സിഗരറ്റ് കടിച്ചുപിടിച്ച്, ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടിയുടെ വല്ലാത്തൊരു നോട്ടത്തിലും ചിരിയിലും തുടങ്ങിയതാണ് മമ്മൂട്ടി-വിനായകന് സിനിമ "കളങ്കാവലി'ന്റെ സസ്പെന്‍സും ത്രില്ലും. "ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ’ എന്ന മമ്മൂട്ടിയുടെ ഡയലോഗു കൂടിയായപ്പോള്‍, ട്രെയിലറില്‍ ഉദ്വേഗം ഒരുപടികൂടി കടന്നു.
മമ്മൂട്ടി വില്ലനാണോ, ഇതു സയനൈഡ് മോഹന്റെ ക്രൈം ലൈഫാണോ...നിരവധിയാണ് ഇതുസംബന്ധിച്ചു പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചോദ്യങ്ങളും. ചിത്രത്തിന്റെ സംവിധായകനും സഹരചയിതാവുമായ ജിതിന് കെ. ജോസ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
എന്താണു കളങ്കാവല്‍..?
ദാരികനെത്തേടി ഭദ്രകാളീദേവി നടത്തുന്ന ഒരു യാത്രയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടു ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള ചടങ്ങാണു കളങ്കാവല്‍. എന്റെ കളത്തിനു ഞാന്‍ കാവല്‍ നില്ക്കുന്നു എന്നാണ് അതിന്റെ വാച്യാര്‍ഥം. കളത്തിനു വിവിധ അര്‍ഥങ്ങളുണ്ട്. മലയാളത്തിലും തമിഴിലും ഒരേ അര്‍ഥം തന്നെയാണ്. ഇതിന്റെ കഥാഭൂമിക കേരള-തമിഴ്നാട് അതിര്‍ത്തിയിലായതുകൊണ്ടും ഈ രണ്ടു സംസ്കാരങ്ങളെ ഈ സിനിമ ഉള്ക്കൊള്ളുന്നതിനാലുമാണ് ഈ പേരിലെത്തിയത്. മാത്രമല്ല, ഇതിന്റെ പ്രമേയവുമായും ആ ഐതിഹ്യത്തിനു ബന്ധമുണ്ട്.

ഈ സിനിമയിലേക്കും മമ്മൂട്ടിയിലേക്കും എത്തിയത്..?
ഇതിന്റെ സഹഎഴുത്തുകാരന് ജിഷ്ണു ശ്രീകുമാറുമായുള്ള വർത്തമാനങ്ങൾക്കിടെയാണ് ഈ സിനിമയുടെ ആശയത്തിലെത്തിയത്. എഴുത്തുതുടങ്ങി കഥാപാത്രനിര്‍മിതിയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഒരു വേഷം മമ്മൂക്ക ചെയ്താല്‍ നന്നായിരിക്കുമെന്നുതോന്നി. സിനിമയുടെ മൊത്തത്തിലുള്ള നിലവാരത്തിലും ആത്മവിശ്വാസമായി. പൃഥ്വിരാജിനോടും ഈ പ്രമേയം സംസാരിച്ചിരുന്നു.
അദ്ദേഹം കഥയില്‍ പ്രകടിപ്പിച്ച വിശ്വാസം മമ്മൂക്കയിലേക്കു പോകാന്‍ വഴികാട്ടി. മാമാങ്കം സിനിമയുടെ എക്സി. പ്രൊഡ്യൂസര്‍ വിവേക് രാമദേവന്, നിര്‍മാതാക്കളായ സി.വി. സാരഥി, ആന്റോ ജോസഫ് എന്നിവരിലൂടെ മമ്മൂക്കയിലെത്തി. കഥ കേട്ടശേഷം, അദ്ദേഹത്തിനായി ഞാന്‍ കരുതിവച്ച കഥാപാത്രത്തെക്കുറിച്ചു പറയുന്നതിനു മുമ്പുതന്നെ, അതേവേഷം ചെയ്യാമെന്ന് അദ്ദേഹം ഇങ്ങോട്ടുപറഞ്ഞു!
