News
മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്നാണ് അഭിമുഖത്തിന്റെ ടാഗ്ലൈൻ.
മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു.
News
എഴുത്തുകാരി നവമിലതയുമായുള്ള റാപ്പർ വേടന്റെ വിവാഹം കഴിഞ്ഞു. തൃശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. പിന്നാലെ പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്കാരവും ഒരുക്കി.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് നിൽക്കുന്നത്. പ്രതീക്ഷിച്ചതിലും അടിപൊളിയായി പരിപാടികൾ നടന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ അനുഗ്രഹമാണ്. സന്തോഷമാണ്. വേടൻ പറഞ്ഞു.
വളരെ കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടുപോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞ് പരിപാടിയാണ്. എന്റെ ആരാധകർക്ക് അത് മനസിലാവും. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിനിർത്തിയാണ് വിവാഹം കഴിച്ചത്. ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കും' വേടൻ വിവാഹശേഷം പറഞ്ഞു.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമിലത.
News
അഖിൽ മാരാരോടുള്ള തന്റെ ഇഷ്ടക്കേട് പരസ്യമാക്കി നടി മല്ലിക സുകുമാരൻ. അഖിലിനെ ഒരു ട്രോളൻ ആയിട്ടാണ് താൻ കാണുന്നതെന്നും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് കരുതിയ ഒരാൾ ഇപ്പോൾ ജീവിതത്തിൽ അഭിനയിച്ചു നടക്കുകയാണെന്നും മല്ലിക പരിഹസിച്ചു.
മകൻ പൃഥ്വിരാജ് പുതിയ ആളുകൾക്ക് അവസരം നൽകുന്നില്ലെന്ന അഖിൽ മാരാരുടെ പ്രസ്താവനയാണ് മല്ലികയെ ചൊടിപ്പിച്ചത്.
പൃഥ്വിരാജ് തന്റെ സ്വന്തം നിർമാണ കമ്പനി വഴി ‘കുരുതി’ മുതൽ ഇങ്ങോട്ട് ചെയ്ത സിനിമകളിൽ നിരവധി പുതുമുഖ സംഗീത സംവിധായകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരം നൽകിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
വഴിയേ പോകുന്ന ചെണ്ടക്കെല്ലാം എടുത്തിട്ട് അടിക്കുന്ന ഒരുത്തനാണ് അഖിൽ മാരാർ. അവനെ ആദ്യം ഞാൻ കാണുന്നത് കൊട്ടാരക്കര ഒരു ഫംഗ്ഷന് പോകുമ്പോഴാണ്.
ബിഗ് ബോസിൽ നിന്ന് വന്ന സമയത്താണ് അത്. അന്ന് ഞാൻ പരസ്യമായി പറഞ്ഞതാണ് സാമർഥ്യം ഉള്ള ഒരു ചെറുപ്പക്കാരനാണ് എന്ന്. ഇയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടാകുമെന്നു വിചാരിച്ചിരുന്നു, പക്ഷേ ഇല്ല ചുമ്മാതെയാ ഈ കാണിക്കുന്നത്. ഭയങ്കര അഭിനേതാവാണ്, സിനിമയിൽ അഭിനയിക്കാൻ പറ്റുകയുമില്ല, അല്ലാതെ അഭിനയിക്കാൻ മിടുക്കനാണ്.
അയാൾ മിടുക്കനാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു, പക്ഷെ അങ്ങനെയൊന്നും അല്ല. എന്ത് കണ്ടിട്ടാണ് കക്ഷി ഈ അടുത്ത കാലത്ത് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുന്നില്ല എന്ന് ? കഷ്ടം!
എന്തെങ്കിലും അയാൾ ഫോളോ ചെയ്യുന്നുണ്ടോ.‘കുരുതി’ തൊട്ട് ഇങ്ങോട്ട് അവൻ എടുത്തിരിക്കുന്ന എല്ലാ പടത്തിലും പുതിയ ആൾക്കാർക്ക് അവസരം കൊടുത്തിട്ടുണ്ട്.
മോഹൻലാലിനെ വച്ച് സംവിധാനം ചെയ്യാൻ പോയപ്പോൾ ഉള്ള കാര്യമല്ല ഞാൻ പറഞ്ഞത്, അവന്റെ പൈസ മുടക്കി എടുത്ത പടങ്ങളിൽ സംഗീത സംവിധായകർ, ആർട്ടിസ്റ്റുകൾ, എഴുത്തുകാർ തുടങ്ങി ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തിട്ടുണ്ട്.
ഇറങ്ങി നടന്നു ചോദിച്ചു നോക്കട്ടെ, ഒന്നും അന്വേഷിക്കാതെ ഇങ്ങനെ പറയുകയാണ്. ആരെയെങ്കിലും സുഖിപ്പിച്ച് കാര്യസാധ്യത്തിനു വേണ്ടി മൈക്ക് വച്ച് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നടക്കും.
അങ്ങനെയാണെങ്കിൽ ഞങ്ങൾക്കൊക്കെ എന്തെല്ലാം പറയാൻ ഉണ്ട്. പിന്നെ പാവം കൊച്ചൻ ജീവിച്ചുപോട്ടെ എന്ന് കരുതിയിട്ടാണ്. അവൻ എവിടെ കിടക്കുന്നു ,ഞാൻ എവിടെ കിടക്കുന്നു, എനിക്ക് 71 വയസായി.
വളർന്നുവരുന്ന കലാകാരൻ എങ്ങനെയെങ്കിലും രക്ഷപെട്ടു പോകട്ടെ. എന്തായാലും അഖിൽ മാരാർ എന്ന വ്യക്തിയോട് എന്തെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ ഇത്തരത്തിലുള്ള പറച്ചിലുകൾ കൊണ്ട് അത് പോയ് കിട്ടി, ഇപ്പോൾ ഞാൻ അയാളെ ഒരു ട്രോളൻ ആയിട്ടാണ് കാണുന്നത്.’’മല്ലിക സുകുമാരൻ പറഞ്ഞു.
News
നടി കീർത്തി സുരേഷ് ഇപ്പോൾ തന്റെ കരിയറിലെയും ജീവിതത്തിലെയും സന്തോഷകരമായ ദിവസങ്ങളിലൂടെയാണു കടന്നുപോകുന്നത്. അഭിനയമികവ് കൊണ്ട് തെന്നിന്ത്യ കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബോളിവുഡിലെ നിത്യഹരിത നായികമാർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളിലൂടെയാണ്.
ബോളിവുഡ് ഐക്കണുകളായ രേഖ, റാണി മുഖർജി എന്നിവർക്കൊപ്പം കീർത്തി ചെലവഴിച്ച ഒരു സായാഹ്നത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത പാന്റ്സ് സ്യൂട്ടും ക്രോപ്പ് ടോപ്പും അണിഞ്ഞ് സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള സൽവാർ കമീസും ഗോൾഡൻ ദുപ്പട്ടയും ധരിച്ചെത്തിയ രേഖയുടെ സാന്നിധ്യം ചിത്രങ്ങൾക്ക് കൂടുതൽ രാജകീയ പരിവേഷം നൽകി.
മെറൂൺ ടോപ്പിലും പിങ്ക് സാറ്റിൻ ട്രൗസറിലും റാണി മുഖർജി ക്ലാസിക് ലുക്കിൽ തിളങ്ങിയപ്പോൾ, ഹുമ ഖുറേഷിയും ഈ താരസംഗമത്തിൽ പങ്കുചേർന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം- എന്ന കുറിപ്പോടെ കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായത്.
സിനിമയിലും സജീവമാണ് കീർത്തിയിപ്പോൾ. വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിജയ് ദേവരകൊണ്ട നായകനാകുന്ന റൗഡി ജനാർദന എന്ന മാസ് ആക്ഷൻ ചിത്രമാണ്. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിജയ്യുടെ വ്യത്യസ്തമായ ഹെയർസ്റ്റൈലും ലുക്കും ഇതിനോടകം ചർച്ചയായി. തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൽ കീർത്തിയുടെ പുതിയ ചിത്രം തോട്ടം ആണ്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ കീർത്തിയുടെ പ്രകടനം മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മർദാനി 3-ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റാണി അടുത്തതായി അഭിനയിക്കുന്ന്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
News
ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ നടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഒരു നടിയുടെ ഷെൽഫ് ലൈഫ് ഏഴ് വർഷമാണെന്നും ഈ കാലയളയിൽ കഴിയുന്നത്ര കൊമേഴ്സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നുമാണ് പാർവതിയുടെ കുറിപ്പ്.
ഫിലിംഫെയർ പുരസ്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ ഷെൽഫ്-ലൈഫ് പരമാവധി ആറ്, ഏഴ് വർഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.
എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം - നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വെറും തമാശ മാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്.
ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്കാരങ്ങളേക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്.
ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥ പറയുന്നവരെ ഞാൻ കണ്ടെത്തുന്നു.
അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ ആറാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ."പാർവതി കുറിച്ചു.
News
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ (ട്രസ്റ്റ് ) ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ 126-ാം ജന്മദിനാഘോഷത്തിന്റെയും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം ഈ മാസം 26ന് തൈക്കാട് ഭാരത് ഭവനിൽ വച്ച് മന്ത്രി ജി. ആർ അനിൽ നിർവഹിക്കും.
ജെ.സി ഡാനിയേലിന്റെ ജന്മദിനമായ ഫെബ്രുവരി 26 ന് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ 'സിനിമ ദിനമായി' ആഘോഷിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിക്കും.
നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിക്കും. നെയ്യാറ്റിൻകര മുൻ നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ ഫൗണ്ടേഷന്റെ ആദരം ഏറ്റുവാങ്ങും. എംഎൽഎമാർ, കലാസാംസ്കാരിക രംഗത്തുള്ളവർ, ജെ. സി ഡാനിയേൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു. പരിപാടിയിൽ പ്രശസ്തരുടെ കലാവിരുന്ന് ഉണ്ടായിരിക്കും.
ചലച്ചിത്ര താരങ്ങളായ കാലടി ഓമന, സജിൻ ജോൺ, ശരത്ചന്ദ്രൻ, ഗായകരായ സുമേഷ് അയിരൂർ, രാധിക അശോക്, മജീഷ്യൻ ഡോ. ടിജോ വർഗീസ്, ഡോ.പി.സി ചന്ദ്രബോസ്, ഡോ. എ. കെ പ്രകാശൻ ഗുരുക്കൾ, താണുവൻ ആചാരി, ആര്യനാട് സത്യൻ, ആറ്റുകാൽ തമ്പി, ഡോ. അനീഷ്കുറിപ്പ്, അജു.കെ മധു, കുമാർ സോളമൻ, സുരേഷ് തമ്പി, മഞ്ജുളാദേവി, സുജിത് കുമാർ. എം, എസ്. സുഭാഷ്, നിരഞ്ജന സന്ദീപ്, നിഖിൽ മനോമി, ഐസക് ബിജു ജെയിംസ്, ടി.എസ് ശ്രീകുമാർ, ആദിത്യ സുരേഷ്,അലീമത്ത് ഷംന, എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.
News
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു ഷൂട്ട്.
അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം.ബി. സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.
News
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാരവേദിയിൽ നടന്മാർക്കെതിരെ വംശീയാധിക്ഷേപം.
ടൂററ്റ് സിൻഡ്രോം എന്ന രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ജോൺ ഡേവിഡ്സൺ ആണ് നടന്മാരായ മൈക്കൽ ബി. ജോർദാൻ, ഡെലോറി ലിൻഡോ എന്നിവർക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്.
എൻ-വേഡ് എന്നറിയപ്പെടുന്ന അധിക്ഷേപവാക്കാണ് ഇയാൾ നടന്മാർക്കെതിരെ ഉപയോഗിച്ചത്. ഇതിനർഥം വർക്കിംഗ് ഇൻ എ ട്രക്ക് എന്നാണ്.
ഞായറാഴ്ചയാണ് 79-ാമത് ‘ബാഫ്റ്റ’ അവാർഡ്സ് നടന്നത്. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്കാരം സമ്മാനിക്കാനായാണ് മെക്കലും ഡെലോറിയും വേദിയിലെത്തിയത്.
അതിനിടെയാണ് സദസfൽനിന്ന് ജോൺ വംശീയാധിക്ഷേപം നടത്തിയത്. രണ്ട് നടന്മാർക്കും നേരെ ഇയാൾ അലറിവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തു.
തത്സമയ സംപ്രേഷണം അല്ലാതിരുന്നിട്ട് പോലും വംശീയാധിക്ഷേപം നീക്കം ചെയ്യാത്തതിൽ ബിബിസിക്കെതിരെയും വലിയ വിമർശനമാണ് ഉയർന്നത്.
News
ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.
News
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.
സുദേവിന്റെ കരിയറിൽ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.
സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്റേത് എന്നാണ് സൂചനകൾ.
‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
News
ഫിലിംഫെയർ സൗത്ത് ഇന്ത്യൻ പുരസ്കാരം നേടി മടങ്ങുന്നതിനിടയിൽ നടി ഉർവശിയോട് ചില ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ച ചോദ്യവും അതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധേയമാകുന്നു.
ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് നടൻ ഇന്ദ്രജിത്തും യുവനടി ഗൗരി നന്ദയും ചേർന്നാണ് താരത്തിന് അവാർഡ് സമ്മാനിച്ചത്.
‘‘ചേച്ചിയെ പോലൊരാൾക്ക് അവാർഡ് കൊടുക്കാൻ ഗൗരി നന്ദയെ പോലൊരു നടിക്ക് യോഗ്യതയില്ലെങ്കിലും ചേച്ചി അത് പക്ഷേ സന്തോഷത്തോടെ സ്വീകരിച്ചല്ലോ’’ എന്നായിരുന്നു ഓൺലൈൻ മീഡിയയുടെ ചോദ്യം.
‘‘അങ്ങനെ അല്ലല്ലോ കാര്യം. അവർ തരുമ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്. നമുക്ക് അങ്ങനെയൊന്നും ഇല്ല. നമുക്ക് കിട്ടുന്ന പുരസ്കാരങ്ങൾ എന്ത് തന്നെയായാലും ആ പുരസ്കാരത്തിന് ഒരു വിലയുണ്ട്. പിന്നെ അവാർഡ് തരുന്നവർ അത് എത്ര ഹൃദയപൂർവമാണ് തരുന്നത് എന്നിടത്താണ് കാര്യം.
അത് രണ്ടും തുല്യം തന്നെയാണ്. ആർട്ടിസ്റ്റ് ക്യാമറയുടെ മുന്നിൽ വന്നാൽ ആരാണ് വലുതും ചെറുതും. എല്ലാവരും നല്ലോണം പെർഫോം ചെയ്താൽ അത് ശ്രദ്ധിക്കപ്പെടും. ആ കുട്ടിയും ആർട്ടിസ്റ്റ് തന്നെയല്ലേ.’’ ഉർവശിയുടെ മറുപടി ഇങ്ങനെയായിരുന്നു.
താരത്തിന്റെ ഈ നിലപാടിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതോടെ പുരസ്കാരം സമ്മാനിച്ച നടി ഗൗരി നന്ദയും പ്രതികരണവുമായി എത്തി. ‘‘വാർത്തകൾ വളച്ചൊടിക്കാൻ നോക്കിയ ആ ചേട്ടന് എന്റെ നന്ദി’’ എന്നായിരുന്നു ഈ വീഡിയോയിൽ ഗൗരിയുടെ പരിഹാസം കലർന്ന കമന്റ്.
News
സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർക്കെതിരെ വീണ്ടും അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണ് അഖിൽ മാരാരെന്ന് സത്യഭാമ പറയുന്നു.
‘‘ബിഗ് ബോസ് എന്ന മൂന്നാംകിട പരിപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്റെ ചെറിയ ചെറിയ അഭിമുഖങ്ങൾ ഇടയ്ക്ക് കാണാറുണ്ടായിരുന്നു. അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, ജ്യൂസ് അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
കേരളത്തിലെ ‘മനുഷ്യർ’ ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വച്ചതെങ്കിലും നൂറ് ശതമാനം നീ കാരണം കോൺഗ്രസിന്റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി.
ഇപ്പോൾ പറയുന്നു, ബിജെപിയുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു നാവാട്ടക്കാരൻ മാത്രമാണെന്ന് നിന്റെ അമ്മയേക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.’’കലാമണ്ഡലം സത്യഭാമ പറഞ്ഞതിങ്ങനെ.
കഴിഞ്ഞ ദിവസവും അഖിലിനെ വിമർശിച്ച് സത്യഭാമ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനൊന്നും മറുപടിയുമായി അഖിൽ എത്തിയിട്ടില്ല.
അഖിൽ മാരാർ എൻഡിഎ സ്ഥാനാർഥിയാകുന്ന വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ആദ്യവിമർശനം. ചാണകത്തിൽ ചവിട്ടാൻ പാടില്ലായിരുന്നുവെന്നും ഹൃദയത്തോട് ചേർത്ത് പിടിച്ചവരെ അഖിൽ മാരാർ ചതിക്കുകയായിരുന്നുവെന്നും ഇതുവരെ ലഭിച്ച എല്ലാ ഉയർച്ചകളും ഈയൊരു തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ തീരുമെന്നും സത്യഭാമ അന്ന് പറഞ്ഞത്.
News
നടി സീമാ ജി. നായരുടെ സഹോദരീഭർത്താവും സംഗീതസംവിധായകൻ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജൻ അന്തരിച്ചു. സീമാ ജി. നായരുടെ സഹോദരി രേണുകയുടെ ഭർത്താവാണ് ഗിരിജൻ. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജൻ മകളാണ്.
