തനതായ പെര്‍ഫോമന്‍സ് മികവില്‍ കഥാപാത്രങ്ങള്‍ക്കു ജീവന്‍പകരുന്ന ബിജു മേനോനും ജോജു ജോര്‍ജും പ്രധാനവേഷങ്ങളിലെത്തുന്ന ജീത്തു ജോസഫ് ഇമോഷണല്‍ ക്രൈം ഡ്രാമ "വലതുവശത്തെ കള്ളന്’ തിയറ്ററുകളില്‍.
"കൂദാശ’ എന്ന സിനിമ എഴുതി, സംവിധാനംചെയ്ത ഡിനു തോമസ് ഈലന്റെ രചന. ആന്റണി സേവ്യര്‍ എന്ന പോലീസ് ഓഫീസറും സാമുവല്‍ ജോസഫ് എന്ന സാധാരണക്കാരനും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെയാണു കഥാസഞ്ചാരം.
"ആന്റണിയും സാമുവലും... അപരിചിതരായി വന്ന് പരിചയത്തിലാകുന്ന രണ്ടുപേര്‍. അവര്‍ക്കിടയില്‍ ഒരു ഗെയിം ഉണ്ട്. അവര്‍ തമ്മില്‍ മത്സരവുമുണ്ട്. അതാണു കഥയിലെ ഒരു പ്രധാന ഭാഗം. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണു സിനിമ’ -ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"വലതുവശത്തെ കള്ളനി’ലേക്ക് എത്തിയത്..?

ആഗസ്റ്റ് സിനിമാസിലെ ഷാജി നടേശന്റെ ആഗ്രഹപ്രകാരം ഞാന്‍ ഡിനുവിന്റെ കഥ കേള്‍ക്കുകയായിരുന്നു. ഇതില്‍ ത്രില്ലര്‍ മൂഡുണ്ടെങ്കിലും ലക്ഷണമൊത്ത ത്രില്ലറുകളിലുള്ള ട്വിസ്റ്റ്, സസ്പെന്‍സ് എന്നിവയ്ക്കു പ്രാധാന്യം കൊടുക്കുന്ന സിനിമയല്ല.
ഇതില്‍ ഇമോഷനുകള്ക്കാണു പ്രാധാന്യം. അതാണ് ഡിനുവിന്റെ തിരക്കഥയില്‍ എന്നെ ആകര്‍ഷിച്ചത്. പച്ചയായ കുറേ കഥാപാത്രങ്ങളും അവരുടെ ഇമോഷനുകളും അതിലൂടെയുള്ള യാത്രയുമൊക്കെയാണ് ഈ സിനിമ. അത്തരത്തിലുള്ള പ്രമേയമാണ്.
ക്രൈം മിസ്റ്ററി തേടുന്ന, ഇന്‍വെസ്റ്റിഗേഷനു പ്രാധാന്യമുള്ള പോലീസ് സ്റ്റോറിയല്ലേ..?
അന്വേഷണമുണ്ട്. പക്ഷേ, അതു വേറൊരു രീതിയിലാണ്. ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന കഥയായതുകൊണ്ടുതന്നെ പോലീസ് സ്റ്റോറിയാണ്. ഈ സിനിമയില്‍ ഒരു ക്രൈം ഉണ്ട്. കുറച്ചു നിഗൂഢമായ കഥാസഞ്ചാരത്തില്‍ വലിയ സസ്പെന്സിനോ ട്വിസ്റ്റിനോ കാര്യമായ പ്രസക്തിയില്ല.
ആന്റണിയും സാമുവലും തമ്മില്‍..?

