Movies
ബ്രഹ്മാണ്ഡചിത്രം വാരണാസിയെക്കുറിച്ചും തന്റെ മറ്റു സിനിമകളെക്കുറിച്ചും മനസ് തുറന്ന് സംവിധാകൻ എസ്.എസ്. രാജമൗലി. തന്റെ എല്ലാ സിനിമകളും ശ്രീരാമനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്നാണ് രാജമൗലി പറയുന്നത്.
രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വാരാണസി ഒരുക്കിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
'എന്റെ എല്ലാ സിനിമകളും ഭഗവാൻ രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ, രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്.
രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസിലായേക്കില്ല, പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസിലാക്കിയാൽ, എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരാണസി'. രാജമൗലി പറഞ്ഞു.
Kerala
കോട്ടയം: ഹൃദയം തൊടുന്ന മെലഡികളുമായി സംഗീത പ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... ഇന്നു ചെന്നൈയിൽ അന്തരിച്ച എസ്.പി. വെങ്കിടേഷ് എന്ന സംഗീതപ്രതിഭയെ ചുരുങ്ങിയ വാക്കുകളിൽ ഇങ്ങനെ വിശേഷിപ്പിക്കാം.
വിവിധ ഭാഷകളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് ഈണം നൽകി. ഒപ്പം പശ്ചാത്തല സംഗീതംകൊണ്ടും സിനിമകളെ അനശ്വരമാക്കി.
1980–90 കാലഘട്ടങ്ങളിൽ മലയാള സിനിമയ്ക്കു അമൂല്യമായ നിരവധി ഗാനങ്ങളും പശ്ചാത്തല സംഗീതവും സമ്മാനിച്ച അദ്ദേഹം, മാധുര്യവും ക്ലാസിക്കൽ സ്പർശവുമുള്ള സംഗീതശൈലിയിലൂടെ വേറിട്ടുനിന്നു.
കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളെ നന്നായി മനസിലാക്കി ഒരുക്കുന്ന സംഗീതസംവിധാനമാണ് എസ്.പി. വെങ്കിടേഷിന്റെ പ്രത്യേകത. മെലഡി ഗാനങ്ങളിൽ അദ്ദേഹം പുലർത്തിയ ലാളിത്യവും ആത്മീയ സ്പർശവും ശ്രോതാക്കളുടെ മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു.
ഹിറ്റുകളുടെ പെരുമഴയാണ് അദ്ദേഹം മലയാള സിനിമയ്ക്കുമേൽ വർഷിച്ചത്.
ഒരു വല്ലം പൊന്നും പൂവും (മിന്നാരം), തുമ്പിപ്പെണ്ണേ...(ധ്രുവം), തളിർവെറ്റിലയുണ്ടോ...(ധ്രുവം), പാതിരാക്കിളി (കിഴക്കൻ പത്രോസ്) തുടങ്ങി മലയാളികൾ ഏറെ ഏറ്റുപാടിയ ഗാനങ്ങൾ എസ്.പി ഒരുക്കി.
കിലുക്കം, കൗരവർ, സ്ഫടികം, ജോണിവാക്കർ തുടങ്ങിയ സിനിമകളെ സൂപ്പർ ഹിറ്റുകളാക്കുന്നതിൽ അതിലെ എസ്പി ഒരുക്കിയ ഗാനങ്ങളും സഹായിച്ചു. മലയാളം, തമിഴ്, കന്നട, ബംഗാളി, ഹിന്ദി, മറാഠ ഭാഷകളിൽ അദ്ദേഹത്തിന്റെ സംഗീതസ്പർശമെത്തി.
Movies
ആശാൻ സിനിമയ്ക്കു വേണ്ടി സംവിധായകൻ ജോൺപോൾ ജോർജ് സംഗീതം നൽകി ആലപിച്ച ഗാനം ശ്രദ്ധേയമാകുന്നു. ചിറകേ ചിറകേ വെൺമാനത്തേറാൻ ഊഴം വന്നുവോ... എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ മികച്ച അഭിപ്രായം നേടിയിരിക്കുന്നത്.
ജോൺപോൾ ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ആശാൻ സിനിമയുടെ റിലീസ് ഫെബ്രവരി അഞ്ചിന് പ്രഖ്യാച്ചിരിക്കുകയാണ്. ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. നേരത്തെ ഇതേ സിനിമയിലെ തന്നെ "കുഞ്ഞിക്കവിൾ മേഘമേ' എന്ന ഗാനം തരംഗമായി മാറിയിരുന്നു. റീൽസിലും മറ്റും ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ഈ ഗാനം.
ഇതിനു പിന്നാലെ ചിത്രത്തിലെ "മയിലാ സിനിമയിലാ" എന്ന ഗാനത്തിന്റെ വീഡിയോ അവതരിപ്പിച്ചു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഗാനം ഏറെ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞു. ശ്രീജിത്ത് ഡാസ്ലേഴ്സ് നൃത്തം ഒരുക്കിയ ഗാനരംഗത്തിൽ ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സിനിമ റിലീസിനു മുന്നോടിയായിട്ടാണ് സംവിധായകൻ തന്നെ ആലപിച്ച "ചിറകേ ചിറകേ' എന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടത്. വിനായക് ശശികുമാറാണ് ഹൃദയത്തിൽ തൊടുന്നതുപോലെയുള്ള വരികൾ എഴുതിയിരിക്കുന്നത്.
ജോൺപോളിന്റെ തന്നെ റീത്ത റിക്കാർഡ്സ് എന്ന മ്യൂസിക് കമ്പ നിയുടെ യുട്യൂബ് ചാനൽ വഴിയാണ് പാട്ട് റിലീസ് ചെയ്തത്.
Kerala
കൊച്ചി: മലയാള സിനിമയുടെ ആവശ്യങ്ങള്‍ സംസ്ഥാന ബജറ്റില്‍ പരിഗണിക്കാത്തതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനു പ്രതിഷേധം. ഇരട്ട നികുതി ഒഴിവാക്കാല് അടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന് ആവശ്യപ്പെട്ടത്. ജനുവരി 21ന് നടത്തിയ സൂചന പണിമുടക്കിനെ തുടര്‍ന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് ചര്‍ച്ചയ്ക്കു വിളിക്കുകയും കാര്യങ്ങള്‍ പരിഗണിക്കാമെന്നു പറയുകയും ചെയ്തിരുന്നു. ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപനങ്ങള്‍ ഉണ്ടാവത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
വാക്ക് പാലിച്ചില്ല
21ന് മലയാള സിനിമ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മന്ത്രി സജി ചെറിയാന് ഞങ്ങളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തു. ഇതുകൊണ്ടാണ് ഞങ്ങള്‍ സമരം പിന്‍വലിച്ചത്. വിനോദ നികുതിയായി ഈടാക്കുന്നത് ഇരട്ടി നികുതിയാണ്. അത് എടുത്തു കളയണമെന്നായിരുന്നു ഞങ്ങളുടെ ഡിമാൻഡ്. ഈ കാര്യം മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിക്കാമെന്നും വേണ്ട ഇളവുകള്‍ നല്‍കാമെന്നും മന്ത്രി ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇന്നത്തെ ബജറ്റില്‍ ആ ഉറപ്പു കാണാനില്ല - പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റും തങ്ങളും ധനകാര്യമന്ത്രിയെ പോയി കാണുകയും കേരള ഫിലിം ചേംബറില്‍നിന്നു കത്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ബജറ്റില്‍ സിനിമ വ്യവസായത്തെ സംബന്ധിച്ചു കാതലായ ഒരു സഹായവും ഉണ്ടായിട്ടില്ല. ഇരട്ട നികുതി പിടിച്ചുപറിയാണ്. കഴിഞ്ഞ ഒൻപതു വര്‍ഷമായി ഇടതുപക്ഷ സര്‍ക്കാരിനോട് ഇരട്ട നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ ബജറ്റിലും അതില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല.
നികുതിയോടു നികുതി
ഇന്ത്യയില്‍ ഒരു പ്രോഡക്ടിനും ഇല്ലാത്ത നികുതിയാണ് മലയാള സിനിമയ്ക്ക് ഇടാക്കുന്നത്. ഏകദേശം 47 ശതമാനം ടാക്സ് നല്‍കണം. സിനിമ നിര്‍മിക്കാന്‍ ഒരു കോടി രൂപയുമായി ഒരു നിര്‍മാതാവ് ഇറങ്ങിയാല്‍ അപ്പോള്‍തന്നെ 18 ലക്ഷം രൂപ ജിഎസ്ടിക്കായി സംഘടിപ്പിക്കണം. തിയേറ്ററില്‍ നാലു കോടി രൂപ നേടിയാല്‍ മാത്രമേ ഈ ഒരു കോടി 18 ലക്ഷം രൂപ തിരിച്ചു കിട്ടുകയുള്ളു. സിനിമ ടിക്കറ്റിനും 18 ശതമാനം ജിഎസ്ടി വാങ്ങും. അതിന്റെ കൂടെ 8.5 ശതമാനം അഡീഷണല്‍. പിന്നെ ക്ഷേമനിധി, കെഎസ്എഫ്ഡിസി, ചലച്ചത്ര അക്കാദമി എന്നിങ്ങനെയുള്ള വിഹിതങ്ങള്‍ എല്ലാം കൂട്ടി മൂന്നു ശതമാനം വേറെയും. മറ്റൊരു പ്രോഡക്ടിനും ഇത്രയും നികുതിയില്ല - അസോസിയേഷന് ചൂണ്ടിക്കാട്ടി.
Kerala
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സംഘടനകളുടെ സമരം പിന്‍വലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. വൈദ്യുതി താരിഫ് ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങളിലും പരിഹാരമുണ്ടാകും.
ഇരട്ട നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സർക്കാരുമായി ചർച്ച ചെയ്യും. സിനിമാ മേഖലയിൽ 60 വയസുകഴിഞ്ഞവർക്ക് പെൻഷൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ ചർച്ചക്ക് ശേഷം പറഞ്ഞു.
Movies
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമരഗ്ര സംഭാവനയ്ക്കുള്ള 2024ലെ ജെസി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.
പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. 2017ലെ ജെസി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന് ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു.
ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി.
ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ഇരുമിത്രലു എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി.
തുടര്‍ന്ന് എംടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ്, എംടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്കരന് സംവിധാനം ചെയ്ത ഇരുട്ടിന്റെ ആത്മാവ് എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി.
ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐഎഫ്എഫ്കെയില് റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
Kerala
തിരുവനന്തപുരം: മലയാള ചലച്ചിത്രരംഗത്തെ സമരഗ്ര സംഭാവനയ്ക്കുള്ള 2024ലെ ജെസി ഡാനിയേല്‍ പുരസ്കാരം നടി ശാരദയ്ക്ക്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ.
പുരസ്കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. 2017ലെ ജെസി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്സണും നടി ഉര്‍വശി, സംവിധായകന് ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളിസ്ത്രീയെ തിരശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു.
ആ കാലഘട്ടത്തിലെ മലയാളിസ്ത്രീയുടെ സഹനങ്ങളെയും ദുരിതങ്ങളെയും നിയന്ത്രിതമായ ഭാവപ്പകര്‍ച്ചകളോടെ അവതരിപ്പിച്ച ശാരദയ്ക്ക് 1968 ല്‍ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിലൂടെയും 1977 ല്‍ തെലുങ്ക് ചിത്രമായ നിമജ്ജനത്തിലൂടെയും അവര്‍ ദേശീയ അംഗീകാരം നേടി.
ത്രിവേണി, മുറപ്പെണ്ണ്, മൂലധനം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാരദ, കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹയാണെന്ന് ജൂറി വിലയിരുത്തി.
1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി ഇരുമിത്രലു എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത ഇണപ്രാവുകള്‍ എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി.
തുടര്‍ന്ന് എംടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത മുറപ്പെണ്ണ്, എംടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്കരന് സംവിധാനം ചെയ്ത ഇരുട്ടിന്റെ ആത്മാവ് എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി.
ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഐഎഫ്എഫ്കെയില് റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടി ശാരദയായിരുന്നു. 2019ല്‍ നടന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിലാണ് ശാരദയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി പട്ടികയിൽ "സർപ്രൈസ്' സ്ഥാനാർഥികളെ അവതരിപ്പിക്കാനുള്ള ശ്രമം ഊർജിതമായി. നടി ഭാവനയെ തെരഞ്ഞെടുപ്പ് ഗോദയിലിറക്കാൻ പാർട്ടി ഉന്നതതലത്തിൽ ആലോചനകൾ സജീവമാണെന്നാണ് വിവരം. സ്ത്രീ വോട്ടർമാർക്കിടയിലും യുവാക്കൾക്കിടയിലും ഭാവനയ്ക്കുള്ള വലിയ ജനപ്രീതി വോട്ടായി മാറ്റാനാവുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
രാഷ്ട്രീയത്തിനതീതമായ വലിയൊരു സൗഹൃദവലയവും പിന്തുണയും ഭാവനയ്ക്കുണ്ട്. ഇതു തെരഞ്ഞെടുപ്പിൽ വലിയ ഗുണം ചെയ്യുമെന്നു പാർട്ടി വിലയിരുത്തുന്നു. മുതിർന്ന നേതാവ് അയിഷക് പോറ്റി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു സിപിഎമ്മിനു ക്ഷീണമായിരുന്നു. ഇതിനു മറുപടിയായി ഒരു "ബിഗ് സർപ്രൈസ്' സ്ഥാനാർഥിയെ അവതരിപ്പിക്കാനാണു സിപിഎം ശ്രമം. സർക്കാരിന്റെ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഭാവനയ്ക്ക് ഇടതുപക്ഷ നിലപാടുകളോട് അനുഭാവമുണ്ട്. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഭാവന പങ്കെടുത്തത് നേരത്തെ വലിയ വാർത്തയായിരുന്നു.
നിലവിലെ എംഎൽഎമാരായ താരങ്ങളെ മാറ്റി നിർത്തി പുതിയ മുഖങ്ങളെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഭാവനയുടെ പേര് ചർച്ചയാകുന്നത്. ഭാവനയുടെ നിലപാട് അറിഞ്ഞ ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. നടി സമ്മതം അറിയിച്ചാൽ ഏറ്റവും സുരക്ഷിതമായ മണ്ഡലം തന്നെ താരത്തിനായി നൽകുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Movies
മോഹൻലാൽ- ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ.
ചിത്രം ഏപ്രിൽ രണ്ടിന് തീയറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള മോഷൻ പോസ്റ്റർ മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. "വര്‍ഷങ്ങള്‍ കടന്നുപോയി, എന്നാല്‍ ഭൂതകാലം പോവില്ല' എന്ന കുറിപ്പോടെയാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. വീടിന് മുന്നില്‍ നില്ക്കുന്ന ജോര്‍ജ് കുട്ടിയേയും കുടുംബത്തേയുമാണ് പോസ്റ്ററില്‍ കാണുന്നത്.
ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.
Kerala
കൊച്ചി: തദ്ദേശസ്ഥാപനങ്ങള്‍ ഈടാക്കുന്ന വിനോദനികുതി ഒഴിവാക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരേ സിനിമാസംഘടനകള്‍ പ്രതിഷേധം ശക്തമാക്കുന്നു.
ഇതിന്റെ ഭാഗമായി 21ന് സംസ്ഥാനവ്യാപകമായി സിനിമാമേഖലയില്‍ സൂചനാപണിമുടക്ക് നടത്തുമെന്ന് ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ സംയുക്തമായി അറിയിച്ചു.
പണിമുടക്ക് സിനിമാമേഖലയെ നിശ്ചലമാക്കും. അന്നേദിവസം തിയേറ്ററുകളില്‍ സിനിമാപ്രദര്‍ശനം ഉണ്ടാകില്ല. ഷൂട്ടിംഗ്, ഡബ്ബിംഗ്, എഡിറ്റിംഗ് തുടങ്ങിയ നിര്‍മാണ അനുബന്ധ ജോലികളും പൂര്‍ണമായി നിര്‍ത്തിവയ്ക്കും. ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, ഫിയോക് തുടങ്ങിയ സംഘടനകള്‍ ഒറ്റക്കെട്ടായാണു സമരരംഗത്തുള്ളത്.
സൂചനാസമരത്തിനുശേഷവും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് തിയേറ്ററുകള്‍ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടിവരുമെന്ന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
Movies
ജയസൂര്യ നായകനാകുന്ന "ആട്' പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. സിനിമയിലെ താരങ്ങൾ സമൂഹമാധ്യമത്തിലൂടെയാണ് ചിത്രീകരണം പൂർത്തിയായെന്ന് അറിയിച്ചത്. ചിത്രത്തിന്റെ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്.
127 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയായെന്നും 2026 മാർച്ച് 19ന് തീയറ്ററിൽ കാണാമെന്നും താരങ്ങൾ അറിയിച്ചു. മിഥുൻ മാനുവൽ ആണ് സിനിമയുടെ സംവിധാനം. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളുടെ തുടർച്ചയായാണ് ആട് 3 എത്തുന്നത്
ടൈം ട്രാവൽ ഉൾപ്പെടെ പ്രമേയമാകുന്ന ആട് 3 നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ്.
ജയസൂര്യയ്ക്കൊപ്പം വിനായകൻ, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ ഒന്നിക്കുന്നു. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തത് അഖിൽ ജോർജാണ്.
Movies
നടൻ ജനാർദ്ദനന്റെ വീട് പണി നടക്കുന്ന സമയം. പണിക്കാർ വീടിന്റെ ഏതോ ഭാഗം ശരിയായ രീതിയിലല്ല പണിതത്. പണി എങ്ങനെ നടക്കുന്നു എന്ന് നോക്കാൻ വന്ന ജനാർദ്ദനൻ പണി ശരിയായിട്ടില്ല എന്ന് കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന പണിക്കാരോട് ഇതെന്തൊക്കെയാ കാണിച്ചു വച്ചിരിക്കുന്നേ… ഇങ്ങനെയാണോ പ്ലാനിൽ ഉള്ളത് …
എന്റെ കാശ് കളയാൻ വേണ്ടി വന്നതാണോ.. എന്നൊക്കെ ദേഷ്യത്തിൽ ചോദിച്ചു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ജനാർദ്ദനൻ എന്ന നടൻ തങ്ങളുടെ മുന്നിൽ വന്ന് ഇങ്ങനെ ചൂടായപ്പോൾ പണിക്കാർക്ക് ചിരിയാണ് വന്നത്. നടൻ ശ്രീനിവാസൻ നാടോടിക്കാറ്റിൽ സീമയോട് പറയുന്ന പോലെ സിനിമയിൽ കാണുന്ന പോലെ തന്നെ ഉണ്ട് എന്ന് പണിക്കാർ പരസ്പരം പറഞ്ഞു. നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും പറഞ്ഞ് ജനാർദ്ദനൻ പോയപ്പോഴും ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു ആ പണിക്കാർക്ക്.