സീമാ ജി. നായർ തന്നെയാണ് മരണവാർത്ത പങ്കുവെച്ചത്. 'എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടൻ. എനിക്ക് ആറുവയസുള്ളപ്പോഴാണ് എന്റെ ചേട്ടൻ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ ചേട്ടനെ ഈശ്വരൻ കൊണ്ടുപോയി' എന്നായിരുന്നു സീമാ ജി. നായരുടെ കുറിപ്പ്.
പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജൻ. സീമയുടേയും രേണുകയുടേയും സഹോദരൻ എ.ജി. അനിൽ സംഗീതസംവിധായകനാണ്.
News
എട്ടുവർഷത്തിന് ശേഷം താടിയെടുത്ത് യാഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്ക് സിനിമയ്ക്കു വേണ്ടിയാണ് നടന്റെ മേക്കോവർ. എട്ടു വർഷമാണ് താരം ഈ താടിയുമായി മുന്നോട്ട് പോയത്.
സിനിമയുടെ ടീസറിന്റെ അവസാന ഭാഗത്ത് താടിവടിച്ചുള്ള യാഷിനെ അവതരിപ്പിക്കുന്നുണ്ട്.
എന്നാല്‍ ഇത് എഐ ആണെന്നും മറ്റൊരു നടൻ ആണ് ഈ ഗെറ്റപ്പിലെത്തുന്നതെന്നുമൊക്കെ ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ കഥാപാത്രത്തിനായുള്ള തന്റെ തയാറെടുപ്പിന്റെ വീഡിയോ യാഷിന്റെ ടീം തന്നെ പുറത്തുവിട്ടിരിക്കുന്നു.
കെജിഎഫ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരണം പൂർത്തിയാക്കിയ 2018ലാണ് യാഷ് ഇതിനു മുമ്പ് താടിയെടുത്തത്. പിന്നീട് ‘കെജിഎഫ് 2’ റിലീസ് ചെയ്തതിനുശേഷം യാഷ് താടി വടിച്ചിട്ടില്ല.
News
കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന ഫിലിംഫെയർ സൗത്ത് അവാർഡ്സിൽ അന്തരിച്ച നടൻ ശ്രീനിവാസനെ ആദരിച്ചത് ലൈഫ് ടൈം അച്ചീവ്മെന്റ് നൽകിയാണ്. താരത്തിന്റെ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ഇപ്പോഴിതാ പുരസ്കാരം സ്വീകരിച്ച് വിനീത് കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ വിജയങ്ങൾക്ക് പിന്നിലെപ്പോഴും അമ്മയുണ്ടായിരുന്നുവെന്നും ഈ പുരസ്കാരം അമ്മയ്ക്കുള്ളതാണെന്നുമാണ് വിനീത് കുറിച്ചത്.
വളരെയധികം വിജയിച്ച ആ മനുഷ്യന്റെ പിന്നിൽ ഈ സ്ത്രീ ഉണ്ടായിരുന്നു. എപ്പോഴും ഈ സ്ത്രീയുണ്ടായിരുന്നു. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അമ്മയ്ക്കുള്ളതാണ്. വിനീത് ശ്രീനിവാസൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീനിവാസനും പ്രശസ്ത സിനിമാ പ്രതിഭ ശ്രീകുമാരൻ തമ്പിക്കുമാണ് മലയാളത്തിൽ നിന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.
News
ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം. കേരള ടൂറിസവുമായി സഹകരിച്ച് കൊച്ചിയിലാണ് 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് നിശ അരങ്ങേറിയത്.
തന്റെ 16-ാമത് ഫിലിം ഫെയര്‍ പുരസ്കാരമാണിതെന്നും സിനിമയെന്നത് ഒരു വലിയ ടീമിന്റെ അധ്വാനമാണെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. മികച്ച നടന് വിഭാഗത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട ആസിഫ് അലി, ബേസില്‍ ജോസഫ് എന്നിവരുമായി അദ്ദേഹം തന്റെ ട്രോഫി വേദിയില്‍ പങ്കുവച്ചു. ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് ഉർവശി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
‘മഞ്ഞുമ്മൽ ബോയ്സ്’ മികച്ച ചിത്രമായും ‘ഭ്രമയുഗ’ത്തിലൂടെ രാഹുൽ സദാശിവൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആടുജീവിതം അഞ്ച് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി . പൃഥ്വിരാജ് - മികച്ച നടന് (ക്രിട്ടിക്സ്), റഫീഖ് അഹമ്മദ് -മികച്ച വരികള്‍, ജിതിന് രാജ് -മികച്ച ഗായകന്, കെ.ആര്. ഗോകുല്‍ -മികച്ച നവാഗത നടന്, കെ.എസ്. സുനില്‍ -മികച്ച ഛായാഗ്രഹണം എന്നിവരാണ് ആടുജീവിതത്തിലൂടെ നേട്ടം കൈവരിച്ചത്. കിഷ്കിന്ധാകാണ്ഡം മികച്ച ചിത്രം -ക്രിട്ടിക്സ്, വിജയാരാഘവന്‍- മികച്ച സഹനടന്‍ ഉള്‍പ്പെടെ നാല് പുരസ്കാരങ്ങള്‍ നേടി.
മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരം പൃഥ്വിരാജും ആസിഫ് അലിയും പങ്കിട്ടു. ആട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് സറിൻ ഷിഹാബിന് മികച്ച നടി-ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചു. അഭിമന്യു എസ്. തിലകന്, മേതില്‍ ദേവിക എന്നിവര്‍ മികച്ച നവാഗതതാരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഹെർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോൾ ജോസ് മികച്ച സഹനടിയുമായി. വൈക്കം വിജയലക്ഷ്മിയാണു മികച്ച ഗായിക. സുഷിൻ ശ്യാമാണ് മികച്ച സംഗീതസംവിധായകൻ. ജോജു ജോർജ്(പണി), ജിതിൻലാൽ (എആർഎം) എന്നിവർ മികച്ച നവാഗത സംവിധായകർക്കുള്ള പുരസ്കാരവും നേടി. ഉള്ളൊഴുക്കിനും ക്രിട്ടിക്സ് വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
തെലുങ്ക് സിനിമാവിഭാഗത്തില്‍ പുഷ്പ 2 ദ റൂള്‍ അഞ്ച് പുരസ്കാരങ്ങള്‍ നേടി മികച്ച ചിത്രമായി. അല്ലു അര്ജുന് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മലയാളി നിവേദ തോമസ് മികച്ച നടിക്കുള്ള പുരസ്കാരം നേടി. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചന് മികച്ച സഹനടനായും സത്യഭാമയിലെ പ്രകടനത്തിന് കാജല്‍ അഗര്‍വാള്‍ മികച്ച നടി -ക്രിട്ടിക്സ് പുരസ്കാരവും നേടി. തമിഴിൽ എട്ട് പുരസ്കാരങ്ങളുമായി അമരന് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
ശിവകാര്ത്തികേയന് മികച്ച നടനായും സായ് പല്ലവി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജ്കുമാര് പെരിയസാമി മികച്ച സംവിധായകനായി. മെയ്യഴഗന് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മികച്ച നടന് -ക്രിട്ടിക്സ് പുരസ്കാരവും കാര്‍ത്തി മികച്ച സഹനടന്‍ പുരസ്കാരവും സ്വന്തമാക്കി. തങ്കലാനിലെ പ്രകടനത്തിന് പാര്‍വതി തിരുവോത്തും ലബ്ബര്‍ പന്തിന് സ്വാസികയും മികച്ച സഹനടിക്കുള്ള പുരസ്കാരം പങ്കിട്ടു.
കന്നഡയില്‍ ശാഖാഹാരി മികച്ച ചിത്രമായും ശ്രീമുരളി മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അക്ഷത പാണ്ഡവപുരയാണ് മികച്ച നടി. അന്തരിച്ച നടന് ശ്രീനിവാസനും ശ്രീകുമാരന്‍ തമ്പിക്കും ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചു. തെന്നിന്ത്യൻ താരം ഭാവനയ്ക്ക് സിനി ഐക്കൺ അവാർഡും സമ്മാനിച്ചു.
News
വിവാഹിതരാകാൻ പോകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ആരാധകർ തങ്ങളെ വിളിച്ചിരുന്ന വിരോഷ് എന്ന പേര് തന്നെയാണ് വിവാഹചടങ്ങിനായും ഉപയോഗിക്കുന്നതെന്ന് ഇരുവരും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിജയ് ദേവരകൊണ്ടയുടെയും രശ്മികാ മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ വിരോഷ് എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്.
‘‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഒരുപാട് സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. 'വിരോഷ്' എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്.
'വിരോഷിന്റെ വിവാഹം' എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്നേഹം.’’രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ വിവാഹത്തിന് ശേഷം, മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Star Chat
ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വാസിക്കുമോ എന്നീ സിനിമകള്‍ക്കുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം ഫീൽഗുഡ് ഫാമിലി ഹിറ്റായി മുന്നേറുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച ഒരച്ഛന്റെയും മകന്റെയും ആശകളുടെ കഥയാണു സിനിമ.
മെഡിക്കല്‍ റെപ് ഹരിഹരനായി ജയറാമും സോഷ്യൽ മീഡിയ സ്റ്റാർ ജൂണിയർ പ്രിൻസ് അജീഷ് ഹരിഹരനായി കാളിദാസും അച്ഛൻ-മകൻ രസതന്ത്രങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നിറയ്ക്കുന്നു. ജി. പ്രജിത്ത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...
ഈ സിനിമയിലേക്ക് എത്തിയത്..?
News
ബ്രിട്ടീഷ് അക്കാദമി ഫിലിം പുരസ്കാരത്തിൽ (ബാഫ്ത) തിളങ്ങി മണിപ്പൂരി ചിത്രം ബൂംഗ്. സൂട്ടോപിയ 2, ലിലോ ആൻഡ് സ്റ്റിച്ച് എന്നീ ഹോളിവുഡ് സിനിമകളെ പിന്തള്ളിയാണ് മികച്ച കുട്ടികളുടെയും കുടുംബ സിനിമയുടെയും വിഭാഗത്തില്‍ ലക്ഷ്മിപ്രിയ ദേവിയുടെ സിനിമ ഒന്നാമതെത്തിയത്.
മണിപ്പൂർ പശ്ചാത്തലമാക്കിയ ഈ ചിത്രം തന്റെ അച്ഛനെ കണ്ടെത്താൻ അതിർത്തികൾ താണ്ടി യാത്ര ചെയ്യുന്ന ബൂംഗ് എന്ന കുട്ടിയെ കേന്ദ്രീകരിച്ചുള്ളതാണ്. അച്ഛൻ മരിച്ചുപോയി എന്ന അഭ്യൂഹങ്ങൾ വിശ്വസിക്കാൻ കൂട്ടാക്കാതെ മണിപ്പൂരിൽ ഒരു പുറംനാട്ടുകാരനായി കണക്കാക്കപ്പെടുന്ന തന്റെ ഉറ്റ സുഹൃത്ത് രാജുവിനോടൊപ്പമുള്ള യാത്രയ്ക്കിടയിൽ ബൂംഗ് നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ലക്ഷ്മിപ്രിയ ദേവിയുടെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്.
പോൾ തോമസ് ആൻഡേഴ്സൺ സംവിധാനംചെയ്ത ബ്ലാക് കോമഡി ആക്ഷൻ- ത്രില്ലർ ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ ആറു പുരസ്കാരങ്ങൾ നേടി. മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെയാണിത്.
റയാൻ കൂഗ്ലറുടെ സിന്നേഴ്സ് മൂന്നു പുരസ്കാരങ്ങൾ സ്വന്തമാക്കി. കിർക്ക് ജോൺസിന്റെ ഐ സ്വയർ, സിന്നേഴ്സിനൊപ്പമെത്തി.
പ്രധാനപുരസ്കാരങ്ങൾ
മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച നടി- ജെസി ബക്ലി (ഹാംനെറ്റ്)
മികച്ച നടൻ- റോബർട്ട് അർമായോ (ഐ സ്വയർ)
മികച്ച സംവിധായകൻ- പോൾ തോമസ് ആൻഡേഴ്സൺ (വൺ ബാറ്റിൽ ആഫ്റ്റർ അനദർ)
ഇംഗ്ലീഷ് ഇതര മികച്ച ചിത്രം- സെന്റിമെന്റൽ വാല്യു
മികച്ച അവലംബിത തിരക്കഥ- പോൾതോമസ് ആൻഡേഴ്സൺ (വൺബാറ്റിൽ ആഫ്റ്റർ അനദർ)
ഒറിജിനൽ സ്കോർ- സിന്നേഴ്സ്
ഛായാഗ്രാഹണം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ചിത്രസംയോജനം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
ഒറിജിനൽ തിരക്കഥ-(റയാൻ കൂഗ്ലർ) സിന്നേഴ്സ്
ഡോക്യുമെന്ററി- മിസ്റ്റർ നോബഡി എഗെയ്ൻസ്റ്റ് പുതിൻ
മികച്ച കുട്ടികൾക്കുള്ള കുടുംബചിത്രം- ബൂംഗ്
News
മലയാള സിനിമാ താരസംഘടനയായ അമ്മയിൽ വീണ്ടും വാക്പോര്. പരസ്പരം പോർവിളിക്കുന്ന നടിമാരുടെ ശബ്ദസംഭാഷണങ്ങൾ പുറത്തുവന്നു. വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയുടേയും എക്സിക്യൂട്ടിവ് അംഗം നീന കുറിപ്പിന്റെയുമെന്ന് സംശയിക്കുന്ന ശബ്ദസന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ അമ്മ സംഘടനയെ നാണം കെടുത്തുന്ന രീതിയിലാണ് സംഭവങ്ങൾ വികസിക്കുന്നത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന അമ്മയുടെ കുടുംബസംഗമത്തിലെ പരിപാടികളെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായതെന്നാണ് സൂചന.
‘ഗതികിട്ടാതെ നരകിച്ച് ചാകും, പുഴുത്ത് പുഴുത്ത് ചാകും’ എന്നും തുടങ്ങിയ ശാപവാക്കുകളും വ്യക്തിപരമായ അധിക്ഷേപങ്ങളും നിറഞ്ഞ ഓഡിയോ സന്ദേശങ്ങളാണ് ലക്ഷ്മിപ്രിയ ആഭ്യന്തര ഗ്രൂപ്പിലിട്ടത്.
ലക്ഷ്മിപ്രിയയുടെ ഈ പ്രതികരണം അതിരുവിട്ടതാണെന്നും സംഘടനയുടെ അന്തസിന് ചേരാത്തതാണെന്നും ചൂണ്ടിക്കാട്ടി നീനാ കുറുപ്പും രംഗത്തെത്തി.
കഴിഞ്ഞ ദിവസം നടന്ന കുടുംബസംഗമത്തിനിടെ ലക്ഷ്മിപ്രിയ കോഡിനേറ്റ് ചെയ്ത പ്രോഗ്രാമിൽ ഒരു കുട്ടിയെ സ്റ്റേജിൽ കയറാൻ നീന അനുവദിച്ചില്ല എന്ന തർക്കമാണ് ഇത്ര വലിയ വാക്പോരിലേക്ക് കലാശിച്ചത്.
ലക്ഷ്മിപ്രിയയുടെ ഓഡിയോ മെസേജിന്റെ പൂർണരൂപം
നീനാ കുറുപ്പേ, മാഡം നിങ്ങൾ എത്ര വലിയ സ്ത്രീ ആണെങ്കിലും നിങ്ങൾക്ക് ഒരുപാട് പേരുടെ ശാപം ഉണ്ടാകും. നിങ്ങൾ ഗതി കിട്ടാതെ നരകിച്ച് നരകിച്ച് നരകിച്ചേ ചാവുകയുള്ളൂ ഞാൻ എഴുതി വച്ചു തരാം. നിങ്ങൾ ഇതിന്റെ പേരിൽ എന്നെക്കുറിച്ച് എന്ത് പരാതി പറഞ്ഞാലും എന്ത് കോപ്പ് ചെയ്തു എന്ന് പറഞ്ഞാലും എനിക്കൊരു പുല്ലും ഇല്ല.
ഞങ്ങളുടെ ഡാൻസ് കഴിഞ്ഞിട്ട് എത്ര സമയം കഴിഞ്ഞാണ് നിങ്ങളുടെ ഫാഷൻ ഷോ ഉള്ളത്. എനിക്കറിയാലോ, ഞാൻ ഇതിനകത്തുള്ള ഒരു കോർഡിനേറ്റർ തന്നെയല്ലേ. ഏത് പ്രോഗ്രാം കഴിഞ്ഞിട്ട് ഏത് എങ്ങനെ എന്നുള്ളതെന്ന് എനിക്കറിയാം.
കോസ്റ്റ്യൂം ഇട്ടു നിന്ന ഒരു കൊച്ചിനെ സ്റ്റേജിൽ കയറാൻ നിങ്ങൾ സമ്മതിച്ചിട്ടില്ല. എന്നിട്ട് എന്തായി എന്തെങ്കിലും ഒരു കാര്യത്തിൽ മാന്യമായി സ്റ്റേജിൽ കയറാനോ, വിളക്ക് കത്തിക്കുന്നിടത്ത് നിൽക്കാനോ, ലാലേട്ടനെ ആദരിക്കുന്നിടത്ത് നിൽക്കാനോ നിങ്ങൾക്ക് സാധിച്ചിട്ടുണ്ടോ?.
നിങ്ങളുടെ അടുത്ത് വേണ്ട വേണ്ട വേണ്ട വേണ്ട എന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. നിങ്ങൾ എന്ത് പട്ടി ഷോയാണ് സ്ത്രീയെ ഞങ്ങളുടെ പ്രോഗ്രാം സ്ഥലത്ത് കിടന്ന് കാണിച്ചത്. പൂവും മായും കായും ഒക്കെ പറഞ്ഞു, നിങ്ങൾ എന്തു പന്ന സ്ത്രീയാണ്. നിങ്ങൾ ഒരു സ്ത്രീ തന്നെയാണോ.
