Movies
മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് ഹിറ്റ് മേക്കർ ഗൗതം വസുദേവ് മേനോനും ആദ്യമായി ഒന്നിച്ച, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്- മിസ്റ്ററി ത്രില്ലർ ഒടിടിയിലേക്ക്. ഡൊമിനിക് ആണ് 2025ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രം.
പ്രദർശനത്തിനെത്തുന്നതിനുമുന്പ് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ചിത്രം. ഹിറ്റ് ഡയറക്ടർ ഗൗതം വസുദേവ് മേനോന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമെന്നതും പ്രേക്ഷകർക്ക് ആഘോഷമായി. എന്നാൽ, ജനുവരി 23ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഡിറ്റക്ടീവ് ശൈലിയിലുള്ള ആഖ്യാനവും മമ്മൂട്ടിയുടെ അസാമാന്യപ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിച്ചു.
അതേസമയം, ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ കാത്തിരുന്ന മമ്മൂട്ടിച്ചിത്രവുമാണ് ഡൊമിനിക്. ഇപ്പോൾ കാത്തിരിപ്പിനെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രം സീ5-ൽ പ്രദർശനം ആരംഭിച്ചു. മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മികച്ച കഥാസന്ദർഭം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.
പോലീസിൽനിന്നു വിരമിച്ച ശേഷം പ്രൈവറ്റ് ഡിറ്റക്ടീവ് ആയി പ്രവർത്തിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വിജി വെങ്കിടേഷ്, സുദേവ് ബാബു, ലെന, മീനാക്ഷി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
കെ.ജി. ജോർജിന്റെ വിഖ്യാത സിനിമ യവനിക തുടങ്ങി സിബിഐ ഡയറിക്കുറിപ്പുകളുടെ വിവിധ ഭാഗങ്ങൾ ഉൾപ്പെടെ മമ്മൂട്ടിയുടെ നിരവധി കുറ്റാന്വേഷണചിത്രങ്ങൾ മലയാളി കണ്ടിട്ടുണ്ട്. എന്നാൽ, പതിവിലും വ്യത്യസ്തമായ കഥാപാത്രമാണ് ഡൊമിനിക്. ഒരു പഴ്സിന്റെ ഉടമയെ തേടിയുള്ള അന്വേഷണവും തുടർന്ന്, വലിയ തിരോധാനസംഭവങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.
Movies
ഒടിടിയിൽ ഇന്ത്യൻ താരോത്സവമാണ് കഴിഞ്ഞ ആഴ്ചയിൽ അരങ്ങേറിയത്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയായിരുന്നു ഇന്ത്യൻ താരങ്ങളുടെ കുതിപ്പ്. ലോകസിനിമാ വ്യവസായത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളിലൊരാളായ ടോം ക്രൂസിനെ മറികടന്നതും വലിയ വാർത്തയായി.
എന്നാൽ, ബോളിവുഡിലെ സൂപ്പര്‍ താരങ്ങളല്ല, മറിച്ച മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പ്രണവ് മോഹന്‍ലാൽ ആണ്. തെന്നിന്ത്യന്‍ സൂപ്പര്നടിയുമായ രശ്മിക മന്ദാനയാണ് ഒടിടി ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്.
ഡിസംബര്‍ എട്ട് മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ ഒടിടിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രത്തിന്റെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്സ് മീഡിയ. രശ്മിക മന്ദാനയുടെ ദി ഗേള്‍ഫ്രണ്ട്- ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വാരത്തില്‍ നാലാം സ്ഥാനത്ത് ആയിരുന്ന ചിത്രം ഈ ആഴ്ച വലിയ നേട്ടമാണ് സ്വന്തമാക്കിയത്. 2.5 മില്യണ്‍ കാഴ്ചക്കാരാണ് ദി ഗേള്‍ ഫ്രണ്ട് ഈ ആഴ്ച നേടിയത്. നെറ്റ്ഫ്ളിക്സില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് തുടരുകയാണ്.
മലയാളികള്‍ക്കും അഭിമാനിക്കാവുന്ന നേട്ടാണ് ഈ വാരം ഒടിടിയില്‍ സംഭവിച്ചത്. പ്രണവിന്റെ ഡീയസ് ഈറെ ഓര്‍മാക്സ് മീഡിയയുടെ കണക്കില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തായിരുന്നു പ്രണവ് ചിത്രം. 2.1 മില്യണ്‍ കാഴ്ചക്കാരാണ് ചിത്രത്തിനുണ്ടായത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് തുടരുന്നു. ദുല്‍ഖര്‍ സല്മാന് ചിത്രമായ കാന്തയാണ് അഞ്ചാം സ്ഥാനത്ത്. നെറ്റ്ഫ്ളിക്സില്‍ തുടരുന്നു.