അതാണ് ജനാർദ്ദനൻ എന്ന നടൻ. വില്ലനായി വന്ന് എല്ലാവരെയും പേടിപ്പിച്ച് പിന്നെ കോമഡിയിലൂടെ എല്ലാവരെയും ചിരിപ്പിച്ച് നല്ല ക്യാരക്ടർ റോളുകളും ചെയ്ത് ഇപ്പോഴും ഇനിയും ഒരുപാട് അങ്കത്തിന് ബാല്യമുണ്ട് എന്ന് സർവ്വം മായയിലൂടെ കാണിച്ചു തരുന്ന ജനാർദ്ദനൻ ചേട്ടൻ എന്ന് എല്ലാവരും വിളിക്കുന്ന ജനാർദ്ദനൻ.
മലയാള സിനിമയിലെ കാരണവർസ്ഥാനത്ത് ജനാർദ്ദനൻ ഉണ്ട്. ഒരുകാലത്തും സിനിമയിൽ നിന്ന് അദ്ദേഹം ഔട്ട് ആയിട്ടില്ല. കിട്ടുന്നത് ഒരു ചെറിയ വേഷം ആണെങ്കിൽ പോലും അതിനെ ഏറ്റവും പെർഫെക്റ്റ് ആക്കുക എന്നത് ആരംഭ കാലം മുതൽ അദ്ദേഹം പിന്തുടരുന്ന ഒരു ശീലമാണ്. അതുകൊണ്ടുതന്നെ ജനാർദ്ദനന്റെ ഏതു കഥാപാത്രം എടുത്താലും അതിന് അതിന്റേതായ വ്യക്തിത്വം ഉണ്ട്. എത്രയോ തവണ മുഖ്യമന്ത്രിയായും മന്ത്രിയായും രാഷ്ട്രീയക്കാരനായും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും ഒരേ ടൈപ്പ് കഥാപാത്രങ്ങളായി നമുക്ക് ഒരിക്കലും ഫീൽ ചെയ്തിട്ടില്ല.
എത്ര തവണ മന്ത്രിയായാലും ഒരിക്കലും ആവർത്തന വിരസത പ്രേക്ഷകന് അനുഭവപ്പെട്ടിട്ടില്ല. ജനാർദ്ദനനെ ഉള്ളൂ ആ വേഷം ചെയ്യാൻ എന്നാണ് പ്രേക്ഷകർക്ക് തോന്നാറുള്ളത്.സർവ്വം മായയിൽ നിവിന്റെ വല്യച്ഛനായി മുഴുനീള കഥാപാത്രം തന്നെയാണ് അഖിൽ സത്യൻ നൽകിയിരിക്കുന്നത്. അതിന് അഖിലിനെ അഭിനന്ദിക്കാതെ വയ്യ!!
ഡയലോഗ് ഡെലിവറിയിൽ ജനാർദ്ദനന്റെ വോയ്സ് വിസ്മയിപ്പിക്കുന്നതാണ്. മിമിക്രി കലാകാരന്മാർ ഏറ്റവും അധികം അനുകരിക്കുന്ന ശബ്ദങ്ങളിൽ ഒന്നാണ് നടൻ ജനാർദ്ദനന്റേത് എന്നുകൂടി ഓർക്കുക. ആ പരുക്കൻ ശബ്ദത്തിന് മാറ്റങ്ങളില്ല.ആ ശബ്ദം വില്ലന്റേതായാലും ക്യാരക്ടർ റോളിൽ ആയാലും തമാശ കഥാപാത്രമായാലും അതിനോട് ചേർന്നുനിൽക്കുന്നു എന്നതാണ് ഏറെ അത്ഭുതം. സർവ്വം മായയിൽ സീരിയസ് വോയ്സ് മോഡുലേഷനും ഹ്യൂമർ വോയ്സ് മോഡുലേഷനും ഒരേപോലെ ജനാർദ്ദനൻ കൈകാര്യം ചെയ്യുന്നത് രസകരമായ അനുഭവമാണ്.
ഇനിയും മലയാള സിനിമ ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത ഒരു നടനാണ് ഇതെന്ന് സർവ്വം മായ കണ്ടു കഴിയുമ്പോൾ തോന്നും. ആദ്യകാല സിനിമകളിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജനാർദ്ദനൻ. സ്ക്രീനിൽ വന്നാൽ പ്രേക്ഷകർക്ക് പേടി തോന്നുന്ന ഒരു ലുക്ക് അന്ന് അദ്ദേഹത്തിന് ഉണ്ടായിരുന്നു. പിന്നീട് രാഷ്ട്രീയക്കാരൻ, അബ്കാരി, മന്ത്രി എംഎൽഎ പോലീസുകാരൻ തുടങ്ങിയ ഒരേ പോലുള്ള കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തിയപ്പോഴും ഒന്നിനോടൊന്ന് സാദൃശ്യം തോന്നാൻ അദ്ദേഹം അവസരം നൽകിയില്ല.
ഫുൾകൈ ജുബ്ബയും കയ്യിൽ സ്വർണ ബ്രേസ്ലേറ്റും ചുണ്ടിൽ സിഗരറ്റുമായി എത്രയോ മുതലാളിമാരെ ജനാർദ്ദനൻ മലയാളത്തിന് തന്നിട്ടുണ്ട്. കെ. മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചൻ എന്ന കഥാപാത്രം ജനാർദ്ദനനെ വില്ലൻ വേഷം മാത്രമല്ല ഏതു വേഷവും ഏൽപ്പിക്കാം എന്ന് സംവിധായകർക്ക് ധൈര്യം കൊടുത്ത ചിത്രമാണ്. രാജ്യസേനന്റെ സിനിമകളിൽ ജനാർദ്ദനൻ നമ്മെ പൊട്ടിച്ചിരിപ്പിച്ചു. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ ബിഎഡ്, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവ അതിൽ ചിലതുമാത്രം.
ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി ടീമിന്റെ ഏകലവ്യനിൽ പ്രതിപക്ഷ നേതാവ് സി.കെ. കൃഷ്ണനായി ജനാർദ്ദനൻ ജീവിക്കുകയായിരുന്നു. ഡയലോഗുകൾക്ക് ഏറെ പ്രാധാന്യമുള്ള അതിലെ ചില രംഗങ്ങളിൽ വിസ്മയിപ്പിക്കുന്ന ശബ്ദഗാംഭീരത്തോടെ വളരെ പവർഫുൾ ആയി ആ കഥാപാത്രത്തെ അദ്ദേഹം കൊണ്ടാടി. ഇതേ ടീമിന്റെ മാഫിയ എന്ന ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായി ജനാർദ്ദനൻ വീണ്ടും നിറഞ്ഞാടി. ഇതിലെ ഒരു രംഗത്തിൽ വളരെ ഇമോഷണൽ ആയി സംസാരിക്കുന്ന ജനാർദ്ദനന്റെ പെർഫോമൻസ് അദ്ദേഹത്തിലെ മികച്ച നടനെ ഒരിക്കൽ കൂടി വെളിവാക്കുന്നതായിരുന്നു.
അമ്മയുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആഗ്രഹിച്ചേനെ മക്കളാരും പോലീസ് ആകരുതേ എന്ന് – എന്ന് സുരേഷ് ഗോപിയോടും വിക്രത്തോടും പറയുന്ന ആ സീൻ മറക്കാനാവില്ല.ഹാഫ് ട്രൗസറുമിട്ട് തോക്കും പിടിച്ച് ഉണ്ണികൃഷ്ണനെ അഭ്യാസങ്ങൾ പഠിപ്പിക്കാൻ പോലീസ് ക്യാമ്പിൽ നിന്ന് എത്തുന്ന കഥാപാത്രമായി സിഐഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന സിനിമയിൽ മലയാളക്കരയെ ചിരിപ്പിച്ച് ഒരു വഴിക്കാക്കി ജനാർദ്ദനൻ. അദ്ദേഹത്തോടൊപ്പം കട്ടയ്ക്ക് കട്ടയായി നിന്ന് നമ്മെ വിട്ടുപോയ ഒടുവിൽ ഉണ്ണികൃഷ്ണനും കെപിഎസി ലളിതയും ജനാർദ്ദനന് പൂർണ്ണ പിന്തുണ കൊടുത്തപ്പോൾ മലയാളത്തിലെ എവർഗ്രീൻ കോമഡി സിനിമകളിൽ ഒന്നായി അതു മാറി. അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ ഇത്തരത്തിൽ എടുത്തു പറയേണ്ട കഥാപാത്രങ്ങൾ തന്നെയാണ് അദ്ദേഹം ചെയ്തത്.
വേണു നാഗവള്ളി സംവിധാനം ചെയ്ത സുഖമോദേവി എന്ന സിനിമയിൽ നമുക്കെല്ലാം പരിചിതമായ ഒരു അച്ചായൻ കഥാപാത്രത്തെ വളരെ ലളിതവും സുന്ദരവുമായി ജനാർദ്ദനൻ അവതരിപ്പിച്ചപ്പോൾ നല്ല സംവിധായകരുടെ കൈയിൽ ഈ നടന്റെ മാറ്റുകൂടുമെന്ന് തറപ്പിച്ചു പറയാനായി. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിൽ കരുണാനിധിയോട് രൂപസാദൃശ്യമുള്ള കോവൈ വെങ്കിടേശന് എന്ന രാഷ്ട്രീയക്കാരനായി ജനാർദ്ദനൻ എത്തിയപ്പോൾ അതൊരു അത്ഭുതമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരുടെ ചിത്രങ്ങളിലും ജനാർദ്ദനൻ അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സവിശേഷത.
ഷാജി കൈലാസ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ഐ.വി. ശശിക്കും, ജോഷിക്കും, കെ. മധുവിനും ഒക്കെ ഏറെ പ്രിയപ്പെട്ടവനാണ് ജനാർദ്ദനൻ. സത്യൻ അന്തിക്കാടിനും, രാജസേനനും ഇഷ്ടപ്പെട്ട നടൻ. ഈ സംവിധായകരെല്ലാം ചില ടൈപ്പ് സിനിമകളിൽ കേന്ദ്രീകരിക്കുന്നവർ ആണെങ്കിലും അവരെല്ലാം ഈ നടനെ ഉപയോഗപ്പെടുത്തി എന്നതാണ് ചിന്തിക്കേണ്ടത്.
ജനാർദ്ദനൻ എന്ന നടന്റെ പരുക്കൻ ശബ്ദത്തെ കഥാനായകൻ എന്ന സിനിമയിലൂടെ പാടിക്കേൾപ്പിച്ചപ്പോൾ അതിനുമുണ്ടായിരുന്നു ഒരു സുഖം. നന്ദി പറയാം രാജസേനൻ എന്ന സംവിധായകന്റെ മിടുക്കിന്. വാർധക്യ പുരാണവും, മാന്നാർ മത്തായി സ്പീക്കിംഗും കാണുമ്പോൾ ജനാർദ്ദനന്റെ രംഗങ്ങളിൽ ചിരിക്കാത്തവരുണ്ടോ. വാഴുന്നോർ എന്ന സിനിമയിലെ തേവക്കാട്ടിൽ അവറാച്ചൻ ജനാർദ്ദനന്റെ പവർഫുൾ കഥാപാത്രങ്ങളിൽ ഒന്നാണ്.
രൗദ്രത്തിലെ മുഖ്യമന്ത്രിക്ക് കേരളം ഭരിച്ച ഒരു മുഖ്യമന്ത്രിയുമായി സാമ്യം തോന്നിയെങ്കിൽ അത് ജനാർദ്ദനന്റെ അഭിനയ മികവാണ്. 80 ന്റെ നിറവിലാണ് ഈ മഹാനടൻ. പ്രായത്തിന്റെ അവശതകൾ അഭിനയമികവിനെ തൊട്ടു തീണ്ടിയിട്ടില്ല. എനിക്കെന്നെ വലിയ ഇഷ്ടമാണ് എന്നൊരു ഡയലോഗ് സർവ്വം മായയിൽ ജനാർദ്ദനൻ അവതരിപ്പിക്കുന്ന വല്യച്ഛൻ കഥാപാത്രം നിവിൻ പോളിയുടെ പ്രഭേന്ദുവിനോട് പറയുന്നുണ്ട്. അതിനു തുടർച്ചയായി മലയാളികളും പറയുന്നു – ഞങ്ങൾക്കും ഒരുപാടൊരുപാട് ഇഷ്ടമാണ്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും.
രാവിലെ 10.30ന് ജസ്റ്റീസ് പി.ടി. ആശയാണ്വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.
Movies
തുടരും സിനിമയിലെ ഹിറ്റ് ഡയലോഗ് പറഞ്ഞ് കൈയടി നേടി നടൻ ശിവകാർത്തികയേൻ. ‘പരാശക്തി’ സിനിമയുടെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴായിരുന്നു താരം ഈ ഡയലോഗുമായി കത്തിക്കയറിയത്.
‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക്, ഒറ്റയാൻ വീണ്ടും കാട് കയറിയെന്ന് എന്ന സംഭാഷമാണ് നടൻ പറഞ്ഞത്.
തുടരും സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് ആണത്. മോഹൻലാൽ സാറിന്റെ ആ സ്വാഗിൽ ഡയലോഗ് കേൾക്കുമ്പോൾ ഞാൻ തന്നെ കൈയടിച്ചിട്ടുണ്ട്. ശിവകാർത്തികേയൻ പറഞ്ഞു.
സെന്റ്. തെരേസാസ് കോളജിലെ കുട്ടികളെയാണ് താരം മോഹൻലാൽ ഡയലോഗിലൂടെ കൈയിലെടുത്തത്.
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം സുധ കൊങ്കരയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു.
പൊങ്കൽ റിലീസായി ജനുവരി 10ന് ലോകവ്യാപകമായി ചിത്രം തിയറ്ററുകളിലേക്കെത്തും.
Movies
നർമവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി "എച്ച്ടി5' ന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി നായകനായെത്തിയ പരോളിന്റെ സംവിധായകൻ ശരത് സന്ദിത് ആണ് ഈ ചിത്രം ഒരുക്കുന്നത്.
ഡൊവിൻസ് എന്റർടൈൻമെന്റിന്റെ ബാനറിൽ തോമസ് ആന്റണി ഡിക്രൂസ്, കീത്ത് ആന്റണി ഡിക്രൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തികച്ചും അപരിചിതരായ അഞ്ച് വ്യക്തികൾ ഒരു രാത്രിയിൽ വനാന്തരങ്ങളിലൂടെ അവിചാരിതമായി ഒരു വാഹനത്തിൽ യാത്ര ചെയ്യേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ശാന്തമായി തുടങ്ങുന്ന ഈ യാത്ര പിന്നീട് ഉദ്വേഗജനകമായ സംഭവങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു.
പ്രേക്ഷകർക്ക് കൗതുകവും ആകാംക്ഷയും പകരുന്ന രീതിയിലുള്ള കഥാപുരോഗതിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.
"മാർക്കോ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിമന്യു തിലക്, പ്രശസ്ത കന്നഡ-തമിഴ് താരം സമ്പത്ത് രാജ്, രാഹുൽ മാധവ്, സുധീർ കരമന എന്നിവർക്കൊപ്പം പുതുമുഖം സാൻഡ്രിയയും പ്രധാന വേഷങ്ങളിൽ എത്തുന്നു.
തിരക്കഥ: അഡ്വ: ഇർഫാൻ കമാൽ, ഛായാഗ്രഹണം: ഗണേഷ് രാജ്വേൽ, സംഗീതം: എൽവിൻ ജോഷ്വ, എഡിറ്റിംഗ്: ടി.എസ്. ജെയ്, കലാസംവിധാനം: ബോബൻ, മേക്കപ്പ്: ജയൻ പൂങ്കുളം, കോസ്റ്റ്യം ഡിസൈൻ: റോസ് റെജീസ്, സ്റ്റിൽസ്: ജിഷ്ണു സന്തോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ഹരി കാട്ടാക്കട, ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്.
Movies
നടനും ടിവികെ നേതാവുമായ വിജയ്യുടെ ആരാധകൻ എന്ന നിലയിൽ ശ്രദ്ധേയനായ യൂട്യൂബർക്കെതിരെ വന്‍ തട്ടിപ്പ് ആരോപണം.
ഫോളോവേഴ്സില്‍ നിന്നും പണം തട്ടിയെന്നാണ് 15കാരനായ കൊടുവായ് അൻപിനെതിരെ ഉയരുന്ന പരാതി.
കൊടുവായ് അൻപിന് ഇന്‍സ്റ്റഗ്രാമില്‍ 0.6 മില്ല്യണും യൂട്യൂബില്‍ 2.9 മില്ല്യണ്‍ ഫോളോവേഴ്സും ഉണ്ട്. തമിഴ്നാട്ടിലെ തിരുപ്പൂരിലെ കൊടുവൈ എന്ന സ്ഥലമാണ് അന്പിന്റെ സ്വദേശം.
ചെറിയ തുക നിക്ഷേപിച്ചാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അത് ഇരട്ടിയായി തിരികെ നൽകാമെന്ന് അൻപ് വിശ്വസിപ്പിച്ചതായി പരാതികളിൽ പറയുന്നു.
ജോലി അല്ലെങ്കിൽ പെട്ടെന്നുള്ള ലാഭം വാഗ്ദാനം ചെയ്തതിനെത്തുടർന്ന് 1,000 മുതൽ 10,000 രൂപ വരെ ആളുകൾക്ക് നഷ്ടപ്പെട്ടു. പണം കൈപ്പറ്റിയ ശേഷം അൻപ് ഫോൺ കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കാറില്ലെന്നും ജോലിയോ ലാഭവിഹിതമോ ആർക്കും ലഭിച്ചിട്ടില്ലെന്നും പരാതിക്കാർ പറയുന്നു. പല യുവാക്കളെയും താന്‍ വിജയ് ആരാധകനാണ് അതിനാല്‍ പറ്റിക്കുമോ എന്ന് പറഞ്ഞാണ് വിശ്വസിപ്പിച്ചത്.
തട്ടിപ്പിന് ഇരയായ പലരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യകാലത്ത് ചലഞ്ച് വീഡിയോകളിലൂടെയും മറ്റും അളുകളെ കൂട്ടിയ അന്പ് അടുത്തകാലത്തായി നടന് വിജയ്യുടെ കടുത്ത ആരാധകനായും, ടിവികെ പ്രവര്‍ത്തകനുമായാണ് പ്രത്യക്ഷപ്പെട്ടത്.
അടുത്തിടെ അമ്മയ്ക്ക് മഹീന്ദ്ര ഥാർ കാർ സമ്മാനമായി നൽകിയതിന്റെ വീഡിയോ വൈറലായതോടെ അൻപ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. എന്നാൽ ഈ വാഹനം വാങ്ങാൻ ഉപയോഗിച്ച പണം ഇത്തരം തട്ടിപ്പുകളിലൂടെ സമ്പാദിച്ചതാണെന്നാണ് ഇപ്പോൾ ഉയരുന്ന വിമർശനം.
എന്നാൽ താൻ ആരെയും പറ്റിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അൻപ് ഒരു വീഡിയോയിലൂടെ വിശദീകരിച്ചു. താന്‍ ബെറ്റിംഗ് ആപ്പ് വഴിയാണ് പണം ഉണ്ടാക്കിയതെന്നും ഫോളോവേഴ്സില്‍ നിന്നും വാങ്ങിയ പണം ഘട്ടംഘട്ടമായി തിരികെ നൽകുമെന്നും തന്റെ പുതിയ കാർ കണ്ടുള്ള അസൂയയാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും അൻപ് അവകാശപ്പെട്ടു.