സ്ത്രീ എന്ന് പറയുമ്പോൾ അതിന് കുറച്ചുകൂടെ മാന്യതയുണ്ട്. സ്ത്രീകൾക്ക് പോലും ഒരു അപമാനമാണ് നിങ്ങൾ, വിഷമാണ് നിങ്ങൾ. നിങ്ങളാണ് ഈ സംഘടനയിലെ ഏറ്റവും വിഷം നിറഞ്ഞ സ്ത്രീ. ഈ പാവം ആ കൊച്ച് പ്രോഗ്രാമിന് വേണ്ടി ഒരുങ്ങി നിന്നിട്ട്, എത്ര സമയം കഴിഞ്ഞിട്ടാണ് നിങ്ങളുടെ ഐറ്റം. നിങ്ങൾൾക്ക് അസൂയ കൊണ്ട് മാത്രമാണ്.
ആ കൊച്ചിന് എന്നെ ആ വിവരം അറിയിക്കാനുള്ള ഒരു സമയം പോലും നിങ്ങൾ കൊടുത്തിട്ടില്ല. നിങ്ങൾ എന്താ മാനത്തു നിന്ന് പൊട്ടി വീണതാണോ, നിങ്ങളുടെ തലയിൽ കൂടെ ആണോ ഈ ‘അമ്മ’ അസോസിയേഷനിലെ 504 അംഗങ്ങളുടെയും കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
നീനാ കുറുപ്പേ പറ, നിങ്ങൾ പറ, നിങ്ങളെ കൊണ്ട് ഞാൻ ഇതിന് സമാധാനം പറയിപ്പിക്കും. നിങ്ങൾ കരയും, ഞങ്ങൾക്ക് ആർക്കെങ്കിലും നിങ്ങളെ വ്യക്തിപരമായിട്ട് ഇഷ്ടമുണ്ടോ. നമ്മൾ സ്നേഹം കൊടുത്താണ് സ്നേഹം മേടിക്കേണ്ടത്, ബഹുമാനം കൊടുത്താണ് ബഹുമാനം മേടിക്കേണ്ടത്.
ഇലക്ഷന് മുമ്പ് എല്ലാ മനുഷ്യരെയും നിങ്ങൾ ഓടി നടന്ന് വിളിച്ചു പറഞ്ഞു, ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല അത്, ലക്ഷ്മിപ്രിയയ്ക്ക് വോട്ട് കൊടുക്കരുത് എന്ന്. അതിന്റെ തെളിവ് സഹിതം ഞങ്ങളുടെ കൈയിൽ ഉണ്ട്. എനിക്ക് അത് പുല്ല് ആണ്. ഈശ്വരനാണ് നീനാക്കുറിപ്പ് അല്ല, ലക്ഷ്മിപ്രിയയുടെ ജാതകം എഴുതുന്നത്. നീനാ കുറിപ്പിന് ഒരു ഉണ്ടയും സാധിക്കില്ല ഈ ലോകത്ത്.
ഇത്രയും വലിയ ലോകത്തിൽ നിങ്ങൾ എന്താണ്, അല്ലെങ്കിൽ ഞങ്ങൾ എന്താണ്, നമ്മൾ ആരാണ് അത് നിങ്ങൾ വിചാരിക്കണം. പൊട്ടക്കുഴിയിലെ തവളയ്ക്ക് ഇതാണ് സ്വർഗലോകം എന്ന്. ഭക്ഷണ കാര്യത്തിൽ ഇടപെടുന്നു, ഡാൻസിന്റെ കാര്യത്തിൽ ഇടപെടുന്നു, അതിൽ ഇടപെടുന്നു ഇതിൽ ഇടപെടുന്നു. നിങ്ങൾ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിൽ ഞങ്ങൾ ഇത്രയും 16 അംഗങ്ങൾ ഉണ്ടല്ലോ ഞങ്ങൾ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോ സ്ത്രീയെ.
അവനവനെ ഏൽപ്പിക്കുന്ന ജോലി അവനവൻ ചെയ്യണം മനസ്സിലായോ, ഞങ്ങൾ ഇത്ര ആൾക്കാരുടെ ശാപം നിങ്ങൾക്ക് എന്തായാലും ഉണ്ടാകും. ഞങ്ങളുടെ ആ പ്രോഗ്രാമിന് അത് എങ്ങനെ ബാധിച്ചു എന്നുള്ളത് നിങ്ങൾക്ക് അറിഞ്ഞുകൂടാ. നിങ്ങൾ ചെയ്യുന്ന ഒരു പ്രോഗ്രാമിൽ ഞാനാണ് നിങ്ങളുടെ ഒരു ആർട്ടിസ്റ്റിനെ ഇങ്ങനെ കൊണ്ടുവന്നിട്ട് വിടാതെ തടസ്സപ്പെടുത്തി പിടിച്ചു വച്ചാൽ.. നിങ്ങൾ ചെയ്തത് ഒട്ടും മര്യാദയായില്ല.
പിന്നെ നിങ്ങൾ അർഹിക്കുന്ന രീതിയിലേ നിങ്ങൾക്ക് കിട്ടുകയുള്ളൂ. നിങ്ങൾ അവിടെ കിടന്ന് എന്തൊക്കെയാണ് കാണിച്ചുകൂട്ടിയത്. ഒന്ന് റിവൈൻഡ് ചെയ്തു നോക്കിക്കേ, നിങ്ങൾക്ക് എന്തെങ്കിലും മാനസികപ്രശ്നം ഉണ്ടെങ്കിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം.
അതല്ലാതെ വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിൽ അതിന് നിങ്ങളാണ് പരിഹാരം കണ്ടെത്തേണ്ടത്. അതിന് ഞങ്ങൾ 16 പേർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല. അവനവൻ ഒന്ന് ഒതുങ്ങണം ആദ്യമേ, ഞങ്ങൾ ഒക്കെ തലയിൽ കൂടെ വണ്ടി ഓടി തന്നെയാണ് നടന്നത്. ഇവിടെയുള്ള 16 പേരും ഈക്വലി എഫർട്ട് എടുത്തിട്ടുണ്ട്.
സന്തോഷ് കീഴാറ്റൂർ ചേട്ടൻ ഇവിടെ ഇല്ലായിരുന്നു എന്നുള്ളതേയുള്ളൂ അപ്പോഴപ്പോ ഓരോ കാര്യങ്ങൾ അദ്ദേഹം നമ്മളെ വിളിച്ച് ചോദിക്കുകയും ആ ടെൻഷൻ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. മനസുകൊണ്ട് ചേട്ടൻ നമ്മുടെ കൂടെ ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവർക്ക് ഏൽപ്പിച്ച ജോലി ചെയ്തു. നിങ്ങൾക്ക് എന്ത് എന്ത് എക്സ്ട്രാ ഫിറ്റിംഗ് ആണ് വന്നത്.
എനിക്ക് നിങ്ങളെ വിളിച്ച് സംസാരിക്കാൻ താല്പര്യമില്ല, എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ഞാൻ ഇവർക്ക് എന്ത് വൈരാഗ്യമാണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. തുടക്കം തൊട്ട് ഈ സ്ത്രീ എന്നോട് എങ്ങനെയാണ് പെരുമാറുന്നത്.
ഞാൻ ഇവരെ ഒഴിവാക്കി വിടുകയായിരുന്നു. അവർക്ക് എന്താ പ്രശ്നം എന്ന് എനിക്ക് അറിയില്ല. ആകെ ഒന്നോ രണ്ടോ പടത്തിലെ ഇവരുടെ കൂടെ അഭിനയിച്ചിട്ടുള്ളൂ. എന്തോ ഞാനും അവരുമായി ചേരില്ല എന്നാണ് ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ ഒരു കൃമി എപ്പോഴും ഒരു കൃമി ആയിരിക്കും.
ഒരു വിഷം എപ്പോഴും ഒരു വിഷം ആയിരിക്കും. നിങ്ങൾ ആരുമായിട്ടാ ചേരുന്നത്, നിങ്ങൾ ചേരുന്ന ഒരു വ്യക്തിയെ പറഞ്ഞു താ. എനിക്ക് നിങ്ങളോട് വൈരാഗ്യമൊന്നുമില്ല, ഇന്ന് നിങ്ങളെ വിളിച്ച് അഭിനന്ദിക്കണം എന്ന് കരുതിയിരുന്നതാണ്. എനിക്ക് തൊണ്ടയ്ക്ക് സുഖമില്ലാതിരുന്നിട്ടും ആന്റിബയോട്ടിക്സ് കഴിച്ചാണ് സംസാരിക്കുന്നത്. പക്ഷേ, സ്റ്റേജിൽ കയറാത്തതിന്റെ പേരിൽ ആ കുഞ്ഞിനെ എല്ലാവരും ചീത്ത പറഞ്ഞപ്പോൾ അവൾ കരഞ്ഞുകൊണ്ട് എനിക്ക് വോയിസ് മെസേജ് അയച്ചു. ഡ്രസ് ചെയ്ത് വന്ന ആ കുട്ടിയെ നിങ്ങൾ പിടിച്ചുവച്ചു.
നിങ്ങൾ ആരാണ്? ഇവിടുത്തെ പോലീസോ ? അതോ ‘അമ്മ’യുടെ പ്രസിഡന്റോ? ഇവരും ഒരു മെംബർ മാത്രമല്ലേ ശ്വേത ചേച്ചി, കുക്കു ചേച്ചി. നമ്മളെല്ലാം കഷ്ടപ്പെടുന്നത് ‘അമ്മ’ എന്ന കുടുംബത്തിന് വേണ്ടിയാണ്.
അല്ലാതെ വീട്ടുകാര്‍ക്ക് ഉണ്ടാക്കി കൊടുക്കാനാകല്ല. അവിടെയുള്ള അമ്മമാരുടെ കണ്ണുനീർ വീഴ്ത്തിയ നിങ്ങൾ പുഴുത്തു നരകിച്ചേ ചാകൂ. ഞങ്ങളുടെ എല്ലാവരുടെയും ശാപം നിനക്ക് ഉണ്ടാകും, നീ ഇത്ര വൃത്തികെട്ടവളാണെന്ന് എനിക്കറിയില്ലായിരുന്നു. ഇതിന്റെ പേരിൽ നീ കേസ് കൊടുത്താലും എനിക്കൊരു കുന്തവുമില്ല.
നീനാ കുറുപ്പേ എഴുതിവച്ചോ, നിന്റെ അന്ത്യം ഞങ്ങൾ കാണും. എന്റെ ആത്മാവെങ്കിലും കാണും. നീ പുഴുത്ത് പുഴുത്ത് ചാകും. ഇതിന്റെ പേരിൽ എന്ത് നടപടി വന്നാലും എനിക്കൊന്നുമില്ല. നിങ്ങൾ ആരാണ് ഞങ്ങളുടെ ആണുങ്ങളെക്കുറിച്ച് ഒക്കെ മോശം പറയാൻ? നിങ്ങൾക്ക് പ്രിയപ്പെട്ടവർ മാത്രമേ ഇതിനകത്തുള്ളോ? ഞങ്ങൾക്ക് എല്ലാവരും ഒരുപോലെയാണ്. പലരും നിന്നോട് എതിർത്ത് പറഞ്ഞ് ഞങ്ങളുടെ കൂടെ നിന്നിട്ടുണ്ട്.
ഞാൻ വിചാരിച്ചിരുന്നത് നിങ്ങൾക്ക് എന്നോട് മാത്രമേ പ്രശ്നമുള്ളൂ എന്നാണ്. ചിലരുടെ എനർജീസ് തമ്മിൽ ചേരുന്നുണ്ടാവില്ല, നമ്മളോട് അവർ ഒരു ശത്രുതയും ചെയ്തിട്ടുണ്ടാവില്ല പക്ഷേ നമുക്ക് അവർ ശത്രുക്കൾ ആയിരിക്കും. എനിക്ക് നിങ്ങളോട് ഒന്നുമില്ല, പക്ഷേ നിങ്ങൾക്ക് എന്നോട് അങ്ങനെയാണെന്നാണ് ഞാൻ അങ്ങനെ വിചാരിച്ചിരുന്നത്.
നിങ്ങൾക്ക് എന്ത് കഴിവാണ് ഉള്ളത്, അതൊന്നു പറ. ഈ ആളുകളുടെ അടുത്ത് വഴക്കിടാനും അവരുടെ മേത്ത് കുതിര കയറാനും അവരെയൊക്കെ ചീത്തപറയാനും അവരെ വെറുപ്പിക്കുക എന്നല്ലാതെ എന്ത് കഴിവുണ്ട്.
നിങ്ങൾ ആരാ വിശ്വോത്തര നടിയോ? നിങ്ങൾക്ക് എങ്ങനെയാണ് ഈ ‘അമ്മ’യിൽ മെമ്പർഷിപ്പ് കിട്ടിയെന്ന് പോലും എനിക്കറിയില്ല. നിങ്ങൾ എന്ത് ക്യാരക്ടർ ആണ് അഭിനയിച്ചിട്ടുള്ളത്. എന്തോ ഈശ്വര ഭാഗ്യം ഉള്ളതുകൊണ്ട് നിങ്ങൾ സിനിമയിൽ വന്നു, നിങ്ങൾ ഇത്രയും വലിയ മഹത്തായ ഒരു സംഘടനയിൽ മെമ്പർ ആയി. അത്രയേ ഉള്ളൂ നീനാ കുറുപ്പ് മാഡം അത്രയേ ഉള്ളൂ.
നിങ്ങൾക്ക് നന്നായി സംസാരിക്കാൻ പോലും അറിയില്ല, നാക്ക് പോലും നിങ്ങൾക്ക് തിരിയില്ല. ചേമ്പ് പുഴുങ്ങിയത് വായിൽ ഇട്ടത് പോലെയാണ് നിങ്ങൾ സംസാരിക്കുന്നത്. ഇംഗ്ലിഷ് പറഞ്ഞാലും മലയാളം പറഞ്ഞാലും അത് ആൾക്കാർക്ക് മനസിലാവില്ല. പിന്നെ സൗന്ദര്യം, നിങ്ങളെക്കാളും സൗന്ദര്യമുള്ള ആൾക്കാരുണ്ട്, നിങ്ങൾ എന്റെ അമ്മയെ കണ്ടു നോക്കണം.
എന്റെ അമ്മ എന്ത് സുന്ദരിയാണ്, എന്റെ അമ്മയുടെ പെരുമാറ്റം എന്ത് നല്ല പെരുമാറ്റമാണ്. നിങ്ങളുടെ പ്രായത്തെ മാത്രമേ ഞാൻ ബഹുമാനിക്കുന്നുള്ളൂ. അല്ലാതെ മലയാള സിനിമയ്ക്കോ ഈ സമൂഹത്തിനോ നിങ്ങൾ എന്തെങ്കിലും ചെയ്തതതായി എന്റെ അറിവിൽ ഇല്ല. നിങ്ങൾ ചെയ്ത ക്യാരക്ടേഴ്സ് ചെയ്യാൻ ഇവിടെ ആയിരം പേരുണ്ട്. അല്ലെങ്കിൽ തന്നെ നിങ്ങൾ അഭിനയിച്ചു ഫലിപ്പിച്ച എന്ത് ക്യാരക്ടർ ആണ് ഇവിടെ ഉള്ളത്.
നിങ്ങൾ എന്തുവേഷം കെട്ടാണ് ഈ കാണിക്കുന്നത്, ചെറുപ്പമായിരിക്കുന്നതാണോ? അതിനെ ഞാൻ പ്രശംസിക്കുന്നു, അത് നിങ്ങളുടെ മിടുക്ക്. അതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. നര വീണാൽ നര ഇട്ടു നടക്കും, വണ്ണം വച്ചാൽ വണ്ണം ഞാൻ ഉള്ളതുപോലെ നടക്കും.
സൗന്ദര്യം എന്ന് പറയുന്നത് ഒരു ഘടകമേ അല്ല. നമ്മുടെ മനസിനാണ് സൗന്ദര്യം വേണ്ടത്. നിങ്ങളുടെ മനസ്സ് മൊത്തം വിഷം മാത്രമാണ്. ഞാൻ വീണ്ടും പറയുന്നു, നിങ്ങൾ ഗതി പിടിക്കില്ല. ഇത് എല്ലാവരും അറിയാൻ വേണ്ടി ഞാൻ പരസ്യമായി പറയുന്നു. സത്യത്തിൽ സ്റ്റേജിൽ മൈക്ക് എടുത്ത് പറയേണ്ട കാര്യമാണ് ഞാൻ ഇപ്പോൾ ഗ്രൂപ്പിൽ പറയുന്നത്. ഇക്കാര്യം 17പേരിൽ നിന്നാൽ നിന്നു, ഇത് ഔട്ട് ആയി പോകണമെങ്കിൽ ഔട്ട് ആയി പോകട്ടെ.
നിങ്ങൾ അവിടെ എന്താണ് കാണിച്ചു കൂട്ടിയത്. എന്ത് സമ്മർദമാണ് ആളുകൾക്ക് കൊടുത്തത്. നിങ്ങൾ കാരണം രാത്രി 12:30 ക്ക് മീറ്റിംഗ് വിളിക്കേണ്ടി വരുന്നു. കാറ്ററിംഗിനു വന്ന ആളുകൾപോലും ഇതെന്താണെന്ന് ചോദിക്കുകയുണ്ടായി. ഇതാണോ നമ്മൾ കൊടുക്കേണ്ട സാമൂഹിക സന്ദേശം.
