Movies
അണ്ടർ 19 ഏകദിന ലോകകപ്പ് നേടിയ ഇന്ത്യയുടെ കൗമാരനിരയെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. രാജ്യത്തിന് ഇത് അഭിമാനനിമിഷമാണെന്ന് മമ്മൂട്ടി കുറിച്ചപ്പോൾ വാക്കുകൾക്കതീതമായി അഭിമാനമാണ് ഈ യുവതാരങ്ങളെന്ന് മോഹൻലാൽ കുറിച്ചു.
ഐസിസി അണ്ടർ 19 വേൾഡ്കപ്പ് നേടിയ നമ്മുടെ ചാമ്പ്യന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാജ്യത്തിന് ശരിക്കും അഭിമാനകരമായ നിമിഷം മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.
വാക്കുകൾക്കതീതമായി അഭിമാനം! ഐസിസി കിരീടം നേടിയ നമ്മുടെ മിടുക്കരായ യുവതാരങ്ങൾക്ക് അഭിനന്ദനങ്ങൾ എന്നാണ് മോഹൻലാൽ കുറിച്ചത്.
100 റൺസിന്റെ വമ്പൻ വിജയം നേടിയ ഇന്ത്യ അണ്ടർ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമാണ് ഹരാരെയിൽ ഉയർത്തിയത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റിക്കാർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്കോറിനെതിരെ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311-ന് ഓൾ ഔട്ടായി.
Movies
ധനുഷിനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും. ചിത്രത്തിൽ ധനുഷിനൊപ്പം തന്നെ പ്രധാനവേഷത്തിലാണ് മെഗാസ്റ്റാറും എത്തുക.
ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസ് ആയി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത്. മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ അമരന് ശേഷം രാജ്കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. എട്ടു വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.
ധനുഷ്, മമ്മൂട്ടി എന്നിവർ കൂടാതെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സായ് പല്ലവി നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ ശ്രീലീലയും പ്രധാന സ്ത്രീ കഥാപാത്രത്തിന് ജീവൻ നൽകും.
മാരി 2 എന്ന ചിത്രത്തിന് ശേഷം ധനുഷ്- സായ് പല്ലവി ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 13 വർഷത്തിന് ശേഷം മമ്മൂട്ടിയും ധനുഷും ഒന്നിച്ചെത്തുന്നു എന്നതും ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. 2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി- ദിലീപ് ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.
തെന്നിന്ത്യൻ മ്യൂസിക് സെൻസേഷൻ സായ് അഭയങ്കർ ആണ് D55നു സംഗീതമൊരുക്കുന്നത്. സായ് സംഗീതമൊരുക്കുന്ന ആദ്യ ധനുഷ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മലയാളസിനിമയിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇന്ദ്രന്‍സിന്റെ പല പുതിയ സിനിമകളും കണ്ടപ്പോൾ താൻ അമ്പരന്നുപോയിട്ടുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്.
മുമ്പ് ബോഡി ഷെയിമിംഗ് റോളുകളില്‍ അഭിനയിച്ചിരുന്ന ഇന്ദ്രന്‍സ്, ഇന്ന് തന്റെ അഭിനയമികവിലൂടെ എല്ലാവരെയും ഷെയിം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദ്രൻസ് നായകനായെത്തുന്ന ആശാന് ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ ഈ വാക്കുകള്‍.
"ഇന്ദ്രന്‍സ് ആദ്യകാല സിനിമകളിലൊക്കെ അഭിനയിക്കുമ്പോള്‍ ഒരു തരം ബോഡി ഷെയ്മിംഗ് റോളുകള്‍ ആയിരുന്നു അദ്ദേഹത്തിന്റേത്. അത് അന്നത്തെ കാലം. ഇന്നത്തെ കാലത്ത് അഭിനയം കൊണ്ട് പുള്ളി എല്ലാവരെയും ഷെയിം ആക്കിക്കൊണ്ടിരിക്കുകയാണ്.
ഞാന്‍ അദ്ദേഹത്തിന്റെ ചില സിനിമകള്‍ കാണുമ്പോള്‍ അന്തംവിട്ട് ഇരുന്ന് പോയിട്ടുണ്ട്. ആദ്യമൊക്കെ ആളുകള്‍ കളിയാക്കി പറഞ്ഞത് അദ്ദേഹത്തിന് പലമടങ്ങ് പ്ലസ് ആയി മാറി.
എല്ലാ കുറവുകളും അദ്ദേഹത്തിന്റെ ക്വാളിറ്റികളായി മാറുകയായിരുന്നു. കുറേയേറെ സിനിമകള്‍ ഞാന്‍ ഇടയ്ക്കിടയ്ക്ക് കാണും. ജലധാര പമ്പ് സെറ്റ് എന്ന സിനിമ. നിങ്ങള്‍ എത്ര പേര് കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല. രസമുള്ള സിനിമയാണ്. പിന്നെ, കുട്ടന്റെ ഷിനിഗാമി എന്ന സിനിമ.
അതും നിങ്ങള്‍ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അറിഞ്ഞൂട. 'എന്നാ കളിയാണ്' ഇയാള്‍ കളിച്ചിരിക്കുന്നത് എന്ന് അറിയാമോ? അന്തംവിട്ടുപോയി. നിങ്ങള്‍ ആരും വിശ്വസിക്കില്ല. ഇങ്ങനെയൊരു ആള് ആണ് കാലനായി അഭിനയിക്കുന്നത്. അതും നല്ല സിനിമയാണ്.
അതില്‍ ജാഫര്‍ ഇടുക്കിയും ഇങ്ങേരും കൂടി അത്രത്തോളം നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഒരുപാട് നല്ല കഥയും കഥാപാത്രങ്ങളും, അഭിനയിക്കാന്‍ അവസരമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തില്‍ ഉണ്ടാവുന്നുണ്ട്. അത് നമ്മുടെ ഭാഗ്യമോ നമ്മുടെ പ്രേക്ഷകരുടെ ഭാഗ്യമോ അവരുടെ സഹകരണമോ പ്രോത്സാഹനമോ ഒക്കെത്തന്നെയാണ്” മമ്മൂട്ടി പറഞ്ഞു.
Movies
തമിഴ് സർക്കാരിന്റെ ചലച്ചിത്ര അവാർഡുകളിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം മമ്മൂട്ടി ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.
2016 മുതൽ 2022 വരെയുള്ള അവാർഡുകളിൽ മികച്ച നടനുള്ള പട്ടികയിൽ നിന്നും മമ്മൂട്ടി തഴയപ്പെട്ടുവെന്നാണ് വ്യാപകവിമർശനം.
