കഥയിലെ വ്യത്യസ്തതകൊണ്ടും ആവിഷ്കാരത്തിലെ പുതുമകൊണ്ടും മലയാള പ്രേക്ഷകർ ആഘോഷിച്ച നാലു ചിത്രങ്ങൾ ഒടിടിയിലേക്ക്. ഇതര ഭാഷകളിലുള്ള ഹിറ്റ് ചിത്രങ്ങളും വിവിധ ഒടിടിയില്‍ ലഭ്യമാണ്.
1. എക്കോ

സന്ദീപ് പ്രദീപ്, ബിയാന മോമിന്, വിനീത്, സൗരഭ് സച്ച്ദേവ, നരേന്, അശോകന്, ബിനു പപ്പു തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് എക്കോ. രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ചിത്രം നെറ്റ്ഫ്ളിക്സ്. ഡിസംബര്‍ 31 മുതൽ ചിത്രം കാണാം.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒറ്റപ്പെട്ട കുന്നിന് പ്രദേശത്ത് താമസിക്കുന്ന മ്ലാത്തി ചേടത്തി എന്ന വൃദ്ധ സ്ത്രീയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. കുപ്രസിദ്ധ നായ വളര്‍ത്തുകാരനായ കുരിയച്ചന്റെ നിരവധി ഭാര്യമാരില്‍ ഒരാളാണ് മ്ലാത്തി. ഭരണകൂടവും ഒരു ഭീകരസംഘടനയും അയാളെ വേട്ടയാടുമ്പോള്‍ ഭാര്യയും മറ്റുള്ളവരും അയാളെക്കുറിച്ചുള്ള മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്താന്‍ തുടങ്ങുന്നു. തുടര്‍ന്ന്, നിഗൂഢതയും പിരിമുറുക്കവും നിറഞ്ഞ ഒരു കഥയുടെ ചുരുളഴിയുന്നു.
2. നിധിയും ഭൂതവും

അനീഷ് ജി. മേനോന്, അശ്വത് ലാല്‍, മുഹമ്മദ് റാഫി, നയാരാ നിഹാര്‍, ഭാസി വൈക്കം എന്നിവരാണ് അഭിനേതാക്കൾ. സംവിധാനം സാജന് ജോസഫ്. സൂപ്പര്‍നാച്ചുറല്‍ മിസ്റ്ററി കോമഡി ത്രില്ലര്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂർ മൂന്നു മിനിറ്റ്. സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സണ്‍എന്‍എക്സ്ടി ചിത്രം കാണാം.
പ്രേതബാധയുണ്ടെന്ന് കിംവദന്തിയുള്ള ഒരിടത്തേക്ക് തങ്ങളുടെ ബൈക്ക് വര്‍ക്ക്ഷോപ്പ് മാറ്റുന്ന മൂന്ന് യുവ മെക്കാനിക്കുകളുടെ കഥയാണ് നിധിയും ഭൂതവും എന്ന സിനിമയില്‍ പറയുന്നത്. വിചിത്രമായ സംഭവങ്ങള്‍ അവരെ വെല്ലുവിളിക്കാന്‍ തുടങ്ങുമ്പോള്‍, സത്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടത്തിനായി അവര്‍ ഒരുങ്ങുന്നു.
3. ഇത്തിരി നേരം

റോഷന് മാത്യു, സരിന് ഷിഹാബ്, നന്ദു, ആനന്ദ് മന്മഥന്, കൃഷ്ണന ബാലകൃഷ്ണന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ചിത്രമാണ് ഇത്തിരിനേരം. ചിത്രം സണ്എന്എക്സ്ടിയിൽ ഡിസംബർ 31 മുതൽ കാണാം.
വേര്‍പിരിഞ്ഞു വര്‍ഷങ്ങള്‍ പിന്നിട്ടശേഷം തിരുവനന്തപുരത്ത് ഒരു രാത്രിയില്‍ അപ്രതീക്ഷിതമായി ഒന്നിക്കുന്ന ക്യാമ്പസ് പ്രണയിതാക്കളായ അനീഷിന്റെയും അഞ്ജനയുടെയും കഥയാണ് ചിത്രം പറയുന്നത്. മദ്യപാന പാര്‍ട്ടിക്കു ശേഷം, പരിഹരിക്കപ്പെടാത്ത വികാരങ്ങള്‍, പശ്ചാത്താപങ്ങള്‍, ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെ അഭിമുഖീകരിച്ച് ഇരുവരും ഒരുമിച്ച് യാത്ര തുടരുന്നു. നഷ്ടപ്പെട്ട പ്രണയത്തിലൂടെയും പഴയകാലത്തെ ഓര്‍മകളിലൂടെയും നന്മകളിലൂടെയും അവര്‍ മനസുകൊണ്ടു സഞ്ചരിക്കുന്നു.
4. ഇന്നസെന്റ്

അല്‍താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍, അസീസ് നെടുമങ്ങാട്, ജോമോന് ജ്യോതിര്‍, അശ്വിന് വിജയന്, അന്ന പ്രസാദ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഫാമിലി ഡ്രാമ. സംവിധാനം സതീഷ് തന്വി. സൈന പ്ലേ സ്ട്രീമിംഗ് ആരംഭിച്ചു.
തിരുവനന്തപുരത്ത് പ്ലാനിംഗ് ഓഫീസില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന 29കാരനായ വിനോദിന്റെ കഥയാണ് ഇന്നസെന്റ് പറയുന്നത്. മാനുഷികമൂല്യങ്ങള്‍ ജീവിതത്തിന്റെ ഭാഗമായി മാറിയ വിനോദിന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി വരുന്നു. വ്യോമയാന വിദ്യാര്‍ഥിനിയായ രജിതയുമായി വിവാഹം ഉറപ്പിച്ചു.
വിഭവങ്ങള്‍ക്കു പേരുകേട്ട റസ്റ്ററന്റില്‍നിന്നു ഭക്ഷണം കഴിച്ചതിനു ശേഷം ഗുരുതരമായ ഭക്ഷ്യവിഷബാധയേല്‍ക്കുന്നതും അടിയന്തര സാഹചര്യത്തില്‍ ബസ് സ്റ്റാന്‍ഡിലെ സ്ത്രീകളുടെ ടോയ്ലെറ്റ് ഉപയോഗിക്കേണ്ടിവരുന്നതും അവിടെവച്ചുണ്ടാകുന്ന ആകസ്മിക സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
Tags : OTT EKO INNOCENT ITHIRI NERAM