അനുഭവപരിചയമുള്ള പോലീസ് സിഐയാണ് ബിജു മേനോന്റെ കഥാപാത്രം ആന്റണി സേവ്യര്‍. ഒരു സാധാരണ പൗരനാണു സാമുവല്‍ ജോസഫ്. കുട്ടിക്കാലം മുതല്‍ ഹില്‍ സ്റ്റേഷനില്‍ ജീവിക്കുന്നയാള്‍. അയാള്‍ക്കൊരു കുടുംബമുണ്ട്. സാമുവലിനുണ്ടായ ഒരു പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കുകയാണ് ആന്റണി.
ആന്റണിക്ക് അയാളുടേതായ അന്വേഷണരീതികളുണ്ട്. അതില്‍ സാമിന് അഭിപ്രായവ്യത്യാസമുണ്ട്. അതില്‍ തന്റേതായ രീതിയില്‍ പ്രതികരിക്കുന്നയാളാണു സാമുവല്‍. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രശ്നങ്ങളുമൊക്കെയാണു സിനിമ. പോലീസില്‍ വിശ്വാസമില്ലാതെയാകുമ്പോള് സാമുവല്‍ അയാളുടേതായ രീതിയില്‍ ചില നീക്കങ്ങള്‍ നടത്തുന്നു. അതു പോലീസിന് ഇഷ്ടപ്പെടുന്നില്ല. അതാണ് അവര്‍ തമ്മിലുള്ള ഉരസലിനു പിന്നില്‍.
"വലതുവശത്തെ കള്ളന്’ എന്ന ടൈറ്റിൽ..?
പറഞ്ഞാല്‍ അതിന്റെ രസം പോകും. വലിയ സസ്പെന്സൊന്നുമല്ല. ചെറിയൊരു കാര്യം മാത്രമേയുള്ളൂ. അതു തിയറ്ററില്‍ ആസ്വദിക്കുന്നതാവും നല്ലത്.
കഥപറച്ചില്‍, മേക്കിംഗ്-എന്താണു പുതുമ..?
ഞാന്‍ ഇതിനുമുമ്പു ചെയ്ത ഒന്നുരണ്ടു സിനിമകളില്‍നിന്നു വ്യത്യസ്തമായ മൂഡിലാണ് ഈ സിനിമ പോകുന്നത്. ഈ കഥയ്ക്കു വേണ്ടരീതിയില്‍, ആകാംക്ഷയുടെ ഗ്രിപ്പില്‍ ആളുകളെ എങ്ങനെ പിടിച്ചിരുത്താമെന്നു മനസിലാക്കി അതിനുവേണ്ടിയുള്ള മേക്കിംഗ് രീതിയാണ്. സതീഷ് കുറുപ്പാണു കാമറാമാന്. കലാസംവിധാനം പ്രശാന്ത് മാധവ്. കോസ്റ്റ്യൂംസ് ഒരുക്കിയതു ലിന്റ ജീത്തു. വിനായക് എഡിറ്റിംഗും വിഷ്ണു ശ്യാം സംഗീതസംവിധാനവും ചെയ്തിരിക്കുന്നു.
ബിജു മേനോന്-ജോജു ജോര്‍ജ് കോംബോ..?
തിരക്കഥ വായിച്ചുകഴിഞ്ഞപ്പോള്‍ ആന്റണി സേവ്യര്‍ എന്ന കഥാപാത്രത്തിനു ബിജുവിനെ മനസില്‍ കണ്ടു. ബിജുവുമായി കോംബിനേഷനു ജോജു കൃത്യമെന്നു തോന്നി. അതില്‍ ഒരു പുതുമയുമുണ്ട്. "ഡിറ്റക്ടീവി’ല്‍ ജോജുവിനൊപ്പം വര്‍ക്ക് ചെയ്തിരുന്നു. അതില്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗത്തിന്റെ വേഷം.അവിടെനിന്ന് സ്വപ്രയത്നത്തിലൂടെ വളര്‍ന്നുവന്ന നടനാണ്. ജോജുവിന്റെ പടങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രീതികളും അറിയാം. ഇതിലെ കഥാപാത്രത്തിനു വേണ്ടത് അയാളില്‍നിന്ന് എടുക്കുക എന്നുള്ളതല്ലേ നമ്മുടെ ജോലി.
ബിജു മേനോനൊപ്പം...

ബിജു മേനോനൊപ്പം ഇതു രണ്ടാമത്തെ സിനിമയാണ്. ഞാനല്ല സംവിധാനം ചെയ്തതെങ്കിലും ഞാന്‍ തിരക്കഥയെഴുതിയ "ലക്ഷ്യം’ എന്ന സിനിമയില്‍ ബിജു മേനോന് ആയിരുന്നു പ്രധാന വേഷത്തില്‍. അങ്ങനെ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ ഒരു ബന്ധം ഉണ്ട്. ബിജു ഡയറക്ടേഴ്സ് ആക്ടറാണ്. സെറ്റില്‍ വന്നാല്‍ ഒരു തലവേദനയുമില്ല. വളരെ കംഫര്‍ട്ടബിളായി തന്റെ ജോലിചെയ്തു തിരിച്ചുപോകുന്നതാണു രീതി.
മേക്കിംഗിലെ ചലഞ്ച്..?
ഈ സിനിമയ്ക്ക് കഥ പറയുന്ന രീതി വളരെ പ്രാധാന്യമേറിയതാണ്. അതിന്റെയൊരു ടെമ്പോ നിലനിര്‍ത്തുക എന്നതു പ്രധാനമായിരുന്നു. അതിനുവേണ്ടി എങ്ങനെ അതു മേക്ക് ചെയ്യണം എന്നതായിരുന്നു വെല്ലുവിളി.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്..?

