നാട്ടുകാരും വീട്ടുകാരുമൊക്കെ സൗകര്യം പോലെ പ്രഭയെന്നും ഇന്ദുവെന്നും പ്രഭേന്ദുവെന്നുമൊക്കെ മാറിമാറി വിളിക്കാറുള്ള പ്രഭേന്ദു എന്‍. നമ്പൂതിരിയുടെ ജീവിതത്തിലെ ചിരിയും ഇമോഷനും കലര്‍ന്ന ഏതാനും ഏടുകളാണ് നിവിന്‍ പോളി നായകവേഷത്തിലെത്തിയ അഖില്‍ സത്യന് സിനിമ സര്‍വ്വംമായ.
പ്രേതകഥയെന്നോ പ്രേമകഥയെന്നോ വേര്‍തിരിക്കാനാവാത്തവിധം കെട്ടുപിണഞ്ഞ കഥാസഞ്ചാരത്തില്‍ നിവിന്‍ പോളിയെന്ന നടന്റെ ഹ്യൂമര്‍ മുഖവും ഇമോഷണല്‍ മുഖവും ചേരുംപടിചേര്‍ത്ത് സിനിമയ്ക്കു ഫീല്‍ഗുഡ് ഹൊറർ ഡ്രാമ ഫ്ളേവര്‍ നിലനിര്‍ത്തുന്നതില്‍ സംവിധായകന് വിജയിച്ചുവെന്നുതന്നെ പറയാം.
നൂറ്റാണ്ടുകളായി പൂജയും ഹോമകര്മങ്ങളുമൊക്കെ വിധിപ്രകാരം തുടര്‍ന്നുവരുന്ന ഇല്ലത്തെ ഇളയ സന്തതിയാണു കഥാനായകന് പ്രഭേന്ദു. ആള്‍ക്ക് ഈശ്വര വിശ്വാസം ഇത്തിരി കുറവാണ്. ഇല്ലെന്നു തന്നെ പറയാം. ആള്‍ക്ക് സംഗീതമാണു ദൈവം. ഗിറ്റാറിസ്റ്റാണ്.
ഗാനമേളകള്‍ക്കും ആല്‍ബങ്ങള്‍ക്കും സിനിമാപാട്ടുകള്ക്കും ഗിറ്റാര്‍ വായിക്കുന്നതാണ് പ്രഭയുടെ ജീവനോപാധി. അച്ഛന് നീലകണ്ഠന് നമ്പൂതിരിയും മൂത്തമകന് ദീപാങ്കുരനും ചേര്‍ന്നാണ് പൂജയും വഴിപാടുകളും മറ്റു കര്‍മങ്ങളുമൊക്കെ നടത്തിവരുന്നത്.
അങ്ങനെയിരിക്കെ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രഭേന്ദുവിനു സുഹൃത്തായ രൂപേഷ് നമ്പൂതിരിയുടെ പരികര്‍മിയായി പൂജകള്‍ക്കും ബാധ ഒഴിപ്പിക്കലുകള്‍ക്കും പോകേണ്ടിവരുന്നു.
ഒരു ഘട്ടത്തില്‍ മെയിന്‍ പൂജാരിയായി പ്രഭ പ്രമോഷനും നേടുന്നു. തുടര്‍ന്ന് അപ്രതീക്ഷിത കഥാസന്ദര്‍ഭങ്ങളിലൂടെയുള്ള സ്വച്ഛശാന്തമായ സഞ്ചാരമാണ് അഖില്‍ സത്യന് കഥയെഴുതി സംവിധാനം ചെയ്ത സര്‍വ്വംമായ.

തനിക്കു പറയാനുള്ളതു യാതൊരു വിധ ടെന്‍ഷനുകളുമില്ലാതെ നേരേചൊവ്വെ പറയുന്ന സംവിധായകന്. ആ കഥാഗാത്രത്തിലേക്കും പ്രഭേന്ദുവെന്ന കഥാപാത്രത്തിലേക്കും അയത്ന ലളിതമായി ഇറങ്ങിച്ചെല്ലുന്ന നിവിന്‍ പോളിയെന്ന നടന്.
