അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Tags : Boban and Molly Actor Chackochan cinema kunchacko boban movie surprised boban kunchacko yesudas jayabharathi alapuzha marriage reception dance program news cutting deepika deepika daily