Movies
ചിരഞ്ജീവി ചിത്രത്തിൽ നിന്നും മോഹൻലാൽ പിന്മാറിയതായി റിപ്പോർട്ട്. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ലാൽ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. സംവിധായകൻ ബോബി ഒരുക്കുന്ന "മെഗാ 158' എന്ന ചിത്രത്തിൽ നിന്നാണ് മോഹൻലാൽ പിന്മാറിയിരിക്കുന്നത്.
പ്രതിഫലം വാങ്ങാതെ ലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നായിരുന്നു നിർമാതാക്കളുടെ പ്രതീക്ഷ. സംവിധായകൻ ബോബിയുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് അണിയറപ്രവർത്തകർക്ക് ഈ പ്രതീക്ഷ നൽകിയത്.
എന്നാൽ, മോഹൻലാൽ 30 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതോടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത്രയും വലിയ തുക താങ്ങാനാകില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ മോഹൻലാൽ ചിത്രത്തിൽ നിന്നും പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
ചിത്രത്തിൽ സ്പെഷ്യൽ കാമിയോ ആയി ലാൽ അഭിനയിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. ചിരഞ്ജീവിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിലെത്തുന്ന ആദ്യ ചിത്രമായി മെഗാ 158 മാറുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ, ഈ റോളിനായി അണിയറപ്രവർത്തകർ ഒരു തെലുങ്ക് താരത്തെ തേടുകയാണെന്നും റിപ്പോർട്ടുണ്ട്.
Movies
ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തുന്ന പരാശക്തിയുടെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി.
സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി പീരിയഡ് ഡ്രാമയാണ് ഒരുക്കിയിരിക്കുന്നത്.അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തിൽ എത്തുന്നത്. രവി മോഹനും മറ്റൊരു പ്രധാനകഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. പൊങ്കൽ റിലീസായി പരാശക്തി ജനുവരി 10ന് ലോകവ്യാപകമായി തീയറ്ററുകളിലെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത്.
സംഗീതസംവിധാനം : ജി.വി. പ്രകാശ്, ഛായാഗ്രഹണം: രവി കെ. ചന്ദ്രൻ, തിരക്കഥ: സുധാ കോങ്കര, അർജുൻ നദേശൻ, ആക്ഷൻ: സുപ്രീം സുന്ദർ. എഡിറ്റിംഗ്: സതീഷ് സുരിയ. കലാ സംവിധാനം: എസ്. അണ്ണാദുരൈ. നൃത്തസംവിധാനം: ബ്രിന്ദ, കൃതി മഹേഷ്, അനുഷ വിശ്വനാഥൻ. സൗണ്ട് ഡിസൈൻ: സുരേൻ ജി. എസ്, അളഗിയകൂത്തൻ, പി ആർ ഓ: പ്രതീഷ് ശേഖർ.
Movies
ഷെയിൻ നിഗം നായകനായ സ്പോർട്സ് ആക്ഷൻ സിനിമ ബൾട്ടി ഒടിടി പ്രദർശനത്തിനെത്തുന്നു. ജനുവരി ഒൻപതിന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിന്റെ രചനയും സംവിധാനവും ഉണ്ണി ശിവലിംഗമാണ്. എസ്ടികെ ഫെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
കേരള-തമിഴ്നാട് അതിർത്തിയിൽ കബഡിയുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ 26 നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.
പഞ്ചമി റൈഡേഴ്സ് എന്ന കബഡി ക്ലബിന്റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്ക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി.
സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് .എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.
Movies
മകൻ ജെയ്സി ചാനെ വളർത്തുന്നതിൽ തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ജാക്കി ചാൻ. താനൊരു കർക്കശക്കാരനായ പിതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രായം കൂടുന്തോറും മാത്രമാണ് താൻ ആ സമീപനത്തിൽ നിന്നും മാറ്റം വരുത്തിയതെന്നും മകനുമായുള്ള ബന്ധം മോശമാകാൻ അത് കാരണമായെന്നും ജാക്കി ചാൻ വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ വിസ്പേഴ്സ് ഓഫ് ഗ്രാറ്റിറ്റ്യൂഡിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"പണ്ട്, എന്റെ മകനെ കാണുമ്പോഴെല്ലാം ഞാൻ അവനെ ശകാരിച്ചിരുന്നു. ദയയുള്ള ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. സത്യത്തിൽ ഞാൻ തെറ്റാണ് ചെയ്തത്. ഞാൻ അവന് കൂടുതൽ സ്വാതന്ത്ര്യം നൽകണമായിരുന്നു. ജെയ്സി എന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസ നേരുമായിരുന്നു. ഒരിക്കൽ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ശകാരിച്ചു.
പിന്നെ എപ്പോഴെങ്കിലും വിളിക്കൂ എന്ന് ഞാനവനോട് പറഞ്ഞു. പക്ഷേ ആ ശകാരം കേട്ടതോടെ അവൻ എന്നെ വിളിക്കുന്നത് പൂർണമായും നിർത്തി. ഒരു വർഷത്തോളം അങ്ങനെ പോയി. പ്രായം കൂടുന്തോറും മാത്രമാണ് ഞാൻ കർക്കശക്കാരനായ പിതാവ് എന്ന സമീപനത്തിൽ അയവ് വരുത്താൻ തുടങ്ങിയത്. ഇന്ന് മകനിൽ പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നില്ല. അവൻ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം നയിച്ചാൽ മാത്രം മതി'.-ജാക്കി ചാൻ പറഞ്ഞു.
ജാക്കിയുടെയും തായ്വാൻ നടി ലിൻ ഫെംഗ്ജിയാവോയുടെയും ഏക മകനാണ് ജെയ്സി ചാൻ. പിതാവിന്റെ പാത പിന്തുടർന്ന ജെയ്സി നിരവധി സിനിമകളിൽ അഭിനയിക്കുകയും മ്യൂസിക് ആൽബങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. "ഗുഡ് നൈറ്റ് ബെയ്ജിംഗ്' എന്ന സിനിമയും ജെയ്സി ചാൻ സംവിധാനം ചെയ്തിട്ടുണ്ട്.
Movies
നവാഗതനനായ ജിത്തു സതീശൻ തിരക്കഥയെഴുതി സംവിധാനം സംഭവം അധ്യായം ഒന്ന് എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അസ്കര്‍ അലി, വിനീത് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാടിന്റെ പശ്ചാത്തലത്തിൽ മിസ്റ്ററി ഫാന്റസി ത്രില്ലർ സിനിമയാണ് സംഭവം അദ്ധ്യായം ഒന്ന്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
അസ്കര്‍ അലി, വിനീത് കുമാർ എന്നിവര്‍ക്ക് പുറമേ സിദ്ധാർഥ് ഭരതൻ, സെന്തിൽ കൃഷ്ണ, അസിം ജമാൽ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ നവീൻ ഊട്ട, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആഷ്ന റഷീദ്, ചായഗ്രഹണം നവീൻ നജോസ്, എഡിറ്റിംഗ് അർജുൻ പ്രകാശ്, ബാക്ക്ഗ്രൗണ്ട് സ്കോർ ഗോഡ് വിൻ തോമസ്, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ എടവണ്ണപ്പാറ, ആർട്ട് ഡയറക്ടർ സുജിത്ത് കൊല്ലനണ്ടി, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, സ്റ്റിൽസ് നിദാദ് കെ. എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർസ് മെൽബിൻ മാത്യു, അനൂപ് മോഹൻ എന്നിവരാണ്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ സിനിമ ഉടൻ തീയറ്ററുകളിൽ എത്തും. പിആര്‍ഒ വാഴൂർ ജോസ്.
Movies
സൂര്യയെ നായകനാക്കി ആർ.ജെ. ബാലജി സംവിധാനം ചെയ്ത കറുപ്പിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകൾ വിറ്റുപോയതായി റിപ്പോർട്ട്.
വൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സാണ് കറുപ്പിന്റെ ഒടിടി റൈറ്റ്സ് വൻ തുകയ്ക്ക് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. എന്നാൽ, ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഫെബ്രുവരിയിൽ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ഏറെ നാളുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കറുപ്പിനുണ്ട്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താര നിരയാണ് കറുപ്പിലുള്ളത്.
സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്. ജി.കെ. വിഷ്ണു ആണ് കാമറാമാൻ. കലൈവാനൻ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. അൻബറിവ്, വിക്രം മോർ ജോഡികളാണ് ആക്ഷൻ സീക്വൻസുകൾ നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിനായി ഗംഭീരമായ സെറ്റുകൾ രൂപകൽപന ചെയ്തത്.
Movies
തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
Movies
സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിംഗ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.
സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വച്ച് പലരും കളിയാക്കി.
തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ "തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.
നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
"എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല.'- ഷെഫാലി ഷാ പറഞ്ഞു.
Movies
ദ്യശ്യം 3 ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തീയറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് സിനിമയെ കുറിച്ച് സൂചന നൽകിയത്.
"ദ്യശ്യം 3' ക്കായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന് മറുപടി പറയുകയായിരുന്നു ജീത്തു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നതെന്നും, എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.
Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആവശ്യവുമായി പാർട്ടി ഇതുവരെ സമീപിച്ചിട്ടില്ലെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. മത്സരിക്കാന്‍ ആവശ്യപ്പെട്ടുതന്നെ ഇതുവരെ കോൺഗ്രസ് പാര്‍ട്ടി സമീപിച്ചിട്ടില്ല. പാര്‍ട്ടി സമീപിച്ചാലും ആലോചിച്ചിട്ടേ പറയാനാവൂ, കാരണം മത്സരത്തിന് ഇറങ്ങാനുള്ള സാമ്പത്തികം ഇപ്പോഴില്ലെന്ന് ധര്മജന് ദീപിക ഓൺലൈനിനോടു പ്രതികരിച്ചു.
അങ്ങനെയൊരു ആവശ്യം ഉന്നയിച്ച് പാര്‍ട്ടി എന്നെ സമീപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിക്കാന്‍ താല്പര്യമില്ല. പാര്‍ട്ടി സമീപിച്ചാലും ആ സമയത്ത് ആലോചിച്ചിട്ടേ പറയാന്‍ പറ്റൂ. കാരണം ഇതിനു അത്യാവശ്യം സാമ്പത്തിക പിൻബലം ആവശ്യമാണ്. അതൊന്നും എന്റടുത്ത് ഇല്ല. അതുകൊണ്ട് ഒന്നും പറയാന്‍ പറ്റില്ല. പിന്‍വലിഞ്ഞു നില്‍ക്കാനാണ് സാധ്യത - ധര്മജന് പറഞ്ഞു.
അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്മജന് ബാലുശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു. എല്‍ഡിഎഫിന്റെ സച്ചിന് ദേവ് ആണ് ബാലുശേരിയില്‍ ജയിച്ചത്. ധര്‍മജന്റെ പരാജയത്തിനു പിന്നാലെ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട തര്‍ക്കവും കോണ്‍ഗ്രസില്‍ നടന്നിരുന്നു.
ഒരു കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേർന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തുവെന്നു നടന് കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയിരുന്നു. ഈ പണം തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചിട്ടില്ലെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആയിരുന്നു ധര്‍മജന്റെ പരാതി.
Movies
അഷ്കർ സൗദാൻ, കൈലാഷ്, രാഹുൽ മാധവ്, സനീഷ് മേലേപ്പാട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവ സംവിധാനം ചെയ്യുന്ന ഇനിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലിസായി.
റിയാസ് ഖാന്, ദേവന്, ശിവജി ഗുരുവായൂര്‍, സ്ഫടികം ജോര്‍ജ്, വിജി തമ്പി, സുനിൽ സുഖദ, കോട്ടയം രമേശ്, ചെമ്പില്‍ അശോകന്, നന്ദകിഷോര്‍, ഡ്രാക്കുള സുധീര്‍, അഷ്റഫ് ഗുരുക്കള്‍, അജിത് കൂത്താട്ടുകുളം, ബൈജു കുട്ടൻ, ലിഷോയ്, ദീപക് ധര്‍മടം ,ഭദ്ര, അംബിക മോഹന്‍, മോളി കണ്ണമാലി, രമാദേവി, മഞ്ജു സതീഷ്, ആശ വാസുദേവൻ, പാര്‍വണ തുടങ്ങിയവർ അഭിനയിക്കുന്നു.
യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വഹിക്കുന്നു. നിര്‍മാതാവ് സുധീര്‍ സി.ബി തന്നെ ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്.
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്, ഉണ്ണികൃഷ്ണൻ വാക എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര, രാഹുൽ പണിക്കർ എന്നിവര്‍ സംഗീതം പകരുന്നു.
ശ്രീനിവാസ്, എടപ്പാള്‍ വിശ്വം, ശ്രുതി ബെന്നി എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം- മോഹന്‍ സിത്താര, എഡിറ്റിംഗ്- രഞ്ജിത്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷറഫു കരൂപ്പടന്ന, കല- ഷിബു അടിമാലി, സംഘട്ടനം- അഷ്റഫ് ഗുരുക്കള്‍, അസോസിയേറ്റ് ഡയറക്ടര്‍- ജയരാജ്, അസിസ്റ്റന്റ് ഡയറക്ടര്‍- ആശ വാസുദേവ്, ചീഫ് കോസ്റ്റ്യൂമര്‍- നൗഷാദ് മമ്മി, മേക്കപ്പ്- ബിനോയ് കൊല്ലം, കോസ്റ്റ്യൂസ്- റസാഖ് തിരൂർ, സ്റ്റില്‍സ്- അജേഷ് ആവണി, ഫിനാന്‍സ് കണ്ട്രോളര്- ബാബു ശ്രീധര്‍, രമേഷ്, ഗ്രാമീണ പശ്ചാത്തലത്തില്‍, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കി ഒരുക്കിയ ഇനിയും ഉടൻ പ്രദർശനത്തിനെത്തും. പിആര്‍ഒ- എ.എസ്. ദിനേശ്.
Movies
നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി ആറിന് തിയറ്ററുകളിൽ എത്തും. റിലീസ് തീയതി അറിയിച്ചുള്ള ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടു.
ഭീഷ്മ പർവ്വം, റാണി പത്മിനി തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫാന്റസിയും ആക്ഷേപഹാസ്യവും ആണ് ചിത്രത്തിന്റെ പ്രമേയം.
കർഷകത്തൊഴിലാളികളും യുവാക്കളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് സിനിമയുടെ പ്രത്യേകത. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
മലയാളത്തിലെ യുവ സൂപ്പർ താരം ഉൾപ്പടെയുള്ള ചില പ്രമുഖ താരങ്ങൾ ശബ്ദസാന്നിധ്യമായി പ്രേക്ഷകർക്ക് സസ്പെന്‍സ് നൽകും. കർഷകത്തൊഴിലാളികളും യുവാക്കളും ഉൾപ്പെടുന്ന സാധാരണക്കാരാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
ഗോവ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ തുടങ്ങിയ ചലച്ചിത്ര മേളകളിൽ ചിത്രം നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചിരുന്നു. സന്തോഷ് ടി. കുരുവിളയും എസ് ടി കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ എന്നീ ബാനറുകളിൽ ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും നിർമാണ പങ്കാളികളാണ്.
അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. വൈശാഖ് സുഗുണന്റെ വരികൾക്ക് ഡോൺ വിൻസെന്റ് സംഗീതം നൽകുന്നു.
വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവഹിച്ചിരിക്കുന്നു.ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു.
വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും ലിജു പ്രഭാകർ കളറിംഗും നിർവ്വഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.
Movies
നടൻ ഫഹദ് ഫാസിലിനെക്കുറിച്ചുള്ള തമിഴ് നടനും സംവിധായകനുമായ ആർ. പാർത്ഥിപന് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പുരുഷന്മാർക്കും ആകർഷണം തോന്നുന്ന തരമുള്ള വ്യക്തത്വമാണ് ഫഹദിനെന്നും വളരെ കൗതുകമുണർത്തുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പാർഥിപൻ കുറിച്ചു.
അഭിനയത്തിൽ ‘അടിപൊളി’, ‘അഴിഞ്ഞാട്ടം’! ഏറെ ഇഷ്ടത്തോടെ എടുത്തൊരു സെൽഫി! സന്തോഷത്തിന്റെ കുൽഫി! ഫാസിൽ സാറിനെ കണ്ടപ്പോൾ “എന്റെ മോനാണ് ഫഹദ്, അറിയാമല്ലോ അല്ലേ?” എന്ന് ചോദിച്ചു, ഒരു അച്ഛന്റെ നിഷ്കളങ്കതയോടെ!
നോർത്ത് ആർക്കോട്ട്, സൗത്ത് ആർക്കോട്ട്, സിറ്റി, ചെങ്കൽപ്പേട്ട് തുടങ്ങി ലോകം മുഴുവനുമുള്ളവർക്ക് അദ്ദേഹത്തിന്റെ അഭിനയം ഒരു അടപ്രഥമൻ പോലെയാണെന്ന് ഞാൻ പറഞ്ഞു. വളരെ കൗതുകമുണർത്തുന്ന ഒരു വ്യക്തി. സംസാരിപ്പിച്ച് രസിപ്പിച്ചു.
ഭംഗിയായി/ആഴത്തിൽ അദ്ദേഹത്തെ നോക്കി. പുരുഷന്മാരെപ്പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം അദ്ദേഹത്തിനുണ്ട്. വീണ്ടും കാണാം... അർഥ പൂർണമായി.’’പാർത്ഥിപൻ കുറിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ ബോളിവുഡ് താരം മല്ലിക ഷെരാവത്ത് അതിഥിയായി പങ്കെടുത്തു. ചടങ്ങിലേക്ക് തനിക്ക് ലഭിച്ച ക്ഷണം വലിയൊരു ബഹുമതിയാണെന്ന് താരം പ്രതികരിച്ചു.
വൈറ്റ് ഹൗസിലെ മനോഹരമായ ക്രിസ്മസ് അലങ്കാരങ്ങളുടെ ചിത്രങ്ങളും പ്രസിഡന്റ് ട്രംപ് അതിഥികളെ അഭിസംബോധന ചെയ്യുന്ന വിഡിയോയും മല്ലിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
വൈറ്റ് ഹൗസിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് അവിശ്വസനീയമായ അനുഭവമാണെന്നും തന്റെ കരിയറിലെ തന്നെ ഏറ്റവും സവിശേഷമായ നിമിഷമാണിതെന്നുമാണ് താരം കുറിച്ചത്.
മല്ലിക ഷെരാവത്തിന് വൈറ്റ് ഹൗസിലേക്ക് ക്ഷണം ലഭിക്കുന്നത് ഇതാദ്യമല്ല. 2011ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിലും മല്ലിക അതിഥിയായി എത്തിയിരുന്നു.
Kerala
കൊച്ചി: ഹോട്ടലിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തിൽ താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന വിവരം ഇപ്പോൾ ദീപിക ഒാൺലൈനിൽനിന്നു വിളിക്കുമ്പോഴാണ് അറിയുന്നതെന്ന് നടൻ ഷൈൻ ടോം ചാക്കോ.