സംഘടനയുടെ സൽപ്പേര് നിലനിർത്താനുള്ള ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട്. നിങ്ങൾ അവിടെ കിടന്ന് ചീത്ത പറയുമ്പോൾ അത് കണ്ടുകൊണ്ട് നിൽക്കുന്ന ആൾക്കാരുണ്ട്. ആരെങ്കിലും ഇതൊക്കെ എടുത്ത് യൂട്യൂബ് വിഡിയോയിൽ ഇട്ടാൽ ഇപ്പോൾ കിട്ടുന്ന സ്പോൺസേഴ്സിനെ പോലും കിട്ടില്ല. നമ്മൾ ജോലി ചെയ്യുന്നത് പാവപ്പെട്ട അമ്മമാർക്ക് അന്നം മേടിക്കാനും മരുന്ന് മേടിക്കാനുമാണ്. .
ഞാൻ ഇസി (എക്സിക്യൂട്ടിവ് കമ്മിറ്റി) മെമ്പർമാരെ എന്റെ പ്രതിഷേധം അറിയിക്കുന്നു. ഇന്ന് രാവിലെ രാജിവയ്ക്കുന്നതിനെപ്പറ്റി ചിന്തിച്ചാണ് ഞാൻ ഉണർന്നത്. അപ്പോഴാണ് ആ കുട്ടിയുടെ വോയ്സ്നോട്ട് കിട്ടുന്നത്. നിങ്ങൾ നാക്കിനെ നിയന്ത്രിക്കണം. ആ കുഞ്ഞിനോടും ഒരു ശത്രുതയുമില്ല. നിങ്ങൾ ഒരു സാമൂഹിക വിപത്താണ്.
സ്റ്റേജിൽ ഒരു കമ്മിറ്റ്മെന്റ് ഉണ്ട്. എല്ലാവർക്കും ആശങ്കയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. പരസ്പരം ചോദിച്ചാൽ മാത്രമാണ് കാര്യങ്ങൾ അറിയൂ. ഇത്രയും പ്രശ്നങ്ങൾ സ്റ്റേജിൽ ഉണ്ടായിട്ട് എന്നോടു വന്ന് എന്തെങ്കിലും ചോദിച്ചോ? രണ്ടര മണിക്കൂർ ലൈവ് നാടകം ചെയ്യുന്നത് നിനക്ക് ആലോചിക്കാൻ പോലും പറ്റില്ല. ഞാനത് ചെയ്തിട്ടുണ്ട്.
സ്റ്റേജിൽ ഒരു ആർട്ടിസ്റ്റ് വന്നില്ലെങ്കിൽ ആ നിമിഷം അനുഭവിക്കുന്ന ടെൻഷൻ നിനക്കറിയുമോ? ആ കുട്ടിക്ക് വരാൻ പറ്റില്ലെങ്കിൽ നിനക്ക് എന്നോട് ഒന്ന് പറയാമായിരുന്നു. അപ്പോൾ പകരത്തിനൊരു സംവിധാനം ചെയ്യാൻ പറ്റും. സ്റ്റേജിൽ കയറുമ്പോഴാണ് അറിയുന്നത് ഈ കുട്ടി ഇല്ലെന്ന്, എന്നിട്ട് എന്തെങ്കിലും കുഴപ്പം ഡാൻസിനു പറ്റിയോ? ഞാൻ വിശ്വോത്തര നർത്തകിമാരെ കൊണ്ടല്ല പ്രോഗ്രാം ചെയ്യിച്ചത്.
ഞാൻ എന്റെ അമ്മമാരെക്കൊണ്ടാണ് പെർഫോം ചെയ്യിപ്പിച്ചത് ? കിഡ്നി സർജറി കഴിഞ്ഞ വിചിത്ര ആന്റി, മുട്ട് സർജറി കഴിഞ്ഞ ദീപിക ആന്റി, 80 വയസ്സുള്ള കൃഷ്ണൻ അങ്കിൾ, 68 വയസ്സുള്ള ശിവൻ ചേട്ടൻ എന്നിവരെ കൊണ്ടാണ് ഞാൻ ചെയ്യിപ്പിച്ചത്.
ഒന്നേകാൽ ദിവസം കൊണ്ടാണ് ഞങ്ങൾ അത് പഠിപ്പിച്ചത്. സ്റ്റേജിൽ കയറിയപ്പോൾ അവർ അനുഭവിച്ച ഒരു സന്തോഷം ഉണ്ടല്ലോ ആ സന്തോഷമാണ് എനിക്ക് അനുഗ്രഹമായി വരുന്നത്. ആ സന്തോഷം ഞാൻ നല്ലപോലെ അനുഭവിക്കുന്നുണ്ട്. ഇപ്പോഴും എൻറെ മനസ്സ് നിറഞ്ഞാണ് ഇരിക്കുന്നത്.
ആ മനസ് നിറഞ്ഞു തന്നെ നിങ്ങളെ ഞാൻ ശപിക്കുകയും ചെയ്യും. ഒരാളോടും ചെയ്യരുത് ഇങ്ങനെയൊന്നും. ലക്ഷ്മിപ്രിയ എന്ന് പറഞ്ഞ വ്യക്തി ആയതുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇപ്പോൾ എനിക്ക് നിങ്ങളുടെ സ്വഭാവം മനസ്സിലായി. നിങ്ങൾ എല്ലാവരോടും ഇങ്ങനെ തന്നെയാണ്.
നിങ്ങൾക്ക് ഈ ലോകത്തോട് മുഴുവനും വെറുപ്പാണ്. വിദ്വേഷം കൊണ്ടാണ് നിങ്ങൾ നടക്കുന്നത്. നിങ്ങൾ ജീവിതത്തിൽ ചതിക്കുകയും വഞ്ചിക്കുകയും പറ്റിയഒക്കെ ചെയ്തിട്ടുണ്ടാവും. സ്ത്രീകളോട് മാത്രമാണ് വെറുപ്പ് എന്ന് ഞാൻ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ നിങ്ങൾക്ക് പുരുഷന്മാരോടും വെറുപ്പാണ്.
നിങ്ങൾക്ക് ഈ ലോകത്തുള്ള സകലതിനോടും വെറുപ്പാണ്. പുച്ഛമാണ് നിങ്ങളുടെ സ്ഥായി ഭാവം. നിങ്ങൾക്ക് ഇല്ലാത്തതും ഞങ്ങൾക്ക് ഉള്ളതും ആയ ഒരു സാധനം ഉണ്ട് വിവേകബുദ്ധി. നിനക്ക് വിവേകബുദ്ധിയില്ല. കാണിച്ചത് വെറും ചെറ്റത്തരവും തെമ്മാടിത്തരവുമാണ്.’’
ലക്ഷ്മിപ്രിയയ്ക്ക് നീന കുറുപ്പ് നൽകിയ മറുപടി ഇങ്ങനെ
‘‘ലക്ഷ്മി, ഇപ്പോൾ എനിക്കിത് പറയാതെ വയ്യ. നിങ്ങൾ ഇപ്പോൾ സംസാരിച്ചത് വളരെ വളരെ മോശമായ രീതിയിലാണ്. ഇതിന്റെ പേരിൽ നടപടി എടുക്കുമോ എന്നതല്ല ഇവിടുത്തെ പ്രധാന പ്രശ്നം. ലക്ഷ്മി ഇപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം 'അമ്മ' എന്ന സംഘടനയുടെ അന്തസിന് ചേരാത്തതാണ്.
മറുഭാഗത്ത് എന്ത് പ്രശ്നമുണ്ടായിട്ടുണ്ടെങ്കിലും അത് ഒരു പരാതിയായി എഴുതി നൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ആ പരാതി ഈ ഗ്രൂപ്പിൽ ഇത്തരത്തിലല്ല അവതരിപ്പിക്കേണ്ടത്. ഇപ്പോൾ നിന്റെ ഈ സംസാരത്തിലൂടെ മറ്റു 16 പേരെ കൂടി നീ മോശക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
‘അമ്മ’യിലെ ഒരംഗം പോലും ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല. എന്ത് എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിലും അത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ കൊണ്ടുവരാം അല്ലെങ്കിൽ നേരിട്ട് പറയാം. പക്ഷേ, ഒരു 'അമ്മ' മെമ്പർ പെരുമാറേണ്ട രീതി ഇതല്ല. ഒരു പ്രോഗ്രാമിനിടെ എന്ത് പ്രശ്നമുണ്ടായാലും ഇത്തരത്തിൽ പ്രതികരിക്കുന്നത് തെറ്റാണ്. ഇത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണ്.
ലക്ഷ്മിക്ക് സ്വന്തം വികാരങ്ങളും ദേഷ്യവും എതിർപ്പും ഒക്കെ ഉണ്ടാകാം, അതിനെയെല്ലാം ഞാൻ ബഹുമാനിക്കുന്നു. ആര് തെറ്റ് ചെയ്തു, ആര് ശരി ചെയ്തു എന്നതൊക്കെ എനിക്ക് മനസ്സിലാക്കാൻ സാധിക്കും. എങ്കിലും, ആരാണെങ്കിലും ശരി, ഇതുപോലെയുള്ള പ്രതികരണങ്ങളും സംസാര രീതിയും അത് സംസാരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെയാണ് പുറത്തുകാണിക്കുന്നത്. ഇങ്ങനെ സംസാരിക്കരുത്; ഇതല്ല അമ്മ.’’
News
മക്കൾ ഇതുവരെയും തന്റെ ചിത്രങ്ങളൊന്നും കണ്ടിട്ടില്ലെന്ന് നടി ശാലിനി. ജെഎഫ്ഡബ്ല്യു മൂവി അവാർഡ്സ് 2026-ന്റെ വേദിയിൽ വെച്ചാണ് ശാലിനിയുടെ ഈ കൗതുകകരമായ വെളിപ്പെടുത്തൽ.
എന്റെ ഒരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?’ എന്ന് വേദിയിൽ വെച്ച് മക്കളോട് തമാശരൂപേണ താരം അഭ്യർത്ഥിച്ചു. സിനിമ കാണാൻ പലതവണ പദ്ധതിയിടുമെങ്കിലും പിന്നെയാകാം എന്ന് പറഞ്ഞ് മക്കൾ അത് മാറ്റിവയ്ക്കുകയാണ് പതിവെന്നും തന്റെ സിനിമകളിലെ പാട്ടുകൾ കാണുന്നതല്ലാതെ പൂർണരൂപത്തിൽ ഒരു ചിത്രം പോലും അവർ കണ്ടിട്ടില്ലെന്നും ശാലിനി വെളിപ്പെടുത്തി.
'എന്റെ മക്കൾ ഇതുവരെ എന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല. എപ്പോഴെങ്കിലും സിനിമ കാണാം എന്ന് പ്ലാൻ ചെയ്യുമ്പോൾ, ശരി, നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞ് അവർ അത് മാറ്റിവയ്ക്കും.
സത്യത്തിൽ, ഈ അവസരം ഉപയോഗിച്ച് എനിക്ക് എന്റെ മക്കളോട് ഒരു കാര്യം പറയാനുണ്ട്. മക്കളേ, ദയവുചെയ്ത് എന്റെ ഒരേയൊരു സിനിമയെങ്കിലും നിങ്ങളൊന്ന് കാണുമോ?
നമ്മൾ എന്തെങ്കിലും പ്ലാൻ ചെയ്യുമ്പോഴൊക്കെ അവർ 'പിന്നെയാകാം' എന്ന് പറഞ്ഞ് ഒഴിയുകയാണ് പതിവ്. ഈ അടുത്ത കാലത്ത് എന്റെ മകൾ എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'അമ്മേ, അമ്മയുടെ ഒരു ഗംഭീര സിനിമയെക്കുറിച്ച് എന്റെ കൂട്ടുകാരി പറഞ്ഞു. അതിന്റെ കഥ കേട്ടിട്ട് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു, നമുക്കിത് ഒരുമിച്ച് ഇരുന്ന് കാണണം' എന്ന്. അവൾ അന്ന് നല്ല ആവേശത്തിലായിരുന്നു, ഞാനും ശരിയെന്ന് സമ്മതിച്ചു. പക്ഷേ അതും നടന്നില്ല. അവർ എന്റെ സിനിമയിലെ പാട്ടുകൾ കാണും എന്നല്ലാതെ അതിൽ കൂടുതൽ ഒന്നും സംഭവിക്കാറില്ല'. ശാലിനി പറഞ്ഞു.
News
ദ് കേരള സ്റ്റോറി 2 സിനിമയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. ചിത്രത്തെ പ്രൊപ്പഗാണ്ട സിനിമയെന്ന് വിശേഷിപ്പിച്ച അനുരാഗ് സിനിമ നിർമിച്ചയാൾക്ക് പണത്തോടുള്ള അത്യാഗ്രഹമാണെന്നും കുറ്റപ്പെടുത്തി.
‘കേരള സ്റ്റോറി ഒരു ബുൾഷിറ്റ് പ്രൊപ്പഗാണ്ട ചിത്രമാണ്. ആരാണ് ഒരാളെ ഇങ്ങനെ ബീഫ് തീറ്റിക്കുക? ഖിച്ചഡി പോലും ഇങ്ങനെ ഒരാൾക്ക് കൊടുക്കില്ല. അവർ പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നത്.
ആളുകളെ ഭിന്നിപ്പിച്ചുകൊണ്ട് ചിലരെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്നു. സിനിമ നിർമിക്കുന്നവർ അത്യാഗ്രഹികളാണ്. പണമാണ് അവരുടെ ലക്ഷ്യം.’- അനുരാഗ് പറഞ്ഞു.
ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബിയോണ്ട് ദ് കേരള സ്റ്റോറി’. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ചിത്രത്തിന്റെ ട്രെയിലറിലെ വർഗീയ നിറഞ്ഞ രംഗങ്ങളും ഡയലോഗുകളുമാണ് വിമർശനങ്ങൾക്കാധാരം.
പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ ട്രോളുകൾക്കും വഴിവച്ചിരുന്നു. സംവിധായകരും അഭിനേതാക്കളുമടക്കം നിരവധിപ്പേരാണ് ചിത്രത്തിനെതിരെ പരസ്യ നിലപാടെടുത്തത്.
News
കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയായ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. സംവിധായകനായ ശ്യാമിൻ ഗിരീഷ് ആണ് നിലീന്റെ പ്രതിശ്രുത വരൻ. നിലീൻ തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
ദൈവം തനിക്കായി അയച്ചുതന്ന അനുഗ്രഹത്തെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് നിലീൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ഒരു സ്ത്രീയെ അനുഗ്രഹിക്കാൻ ദൈവം തീരുമാനിക്കുമ്പോൾ, അവളുടെ ആത്മാവിനെ തൊട്ടറിയുന്ന, അവളെ സ്നേഹത്തോടെ പരിചരിക്കുന്ന ഒരാളെ അവളുടെ ജീവിതത്തിലേക്ക് അയക്കുമെന്ന് പറയാറുണ്ട്.
2017-ൽ ദൈവം എനിക്കായി എന്റെ ആളെ അയച്ചുതന്നു. ഒരു കാമുകനായല്ല, മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വർഷങ്ങൾക്കിപ്പുറം, അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാൻ ഞാൻ ഒരുങ്ങുകയാണ്. ഞാൻ വെറുതെ വിവാഹിതയാവുകയല്ല... വർഷങ്ങൾക്ക് മുൻപ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാൻ വിവാഹം കഴിക്കുന്നത്.
‘കരിക്ക്’ വെബ് സീരീസിലൂടെയാണ് നിലീൻ സാന്ദ്ര ശ്രദ്ധേയായത്. നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിൽ നായികാ വേഷത്തിലെത്തിയ താരത്തിനു നിരൂപക പ്രശംസയും ലഭിച്ചു.
‘2018’ എന്ന ചിത്രത്തിലൂടെ നിലീൻ വീണ്ടും പ്രേക്ഷകരുടെ കയ്യടി നേടി. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച മൽസ്യത്തൊഴിലാളിയുടെ ഭാര്യയുടെ വേഷത്തിലാണ് നിലീൻ എത്തിയത്.
News
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും തമ്മിലുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ നടിയെ പരിഹസിച്ച് പ്രമോദ് ഷെട്ടി. രശ്മികയുടെ മുൻ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്താണ് പ്രമോദ് ഷെട്ടി.
തനിക്ക് ഇതുവരെ വിവാഹക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നും രശ്മിക തന്നെ വിളിക്കില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രശ്മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പോകുമെന്നും പറഞ്ഞ പ്രമോദ്, രക്ഷിത് ഷെട്ടി പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായി ഇരിക്കാൻ കൊച്ചു കുട്ടിയൊന്നുമല്ലെന്നും പരിഹാസച്ചിരിയോടെ കൂട്ടിച്ചേർത്തു.
പ്രമോദിറെ ഈ വീഡിയോ പുറത്തുവന്നതോടെ രശ്മികയുടെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
വർഷങ്ങൾക്കുമുൻപ് കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഈ വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
2018-ൽ പിരിഞ്ഞ ഒരു ബന്ധത്തെക്കുറിച്ച് ഇപ്പോഴും എന്തിനാണ് സംസാരിക്കുന്നതെന്ന് പലരും ചോദിക്കുന്നു.
2016-ൽ കിരിക് പാർട്ടിയിലൂടെ സിനിമയിൽ എത്തിയ രശ്മികയും രക്ഷിത് ഷെട്ടിയും അടുത്ത സുഹൃത്തുക്കളാകുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.
ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം 2017-ലാണ് നടന്നത്. എന്നാൽ ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ 2018-ൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്മികയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ബ്രേക്കപ് ആയി എട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു വേദിയിൽ എത്തിയ രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും പിണക്കങ്ങളൊന്നുമില്ലാതെ പരസ്പരം സ്നേഹം പങ്കുവച്ചത് വാർത്തയായിരുന്നു.
News
താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്റൈന്‍സ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി.
ഒടുവില്‍ ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മൃണാള്‍ പറഞ്ഞു.
ശരിയായ സമയത്ത് തന്റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ പടച്ചുവിട്ടവര്‍ക്ക് നടി നന്ദിയും പറഞ്ഞു.
അവരുടെ കണക്കുകൂട്ടലില്‍ എന്റെ കല്യാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു.
എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അതു ചെയ്തത്. ഞാൻ മൂന്നു കോടിയോ, ആറു കോടിയോ, പത്തു കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി- മൃണാൾ പറഞ്ഞു.
മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമിയറില്‍ നിന്നുള്ള ധനുഷും മൃണാളും അടുത്തിടപഴകുന്ന ഒരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോടു താരം പ്രതികരിച്ചത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു. ഇതും ഗോസിപ്പിന് ആക്കം കൂട്ടിയിരുന്നു.
News
മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇരുവർ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിന്റെ 1.15 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്.
കണ്ടും മിണ്ടിയും... ഇരുവർ. ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേർ എന്നാണ് അഭിമുഖത്തിന്റെ ടാഗ്ലൈൻ.
മോഹൻലാൽ ക്ലിഫ് ഹൗസിൽ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമകൾ രജനീകാന്തിന്റേതാണെന്ന് ഒരാൾ തന്നോട് പറഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ, പൊതുവിൽ ആക്ഷൻ പടങ്ങൾ ഇഷ്ടമുള്ള ആളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നു.
News
എഴുത്തുകാരി നവമിലതയുമായുള്ള റാപ്പർ വേടന്റെ വിവാഹം കഴിഞ്ഞു. തൃശൂരിലെ വേടന്റെ വീട്ടിൽ ലളിതമായി നടന്ന രജിസ്റ്റർ വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെമ്പുക്കാവ് സബ് രജിസ്ട്രാർ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. പിന്നാലെ പൂമലയിലെ റിസോർട്ടിൽ വിരുന്ന് സത്കാരവും ഒരുക്കി.
ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസത്തിലാണ് നിൽക്കുന്നത്. പ്രതീക്ഷിച്ചതിലും അടിപൊളിയായി പരിപാടികൾ നടന്നു. ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അതിനെല്ലാം കാരണം നിങ്ങളുടെ അനുഗ്രഹമാണ്. സന്തോഷമാണ്. വേടൻ പറഞ്ഞു.
വളരെ കുഞ്ഞ് പരിപാടിയായിരുന്നു. എന്റെ വീടുപോലും അലങ്കരിച്ചിട്ടില്ല. അത്രയും കുഞ്ഞ് പരിപാടിയാണ്. എന്റെ ആരാധകർക്ക് അത് മനസിലാവും. ഞങ്ങൾ രണ്ടുപേരും മാത്രമാണ് സുന്ദരന്മാരായി വന്നിരിക്കുന്നത്. ഭരണഘടനയെ സാക്ഷിനിർത്തിയാണ് വിവാഹം കഴിച്ചത്. ഭാവിയിൽ നമ്മുടെ മക്കൾക്കെല്ലാവർക്കും ഉപകരിക്കും' വേടൻ വിവാഹശേഷം പറഞ്ഞു.
നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുർത്തയും മുണ്ടുമാണ് വേടൻ ധരിച്ചത്. തൃശ്ശൂർ പെരിങ്ങണ്ടൂർ സ്വദേശിയാണ് വേടൻ. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമിലത.
News
അഖിൽ മാരാരോടുള്ള തന്റെ ഇഷ്ടക്കേട് പരസ്യമാക്കി നടി മല്ലിക സുകുമാരൻ. അഖിലിനെ ഒരു ട്രോളൻ ആയിട്ടാണ് താൻ കാണുന്നതെന്നും വ്യക്തമായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്ന് കരുതിയ ഒരാൾ ഇപ്പോൾ ജീവിതത്തിൽ അഭിനയിച്ചു നടക്കുകയാണെന്നും മല്ലിക പരിഹസിച്ചു.
മകൻ പൃഥ്വിരാജ് പുതിയ ആളുകൾക്ക് അവസരം നൽകുന്നില്ലെന്ന അഖിൽ മാരാരുടെ പ്രസ്താവനയാണ് മല്ലികയെ ചൊടിപ്പിച്ചത്.
പൃഥ്വിരാജ് തന്റെ സ്വന്തം നിർമാണ കമ്പനി വഴി ‘കുരുതി’ മുതൽ ഇങ്ങോട്ട് ചെയ്ത സിനിമകളിൽ നിരവധി പുതുമുഖ സംഗീത സംവിധായകർക്കും എഴുത്തുകാർക്കും കലാകാരന്മാർക്കും അവസരം നൽകിയിട്ടുണ്ടെന്നും മല്ലിക പറഞ്ഞു.
വഴിയേ പോകുന്ന ചെണ്ടക്കെല്ലാം എടുത്തിട്ട് അടിക്കുന്ന ഒരുത്തനാണ് അഖിൽ മാരാർ. അവനെ ആദ്യം ഞാൻ കാണുന്നത് കൊട്ടാരക്കര ഒരു ഫംഗ്ഷന് പോകുമ്പോഴാണ്.
ബിഗ് ബോസിൽ നിന്ന് വന്ന സമയത്താണ് അത്. അന്ന് ഞാൻ പരസ്യമായി പറഞ്ഞതാണ് സാമർഥ്യം ഉള്ള ഒരു ചെറുപ്പക്കാരനാണ് എന്ന്. ഇയാൾക്ക് സ്വന്തമായി വ്യക്തമായ അഭിപ്രായം ഉണ്ടാകുമെന്നു വിചാരിച്ചിരുന്നു, പക്ഷേ ഇല്ല ചുമ്മാതെയാ ഈ കാണിക്കുന്നത്. ഭയങ്കര അഭിനേതാവാണ്, സിനിമയിൽ അഭിനയിക്കാൻ പറ്റുകയുമില്ല, അല്ലാതെ അഭിനയിക്കാൻ മിടുക്കനാണ്.
അയാൾ മിടുക്കനാണ് എന്നൊക്കെ ഞാൻ പറഞ്ഞിരുന്നു, പക്ഷെ അങ്ങനെയൊന്നും അല്ല. എന്ത് കണ്ടിട്ടാണ് കക്ഷി ഈ അടുത്ത കാലത്ത് പറഞ്ഞത് പൃഥ്വിരാജ് പുതിയ ആൾക്കാർക്ക് അവസരം കൊടുക്കുന്നില്ല എന്ന് ? കഷ്ടം!
എന്തെങ്കിലും അയാൾ ഫോളോ ചെയ്യുന്നുണ്ടോ.‘കുരുതി’ തൊട്ട് ഇങ്ങോട്ട് അവൻ എടുത്തിരിക്കുന്ന എല്ലാ പടത്തിലും പുതിയ ആൾക്കാർക്ക് അവസരം കൊടുത്തിട്ടുണ്ട്.
മോഹൻലാലിനെ വച്ച് സംവിധാനം ചെയ്യാൻ പോയപ്പോൾ ഉള്ള കാര്യമല്ല ഞാൻ പറഞ്ഞത്, അവന്റെ പൈസ മുടക്കി എടുത്ത പടങ്ങളിൽ സംഗീത സംവിധായകർ, ആർട്ടിസ്റ്റുകൾ, എഴുത്തുകാർ തുടങ്ങി ഒരുപാട് പുതുമുഖങ്ങൾക്ക് അവസരം കൊടുത്തിട്ടുണ്ട്.
ഇറങ്ങി നടന്നു ചോദിച്ചു നോക്കട്ടെ, ഒന്നും അന്വേഷിക്കാതെ ഇങ്ങനെ പറയുകയാണ്. ആരെയെങ്കിലും സുഖിപ്പിച്ച് കാര്യസാധ്യത്തിനു വേണ്ടി മൈക്ക് വച്ച് അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നടക്കും.
അങ്ങനെയാണെങ്കിൽ ഞങ്ങൾക്കൊക്കെ എന്തെല്ലാം പറയാൻ ഉണ്ട്. പിന്നെ പാവം കൊച്ചൻ ജീവിച്ചുപോട്ടെ എന്ന് കരുതിയിട്ടാണ്. അവൻ എവിടെ കിടക്കുന്നു ,ഞാൻ എവിടെ കിടക്കുന്നു, എനിക്ക് 71 വയസായി.
വളർന്നുവരുന്ന കലാകാരൻ എങ്ങനെയെങ്കിലും രക്ഷപെട്ടു പോകട്ടെ. എന്തായാലും അഖിൽ മാരാർ എന്ന വ്യക്തിയോട് എന്തെങ്കിലും ഒരു ഇഷ്ടമുണ്ടെങ്കിൽ ഇത്തരത്തിലുള്ള പറച്ചിലുകൾ കൊണ്ട് അത് പോയ് കിട്ടി, ഇപ്പോൾ ഞാൻ അയാളെ ഒരു ട്രോളൻ ആയിട്ടാണ് കാണുന്നത്.’’മല്ലിക സുകുമാരൻ പറഞ്ഞു.
News
നടി കീർത്തി സുരേഷ് ഇപ്പോൾ തന്റെ കരിയറിലെയും ജീവിതത്തിലെയും സന്തോഷകരമായ ദിവസങ്ങളിലൂടെയാണു കടന്നുപോകുന്നത്. അഭിനയമികവ് കൊണ്ട് തെന്നിന്ത്യ കീഴടക്കിയ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബോളിവുഡിലെ നിത്യഹരിത നായികമാർക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളിലൂടെയാണ്.
ബോളിവുഡ് ഐക്കണുകളായ രേഖ, റാണി മുഖർജി എന്നിവർക്കൊപ്പം കീർത്തി ചെലവഴിച്ച ഒരു സായാഹ്നത്തിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുത്ത പാന്റ്സ് സ്യൂട്ടും ക്രോപ്പ് ടോപ്പും അണിഞ്ഞ് സുന്ദരിയായാണ് കീർത്തി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള സൽവാർ കമീസും ഗോൾഡൻ ദുപ്പട്ടയും ധരിച്ചെത്തിയ രേഖയുടെ സാന്നിധ്യം ചിത്രങ്ങൾക്ക് കൂടുതൽ രാജകീയ പരിവേഷം നൽകി.
മെറൂൺ ടോപ്പിലും പിങ്ക് സാറ്റിൻ ട്രൗസറിലും റാണി മുഖർജി ക്ലാസിക് ലുക്കിൽ തിളങ്ങിയപ്പോൾ, ഹുമ ഖുറേഷിയും ഈ താരസംഗമത്തിൽ പങ്കുചേർന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു സായാഹ്നം- എന്ന കുറിപ്പോടെ കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകമാണ് വൈറലായത്.
സിനിമയിലും സജീവമാണ് കീർത്തിയിപ്പോൾ. വരാനിരിക്കുന്ന പ്രോജക്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വിജയ് ദേവരകൊണ്ട നായകനാകുന്ന റൗഡി ജനാർദന എന്ന മാസ് ആക്ഷൻ ചിത്രമാണ്. രവി കിരൺ കോല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിജയ്യുടെ വ്യത്യസ്തമായ ഹെയർസ്റ്റൈലും ലുക്കും ഇതിനോടകം ചർച്ചയായി. തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിൽ കീർത്തിയുടെ പുതിയ ചിത്രം തോട്ടം ആണ്. ആന്റണി വർഗീസ് പെപ്പെ നായകനാകുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ കീർത്തിയുടെ പ്രകടനം മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
മർദാനി 3-ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന കിംഗ് എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് റാണി അടുത്തതായി അഭിനയിക്കുന്ന്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിരയും അണിനിരക്കുന്നുണ്ട്.
News
ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിന് പിന്നാലെ നടി പാർവതി തിരുവോത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
ഒരു നടിയുടെ ഷെൽഫ് ലൈഫ് ഏഴ് വർഷമാണെന്നും ഈ കാലയളയിൽ കഴിയുന്നത്ര കൊമേഴ്സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കാൻ ആളുകൾ തന്നെ ഉപദേശിച്ചിരുന്നുവെന്നുമാണ് പാർവതിയുടെ കുറിപ്പ്.
ഫിലിംഫെയർ പുരസ്കാര വേദിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
2025 ഡിസംബറിൽ ഇന്ത്യൻ സിനിമാ രംഗത്ത് ഒരു അഭിനേത്രി എന്ന നിലയിൽ എന്റെ 20 വർഷം പൂർത്തിയായി. ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ ഷെൽഫ്-ലൈഫ് പരമാവധി ആറ്, ഏഴ് വർഷമാണെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.
എല്ലാം പരമാവധി പ്രയോജനപ്പെടുത്തുക, കഴിയുന്നത്ര വാണിജ്യ സിനിമകൾ ചെയ്യുക, അങ്ങനെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം - നിങ്ങളുടെ മൂല്യങ്ങളോ ആക്ടിവിസമോ നിങ്ങളെ സമ്പന്നരാക്കില്ല എന്ന് എന്നോട് പറഞ്ഞിരുന്നു. അതെല്ലാം ഇപ്പോൾ വെറും തമാശ മാത്രമായി. എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്.
ഏറ്റവും നല്ല കൂട്ടുകാർ എന്നെ പിന്തുണയ്ക്കുന്നു. തിരസ്കാരങ്ങളേക്കാൾ മനുഷ്യത്വത്തെ തിരഞ്ഞെടുക്കാൻ എന്നെത്തന്നെ നിരന്തരം വിലയിരുത്താനുള്ള കഴിവ് ഞാൻ വളർത്തിയെടുത്തിട്ടുണ്ട്.
ഞാൻ ഒരു പ്രൗഡ് വിസിൽബ്ലോവർ ആയിരിക്കാം, എന്നിരുന്നാലും ശക്തമായ വേഷങ്ങൾക്കായി എന്നെ തിരഞ്ഞെടുക്കുന്ന സമാന ചിന്താഗതിക്കാരായ, മിടുക്കരായ കഥ പറയുന്നവരെ ഞാൻ കണ്ടെത്തുന്നു.
അതുകൊണ്ട് ഈ അർത്ഥത്തിലെല്ലാം എന്റെ ജീവിതം സമ്പന്നമാണ്. എന്തൊരു ജീവിതം! എന്റെ ആറാമത്തെ വിജയത്തിന് നന്ദി ഫിലിം ഫെയർ."പാർവതി കുറിച്ചു.
News
ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ (ട്രസ്റ്റ് ) ആഭിമുഖ്യത്തിൽ മലയാള സിനിമയുടെ പിതാവായ ജെ.സി ഡാനിയേലിന്റെ 126-ാം ജന്മദിനാഘോഷത്തിന്റെയും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെയും ഉദ്ഘാടനം ഈ മാസം 26ന് തൈക്കാട് ഭാരത് ഭവനിൽ വച്ച് മന്ത്രി ജി. ആർ അനിൽ നിർവഹിക്കും.
ജെ.സി ഡാനിയേലിന്റെ ജന്മദിനമായ ഫെബ്രുവരി 26 ന് ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ 'സിനിമ ദിനമായി' ആഘോഷിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള ജെ.സി ഡാനിയേൽ ദേശീയ പുരസ്കാരങ്ങൾ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമർപ്പിക്കും.
നടനും സാംസ്കാരിക പ്രവർത്തകനുമായ പ്രേംകുമാർ ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിക്കും. നെയ്യാറ്റിൻകര മുൻ നഗരസഭ ചെയർമാൻ പി. കെ രാജമോഹനൻ ഫൗണ്ടേഷന്റെ ആദരം ഏറ്റുവാങ്ങും. എംഎൽഎമാർ, കലാസാംസ്കാരിക രംഗത്തുള്ളവർ, ജെ. സി ഡാനിയേൽ കുടുംബാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് ജെ. സി ഡാനിയേൽ ഫൗണ്ടേഷൻ ചെയർപേഴ്സൺ സോന എസ് നായർ, മാനേജിംഗ് ട്രസ്റ്റി സാബു കൃഷ്ണ എന്നിവർ അറിയിച്ചു. പരിപാടിയിൽ പ്രശസ്തരുടെ കലാവിരുന്ന് ഉണ്ടായിരിക്കും.
ചലച്ചിത്ര താരങ്ങളായ കാലടി ഓമന, സജിൻ ജോൺ, ശരത്ചന്ദ്രൻ, ഗായകരായ സുമേഷ് അയിരൂർ, രാധിക അശോക്, മജീഷ്യൻ ഡോ. ടിജോ വർഗീസ്, ഡോ.പി.സി ചന്ദ്രബോസ്, ഡോ. എ. കെ പ്രകാശൻ ഗുരുക്കൾ, താണുവൻ ആചാരി, ആര്യനാട് സത്യൻ, ആറ്റുകാൽ തമ്പി, ഡോ. അനീഷ്കുറിപ്പ്, അജു.കെ മധു, കുമാർ സോളമൻ, സുരേഷ് തമ്പി, മഞ്ജുളാദേവി, സുജിത് കുമാർ. എം, എസ്. സുഭാഷ്, നിരഞ്ജന സന്ദീപ്, നിഖിൽ മനോമി, ഐസക് ബിജു ജെയിംസ്, ടി.എസ് ശ്രീകുമാർ, ആദിത്യ സുരേഷ്,അലീമത്ത് ഷംന, എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങും.
News
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനുമായി അഭിമുഖം നടത്തി നടൻ മോഹൻലാൽ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. അതീവരഹസ്യമായിട്ടായിരുന്നു ഷൂട്ട്.
അഭിമുഖത്തിന്റെ ടീസർ ചൊവ്വാഴ്ച വൈകീട്ട് ആറ് മണിക്ക് സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും പുറത്തുവിടുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
പിണറായി വിജയന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് മോഹൻലാൽ അഭിമുഖം നടത്താനായി എത്തിയതെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ, മോഹൻലാൽ, മോഹൻലാലിന്റെ സുഹൃത്ത് എം.ബി. സനിൽ കുമാർ എന്നിവരാണ് ചിത്രത്തിലുള്ളത്. സംവിധായകൻ ടി.കെ. രാജീവ് കുമാറാണ് അഭിമുഖത്തിന്റെ പിന്നണിയിലുള്ളത്.
