ലവം ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
International
കാഠ്മണ്ഡു: സാമൂഹിക മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് നേപ്പാളിൽ ആഭ്യന്തരമന്ത്രി രാജിവച്ചു. മന്ത്രി രമേശ് ലെഖാക് ആണ് രാജിവച്ചത്.
അതേസമയം സംഘർഷത്തിൽ മരണം 19 ആയി ഉയർന്നു. രാജ്യ സുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതോടെയാണ് യുവാക്കൾ തെരുവിലിറങ്ങിയത്.
സർക്കാർ അഴിമതി മറക്കാനുള്ള നീക്കമെന്ന് ആരോപിച്ചാണ് യുവതി യുവാക്കളുടെ പ്രക്ഷോഭം.സമരക്കാർക്ക് നേരെയുണ്ടായ പോലീസ് വെടിവയ്പിലാണ് 19 പേർ കൊല്ലപ്പെട്ടത്.
നൂറിലധികം പേർക്ക് പരിക്കേറ്റു. പ്രക്ഷോഭം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. നേപ്പാൾ പാർലമെന്റിലേക്ക് യുവാക്കൾ നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്കും വെടിവയ്പിലും കലാശിച്ചത്.
Sports
ഗ്ലാസ്ഗോ: ടൈ അവസാനിപ്പിക്കാന്‍ വേണ്ടിവന്നത് ഒന്നും രണ്ടുമല്ല, മൂന്നു സൂപ്പര്‍ ഓവര്‍..! അതെ, ചരിത്രത്തിലെ ആദ്യമായി മൂന്നു സൂപ്പര്‍ ഓവര്‍വരെ നീണ്ട പോരാട്ടത്തിനൊടുവില്‍ നെതര്‍ലന്‍ഡ്സിനു ജയം. സ്കോട്ലന്ഡ് ആതിഥേയത്വം വഹിക്കുന്ന ത്രിരാഷ് ട്ര ട്വന്റി-20 ക്രിക്കറ്റിലാണ് മൂന്നു സൂപ്പര്‍ ഓവര്‍ വരെ മത്സരം നീണ്ടത്. നെതര്‍ലന്‍ഡ്സും നേപ്പാളും തമ്മിലുള്ള മത്സരത്തിലായിരുന്നു ഈ ചരിത്ര സംഭവം. ട്വന്റി-20, ലിസ്റ്റ് എ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരം മൂന്നു സൂപ്പര്‍ ഓവര്‍വരെ നീളുന്നത്.
മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യം ക്രീസിലെത്തിയ നെതര്‍ലന്‍ഡ്സ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. തേജ നിഡമാനുരു (35) ആയിരുന്നു ടീമിന്റെ ടോപ് സ്കോറര്‍. മറുപടിക്കിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ നേടാന്‍ സാധിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ്. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.
മൊത്തം സൂപ്പര്‍
സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 19/1 എന്ന സ്കോര്‍ കുറിച്ചു. നെതര്‍ലന്‍ഡ്സ് ആണെങ്കില്‍ അവസാന പന്തില്‍ ഫോര്‍ അടിച്ച് 19/0 എന്ന നിലയില്‍ ടൈ കെട്ടി. അതോടെ രണ്ടാം സൂപ്പര്‍ ഓവര്‍. രണ്ടാം സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സ് 17/1 എന്ന സ്കോര്‍ നേടി. മറുപടിക്കിറങ്ങിയ നേപ്പാള്‍ അവസാന പന്ത് സിക്സ് അടിച്ച് 17/0 എന്ന നിലയില്‍ ടൈയിലെത്തി. അതോടെ മൂന്നാം സൂപ്പര്‍ ഓവറിലേക്കു മത്സരം നീണ്ടു. മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ റണ്‍ എടുക്കുന്നതിനു മുമ്പ് രണ്ടു വിക്കറ്റും നഷ്ടപ്പെട്ട് പുറത്ത്. അതോടെ നെതര്‍ലന്‍ഡ്സിനു ജയിക്കാന്‍ ഒരു റണ്‍. മൂന്നാം സൂപ്പര്‍ ഓവറിലെ ആദ്യ പന്തുതന്നെ സിക്സ് പറത്തി മൈക്കല്‍ ലെവിറ്റ് നെതര്‍ലന്‍ഡ്സിനു ജയം സമ്മാനിച്ചു.
സൂപ്പര്‍ ഓവര്‍ 1
നേപ്പാള്‍: 19/1, നെതര്‍ലന്‍ഡ്സ്: 19/0
സൂപ്പര്‍ ഓവര്‍ 2
നെതര്‍ലന്‍ഡ്സ്: 17/1, നേപ്പാള്‍: 17/0
സൂപ്പര്‍ ഓവര്‍ 3
നേപ്പാള്‍: 0/2, നെതര്‍ലന്‍ഡ്സ്: 6/0