ലെന, ലിയോണ ലിഷോയ്, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, നിരഞ്ജന അനൂപ്, വൈഷ്ണവി രാജ്, കെ. ആര്. ഗോകുല്‍, സംവിധായകന് ശ്യാമപ്രസാദ് തുടങ്ങിയവരാണു മറ്റു വേഷങ്ങളില്‍. ജോജുവിന്റെ ഭാര്യാവേഷത്തിലാണു ലെന. ഇതില്‍ എല്ലാവരും സാധാരണ, സിംപിള്‍ കഥാപാത്രങ്ങളാണ്.
പക്ഷേ, അവരുടെ മനോവികാരങ്ങളിലൂടെയാണു കഥാസഞ്ചാരം. എഎസ്ഐ വിദ്യ എന്ന ലിയോണ ചെയ്ത കഥാപാത്രത്തിൽ പോലും ഏറെ പ്രകടമായിട്ടല്ലെങ്കിലും അവരുടെ ഇമോഷനുകള്‍ നമ്മള് റിയാക്ഷനുകളിലൂടെ വര്‍ക്ക് ചെയ്യുന്നുണ്ട്. ഇര്‍ഷാദിന്റെ കഥാപാത്രത്തിലും അതുണ്ട്. ഇര്‍ഷാദിന്റെ കുടുംബം, അയാളുടെ മകന്...അത്തരത്തില്‍ ചില കൊച്ചു കാര്യങ്ങള്‍ കൂടി പറഞ്ഞുപോകുന്നുണ്ട്. കൃഷ്ണപ്രഭ അതിഥി വേഷത്തിലെത്തുന്നു.
ജോണര്‍ ഏതാണെങ്കിലും കഥയിൽ ഒരു ഇമോഷണല്‍ ബന്ധം ഉള്‍ച്ചേര്‍ക്കുന്നത്..?
ഒരു സിനിമയെ നമ്മള് കൂടുതല്‍ ഇഷ്ടപ്പെടുന്നത് അതു വൈകാരികമായി നമ്മളെ ചേര്‍ത്തുപിടിക്കുമ്പോഴാണ്. മനുഷ്യരല്ലേ, എല്ലാവര്ക്കും അവരവരുടേതായ മനോവികാരങ്ങളുണ്ടാവും. വില്ലനാണെങ്കില്പോലും അയാള്‍ക്ക് അയാളുടേതായ ഒരു ഇമോഷനുണ്ട്. ഇമോഷണലി ഡ്രിവണ്‍ സിനിമയാണിത്-മനുഷ്യമനസിന്റെ ആഴത്തിലുള്ള വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന സിനിമ.
ദൃശ്യം 3 വിശേഷങ്ങള്‍..?

പോസ്റ്റ് പ്രൊഡക്ഷന്‍ തുടരുന്നു. ദൃശ്യം ഒന്നും രണ്ടും പോലെയല്ല, കൂടുതലും ഇമോഷണലാണ് ഈ സിനിമ. ഇമോഷണല്‍ ആംഗിളിലാണ് കഥപറയുന്നത്. ഏപ്രില്‍ രണ്ടിനാണു റിലീസ്.
ദൃശ്യം 4 നു സാധ്യതയുണ്ടോ..?
ദൃശ്യം 4നെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. കഥ ചിലപ്പോള്‍ ഇവിടെവച്ചു തീരാം. ആ രീതിയിലൊക്കെ തന്നെയാണ് ഇതു ചെന്നുനില്ക്കുന്നത്.
"റാം’ സിനിമ ഉപേക്ഷിച്ചതാണോ..?
അല്ല. ഇത്തവണ ആ സിനിമ തുടങ്ങാനുള്ള ഗൗരവത്തോടെയുള്ള ശ്രമങ്ങള്‍, ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നിലവിലുള്ള നിര്‍മാതാവിനൊപ്പം അഡീഷണല്‍ ഇന്‍വെസ്റ്റര്‍ വരുന്ന രീതിയിലാണ് ആലോചനകള്‍. റാം ഒന്നും രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചാണു ഷൂട്ട് ചെയ്തത്. പക്ഷേ, രണ്ടിന്റെയും കുറച്ചു ബാലന്‍സ് ഷൂട്ട് ചെയ്യാനുണ്ട്. ആളുകള്‍ ഏറെ കാത്തിരിക്കുന്ന ഒരു സിനിമയാണത്.
ഫഹദ് ഫാസില്‍ ചിത്രം എന്നു തുടങ്ങും..?
അതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ.
ഇനി ഏതു ജോണറില്‍ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം..?
എല്ലാ ജോണറുകളിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വേറിട്ട ഒരു ജോണറില്‍ സിനിമ ചെയ്യാനുള്ള കാര്യമായ ശ്രമം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു. നല്ല പ്രമേയങ്ങളും തിരക്കഥകളുമൊക്കെ കിട്ടേണ്ടേ. എന്റേതായ രീതിയില്‍ ആലോചിക്കുന്നുണ്ട്. പുറത്തുനിന്നു നോക്കുന്നുമുണ്ട്.
Tags : Jeethu Joseph interview star chat valathuvashathe kallan