മൂന്നാം സ്ഥാനത്ത് ആണ് ഹോളിവുഡ് താരചക്രവര്‍ത്തി ടോം ക്രൂസിന്റെ മിഷന് ഇമ്പോസിബിള്‍ എന്ന ചിത്രം. രണ്ട് മില്യണ്‍ കാഴ്ചയാണു ചിത്രം നേടിയത്. ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം തുടരുന്നു. നാലാം സ്ഥാനത്തു വരുണ്‍ ധവാന് ചിത്രം സണ്ണി സംസ്കാരി കി തുള്‍സി കുമാരി- ആണ്. നെറ്റ്ഫ്ളിക്സില്‍ കാണാം.
Movies
ഒടിടിയിൽ വമ്പൻ മലയാള ചിത്രങ്ങൾ റിലീസിനൊരുങ്ങുന്നു. മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പ്രണവ് മോഹന്‍ലാലിന്റെ ഡീയെസ് ഈറെ, അല്‍ത്താഫ് സലീമിന്റെ കമ്യൂണിസ്റ്റ് പച്ച, മലയാളം ഡബ് ചെയ്തെത്തിയ രശ്മിക മന്ദാനയുടെ ദി ഗേള്‍ഫണ്ട് എന്നീ ചിത്രങ്ങള്‍ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
1. ഡീയെസ് ഈറെ
പ്രണവ് മോഹന്‍ലാല്‍, സുസ്മിത ഭട്ട്, ജിബിന്‍ ഗോപിനാഥ്, ജയ കുറുപ്പ്, അരുണ്‍ അജികുമാര്‍, ശ്രീധന്യ, സുധാ സുകുമാരി, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് ഡീയെസ് ഈറെ. സംവിധായകന് രാഹുല്‍ സദാശിവന്. ഒരു മണിക്കൂര്‍ 53 മിനിറ്റ് ആണ് ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ദൈര്‍ഘ്യം. ജിയോഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
തന്നിഷ്ടപ്രകാരം ജീവിക്കുന്ന ഒരു ഇന്ത്യന്‍-അമേരിക്കന്‍ വാസ്തുശില്പിയുടെ മകന് രോഹന്റെ (പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രം) കഥയാണ് ഡീയെസ് ഈറെ പറയുന്നത്. അയാളുടെ കാമുകി, കനി മരിക്കുമ്പോള്‍ അയാളുടെ സമ്പന്ന ജീവിതം ദുരിതപൂര്‍ണമായി മാറുന്നു. സംസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രോഹൻ അവളുടെ ഓര്‍മയ്ക്കായി മുടിയില്‍ ചൂടുന്ന ക്ലിപ്പ് എടുത്ത് വീട്ടിലേക്ക് മടങ്ങുന്നു.
പക്ഷേ, കനിയുടെ ആത്മാവ് അവനെ വേട്ടയാടാന്‍ തുടങ്ങുന്നു. അവന്റെ മുടിയില്‍ തലോടുകയും, ചിലങ്കയുടെ ശബ്ദം പുറപ്പെടുവിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ പോലും അവനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പരിഭ്രാന്തനായ രോഹന്, മന്ത്രവാദിയായ മധുസൂദനന് പോറ്റിയുടെ സഹായത്തോടെ ഉത്തരങ്ങള്‍ തേടുന്നു. രോഹന് പ്രേതബാധയില്‍നിന്ന് രക്ഷപ്പെടുമോ, എന്തിനാണ് അവനെ ദുഷ്ടാത്മാവ് ലക്ഷ്യമിടുന്നതെന്നും ഡീയെസ് ഈറെ പറയുന്നു.
2. കമ്യൂണിസ്റ്റ് പച്ച
അൽത്താഫ് സലിം, സജിന്‍ ചെറുകയില്‍, സക്കറിയ, രഞ്ജി കാങ്കോല്‍ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രമാണ് കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ. ഷമീം മൊയ്തീന് ആണ് ചിത്രത്തിന്റെ സംവിധായകൻ. സൈന പ്ലേയിൽ ചിത്രം കാണാം.
