ഒരു വടക്കന്‍ സെല്‍ഫി, സത്യം പറഞ്ഞാ വിശ്വാസിക്കുമോ എന്നീ സിനിമകള്‍ക്കുശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ആശകള്‍ ആയിരം ഫീൽഗുഡ് ഫാമിലി ഹിറ്റായി മുന്നേറുന്നു. അഭിനയമോഹം തലയ്ക്കുപിടിച്ച ഒരച്ഛന്റെയും മകന്റെയും ആശകളുടെ കഥയാണു സിനിമ.
മെഡിക്കല്‍ റെപ് ഹരിഹരനായി ജയറാമും സോഷ്യൽ മീഡിയ സ്റ്റാർ ജൂണിയർ പ്രിൻസ് അജീഷ് ഹരിഹരനായി കാളിദാസും അച്ഛൻ-മകൻ രസതന്ത്രങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ നിറയ്ക്കുന്നു. ജി. പ്രജിത്ത് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു...
ഈ സിനിമയിലേക്ക് എത്തിയത്..?

2018 സിനിമയില്‍ ജൂഡിന്റെ അസിസ്റ്റന്റായിരുന്ന അരവിന്ദ് രാജേന്ദ്രന്റെ ഒരു കഥ ജൂഡും അരവിന്ദും ചേര്‍ന്നു തിരക്കഥയാക്കിയിരുന്നു. യാദൃച്ഛികമായി കാളിദാസ് ആ കഥ കേള്‍ക്കാന്‍ സാഹചര്യമുണ്ടായി. കാളിദാസിനു കഥ ഇഷ്ടമായി. അതേക്കുറിച്ചു ജയറാമേട്ടനോടു പറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിനും ആ കഥയിൽ താത്പര്യമായി.
അങ്ങനെ ആ പ്രോജക്ട് റെഡിയായി വന്നപ്പോള്‍ ജൂഡ് ആ കഥ എന്നോടു പറഞ്ഞു. ജൂഡും ഞാനും തമ്മില്‍ "മലര്‍വാടി ആര്‍ട്സ് ക്ലബ്' തൊട്ടുള്ള സൗഹൃദമാണ്. സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്കും രസകരമായി തോന്നി. മാത്രമല്ല, ജയറാമും കാളിദാസും ഒന്നിച്ചുചേരുന്ന ഒരു പ്രോജക്ട് കൂടി ആയതിനാല്‍ അതിൽ ഏറെ താത്പര്യമുണ്ടായി.
കുടുംബപ്രേക്ഷകരിലേക്കു ജയറാമിന്റെ തിരിച്ചുവരവ്..?

തിരിച്ചുവരവ് എന്നു പറയേണ്ടതില്ല. നമ്മള് എന്നും ടിവി ഓണ്‍ ചെയ്യുമ്പോള്‍ ജയറാമേട്ടനെ കാണുന്നതാണല്ലോ. മാത്രമല്ല, ഇതര ഭാഷകളില്‍ അദ്ദേഹം സിനിമകള്‍ ചെയ്യുന്നുമുണ്ട്. മലയാളത്തില്‍നിന്നു മാറിനില്‍ക്കുകയായിരുന്നില്ല, കുറച്ചു സെലക്ടീവായതാണ്. നല്ല പ്രോജക്ടുകള്‍ വരാനുള്ള കാത്തിരിപ്പിലായിരുന്നു.
ആശകള്‍ ആയിരത്തിന്റെ കഥ ഇഷ്ടപ്പെട്ടാണ് ജയറാമേട്ടൻ ഇതിലേക്കുവന്നത്. ഇതിലെ കഥാപാത്രം ഹരിഹരന്, ഒരു സാധാരണ ഗൃഹനാഥന്. പെട്ടെന്ന് ആളുകള്‍ക്കു താത്പര്യം തോന്നാവുന്ന സ്വഭാവവിശേഷങ്ങള്‍. അതൊക്കെയാവാം അദ്ദേഹത്തെ ഇതിലേക്ക് ആകര്‍ഷിച്ചത്. തനിക്കു സ്പേസുള്ള കഥാപാത്രമായും തോന്നിയിട്ടുണ്ടാവാം. ഇപ്പോള്‍ ജയറാമേട്ടനും ഹാപ്പിയാണ്. 100 പേരുള്ള ഒരു സ്ഥലത്തു ചെല്ലുമ്പോള്‍ 50 പേരെങ്കിലും ജയറാമേട്ടാ എന്നു വിളിച്ച് കൈതരുന്നു എന്നതു വലിയ സന്തോഷമാണെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ടായിരുന്നു.