പേരൻപ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രേക്ഷകപ്രശംസ നേടിയതായിരുന്നു. 2018ൽ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ചിത്രമാണ് പേരൻപ്. രാജ്യാന്തര തലത്തിൽ വരെ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു പേരൻപ്.
സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന അവസ്ഥ ബാധിച്ച മകളുടെയും അവളെ വളർത്തുന്ന അച്ഛന്റെയും കഥ പറഞ്ഞ ചിത്രത്തിൽ അമുദൻ എന്ന അച്ഛനായാണ് മമ്മൂട്ടി എത്തിയത്.
2018ലെ മികച്ച നടനായി തെരഞ്ഞെടുത്തത് ധനുഷിനെ ആയിരുന്നു. വട ചെന്നൈയിലെ പ്രകടനത്തിനായിരുന്നു ധനുഷിന് പുരസ്കാരം. ധനുഷിനേക്കാൾ പുരസ്കാരത്തിന് യോഗ്യൻ മമ്മൂട്ടിയാണെന്നും പേരൻപിൽ മമ്മൂട്ടിയുടെ മകളായെത്തിയ സാധന മികച്ച പ്രകടനം കാഴ്ചവച്ചിട്ടും പുരസ്കാരത്തിന് പരിഗണിച്ചില്ലെന്നും സമൂഹമാധ്യമങ്ങളിൽ ആരാധകർ വിമർശിക്കുന്നു.
മികച്ച ചിത്രമായിട്ടും പേരന്‍പിന് ഒരു പുരസ്കാരവും നൽകിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്. 2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മികച്ച ഹാസ്യ നടിക്കുള്ള പുരസ്കാരത്തിന് ഉര്‍വശി അർഹയായി. മികച്ച പ്രതിനായകനായി റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. വൈക്കം വിജയലക്ഷ്മി, വര്‍ഷാ രഞ്ജിത്ത് എന്നിവര്‍ മികച്ച ഗായികമാരായി.
Movies
ദാദാ സാഹിബ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഇരട്ടവേഷത്തെക്കുറിച്ച് സംവിധാകൻ വിനയൻ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നു. ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം മറ്റൊരു നടനെ കൊണ്ട് ചെയ്യിക്കാനുമായിരുന്നു ആദ്യം തീരുമാനിച്ചതെന്നാണ് വിനയൻ പറഞ്ഞത്.
വിനയന്റെ വാക്കുകൾ
‘ദാദാ സാഹിബ്’ പ്ലാൻ ചെയ്യുന്ന സമയത്ത് ദാദാ മുഹമ്മദ് സാഹിബ് എന്ന അച്ഛൻ കഥാപാത്രം മമ്മുക്ക അവതരിപ്പിക്കാനും മകൻ അബൂബക്കറിന്റെ വേഷം വേറെ ആർട്ടിസ്റ്റ് ചെയ്താൽ മതിയെന്നും ചിന്തിച്ചിരുന്നു.
പക്ഷേ മരിച്ചെന്നു കരുതിയ അബൂബക്കർ ബാപ്പയുടെ വേഷം കെട്ടി വന്ന് വില്ലൻമാരെ നേരിടുന്ന ചില സീനുകളിൽ രണ്ടു വേഷവും മമ്മുക്ക തന്നെ ചെയ്യുന്നത് കൂടുതൽ വിശ്വസനീയവും രസകരവുമാകും എന്ന ചിന്തയിലാണ് രണ്ടും മമ്മുക്ക തന്നെ ചെയ്യാൻ തീരുമാനമെടുത്തത്.
വിനയൻ സഹ-രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ദാദാ സാഹിബ്. മമ്മൂട്ടി അച്ഛനും മകനുമായി ഇരട്ട വേഷങ്ങളിൽ എത്തിയ സിനിമയിൽ സായ് കുമാർ, മുരളി, രാജൻ പി. ദേവ്, ബാബു നമ്പൂതിരി, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, കെ.ബി. ഗണേഷ് കുമാർ, മധുപാൽ, മോഹൻ ശർമ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ.
Movies
മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.
മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Movies
എറണാകുളത്തപ്പന് ക്ഷേത്രത്തില്‍ പ്രസാദമൂട്ട് ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി. പത്മഭൂഷണ്‍ പ്രഖ്യാപിച്ച ശേഷം മമ്മൂട്ടി പങ്കെടുക്കുന്ന പ്രധാന പരിപാടിയാണിത്.
നടിയും തിരക്കഥാകൃത്തുമായ ശാന്തി മായാദേവിയും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എട്ടു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവത്തിന്റെ അഞ്ചാം ദിവസമാണ് മമ്മൂട്ടി എത്തിയത്.
ജനുവരി 23ന് ആണ് എറണാകുളത്തപ്പന് ക്ഷേത്രോത്സവം ആരംഭിച്ചത്. ഉത്സവം അവസാനിക്കുന്ന 29ന് വലിയ വിളക്കും പകല്‍പ്പൂരവും കുടമാറ്റവും ചെണ്ടമേളവും പരിപാടികളും ഉണ്ടാവും.
അതേസമയം, പത്മഭൂഷണ്‍ പുരസ്കാരം നേടി മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് മമ്മൂട്ടി. സിനിമയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം.
Movies
മലയാളത്തിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന പാട്രിയറ്റിന്റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ നാൽപ്പതിൽ അധികം താരങ്ങൾ ചേർന്നാണ് പുറത്തു വിട്ടത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി എത്തും.
വിജയ് ദേവരകൊണ്ട, ആറ്റ്ലി, കരൺ ജോഹർ എന്നിവരാണ് യഥാക്രമം ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പോസ്റ്ററുകൾ പുറത്തു വിട്ടത്. മലയാളത്തിൽ, പൃഥ്വിരാജ്, ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, ജയസൂര്യ, സണ്ണി വെയ്ൻ, നസ്ലൻ, നസ്രിയ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി നാല്പതോളം താരങ്ങൾ ചേർന്ന് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു.
കഴിഞ്ഞ ദിവസം ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരുടെയും പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. "Dissent is patriotic, In a world full of traitors, be a Patriot !" എന്ന ടാഗ് ലൈനോടെ ആയിരുന്നു ഈ പോസ്റ്ററുകൾ റിലീസ് ചെയ്തത്.
ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിനുശേഷം ഒന്നിക്കുന്ന ഈ ചിത്രം മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് ഈ വർഷം ആദ്യം പൂർത്തിയായത്. ട്വന്റി 20 ക്ക് ശേഷം മലയാളത്തിലെ പ്രമുഖതാരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരെ കൂടാതെ, രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്.
ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയാറ്റ് അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് ഒരുക്കുന്നത്.
മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പാട്രിയറ്റിനാണ്. ഇന്ത്യ, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു ചിത്രം ഒരുക്കിയത്. 2024 നവംബർ മാസത്തിൽ ശ്രീലങ്കയിൽ ചിത്രീകരണം ആരംഭിച്ച പേട്രിയറ്റ് ഇന്ത്യയിൽ ചിത്രീകരിച്ചത് വൻനഗരങ്ങളായ ഡൽഹി, മുംബൈ, ഹൈദരബാദ്, കൊച്ചി എന്നിവിടങ്ങളിലാണ്.
ചിത്രം രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത് ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്.
സംവിധായകൻ മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡന്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
Kerala
തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിൽ മമ്മൂട്ടിയെ അഭിനന്ദിച്ച് മോഹൻലാൽ. സാമൂഹികമാധ്യമങ്ങളിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.
മമ്മൂട്ടിയെ ഇച്ചാക്കാ...എന്ന് വിളിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെ പോസ്റ്റ്. മമ്മൂട്ടിയുടെ നേട്ടത്തിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
"ഇച്ചാക്കാ, താങ്കൾക്ക് പത്മഭൂഷൺ ലഭിച്ചെന്നറിഞ്ഞതിൽ ഏറെ സന്തോഷം തോന്നുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പ്രഭാവം തുടരട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
Movies
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പദ്മഭൂഷൺ ലഭിച്ചിരിക്കുന്നു. എത്രയോ ദശകങ്ങൾക്ക് മുൻപ് ലഭിക്കേണ്ട അംഗീകാരമായിരുന്നു ഇതെന്ന് സംശയമില്ല. ഈ അംഗീകാരങ്ങളൊന്നും ലഭിച്ചില്ലെങ്കിൽകൂടി ജനഹൃദയങ്ങൾ കീഴടക്കാൻ ആവോളം വേണ്ടത് അയാൾ ചെയ്തുകഴിഞ്ഞിരുന്നു.
1998-ൽ കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരിക്കുമ്പോഴാണ് മമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. പിന്നീട് പത്മഭൂഷനായി മമ്മൂട്ടിയുടെ പേര് പലപ്പോഴായി ഉയർന്നു കേട്ടെങ്കിലും ഇപ്പോഴാണ് അത് ലഭിച്ചത്. മുൻ വർഷങ്ങളിലെല്ലാം മമ്മൂട്ടിയുടെ പേര് ഉണ്ടാകുമെന്ന് അവസാനവട്ടം കരുതിയെങ്കിലും ഇല്ലായിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു രംഗത്തു വരികയും ചെയ്തിരുന്നു.
എന്നാൽ മമ്മൂട്ടി ഈ പുരസ്കാരം അർഹിച്ചിരുന്നു എന്നതിൽ ഫാൻ ബേസ് വ്യത്യാസമില്ലാതെ എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ തന്റെ അഭിനയജീവിതത്തിന്റെ 55-ാം വർഷം രാജ്യത്തിന്റെ പരമോന്നതബഹുമതി നേടിയിരിക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ട് മലയാളസിനിമയിലെ മെഗാസ്റ്റാർ പദവി അലങ്കരിക്കുന്ന മഹാനടന് മലയാളികളുടെ സ്വന്തം മമ്മൂക്കായ്ക്ക് ആശംസകൾ.
Movies
മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തിന് പദയാത്ര എന്നു പേരിട്ടു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. 32 ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്.
അടൂരും കെ.വി. മോഹൻകുമാറും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം. മുഖ്യ സംവിധാന സഹായി മീര സാഹിബ്. ഛായാഗ്രഹണം ഷെഹ്നാദ് ജലാൽ. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. കലാ സംവിധാനം ഷാജി നടുവിൽ. സംഗീതം മുജീബ് മജീദ്. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക.
Movies
മമ്മൂട്ടി വില്ലനായെത്തി തിയറ്ററുകൾ കീഴടക്കിയ കളങ്കാവൽ ഒടിടി റിലീസിന് ഒരുങ്ങുന്നു. ജനുവരി 16 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു.
ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറിൽ മമ്മൂട്ടിയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒടിടിയിൽ കാണാം.
റിലീസ് ചെയ്ത് രണ്ട് മാസത്തിനുള്ളിൽ 81.9 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ നേടിയത്. ഇന്ത്യയിൽനിന്ന് മാത്രം 43.65 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം നേടി. വിദേശ വിപണികളിൽ നിന്ന് 38.25 കോടി രൂപയും ചിത്രം സമാഹരിച്ചു.
മമ്മൂട്ടിയുടെ അഭിനയമികവും വിനായകന്റെ ഗൗരവമേറിയ വേഷപ്പകർച്ചയുമാണ് ചിത്രത്തിന്റെ വിജയത്തിൽ നിർണയകമായത്. ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സിന് ശേഷം ഒടിടിയിൽ തരംഗമാകാൻ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പേട്രിയറ്റ് ആണ് മമ്മൂട്ടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. മോഹൻലാൽ, നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Movies
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രമായ പാട്രിയറ്റ് ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ പാക്കപ്പ് വീഡിയോ അണിയറപ്രവർത്തകർ പങ്കുവച്ചു.
മമ്മൂട്ടിയും മോഹൻലാലും 13 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രമായ പാട്രിയറ്റിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
Kerala
കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന് മമ്മൂട്ടി. നടന് നേതൃത്വം നല്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.
ഇന്റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.
"മലയാളത്തിന്റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.
ഇന്നത്തെ ഈ സമയം എന്റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.
മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്വേശ്വരന് നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ ഫൗണ്ടേഷന്റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.
കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.
Movies
നായകനായും പ്രതിനായകനായും മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിച്ച വർഷമാണ് 2025. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് അദ്ദേഹത്തിന്റെ കരിയറിലെ സുവർണ നിമിഷങ്ങളിലൊന്നായിരുന്നു.
ഭ്രമയുഗത്തിൽ താരം നടത്തിയ സൂക്ഷ്മത ജൂറിയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ പ്രകടനം കണ്ട് തനിക്ക് അസൂയ തോന്നിയെന്ന് ജൂറി ചെയർമാൻ പ്രകാശ് രാജ് പറഞ്ഞിരുന്നു. 2025ൽ മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളാണ്.
* ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
Movies
കഥാപാത്രങ്ങള്‍ക്കു വേണ്ടിയുള്ള നിരന്തര അന്വേഷണങ്ങളും തയാറെടുപ്പുകളും മമ്മൂട്ടി എന്ന മെഗതാരത്തിന്റെ പ്രത്യേകതയാണ്. കളങ്കാവലിൽ പ്രേക്ഷകർ കണ്ടതും അതാണ്. കളങ്കാവല്‍ പ്രേക്ഷകര്‍ക്കു ഞെട്ടലും അദ്ഭുതവുമായിരുന്നു. മമ്മൂട്ടിക്ക് ഇങ്ങനെയൊരു വില്ലനാകാന്‍ കഴിയുമോ? അതെ, മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത വില്ലന്‍ 2025 കീഴടക്കുകയായിരുന്നു. ഡിസംബര്‍ അഞ്ചിനു റിലീസ് ചെയ്ത ചിത്രം വന്‍ പ്രേക്ഷകപ്രീതിയോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ബോക്സ് ഓഫീസില്‍ ചിത്രം നാല് ആഴ്ച പിന്നിടാന്‍ ഒരുങ്ങുമ്പോള്‍, ഒടിടി സ്ട്രീമിംഗ് വാര്‍ത്തയാണ് അണിയറക്കാര്‍ പുറത്തുവിടുന്നത്. സോണി ലിവില്‍ കളങ്കാവല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഔദ്യോഗിക സ്ട്രീമിംഗ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2026 ജനുവരിയില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ പുറത്തുവിടുന്ന വിവരം.
സോണി ലിവ് അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടു: ഇതിഹാസം തിരിച്ചുവരുന്നു... നിങ്ങളെ ശ്വാസം മുട്ടിക്കുന്ന പ്രകടനവുമായി മമ്മൂട്ടി... 2025ലെ ബ്ലോക്ക്ബസ്റ്റര്‍... ജനുവരിയില്‍ സോണി ലിവില്‍ സ്ട്രീം ചെയ്യുന്നു.
മമ്മൂട്ടി-വിനായകന് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന്, ശ്രുതി രാമചന്ദ്രന്, അസീസ് നെടുമങ്ങാട്, കുഞ്ചന്‍, ബിജു പപ്പന്, മാളവിക മേനോന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. നവാഗതനായ ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മാണം മമ്മൂട്ടി കമ്പനിയാണ്.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ കാണാതായ ഒരാളുടെ കേസ് അന്വേഷിക്കാന്‍ വിനായകന് എത്തുന്നതും തുടര്‍ന്നു ഞെട്ടിക്കുന്ന കൊലപാതക പരമ്പരയിലേക്ക് എത്തുന്നതുമാണ് കഥയുടെ ഇതിവൃത്തം. വിവാഹമോചിതരായ, വിധവകളായ, അല്ലെങ്കില്‍ അവിവാഹിതരായ നിരവധി സ്ത്രീകളെ കാണതായതായി അവര്‍ കണ്ടെത്തുന്നു. സംഭവങ്ങള്‍ക്കു പിന്നില്‍ ഒരാളെന്ന് (മമ്മൂട്ടിയുടെ കഥാപാത്രം-സ്റ്റാന്‍ലി) പോലീസ് കണ്ടെത്തുന്നു. തുടര്‍ന്നു നടക്കുന്ന ആകാംഷാഭരിതമായ സന്ദര്‍ഭങ്ങളാണ് ചിത്രം പറയുന്നത്.
Movies
നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയെ അവസാനമായി കാണാൻ നടൻ മമ്മൂട്ടിയെത്തി. എളമക്കരയിലെ വീട്ടിലേക്കാണ് മമ്മൂട്ടിയെത്തിയത്.
നടൻ രമേഷ് പിഷാരടി, നിർമാതാക്കളായ ആന്റോ ജോസഫ്, ജോർജ്, ആന്റണി പെരുമ്പാവൂർ, ഹൈബി ഈഡൻ എംപി എന്നിവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ചയാണ് ശാന്തകുമാരി (90) അന്തരിച്ചത്. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. സംസ്കാരം ബുധനാഴ്ച.
Movies
വർഷങ്ങൾക്കുമുൻപ് ഒരു പ്രമുഖ മലയാളം ചാനൽ നടത്തിയിരുന്ന സിനിമയുമായി ബന്ധപ്പെട്ടുള്ള പരിപാടിയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെക്കുറിച്ചു ശ്രീനിവാസൻ സംസാരിച്ചിരുന്നു. സ്വതസിദ്ധമായ ആക്ഷേപഹാസ്യ ശൈലിയിൽ തന്നെ. ഷൂട്ടിംഗ് ലൊക്കേഷനിൽ നൃത്തരംഗം അഭിനയിക്കാനായി വളരെ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്ന മമ്മൂട്ടിയെ കുറിച്ചുള്ള പരാമർശങ്ങൾ...
‘ആറടി ഉയരമുള്ള നടൻ കഷ്ടപ്പെട്ട് നൃത്തം പഠിക്കുന്നതു കാണാൻ വളരെ ബോറാണ് ' എന്ന രീതിയിൽ ആ സംഭാഷണം നീണ്ടു പോയി.ഒരിടവേളയ്ക്കുശേഷം നടൻ ശ്രീനിവാസനും കുടുംബവുമായുള്ള ഒരു അഭിമുഖത്തിനിടയിൽ ഇക്കാര്യം മമ്മൂട്ടിയുടെ വലിയൊരു ആരാധകൻ കൂടിയായ വിനീത് ശ്രീനിവാസൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അന്ന് ശ്രീനിവാസന്റെ മകൻ വിനീത് സിനിമയിൽ ഗായകനായി ചുവടുറപ്പിച്ചു തുടങ്ങുന്ന സമയമാണ്. കുടുംബ അഭിമുഖം നടത്തുന്ന അതേ ചാനൽ തന്നെയാണ് സിനിമാ പരിപാടിയും സംപ്രേക്ഷണം ചെയ്യുന്നത്. സിനിമാ പരിപാടിയെക്കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ അഭിപ്രായത്തെ കുറിച്ച് അവതാരകൻ ചോദിക്കുമ്പോൾ മമ്മൂട്ടിയുടെ പേര് പറയാതെ വിനീത് ശ്രീനിവാസൻ പ്രതികരിക്കുന്നു
- ‘മലയാളത്തിലെ പ്രഗല്ഭനായ നടന് ഇടയ്ക്കിടയ്ക്ക് അച്ഛൻ പണി നൽകാറുണ്ട്. അത് എനിക്ക് ഇഷ്ടമല്ല' അച്ഛനോട് ഇക്കാര്യം പറഞ്ഞിട്ടില്ലേ എന്നായി അവതാരകൻ. അച്ഛനോട് ഇതേക്കുറിച്ചു പറഞ്ഞപ്പോൾ കുറച്ചു പണിയിരിക്കുന്നത് നല്ലതാണെന്നായിരുന്നുവത്രേ...അച്ഛന്റെ മറുപടി.