ക്യൂട്ട് ആന്‍ഡ് ഗ്രേയ്സ് നിവിനെ സര്വംമറന്നു നോക്കിയിരുന്നുപോകുന്ന ഫീല്‍ഗുഡ് അനുഭവം. വര്‍ഷങ്ങള്‍ക്കുശേഷമാണ് തനിക്കുമാത്രം സാധ്യമാകുന്ന, ഒട്ടും ഏച്ചുകെട്ടലുകളില്ലാത്ത, വെറും കെട്ടുകാഴ്ചയല്ലാത്ത ഒരു കഥാപാത്രമായി നിവിനെ പ്രേക്ഷകര്‍ക്കു തിരികെലഭിക്കുന്നത്.
അവിടെയാണ് അത്തരമൊരു തിരിച്ചുവരവിന് വഴിയൊരുക്കിയ അഖില്‍ സത്യനോടു നന്ദി പറയേണ്ടത്. പ്രഭേന്ദുവായി നിവിന്റെ സ്ക്രീന്‍ പ്രസന്‍സും എടുത്തുപറയേണ്ടതു തന്നെ.
പൊന്മുട്ടയിടുന്ന താറാവ്, പിന്‍ഗാമി ഉള്‍പ്പെടെയുള്ള സിനിമകള്‍ എഴുതിയ സര്‍ഗധനനായ രഘുനാഥ് പലേരിയാണു പ്രേഭേന്ദുവിന്റെ അച്ഛനായി വേഷമിട്ടത്. പ്രഭേന്ദുവിന്റെ മൂത്ത സഹോദരന് ദീപുവായി വേഷമിട്ടതു നടന് മധു വാര്യര്‍.
വലിയച്ഛനായി ജനാര്‍ദനനും സുഹൃത്ത് രൂപേഷ് നമ്പൂതിരിയായി അജു വര്‍ഗീസും കഥവഴികളില് നര്‍മത്തിന്റെ ഉജ്വല മുഹൂര്ത്തങ്ങളൊരുക്കുന്നു. നിവിന്‍ പോളിയുടെ എക്കാലത്തെയും ഹിറ്റ് പ്രേമത്തിന്റെ സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഇതില്‍ സൈക്യാട്രിസ്റ്റ് കഥാപാത്രമായി നിവിനുമായി സ്ക്രീന്‍ പങ്കിടുന്നുണ്ട്.
നിവിന്‍ നായകനായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ സംവിധായകനും നടനുമായ അല്‍ത്താഫ് സലിം ഡെലിവറി ബോയ് വേഷത്തില്‍ പുത്തന്‍ ചിരിപടര്‍ത്തുന്നു.
ഡീയസ് ഈറെയില്‍ എല്‍സമ്മയായി ഞെട്ടിച്ച ജയ കുറുപ്പാണ് അജു വര്‍ഗീസിന്റെ അമ്മ വേഷത്തിലെത്തുന്നത്. ഡീയസ് ഈറെയില്‍ കിരണ്‍ എന്ന നിര്‍ണായക വേഷത്തിലെത്തിയ അരുണ്‍ അജികുമാര്‍ ഇതില്‍ കഥയില്‍ പ്രാധാന്യമുള്ള ശ്രീരാഗ് എന്ന വേഷത്തിലെത്തുന്നു.
വിനോദ് മാത്യു മാഞ്ഞൂരാനായി വിനീതും മാഞ്ഞൂരാന്റെ ഭാര്യയായി മേതില്‍ ദേവികയും നിര്‍ണായക കഥാപാത്രങ്ങള്‍ക്കു ജീവന് പകരുന്നു. അളിയന്‍സിലെ ലില്ലി, ഹൃദയപൂര്‍വ്വം സിനിമയിലെ ഒളിച്ചോടിയ രജനി തുടങ്ങിയ വേഷങ്ങള്‍ ഹിറ്റാക്കിയ സൗമ്യയും ഇതില്‍ പ്രഭേന്ദുവിന്റെ ബന്ധു വേഷത്തിലെത്തുന്നുണ്ട്.
സര്‍വ്വംമായ നിവിന്‍ പോളിക്കു രണ്ടു നായികമാരെ സമ്മാനിക്കുന്നു. ഡിലിലു എന്നും മായാ മാത്യുവെന്നും പേരുകളുള്ള ആദ്യത്തെ നായികയായി വേഷമിടുന്നതു പുതുമുഖം റിയ ഷിബു. നിവിന്‍ - റിയ കോംബോയാണ് ചിത്രത്തിന്റെ സര്വവുമെന്നു തന്നെ പറയാവുന്നതരത്തിലാണ് ആദ്യത്തെ അര മണിക്കൂറിനു ശേഷമുള്ള കഥാസഞ്ചാരം.