ജയറാമിനൊപ്പം പ്രവർത്തിച്ചപ്പോള്‍..?
അനായാസം വര്‍ക്ക് ചെയ്യാനായി. പ്രോജക്ടിനോടുള്ള സമർപ്പണം തന്നെയാണു ജയറാമേട്ടനു പ്രധാനം. അടുത്തദിവസം ഒരു പ്രത്യേക സമയത്തു ഷൂട്ടിംഗ് തുടങ്ങുന്നതു സിനിമയ്ക്കു നേട്ടമാകുമെന്നു ബോധ്യപ്പെടുത്തിയാൽ അദ്ദേഹം കൃത്യസമയത്തു ലൊക്കേഷനിലുണ്ടാവും. നമ്മളുമായി നല്ല രീതിയില്‍ സഹകരിച്ചാണ് പടം പൂര്‍ത്തിയാക്കിയത്.
ഷൂട്ടിംഗ് ലൊക്കേഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചതു നല്ല വെയിലത്താണ്. ഷോട്ടെടുക്കാന്‍ അര മണിക്കൂര്‍ താമസമുണ്ടാകുമെന്നു പറഞ്ഞിട്ടും ജയറാമേട്ടന് കസേരയിട്ട് അവിടെത്തന്നെയിരുന്നു! ക്ലൈമാക്സ് സീക്വന്‍സിന്റെയും പാട്ടുസീനിന്റെയും രാത്രി വൈകിയുള്ള ഷൂട്ടിലും അദ്ദേഹം എന്ജോയ് ചെയ്ത് കൂടെനിന്നു.
തിരക്കഥയിലെ ചില സൂക്ഷ്മാംശങ്ങളെക്കുറിച്ചു മുന്‍കൂട്ടി സൂചന നല്കിയ ശേഷം സീനെടുക്കുമ്പോൾ നമ്മളെക്കാളും ശ്രദ്ധയോടെ അത് ഓർത്തെടുത്തു ചെ യ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ക്ലൈമാക്സില്‍ കാളിദാസ് സംസാരിക്കുമ്പോഴുള്ള ജയറാമേട്ടന്റെ റിയാക്ഷന് ഒറ്റ ടേക്കില്‍ എടുത്തു.
തിയറ്ററില്‍ ഫ്ളാഷ്ബാക്ക് പറയുന്ന സീനും സിംഗിൾ ടേക്ക് ഷോട്ടായിരുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും ജയറാമേട്ടനു തന്നെയാണ്. ഓരോ സീനിലും, ഇവിടെ ഇതാണ് ഉദ്ദേശിക്കുന്നത് എന്നു മാത്രമാണ് ഞാൻ അദ്ദേഹത്തോടു പറഞ്ഞത്. അല്ലാതെ ഇങ്ങനെ പെര്‍ഫോം ചെയ്യണം എന്നൊന്നും പറഞ്ഞിരുന്നില്ല. വിചാരിച്ചതിലും മേലെയായിരുന്നു അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്.
കാളിദാസിനൊപ്പം...

ആദ്യമായാണു കാളിദാസിനൊപ്പം സിനിമ ചെയ്തതെങ്കിലും ഏറെ കംഫര്‍ട്ടായിരുന്നു. രാവിലെതന്നെ സെറ്റിലെത്തി ഏറെ താത്പര്യത്തോടെ കൂടെനിന്നു വര്‍ക്ക് ചെയ്യുന്ന രീതി. തിരക്കഥ നേരത്തേ കൊടുത്തതിനാല്‍ കാളിദാസിനു ഡയലോഗുകളെല്ലാം ഒരുവിധം പരിചിതമായിരുന്നു. തിരക്കഥയിൽ അപ്പപ്പോൾ വരുത്തിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും തയാറായി. പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തുവരെ കാര്യങ്ങള്‍ തിരക്കുമായിരുന്നു. വളരെ സീരിയസായി സിനിമയെ സമീപിക്കുന്ന നടനാണു കാളിദാസ്.
