തുളുനാട്ടിൽ നിന്നു കള്ളപ്പയറ്റ് പഠിച്ചിട്ട് വന്ന കള്ള ബടുവാ. ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്, ഈ കൊട്ടാര വളപ്പിൽ നിന്ന്, ഈ ടെറിട്ടറിയിൽ നിന്ന്...’ ഭൂമിയിലെ രാജാക്കന്മാർ എന്ന ചിത്രത്തിൽ അങ്കച്ചേ കവനായി വേഷമിട്ടു നിന്ന് ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗ് ആണിത്.
അങ്കച്ചുവടുകൾ അറിയാത്ത ജഗതി (ആരോമലുണ്ണി) ശരിക്കും അങ്കം അറിയുന്ന ആളോട് തോൽക്കുന്ന നേരമാണ് ജഗതിയുടെ ഈ ഡയലോഗ്. വാളും പരിചയും കൈകാര്യം ചെയ്യാൻ അറിയുന്ന ‘സേനാനി' ജഗതിയെ തുറിച്ചു നോക്കുമ്പോൾ ദയനീയമായി ജഗതി പറയുന്നു - ‘പോടെ'.. ഒറിജിനൽ ജഗതി സ്റ്റൈലിൽ തന്നെ.
1987 പുറത്തുവന്ന മോഹൻലാൽ നായകനായ ഈ പൊളിറ്റിക്കൽ ത്രില്ലറിലെ ജഗതി സംഭാഷണം പുതിയ കാലത്തെ ടെക്കികൾ ‘പയറ്റുന്നുണ്ട്'എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തിരുവനന്തപുരത്തെ പ്രമുഖമായ ഒരു ഐടി കമ്പനിയിലെ യുവ എഞ്ചിനീയറുടെ വാക്കുകൾ കേൾക്കാം.
"ഞങ്ങളുടെ മാനേജർ കുറച്ച് ഹ്യൂമർ സെൻസുള്ള ആളാണ്. ജോലിക്കാര്യത്തിൽ കാർക്കശ്യം ഉണ്ടെങ്കിലും ഇടയ്ക്ക് ചില ജഗതി ഡയലോഗുകൾ പറയാറുണ്ട്. പ്രോജക്ട് കാര്യത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ഭൂമിയിലെ രാജാക്കൻമാരിലെ ജഗതി ശ്രീകുമാറിനെ പ്പോലെ മുഖം മാറ്റി അദ്ദേഹം പറയും.. ‘ഇന്ന് ഇറങ്ങിക്കോണം ഈ അങ്കത്തട്ടിൽ നിന്ന്..' ജോലിയുടെ സമ്മർദം എല്ലാം മറന്നു ഞങ്ങൾ എൻജിനിയർമാരെല്ലാവരും ഒന്നിച്ച് ചിരിക്കാറുണ്ട്.
1974 ൽ കന്യാകുമാരി എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്തെത്തിയ ജഗതി ശ്രീകുമാർ മലയാള സിനിമയുടെ ഹാസ്യ മുഖം തന്നെ മാറ്റിമറിച്ചു. പകരം വയ്ക്കാനില്ലാത്ത ഈ നടൻ അറിയുന്നുണ്ടാവുമോ എത്ര ആഴത്തിലാണ് താൻ തലമുറകളെ സ്വാധീനിച്ചതെന്ന്, ഇന്നും സ്വാധീനിക്കുന്നത് എന്നും.
മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു ജഗതിയുടെ പല ഉഗ്രൻ ഡയലോഗുകളും. യോദ്ധ എന്ന ചിത്രത്തിലെ "കുട്ടിമാമാ ഞാൻ ഞെട്ടി മാമ’ ഇന്നത്തെ ചെറുപ്പക്കാർ സ്ഥിരം ഉപയോഗിക്കുന്ന ഡയലോഗ് ആണ്. ഐടി മേഖലകളിലെ ജോലി സമ്മർദം കുറയ്്ക്കാ നും ഇതു പോലുള്ള ജഗതി സംഭാഷണ ങ്ങളും വലിയ പങ്കാണു വഹിക്കുന്നത് എന്ന സത്യം അടിവരയിട്ടുതന്നെ പറയണം.
പല പ്രൈവറ്റ് കമ്പനികളിലും ജോലി ചെയ്യുന്ന യുവാക്കൾ തങ്ങളുടെ തെറ്റ് മേലുദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുമ്പോൾ "ഇത് എന്റെ ഗർഭം അല്ല’ എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയാറുണ്ട്.
ഇതുപോലെ മേലെ പറമ്പിൽ ആൺവീട് എന്ന സിനിമയിലെ ജയകൃഷ്ണന്റെ പല രസകരമായ സംഭാഷണങ്ങളും പുതിയ കാലത്ത് എടുത്തു പ്രയോഗിക്കാറുണ്ടത്രേ.. "വേലക്കാരിയായിരുന്താലും നീയെൻ മോഹവല്ലി... ' എന്ന് ആവർത്തിച്ചാവർത്തിച്ച് ഉള്ള ജഗതിയുടെ തമിഴ് ഡയലോഗും ഏറെ പ്രചാരത്തിൽ ഉള്ളതാണ്. പ്രത്യേകിച്ചും യുവ കാമുകന്മാർക്കിടയിൽ!
