മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്നാണ് അഭിമുഖത്തിന്റെ ടാഗ്ലൈൻ.
മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു.
എന്തിന്റെയെങ്കിലും പേരിൽ പശ്ചാത്തപിച്ചിട്ടുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. താൻ അഭിനയിച്ച ഏതെങ്കിലും സിനിമയിലെ സംഭാഷണം ഓർമയുണ്ടോയെന്ന ചോദ്യത്തോട്, ദിനേശനും ദാസനും ഉൾപ്പെടെ എത്രയേറെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതുകേട്ട് മോഹൻലാൽ പൊട്ടിച്ചിരിക്കുന്നു.
എന്റെ കേരളം, അങ്ങയുടെ കേരളം, നമ്മുടെ കേരളം എന്ന മോഹൻലാലിന്റെ ഡയലോഗിന് മുഖ്യമന്ത്രി കൈയടിക്കുന്നതായും ടീസറിൽ കാണാം.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.
Tags :