സുമിത് രാഘവനായി ഷറഫുദീന്‍...?

മികച്ച പെര്ഫോര്മറാണു ഷറഫുദീന്‍. ഞാന്‍ വിചാരിച്ചതിലും മറ്റൊരു ഡയമെന്‍ഷനാണ് ഷറഫു ആ കഥാപാത്രത്തിനു തന്നത്. ആ കഥാപാത്രത്തിന്റെ മാനറിസങ്ങളും മറ്റും സ്ക്രിപ്റ്റിലുണ്ടായിരുന്നു. ഷറഫിന്റെ ചില പെരുമാറ്റരീതികളും ശരീരഭാഷയുമെല്ലാം അതുമായി ചേര്‍ന്നുവന്നു.
"സിനിമയില്‍ നിന്റെ ഗോഡ്ഫാദറാകാമെന്നും ഞാന്‍ ഇരുന്നിടത്തു നിന്നെയിരുത്തി’ എന്നും മറ്റും അജീഷിനോടു സുമിത് പറയുന്ന ഒരു സീനുണ്ട്. ഡയലോഗ് പറഞ്ഞുകൊണ്ടു മൂവ് ചെയ്യുന്ന രീതിയിലാണ് ആ ഷോട്ട് പ്ലാന്‍ ചെയ്തത്. ഡയലോഗിനിടെ പരസ്പരം കസേര മാറിയിരുന്ന് അതു ചെയ്യാം എന്നതു ഷറഫിന്റെ ആശയമായിരുന്നു. എനിക്കും അതു രസകരമായി തോന്നി.
ആശാ ശരത്തിനെ പരിഗണിച്ചത്..?

ഹരിഹരന്റെ ഭാര്യ ആശ- അതാണു കഥാപാത്രം. നിഷ്കളങ്കയായ ഒരു അമ്മ എന്ന സ്വഭാവത്തിലുള്ള ആ വേഷത്തിലേക്കു പലരെയും പരിഗണിച്ചുവെങ്കിലും ഒടുവില്‍ ചര്‍ച്ചകള്‍ ആശയിലെത്തി. തിയറ്റര്‍ സീക്വന്‍സുകളില്‍ അവരുടെ റിയാക്ഷനുകള്‍ ഏറെ രസകരമായി വന്നു. ഹ്യൂമറും ചെയ്തിട്ടുണ്ട്. ക്ലൈമാക്സ് സീനുകളിലും മികച്ച പെര്ഫോമന്സുണ്ടായി.
ഇഷാനി ഈ സിനിമയിലെത്തിയത്..?

അസോസിയേറ്റ് ഡയറക്ടര്‍ റിയ- അതാണു കഥാപാത്രം. വാസ്തവത്തില്‍ മലയാളത്തിലെ ഒരു മുൻനിര അഭിനേത്രിയെ കാസ്റ്റ് ചെയ്യാനുള്ള സ്ക്രീന്‍ സ്പേസ് ആ കഥാപാത്രത്തിനില്ല. കാളിദാസിന്റെ ഹീറോയിന് എന്ന രീതിയിലുമല്ല ആ വേഷം. ആ കഥാപാത്രത്തിനു ക്യൂട്ടായ, ബോള്‍ഡായ ഒരു ആര്‍ട്ടിസ്റ്റ് വേണമായിരുന്നു. ഇഷാനിയുടെ റീല്‍സിലെ കുറച്ചു ബോള്‍ഡായ സംസാരരീതി കണ്ടപ്പോൾ അതിലേക്ക് ഉറപ്പിച്ചു.