ഓണം, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഐടി കമ്പനികൾ നടത്താറുള്ള ചില ആഘോഷങ്ങളിൽ ഒരു ടീമിന്റെ പ്രകടനം വേണ്ടവിധത്തിൽ വിജയിച്ചില്ലെങ്കിൽ ജഗതിയുടെ ഡയലോഗ് ഇറക്കുമതി ചെയ്യും. യോദ്ധയിലെ ‘കാവിലെ പാട്ടുമത്സരത്തിന് കാണാം..' ‘മത്സരം അടുത്ത വർഷവും ഉണ്ടല്ലോ' തുടങ്ങിയ അപ്പുക്കുട്ടന്റെ പ്രത്യാശയാണ് ഐടി ജീവനക്കാർ ഈ സന്ദർഭങ്ങളിൽ പങ്കുവയ്ക്കാറുള്ളത്.
മീശ മാധവൻ എന്ന ചിത്രത്തിലെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കർക്കശക്കാരന്റെ ചില വഴിവിട്ട കഥകളും പ്രേക്ഷകർ എന്നേ ഏറ്റെടുത്തു കഴിഞ്ഞു. പട്ടാളക്കാരൻ പുരുഷുവിനെ കാണുമ്പോൾ നുഴഞ്ഞു കയറുന്ന ജഗതി.."പുരുഷു എന്നെ അനുഗ്രഹിക്കണം’ എന്ന് പറയുന്നത് ചെറുപ്പക്കാർ എടുത്ത് അലക്കുന്ന ഒന്നാണ്.
ഓഫീസിൽ മാത്രമല്ല കുടുംബങ്ങൾക്കുള്ളിലും ജഗതി സംഭാഷണങ്ങൾ പ്രയോഗത്തിൽ വരുന്നുണ്ട്. എന്തെങ്കിലും കാര്യത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഉണ്ടാവുമ്പോൾ "ഇതെന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്... "എന്ന ജഗതി മനോഹരമാക്കിയ എസ്ഐ പീതാംബരന്റെ വാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കുന്നവരുണ്ട്.
വർഷങ്ങളായി പ്രായഭേദമന്യേയുള്ളവർ പറയുന്നതാണ് പ്രിയദർശന്റെ അരം+ അരം= കിന്നരത്തിലെ "ജോസഫേ കൊച്ചിന് മലയാളം അറിയാം’ എന്ന ഒരു പ്രത്യേക സ്ലാങ്ങിലെ ജഗതിയുടെ പ്രതികരണം. വർക്ക് ഷോപ്പ് മുതലാളിയായ മനോഹരനായി എത്തുന്ന ജഗതി ശ്രീകുമാറും പണിക്കാരും ച്ചേർന്ന് മാലയുടെ (പൂജ സക്സേന) കാർ ഒരു ‘തീരുമാനം' ആക്കുന്നുണ്ട്.
ശേഷം ജഗതി ദൈന്യതയോടെ പറയുന്ന "ഞാൻ പണി അറിയാവുന്ന ആരെയെങ്കിലും വിളിച്ചോണ്ട് വന്ന് ഇത് ശരിയാക്കിത്തരാം’ എന്ന ആശ്വാസ വാക്കുകളും പല ഓഫീസുകളിലും ജീവനക്കാർ ‘തടി തപ്പാനായി ' പറയുന്നതാണ്!
ഇനി ജഗതിയുടെ ഇംഗ്ലീഷ് ഡയലോഗുകളുടെ കഥ എടുക്കാം... ശ്രീനിവാസൻ തിരക്കഥ രചിച്ച അരം.+അരത്തിലെ "വി ആർ ഡൂയിംഗ് എ കാർ "എത്രയോ കാലമായി മലയാളികൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു.. ഇംഗ്ലീഷ് ഭാഷ അധികം വശമില്ലാത്ത സാധാരണക്കാരായ തൊഴിലാളികളും ജഗതിയുടെ ഇംഗ്ലീഷ് ശൈലി അനായാസേന പറയുന്നുണ്ട് എന്നതും ഏറെ കൗതുകകരം.
1976 ൽ റിലീസായ മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ജഗതിയുടെ ഇടതടവില്ലാത്ത ‘ഇംഗ്ലീഷ്' സൂപ്പർ ഹിറ്റ് തന്നെ. "യു വിൽ നോട്ട് സി എനി മിനിറ്റ് ഓഫ് ദി ടുഡേ.. " കൈയിൽ വാക്കിംഗ് സ്റ്റിക്കും പിടിച്ച് നിൽക്കുന്ന ജഗതിയുടെ സർദാർ കൃഷ്ണക്കുറുപ്പ് ആക്രോശിക്കുകയാണ്..."ഗെറ്റ് ഔട്ട് ഹൗസ് "എന്ന് ശ്രീനിവാസനെ(എം.എ. ധവാൻ) നോക്കി ഗർജിക്കുന്ന രംഗവും എങ്ങനെ മലയാളികൾ മറക്കാനാണ്!