അന്നു താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റൂം സര്‍വീസ് എന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരല്ലാത്ത ചിലര്‍ വന്നതുകൊണ്ടാണ് താന്‍ ഇറങ്ങി ഓടിയത്- ഹോട്ടൽ മുറിയിൽനിന്ന് ഇറങ്ങി ഓടിയ സംഭവത്തെക്കുറിച്ചു ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
"ഞാന്‍ ഹോട്ടലില്‍നിന്ന് ഓടിപ്പോയ കേസിനു ലഹരിയുമായി ബന്ധമില്ല. അന്ന് അവര്‍ ബ്ലഡ് ഒക്കെ എടുത്തിരുന്നു. അതിനു ശേഷമാണ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ എന്നെ കൊണ്ടുപോയത്. അതൊക്കെ അവിടെ കഴിഞ്ഞതാണ്. അതിന്റെ പരിശോധനാ ഫലം വന്നത് ഇന്നാണ് എന്നല്ലേ ഉള്ളെന്നും നടൻ പറഞ്ഞു.
അന്നു ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടാനുള്ള കാരണമെന്തെന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "നമ്മളുടെ പിന്നാലെ ആരെങ്കിലും വന്നാല്‍ നമ്മള് ഇറങ്ങി ഓടില്ലേ. രാത്രി പതിനൊന്ന്-പതിനൊന്നര സമയത്താണ് എന്റെ ഹോട്ടല്‍ റൂമില്‍ രണ്ടുമൂന്നു പേര് യൂണിഫോം ഒന്നുമിടാതെ റൂം സര്‍വീസ് എന്നു പറഞ്ഞുവന്നത്. ഈ അപരിചിതരെ കണ്ടാൽ ഞാന്‍ എന്താ വിചാരിക്കുക? പോലീസ് ആണെന്ന് എങ്ങനെ മനസിലാക്കും. ഞാൻ ഉടനെ റിസപ്ഷനില്‍ വിളിച്ചു. അവിടെയുള്ളവര്‍ക്കും അറിയില്ല. റൂം സര്‍വീസ് ഞാന്‍ പറഞ്ഞിട്ടില്ല എന്നു പറഞ്ഞിട്ടും അവര്‍ പോകാൻ കൂട്ടാക്കിയില്ല. അവര്‍ അവിടെനിന്നു പരുങ്ങി കളിക്കുകയാണ്. അങ്ങനെ ആശങ്ക തോന്നി ഇറങ്ങി ഓടിയതാണ്'.
അതേസമയം, ഹോട്ടലില്‍ മുറിയെടുത്ത് നടനും സുഹൃത്തും ലഹരി ഉപയോഗിച്ചു എന്നായിരുന്നു പോലീസ് കേസ്. ഡാന്‍സാഫ് സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് വലിയ വാർത്തയായിരുന്നു. കേസില്‍ നടനെ മണിക്കൂറുകളോളം പിന്നീട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നടന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയിൽ തെളിക്കാനായില്ല. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നതായി തെളിവില്ലെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് ദീപിക ഓൺലൈൻ പ്രതികരണം തേടിയത്.
Movies
പ്രിയതാരം ശ്രീനിവാസനെ അവസാനമായി ഒരുനോക്ക് കാണാൻ നടൻ പാർഥിപൻ നടത്തിയത് അതിസാഹസികമായ യാത്രയായിരുന്നു. ദുബായിലെ പരിപാടി പോലും മാറ്റിവെച്ചാണ് താരം ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തി ശ്രീനിവാസനെ കാണാൻ എത്തിയത്.
ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ സീറ്റുകൾ ലഭ്യമല്ലാതിരുന്നതിനാൽ ജീവനക്കാർ ഒഴിഞ്ഞു കൊടുത്ത സീറ്റിൽ ഇരുന്നാണ് പാർത്ഥിപൻ കൊച്ചിയിലെത്തിയത്.
ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ആ യാത്ര കേവലം ഒരു സഞ്ചാരമായിരുന്നില്ല. അത് വാക്കുകൾക്ക് വിവരിക്കാനാവാത്ത ഒരു നിയോഗമായിരുന്നു. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനങ്ങൾ ഒന്നുമില്ലെന്നറിഞ്ഞ നിമിഷം, ഉള്ളിലെന്തോ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
രാത്രി 7:55-ന് എന്റെ ബെൻസ് കാറിന്റെ സ്റ്റിയറിംഗ് പിടിക്കുമ്പോൾ ലക്ഷ്യം ഒന്നുമാത്രം, ഒരു നോക്ക് കാണണം. 8:40-ന് വിമാനത്താവളത്തിലെത്തുമ്പോഴേക്കും നാല് തവണയാണ് മരണത്തെ ഞാൻ മുഖാമുഖം കണ്ടത്. ഓരോ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുമ്പോഴും, എന്നെ മുന്നോട്ട് നയിച്ചത് ഏതോ അദൃശ്യശക്തിയായിരുന്നു.
രാത്രി 8:50-ന്റെ വിമാനത്തിൽ സീറ്റുകളില്ലായിരുന്നു. നിസഹായനായി ഞാൻ ഇൻഡിഗോ മാനേജരോട് പറഞ്ഞു: ‘എന്നെ എങ്ങനെയെങ്കിലും ഈ വിമാനത്തിൽ കയറ്റൂ, പൈലറ്റിന്റെ സീറ്റിലായാലും എനിക്ക് കുഴപ്പമില്ല.’ പകുതി തമാശയായിരുന്നെങ്കിലും എന്റെ ഉള്ളുരുകുന്നുണ്ടായിരുന്നു.
ഒടുവിൽ 9:25-ന് ഒരു ജീവനക്കാരൻ എനിക്കായി തന്റെ സീറ്റ് ഒഴിഞ്ഞുതന്നു. ആ കരുണയ്ക്ക് മുന്നിൽ ഞാൻ ഇന്നും കടപ്പാടുള്ളവനാണ്. രാത്രി 11 മണിയോടെ കൊച്ചിയിലെ മണ്ണിൽ കാലുകുത്തുമ്പോൾ എവിടെ തങ്ങണമെന്നോ എങ്ങോട്ട് പോകണമെന്നോ എനിക്കറിയില്ലായിരുന്നു.
ഒടുവിൽ ശ്രീനിവാസൻ സാറിന്റെ വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ഞാൻ അഭയം തേടി. യഥാർഥത്തിൽ ആ രാത്രി ഞാൻ ദുബായിൽ ഉണ്ടാകേണ്ടതായിരുന്നു. പക്ഷേ, എന്റെ പ്രിയപ്പെട്ട ശ്രീനിവാസൻ സാറിനു വേണ്ടി ഞാൻ എല്ലാ ബുക്കിംഗുകളും റദ്ദാക്കി.
എന്തിനായിരുന്നു ഈ പരക്കംപാച്ചിൽ? എനിക്ക് എവിടെയിരുന്ന് വേണമെങ്കിലും ആദരാഞ്ജലികൾ അർപ്പിക്കാമായിരുന്നു. പക്ഷേ, ഉള്ളിലെന്തോ ഒന്ന് എന്നെ വല്ലാതെ വലിച്ചുകൊണ്ടിരുന്നു. ഞാൻ എന്തിനാണ് ഇത്രയും ദൂരം ഓടിയെത്തിയത്? എന്ന് സ്വയം ചോദിക്കുമ്പോഴും, ആ ചോദ്യത്തിന് യുക്തിയേക്കാൾ കൂടുതൽ വൈകാരികതയുടെ ഉത്തരമാണുണ്ടായിരുന്നത്.
അവിടെ മലയാള സിനിമയിലെ ഇതിഹാസങ്ങളായ മമ്മൂട്ടിയും മോഹൻലാലും, അതോടൊപ്പം തന്നെ ദിലീപും ഉണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാട് സമ്പത്തും പ്രശസ്തിയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അന്ന് എന്റെ മുന്നിൽ നിന്നത് പണമല്ലായിരുന്നു.
അത്യധികം ബഹുമാനം അർഹിക്കുന്ന ഒരു മഹാപ്രതിഭയായിരുന്നു, ഒരു ശുദ്ധാത്മാവായിരുന്നു. എന്റെ കൈയിൽ ആ പ്രിയ സുഹൃത്തിന് നൽകാൻ ഒരുപിടി മുല്ലപ്പൂക്കളുണ്ടായിരുന്നു. ആരും എന്നെ തിരിച്ചറിയരുതെന്ന് ഞാൻ ആഗ്രഹിച്ചു. പ്രശസ്തിയായിരുന്നില്ല എന്റെ ലക്ഷ്യം, മറിച്ച് ഈ പ്രവൃത്തി പ്രപഞ്ചത്തിന്റെ താളുകളിൽ അടയാളപ്പെടുത്തണം എന്നതായിരുന്നു. ആത്മാർഥതയോടെ നാം ഒന്ന് ചെയ്യുമ്പോൾ, സാക്ഷിയായി പ്രപഞ്ചം മാത്രം മതിയാകും.
തിരിച്ചറിയപ്പെടാതെ മടങ്ങാനായിരുന്നു എനിക്ക് ഇഷ്ടം. ആരും എന്നെ തിരിച്ചറിയില്ല എന്നാണ് ഞാൻ കരുതിയത്, അതിൽ ഞാൻ സമാധാനവും കണ്ടെത്തിയിരുന്നു. എന്നാൽ സംവിധായകൻ രാജ് പ്രഭാവതി മേനോൻ ഞാൻ അവിടെ ഉണ്ടായിരുന്നു എന്ന് ശ്രദ്ധിക്കുകയും പിന്നീട് എനിക്ക് അദ്ദേഹം മെസേജ് അയയ്ക്കുകയും ചെയ്തു.
അദ്ദേഹം അയച്ച വാക്കുകൾ എന്റെ കണ്ണുനിറച്ചു ‘ഇന്ന് ആ ആൾക്കൂട്ടത്തിനിടയിൽ നിങ്ങളെ കണ്ടപ്പോൾ സത്യസന്ധമായും വലിയ സന്തോഷം തോന്നി. പവിത്രമായ സൗഹൃദം. ശുദ്ധമായ ബഹുമാനം. ശ്രീനിയേട്ടന് വേണ്ടി മാത്രം ചെന്നൈയിൽ നിന്ന് ഇത്രയും ദൂരം ഓടിയെത്തിയത് നിങ്ങളെക്കുറിച്ച് എല്ലാം പറയുന്നുണ്ട്. ഒരു നല്ല മനുഷ്യൻ, ഒരു യഥാർഥ സുഹൃത്ത്. എന്റെ ഹൃദയത്തെ സ്പർശിച്ചു. വലിയൊരു ആലിംഗനം, വലിയ ബഹുമാനം.
ഇന്ന് നിങ്ങൾ എനിക്കൊരു വലിയ ജീവിത തത്വം പഠിപ്പിച്ചു തന്നു, ഒരു പാഠത്തേക്കാൾ ഉപരി ഒരു ഫിലോസഫി. എന്നോടൊപ്പം എന്നും നിലനിൽക്കുന്ന ഒന്ന് ഞാൻ ഇന്ന് പഠിച്ചു. നന്ദി സർ. ഒരുപാട് സ്നേഹവും അഗാധമായ ബഹുമാനവും.അവിടെ കണ്ട എല്ലാ നായകന്മാർക്കും ഇടയിൽ, നിങ്ങളാണ് ഏറ്റവും വലിയ താരം.
അവരെല്ലാം പുതുതലമുറ, ജെൻ സി കുട്ടികളാണ് സർ. ഇന്ന് അവർ നിങ്ങളുടെ സിനിമകൾ കാണാൻ പോകുകയാണ്. ഒരു യഥാർഥ ഹീറോ എന്നാൽ എന്താണെന്ന് എനിക്ക് അവർക്ക് കാണിച്ചു കൊടുക്കണം. ഞാൻ അത് ചെയ്തുകൊണ്ടിരിക്കുന്നു. ഒരാൾ ഇങ്ങനെയൊക്കെ വന്ന്, യാതൊരു ബഹളവുമില്ലാതെ മടങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവർക്കും വലിയ സങ്കടമായി. രാജേഷ് എനിക്കയച്ച മെസേജുകളാണിവ. ആ വാക്കുകൾ നിശബ്ദമായി എന്റെയുള്ളിൽ തങ്ങിനിൽക്കുന്നു.
ദുഃഖവീട്ടിൽ ഞാൻ ശൂന്യതയുമായി സംസാരിച്ചുകൊണ്ടിരുന്നത് നിർമാതാവ് മിസ്റ്റർ ആന്റോ ജോസഫ്, മമ്മൂട്ടി സാറിനോട് പറഞ്ഞിട്ടുണ്ടാകണം. ശ്രീനിവാസന്റെ അന്ത്യയാത്രയ്ക്കായി ചിത ഒരുങ്ങിക്കൊണ്ടിരിക്കെ, അതിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്ന എന്നെ, ആ ചൂട് ശ്രീനിയുടെ ശരീരം അറിയില്ല എന്ന ചിന്ത പൊള്ളിച്ചു.
അതിൽ കൂടുതൽ അവിടെ നിൽക്കാൻ കഴിയാതെ ദുഃഖത്തോടെ പുറത്തിറങ്ങിയപ്പോൾ, മമ്മൂട്ടി എന്നെ ആശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി. ശ്രീനിയുടെ ഓർമകൾ അയവിറക്കിക്കൊണ്ട് വൈകുന്നേരം വരെ അദ്ദേഹത്തിന്റെ സ്നേഹനിർഭരമായ ആതിഥേയത്വത്തിൽ! സൗഹൃദത്തിന് ഭാഷാഭേദങ്ങളില്ല.
ആരുമറിയാതെ വന്ന്, ആദരവ് അർപ്പിച്ച് മടങ്ങുമ്പോൾ എന്റെ മനസ് ശാന്തമായിരുന്നു. ശുഭനിദ്ര, സുഹൃത്തുക്കളേ. പാർത്ഥിപൻ കുറിച്ചു.
Movies
ശ്രീനിവാസന്റെ മരണാനന്തരചടങ്ങുകളും വരുന്ന താരങ്ങളുടെ ചിത്രങ്ങളുമെല്ലാം വീഡിയോയിലും കാമറയിലും പകർത്താൻ മത്സരിക്കുന്നതിനെതിരെ സുപ്രിയ മേനോൻ.
പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും മരണാനന്തര ചടങ്ങുകൾക്കിടയിലെ തിരക്കും മൊബൈൽ ഫോൺ ഉപയോഗവും അതിരുകടക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷ വിമർശനം.
ദുഃഖം എന്നത് തികച്ചും വ്യക്തിപരമായ ഒരു വികാരമാണ്. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിൽ ശാന്തമായി ഒന്ന് വിലപിക്കാൻ പോലും കഴിയാത്ത വിധം ഒരു കുടുംബം ശ്വാസംമുട്ടുന്നത് കാണുന്നത് ഏറെ ദൗർഭാഗ്യകരമാണ്.
എവിടെ നോക്കിയാലും കാമറകളും മൊബൈൽ ഫോണുകളും മാത്രം. കോണുകളിൽ നിന്ന് സെൽഫി എടുക്കുന്നവർ, വിലാപയാത്രയിലേക്ക് എത്തുന്ന സിനിമാ താരങ്ങളെ ചൂണ്ടിക്കാട്ടി സംസാരിക്കുന്നവർ.
എത്തുന്നവരിലാകട്ടെ പലരും തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ വേർപാടിൽ ദുഃഖിക്കുന്നവരാണ്. മരിച്ചുപോയവർക്കും അവർ ബാക്കിവെച്ചു പോയവർക്കും കുറച്ചുകൂടി മര്യാദ നമ്മൾ നൽകേണ്ടതല്ലേ?
ജീവിതത്തിന്റെ ഓരോ നിമിഷവും വെറുമൊരു കാഴ്ചയായി മാറിയിരിക്കുകയാണ്. ഇത്രയും വലിയൊരു ദുരന്തത്തിന് നടുവിൽ നിൽക്കുന്ന ആ കുടുംബത്തിന്റെ വേദന എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മൾ സ്വയം ഒന്ന് ചിന്തിക്കാനും തിരുത്താനും തയ്യാറാകേണ്ടതല്ലേ? എത്രത്തോളം വാർത്താ പ്രാധാന്യം നൽകണം എന്നതിനൊരു പരിധിയില്ലേ?
പ്രിയപ്പെട്ട ഒരാളോട് വിടപറയാൻ ശ്രമിക്കുന്ന തകർന്നുപോയ ഒരു കുടുംബത്തിന്റെ ദൃശ്യങ്ങൾ എല്ലാവരും കാണുന്ന രീതിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുകയും അന്ത്യകർമങ്ങൾ നടക്കുന്നിടത്ത് ഇങ്ങനെ തടിച്ചുകൂടുകയും ചെയ്യേണ്ടതുണ്ടോ?’ സുപ്രിയ മേനോൻ കുറിച്ചു.
Kerala
കൊച്ചി: മലയാളത്തിന്റെ ശ്രീനിവാസന് അരങ്ങൊഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത ചിന്തകള്‍ക്കും ചിരിക്കും വിട. കണ്ടനാട്ടെ വീട്ടുവളപ്പിൽ ആ അതുല്യ കലാകാരന്റെ ഭൗതിക ദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങിൽ മൂത്തമകൻ വിനീത് ശ്രീനിവാസനാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. ചിതയിൽ തീ കൊളുത്തിയ ശേഷം നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി രണ്ടാമത്തെ മകൻ ധ്യാൻ അച്ഛനെ അഭിവാദ്യം ചെയ്തു.
സർക്കാരിന്റെ പ്രതിനിധിയായി മന്ത്രി പി. പ്രസാദ് സംസ്കാര ചടങ്ങിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രമുഖരടക്കം നൂറുകണക്കിനാളുകൾ ശ്രീനിവാസനെ യാത്രയാക്കാനെത്തിയിരുന്നു. സംസ്കാര ചടങ്ങുകൾക്കു മുമ്പ്, അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് കൂടിയായ സംവിധായകൻ സത്യൻ അന്തിക്കാട് "എല്ലാവർക്കും നന്മ നേരുന്നു' എന്ന കുറിപ്പും ഒരു പേനയും ചിതയിൽ വച്ചു.
ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.
46 വര്‍ഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിനാണ് തിരശീല വീണിരിക്കുന്നത്. മലയാളിയുടെ സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും രാഷ്ട്രീയ ജീവിതവും ഇതുപോലെ സിനിമയില്‍ പകര്‍ത്തിയ തിരക്കഥാകൃത്തും സംവിധായകനും നടനും വേറെയുണ്ടാവില്ല.
നര്‍മത്തിന്റെ മേമ്പൊടിയോടെ ശ്രീനിവാസന് തന്റെ സിനിമകളില്‍ എത്തിച്ചത് മലയാളിയുടെ പ്രശ്നങ്ങള്‍ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ ഇന്നും കാലികപ്രസക്തമാണ്. ഒരു പ്രത്യേക കാലഘട്ടത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നില്ല ശ്രീനിയുടെ സിനിമകള്‍, എല്ലാ കാലത്തും ചര്‍ച്ചയാകുന്നതാണ്. സാമൂഹിക പ്രതിബന്ധതയുള്ള ആക്ഷേപഹാസ്യങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ശ്രീനിവാസന്, സിനിമയെ ജീവിതത്തോട് ചേര്‍ത്ത് വായിക്കാന്‍ പഠിപ്പിച്ച കലാകാരന് കൂടിയാണ്. ആ അതുല്യ പ്രതിഭയ്ക്ക് വിട.