കോവിഡ്-19 മഹാമാരിയുടെ സമയത്ത്, നിരവധി പ്രശ്നങ്ങളെത്തുടര്‍ന്ന് നിരാശബാധിതനായ വാഹിദ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് കമ്യൂണിസ്റ്റ് പച്ച പറയുന്നത്. നാട്ടിലേക്കു മടങ്ങിയ വാഹിദ് തന്റെ പഴയ സുഹൃത്തുക്കളുമായി വീണ്ടും ഒന്നിക്കുമ്പോള്‍, സമൂഹത്തിനുള്ളിലെ അന്തര്‍ലീനമായ സംഘര്‍ഷങ്ങളെ നേരിടേണ്ടിവരുന്നു.
3. ദി ഗേള്‍ഫ്രണ്ട് (മലയാളം-ഡബ്)
രശ്മിക മന്ദാന, ദീക്ഷിത് ഷെട്ടി, അനു ഇമ്മാനുവല്‍, രാഹുല്‍ രവീന്ദ്രന്, റാവു രമേഷ്, രോഹിണി മൊല്ലേട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് ഡ്രാമ നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. രാഹുൽ രവീന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്.
രശ്മിക മന്ദാന പ്രധാന വേഷത്തില്‍ എത്തുന്ന പ്രണയചിത്രമാണ് ദി ഗേള്‍ഫ്രണ്ട്. അച്ഛന്റെ കീഴില്‍ വളര്‍ന്ന ഭൂമാദേവി എന്ന പെണ്‍കുട്ടി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഹൈദരാബാദിലെ കോളജില്‍ ചേരുന്നതാണ് സിനിമയുടെ ഇതിവൃത്തം. അതേ കോളജിലെ വിദ്യാര്‍ഥിയായ വിക്രമുമായി ഭൂമയ്ക്കു സൗഹൃദമുണ്ടാകുന്നു. തുടക്കത്തില്‍ ഭൂമ മടിച്ചെങ്കിലും പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. താമസിയാതെ, വിക്രം പ്രശ്നക്കാരനാണെന്ന് ഭൂമ മനസിലാക്കുന്നു. തുടര്‍ന്ന്, വിഷലിപ്തമായ ബന്ധത്തില്‍നിന്ന് ഭൂമയ്ക്ക് മോചനം നേടേണ്ടിവരുന്ന പ്രക്ഷുബ്ധമായ യാത്രയാണ് സിനിമ പറയുന്നത്. ഈ റിലീസുകള്‍ക്ക് പുറമേ, മറ്റ് നിരവധി ദക്ഷിണേന്ത്യന്‍ സിനിമകളും ഈ ആഴ്ച ഒടിടിയില്‍ എത്തുന്നുണ്ട്.
Movies
പ്രണവ് മോഹൻലാലിന്റെ ഹൊറർ ത്രില്ലർ "ഡീയസ് ഈറെ' ഒടിടി സ്ട്രീമിംഗ്ന് ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതൽ ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഒടിടി റിലീസിനായി പലരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ഡീയസ് ഈറെ'. ഒക്ടോബർ 31ന് ആണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ബോക്സ്ഓഫീസിൽ കോടികൾ വാരിക്കൂട്ടുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
ഹൊറർ ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തത്. രാഹുലിന്റെ ഭ്രമയുഗം, ഭൂതകാലം എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. സംവിധായകന്റെ ക്രാഫ്റ്റ്, ടെക്നീഷൻമാരുടെ മികവ്, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നി ചേർന്ന വെള്ളിത്തിരയിലെ വിസ്മയമാണ് "ഡീയസ് ഈറെ'. ഇതുവരെയുള്ള പ്രണവിന്റെ കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് "ഡീയസ് ഈറെ'യിലെ രോഹൻ ശങ്കർ.
നിർമാണം ചക്രവർത്തി രാമചന്ദ്ര-എസ്. ശശികാന്ത്, സംഗീതം: ക്രിസ്റ്റോ സേവ്യർ, ഡിഒപി ഷെഹ്നാദ് ജലാൽ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് കലൈ കിംഗ്സൺ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.
Movies
നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ ചെക്ക് മേറ്റ് സീ 5-ൽ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു.
ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓടിടിയിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചെക്ക് മേറ്റ് ഒരു മലയാള സിനിമയാണെങ്കിലും കേരളത്തിൽ ഒരു സീൻ പോലും ഷൂട്ട് ചെയ്യാത്തൊരു മലയാള സിനിമ ആണ്.
ചിത്രം പൂർണമായും ന്യൂയോർക്കിൽ ആണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത് സംവിധായകനായ രതീഷ് ശേഖർ തന്നെയാണ്.