അഭിമുഖത്തിനായി രണ്ട് ദിവസമാണ് മോഹൻലാൽ എത്തിയത്. ആദ്യദിവസം അഭിമുഖത്തിൽ സംസാരിക്കേണ്ട വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയാണ് ചെയ്തത്. തുടർന്ന് അടുത്ത ദിവസമാണ് അഭിമുഖം ചിത്രീകരിച്ചത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമായിരുന്നു ചിത്രീകരണം.
News
ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് (ബാഫ്റ്റ) പുരസ്കാരവേദിയിൽ നടന്മാർക്കെതിരെ വംശീയാധിക്ഷേപം.
ടൂററ്റ് സിൻഡ്രോം എന്ന രോഗാവസ്ഥയെ കുറിച്ച് ബോധവത്കരണം നടത്തുന്ന ജോൺ ഡേവിഡ്സൺ ആണ് നടന്മാരായ മൈക്കൽ ബി. ജോർദാൻ, ഡെലോറി ലിൻഡോ എന്നിവർക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്.
എൻ-വേഡ് എന്നറിയപ്പെടുന്ന അധിക്ഷേപവാക്കാണ് ഇയാൾ നടന്മാർക്കെതിരെ ഉപയോഗിച്ചത്. ഇതിനർഥം വർക്കിംഗ് ഇൻ എ ട്രക്ക് എന്നാണ്.
ഞായറാഴ്ചയാണ് 79-ാമത് ‘ബാഫ്റ്റ’ അവാർഡ്സ് നടന്നത്. മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള പുരസ്കാരം സമ്മാനിക്കാനായാണ് മെക്കലും ഡെലോറിയും വേദിയിലെത്തിയത്.
അതിനിടെയാണ് സദസfൽനിന്ന് ജോൺ വംശീയാധിക്ഷേപം നടത്തിയത്. രണ്ട് നടന്മാർക്കും നേരെ ഇയാൾ അലറിവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനം ഉയരുകയും ചെയ്തു.
തത്സമയ സംപ്രേഷണം അല്ലാതിരുന്നിട്ട് പോലും വംശീയാധിക്ഷേപം നീക്കം ചെയ്യാത്തതിൽ ബിബിസിക്കെതിരെയും വലിയ വിമർശനമാണ് ഉയർന്നത്.
News
ഏഴു മാസം ഗർഭിണിയായിരുന്നപ്പോൾ ഭർത്താവ് മരിച്ചതിനെക്കുറിച്ചും പിന്നീട് ആ നിമിഷത്തെ അതിജീവിച്ചതിനെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. കന്നട നടൻ ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം 2019-ൽ നടന്നത്. എന്നാൽ ആ ദാമ്പത്യത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
2020-ൽ മേഘ്ന ഏഴുമാസം ഗർഭിണിയായിരുന്നപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് 39-ാം വയസില്‍ സര്‍ജ അന്തരിച്ചത്. സർജ മരിച്ച് മൂന്ന് മാസത്തിന് ശേഷം മേഘ്ന മകൻ റയാന് ജന്മം നൽകി.
ഭർത്താവ് മരിച്ച സമയം തന്റെ ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായിരുന്നുവെന്നും എന്നാൽ മകനായി അതിനെ അതിജീവിച്ചെന്നും താരം പറയുന്നു. അമ്മയുടെ മനസ് ഛിന്നഭിന്നമായാല്‍ അത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ മേഘ്ന വിഷമങ്ങളെ സ്വയം കുഴിച്ചുമൂടി മനക്കരുത്ത് ആര്‍ജിക്കാന്‍ ശ്രമിച്ചു.
ചീരു എന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ ഓമനപ്പേര്. റയാനെ അവര്‍ ഭര്‍ത്താവിന്റെ ഓര്‍മ്മയ്ക്കായി ജൂനിയര്‍ ചീരു എന്ന് വിളിച്ചു. റയാൻ മിഥുൻ അവതാരകിയായ പോഡ്കാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അവർ.
''മാതാപിതാക്കളില്ലായിരുന്നെങ്കിൽ ആ സമയം എനിക്ക് അതിജീവിക്കാൻ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി. എന്നാൽ ആ സമയത്ത് എന്നോട് വളരെ മോശമായി പെരുമാറിയവരുമുണ്ട്.
ഇന്ന് ഞാനവരുടെ പേര് പറയുന്നില്ല. എനിക്കെന്ത് സംഭവിച്ചു എന്നത് അവർ മറന്നു. ഞാൻ ഏത് സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അവർ മനസിലാക്കിയില്ല. അത്തരം കാര്യങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കില്ല. സംഭവിച്ച കാര്യങ്ങൾ മറക്കാനോ പൊറുക്കാനോ കഴിയില്ല.
ഗർഭിണിയായപ്പോൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. സുഹൃത്തുക്കളോടും പബ്ലിക്കിനോടും ഈ സന്തോഷവാർത്ത പങ്കുവെക്കുന്നതിനെക്കുറിച്ചെല്ലാം ആലോചിച്ചു. പെട്ടെന്ന് തന്നെ ഗർഭകാലം ഒരു സർവൈവൽ ആയി മാറി.
കുഞ്ഞിനെ ആരോഗ്യത്തോടെ ജന്മം നൽകാനുള്ള സർവൈവൽ. നമ്മൾ ചിന്തിക്കുന്നത് കുഞ്ഞിനെ ബാധിക്കുമെന്ന് എല്ലാവരും പറയും. അപ്പോൾ നിർബന്ധിതമായി സന്തോഷിക്കാൻ നോക്കും. കുഞ്ഞ് ഇല്ലായിരുന്നെങ്കിൽ മേഘ്ന എന്ന വ്യക്തി ഉണ്ടാകില്ലായിരുന്നു.
പൊതുസ്ഥലത്ത് ചിരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. കുഞ്ഞിന് ജന്മം നൽകണമെന്നത് മാത്രമായിരുന്നു ജീവിച്ചിരിക്കാൻ എനിക്കു മുന്നിലുണ്ടായിരുന്ന ഏക കാരണം. മനസിൽ അത് മാത്രമായിരുന്നു. അവൻ ജനിച്ചതോടെ എന്റെ ജീവിതം പല തരത്തിൽ മാറി. സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു. പിന്നീട് എനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കണമെന്ന് തീരുമാനിച്ചു.
ചീരുവിൽ (ചിരഞ്ജീവി) നിന്നും ഞാൻ പഠിച്ച പാഠം ഇന്നിൽ ജീവിക്കാനും ഒരുപാട് ആളുകളെ വിശ്വസിക്കരുതെന്നുമാണ്. വേർപാടിന്റെ വേദന പരസ്യമായി പ്രകടിപ്പിക്കേണ്ടായിരുന്നു. ഒരു പബ്ലിക് പേഴ്സൺ ആകുമ്പോഴുള്ള പ്രശ്നമാണത്.
എന്റെ ദുഃഖം സ്റ്റാർഡത്തിന് വേണ്ടി ചിലർ ഉപയോഗിച്ചു. മേഘ്നയുടെ പേര് ഉപയോഗിക്കൂ, നീ ഉയർന്ന് വരും എന്ന രീതി. ഇപ്പോൾ ഇന്റർവ്യൂകൾ ചെയ്യുമ്പോൾ ഞാൻ ആദ്യം പറയുന്ന കാര്യം ചീരുവിനെക്കുറിച്ച് ചോദിക്കരുതെന്നാണ്.
ഞാനുമായി വളരെ അടുത്ത ആളുകൾ ഞങ്ങളുടെ പേര് ഉപയോഗിച്ചിട്ടുണ്ട്. ചിരുവിന്റെ മരണശേഷം പലരും അവരുടെ തനിനിറം കാണിച്ചു. ഞാൻ തീരെ പ്രതീക്ഷിക്കാത്തവർ. അവർക്കിനി എന്നിൽ നിന്നും ഒന്നും കിട്ടാനില്ല. അവരെല്ലാം കൂടെക്കൂടിയത് എനിക്കൊപ്പമുള്ള പേര് കൊണ്ടായിരുന്നു." മേഘ്നയുടെ വാക്കുകൾ.
News
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ടോക്സികിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാഷ് നായകനാകുന്ന ഈ ചിത്രത്തിൽ കർമാടി എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായർ എത്തുന്നത്.
സുദേവിന്റെ കരിയറിൽ വലിയ വഴിത്തിരിവാകാൻ പോകുന്ന വേഷമാണ് ടോക്സിക്കിലേത് എന്നാണ് വിലയിരുത്തൽ.
സുദേവ് നായർ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വൻ ഹിറ്റുകളായിരുന്നു. ജൂനിയർ എൻടിആർ നായകനായ ദേവര, പവൻ കല്യാണിന്റെ ‘ഒജി’, ചിരഞ്ജീവി ചിത്രം ‘മന ശങ്കര വീര പ്രസാദ് ഗാരു’ എന്നീ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് ‘ടോക്സിക്കി’ന്റെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. ഏറെ ആഴവും സങ്കീർണതയും നിറഞ്ഞ കഥാപാത്രമാണ് സുദേവിന്റേത് എന്നാണ് സൂചനകൾ.
‘കെജിഎഫ്’ ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, അദ്ദേഹം ‘റായ’, ‘ടിക്കറ്റ്’ എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള, ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നയൻതാര, കിയാര അദ്വാനി, സുദേവ് നായർ എന്നിവരടങ്ങുന്ന വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ലയേഴ്സ് ഡയസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് ഒരുക്കുന്ന ചിത്രമാണ് ‘ടോക്സിക്’. യഷിനൊപ്പം ചേർന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ ‘ഡാർക്ക് ഫെയറി ടെയിലിൽ’ സംഗീതം ഒരുക്കുന്നത് രവി ബസ്രൂർ ആണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. 2026 മാർച്ച് 19-നാണ് സിനിമ തിയറ്ററുകളിൽ എത്തുന്നത്.
Star Chat
എവര്‍ഗ്രീന്‍ ചിരിഹിറ്റ് "കട്ടപ്പനയിലെ ഋത്വിക്റോഷനു' 10 വര്‍ഷങ്ങൾക്കുശേഷം നാദിര്‍ഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒരുമിച്ച ഫണ്‍, ഫാമിലി, ഫാന്റസി എന്റര്ടെയ്നര് "മാജിക് മഷ്റൂംസ്’ തിയറ്ററുകളില്‍. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്റഫ് പിലാക്കല്‍ നിര്‍മിച്ച ചിത്രത്തില്‍ അക്ഷയ ഉദയകുമാറാണു നായിക.
"ഇതു കട്ടപ്പനയുടെ തുടര്‍ച്ചയല്ല. പക്ഷേ, അതേ പാറ്റേണിലുള്ള സിനിമയാണ്. ഇടുക്കിയാണു പശ്ചാത്തലം. ഫാന്റസി കഥയാണ്. രണ്ടു മണിക്കൂര്‍ പത്തു മിനിറ്റില്‍ നമ്മളെ സന്തോഷിപ്പിക്കുന്ന സിനിമയാണിത്. ചിരിച്ച്, ഇടയ്ക്ക് ഇമോഷണലായി കണ്ണു നിറഞ്ഞ്, എനിക്കു ഫീലായി എന്നൊക്കെ പറയാനാകുന്ന 100 ശതമാനം എന്റര്ടെയ്നർ’-നാദിര്‍ഷ സണ്‍ഡേ ദീപികയോടു പറഞ്ഞു.
വീണ്ടും വിഷ്ണു-നാദിര്‍ഷ സിനിമയുണ്ടായത്..?
Star Chat
സിനിമയിലെത്തി വ്യാഴവട്ടം പിന്നിടുമ്പോള്‍ അഭിനയത്തില്‍ സെലക്ടീവായി മുന്നേറുകയാണ് ശ്രുതി രാമചന്ദ്രന്. മമ്മൂട്ടിക്കമ്പനിയുടെ "കളങ്കാവലി'ല്‍ മുഖഭാവങ്ങളിലും വര്ത്തമാനങ്ങളിലുമൊക്കെ വേറിട്ട പ്രണയം അനുഭവിപ്പിച്ച ദീപ എന്ന നായിക കഥാപാത്രം.
മരുന്നു മാഫിയയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ ചുരുളഴിയുന്ന ഹോട്ട്സ്റ്റാര്‍ വെബ്സീരീസ് "ഫാര്‍മ'യില്‍ നിവിന്‍പോളിക്കൊപ്പം ഡോ. ജാനകിയെന്ന കരുത്താര്‍ന്ന കേന്ദ്രകഥാപാത്രം. ഭര്‍ത്താവും തിരക്കഥാകൃത്തുമായ ഫ്രാന്‍സിസ് തോമസിനൊപ്പം തിരക്കഥയെഴുത്തിലും സജീവം. ശ്രുതി രാമചന്ദ്രന് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
"കളങ്കാവലി'ലേക്ക് അടുപ്പിച്ചത് മമ്മൂട്ടി എന്ന പേരുതന്നെയല്ലേ..?
Star Chat
വര്‍ഷങ്ങള്‍ക്കുശേഷം നിവിന്‍ പോളി, കുടുംബങ്ങളിലേക്കു തിരിച്ചെത്തിയിരിക്കുന്നു. നിവിന്‍-അജു ഹിറ്റ് കോംബോയുടെ പുത്തന്‍ കാഴ്ചകളും കൈയടി നേടുന്നു. പ്രീതി മുകുന്ദനൊപ്പം റിയ ഷിബുവിന്റെ ജെന്‍ സി പ്രേതം ഡെലേലുവും പ്രിയതരമാകുന്നു. 50 കോടിയും കടന്ന് പുതുവര്‍ഷത്തിലും "സര്‍വം മായ’ മുന്നേറുമ്പോള്‍ സംവിധായകന് അഖില്‍ സത്യന് ഹാപ്പിയാണ്.
"ഇതില്‍ ഇമോഷനുണ്ട്. തോക്കും ബോംബുമൊന്നുമില്ലാതെ തന്നെ തിയറ്ററില്‍ അനുഭവിച്ചറിയാനാകുന്ന സിനിമ. ഇതിന്റെ സൗണ്ട് ഡിസൈനും സാങ്കേതികത്തികവുമെല്ലാം നന്നായി പണംമുടക്കിത്തന്നെയാണു ചെയ്തത്. തിയറ്ററില്‍ എല്ലാവരും ഒന്നിച്ചിരുന്നു കാണേണ്ട എന്‍ഗേജിംഗ് എന്റര്‍ടെയ്നറാണിത്’-അഖില്‍ സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഈ സിനിമ രൂപപ്പെടുത്തിയത്..?
Star Chat
മലയാളികളുടെ പ്രിയതാരം ഹണി റോസ് വെള്ളിത്തിരയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിനയന് സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ സിനിമയിലെത്തിയ ഹണി രണ്ടു പതിറ്റാണ്ടിനിപ്പുറം "റേച്ചല്‍' എന്ന ചിത്രത്തിൽ അതിശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്നെ സിനിമയ്ക്ക് ആവശ്യമില്ലെന്നും തനിക്കാണ് സിനിമ ആവശ്യമെന്നും അടുത്തയിടെ തുറന്നുപറഞ്ഞ ഹണി റോസ് സംസാരിക്കുന്നു...
റേച്ചല്‍ എന്ന കഥാപാത്രം
ഏറെ വ്യത്യസ്തമായ, ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് റേച്ചല്‍ എന്ന ചിത്രത്തിലെ റേച്ചല്‍. റേച്ചല്‍ ഒരു ഇറച്ചിവെട്ടുകാരിയാണ്. എഴുപതു കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. കരിയറില്‍ ആദ്യമായാണ് ഞാന്‍ ഒരു ടെറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടായിരുന്ന വേഷമായിരുന്നു റേച്ചല്‍.
റേച്ചല്‍ ആകാനുള്ള ഒരുക്കങ്ങള്‍
Star Chat
ഡീയസ് ഈറെ’യില്‍ പ്രണവിനൊപ്പം പ്രാധാന്യമുള്ള മധുസൂദനന് പോറ്റി എന്ന കഥാപാത്രം. "കളങ്കാവലി’ല്‍ മമ്മൂട്ടിക്കും വിനായകനുമൊപ്പം ആനന്ദ് എന്ന പോലീസ് വേഷം. 18നു റിലീസാകുന്ന ദിലീപ് ചിത്രം "ഭഭബ’യില്‍ നിര്‍ണായക കഥാപാത്രം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യചിത്രം "തുടക്ക’ത്തിലും മോഹന്‍ലാല്‍-മമ്മൂട്ടി-മഹേഷ് നാരായണന് സിനിമ "പേട്രിയറ്റി’ലും വേഷങ്ങള്‍. കരിയറില്‍ തുടര്‍ച്ചയായി സൂപ്പര്‍താര, മാസ് സിനിമകളുടെ ഭാഗമാവുകയാണ് ജിബിന്‍ ഗോപിനാഥ്.
"ഒരു നടനെ സംബന്ധിച്ചിടത്തോളം ജനം തിയറ്ററില്‍ കാണുന്ന സിനിമകളില്‍ സ്ഥിരമായി വരാനാകുന്നതു വലിയ ഭാഗ്യമാണ്. മമ്മൂട്ടി സാറിനും ലാല്‍ സാറിനുമൊപ്പം അവസരം കിട്ടുമ്പോള്‍ ഇന്ന കഥാപാത്രം എന്നൊന്നും നോക്കാതെ സന്തോഷത്തോടെ ചെയ്യും. കാരണം, അതൊക്കെ നമ്മളെ വിളിച്ചു തരുന്ന വേഷങ്ങളാണ്, വലിയ ഭാഗ്യവുമാണ്’ -ജിബിന്‍ ഗോപിനാഥ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ മധുസൂദനന് പോറ്റിയിലേക്ക് എത്തിയത്..?