Kerala
കൊച്ചി: നടൻ ശ്രീനിവാസന്റെ വിയോഗം മൂലം വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് നടി പാർവതി തിരുവോത്ത്. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന് തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നുവെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയതായിരുന്നു പാർവതി. നടിയെ കൂടാതെ, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സംവിധായകന് ഫാസില്‍, രാജസേനന് തുടങ്ങിയവരും ഇന്ന് ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ ആരംഭിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
കൊച്ചി: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ തെന്നിന്ത്യൻ സൂപ്പർതാരം സൂര്യ എത്തി. എറണാകുളത്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൂര്യ ശ്രീനിവാസനെ അവസാനമായി കാണാൻ തൃപ്പുണിത്തുറ കണ്ടനാട്ടെ വീട്ടിലെത്തിയത്.
ശ്രീനിവാസന്റെ വലിയ ആരാധകനായിരുന്നു താനെന്നും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും സൂര്യ പറഞ്ഞു. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.
അതേസമയം, ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.
Kerala
ചെന്നൈയിൽ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം നടൻ ശ്രീനിവാസന്റെ പ്രതിഭയെ മിനുക്കിയെടുത്ത കാലം കൂടിയാണ്. ഇതിനെക്കുറിച്ചു ശ്രീനിവാസൻ പറഞ്ഞിരുന്നത് ഇങ്ങനെ: അഭിനയം പഠിക്കണം എന്നതിനെക്കാൾ അഭിനയം എങ്ങനെ പഠിപ്പിക്കാം എന്നറിയാനാണ് ആഗ്രഹിച്ചത്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആലോചനയുടെ ഭാഗമായി പൂനയിൽ എയർഫോഴ്സിൽ ജോലി ചെയ്യുന്ന അമ്മാവന്റെ മകനുമായി ബന്ധപ്പെട്ടു. അതു നടന്നില്ല. ആ സമയത്താണു വീടിനടുത്തുള്ള പ്രഭാകരൻ ചെന്നൈയിൽ ഫിലിം ചേംബർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. നാട്ടിൽ പ്രഭാകരൻ സാർ നാടകത്തിൽ അഭിനയിച്ചതെല്ലാം ഓർമയുണ്ട്. സാറിന് എന്റെ വിശദാംശങ്ങളും ആഗ്രഹങ്ങളുമടങ്ങിയ വിശദമായ കത്തയച്ചു.
എന്നാൽ, അദ്ദേഹം നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണു മറുപടി അയച്ചത്. അപ്പോൾ എന്റെ നയം വ്യക്തമാക്കിക്കൊണ്ടു തിരിച്ചു കത്തയച്ചു. അദ്ദേഹത്തിന് എന്റെ ആത്മാർഥത ബോധ്യപ്പെട്ടു. ആപ്ലിക്കേഷൻ അയയ്ക്കാൻ പറഞ്ഞു. ഫോട്ടോ വച്ചാണ് ആപ്ലിക്കേഷൻ. അദ്ദേഹത്തിന്റെ മറുപടി വന്നു. ഈ ഫോട്ടോ കണ്ടാൽ ഒരു വിധത്തിലും ഇവിടെ അഡ്മിഷൻ കിട്ടുമെന്നു തോന്നുന്നില്ല എന്നായിരുന്നു കത്തിൽ.
ഞാൻ മറുപടി അയച്ചു, സർ, പ്രേം നസീർ ഭംഗിയുള്ള ആളാണ്. അദ്ദേഹം അഭിനയിക്കുന്ന കഥാപാത്രത്തിന്റെ വേലക്കാരനായി അഭിനയിക്കുന്നയാൾക്കും അത്ര ഭംഗിയും സൗന്ദര്യവും വേണം എന്നു പറയുന്നതു ശരിയാണോ? അവസാനം ഞാൻ മദിരാശി ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തി.
അവർ ചിരിച്ചു, ഞാൻ പിന്മാറിയില്ല
രാമു കാര്യാട്ട്, വിൻസന്റ് മാഷ്, പി. ഭാസ്കരൻ, സേതുമാധവൻ തുടങ്ങിയ പ്രഗല്ഭരാണ് ഇന്റർവ്യൂ ബോർഡിൽ. എന്നെ കണ്ടതും അവർ ചിരിക്കാൻ തുടങ്ങി. പ്രഭാകരൻ സാറും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രിൻസിപ്പലും ഇന്റർവ്യൂവിനുണ്ട്. എന്നെ അവരെല്ലാം ചേർന്ന് ഉപദേശിച്ചു.
ഞാൻ അവരോട് പറഞ്ഞു: "സിനിമയിൽ അഭിനയിക്കാനായി ഇറങ്ങിപ്പുറപ്പെട്ട ആളല്ല. കുറെ നാടകങ്ങൾ ചെയ്തിട്ടുണ്ട്. എഴുതിയിട്ടുണ്ട്. എന്റെ ലക്ഷ്യം അഭിനയം പഠിക്കുക എന്നതാണ്. ആ അറിവ് എന്റെ നാടകപ്രവർത്തനത്തിനു കൂടുതൽ ശക്തി പകരും. അതുകൊണ്ടു പഠിക്കാൻ അവസരം തരണം'.
എന്റെ സംസാരത്തിലെ ആത്മാർഥത അവർക്കു ബോധ്യപ്പെട്ടു. എന്നെ സെലക്ട് ചെയ്തു. പിറ്റേന്ന് രാമു കാര്യാട്ട് ഷൂട്ട് ചെയ്ത സ്ക്രീൻ ടെസ്റ്റിൽ സെലക്ട് ചെയ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒന്നാം റാങ്കോടെയാണു പടിയിറങ്ങിയത്.
അവസരം തേടി രജനീകാന്ത്
സൗത്ത് ഇന്ത്യയിലെ പ്രൊഡ്യൂസർമാർ നേതൃത്വം കൊടുക്കുന്ന സിനിമാ പ്രവർത്തകരുടെ സംഘടനയാണ് ഫിലിം ചേംബർ. അവരാണ് ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടി മുതൽ മുടക്കിയിരിക്കുന്നത്. അവിടെ രജനീകാന്ത് എന്റെ സീനിയറായി പഠിച്ചിരുന്നു. കോഴ്സ് കഴിഞ്ഞ് രജനികാന്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെംബർമാരായ സിനിമാ പ്രവർത്തകരുടെ പിന്നാലെ ചാൻസ് തേടി നിരവധിത്തവണ നടന്നു. ആരും അയാൾക്ക് അവസരം കൊടുത്തില്ല.
ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിറങ്ങിയ ആളാണ് എന്നൊക്കെ അവർക്കറിയാം. മാർക്കറ്റുള്ള നടന്മാരെയാണ് അവർക്കു വേണ്ടത്. അവസാനം കെ. ബാലചന്ദർ, രജനീകാന്തിന് ഒരവസരം കൊടുത്തു. പടം റിലീസായി, പിറ്റേന്നു മുതൽ രജനി സ്റ്റാറാണ്. അപൂർവരാഗങ്ങളായിരുന്നു ആ സിനിമ. വളരെ പെട്ടെന്നു രജനീകാന്ത് സൂപ്പർ സ്റ്റാറായി മാറി. ഞാനപ്പോഴും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു.
ഒരിക്കൽ, ഇൻസ്റ്റിറ്റ്യൂട്ടിലെ ഫംഗ്ഷനിൽ അതിഥിയായി രജനി വന്നു. അയാൾ ചാൻസിനായി പിറകേ നടന്ന ചേംബറിന്റെ മെംബർമാരെല്ലാം അവിടെ ഉണ്ട്. അന്ന്, മലയാളത്തിലെ ഒരു പ്രൊഡ്യൂസറാണ് ചേംബറിന്റെ പ്രസിഡന്റ്. അദ്ദേഹം രജനീകാന്തിന്റെ പിന്നാലെ ഡേറ്റ അഭ്യർഥിച്ചു നടന്നു. മൂത്രമൊഴിക്കാൻ പോലും സമ്മതിക്കാതെ രജനിയുടെ പിന്നാലെ അദ്ദേഹം നടന്നതിന്റെ മൂകസാക്ഷിയാണു ഞാൻ.
രജനിയാണെങ്കിൽ അയാളെ ഒട്ടും മൈൻഡ് ചെയ്യുന്നില്ല. വളരെ മോശപ്പെട്ട പ്രതികരണമാണ് രജനി അയാളോടു പ്രകടിപ്പിച്ചത്. രജനികാന്ത് മോശപ്പെട്ട മനുഷ്യനല്ല, നല്ല വ്യക്തിയാണ്. ഇതിലും കൈപ്പുള്ള അനുഭവം മുൻപ് ചാൻസ് തേടി നടന്നപ്പോൾ രജനിക്കുമുണ്ടായിട്ടുണ്ടാകാം. അതിന്റെ പ്രതികരണമാകാം അവിടെ കാണിച്ചത്.
പി.എ. ബക്കർ, സംഘഗാനം
ചെന്നൈയിലെ പഠനം കഴിഞ്ഞയുടൻ ഞാൻ പി.എ. ബക്കർ സാറിന്റെ മണിമുഴക്കം എന്ന സിനിമയിൽ അഭിനയിച്ചു. ഹരിയാണു നായകൻ. ചെറിയൊരു വേഷമാണു ഞാൻ ചെയ്തത്. അതിനു ശേഷം അദ്ദേഹത്തിന്റെ സംഘഗാനം എന്ന സിനിമയിൽ നായക കഥാപാത്രം അവതരിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയറായി പഠിച്ച ഒരാളാണ് ബക്കർ സാറിനെ അസിസ്റ്റ് ചെയ്യുന്നത്. അദ്ദേഹമാണ് സിനിമയിൽ നായകൻ ഞാനാണെന്നു പറഞ്ഞത്.
കേട്ടതും എനിക്കത്ഭുതമാണു തോന്നിയത്. എന്നെ തെരഞ്ഞെടുക്കാൻ കാരണം എന്തെന്നു ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി കേട്ടു ഞാൻ ചിരിച്ചു. ഈ കഥാപാത്രത്തിനു വേണ്ട ദാരിദ്യ്രം പിടിച്ച മുഖം ശ്രീനിയുടേതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്!
Kerala
ജനപ്രിയസിനിമ എന്നപേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ മൂല്യബോധത്തെത്തന്നെ തകർത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും ശ്രമിച്ച ചലച്ചിത്രകാരനായിരുന്നു ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്മാർ സമൂഹത്തിലെ പ്രശ്നങ്ങളോടും രാഷ്ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായകാരനുമല്ല ശ്രീനിവാസൻ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന, സിനിമാലോകത്തെ വ്യത്യസ്തനായ ശ്രീനിവാസൻ തന്റെ ജീവിതത്തിന്റെ ആദ്യകാലത്തെക്കുറിച്ചു പറഞ്ഞ വാക്കുകൾ ദീപിക ഒാൺലൈൻ പുനഃപ്രസിദ്ധീകരിക്കുന്നു.
ഒന്നു തിരിഞ്ഞുനോക്കിയാൽ
മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി.
കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണു വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ... തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്.
ദേഷ്യക്കാരനായ അച്ഛൻ
വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരന്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നന്പൂതിരി ആ വഴിയിൽനിന്നു മാറി, പാടവരന്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നന്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: "അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ.' ജന്മിമാരായ നന്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജാലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി.
ആ ആറു പേരിൽ ഞാനും
സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്റെ കലാപരമായ കഴിവുകൾ സ്കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശിരാജ എൻഎസ്എസിൽ. കൂത്തുപറന്പിൽനിന്നു മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി.
പ്രീഡിഗ്രി പഠനകാലത്ത് കോളേജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻ പരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എണ്‍പതോളം പേരിൽനിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കു പോലും അത്ഭുതമായി.
പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽതന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അത്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.
Kerala
മലയാള സിനിമയുടെ ഏതാണ്ട് എല്ലാ തലങ്ങളിലും കൈവച്ച അതുല്യപ്രതിഭയായിരുന്നു ശ്രീനിവാസൻ. ഡബ്ബിംഗ് ആർട്ടിസ്റ്റ്, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ മേഖലകളിലെല്ലാം ശ്രീനിവാസന്റെ പ്രതിഭാസ്പർശമുണ്ടായി. കാലാതീതമായ നർമങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതായിരുന്നു ശ്രീനിവാസന്റെ ശൈലി. അതുകൊണ്ട് തന്നെ ഇന്നും കാഴ്ചക്കാർ പൊട്ടിച്ചിരിയോടെ ആസ്വദിക്കുന്നവയാണ് അദ്ദേഹം തിരക്കഥയും കഥയും ഒരുക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമകൾ. വലിയൊരു ജീവിത സന്ദേശം കൂടി അദ്ദേഹത്തിന്റെ പല സിനിമകളുടെയും പ്രത്യേകതകളായായിരുന്നു.
കണ്ണൂർ കൂത്തുപറമ്പ് പാട്യം എന്ന സ്ഥലത്താണ് ശ്രീനിവാസന്റെ ജനനം. പിതാവ് ഉണ്ണി സ്കൂൾ അധ്യാപകനും കമ്യൂണിസ്റ്റുകാരനുമായിരുന്നു. അമ്മ ലക്ഷ്മി വീട്ടമ്മ. അദ്ദേഹത്തിന് ഒരു സഹോദരിയും രണ്ട് സഹോദരന്മാരുമുണ്ട്. കതിരൂർ ഗവ. സ്കൂളിൽ പഠിച്ചു. മട്ടന്നൂരിലെ പഴശിരാജ എൻ. എസ്. എസ്. കോളജിൽ കോളജ് പഠനം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി.1977ൽ മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു സിനിമാ അഭിനയത്തിൽ ഡിപ്ലോമ. പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്
അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ച അക്കാലത്തെ വൈസ് പ്രിൻസിപ്പൽ എ. പ്രഭാകരൻ തന്നെ ശ്രീനിവാസനു തന്റെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുത്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായിരുന്നു ശ്രീനിവാസൻ. വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജിന്റെ മേള എന്നി സിനിമകളിൽ മമ്മൂട്ടിക്കും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനും ശബ്ദം നൽകി.
പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമയ്ക്കു കഥ എഴുതി. ഗാന്ധിനഗർ സെക്കൻഡ് സ്ടീറ്റ്, നാടോടിക്കാറ്റ്, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, കിളിച്ചുണ്ടൻമാമ്പഴം, ഉദയനാണ് താരം, കഥ പറയുമ്പോൾ, അറബിക്കഥ തുടങ്ങിയവയൊക്കെ ശ്രീനിവാസന്റെ ടച്ചിൽ മലയാളിയുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രങ്ങളാണ്. സംവിധായകനും പിന്നണിഗായകനും നടനുമായ വിനീത് ശ്രീനിവാസൻ, നടനും സംവിധായകനുമായ ധ്യാൻ എന്നിവർ മക്കളാണ്.
Kerala
കൊച്ചി: പ്രതികളുടെ മൗലികവകാശങ്ങള് ലംഘിക്കപ്പെട്ട കേസാണ് നടിയെ അക്രമിച്ച കേസ് എന്ന വാദവുമായി അഡ്വ. ടി.ആർ.എസ് കുമാര്‍. കേസിലെ നാലാം പ്രതിയായ വി.പി.വിജീഷിന്റെ അഭിഭാഷകനാണ് ടി.ആര്.എസ് കുമാര്‍.
രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് തങ്ങളെന്ന് അഭിഭാഷകന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
""നടി അക്രമിക്കപ്പെട്ട കേസില്‍ നാലാം പ്രതിക്കു വേണ്ടി കേസ് നടത്തുകയും പ്രതികളെയും നിയമത്തിന്റെയും സാക്ഷിമൊഴികളുടെയും മെമ്മറി കാര്‍ഡിന്റെ ഉള്ളടക്കത്തെയും മുന്‍നിർത്തി വെറുതേ വിടണമെന്നു വിചാരണ കോടതിയില്‍ ആവശ്യപ്പെട്ട ഒരു അഭിഭാഷകനാണ്. പ്രതികളെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുന്നതും വിധി വന്നതിനു ശേഷവും ജുഡീഷ്യറിയെ അപമാനിക്കുന്നതും ഉചിതമായ നടപടിയല്ല.
അപ്പീൽ നൽകും
അതിജീവിതയ്ക്കും സര്‍ക്കാരിനും വിധി ന്യായത്തില്‍ പിശകുകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ ക്രിമിനല്‍ നടപടിക്രമം പാലിച്ച് അപ്പീല്‍ നൽകാൻ തടസങ്ങള്‍ ഇല്ല. ഞാനും ഈ വിധിയുടെ പിശകുകള്‍ ചൂണ്ടിക്കാണിച്ച് അപ്പീല്‍ നല്‍കുന്നുണ്ട്. ഈ കേസിലെ മെമ്മറി കാര്‍ഡിലെ ഉള്ളടക്കം കണ്ട ഒരു അഭിഭാഷകനാണ്. അതുകൊണ്ട് തന്നെ ഇത് ഒരു ബലാത്സംഘം അല്ല എന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്.
പ്രതികള്‍ കൂട്ടബലാത്സംഘം ചെയ്തു എന്ന വിചാരണ കോടതിയുടെ കണ്ടെത്തല്‍ നിയമപരമായി തെറ്റാണ്. ഇതു ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇനി ഇതു സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ചയ്ക്കാണെങ്കില്‍ പൊതുസമൂഹത്തോടു നാലാം പ്രതിക്കു വേണ്ടി സംസാരിക്കാന്‍ തയാറാണ്' - അഭിഭാഷകൻ പറഞ്ഞു.
അതേസമയം, അഞ്ചും ആറും പ്രതികളായ വടിവാള്‍ സലീം, പ്രദീപ് എന്നിവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ പരിഗണിച്ച് തീര്‍പ്പുണ്ടാക്കുന്നതിനു കാലതാമസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശിക്ഷ സസ്പെന്‍ഡ് ചെയ്തു ജാമ്യത്തില്‍ വിടണമെന്നാണ് ആവശ്യം.
Kerala
കൊച്ചി. നടിയെ അക്രമിച്ച കേസിലെ ജാമ്യാവ്യവസ്ഥകളുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്പോർട്ട് നടൻ ദിലീപിന് വിട്ടുനൽകാൻ ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ നൽകിയിരുന്നത്. ജയിലിലായതിന് 83 ദിവസത്തിനു ശേഷം ജാമ്യം നൽകുമ്പോൾ ഹൈക്കോടതി വ്യവസ്ഥ ചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പാസ്പോർട്ട് കോടതിയെ ഏൽപിച്ചത്.