സയനൈഡ് മോഹനും ഈ സിനിമയും തമ്മില്‍..?
ഒന്നിലധികം യഥാര്‍ഥ ജീവിത സംഭവങ്ങളില്‍ നിന്ന് പ്രചോദനം നേടിയാണ് ഈ സിനിമ ചെയ്തത്. അതിനപ്പുറം ഒരു സംഭവംമാത്രം കൃത്യമായി പിന്തുടരാന് ശ്രമിച്ചില്ല. മറിച്ച്, അതില്‍നിന്നു കിട്ടിയ സിനിമാറ്റിക് ആശയം എങ്ങനെ വികസിപ്പിക്കാം, മെച്ചപ്പെടുത്താം എന്നൊക്കെയായിരുന്നു ചിന്ത. മാത്രമല്ല യഥാര്‍ഥ സംഭവങ്ങളിലൊന്നും പെടാത്തതും യഥാര്‍ഥ ജീവിതത്തില്‍ കേട്ടുപരിചയമുള്ളതുമായ കുറേ കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിയ കഥയാണു പറയുന്നത്. പ്രചോദനം തന്ന യഥാര്‍ഥ സംഭവങ്ങള്‍ ഏതെല്ലാമെന്നു ഞങ്ങള്‍ ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല. അത്തരം മുന്‍വിധികളില്ലാതെ ആളുകള്‍ സിനിമ കാണട്ടെ.
മമ്മൂട്ടി വില്ലനും വിനായകന് നായകനുമാണോ..?

രണ്ടു പ്രധാനപ്പെട്ട കഥാപാത്രങ്ങള്‍ എന്നതിനപ്പുറം ആരാണു നായകന്, ആരാണു വില്ലന്‍ എന്നൊക്കെ ഒരിടത്തും പറഞ്ഞിട്ടില്ല. ചെയ്യുന്ന പ്രവൃത്തിയിലുപരി അതിന്റെ ലക്ഷ്യം, അതിനുള്ള കാരണം, അത് ആര്‍ക്കെതിരേയാണ്... ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു നായകനെയും പ്രതിനായകനെയും നിര്‍വചിക്കുക.
ട്രെയിലറിലെ ഡയലോഗ് വച്ച് മമ്മൂക്കയെ പ്രഥമദൃഷ്ട്യാ നെഗറ്റീവ് താത്പര്യങ്ങളുള്ള ഒരാളായിത്തോന്നാം. പക്ഷേ, ആ ഡയലോഗിനു പല മാനങ്ങളുണ്ടാവാം. ഒരാള്‍ വിശേഷാലൊന്നുമില്ലാതെ പറയുന്നതാവാം. ആത്മാര്‍ഥമായി പറയുന്നതാവാം. ആക്ഷേപഹാസ്യത്തില്‍ പറയുന്നതാവാം. ഏതു സീനില്‍, ഏതു സന്ദര്‍ഭത്തിലാണ് അതു വരുന്നതെന്നറിഞ്ഞാല്‍ മാത്രമേ കൃത്യമായി അതിന്റെ മാനങ്ങള്‍ മനസിലാവുകയുള്ളൂ. അതിന്റെ ഉത്തരം സിനിമയാണു സംസാരിക്കേണ്ടത്.
ഇരുപതോളം നായികമാരുണ്ടെന്നാണു മറ്റൊരു കേള്‍വി..?
ഔദ്യോഗികമായി പുറത്തുവിട്ട വിവരങ്ങളല്ല പ്രചരിക്കുന്നത്. രജിഷ വിജയന്, ഗായത്രി അരുണ്‍, ശ്രുതി രാമചന്ദ്രന്, മേഘ തോമസ്, മാളവിക തുടങ്ങിയവര്‍ ഈ സിനിമയുടെ ഭാഗമാണ്.