കേരളത്തിൽ ഒരു തരംഗം തീർത്ത ചിത്രമായ കിലുക്കത്തിലെ ഫോട്ടോഗ്രാഫർ നിശ്ചലിന്റെ പല സംഭാഷണങ്ങളും നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്. എന്തിനധികം നിശ്ചലിന്റെ ഹിന്ദി ഭാഷ, ഹിന്ദി അക്ഷരമാല പോലും പഠിച്ചിട്ടില്ലാത്തവർക്കും അറിയാം. മുച്ചേ മാലും നഹിം.. എന്ന ജഗതിയുടെ ദീനാലാപം കേട്ട് ഇന്നും ലോകമെമ്പാടുമുള്ള മലയാളികൾ ചിരിക്കുന്നു.
സമൂഹമാധ്യമങ്ങളിൽ നൂറുകണക്കിന് ജഗതി കോമഡി രംഗങ്ങൾ ഉണ്ട്. പഴയകാല കോമഡി, പുതിയകാല കോമഡി,ഹിന്ദി - ഇംഗ്ലീഷ് എന്നിങ്ങനെ വേർതിരിച്ചുള്ള രംഗങ്ങളും യഥേഷ്ടം. വാട്സാപ്പ് സ്റ്റാറ്റസ് ആയി ഉപയോഗിക്കുന്ന കോമഡികളും ഉണ്ട്.
‘ജഗതി ചിരിപ്പിച്ച് ചിരിപ്പിച്ച് വശം കെടുത്തുന്ന കോമഡികൾ' എന്നിങ്ങനെയുള്ള പേരുകളിലെ വീഡിയോകളും വലിയ പ്രചാരത്തിലുണ്ട്.
ഫ്രണ്ട്സ് എന്ന ചിത്രത്തിലെ ലാസർ ഇളയപ്പനും ശമ്പളമില്ലാത്ത അപ്രന്റീസുകളും പ്രേക്ഷകരെ അക്ഷരാർഥത്തിൽ ചിരിപ്പിച്ചു വശം കെടുത്തുന്നു! നന്ദനത്തിലെ കുമ്പിടിയുടെ കൂടു വിട്ടു കൂടു മാറ്റവും ‘ഗ്ലാനിർ ഭവതി ഭാരത..' എന്ന സംസ്കൃത ഭാഷയിലെ അനുഗ്രഹവും വൈറലാണ്.
ഇങ്ങനെ എത്ര പറഞ്ഞാലും എഴുതിയാലും തീരാത്തതാണ് അനന്തമായ ജഗതി ഹാസ്യം. കാമറ ആക്ഷൻ പറയുമ്പോൾ മാത്രമായിരുന്നു ജഗതി ഇങ്ങനെ ഹാസ്യ രാജാവായി മാറിയിരുന്നത് എന്നു മാത്രം. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോലും ഗൗരവമേറിയ കാര്യങ്ങൾ സംസാരിക്കുന്ന ഗൗരവ പ്രകൃതക്കാരനായ വ്യക്തിയായിരുന്നു അദ്ദേഹം.
പ്രസംഗ വേദികളിലും അഭിമുഖങ്ങളിലും സമകാലിക ജീവിതാവസ്ഥകളും രാഷ്ട്രീയവും സിനിമാരംഗത്തെ അപചയങ്ങളും വിവേചനങ്ങളും തുറന്നു പറഞ്ഞിരുന്നു ജഗതി ശ്രീകുമാർ. ആഴമുള്ള കഥാപാത്രങ്ങളെ പൂർണ മികവോടെ അവതരിപ്പിക്കാൻ കഴിയുന്ന അതുല്യ നടനാണ് ജഗതി ശ്രീകുമാർ. ലക്ഷക്കണക്കിന് മലയാളി പ്രേക്ഷകർ പക്ഷേ, ജഗതിയെ അറിഞ്ഞത് വെള്ളിത്തിരയിൽ കണ്ട ആയിരക്കണക്കിന് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ്.
ഈ ജനുവരി അഞ്ചിന് ജഗതി ശ്രീകുമാർ എഴുപത്തി അഞ്ചാം പിറന്നാൾ ആഘോ ഷിച്ചു. 2012 ൽ സംഭവിച്ച കാർ അപകടത്തെ തുടർന്ന് സംസാരിക്കാൻ കഴിയാതെ, വിശ്രമ ജീവിതത്തിലാണ് അധികവും താരം. എങ്കിലും ജഗതി ഇന്നും മലയാളത്തെ മുഴുവൻ ചിരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ദിവസവും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കൊണ്ടേയിരിക്കുന്നു...
Tags : Jagathy Sreekumar birthday cinema malayalam cinema