കേസിൽ കുറ്റവിമുക്തനാക്കിയതോടെ പാസ്പോർട്ട് തിരികെ നൽകണമെന്നായിരുന്നു ആവശ്യം. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. എന്നാൽ, പുതിയ സിനിമ റിലീസായെന്നും പ്രമോഷൻ ആവശ്യത്തിനായി വിദേശത്തു പോകണമെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്ന് കുറ്റവിമുക്തനാക്കിയതിനാൽ ജാമ്യവ്യവസ്ഥകൾ അവസാനിച്ചെന്ന് വ്യക്തമാക്കിയാണ് പാസ്പോർട്ട് വിട്ടു നൽകാൻ കോടതി നിർദേശിച്ചത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപ് നൽകിയതടക്കമുള്ള കോടതിയലക്ഷ്യ ഹർജികൾ കോടതി
പിന്നീട് പരിഗണിക്കാനായി മാറ്റി. മാധ്യമപ്രവർത്തകനായ എം.വി. നികേഷ് കുമാർ, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, അഡ്വ.എ ജയശങ്കർ തുടങ്ങിയവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി.
Movies
അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ അനുമതി നിഷേധിച്ച 19-ല്‍ 15 സിനിമകളുടെ വിലക്ക് പിന്‍വലിച്ച് കേന്ദ്രം. നാലു സിനിമകള്‍ക്കുള്ള വിലക്ക് തുടരും. ബീഫ്, ബാറ്റില്‍ഷിപ്പ് പൊട്ടംകിന്‍, പലസ്തീന് 36 ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചു.
സ്ക്രീനിംഗ് ഇല്ലാത്ത സമയങ്ങളില്‍ ചിത്രങ്ങള്‍ റീ ഷെഡ്യൂള്‍ ചെയ്ത് പ്രദര്‍ശിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം. ഡെലിഗേറ്റുകളെ മെസേജുവഴി വിവരം അറിയിക്കും.
അഞ്ചുസിനിമകളുടെ പ്രദർശനം നിഷേധിച്ചത് സിനിമ നിര്‍മിച്ച രാജ്യവുമായുള്ള ബന്ധം വഷളാവുമെന്ന് ചൂണ്ടിക്കാട്ടിയാണെന്ന് പറയുന്നു. പ്രദര്‍ശിപ്പിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ക്ലാഷ്, ഈഗിള്‍സ് ഓഫ് ദ റിപ്പബ്ലിക്, ഓള് ദാറ്റ്സ് ലെഫ്റ്റ് ഓഫ് യു, എപോയറ്റ്: അണ് കണ്‍സീല്‍ഡ് പോയട്രി, യെസ് എന്നീ സിനിമകള്‍ക്കാണ് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്.
അനുമതി നിഷേധിച്ച സിനിമകള്‍ ഏകപക്ഷീയമായി പ്രദര്‍ശിപ്പിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനായിരിക്കും. ഭാവിയില്‍ ആ രാജ്യങ്ങളില്‍ മലയാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായാല്‍ ഇടപെടുന്നതിന് പരിമിതികളുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചതായും വിവരമുണ്ട്.
Movies
30-ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരിതെളിയും. വൈകുന്നേരം ആറിന് നിശാഗന്ധിയിലെ ഓഡിറ്റോറിയത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് മേള ഉദ്ഘാടനം ചെയ്യും.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ കുക്കു പരമേശ്വരന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചിലി സംവിധായകന് പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്തീന് അംബാസിഡര്‍ അബ്ദുള്ള എം. അബു ഷവേഷ്, ജര്‍മന്‍ അംബാസിഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മേന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. ചടങ്ങില്‍ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സാംസ്കാരിക മന്ത്രി സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
സംവിധായകന് ഷാജി എന്‍. കരുണിനെക്കുറിച്ചുള്ള പുസ്തകം കരുണയുടെ കാമറ സാംസ്കാരിക മന്ത്രി അനസൂയ ഷാജിക്ക് നല്കി പ്രകാശനം ചെയ്യും.
ചലച്ചിത്ര മേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാമില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകനും ജൂറി അംഗവുമായ ബൂയി തക് ചുയെന് നല്കി പ്രകാശിപ്പിക്കും.
ഡിസംബർ 12 മുതൽ 19 വരെയാണ് മേള നടക്കുന്നത്. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്.
പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ 36 ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതാണ്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ആഫ്രിക്കൻ സിനിമയുടെ വക്താവും മൗറിത്താനിയൻ സംവിധായകനുമായ അബ്ദുറഹ്മാനെ സിസാക്കോയ്ക്ക് നൽകി ആദരിക്കും. ആഗോളവൽക്കരണം, പലായനം, സ്വത്വം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ടിംബുക്തു, ബ്ലാക്ക് ടീ തുടങ്ങിയ ശ്രദ്ധേയമായ അഞ്ച് ചിത്രങ്ങൾ ദ ഗ്ലോബൽ ഗ്രിയോട്ട്: സിസാക്കോസ് സിനിമാറ്റിക് ജേർണി എന്ന പ്രത്യേക പാക്കേജിൽ പ്രദർശിപ്പിക്കും.
ഈജിപ്ഷ്യൻ സിനിമയുടെ ഇതിഹാസമായ യൂസഫ് ഷഹീന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വിഖ്യാത ചിത്രങ്ങളായ കെയ്റോ സ്റ്റേഷൻ, അലക്സാണ്ട്രിയ എഗെയ്ൻ ആൻഡ് ഫോറെവർ, ദി അദർ എന്നിവ ഉൾപ്പെടുത്തി റിട്രോസ്പെക്ടിവ് വിഭാഗം ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഇന്ത്യൻ സമാന്തര സിനിമയിലെ പ്രമുഖനായ സയീദ് മിർസയുടെ മൂന്ന് ശ്രദ്ധേയ ചിത്രങ്ങളും മേളയുടെ മുഖ്യ ആകർഷണമാണ്. ഇന്തോനേഷ്യൻ സിനിമയുടെ ആധുനിക മുഖമായ ഗാരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ കണ്ടെമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിൽ പ്രദർശനത്തിനെത്തും.
ലോകമെമ്പാടുമുള്ള 57 സിനിമകൾ ഉൾപ്പെടുന്ന ലോക സിനിമ വിഭാഗം ആണ് പ്രേക്ഷകർക്ക് മുമ്പിലുള്ള മറ്റൊരു പ്രധാന കാഴ്ച വിരുന്ന്. ഇതിൽ ക്വിയർ സിനിമയിൽ നിന്നുള്ള ദ ലിറ്റിൽ ട്രബിൾ ഗേൾസ്, എൻസോ, മിറർസ് നമ്പർ 3, ദി മിസ്റ്റീരിയസ് ഗേസ് ഓഫ് ദി ഫ്ലമിംഗോ, അമ്രം, കോട്ടൺ ക്യൂൻ തുടങ്ങിയ ചിത്രങ്ങൾ ഉൾപ്പെടുന്നു.
പ്രശസ്ത സംവിധായകൻ ക്വെന്റിൻ ടറന്റിനോയുടെ മാസ്റ്റർപീസായ പൾപ്പ് ഫിക്ഷൻ 4K റെസ്റ്റോർ ചെയ്ത പതിപ്പ് സ്പെഷ്യൽ സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. മിഡ് നൈറ്റ് സ്ക്രീനിംഗിൽ ജോസും (Jaws) ദ ബുക്ക് ഓഫ് സിജിൻ ആന്റ് ഇല്ലിയിനും പ്രദർശനത്തിനുണ്ട്.
ചലച്ചിത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതി റെസ്റ്റോർഡ് ക്ലാസിക്കുകൾ എന്ന വിഭാഗത്തിൽ പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് കീസ്ലോവ്സ്കിയുടെ ബ്ലൈൻഡ് ചാൻസ്, സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പോട്ടെംകിൻ, ചാർളി ചാപ്ലിന്റെ ദി ഗോൾഡ് റഷ് എന്നിവയുടെ പുനരുദ്ധരിച്ച പതിപ്പുകൾ പ്രദർശിപ്പിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പാടാത്ത പൈങ്കിളി എന്ന ക്ലാസിക് മലയാള ചിത്രവും ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മികച്ച ചിത്രങ്ങൾ സുവർണ്ണചകോരം, രജതചകോരം പുരസ്കാരങ്ങൾക്കായി മത്സരിക്കും. മലയാള സിനിമ ഇന്ന്, ഇന്ത്യൻ സിനിമ ഇന്ന് എന്നീ വിഭാഗങ്ങൾ സമകാലിക സിനിമയുടെ പുതിയ പാഠങ്ങൾ സമ്മാനിക്കും. സന്തോഷ്, ഐറൺ ഐലൻഡ് എന്നിവയുൾപ്പെടെ ജൂറി അംഗങ്ങൾ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങൾ ജൂറി ഫിലിംസ് വിഭാഗത്തിൽ പ്രദർശിപ്പിക്കും.
വിവിധ പ്രമേയങ്ങളെ മുൻനിർത്തി ഫീമെയിൽ ഫോക്കസ്, ലാറ്റിൻ അമേരിക്കൻ പാക്കേജ്, കൺട്രി ഫോക്കസ്: വിയറ്റ്നാം, ഫെസ്റ്റിവൽ ഫേവറൈറ്റ്സ്, കലൈഡോസ്കോപ്പ് തുടങ്ങിയ പാക്കേജുകൾ പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ട്. മുൻപ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയവരുടെ ചിത്രങ്ങൾ പാസ്റ്റ് എൽടിഎ വിന്നേഴ്സ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കും. മുൻ വർഷങ്ങളിൽ സുവർണ്ണചകോരം നേടിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ദി സുവർണ്ണ ലെഗസി പ്രത്യേക പാക്കേജും ശ്രദ്ധേയമാകും.
പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ട്. മൊത്തത്തിൽ, 26 വിഭാഗങ്ങളിലായി 206 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഈ മുപ്പതാം എഡിഷൻ, ചലച്ചിത്രമേളയുടെ പൂർണ്ണമായ ആത്മാവിനെ പ്രതിഫലിപ്പിച്ചുകൊണ്ട് ചലച്ചിത്ര വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഒരുപോലെ ഉണർവ് നൽകുന്ന ആഘോഷമായി മാറും എന്നതിൽ സംശയമില്ല.
ഡിസംബർ 11-ന് രാവിലെ 11 മണിക്ക് 30-ാമത് കേരള ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കിറ്റ് വിതരണം ടാഗോറിൽ ആരംഭിക്കും. നടി ലിജോമോൾ ജോസ് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങും.
Kerala
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസിൽ നമ്മൾ ഇതുവരെ കേട്ടത് ഒരു പക്ഷം മാത്രമാണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ്. ഒരു കൊടും ക്രിമിനലിന്റെ വാക്കുകേട്ട് എട്ട് കൊല്ലം അന്വേഷിച്ചിട്ടും ഗൂഢാലോചനയും ക്വട്ടേഷൻ കൊടുക്കലുമൊന്നും കോടതിയെ ബോധിപ്പിക്കാൻ കേരളാ പോലീസിലെ മിടുക്കർക്കും ചാനൽ ചർച്ചകളിൽ ഡയലോഗ് കാച്ചിയ അഭിഭാഷകർക്കും സാധിച്ചില്ലെങ്കിൽ ബാക്കി ഇനി അയാൾ പറയട്ടെ.
എട്ട് കൊല്ലം എന്നത് ഒരു ചെറിയ സമയമല്ലെന്ന് എല്ലാവരും സമ്മതിക്കുമല്ലോ. ഇന്നു തോറ്റത് പ്രോസിക്യൂഷൻ മാത്രമല്ല, ഏകപക്ഷീയമായി വാർത്തകൾ റിപ്പോർട്ട് ചെയ്ത മിക്ക മാധ്യമങ്ങളും കൂടിയാണ്.
ദിലീപ് തന്റെ കേസ് നേരിട്ടത് സോഷ്യൽ മീഡിയയിൽ അല്ല, കോടതിയിലാണ്. അയാൾക്കു പറയാനുള്ളതും നമ്മൾ കേൾക്കണം. അതിനു കേരളത്തിനും ഇവിടത്തെ മാധ്യമങ്ങൾക്കും ബാധ്യതയുണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ അക്രമിച്ചു ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ എട്ടാം പ്രതി നടന് ദിലീപിനെ കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമുണ്ടെന്ന് ധര്മജന് ബോള്‍ഗാട്ടി. ഇന്നലെ രാത്രി മുതല്‍ വാര്‍ത്തകള്‍ കാണുകയാണ്. ഇപ്പോഴും വിധി പ്രസ്താവം കേട്ടു. അദ്ദേഹം ഒരുപാട് നാളായി നടത്തിയ നിയമ പോരാട്ടം വിജയം കണ്ടുവെന്നും ധര്മജന് ദീപിക ഒാൺലൈനിനോടു പറഞ്ഞു.
ദിലീപുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന നടനാണ് ധർമജൻ. ടിവിയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിന്ന നാളുകളില്‍ 2010ല്‍ ദിലീപ് ചിത്രമായ 'പാപ്പി അപ്പച്ചാ'യിലൂടെയായിരുന്നു സിനിമയിൽ ശ്രദ്ധേയമായൊരു വേഷം ധർമജനു ലഭിച്ചത്.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്ന നടന് ദിലീപിനു ജാമ്യം ലഭിച്ചതറിഞ്ഞ് അലുവ സബ്ജയിലിനു മുന്നിലെത്തിയ നടന് ധര്മജന് പൊട്ടിക്കരഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മുന്നില്‍ നടന് വികാര ഭരിതനാവുകയായിരുന്നു.
'എന്റെ ചേട്ടനാണ്.. സന്തോഷമുണ്ട്...എനിക്കൊന്നു കണ്ടാല്‍ മതി' ഇത്രയും പറഞ്ഞ് ധര്മജന് അന്നു പൊട്ടിക്കരയുകയായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയെന്ന കാരണത്താൽ ധർമജനും പലപ്പോഴും വിമർശനം നേരിട്ടിരുന്നു. എന്നാൽ, അപ്പോഴെല്ലാം ദിലീപ് നിരപരാധിയാണെന്നു നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ധർമജൻ.
Kerala
കൊച്ചി: നടി ആക്രമണക്കേസിൽ വിധി കേൾക്കാനായി വിചാരണക്കോടതിയിലേക്കു പോകാനായി എട്ടാം പ്രതിയായ നടൻ ദിലീപ് വീട്ടിൽനിന്ന് ഇറങ്ങിയത് കുട ചൂടി. ചാനൽ കാമറകൾ ദിലീപിന്റെ കൊച്ചിയിലെ വീടിനു ചുറ്റും രാവിലെ തന്നെ തമ്പടിച്ചിരുന്നു.
ഇതിനിടയിൽ ചില ചാനലുകൾ ഡ്രോണുകൾ ഉപയോഗിച്ചു വീടിന്റെയും പരിസരത്തിന്റെയും ദൃശ്യങ്ങൾ തത്സമയം ചാനലുകളിൽ കാണിച്ചു. വീടിനു പുറത്തു രണ്ട് ഇന്നോവ കാറുകൾ തയാറായി കിടക്കുന്നുണ്ടെന്നതിന്റെ ദൃശ്യങ്ങളും വിവരിച്ചു.
ഡ്രോണുകൾ വീടിനു മുകളിൽ വട്ടമിട്ടു നിരീക്ഷണം നടത്തുകയാണെന്നു മനസിലാക്കിയതിനാലാവണം ദിലീപിനെ വലിയൊരു കുട ചൂടിച്ചാണ് സുഹൃത്തുക്കൾ കാറിലേക്കു കയറ്റിയത്. ദിലീപിന്റെ ദൃശ്യങ്ങൾ പകർത്താമെന്നു കരുതി കാത്തു നിന്നിരുന്ന കാമറകളെ സമർഥമായി കബളിപ്പിച്ച് അങ്ങനെ ദിലീപ് കാറിലേക്കു കയറി. ദിലീപിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ സഹോദരൻ അനൂപും ഒപ്പമുണ്ടായിരുന്നു. കാറുകൾ അതിവേഗം ഗേറ്റ് കടന്ന് പുറത്തേക്കു പോയി. ഡ്രോണുകളും ചാനൽ കാമറകളും കുറെ നേരം ഈ കാറുകൾ പിന്തുടരുകയും ചെയ്തു. അദ്ദേഹം അഭിഭാഷകനായ രാമൻ പിള്ളയുടെ ഒാഫീസിൽ കയറിയതിനു ശേഷമാണ് ദിലീപ് കോടതിയിലേക്കു പോയത്. അഭിഭാഷകന്റെ ഒാഫീസിൽനിന്നു പുറത്തിറങ്ങുമ്പോൾ വീണ്ടും മാധ്യമപ്രവർത്തകർ ദിലീപിനെ വളഞ്ഞെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.
Kerala
കൊച്ചി: കാക്കനാട് എംഡിഎംഎ പിടികൂടിയ കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്ക്. പ്രതി കല്ല്യാണി സിനിമാ പ്രവര്‍ത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണിത്. ഇവരുടെ ലഹരി ഇടപാടുകളില്‍ വിശദമായ അന്വേഷണം നടത്തും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.
ഇന്നലെയാണ് കാക്കനാട് ഇടച്ചിറക്ക് സമീപമുള്ള അപ്പാര്‍ട്ട്മെന്റില്‍നിന്നു 20.22 ഗ്രാം എംഡിഎംഎയുമായി ഉനൈസ്, കല്ല്യാണി എന്നിവരെ ഡാന്‍സാഫ് സംഘം പിടികൂടിയത്. കാപ്പ നിയമപ്രകാരം നടപടി എടുത്തിട്ടുള്ള ഉനൈസ് നിരവധി കേസുകളില്‍ പ്രതിയാണ്. കല്യാണി മോഡലും സിനിമാ പ്രമോഷന് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു ലഹരി ഇടപാട്. നേരത്തെയും സിനിമാക്കാരുമായി ബന്ധപ്പെട്ട നിരവധി മയക്കുമരുന്നു കേസുകൾ ഉയർന്നിരുന്നു. സിനിമാ സെറ്റുകളിലും മറ്റും പരിശോധന നടത്താനുള്ള നീക്കങ്ങളും നടന്നിരുന്നു. സിനിമാ പ്രവർത്തകരിൽ ചിലർ മയക്കുമരുന്നുമായി പിടിയിലാവുകയും ചെയ്തു. എന്നാൽ, പിന്നീട് ഇത്തരം പരിശോധനകളൊക്കെ തണുത്തുപോവുകയായിരുന്നു. സമീപകാലത്തു പിടിയിലായ പല മയക്കുമരുന്നു കേസ് പ്രതികൾക്കും സിനിമാ മേഖലയിലുള്ള പലരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത്തരം കേസുകളിലൊന്നും അന്വേഷണം സിനിമാരംഗത്തേക്ക് ആഴത്തിൽ പോയിട്ടില്ല.
Kerala
കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ യുവ നടിയെ ആക്രമിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തിങ്കളാഴ്ച വിധി പറയും. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. കേസില്‍ എട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് വിധി പറയുന്നത്.