മമ്മൂട്ടി-പൃഥ്വിരാജ് എന്നതു മമ്മൂട്ടി-വിനായകന് ആയത്..?
രണ്ടു പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനുവേണ്ടിയാണ് പൃഥ്വിരാജിനെ സമീപിച്ചത്. അദ്ദേഹം തയാറായിരുന്നുവെങ്കിലും ഷൂട്ടിംഗ് സമയമായപ്പോള്‍ ഡേറ്റ് പ്രശ്നമായി. ചർച്ചകളിൽ വിനായകന് ചേട്ടന്റെയും പേരു വന്നു. വിനായകന് ആയിക്കൂടേ എന്നു മമ്മൂക്കയും ചോദിച്ചു. അദ്ദേഹത്തിന്റെ മുന്‍ കഥാപാത്രങ്ങളില്‍നിന്നു കുറച്ചു മാറിയുള്ള ഒരു വേഷം. അതിൽ തന്റേതായ ഒരു പുതിയ ഡൈമെന്‍ഷന്‍ തരാന്‍ സാധ്യതയുണ്ടെന്നു തോന്നി. പുതുമയുള്ള രസകരമായ കോംബോ.
മമ്മൂട്ടിയുടെ പങ്കാളിത്തം ഏതു തരത്തിലുള്ളതാണ്..?
കഥാപാത്രത്തിന്റെ മാനറിസങ്ങള്‍, സ്വഭാവങ്ങള്‍, ആന്തരിക മനോവ്യാപാരങ്ങള്‍- ഇവയെക്കുറിച്ചു മമ്മൂക്കയുമായി ചര്‍ച്ചചെയ്തിരുന്നു. ഷൂട്ടിംഗ് സമയത്ത് ഇതിന്റെ വിഷ്വല്‍ പാറ്റേണും വിഷ്വല്‍ ഡിസൈനിംഗും അറിയിച്ചു. ആ ഫ്രെയിമിലേക്കു വന്നു കഥാപാത്രമായി പെര്‍ഫോം ചെയ്തപ്പോള്‍ തന്റെ മുന്നൊരുക്കത്തിന്റെയും നടന് എന്ന രീതിയിലുള്ള റേഞ്ചിന്റെയുമൊക്കെ പ്രത്യേകത കൊണ്ടാവാം, തുടരെത്തുടരെ അപ്രതീക്ഷിതമായ ചില ഇന്‍പുട്സ് തന്നു ഞെട്ടിച്ചുകൊണ്ടേയിരുന്നു.
അതുകൊണ്ടുതന്നെ മമ്മൂക്കയെ ഡയറക്ട് ചെയ്യുക എന്നത് ഏറെ ആവേശജനകമായിരുന്നു. മനോധര്മമനുസരിച്ചുകൂടിയുള്ള പ്രകടനമാണ് അദ്ദേഹത്തിൽ നിന്നുണ്ടാവുക. പക്ഷേ, അതില്‍ നമുക്ക് എന്തെങ്കിലും വ്യക്തതയോ മാറ്റമോ വേണമെന്നു തോന്നിയാൽ അദ്ദേഹത്തോട് അതു പറയാനുള്ള ഇടമുണ്ടായിരുന്നു. അതു മനസിലാക്കി വേണ്ടതു തരികയും ചെയ്യും. അദ്ദേഹം മുന്‍പു ചെയ്തതില്‍നിന്നു വേറിട്ട തലങ്ങളിലുള്ള ചില പ്രകടനങ്ങള്‍ ഇതിലുണ്ടാവും. മമ്മൂക്ക മഹാനടനായി നിലനില്ക്കുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി അനുഭവിച്ചറിഞ്ഞു.
വിനായകനൊപ്പം..?