ഇത് കേട്ടുകൊണ്ട് അടുത്തിരുന്ന ശ്രീനിവാസൻ അല്പം ഗൗരവത്തിൽ വിനീതിനോട് ചോദിക്കുന്നു... ഈ സൂപ്പർതാരത്തെ തേജോവധം ചെയ്യുവാൻ ഞാൻ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പറയുകയാണ് എന്ന് തോന്നുന്നുണ്ടോ അതേ നാണയത്തിൽ തന്നെ വിനീത് ശ്രീനിവാസൻ മറുപടി പറയുന്നു. വാസ്തവം ആണെങ്കിലും അല്ലെങ്കിലും പണിഞ്ഞു കൊണ്ടിരിക്കുകയല്ലേ.
വർഷങ്ങൾക്കു മുൻപ് നടന്ന ഒരു അഭിമുഖമാണ് ഇത്. ചെറുപ്പം വിട്ടുമാറാത്ത ശ്രീനിവാസനാണ് ഇതിൽ എന്നർഥം. ടിവിയിൽ അക്കാലത്ത് ഈ അഭിമുഖം കണ്ട ഭൂരിഭാഗം മലയാളികളും കരുതിയത് സൂപ്പർ - ഗ്ലാമർ താരം മമ്മൂട്ടിയോട് ഉള്ളിന്റെയുള്ളിൽ ശ്രീനിവാസന് നീരസമോ, അസൂയയോ ഒക്കെ ഉണ്ടാവും എന്നാണ്.
ശ്രീനിവാസനും മമ്മൂട്ടിയും തമ്മിൽ ഉണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് തൊണ്ണൂറ് ശതമാനം മലയാളികൾക്കും അന്ന് അറിയുമായിരുന്നില്ല. ആരെന്ത് ചിന്തിച്ചാലും പറഞ്ഞാലും കൂസലില്ലാത്ത ശ്രീനിവാസൻ ഇതേക്കുറിച്ച് പിന്നീട് ഒരു ന്യായീകരണവും നടത്തിയതായും അറിയില്ല.
പിൽക്കാലത്ത് സ്വന്തം വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ നൽകിയ അഭിമുഖം കണ്ടപ്പോഴാണ് മമ്മൂട്ടിയുമായുള്ള ശ്രീനിവാസന്റെ അഗാധമായ ഹൃദയബന്ധം പ്രേക്ഷകർ തിരിച്ചറിയുന്നത്! വിനീത് ശ്രീനിവാസനും അപ്പോഴായിരിക്കാം ഒരുപക്ഷേ, കഥകൾ മനസിലാക്കുന്നത്.
അച്ഛനും തന്റെ ആരാധനപാത്രമായ സൂപ്പർതാരവും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം നേരത്തെ അറിയാമായിരുന്നെങ്കിൽ അഭിമുഖത്തിൽ വന്നു ‘പണി' നൽകുന്നതിലുള്ള സ്വന്തം വേദന വിനീത് പറയുമായിരുന്നില്ലല്ലോ. (പരസ്പരം എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഇരുവർക്കും ഉണ്ടായിരുന്നു എന്ന കാര്യം വളരെ ചെറുപ്പമായിരുന്ന വിനീതിന് അന്ന് അജ്ഞാതമായിരുന്നിരിക്കണം).
ഇപ്പോൾ യൂട്യൂബുകളിലൂടെയും മറ്റും വലിയൊരു വിഭാഗം പ്രേക്ഷകരും തിരിച്ചറിഞ്ഞുകഴിഞ്ഞ ശ്രീനിവാസന്റെ കല്യാണ കഥയിലെ രത്നചുരുക്കം ഇതാണ്. സ്വന്തം നാട്ടുകാരിയായ വിമലയുമായുള്ള പ്രണയ വിവാഹത്തിന് പലവിധ തടസങ്ങൾ നേരിട്ടപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു ശ്രീനിവാസൻ.
1984 ജനുവരിയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്ന സമയത്ത് ശ്രീനിവാസന്റെ അമ്മ ഒരു നിബന്ധന മാത്രമാണ് മുന്നോട്ടു വച്ചത്. വിമലയുടെ കഴുത്തിൽ ശ്രീനിവാസൻ സ്വർണത്തിൽ പണിഞ്ഞ ഒരു താലികെട്ടണം...
പി. എ.ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെ 1976 ൽ തന്നെ ശ്രീനിവാസൻ ചലച്ചിത്രലോകത്ത് എത്തിയെങ്കിലും സാമ്പത്തികമായി ചുവട് ഉറച്ചിട്ടില്ലാത്ത കാലമാണ്. അക്കാലത്ത് ഒരു കഥ ഒരു നുണക്കഥ എന്ന സിനിമയിൽ അഭിനയിക്കുകയാണ് ശ്രീനിവാസൻ. ഇന്നസെന്റും ഡേവിഡ് കാച്ചപ്പള്ളിയുമാണ് നിർമാതാക്കൾ. അടുത്ത ദിവസം നടക്കുന്ന തന്റെ വിവാഹത്തെക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞുവെങ്കിലും നിർമാതാവായ ഇന്നസെന്റിന്റെ കൈവശവും നടനു പ്രതിഫലമായി നൽകാനുള്ള പണം ഉണ്ടായിരുന്നില്ല.
ഒടുവിൽ ഇന്നസെന്റിന്റെ ഭാര്യ ആലീസിന്റെ വളവിറ്റാണ് കുറച്ച് പണം നൽകുന്നത്. വധുവിനുള്ള പുടവയും മറ്റും വാങ്ങിക്കഴിഞ്ഞപ്പോൾ പിന്നീട് നവവരന്റെ കൈയിൽ 400 രൂപ മാത്രം ബാക്കി.