ഒന്നു രണ്ടു വലിയ നടന്മാരെയാണ് അതിലേക്ക് ആദ്യം പരിഗണിച്ചത്. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകന് ദിന്നാഥാണ് ഒരു ഓപ്ഷൻ എന്ന നിലയ്ക്ക് എന്റെ പേര് ഡയറക്ടര്‍ രാഹുല്‍ സദാശിവനു നിര്‍ദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഞാന്‍തന്നെ മതിയെന്നു രാഹുല്‍ ഉറപ്പിച്ചു. എന്നെ താടിയില്ലാതെയാണു ഡയറക്ടര്‍ കണ്ടത്. മിക്ക പടങ്ങളിലും അതാണു ലുക്ക്. ഒരു മാറ്റം എന്ന നിലയ്ക്ക് ഈ കഥാപാത്രത്തിനുവേണ്ടി താടിവളര്‍ത്താന്‍ രാഹുല്‍ നിര്‍ദേശിച്ചു.
കഥാപാത്രത്തെക്കുറിച്ചു വായിച്ചു മനസിലാക്കുന്നതിലുപരി മറ്റു തയാറെടുപ്പുകളൊന്നും വേണ്ടെന്നും പ്രത്യേകം പറഞ്ഞു. പ്രണവിനും എനിക്കും മാത്രമാണ് ഷൂട്ടിംഗ് തുടങ്ങുംമുമ്പ് ഫുള്‍ സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയത്. മധുസൂദനന് പോറ്റിക്കു കഥാഗതിയിലെ പ്രാധാന്യം തിരക്കഥയില്‍നിന്നു ബോധ്യമായി. അതിനോടു നീതിപുലർത്തുന്ന പ്രകടനം പടത്തിൽ ചെയ്യാനായെന്നു കരുതുന്നു.
പ്രണവുമൊത്തുള്ള അനുഭവങ്ങള്‍..?
Star Chat
മോഹിപ്പിക്കുന്ന അഭിനയസാധ്യതകളുടെ ആഴവും പരപ്പുമുള്ള ഒരു കഥാപാത്രം അതിനു പാകമായ അഭിനേതാവിലേക്ക് എത്തുമ്പോള്‍ കഥാപാത്രഹൃദയം വജ്രകാന്തി ചിന്തുന്ന അനുഭവമാണ് "എക്കോ’ സിനിമയിലെ നരേന്റെ നേവിക്കാരന്.
കുര്യച്ചന് എന്ന നിഗൂഢതയ്ക്കു പിന്നാലെകൂടുന്ന നേവി ഓഫീസര്‍. സ്ക്രീന്‍ സാന്നിധ്യത്തിലും നിയന്ത്രിതമായ അഭിനയപ്രകടനത്തിലും പെരുമാറ്റരീതികളിലുമെല്ലാം ഒരിക്കല്‍ക്കൂടി വേറിട്ട നരേന്സ്പര്ശം അനുഭവിപ്പിക്കുന്ന കഥാപാത്രം. "എന്റെ കരിയറില്‍ എന്നെന്നും മനസില്‍ സൂക്ഷിക്കാവുന്ന ഒരു ഗംഭീര സിനിമയാണ് എക്കോ. ആ കഥാപാത്രവും അങ്ങനെ തന്നെയാണ് ’ -നരേന് സണ്ഡേദീപികയോടു പറഞ്ഞു.
സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ ഇത്രവലിയ വിജയംപ്രതീക്ഷിച്ചിരുന്നോ..?
Star Chat
കുര്യച്ചന് എന്ന നിഗൂഢത തേടിയിറങ്ങുന്ന കുറച്ചധികംപേര്ക്കൊപ്പം പ്രേക്ഷകരും നടുക്കുന്ന സത്യങ്ങളുടെ ബൈനോക്കുലാര്‍ കാഴ്ചകളിലെത്തിപ്പെടുന്ന ക്ലാസിക് സിനിമാറ്റിക് അനുഭവമാണ് "എക്കോ'. കുര്യച്ചന്റെ ക്രൈമുകളുടെ പങ്കാളിയും കാലാന്തരത്തില്‍ അയാളുടെ ശത്രുവുമാകുന്ന "എക്കോ'യിലെ മോഹന്‍ പോത്തനില്‍ രൂപഭാവങ്ങളിലും കഥാപാത്രനിര്വഹണത്തിലുമെല്ലാം വേറിട്ട, പുതുമയുള്ള മോഡിഫൈഡ് വീനീതിനെ ആസ്വദിക്കാനാകുന്നതിന്റെ ഉജ്വല മുഹൂര്‍ത്തങ്ങളുണ്ട്.
"ഇതുവരെ ചെയ്തതില്‍ വെല്ലുവിളിയുയര്‍ത്തിയ വേഷങ്ങളിലൊന്നാണിത്. പെര്‍ഫോമന്‍സിനു പ്രാധാന്യമേറിയ കഥാപാത്രം. തിയറ്റര്‍ സന്ദർശനത്തിനു പോയപ്പോള്‍ രാത്രി പന്ത്രണ്ടരയ്ക്കും കുടുംബപ്രേക്ഷകര്‍! പ്രായമുള്ള അമ്മമാരും കുട്ടികളുമുള്‍പ്പെടെ. അവരൊക്കെ കൈപിടിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കുന്നു. അതൊക്കെ എന്തൊരനുഗ്രഹമാണ്!- വീനീത് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മോഹന്‍ പോത്തനില്‍ നിന്നു തുടങ്ങുന്ന കഥാസഞ്ചാരം വലിയ നിഗൂഢതകളിലേക്കാണല്ലോ..?
Star Chat
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന് സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്റെ സിനിമ, വാര് 2- ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.
ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര് 2-ന്റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.
ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര് 2. അയാന് മുഖര്‍ജി സംവിധാനം ചെയ്ത "വാര് 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Star Chat
സിഗരറ്റ് കടിച്ചുപിടിച്ച്, ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടിയുടെ വല്ലാത്തൊരു നോട്ടത്തിലും ചിരിയിലും തുടങ്ങിയതാണ് മമ്മൂട്ടി-വിനായകന് സിനിമ "കളങ്കാവലി'ന്റെ സസ്പെന്‍സും ത്രില്ലും. "ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ’ എന്ന മമ്മൂട്ടിയുടെ ഡയലോഗു കൂടിയായപ്പോള്‍, ട്രെയിലറില്‍ ഉദ്വേഗം ഒരുപടികൂടി കടന്നു.
മമ്മൂട്ടി വില്ലനാണോ, ഇതു സയനൈഡ് മോഹന്റെ ക്രൈം ലൈഫാണോ...നിരവധിയാണ് ഇതുസംബന്ധിച്ചു പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചോദ്യങ്ങളും. ചിത്രത്തിന്റെ സംവിധായകനും സഹരചയിതാവുമായ ജിതിന് കെ. ജോസ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
എന്താണു കളങ്കാവല്‍..?
ദാരികനെത്തേടി ഭദ്രകാളീദേവി നടത്തുന്ന ഒരു യാത്രയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടു ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള ചടങ്ങാണു കളങ്കാവല്‍. എന്റെ കളത്തിനു ഞാന്‍ കാവല്‍ നില്ക്കുന്നു എന്നാണ് അതിന്റെ വാച്യാര്‍ഥം. കളത്തിനു വിവിധ അര്‍ഥങ്ങളുണ്ട്. മലയാളത്തിലും തമിഴിലും ഒരേ അര്‍ഥം തന്നെയാണ്. ഇതിന്റെ കഥാഭൂമിക കേരള-തമിഴ്നാട് അതിര്‍ത്തിയിലായതുകൊണ്ടും ഈ രണ്ടു സംസ്കാരങ്ങളെ ഈ സിനിമ ഉള്ക്കൊള്ളുന്നതിനാലുമാണ് ഈ പേരിലെത്തിയത്. മാത്രമല്ല, ഇതിന്റെ പ്രമേയവുമായും ആ ഐതിഹ്യത്തിനു ബന്ധമുണ്ട്.
Star Chat
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Review
മറയൂര്‍ കാടുകളില്‍ അപൂര്‍വമായി കാണപ്പെടുന്ന അമൂല്യവും വിശേഷപ്പെട്ടതുമായ ചന്ദനമരമാണ് വിലായത്ത് ബുദ്ധ. ഗുണനിലവാരമുള്ള ലക്ഷണമൊത്ത ചന്ദനമരം. ബുദ്ധശില്പങ്ങള് നിര്‍മിക്കുന്നതിനാണ് ഇതുപയോഗിക്കുന്നത്. അങ്ങനെയാണ് ഈയിനത്തിനു വിലായത്ത് ബുദ്ധയെന്നു പേരുവീണത്.
അങ്ങനെയുള്ള വിലായത്ത് ബുദ്ധയെ വീട്ടുപറമ്പില്‍ പരിപാലിച്ചു വളര്‍ത്തുന്ന മറയൂരിലെ റിട്ട. അധ്യാപകനും മുന്‍ പഞ്ചായത്തു പ്രസിഡന്റുമായ ഭാസ്കരനും ആ ചന്ദനമരം മോഷ്ടിക്കുമെന്ന് ഭാസ്കരന് മാസ്റ്ററെ പരസ്യമായി വെല്ലുവിളിച്ച അദ്ദേഹത്തിന്റെ ശിഷ്യന് ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കടത്തുകാരനും തമ്മിലുള്ള പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ നാള്വഴിച്ചിത്രമാണു വിലായത്ത് ബുദ്ധ.
ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരം. അയ്യപ്പനും കോശിയും എഴുതി സംവിധാനം ചെയ്ത സച്ചിയുടെ ശിഷ്യന് ജയന് നമ്പ്യാര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം. പക്ഷേ, അയ്യപ്പനും കോശിയുമായി വിലായത്ത് ബുദ്ധയെ താരതമ്യം ചെയ്യാന്‍ മുതിര്‍ന്നാല്‍ സച്ചിയുടെ തട്ട് താണുതന്നെയിരിക്കും. അതാണു സച്ചിയുടെ മാസ്റ്റര്‍ ക്രാഫ്റ്റ്. അതങ്ങനെ തന്നെ തുടരട്ടെ.
Review
മികവുറ്റ രീതിയിൽ ഒരു ഹൊറര്‍ സിനിമ എങ്ങനെ രൂപപ്പെടുത്തണമെന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിനുള്ള ഉത്തരമാണ് രാഹുല്‍ സദാശിവന് കഥയെഴുതി സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഡീയസ് ഈറെ. ശബ്ദവും നിശബ്ദതയും ചേരുംപടി സംയോജിപ്പിച്ച് 115 മിനിറ്റുകള്‍ പേടി അനുഭവിപ്പിക്കുന്ന മേക്കിംഗ് ബ്രില്യന്‍സ്.
ഭൂതകാലത്തില്‍ തുടങ്ങി ഭ്രമയുഗത്തിലൂടെ ഡീയസ് ഈറെയിലെത്തുമ്പോള് തനിക്കു പ്രിയപ്പെട്ട ഹൊറര്‍ ജോണറെന്ന കെട്ടിടത്തില്‍ നമ്മളെ പേടിപ്പെടുത്തുന്ന, ഞെട്ടലിലാഴ്ത്തുന്ന ചില പുതിയ നിഗൂഢ മുറികള്‍ പണിതീര്ക്കുകയാണു സംവിധായകന് രാഹുല്‍ സദാശിവന്.
കൊച്ചിയിലുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ എന്‍ജിനിയറാണ് പ്രണവിന്റെ കഥാപാത്രം രോഹന്. അച്ഛനും അമ്മയും സഹോദരിയുമൊക്കെ അമേരിക്കയിലാണ്. പട്ടണത്തിലെ വലിയ വീട്ടില്‍ ഒറ്റയ്ക്കാണു താമസം. ധാരാളം സുഹൃത്തുക്കളുമൊത്ത് ജീവിതം ആഘോഷിക്കുന്ന പ്രകൃതം. രോഹന്റെ ക്ലാസ്മേറ്റും സുഹൃത്തുമായിരുന്ന കനി ആത്മഹത്യ ചെയ്തുവെന്നു സുഹൃത്തില്‍ നിന്ന് രോഹന് അറിയുന്നു. സുഹൃത്തിനൊപ്പം കനിയുടെ വീടുസന്ദര്‍ശിച്ചു സ്വന്തം വീട്ടില്‍ തിരിച്ചെത്തുന്ന രോഹൻ നേരിടുന്ന അസാധാരണ സംഭവങ്ങളിലൂടെയാണു കഥാസഞ്ചാരം. തുടര്‍ന്നുള്ള പേടിപ്പെടുത്തുന്ന കഥാമുഹൂര്‍ത്തങ്ങളും വേറിട്ട കഥാസന്ദര്‍ഭങ്ങളും തിയറ്ററില്‍ ആസ്വദിക്കുന്നതാണു രസകരം.
പ്രവചനാതീതമാണ് ചിത്രത്തിന്റെ കഥാസഞ്ചാരം. ഓരോ നിമിഷവും അടുത്തു സംഭവിക്കാന്‍ പോകുന്നത് എന്തെന്ന ആകാംക്ഷ നിലനിര്‍ത്തുന്ന മേക്കിംഗ് സ്റ്റൈല്‍. വിൻഡോ കർട്ടനുകളെ തട്ടിനീക്കി കാറ്റ് വീശുമ്പൊഴും ചായക്കപ്പും സ്ഫടിക പാത്രങ്ങളും വീണുടയുമ്പൊഴും സിഗരറ്റ് കത്തിച്ചു വലിക്കുന്പോൾ പോലും ഹൊറര്‍ അനുഭവിപ്പിക്കാന്‍ പാകത്തില്‍ ശബ്ദം ഡിസൈന്‍ ചെയ്തുവെന്നത് എടുത്തുപറയാതെ വയ്യ. ഇത്തരമൊരു സസ്പെന്‍സ് ചിത്രത്തിന്റെ ഹൊറര്മൂഡിനു തീപിടിപ്പിക്കുംവിധം പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും ശബ്ദം ഡിസൈന്‍ ചെയ്ത ജയദേവന് ചക്കടത്തും ശബ്ദമിശ്രണം ഗംഭീരമാക്കിയ എം. ആര്. രാജാകൃഷ്ണനും കൈയടി നേടുന്ന കാഴ്ച.
Review
തെങ്ങുകയറുന്ന റിമ കല്ലിങ്കലിന്റെ ചിത്രമുള്ള പോസ്റ്ററാണ് സജിൻ ബാബുവിന്റെ തിയേറ്റര്‍ എന്ന സിനിമയിലേക്ക് ആദ്യമടുപ്പിച്ചത്. ഒറ്റവീടു മാത്രമുള്ള മാവും പ്ലാവും നിറയെ തെങ്ങുകളുമുള്ള തുരുത്തില്, പ്രായമായ അമ്മയ്ക്കൊപ്പം ന്യൂജെന്‍ ലോകത്തിന്റെ വര്ണത്തിളക്കങ്ങളില്ലാതെ, സോഷ്യല്‍ മീഡിയ എന്തെന്നറിയാതെ, എന്തിന്, മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാതെ പ്രകൃതിയോട് ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന മീരയാണു തിയറ്ററിലെ കഥാനായിക.
22 ഫീമെയില്‍ കോട്ടയത്തിനുശേഷം വേഷപ്പകര്‍ച്ചയില്‍ റിമ കല്ലിങ്കലിന്റെ ശക്തമായ കഥാപാത്രങ്ങളിലൊന്ന്. മരംകേറി, ചക്കയും മാങ്ങയും തേങ്ങയും കുരുമുളകുമൊക്കെ വിളവെടുത്ത് കടത്തുവള്ളത്തിലേറ്റി, താനേ തുഴഞ്ഞ് മറുകരയെത്തി, അവിടത്തെ കടയില്‍ വിറ്റാണ് മീര വീട്ടുചെലവുകൾ നടത്തുന്നതും അമ്മ ശാരദാമ്മയെ സംരക്ഷിക്കുന്നതും.
Review
തിരയ്ക്കുശേഷം വീണ്ടും ത്രില്ലർ വൈബിലേക്ക് വിനീത് ശ്രീനിവാസന്റെ ചുവടുമാറ്റം. ഫീൽഗുഡും ഫാമിലി-ഫ്രണ്ട്ഷിപ്പ് ഇമോഷണൽ ക്രിഞ്ചും വാരിവിതറി ഹൃദയം കവർന്ന 12 വർഷങ്ങൾക്കിപ്പുറം ത്രില്ലിംഗ് അനുഭവങ്ങളുടെ തീപ്പൊരി വിതറുകയാണ് കരം എന്ന ഇന്റർനാഷണൽ ത്രില്ലറിലൂടെ വിനീത് ശ്രീനിവാസൻ.
വിദേശ ത്രില്ലറുകളോടു കിടപിടിക്കുന്ന കഥാപശ്ചാത്തലവും കഥപറച്ചിൽ വേഗവും ആകാംക്ഷയുടെ ശ്വാസവേഗം പരകോടിയിലെത്തിക്കുന്ന ആക്ഷൻ സീക്വൻസുകളും വലിച്ചടുപ്പിക്കുന്ന കിടിലൻ ആക്ഷൻ ത്രില്ലർ. വൈശാഖ് സുബ്രഹ്മണ്യത്തിന്റെ മെറിലാൻസ് സിനിമാസും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേർന്നാണു നിർമാണം.
ലെനാർകോയിൽ ഭാര്യ താരയ്ക്കൊപ്പം കോൺഫറൻസിന് എത്തുന്ന മുൻ ഇന്ത്യൻ മേജർ ദേവ് മഹേന്ദ്രൻ അകപ്പെടുന്ന സംഘർഷഭരിതമായ ചില അവസ്ഥകളിലൂടെയാണു കരത്തിന്റെ കഥാസഞ്ചാരം. ഫ്ലാഷ് ബാക്കിൽ തുടങ്ങുന്ന സിനിമ, പ്രേക്ഷകരെ ഒട്ടും മടിപ്പിക്കാത്ത കഥവഴികളിലൂടെ വർത്തമാനകാലത്തെ സസ്പെൻസ് സീനുകളിലേക്ക് അതിവേഗം കൂട്ടിക്കൊണ്ടുപോകുന്നു.