സ്പോയിലറാകുമെന്നതിനാല് റിയയുടെ കഥാപാത്രത്തെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ഒന്നു പറയാം, ജീവിതാവസാനം വരെയും പേടിച്ചു ജീവിക്കാനാണോ പ്ലാന്‍ എന്നൊക്കെ ചോദിച്ച് പ്രഭേന്ദുവിനെ മോട്ടിവേറ്റ് ചെയ്യുന്ന കിടിലന്‍ കഥാപാത്രമാണത്.
സിനിമ ലാഗടിപ്പിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ റിയയുടെ പുതുമയുള്ള എനര്‍ജറ്റിക് പെര്‍ഫോമന്‍സ് നിര്‍ണായകമാകുന്നു.

സിനിമയുടെ രണ്ടാംപകുതിയില്‍ സാധ്യയെന്ന നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രീതി മുകുന്ദനാണു നിവിന്റെ രണ്ടാം നായിക. സര്‍വ്വംമായയുടെ കഥവഴികളില് ഈ രണ്ടു നായികമാര്‍ പരസ്പരം കണ്ടുമുട്ടുമോ എന്നൊക്കെയുള്ള രസകരമായ കഥാംശങ്ങള്‍ തിയറ്ററില്‍ കണ്ടറിയുന്നതാവും ത്രില്‍.
ട്രെയിലര്‍ നല്കിയ സൂചനപോലെ തന്നെ ഹൊറര്‍ കോമഡിയുടെ ചേരുവകള്‍ വേണ്ടുവോളമുണ്ട് സര്‍വ്വംമായയില്‍. പ്രേതവും പ്രേതബാധ ഒഴിപ്പിക്കലുമൊക്കെ ഇതിലുമുണ്ടെങ്കിലും അതൊക്കെയും ഹൊറര്‍ ചിത്രങ്ങളിലെ പതിവുസീനുകള്പോലെ ആകുന്നില്ല എന്നതാണ് ഒരാശ്വാസം.
ഇവിടത്തെ പ്രേതം ക്ലീഷെയല്ല. ഐ ഫോണ്‍ യഥേഷ്ടം ഉപയോഗിച്ചും അതിലെ ചാറ്റ് നോക്കിയും ഫോണ്‍വഴി ഇഷ്ടമുള്ളതൊക്കെ ഓര്‍ഡര്‍ ചെയ്തുമൊക്കെ വിലസുന്ന അള്‍ട്രാ മോഡേണ്‍ പ്രേതമാണ് സര്‍വ്വംമായയില്‍.
പ്രേതത്തിനും പേടിയുണ്ടാകുമോ, പ്രേതത്തിനു പ്രണയം തോന്നുമോ, അങ്ങനെ തോന്നിയാല്‍ തുറന്നുപറയുമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും ചിത്രത്തിൽ കൃത്യമായ ഉത്തരമുണ്ട്.
ഹൃദയഹാരിയായ ചില താര കോംബിനേഷനുകളുടെ ഉത്സവമാണ് സര്‍വ്വംമായ. അതില്‍ പ്രധാനം നിവിന്‍ - അജു കോംബോ തന്നെ. ആദ്യപകുതിയില്‍ ആ കോംബോയില്‍ നിന്നുണ്ടാകുന്ന കോമഡിസീനുകള്‍ നിരവധിയാണ്.
തട്ടത്തിന് മറയത്ത്, വടക്കന്‍ സെല്‍ഫി, ലവ് ആക്ഷന്‍ ഡ്രാമ എന്നിവയിലൊക്കെ നന്നായി വര്‍ക്കൗട്ടായ ആ കോംബോ വീണ്ടും ചിരിയുടെ വേറിട്ട രസക്കൂട്ടില്‍ നിറഞ്ഞാടുകയാണ്.

ആദ്യാവസാനമുള്ള നിവിന്‍ - ജനാര്ദനന് കോംബോയും പുതുപുത്തന്‍ തന്നെ. അതിലുമുണ്ട് രണ്ടു കഥാപാത്രങ്ങള്‍ സ്വഭാവികമായി ഇഴുകിച്ചേരുന്നതിന്റെ ഹൃദയതാളം. ഈ സിനിമയ്ക്ക് അഖില്‍ സത്യന് കഥയെഴുതിയ ഹൃദയപൂര്‍വ്വം സിനിമയുമായുള്ള ചെറിയ കണക്ഷനും തിയറ്ററില്‍ അറിയുന്നതാവും ഭംഗി.