താലി വാങ്ങാൻ ഉള്ള പണത്തിനായി ശ്രീനിവാസൻ നേരേ പുറപ്പെടുന്നത് സിനിമാരംഗത്ത് അന്ന് ഏതാണ്ട് ചുവടുറപ്പിച്ച കഴിഞ്ഞ മമ്മൂട്ടിയുടെ അരികിലേക്ക്. കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അന്ന് മമ്മൂട്ടി.
'നാളെ എന്റെ വിവാഹമാണ് 'എന്ന് പ്രിയ സുഹൃത്ത് ശ്രീനിവാസൻ പറയുന്നതുകേട്ട് ആദ്യം അമ്പരന്നു പോയി മമ്മൂട്ടി. ശ്രീനിവാസൻ ആവശ്യപ്പെട്ടതനുസരിച്ച് നവവധുവിന്റെ കഴുത്തിൽ അണിയിക്കാനുള്ള സ്വർണ ത്താലി വാങ്ങാൻ 2,000 രൂപ അന്ന് മമ്മൂട്ടി ശ്രീനിവാസന് നല്കി.
ശ്രീനിവാസന്റെ വിവാഹം കഴിഞ്ഞ് എത്രയോ പതിറ്റാണ്ടുകൾക്കു ശേഷമാണ് ഈ ഫ്ലാഷ് ബാക്ക് പ്രേക്ഷക ലോകം അറിയുന്നത്. സിനിമ രംഗത്തും എത്രപേർക്ക് ഈ സത്യം അറിയാമായിരുന്നു എന്ന് വ്യക്തമല്ല. സമൂഹ മാധ്യമങ്ങൾ സജീവമായതോടെയാണ് ഈ വീഡിയോ പ്രചരിച്ചു തുടങ്ങിയത്. ഇപ്പോൾ ശ്രീനിവാസന്റെ വിയോഗ വേളയിൽ വീഡിയോ വൈറലായി മാറുകയാണ്.
തന്റെ വിവാഹത്തിന് താലി വാങ്ങാനുള്ള പണം നൽകിയ മമ്മൂട്ടിയോട് ശ്രീനിവാസന് ഉണ്ടായിരുന്ന സ്നേഹവും കടപ്പാടും ഏറെ ആഴമുള്ളതായിരുന്നു എന്നു വേണം കരുതാൻ. അതിന് ഒരുപാട് ഒരുപാട് കാരണങ്ങളുണ്ട്. ശ്രീനിവാസൻ പലപ്പോഴും സ്വന്തം അമ്മയുമായുള്ള ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച് സംസാരിക്കാറുണ്ട്. അമ്മയുടെ സ്നേഹം ഒട്ടും പ്രകടനപരമായിരുന്നില്ല,എന്നാൽ അമ്മ തന്റെ കൈയിൽ ചെറുതായൊന്ന് തലോടുമ്പോൾ പോലും ആ സ്നേഹത്തിന്റെ അഗാധത തനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നു എന്നൊക്കെ. അമ്മയെക്കുറിച്ച് പറയുമ്പോൾ പൊതുവേ എല്ലാവരെയും വട്ടം കറക്കി രസിക്കുന്ന ശ്രീനിവാസൻ വികാരഭരിതനാകുന്നതും കാണാം.
വിവാഹത്തിന് ശ്രീനിവാസന്റെ അമ്മ മുന്നോട്ടുവച്ച ഒരേയൊരു ആഗ്രഹമാണ് സ്വർണ്ണത്താലി ചാർത്തൽ. വീട്ടുകാരുടെ യാതൊരു പിന്തുണയും ഇല്ലാതെ നടന്ന വിവാഹമാണ്. പണത്തിനുവേണ്ടി അന്ന് ഏറെ ബുദ്ധിമുട്ടിയിരുന്ന ശ്രീനിവാസന് മമ്മൂട്ടിയുടെ സഹായം ലഭിച്ചിരുന്നില്ലെങ്കിൽ ഒരു പക്ഷേ, അമ്മയുടെ ആഗ്രഹം നിറവേറ്റാൻ കഴിയുമായിരുന്നില്ല. ഇന്നത്തെ പോലെ പണമിടപാടുകൾ അത്ര എളുപ്പമല്ലാത്ത ഒരു കാലയളവിൽ, ഒരു ദിവസം കൊണ്ട് പണം ലഭ്യമാക്കുക അതീവ പ്രയാസകരമാണ്.
അതു കൊണ്ടു തന്നെ ഹൃദയത്തിന്റെ ഉള്ളറകളിൽ എങ്ങോ മമ്മൂട്ടിയോടുള്ള തീരാത്ത സ്നേഹം ശ്രീനിവാസൻ കരുതി വച്ചിരിക്കാം.. പുറമേക്ക് പക്ഷേ, അധികം പ്രകടിപ്പിക്കലൊന്നും ഉണ്ടായില്ലെന്നു മാത്രം.
സ്വകാര്യ സംഭാഷണങ്ങളിൽ മമ്മൂട്ടിയോടുള്ള ഹൃദയവികാരം ശ്രീനിവാസൻ പ്രകടിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. അഭിമുഖങ്ങളിലും തുറന്ന വേദികളിലും ‘ട്രോളു'കളാണ് അദ്ദേഹം അധികവും നടത്തിയിരുന്നത്. മമ്മൂട്ടിയുടെ ദീർഘവീക്ഷണത്തെക്കുറിച്ചും മറ്റുമുള്ള ചില സംഭാഷണങ്ങൾ ഒഴികെ അധികവും ട്രോളുകളാണ് ഉണ്ടായത്. മമ്മൂട്ടിയെ താൻ പ്രശംസിക്കാറില്ല എന്ന് രോഗഗ്രസ്ഥനായ ശേഷം നടത്തിയ ഒരു അഭിമുഖ സംഭാഷണത്തിലും ശ്രീനിവാസൻ പറയുന്നത് കേട്ടു.
സ്വയം പരിഹസിക്കുക അഥവാ ‘സെൽഫ് ട്രോളി'ന്റെ ആളായ ശ്രീനിവാസൻ അടുപ്പമുള്ളവരെയെല്ലാം ഇങ്ങനെ ട്രോളിയും ചിരിപ്പിച്ചുമാണ് ജീവിച്ചത്; ശ്രീനിവാസൻ സിനിമകളിൽ എന്നപോലെ തന്നെ...