Review
ജീത്തു ജോസഫിന്റെ പുത്തന്‍പടം മിറാഷിനെപ്പറ്റി വെറുതേ, ത്രില്ലറെന്നു പറഞ്ഞാല്‍ പോരാ, എഡ്ജ് ഓഫ് ദ സീറ്റ് ജീത്തു ജോസഫ് ത്രില്ലര്‍ എന്നു തന്നെ പറയണം. തീര്‍ച്ചയായും ആ വിശേഷണത്തിന് തീ പിടിപ്പിക്കുന്ന കഥാസഞ്ചാരമാണ് രണ്ടാം പകുതിയിലും ക്ലൈമാക്സിനോട് അടുത്ത 15 മിനിറ്റുകളിലും.
ഒരു സാധാരണ മാന്‍ മിസിംഗ് കേസിനെ ചുറ്റിപ്പറ്റിയുള്ള ത്രില്ലിംഗ് അന്വേഷണമെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും സംഭവബഹുലവും അനുനിമിഷം ട്വിസ്റ്റുകള്‍ കൊണ്ടും സസ്പെന്സുകള് കൊണ്ടും സമ്പന്നവുമാണ് മിറാഷിന്റെ കഥാഗതി.
കഥയിലെയും കഥപറച്ചിലിലെയും പുതുമകളാണ് മിറാഷിനെ രസാവഹമായ എന്‍ഗേജിംഗ് ത്രില്ലറാക്കുന്നത്. രണ്ടര മണിക്കൂറില്‍ നിറയെ ട്വിസ്റ്റുകളും സസ്പെന്സുകളുമുള്ള ജീത്തു ജോസഫ് ത്രില്ലര്‍ സ്വഭാവം തന്നെ മിറാഷിനും.
Review
കൂലി സിനിമ എങ്ങനെയെന്ന് ചോദിച്ചാൽ ഒറ്റവാക്കിൽ പറയാൻ കഴിയുക മിനിമം ചിത്രമെന്നോ അതിലും താഴെയെന്നോ മാത്രമാണ്. പ്രതീക്ഷകളുടെ അമിതഭാരം ഇല്ലെങ്കിൽ കൂടി രജനികാന്തിലും ലോകേഷ് കനകരാജിലുമുള്ള വിശ്വാസം തകർന്നടിഞ്ഞൊരു ചിത്രമാണ് കൂലി.
ലോകേഷ് ഒരുക്കിയ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും മോശം സിനിമ. സൂപ്പർ സ്റ്റാറുകൾ അഴിഞ്ഞാടിയ ചിത്രത്തിൽ ഇവരൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം വീണ്ടും ചിന്തിക്കേണ്ടി വരുന്നു. എന്നാൽ സൗബിൻ ഷാഹീർ ചിത്രത്തിലുടനീളം മികച്ച പെർഫോമൻസ് കാഴ്ച വച്ചത് കൈയടി നേടുന്നു.
സിനിമ കൊള്ളാമോ എന്നു ചോദിച്ചാൽ ഇതല്ല പ്രതീക്ഷിച്ചത് എന്നൊരു ഉത്തരമാണ് നൽകാനുള്ളത്. അല്ലെങ്കിൽ രജനികാന്ത് സിനിമ കാണുമ്പോൾ നമ്മുടെ മനസിലുള്ള ലോജിക്കുകളെല്ലാം മടക്കി വച്ചിട്ടുപോയാൽ ഇത് കൊള്ളാം. അത്രമാത്രം. എന്നാൽ ലോകേഷ് കനകരാജ് എന്ന സംവിധായകനിൽ നിന്നും പ്രേക്ഷകർ ഇതല്ല പ്രതീക്ഷിച്ചിരുന്നതെന്ന് ഉറപ്പാണ്. പാളിപ്പോയ കഥയും തിരക്കഥയുമാണ് ചിത്രത്തിന്റെ പ്രധാന പോരായ്മ.
Review
കനലൊരുതരി മതി ആളിക്കത്താൻ എന്നു പറയുന്നതാണ് തുടരും സിനിമയിലെ മോഹൻലാൽ. തരുൺ മൂർത്തി സംവിധാനം ചെയ്ത് രജപുത്ര വിഷന്റെ ബാനറിൽ എം.രഞ്ജിത്ത് നിർമിച്ച ഈ മോഹൻലാൽ ചിത്രം പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെയാണ് തിയറ്ററുകളിൽ എത്തിയത്.
മോഹൻലാൽ എന്ന നടന്റെ കണ്ണുകളിലെ ഞരമ്പുകൾ പോലും അഭിനയിച്ച ചിത്രം വളരെക്കാലങ്ങൾക്ക് ശേഷം മലയാളികൾ കണ്ടു എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
വിമർശനങ്ങളും വിവാദങ്ങളും മോഹൻലാലിനെ ആവോളം വേട്ടയാടി. "മോഹൻലാൽ തീർന്നു! മുഖത്ത് ഭാവമില്ല! കണ്ണുകൾ അഭിനയിക്കുന്നില്ല! താടി ബോറാണ്! തുടങ്ങി സകല ഹേറ്റ് ക്യാമ്പയിനുകളെയും ആ ഒറ്റയാൻ ഒറ്റ കുത്തിന് തീർത്തിട്ടുണ്ട്'. അതാണ് തുടരും ചിത്രത്തിലെ മോഹൻലാൽ.
Review
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോട്ടൈ വാലിബന്' തീയറ്ററുകളില്‍ എത്തി. എന്നാല്‍ ആദ്യ ഷോകള്‍ അവസാനിക്കുമ്പോള്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
സ്ലോ പേസിലുള്ള കഥ പറച്ചില് രീതി ലിജോ ജോസ് പെല്ലിശേരി ആരാധകരെ തൃപ്തിപ്പെടുത്തുമ്പോള് മോഹന്‍ലാല്‍ ഫാന്‍സിനെ അത്രയങ്ങ് കൈയടിപ്പിച്ചില്ല. അതായത് മാസ് പ്രതീക്ഷിച്ചവര്‍ ലിജോയുടെ ക്ലാസ് കണ്ടിറങ്ങിയെന്നര്ഥം.
ഒരു അമര്‍ച്ചിത്ര കഥയെ ഓര്‍മിപ്പിക്കുന്ന ചിത്രം സമാന രംഗങ്ങളുടെയും ഡയലോഗുകളുടെയും ആവര്‍ത്തനം നിമിത്തം തിയറ്റര്‍ കുലുക്കുന്നില്ല. എന്നാല്‍ മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത കാഴ്ചാനുഭവം സമ്മാനിക്കാന്‍ മലൈക്കോട്ടൈ വാലിബന് കഴിഞ്ഞിട്ടുണ്ട്.
Review
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ചതച്ച് അവശരാക്കിയ ശേഷം വില്ലന്മാരെ "വിധിയുടെ വിളയാട്ടം' മൂലം വന്നെത്തുന്ന ആക്സിഡന്റൽ മരണത്തിന് നായകൻ വിട്ടുകൊടുക്കുന്ന സീക്വൻസുകൾ രജനികാന്ത് ചിത്രങ്ങളിലെ പതിവ് കാഴ്ചയായിരുന്നു.
"ബാഷ' എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച ആൾദൈവ പ്രതിരൂപം യുവാക്കളെ വഴിതെറ്റിക്കാതിരിക്കാനായി ആണ് തലൈവർ ഈ "തനി വഴി' സ്വീകരിച്ചത്. ഇതോടെ 1970-കളുടെ അവസാനം മുതൽ 80-കളുടെ തുടക്കം വരെ കണ്ടിരുന്ന "വൈൽഡ്' രജനി സ്ക്രീനിൽ നിന്ന് അപ്രത്യക്ഷനായി. വർഷങ്ങളായി ചങ്ങലയ്ക്കിട്ടിരുന്ന ഈ കലിപ്പൻ രജനിയെ ആണ് "ജയിലർ'എന്ന ചിത്രത്തിലൂടെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തുറന്നുവിടുന്നത്.
വാളെടുത്ത് വീശി വില്ലനെ വെട്ടിയിട്ട് ചിരിക്കാൻ സൂപ്പർസ്റ്റാറിന്റെ മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലർക്ക് യാതൊരു മടിയുമില്ല. "എന്തിരനി'ലേത് പോലെ വില്ലൻ രജനിയുടെ ന്യായീകരണത്തിനായി നന്മമുഖമുള്ള ഒരു നായകൻ ഈ ചിത്രത്തിലില്ല. അരാജകത്വത്തെയും നിയമത്തോടുള്ള പുച്ഛത്തെയും തലൈവർ നിർബാധം കൊണ്ടാടുമ്പോൾ തിയറ്ററുകളിൽ വൻ കൈയടി ഉയരുന്നത് ഇതിനാലാണ്.
സമീപകാലത്ത് തമിഴ് സിനിമാലോകത്തെ ഏറ്റവും മൂല്യമുള്ള സംവിധായകനായ ഉയർന്ന ലോകേഷ് കനകരാജ് കമൽഹാസനെ നായകനാക്കി ഒരുക്കിയ "വിക്രം' എന്ന ചിത്രത്തോട് സാമ്യമുള്ള രീതിയിലാണ് ഈ ചിത്രവും മുന്നോട്ട് പോകുന്നത്.
മകനെ നഷ്ടപ്പെടുന്ന വേദനയുമായി പോരിനിറങ്ങുന്ന, പൂർവകാല കേഡിത്തരങ്ങൾ മൂടിവച്ചിട്ടുള്ള "താത്ത' ആയി രജനി അക്ഷരാർഥത്തിൽ അഴിഞ്ഞാടുകയാണ്.
എന്നാൽ "ശിവാജി', "പടയപ്പ' എന്നീ ചിത്രങ്ങളിലേത് പോലെ സമ്പൂർണ മാസ് അവതാരമല്ല തലൈവർ ഇവിടെ സ്വീകരിക്കുന്നത്. ജെയ്ലറെ സഹായിക്കാനായി എത്തുന്ന കഥാപാത്രങ്ങൾക്ക് ആവോളം കൈയടി ലഭിക്കുന്ന ഘട്ടങ്ങളിൽ രജനി എന്ന താരം സ്വയം പിൻവാങ്ങി നിൽക്കുന്നു. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും കന്നഡ സൂപ്പർതാരം ശിവ രാജ്കുമാറും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന മാസ് സീനുകളിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കും.
വിനായകന്റെ ലോക്കൽ ഗുണ്ടാ വില്ലൻ കഥാപാത്രവും തെലുങ്ക് താരം സുനിലിന്റെ സിനിമയ്ക്കുള്ളിലെ സിനിമാതാരമായുള്ള അവതാരവും ചിത്രത്തിന് ആവോളം തമാശയും നൽകുന്നുണ്ട്. തമന്ന ആത്മകഥാംശമുള്ള കഥാപാത്രവുമായി എത്തി രസിപ്പിച്ച് കടന്നുപോകുന്നെങ്കിലും ശിവകാമിദേവിയുടെ ഹാംഗ്ഓവറിൽ നിന്ന് ഒടുവിൽ വിടുതി ലഭിച്ച രമ്യാ കൃഷ്ണൻ ആണ് ചിത്രത്തിലെ ശ്രദ്ധേയമായ ഏക സ്ത്രീ കഥാപാത്രം.
"ബീസ്റ്റ്' എന്ന ചിത്രത്തിലൂടെ ലഭിച്ച ട്രോളുകൾക്ക് തലൈവർ പടത്തിന് ലഭിക്കുന്ന കൈയടികളോടെ മറുപടി പറഞ്ഞ നെൽസൺ ആണ് ഈ ചിത്രത്തിലെ പ്രധാന "ജേതാവ്'. തന്റെ പതിവ് ഡാർക് ഹ്യൂമർ ട്രീറ്റമെന്റിലൂടെ പതിവ് കഥയെ മാസ് രൂപത്തിലാക്കി ആസ്വാദകരമാക്കിയ സംവിധായകൻ പ്രശംസ അർഹിക്കുന്നു.
Review
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാസിന്റെ വെടിക്കെട്ട് തീർക്കുകയാണ്.അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷകന് സമ്മാനിച്ചതെങ്കിൽ ഈ ഓണക്കാലത്ത് തീയറ്ററുകളിൽ നിറഞ്ഞോടുന്ന ആർഡിഎക്സ് മാസിന്റെ വെടിക്കെട്ട് തീർക്കുകയാണ്.
വീക്ക്എൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം മോളിവുഡ് ആക്ഷൻ പാക്ക്ഡ് ചിത്രങ്ങളിലെ വേറിട്ട പരീക്ഷണം തന്നെയാണ്. പരീക്ഷണം വിജയിച്ചുവെന്ന് മാത്രമല്ല, യൂത്ത് മൾട്ടി സ്റ്റാർ സിനിമകളിലെ കോംന്പിനേഷൻ ഫോർമുലയ്ക്ക് തന്നെ ഒരു മാറ്റമാണ് ചിത്രം കൊണ്ടുവന്നത്.
ഷെയിൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മൂവരുടേയും പ്രകടനവും സ്ക്രീൻ പ്രസൻസും കിറുകൃത്യം അളവിൽ തുല്യമായി തന്നെയാണ് സംവിധായകൻ ഒരുക്കിയത്. ലാൽ, മാലാ പാർവതി, ബാബു ആന്റണി, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നന്പ്യാർ എന്നിവരുടെ കഥാപാത്രങ്ങളും മികവ് പുലർത്തി.
കഥ പറഞ്ഞ് സ്പോയിലറാക്കുന്നതിനേക്കാൾ സിനിമാ കാണാത്തവരുടെ മുന്നിൽ ചില സൂചനകൾ നൽകുന്നതാണ് ഉത്തമം. പള്ളി പെരുന്നാളിനോട് അനുബന്ധിച്ചുണ്ടാകുന്ന തർക്കം, പിന്നാലെയുള്ള അടി, അത് കുടുംബത്തിനകത്തേക്കും വ്യാപിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കണ്ട് മറന്ന ചില റിവഞ്ച് ചിത്രങ്ങളുടെ രീതിയിലാണോ ഈ സിനിമയുടെയും പോക്കെന്ന് പ്രേക്ഷകൻ സംശയിക്കുന്ന സമയത്ത് അതാ തുടങ്ങുന്നു അസൽ കരാട്ടെ തല്ല്.
കെജിഎഫിനും ബീസ്റ്റിനുമൊക്കെ ആക്ഷൻ രംഗങ്ങൾ തയാറാക്കിയ അൻബറിവിന്റെ മിന്നൽ ആക്ഷൻ സീക്വൻസാണ് സിനിമയുടെ ഹൈലൈറ്റ്. മലയാള സിനിമയിൽ അത്രകണ്ട് പരിചിതമല്ലാത്ത പ്രഫഷണൽ സ്റ്റണ്ട് ഒരുക്കുന്നതിൽ അൻബറിവ് ടച്ച് എടുത്ത് നിൽക്കുന്നു.
സാധാരണ ഗതിയിൽ അടുത്തത് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാൻ കഴിവുള്ള പ്രേക്ഷകന്റെ ഉള്ളിൽ പോലും ഉദ്വേഗവും സസ്പെൻസും നിറച്ച സ്റ്റണ്ട് സീക്വൻസുകൾക്ക് പിന്നിലുള്ള വലിയ അധ്വാനം ചിത്രത്തിന്റെ വിജയത്തിന് നിർണായകമായി.
തീപാറുന്ന സംഘട്ടന രംഗങ്ങൾ മനോഹരമായി പകർത്തിയ അലക്സ് ജെ. പുളിക്കലും വലിയ കൈയടി അർഹിക്കുന്നു. കൊച്ചിൻ കാർണിവെലടക്കം കണ്ണിനും മനസിനും കുളിർമയേകുന്ന രംഗങ്ങൾ ആർഡിഎക്സിൽ ആവോളമുണ്ട്.
നഹാസ് ഹിദായത്തിന്റെ തന്നെ കഥയ്ക്ക് ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. തിരക്കഥയിലെ പഞ്ചിന് അതർഹിക്കുന്ന മേക്കിംഗ് തന്നെ നൽകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.
ടിക്കറ്റെടുത്താൽ...
സംശയം വേണ്ട, പൈസ വസൂൽ. ഓണചിത്രം കൂടിയായ ആർഡിഎക്സ് തിയേറ്ററുകളിൽ ക്രൗഡ് പുള്ളറായി മാറിയത് വന്പൻ ചിത്രങ്ങളുടെ കുത്തൊഴുക്കിലാണെന്നത് ശ്രദ്ധേയമാണ്. പ്രമോഷൻ വഴി ആളെക്കയറ്റുന്നതിന് പകരം മൗത്ത് പബ്ലിസിറ്റിയിൽ ബോക്സ് ഓഫീസ് തരംഗം സൃഷ്ടിച്ച ഈ "യൂത്തൻ ഇടിപ്പടം' വരാനിരിക്കുന്ന പവർ പാക്ക്ഡ് മലയാള ചിത്രങ്ങൾ സഞ്ചരിക്കാനിരിക്കുന്ന പാതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണെന്ന് നിസംശയം പറയാം.
പാട്ടും ഡാൻസും പകയും പ്രണയവും പ്രതികാരവും എല്ലാം ഒപ്പത്തിനൊപ്പം ചേർത്ത ഒരു ഫെസ്റ്റിവൽ മൂഡ് സിനിമ തന്നെയാണ് ആർഡിഎക്സ്. ഈ ഓണക്കാലത്ത് കുടുംബത്തോടൊപ്പം ധൈര്യമായി തീയറ്ററിലേക്ക് പോകാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ട.