നടനെന്ന രീതിയിലും പ്രഫഷണല്‍ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിലും 100 ശതമാനം പങ്കാളിത്തമാണ് വിനായകന്ചേട്ടനില്നിന്നുണ്ടായത്. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നപ്പോള്‍പോലും കൃത്യസമയത്തു സെറ്റില്‍ എത്തുമായിരുന്നു. കഥാപാത്രത്തെപ്പറ്റി കൃത്യമായി അറിഞ്ഞ്, ചെറിയ ഡയലോഗു പോലും പറഞ്ഞുനോക്കിയശേഷമായിരുന്നു അഭിനയം. സംവിധായകനെന്ന രീതിയില്‍ എനിക്കു സിനിമയെ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ ആ സാന്നിധ്യം സഹായകമായി.
നിര്‍ണായക വേഷത്തിലാണോ ജിബിന്‍ ഗോപിനാഥ്..?
പടത്തില്‍ ഏകദേശം ആദ്യാവസാനമുള്ള ഒരു കഥാപാത്രം. "ഡീയസ് ഈറെ’യില്‍ വളരെ പ്രധാനപ്പെട്ട, അഭിനയമുഹൂര്‍ത്തങ്ങളുള്ള ഒരു വേഷംചെയ്ത് അദ്ദേഹം വേറൊരു ലെവലിലേക്കു മാറിക്കഴിഞ്ഞു. ആ യാത്രയുടെ തുടര്‍ച്ച ഇതിലുമുണ്ടാവും. ഈ സിനിമ ചെയ്തുകഴിഞ്ഞാണ് അദ്ദേഹം അതില്‍ അഭിനയിച്ചത്.
"വല്ലാത്തൊരു കഥ’യും ബാബു രാമചന്ദ്രനും സിനിമയുടെ ഭാഗമാണോ..?
അതു ട്രെയിലറിനു വേണ്ടി ചെയ്തതാണ്. ആ പരിപാടിയുടെ ആരാധകനാണു ഞാന്‍. അദ്ദേഹത്തിന്റെ അവതരണരീതി ട്രെയിലറില്‍ ഉപയോഗിക്കാമെന്നു തോന്നി. അദ്ദേഹത്തിന്റെ എഴുത്ത്, അവതരണശൈലി എന്നിവയില്‍ പ്രചോദനംനേടി ആദ്യം നമ്മള് ഒരു ഭാഷ്യമെഴുതുകയും പിന്നീട് അദ്ദേഹത്തിന്റെ കൂടി സഹായത്തോടെ വേണ്ട മാറ്റങ്ങൾ വരുത്തുകയുമായിരുന്നു. ഈ സിനിമയ്ക്കുവേണ്ടി "വല്ലാത്തൊരു കഥ’യിൽ നിന്ന് വിവരങ്ങള്‍ എടുത്തിട്ടില്ല.
സിനിമയില്‍ എത്തിയത്..?
എഴുത്തുകാരനെന്ന രീതിയില്‍ നടത്തിയ ശ്രമങ്ങള്‍ക്കിടെയാണു "കുറുപ്പ്’ എന്ന സിനിമ സംഭവിച്ചത്. അതിനിടെയുണ്ടായ സംവിധാനം എന്ന ആഗ്രഹത്തിനുപിന്നാലെ സഞ്ചരിച്ചുതുടങ്ങി. "മാമാങ്ക’ത്തിലും "കുറുപ്പി’ലും അസി. ഡയറക്ടറായി. ഒന്നുരണ്ടു തമിഴ്സിനിമകളുടെ മേക്കിംഗ് വീഡിയോയുടെ ഭാഗമായ ശേഷമാണു "കളങ്കാവല്‍’ ചെയ്തത്.
"കുറുപ്പ്’ പാര്‍ട്ട് -2 ഉണ്ടാകുമോ..?
അതിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനാണ് അതില്‍ കൃത്യമായ തീരുമാനമെടുക്കേണ്ടത്. ആവേശജനകമായ ഒരാശയം ആരുടെ ഭാഗത്തുനിന്നു വന്നാലും പാര്‍ട്ട്-2 സംഭവിച്ചേക്കാം.
Tags : kalankaval jithin k jose mammootty vinayakan