പഴയ ജയറാം സിനിമകളിലെ റഫറന്‍സുകള്‍..?
"ചെല്ലക്കാറ്റേ’ കൊണ്ടുവന്നാല്‍ ജയറാമും കാളിദാസുമുള്ള ക്ലൈമാക്സ് സീക്വന്‍സുകൾ പ്രേക്ഷകര്‍ക്കു പെട്ടെന്നു കണക്ടാകുമെന്നു തോന്നി. കൊച്ചുകൊച്ചു സന്തോഷങ്ങളിലെ സീനുകളൊക്കെ ഇന്നും ജനമനസുകളിലുണ്ടല്ലോ.
അങ്ങനെ ആ ട്യൂണ്‍ ഉപയോഗിച്ചു. "വീണ്ടും ചില വീട്ടുകാര്യങ്ങളി’ലെ "നല്ല നടൻ ഇപ്പോഴും അപ്പൻ തന്നെയാ’ എന്ന ഡയലോഗ് ഇതിന്റെ സ്ക്രിപ്റ്റിലുണ്ടായിരുന്നു. അത് ഇതിലെ കഥാസന്ദര്ഭത്തിനിണങ്ങുന്നതായിരുന്നു.
ഇതില്‍ ജയറാമേട്ടനും കാളിദാസുമുള്ള ഒരു ഡാന്‍സ് മത്സര സീനുണ്ട്. അതിനുവേണ്ടി പുതിയ പാട്ടൊരുക്കാതെ നിലവിലുള്ള ഒരു പാട്ടെടുക്കാൻ തീരുമാനിച്ചു. അങ്ങനെ "ഷാര്‍ജ റ്റു ഷാര്‍ജ’യിലെ "പതിനാലാം രാവിന്റെ..’ എന്ന രസമുള്ള ഡാന്‍സ് പാട്ട് റീമിക്സ് ചെയ്ത് ഉപയോഗിച്ചു.
കുടുംബങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നോ..?
റിലീസാകുംവരെയും പ്രേക്ഷകരുടെ പ്രതികരണം എന്താകുമെന്ന് അറിയില്ലായിരുന്നു. ഇന്നു പ്രായമുള്ള അമ്മമാര്‍ ഉള്‍പ്പെടെ തിയറ്ററില്‍ സിനിമ നന്നായി ആസ്വദിക്കുന്നുണ്ട്.
ഈ വിജയത്തിനു പിന്നില്‍ ആനന്ദ് മന്മഥൻ, ഷിന്‍സ് ഷാന്‍, ദിലീപ് മേനോന്, ജയറാമിന്റെ മകളായി വേഷമിട്ട സൂര്യ ബാലസുബ്രഹ്മണ്യൻ ഉൾപ്പെടെ ഇതില്‍ സഹകരിച്ച എല്ലാ ആര്‍ട്ടിസ്റ്റുകളുടെയും പിന്തുണയുണ്ട്.
മേക്കിംഗിലെ വെല്ലുവിളി..?
തുടക്കത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുംവരെ ജൂഡ് എനിക്കൊപ്പമുണ്ടായിരുന്നു. ഷൂട്ടിംഗിനിടെ സ്ക്രിപ്റ്റില്‍ മാറ്റങ്ങള്‍ വേണ്ടിവന്നപ്പോഴൊക്കെ ജൂഡിന്റെ സഹായമുണ്ടായി. ഈ സിനിമയ്ക്കു വേണ്ടതൊക്കെ നമ്മുടെ സൗകര്യത്തിനു ചെയ്യാനുള്ള സ്വാതന്ത്ര്യം ഗോകുലം മൂവീസും കോ-പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയും തന്നിരുന്നു. ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ ഷെഫീക് ഉള്‍പ്പെടെയുള്ള സാങ്കേതിക വിഭാഗത്തിന്റെയും ക്രൂവിന്റെയും വലിയ പിന്തുണയുണ്ടായി. അതിനാല്‍ ഇതിന്റെ മേക്കിംഗിൽ സമ്മർദമൊന്നും തോന്നിയില്ല.
Tags : aashakal ayiram g prajith movie director interview