അമേരിക്കയിലെ ഒരു ഫാർമ്മ കമ്പനി ഉടമയുടെ ജീവിതത്തിലേക്ക് വരുന്ന ഒട്ടേറെ മനുഷ്യരിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഓരോ സെക്കന്റും ആകാംക്ഷ നിറയ്ക്കുന്ന ചിത്രത്തിൽ അനൂപ് മേനോന്റെ മികച്ച പെർഫോമൻസ് പ്രേക്ഷകർക്ക് കാണാം. ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് ലാലാണ്.
അനൂപ് മേനോനും ലാലും ഒന്നിച്ചെത്തുന്ന സിനിമയായതിനാൽ തന്നെ പ്രേക്ഷകർ വളരെയേറെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്ന ചിത്രമാണ് ചെക്ക് മേറ്റ് എന്നും സീ 5-ൽ റിലീസ് ചെയ്തതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ രതീഷ് ശേഖർ കൂട്ടിച്ചേർത്തു.
Movies
തിയറ്ററുകളിൽ നിറഞ്ഞ സദസുകളിൽ പ്രദർശനം നടത്തിയ ചിത്രങ്ങൾ ഇനി ഒടിടിയിൽ ആസ്വദിക്കാം. മോഹൻലാൽ–സത്യൻ അന്തിക്കാട് ടീമിന്റെ ഹൃദയപൂർവം, അർജുൻ അശോകന്റെ സുമതി വളവ്, ആസിഫ് അലിയുടെ സർക്കീട്ട്, ഫഹദ് ഫാസിലിന്റെ ഓടും കുതിര ചാടും കുതിര എന്നിവയാണ് ഒടിടിയിൽ വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമകൾ.
ഹൃദയപൂർവം-(ഹോട്ട്സ്റ്റാർ) സെപ്റ്റംബർ 26
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ചിത്രത്തിൽ ചിത്രത്തിൽ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയവരുമുണ്ട്.
ഓടും കുതിര ചാടും കുതിര: (നെറ്റ്ഫ്ലിക്സ്) സെപ്റ്റംബർ 26
ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്ത സിനിമ. ഫഹദിനും കല്യാണി പ്രിയദർശനും പുറമെ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാൽ തുടങ്ങി വലിയ താരനിര ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്.
സുമതി വളവ്: (സീ ഫൈവ്) സെപ്റ്റംബർ 26
അർജുൻ അശോകൻ നായകനായെത്തിയ ചിത്രം. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സീ5(Zee5)ൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
സർക്കീട്ട് (മനോരമ മാക്സ്) സെപ്റ്റംബർ 26
ആസിഫ് അലിയെ നായകനാക്കി താമർ ഒരുക്കിയ ചിത്രം. ഓരോ ആഴ്ചയും മലയാളത്തിലെ ഓരോ സിനിമ സ്ട്രീം ചെയ്യുന്ന നമ്പർ വൺ ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ റിലീസ് ആയാണ് സർക്കീട്ട് സ്ട്രീം ചെയ്യുന്നത്.
അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിന്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ധടക്ക് 2 (നെറ്റ്ഫ്ലിക്സ്) സെപ്റ്റംബർ 26
തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുർവേദി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ഹിന്ദി ചിത്രം. കതിർ, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ‘പരിയേറും പെരുമാൾ’ സിനിമയുടെ റീമേക്ക് ആണിത്.
സൺ ഓഫ് സർദാർ 2 (നെറ്റ്ഫ്ലിക്സ്) സെപ്റ്റംബർ 26
2012ൽ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റർ ചിത്രം സൺ ഓഫ് സർദാറിന്റെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗൺ നായകനാകുന്ന സിനിമയിൽ മൃണാൾ ഠാക്കൂർ ആണ് നായിക.രവി കിഷൻ, മുകുള്‍ ദേവ്, സഞ്ജയ് മിശ്ര, ശരത് സക്സേന, വിന്ദു ധാര, ചങ്കി പാണ്ഡെ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിജയ കുമാർ അരോറയാണ് സംവിധാനം. ഛായാഗ്രഹണം അസീം ബജാജ്.
ഘാട്ടി: (ആമസോൺ പ്രൈം) സെപ്റ്റംബർ 26
അനുഷ്ക ഷെട്ടി-ക്രിഷ് ജാഗർലാമുഡി ചിത്രം. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് രാജീവ് റെഡ്ഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. തമിഴ് നടൻ വിക്രം പ്രഭുവും ചിത്രത്തിൽ നിർണായക വേഷം അവതരിപ്പിക്കുന്നു. ദേസി രാജു എന്ന കഥാപാത്രത്തെയാണ് വിക്രം പ്രഭു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.