അപ്പോൾ പുറമേയ്ക്ക് താൻ ഒരിക്കലും പ്രകടിപ്പിക്കാത്ത അല്ലെങ്കിൽ പ്രകടിപ്പിക്കാൻ ശ്രമിക്കാത്ത ആ സ്നേഹം തന്നെയാവും ശ്രീനിവാസൻ എഴുതിയ, കഥ പറയുമ്പോൾ എന്ന സിനിമയിൽ നമ്മൾ കണ്ടത്.
2007 ൽ ശ്രീനിവാസന്റെ തന്നെ തിരക്കഥയിലും സഹനിർമാണത്തിലും പുറത്തുവന്ന കഥ പറയുമ്പോൾ എന്ന സൂപ്പർഹിറ്റ് സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ അശോക് രാജ്, ബാലൻ (ശ്രീനിവാസൻ )എന്ന പഴയ സ്നേഹിതനെ കാണാൻ വരുന്ന രംഗമുണ്ട്. സിനിമയുടെ അവസാന രംഗം!
കണ്ണീരൊഴുക്കിക്കൊണ്ടുള്ള ശ്രീനിവാസന്റെ വാക്കുകൾ കണ്ണു നിറഞ്ഞുകൊണ്ടല്ലാതെ ഇന്നും കാണാൻ കഴിയില്ല..പശ്ചാത്തലത്തിൽ അപ്പോൾ ഉയരുന്ന ഒരു പ്രത്യേകതരം സംഗീതവും ഹൃദയത്തെ തൊടുന്നതാണ്.
കഴിഞ്ഞദിവസം ശ്രീനിവാസന്റെ കണ്ടനാടുള്ള പാലാഴി എന്ന വസതിയിൽ ഒന്നും മിണ്ടാതെ ശ്രീനിവാസൻ കിടന്നപ്പോൾ, സൂപ്പർതാരം മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിക്കാൻ കടന്നു വന്നു. ഈ രംഗം സംപ്രേക്ഷണം ചെയ്യുന്ന സമയത്ത് കഥ പറയുമ്പോൾ എന്ന സിനിമയിലെ അവസാന രംഗത്തെ പശ്ചാത്തല സംഗീതം ഉപയോഗിച്ച ടി.വി ചാനലുകൾ ഉണ്ട്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വിയോഗ വാർത്ത സംപ്രേഷണം ചെയ്യുന്നതിനെ കുറിച്ചുള്ള കടുത്ത വിമർശനങ്ങൾ ചില യൂട്യൂബ് അവതാരകർ ഇപ്പോൾ വലിയ രീതിയിൽ ഉയർത്തുന്നുണ്ട്. സെലിബ്രിറ്റികളുടെ വിയോഗരംഗങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിലെ ശരി-തെറ്റുകൾ മറ്റൊരു വിഷയമാണ്.
എങ്കിലും സാധാരണക്കാരനായ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം മമ്മൂട്ടി, പ്രിയ മിത്രത്തെ കാണാൻ കയറിവന്ന സമയത്ത്, 'കഥ പറയുമ്പോൾ ' ഓർമ്മിച്ചു പോയത് തെറ്റല്ല ! സിനിമയെ സ്നേഹിക്കുന്ന ഏതൊരു ആസ്വാദകനും ആ സമയത്ത് അശോക് രാജിനെയും അശോക് രാജിന്റെ ബാലനെയും ഓർമിച്ചു പോകും! കാരണം, സ്വന്തം ഹൃദയത്തിനുള്ളിൽ എവിടെയോ താൻ പോലും അറിയാതെ സൂക്ഷിച്ചു വച്ച ഒരു സ്നേഹം-കടപ്പാട് മമ്മൂട്ടിയോട്, ശ്രീനിവാസനുണ്ടായിരുന്നു.
നടനപ്പുറം, തിരക്കഥാകൃത്തിനപ്പുറം പച്ചയായ ഒരു മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് ഊറി വന്ന ആ സ്നേഹമാണ് ശ്രീനിവാസൻ, കഥ പറയുമ്പോൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കു നൽകിയത്. (സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് ശ്രീനിവാസന്റെ ബാലനോട് കടപ്പാടുള്ളത് )ആ സ്നേഹത്തിന്റെ ഉറവിടം പക്ഷേ, ശ്രീനിവാസന്റെ ഹൃദയത്തിന്റെ ആഴങ്ങൾ തന്നെയാണ്.
അതു കൊണ്ടല്ലേ കഥ പറയുമ്പോൾ എന്ന സിനിമയുടെ അവസാന രംഗം കണ്ട് നമ്മൾ ഇന്നും കരയുന്നത്...
Kerala
ആനുകാലിക സംഭവങ്ങളെ പരാമർശിച്ച് ഫാ. ജോഷി മയ്യാറ്റിൽ എഴുതിയ ചന്തോദ്ദീപകമായ ക്രിസ്മസ് കുറിപ്പ്... വായിക്കാം:
"മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം" എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ കരുതാവുന്നതാണ്. അന്യരോ വർഗശത്രുക്കളോ ജാതി-മതശത്രുക്കളോ ആയി ആരുമില്ല എന്ന പരസ്യപ്രഖ്യാപനം കൂടിയാണത്.
ജാതി-മത ഭേദമന്യേ ഏവരും ഒന്നെന്ന ചിന്തയിൽ സഹകരണ സംരംഭങ്ങളും ഭവനനിർമാണ ശ്രമങ്ങളും പരസഹായ പ്രവൃത്തികളും വൃദ്ധസദനങ്ങളും ചികിത്സാധന സമാഹരണ യജ്ഞങ്ങളുമൊക്കെ പെരുകുന്ന ഈ കാലഘട്ടത്തിൽ "സത്രത്തിൽ ഇടമുണ്ട്" എന്ന സുവിശേഷം ഏറെ പ്രചരിക്കുന്നുണ്ട്, സംശയമില്ല. എന്നാൽ, "സത്രത്തിൽ ഇടമില്ല" എന്ന ദുർവിശേഷമാണോ പ്രബലപ്പെടുന്നത് എന്നു സംശയിക്കാവുന്ന വാർത്തകളാണ് കൂടുതൽ പുറത്തുവരുന്നത്!