2017 ഫെബ്രുവരി 17ന് അങ്കമാലി അത്താണിക്കു സമീപം യുവനടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് അശ്ലീലവീഡിയോ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. തന്നെയും മറ്റൊരു നടിയെയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്നു നടന് ദിലീപ് സംശയിച്ചു. ഈ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചതോടെ വിവാഹബന്ധം തകര്‍ന്നു. തുടര്‍ന്ന് ദിലീപ് ഭീഷണി മുഴക്കുകയും ഇരയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്.
അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി. നടിയുടെ നഗ്ന ദൃശ്യങ്ങളും ലൈംഗിക പ്രവൃത്തികളും ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപ വാഗ്ദാനം നല്കി. 2013ല്‍ കൊച്ചിയിലെ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
രഹസ്യവിചാരണ
2018 മാര്‍ച്ച് എട്ടിനാണ് കേസിന്റെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം പ്രത്യേക വനിതാ ജഡ്ജിയെ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി നിയോഗിച്ചു. രഹസ്യ വിചാരണയാണ് നടന്നത്. പിന്നീട് സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.
261 സാക്ഷികളെ വിസ്തരിച്ച കേസില്‍ 28 പേര് കൂറുമാറിയിരുന്നു. ആദ്യ കുറ്റപത്രത്തിലെ ഏതാനും പേരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ചിലര്‍ മാപ്പുസാക്ഷിയായിരുന്നു. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Kerala
കൊച്ചി: നടന് ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനിയായ വേഫറര്‍ ഫിലിംസിന്റെ പേരില്‍ കാസ്റ്റിംഗ് കൗച്ച് നടത്തിയ കേസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു അറസ്റ്റില്‍.
എറണാകുളം സൗത്ത് പോലീസ് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ദിനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വേഫറര്‍ ഫിലിംസിന്റെ പേര് പറഞ്ഞ് എറണാകുളം സ്വദേശിയായ യുവതിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. കഴിഞ്ഞ മാസമാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തെ വീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സംഭവത്തില്‍ ഹണി ട്രാപ്പ് നടന്നുവെന്നാണ് ദിനില്‍ ബാബുവിന്റെ മൊഴി. പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Movies
പ്രണവ് മോഹൻലാലിന്റെ ഹൊറർ ത്രില്ലർ "ഡീയസ് ഈറെ' ഒടിടി സ്ട്രീമിംഗ്ന് ഒരുങ്ങുന്നു. ഡിസംബർ അഞ്ചു മുതൽ ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഒടിടി റിലീസിനായി പലരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ഡീയസ് ഈറെ'. ഒക്ടോബർ 31ന് ആണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രീതി നേടിയ ചിത്രം ബോക്സ്ഓഫീസിൽ കോടികൾ വാരിക്കൂട്ടുകയും ചെയ്തു. ഒരു മാസത്തിനു ശേഷമാണ് ചിത്രം ഒടിടിയിലെത്തുന്നത്.
ഹൊറർ ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തത്. രാഹുലിന്റെ ഭ്രമയുഗം, ഭൂതകാലം എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു. സംവിധായകന്റെ ക്രാഫ്റ്റ്, ടെക്നീഷൻമാരുടെ മികവ്, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നി ചേർന്ന വെള്ളിത്തിരയിലെ വിസ്മയമാണ് "ഡീയസ് ഈറെ'. ഇതുവരെയുള്ള പ്രണവിന്റെ കഥാപാത്രങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ് "ഡീയസ് ഈറെ'യിലെ രോഹൻ ശങ്കർ.
നിർമാണം ചക്രവർത്തി രാമചന്ദ്ര-എസ്. ശശികാന്ത്, സംഗീതം: ക്രിസ്റ്റോ സേവ്യർ, ഡിഒപി ഷെഹ്നാദ് ജലാൽ, എഡിറ്റർ ഷഫീക്ക് മുഹമ്മദ് അലി, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് കലൈ കിംഗ്സൺ, പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹൻ.
Movies
ചെന്നൈ: വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പുതിയ തെന്നിന്ത്യൻ സിനിമകളുടെ സ്ട്രീമിംഗ് തുടങ്ങി.
1. എല്‍ (മലയാളം)
ഹൊറര്‍-ആക്ഷന്‍-ക്രൈം ത്രില്ലര്‍ സ്ത്രീകളുടെ തിരോധാനവും കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണു പറയുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, സ്ത്രീകള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നതു കാണുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥയായ രേണുകയെ ചുറ്റിപ്പറ്റിയാണ് ഈ അന്വേഷണാത്മക ഹൊറര്‍ ത്രില്ലര്‍ ചിത്രം നീങ്ങുന്നത്. 1980-കളില്‍ ഹംഗറിയിലും മറ്റു രാജ്യങ്ങളിലും നടന്ന ചില കേസുകളുമായി അന്വേഷണ ഉദ്യോഗസ്ഥ സമാനതകള്‍ കണ്ടെത്തുന്നു. വിഷ്ണു, അമൃത മേനോന്, ബിഗ് ബോസ് ഫെയിം സന്ധ്യ മനോജ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
2. ആര്യന് (തമിഴ്)
തമിഴിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം ആര്യന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ഒടിടിയിലും ചിത്രത്തിനു വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. എഴുത്തുകാരനായ നമ്പി എന്നയാള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഡിസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ആര്യന് പറയുന്നത്. കുറ്റകൃത്യം നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് എഴുത്തുകാരന് ഓരോ ഇരയുടെയും പേര് വെളിപ്പെടുത്തുന്നത്. ഭീഷണി പൊതുജനങ്ങള്‍ക്കിടയില്‍ പരക്കുമ്പോള്‍, ഇരകളെ രക്ഷിക്കാന്‍ ഓഫീസര്‍ നടത്തുന്ന സാഹസികമായ ശ്രമങ്ങളും ചിത്രം പറയുന്നു. വിഷ്ണു വിശാല്‍, സെല്വരാഘവന്, ശ്രദ്ധ ശ്രീനാഥ്, മാനസ ചൗധരി, താരക് പൊന്നപ്പ, രാജ റാണി പാണ്ഡ്യന് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
3. ആണ് പാവം പൊള്ളാത്തത് (തമിഴ്)
ഐടി പ്രഫഷണലായ ശിവന്റെയും പുരോഗമനവാദിയായ ഭാര്യയുടെയും കഥയാണ് ആണ് പാവം പൊള്ളാത്തത് പറയുന്നത്. ഇരുവരുടെയും അഭിപ്രായ വ്യത്യാസങ്ങളും പരസ്പരവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളും നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിലെ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഒടുവില്‍ ദമ്പതികള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുന്ന ഘട്ടംവരെ സിനിമയെത്തുന്നു. കോടതിമുറിയിലെ രംഗങ്ങളിലൂടെയും ഗാര്‍ഹിക സംഘര്‍ഷങ്ങളിലൂടെയും സിനിമ മുന്നോട്ടുപോകുന്നു. റിയോ രാജ്, മാളവിക മനോജ്, ആര്‍ജെ വിഘ്നേശ്കാന്ത്, ഷീല രാജ്കുമാര്, ജെന്സണ് ദിവാകര്‍, എ. വെങ്കിടേഷ്, രാജാ റാണി പാണ്ഡ്യന്, ഉമാ രാമചന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
4. മാസ് ജതാര (തെലുങ്ക്)
തെലുങ്ക് സൂപ്പര്‍താരം രവി തേജയുടെ മാസ് ജതാര ആരാധകര്‍ ആഘോഷിച്ച ചിത്രമാണ്. നീതിബോധമുള്ള ഒരു റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ലഹരിമാഫിയയുമായുള്ള സംഘര്‍ഷങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതിനിടയിലെ നായകന്റെ പ്രണയവും കുടുംബസംഘര്‍ഷങ്ങളും മാസ് ജതാരയുടെ ഭാഗമാകുന്നു.
രവി തേജയ്ക്കൊപ്പം ശ്രീലീല, രാജേന്ദ്ര പ്രസാദ്, നവീന്‍ ചന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
5. റോണി (കന്നഡ)
കന്നഡിയിലെ പ്രേക്ഷകപ്രീതി നേടിയ ആക്ഷന്‍ ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് റോണി. കുറ്റകൃത്യങ്ങളുടെ ഇരുണ്ട ലോകമാണ് ചിത്രം പറയുന്നത്. കിരണ്‍ രാജ്, സമീക്ഷ, അപൂര്‍വ, പി രവിശങ്കര്‍, ഉഗ്രം മഞ്ജു, യാഷ് ഷെട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. സീ5-ല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.
Kerala
കൊച്ചി: ഇരുപതു ലക്ഷം കടം വാങ്ങിയിട്ട് തിരികെ നൽകാതെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിർമാതാവുമായ ബാദുഷ വഞ്ചിച്ചെന്ന് നടൻ ഹരീഷ് കണാരൻ. കടം വാങ്ങിയിട്ട് തിരികെ നൽകിയില്ലെന്നു മാത്രമല്ല സിനിമകളിൽനിന്നു തന്നെ മനപ്പൂർവം പുറത്താക്കാൻ കളിച്ചെന്നും ഹരീഷ് ആരോപിച്ചു. രണ്ടു വർഷമായി തനിക്ക് ഒരു സിനിമ പോലും കിട്ടിയിട്ടില്ല. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം അങ്ങനെ വിട്ടുകളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ: അഞ്ചു വർഷത്തോളം എന്റെ ഡേറ്റും പരിപാടികളുമൊക്കെ നോക്കിക്കൊണ്ടിരുന്നത് ബാദുഷ ആയിരുന്നു. അദ്ദേഹവുമായി വളരെ അടുപ്പമായിരുന്നു. വീട്ടിൽ വരുന്നു, അവരുടെ വീട്ടിൽ പോകുന്നു.. അങ്ങനെ വളരെ അടുപ്പവും വിശ്വാസവുമായിരുന്നു. അങ്ങനെയിരിക്കെ പുള്ളിക്ക് കള്ളൻ ഡിസൂസ എന്ന പടം നടക്കുന്ന സമയം. വളരെ അത്യാവശ്യമായി എനിക്കൊരു 20 ലക്ഷം രൂപ വേണമെന്നു ബാദുഷ പറഞ്ഞു. വളരെ അത്യാവശ്യമാണ്. ഒരാഴ്ചയ്ക്കുള്ളിൽ തിരികെ നൽകാമെന്നാണ് പറഞ്ഞത്. അത്ര അടുപ്പവും വിശ്വാസവുമുള്ളതുകൊണ്ട് ഞാൻ ബാങ്കിൽ വിളിച്ചു പറഞ്ഞിട്ട് പണം ട്രാൻഫർ ചെയ്തുകൊടുത്തു. ഒരാഴ്ച കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്... പിന്നെ പുള്ളിയുടെ പടങ്ങളുമൊക്കെ അഭിനയിക്കാനുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു.
മൂന്നാലു മാസം കഴിഞ്ഞപ്പോൾ കോവിഡ് വന്നു. അപ്പോൾ പടങ്ങളൊന്നുമില്ല. കോവിഡ് കഴിഞ്ഞിട്ടും പടങ്ങളൊന്നുമില്ല. അപ്പോൾ ഞാൻ വിചാരിച്ചു, കോവിഡ് കഴിഞ്ഞ് പടങ്ങളുടെ രീതിയൊക്കെ മാറിയതുകൊണ്ട് എനിക്ക് അവസരമില്ലാത്തതാകും എന്ന്. കോവിഡ് സമയത്ത് ബാദുഷ കുറെ ചാരിറ്റിയൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പലർക്കും സഹായം കൊടുക്കാനാണെന്നു പറഞ്ഞ് എന്നോടും പലവട്ടം പണം ചോദിച്ചു. ഫുഡ് കൊടുക്കാനാണ്, ടിവി കൊടുക്കാനാണ് എന്നൊക്കെ പറഞ്ഞ്. ഞാൻ പലവട്ടം ചാരിറ്റിക്കു പണം കൊടുത്തു. ഇതിനിടെ, ചാരിറ്റി നടത്തി അയാൾ പേരെടുത്തു. ആ സമയത്തൊക്കെ എന്നെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. അതിനിടെ, എന്റെ വീടു പണി നടക്കുന്ന സമയത്ത് കുറച്ചു പണത്തിന് ആവശ്യം വന്നിട്ട് ഇദ്ദേഹത്തോടു ഞാൻ ചോദിച്ചു. "വെടിക്കെട്ട്' റിലീസ് ആകുമ്പോൾ തരാമെന്നു പറഞ്ഞു. റിലീസ് കഴിഞ്ഞിട്ടും പണം കിട്ടിയില്ല. പിന്നീട് ചോദിച്ചപ്പോൾ വെടിക്കെട്ട് നഷ്ടമായിരുന്നു എന്നു പറഞ്ഞു.
ഇതിനിടെ, എആർഎമ്മിൽ 40 ദിവസത്തെ ഡേറ്റ് വേണം റോൾ ഉണ്ടെന്നു പറഞ്ഞു. ഞാൻ സമ്മതിച്ചു. പണം കിട്ടിയില്ലെങ്കിലും അയാൾ വഴി പടം കിട്ടുന്നുണ്ടല്ലോ എന്നായിരുന്നു എന്റെ ആശ്വാസം. ഇതിനിടെ, ഇടവേള ബാബുച്ചേട്ടനെ വിളിച്ചിട്ട് എനിക്ക് ബാദുഷ കുറച്ചുപണം തരാനുണ്ട്. ഒന്നു സംസാരിക്കണമെന്നു പറഞ്ഞു. ബാബുച്ചേട്ടൻ പിന്നെ തിരികെ വിളിച്ചിട്ടു പറഞ്ഞു. അയാളോടു സംസാരിച്ചു. പണം വാങ്ങിയിട്ടുണ്ടെന്നൊക്കെ പറഞ്ഞു. പിന്നെ പലരും ഇതേ പോലെ പരാതി പറയുന്നുണ്ട്. അതുകൊണ്ട് അയാളെ പിണക്കാതെ എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ പറഞ്ഞു. ഇതിനിടെ, എആർഎമ്മിലേക്ക് ആരും വിളിച്ചില്ല. ആ ക്യാരക്ടർ മാറിപ്പോയിട്ടുണ്ടാവും എന്നാണ് കരുതിയത്.
ഒരിക്കൽ ചാനലിന്റെ അവാർഡ് നൈറ്റിനു പോയി. ടോവീനോയും അവിടെയുണ്ടായിരുന്നു. തിരക്കായതിനാൽ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടു മടങ്ങുംവഴി ടോവീനോയെ വിളിച്ചു. അപ്പോൾ ടോവീനോ ചേട്ടൻ എവിടെയാ, അവിടെ നിൽക്ക് സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഞാൻ വഴിയിൽ കാത്തുനിന്നപ്പോൾ ടോവീനോ വന്നു കെട്ടിപ്പിടിച്ചു. പിന്നെ പറഞ്ഞു: എആർഎമ്മിൽ വിളിച്ചിട്ട് എന്താണ് വരാതിരുന്നത്. ചേട്ടനെ വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല. ഡേറ്റില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്.
അതു ശരിയല്ല. പടമൊന്നുമില്ലാതെ ഞാൻ വീട്ടിലിരിക്കുകയായിരുന്നെന്നു ഞാൻ മറുപടി നൽകി. അതുകഴിഞ്ഞാണ് എനിക്കു മനസിലായത് എന്നെ മനപ്പൂർവം അയാൾ ഒഴിവാക്കിയതാണെന്ന്. ഇതുപോലെ പല സിനിമകളും എനിക്ക് നഷ്ടമായെന്നു മനസിലായി. സെറ്റുകളിൽ എന്നെക്കുറിച്ചു നെഗറ്റീവ് കാര്യങ്ങൾ പറയുന്നുണ്ടെന്നു പലരും സൂചിപ്പിച്ചു.
എന്തായാലും ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണ് കൊണ്ടുപോയത്. എന്റെ മക്കൾ അനുഭവിക്കേണ്ടത്. അതു മാത്രമല്ല, എന്റെ അന്നം മുട്ടിക്കാനുള്ള ശ്രമം ക്രൂരമായിപ്പോയി. ഇതു പുറത്തുപറഞ്ഞതിന്റെ പേരിൽ എന്നെ ഇനി സിനിമയിൽനിന്നു തന്നെ ചവിട്ടിപ്പുറത്താക്കുമോയെന്നറിയില്ല. അതിനൊക്കെ സ്വാധീനമുള്ള ആളാണല്ലോ അദ്ദേഹം. എന്തായാലും ഇനി എന്തു വേണമെന്നു തീരുമാനിച്ചിട്ടില്ല. എന്തായാലും ഞാൻ കഷ്ടപ്പെട്ട പണമല്ലേ. ഒത്തിരി കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയത്.
Kerala
കൊച്ചി: സിനിമ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷയ്ക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ഹരീഷ് കണാരൻ.
കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നൽകിയില്ലെന്നും ചോദിച്ചപ്പോൾ സിനിമകളിലെ അവസരം നഷ്ടപ്പെടുത്തിയെന്നുമാണ് ഹരീഷ് കണാരൻ ആരോപിച്ചത്. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമായി അറിയിച്ചത്.
ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ചോദിച്ചു വാങ്ങിയെങ്കിലും അവസരം നൽകിയില്ല. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്.
മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു. തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു.
സമാനരീതിയിൽ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്റെ ഒരു സിനിമ ഇറങ്ങിയാൽ പണം താരം എന്നായി. എന്നിട്ടും കിട്ടിയില്ല. അപ്പോഴേക്കും എആർഎം ഷൂട്ടിംഗ് തുടങ്ങി.
ഞാൻ ഒരാളെ സഹായിക്കുകയായിരുന്നു, അയാൾക്ക് യാതൊരു ഉപദ്രവവും ചെയ്തിട്ടില്ല. ഒരാളുടെ അന്നം മുടക്കേണ്ട കാര്യമില്ലല്ലോ, അയാൾ ജീവിച്ചു പൊയ്ക്കോട്ടേ എന്ന് വിചാരിച്ചാൽ പോരെ. ഡേറ്റ് തരാമെന്ന് പറഞ്ഞ് എന്നെ സമീപിക്കുകയായിരുന്നു. ഞാൻ അങ്ങോട്ട് പോയി ചോദിച്ചതല്ല.
പലരും എന്നോട് പേര് പറയാൻ ആവശ്യപ്പെട്ടു. ബാദുഷയാണ് ആ വ്യക്തി. ഇനി ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമയൊന്നും കിട്ടാതെ വന്നേക്കാം, ഞാൻ പ്രോഗ്രാം ചെയ്തു ജീവിച്ചോളാം. നമ്മളൊരു ഉപകാരം ചെയ്ത ആളിൽ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായതിലാണ് വിഷമം.- ഹരീഷ് പറഞ്ഞു.
നേരത്തം, കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നെ സിനിമകളിൽ നിന്ന് മാറ്റിനിർത്താൻ ഇടപെട്ടിരുന്നുവെന്ന് ഹരീഷ് കണാരൻ ആരോപിച്ചിരുന്നു. എന്നാൽ ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
Movies
2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമായിരുന്നു "വാർ 2'. എന്നാൽ, കൂറ്റൻ ബജറ്റിൽ പുറത്തിറങ്ങിയതു മൂലം ഭേദപ്പെട്ട കളക്ഷൻ നേടിയിട്ടും ചിത്രത്തിന്റെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ അണിയറക്കാർക്കായില്ല. ഋത്വിക് റോഷന്, ജൂണിയര്‍ എന്‍ടിആര്‍, കിയാര അദ്വാനി എന്നിവര്‍ അഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ വീണെങ്കിലും ചിത്രത്തിന്റെ പരാജയത്തില്‍ വന്‍ ചര്‍ച്ചകളുണ്ടായി.
കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന പരിപാടിയില്‍ ചിത്രത്തെക്കുറിച്ച് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബോളിവുഡ് സൂപ്പര്‍താരം ഋത്വിക് റോഷന് പറഞ്ഞ മറുപടി ആരാധകര്‍ ഏറ്റെടുത്തു. ദുബായില്‍ നടന്ന പരിപാടിയില്‍ അവതാരകന് സ്വാഗതം ചെയ്യുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം നല്‍കിയതിനാണ് ഋത്വിക് സ്നേഹനിര്‍ഭരമായ മറുപടി പറഞ്ഞത്. തന്റെ സിനിമ, വാര് 2- ബോക്സ്ഓഫീസില്‍ പരാജയപ്പെട്ടിട്ടും നിങ്ങളെല്ലാവരും എന്നെ സ്നേഹിക്കുന്നതിനും ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്നതിനും താന്‍ വളരെയധികം നന്ദിയുള്ളവനാണ് എന്നാണ് ഋത്വിക് പറഞ്ഞത്.
ഓഗസ്റ്റിലാണ് വാർ 2- പുറത്തിറങ്ങിയത്. തിയറ്റര്‍ റിലീസിനു ശേഷം ആദ്യമായാണ് താരം ചിത്രത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നത്. ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തു. താരത്തിന്റെ പ്രസ്താവനയോട് ആരാധകര്‍ വ്യാപകമായി പ്രതികരിച്ചു. "വാര് 2-ന്റെ പരാജയം അദ്ദേഹം അത് തുറന്നു സമ്മതിച്ചതില്‍ സന്തോഷമുണ്ട്. ഇനി, താരം അത്തരം വിഡ്ഢിത്തം ചെയ്യില്ലെന്നാണ് പ്രതീക്ഷ... ഇപ്പോള്‍ എല്ലാവരും ആവേശത്തോടെ കാത്തിരിക്കുന്നത് 'ക്രിഷ് 4' ആണ് തുടങ്ങിയ പ്രതികരണങ്ങളാണു ലഭിച്ചത്.
ഋത്വിക് റോഷനും ജൂനിയര്‍ എന്‍ടിആറും ഒരുമിച്ച ആദ്യ ചിത്രമാണ് വാര് 2. അയാന് മുഖര്‍ജി സംവിധാനം ചെയ്ത "വാര് 2', 2019ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ്. വൈആര്‍എഫിന്റെ ഭാഗമായ ആക്ഷന്‍ ത്രില്ലര്‍ സ്റ്റുഡിയോയിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിന്റെ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ "ധുരന്ധർ'-ന്റെ ട്രെയിലർ തരംഗമാകുമ്പോൾ പ്രേക്ഷകർ ആകാംക്ഷയിൽ. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ട്രെയിലർ വൻ തരംഗമായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ടീം "ധുരന്ധർ', ചിത്രത്തിലെ കഥാപാത്രങ്ങളുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. രൺവീർ സിങ്, സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ, എന്നിവരുടെ പോസ്റ്ററുകൾ ആരാധകരിൽ വലിയ ആവേശം തീർത്തിരുന്നു. പോസ്റ്ററുകൾക്കു പിന്നാലെ ഇന്നു റിലീസ് ചെയ്ത ട്രെയിലറും ആരാധകർ ആഘോഷമാക്കി മാറ്റുകയാണ്.
നാലു മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ "ധുരന്ധർ'-റിലേക്കുള്ള നേർക്കാഴ്ചയാണ്. ഓരോ കഥാപാത്രത്തിന്റെയും ഉൾവശംകൂടി വെളിപ്പെടുത്തുന്നതാണ് ട്രെയിലർ. അവിശ്വസനീയമായ യഥാർഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ചിത്രമാണ് "ധുരന്ധർ'. പാകിസ്ഥാൻ ഭീകരതയും അതു തകർക്കാനുള്ള ഇന്ത്യയുടെ ഉറച്ച ശ്രമങ്ങളും അതിർത്തി കടന്നുള്ള രഹസ്യാന്വേഷണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലുമാണ് "ധുരന്ധർ' ഒരുക്കിയിരിക്കുന്നത്.
ഒരു തടവുകാരനെ പീഡിപ്പിക്കുന്ന അർജുന്റെ കഥാപാത്രത്തിന്റെ ഭയാനകമായ രംഗത്തോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. പാകിസ്ഥാൻ ഏകാധിപതി മുഹമ്മദ് സിയാ ഉൾ ഹഖ്, ഇന്ത്യയെ ആയിരം മുറിവുകളാൽ ചോര വീഴ്ത്താനുള്ള ലക്ഷ്യമാണ് വിഷയം. അർജുൻ രാംപാലിന്റെയും അക്ഷയ് ഖന്നയുടെയും ശക്തമായ പെർഫോമൻസ് ട്രെയിലർ കാണാം. ട്രെയിലർ അക്രമാസക്തമാണ്. കൂടാതെ വെടിവയ്പ്, സ്ഫോടനങ്ങൾ, വൻനാശം എന്നിവ ഉൾക്കൊള്ളുന്ന ആക്ഷൻ-പായ്ക്ക് സീക്വൻസുകൾ നിറഞ്ഞതാണ്.
ആദിത്യ ധർ സംവിധാനം ചെയ്ത ഈ ഹൈ-ഒക്ടേൻ സ്പൈ ത്രില്ലർ 2025 ലെ ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ്. കഥ, രണ്ട് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസി റോളൗട്ടിലേക്ക് നയിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. രൺവീർ സിങ്ങിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമാണ് "ധുരന്ധർ'.
Movies
നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുമായി സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. വെല്ലൂർ സിഎംസി ആശുപത്രിയിൽ വന്നതിനു ശേഷമുള്ള വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണെന്നും രാജേഷിനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രതാപ് കുറിപ്പിൽ പറയുന്നു.
പ്രിയപ്പെട്ട രാജേഷ് വെല്ലൂർ മെഡിക്കൽ കോളേജിൽ എത്തിയിട്ട് നാളെ 2 മാസമാകുന്നു, ഈ കിടപ്പിന് 87 ദിവസത്തിന്റെ വേദനയും. അവൻ ഹോസ്റ്റ് ചെയ്ത, ‘ലോക’ 300 കോടി ചിത്രമായി റെക്കോർഡ് ഇട്ടതും അവന്റെ പ്രിയപ്പെട്ട മമ്മൂക്ക രോഗ മുക്തനായി സിനിമയിൽ സജീവമായതും, ലാലേട്ടൻ ഫാൽകെ അവാർഡ് മേടിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, സുരേഷേട്ടനൊപ്പമുള്ള ‘ഒറ്റക്കൊമ്പൻ’ സിനിമയിലെ രാജേഷിന്റെ ഇനിയുള്ള സീൻ വേദനയോടെ ഒഴിവാക്കേണ്ടി വന്നതു മാത്രം പാവം അവൻ അറിഞ്ഞിട്ടില്ല.
രാജേഷ് ഉഷാറായി വരുമ്പോൾ ആദ്യത്തെ ഷോ എനിക്ക് വേണ്ടി ചെയ്യണമെന്ന് സുരേഷ് ഗോപി വാക്ക് തന്നിട്ടുണ്ട്. രാജേഷ് അഭിനയിച്ച ‘ഇന്നസന്റ്’ സിനിമ റിലീസ് ആയതും, അവനു ഏറെ പ്രതീക്ഷയുള്ള ‘വടക്കൻ തേരോട്ടം’ എന്ന സിനിമ റിലീസിന് തയാറെടുക്കുന്നതും എല്ലാം പറഞ്ഞത് അവൻ മനസിലാക്കിക്കാണും എന്നാണ് ഞങ്ങളുടെ വിശ്വാസം.
ഇങ്ങനെ സിനിമയും സംഗീതവും യാത്രകളും, സൗഹൃദവും, ഭക്ഷണത്തിന്റെ കഥയുമെല്ലാം പറഞ്ഞു ഞങ്ങൾ അവനെ ആക്ടീവ് ആക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. അതിന്റെ ഒക്കെ റിസൽട്ട്/റെസ്പോൺസ് ഉണ്ട്, അത് അവനിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇടയ്ക്ക് സുഹൃത്തുക്കൾ വന്നു അവനോടു സംസാരിക്കുന്നതും, ഉണർത്താൻ ശ്രമിക്കുന്നതുമെല്ലാം അത്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നുണ്ട്. അതിനു സമയം കണ്ടെത്തുന്ന നല്ല മനസുകൾക്ക് നന്ദി. ശ്രീരാമൻ വനവാസത്തിനു ഇറങ്ങിയപ്പോൾ എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന സീതയും ലക്ഷ്മണനും കഴിഞ്ഞ മൂന്നു മാസമായി രാജേഷിനൊപ്പമുണ്ട്.. സിന്ധുവിന്റെയും രൂപേഷിന്റെയും സ്നേഹത്തിനും കരുതലിനും, ആത്മ സമർപ്പണത്തിനും മുന്നിൽ പകരം വയ്ക്കാൻ ഈ ജന്മത്തിൽ ഒന്നുമില്ല.
ക്ഷമയോടെ സഹന ശക്തിയോടെ അവരോടൊപ്പം സിഎംസിയിലെ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും ഒപ്പമുണ്ട് എന്നുള്ളത് ഏറെ പ്രതീക്ഷ നൽകുന്നു. പ്രാർഥനയും സ്നേഹവും തുടരുക.. പലരുടെയും സ്നേഹാന്വേഷണങ്ങൾക്ക് കൃത്യമായി മറുപടി തരാൻ പറ്റാത്തതിന് ക്ഷമാപണം. ഈ വനവാസം കഴിഞ്ഞു അവനു തിരിച്ചു വരാതിരിക്കാൻ ആവില്ല.. വരും...എന്റെ ചങ്ക് വീണ്ടും സ്റ്റേജിലും സിനിമയിലും ആടിത്തിമിർക്കുന്ന നാളുകൾക്കായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു.. നന്ദി...സ്നേഹം.. പ്രാർഥന.’’
Movies
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭവനനിർമാണ പദ്ധതിയായ സ്മൈൽ ഭവനയുടെ പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിനെത്തി നടി അനുശ്രീ. പാലക്കാട് നിയോജക മണ്ഡലത്തിലെ അർഹരായ കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകുന്ന എംഎൽഎയുടെ പദ്ധതിയാണ് സ്മൈൽ ഭവനം.
സ്വന്തമായി വീട് ഇല്ലാത്തവരുടെ സ്വപ്നം യാഥാർഥ്യമാകുന്ന പദ്ധതിയുടെ ഭാഗമായി പങ്കെടുക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്ന് അനുശ്രീ പറഞ്ഞു. ‘ഒരു വീട് എന്നുള്ളത് എത്രത്തോളം ഒരാൾക്ക് ആവശ്യമുള്ള ഘടകമാണെന്ന് എല്ലാവർക്കും അറിയാം. ഏറ്റവും വലിയ സ്വപ്നമാണ് സ്വന്തമായൊരു വീട്. ഇത്രയും നല്ലൊരു ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷം. ഏറ്റവും ഭംഗിയായി വീട് പൂർത്തിയാക്കാൻ കഴിയട്ടെ.
ഈ വീട് പൂർത്തിയായി എന്ന് അറിയുന്നതു വരെ എനിക്ക് ടെൻഷനാണ്. ഇത് എന്റെ ആദ്യത്തെ അനുഭവമാണ്. എന്റെ വീടിനു പോലും ഞാൻ കല്ലിട്ടിട്ടില്ല. ഞാൻ പാലക്കാട്ടുകാരിയും തൃശൂർകാരിയുമൊക്കെയാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അതുകൊണ്ടാണ് പാലക്കാടിനോട് എനിക്ക് ഒരു സ്പെഷൽ സ്നേഹം. വീണ്ടും നിങ്ങളെയൊക്കെ കാണാൻ കഴിയട്ടെ. വീട് പൂർത്തിയാകുമ്പോൾ എത്താം,’ അനുശ്രീ പറഞ്ഞു.
ചുവന്ന പട്ടുസാരി ഉടുത്താണ് അനുശ്രീ ചടങ്ങിനെത്തിയത്. അതേ നിറത്തിലുള്ള കുർത്തയും മുണ്ടുമായിരുന്നു എൽഎൽഎയുടെ വേഷം.
കുറച്ചു ദിവസങ്ങൾക്കു മുൻപ് രാഹുൽ തന്നെ സംഘടിപ്പിച്ച മറ്റൊരു തറക്കല്ലിടൽ ചടങ്ങിന് തൻവി റാം ആണ് മുഖ്യാതിഥിയായി പങ്കെടുത്തത്. ആസിഫ് അലി, സൈജു കുറുപ്പ് തുടങ്ങിയ താരങ്ങളും സംവിധായകൻ അഭിലാഷ് പിള്ളയും ഈ പദ്ധതിയുടെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
International
വത്തിക്കാൻ സിറ്റി: സിനിമ വെറുമൊരു വിനോദോപാധി മാത്രമല്ലെന്നും മനുഷ്യന്റെ ആത്മീയ സാഹസികതയുമായി അനുസ്യൂതം അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ലെയോ പതിനാലാമൻ മാർപാപ്പ.
സിനിമയുടെ ഏറ്റവും വിലയേറിയ സംഭാവനകളിലൊന്ന് പ്രേക്ഷകനെ തന്നിലേക്കുതന്നെ മടങ്ങാൻ സഹായിക്കുക, സ്വന്തം അനുഭവത്തിന്റെ സങ്കീർണതയെ പുതിയ കണ്ണുകളോടെ കാണാൻ സഹായിക്കുക എന്നിവയാണ്. അപ്രകാരം സിനിമ മനുഷ്യന്റെ പ്രത്യാശയെപ്പോലും ചലനാത്മകമാക്കുന്നുവെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
2025 പ്രത്യാശയുടെ ജൂബിലിവർഷത്തോടനുബന്ധിച്ച് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ സിനിമാലോകത്തെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. 1895 ഡിസംബർ 28ന് പാരീസിൽ ലൂമിയർ സഹോദരങ്ങൾ ആദ്യമായി സിനിമ പൊതുപ്രദർശനം നടത്തിയതിന്റെ 130-ാം വാർഷികം പ്രമാണിച്ചുകൂടിയായിരുന്നു, ആഗോളതലത്തിൽ സിനിമാലോകത്ത് പ്രവർത്തിക്കുന്നവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയത്.
സിനിമാലോകത്തിന് മനുഷ്യരാശിയുടെ ജീവിതത്തിൽ കൂടുതൽ ആഴത്തിലുള്ള യാഥാർഥ്യങ്ങൾ പ്രകടമാക്കാൻ കഴിഞ്ഞുവെന്നും ജീവിതത്തെക്കുറിച്ച് കൂടുതൽ ധ്യാനിക്കാനും മനസിലാക്കാനും മഹത്വവും ദുർബലതയും തിരിച്ചറിയാനും ഗൃഹാതുരത്വത്തെ വ്യാഖ്യാനിക്കാനും സാധിച്ചുവെന്നും ആമുഖമായി മാർപാപ്പ പറഞ്ഞു.
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മനുഷ്യനെ പ്രവേശിപ്പിക്കാൻ സിനിമ എന്ന കല വളരെ വലിയ പങ്കു വഹിക്കുന്നു. സിനിമാശാലകൾ, തിയറ്ററുകൾ തുടങ്ങിയ സാംസ്കാരിക ഘടനകൾ നമ്മുടെ പ്രദേശങ്ങളുടെ ഹൃദയമിടിപ്പാണ്. കാരണം, അവ അവയുടെ മാനുഷികവത്കരണത്തിന് സംഭാവന ചെയ്യുന്നു. എന്നാൽ, ഇന്നത്തെ ആധുനിക സംവിധാനങ്ങൾ ജീവിതത്തിൽ സ്വാധീനം ചെലുത്തുമ്പോൾ, ആധികാരികമായ സിനിമകൾ നമ്മെ ആശ്വസിപ്പിക്കുക മാത്രമല്ല, വെല്ലുവിളിക്കുകയും ചെയ്യുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി.
മികച്ച സിനിമ, വേദനയെ ചൂഷണം ചെയ്യുന്നില്ല. അത് അവയെ അനുഗമിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നുവെന്നു പറഞ്ഞ മാർപാപ്പ, മനുഷ്യന്റെ അന്തസ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സിനിമകളുടെ ആധികാരികത വീണ്ടെടുക്കാൻ ഏവരെയും ആഹ്വാനം ചെയ്തു. സിനിമയുടെ പിന്നണിയിൽ അറിയപ്പെടാതെ പ്രവർത്തിക്കുന്നവരെക്കുറിച്ചും മാർപാപ്പ എടുത്തുപറഞ്ഞു.
അർഥം തേടുന്നവരുടെ ഭവനമായും സമാധാനത്തിന്റെ ഭാഷയായും സിനിമ എന്നും ഒരു സംഗമ സ്ഥലമായിരിക്കട്ടെയെന്നും മാർപാപ്പ ആശംസിച്ചു. ഇന്നലെ രാവിലെ നടന്ന കൂടിക്കാഴ്ചയിൽ പ്രമുഖ ഹോളിവുഡ് താരങ്ങളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നടീനടന്മാർ, സംവിധായകർ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
District News
പത്തനംതിട്ട: ജില്ലാ രൂപീകരണദിന വാർഷികദിനത്തിൽ ജില്ലയിൽ നിന്നുള്ള ചലച്ചിത്ര കലാകാരൻമാരെ അനുസ്മരിക്കുന്ന ഓർമപ്പൂക്കൾ സംഘടിപ്പിച്ചു.
പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പരിപാടി നിർമാതാവും സംവിധായകനുമായ എം.എ. നിഷാദ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ പിതാവ് കെ.കെ. നായർ അനുസ്മരണം കെ .കെ. നായർ ഫൗണ്ടേഷൻ അംഗം എ. ഗോകുലേന്ദ്രൻ നടത്തി. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ ചെയർമാൻ സലിം പി.ചാക്കോ അധ്യക്ഷത വഹിച്ചു.
ജോർജ് വർഗീസ്, എ. ഷബീർ അഹമ്മദ്, തിരക്കഥാകൃത്ത് ജൂബിൻ ജേക്കബ്, നിർമാതാവ് കലഞ്ഞൂർ ശശികുമാർ, പി. സക്കീർശാന്തി, പി.സി. ഹരി, വിനോദ് ഇളകൊള്ളൂർ രജീല ആർ. രാജം, ബിനോയ് മലയാലപ്പുഴ, സന്തോഷ്ശ്രീരാഗം, എം.ജെ രവി, കെ.ആർ. കെ. പ്രദീപ്, സി.ആർ. അജിത് തുടങ്ങിയവർ പ്രസംഗിച്ചു.