കഥാസഞ്ചാരത്തിലും അവതരണത്തിലും ചില സര്‍പ്രൈസുകളും ട്വിസ്റ്റുകളുമുള്ള ഫാമിലി ഡ്രാമ കൂടിയാണ് സര്‍വ്വംമായ. ഹൊറര്‍ ചിത്രങ്ങളില്‍ പതിവുള്ളതുപോലെ ഒരു ഫ്ളാഷ്ബാക്ക് ഇതിലും നിര്‍ണായക വഴിത്തിരിവുകള്‍ തീര്‍ക്കുന്നുണ്ട്. വിദ്യാർഥികൾക്കിടയിൽ ഏറെ ഫാന്‍സുള്ള ഒരു യുവതാരം രണ്ടാം പകുതിയില്‍ കാമിയോ വേഷത്തിലെത്തുന്നതു പ്രേക്ഷകര്‍ക്കു സര്‍പ്രൈസാകും.
ആദ്യ ചിത്രം പാച്ചുവും അത്ഭുതവിളക്കിലുമെന്നതുപോലെ ഇതിലും ശരണ്വേലായുധന് എന്ന കാമറക്കൂട്ടും ജസ്റ്റിന് പ്രഭാകരന് എന്ന സംഗീതക്കൂട്ടും കൈവിടുന്നില്ല അഖില്‍ സത്യന്.
ധൂം ധന നോം എന്നു തുടങ്ങുന്ന കിടിലിന്‍ ഡാന്‍സ് സോംഗ് ഉള്‍പ്പടെ സംഗീതത്തിനും പാട്ടിനും പ്രാധാന്യമുള്ള ചിത്രമാണു സര്‍വ്വംമായ. ജസ്റ്റിന് പ്രഭാകറിന്റെ പാട്ടുകള്‍ക്കും സംഗീതത്തിനും കഥയിലുള്ള പ്രത്യേക പ്രാധാന്യം തിയറ്ററില്‍ അറിയുന്നതാണു സുഖകരം.
ഹൃദയഹാരിയാണിതിന്റെ കാമറക്കാഴ്ചകള്‍. ഏറെ നാളുകള്‍ക്കുശേഷം പാലക്കാടൻ ഗ്രാമഭംഗിയും പച്ചപ്പും നെല്‍പ്പാടവും മലനിരകളുമുള്ള ഫ്രെയിമുകള്‍ കാഴ്ചസുഖത്തിനു കുളിരാ കുന്നു.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി നിവിന്റെ തിരിച്ചുവരവാണ് സിനിമയുടെ ഹൈലൈറ്റ്. ഈ ക്രിസ്മസ് കാലത്ത് കുടുംബവുമൊത്ത് ചിരിച്ചുരസിച്ച്, ചില ഘട്ടങ്ങളില്‍ നഷ്ടബോധത്തിന്റെ നിസഹായതയില്‍ കേവലം മനുഷ്യനായി അല്പം മിഴിനനഞ്ഞ് മനസിടറി, സ്നേഹബന്ധനങ്ങളുടെ ആഴമറിഞ്ഞ്, മനുഷ്യാവസ്ഥകളുടെ അവസ്ഥാന്തരങ്ങളിലൂടെ സത്യവും മായയും തേടുന്ന ചലച്ചിത്രാനുഭവം.
ജീവിത തിരക്കുകളിലും മനുഷ്യബന്ധങ്ങള്‍ക്കും ഹൃദയബന്ധങ്ങള്‍ക്കും ഇടംനല്കുന്നവര്ക്ക് അത്തരം ജീവിതചിത്രങ്ങള്‍ ഹൃദയഹാരിയായി കൊരുത്തിരിക്കുന്ന ഈ ഫീല്‍ഗുഡ് ഹൊറര്‍ ഫാമിലി ഡ്രാമയ്ക്കു ടിക്കറ്റെടുക്കാം.
സര്വ്വംമായയെന്ന ടൈറ്റില്‍, കഥവഴിയുമായി എത്രത്തോളം ഇഴുകിച്ചേര്ന്നുവെന്നതു അഖിൽ - നിവിൻ മായാക്കാഴ്ചകളിലൂടെ നേരിട്ടറിയാം.
Tags : Sarvam Maya Nivin Pauly Akhil Sathyan Aju Varghese