കേരളത്തിലെ വാളയാറിൽ ജോലി തേടി എത്തിയ രാം നാരായൺ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പതിനഞ്ചോളം 'ദേശീയവാദികൾ' ചേർന്ന് കാലപുരിക്കയച്ചു... ബംഗ്ലാദേശിൽ ദീപു ചന്ദ്രദാസ് എന്ന കാഫിറിനെ 'ജമാ അത്തെ ഇസ്ലാമികൾ' പരലോകപ്രാപ്തനാക്കി... ബോൻഡി ബീച്ചിൽ 16 പേരെയാണ് ഇൻ്റിഫാദക്കാർ ഇഹലോകവാസത്തിനയച്ചത്... നൈജീരിയയിൽ ഭൂമുഖത്തു നിന്ന് ജിഹാദികളാൽ ഇല്ലാതാക്കപ്പെടുന്നവരുടെ കണക്ക് എണ്ണി തിട്ടപ്പെടുത്താനാവാത്ത വിധം ഉയരുന്നു... ഉക്രയിനിലെയും ഗാസയിലെയും കണക്കുകൾ ഇപ്പോൾ ആരും എടുക്കാതായി... സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും കൈപ്പത്തികൾ അറ്റുപോകാൻ ഇടയാക്കുന്ന 'പടക്കങ്ങൾ' പോലും ഇവിടെ പെരുകുന്നു...
വടക്കേ ഇന്ത്യയിൽ അന്ധർക്കു പോലും മതാന്ധരിൽനിന്ന് രക്ഷപ്പെടാനാകാതെ വന്നിരിക്കുന്നു... ഒറീസയിൽ ക്രിസ്മസ് അനുബന്ധ വസ്തുക്കൾ വിൽക്കുന്ന തെരുവുകച്ചവടക്കാർക്കും രക്ഷയില്ലെന്നായിട്ടുണ്ട്! സ്നേഹക്കൂട്ടിലെ വയോധികർക്കു ഹിൽപാലസിൽ ഇടമില്ലത്രേ! പാലക്കാട് ചിലർക്ക് ക്രിസ്മസ് കരോൾ പോലും അരോചകമാണെന്നും തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു ചിലേടങ്ങളിൽ വിലക്കുണ്ടെന്നും കേൾക്കുന്നു...
തൊഴിലുറപ്പിന്റെ പേരിൽ ഗാന്ധിക്കു പോലും ഇടമില്ലാതാകുന്ന ഒരു രാഷ്ട്രീയ-സാമൂഹിക പരിസരത്ത് "സത്രത്തിൽ അവർക്ക് ഇടം ലഭിച്ചില്ല" എന്ന തിരുവചനത്തിന്റെ അർഥതലങ്ങൾ എത്രയോ വിശാലമാണ്...! വികലമായ ദൈവ-മത-ദേശീയതാ-രാഷ്ട്രീയ സങ്കല്പങ്ങൾ മനസുകളെ സങ്കുചിതമാക്കുമ്പോൾ അത്തരം മനുഷ്യരുടെ ഹൃദയങ്ങളിൽ അപരർക്ക് ഇടമില്ലാതാകുന്നതു സ്വാഭാവികം!
Movies
മാർക്കോ, റിലീസിനൊരുങ്ങുന്ന കാട്ടാളൻ എന്നീ സിനിമകള്‍ക്ക് പിന്നാലെ ക്യൂബ്സ് എന്റർടെയ്ൻമെന്റ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം വരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമൊരുങ്ങുന്ന സിനിമയുടെ സംവിധാനം മലയാള സിനിമയിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്മാനാണ്.
സിനിമയുടെ നിർമാണം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് സാരഥി ഷരീഫ് മുഹമ്മദാണ്. മമ്മൂട്ടിയെന്ന നടനവിസ്മയത്തോടുള്ള ആദരസൂചകമായി ഒരുക്കുന്ന ഈ ചിത്രം സിനിമാ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞിരിക്കുകയാണ്.
ഉണ്ട എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ മമ്മൂക്കയുമായി ബന്ധപ്പെട്ട ഒരു പ്രോജക്റ്റുമായി എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രമുഖരായ നിരവധി താരങ്ങളും സാങ്കേതിക പ്രവർത്തകരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ റിലീസിനായി ഒരുങ്ങുകയാണ്.
നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ കാട്ടാളൻ ഫസ്റ്റ് ലുക്ക്.
ഇപ്പോഴിതാ വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ് ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്, പിആർഒ : ആതിര ദിൽജിത്ത്.
Movies
വേദനയുടെ ദിവസമാണ് ഇന്ന് മലയാളസിനിമ ലോകത്തിന്. ശ്രീനി ഇല്ലാത്ത മലയാളസിനിമയെക്കുറിച്ച് ചിന്തിക്കാൻ ആവതില്ലാതെ ഉറ്റവർക്കൊപ്പം സിനിമലോകവും തേങ്ങുകയാണ്.
ഉച്ഛയ്ക്ക് ഒന്നിന് ടൗൺ ഹാളിൽ തുടങ്ങിയ പൊതുദർശനം തുടരുകയാണ്. സഹപ്രവർത്തകരും ശ്രീനിയെ സ്നേഹിക്കുന്നവരുമടക്കം നീണ്ട നിരയാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
മമ്മൂട്ടിയും മോഹൻലാലും ദിലീപും സത്യൻ അന്തിക്കാടും അടക്കം നിരവധി സഹപ്രവർത്തകരും ഇപ്പോൾ ടൗൺഹാളിൽ തുടരുകയാണ്.
ഇന്ന് രാവിലെ 8.30-നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.
Movies
പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ മമ്മൂട്ടിയെത്തി. ഭാര്യ സുൽഫത്തിനൊപ്പം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിയാണ് താരം അന്തിമോപചാരം അർപ്പിച്ചത്.
ശ്രീനിവാസന്റെ ഭാര്യ വിമലയുടെ അരികെ ചെന്ന് സുൽഫത്ത് ആശ്വസിപ്പിച്ചു. മമ്മൂട്ടിയുടെ മുഖം അതീവ സങ്കടത്തിലായിരുന്നു. മകൻ ധ്യാനെയും വിനീതിനെയും താരം ആശ്വസിപ്പിച്ചു.
ഇന്ന് രാവിലെ 8.30നാണ് ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നടക്കും.
Kerala
പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചും നടൻ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ...
ഞാനും വിമലയും വിവാഹത്തിനുമുമ്പേ പരിചയക്കാരായിരുന്നു. പ്രണയം എന്നു വിശേഷിപ്പിക്കാൻ മാത്രമുള്ള ഒരടുപ്പമായിരുന്നു അതെന്നു പറയാൻ കഴിയില്ല. പ്രണയമെന്നും വേണമെങ്കിൽ വിളിക്കാം. പ്രതീക്ഷകളൊന്നുമില്ലാത്ത, നാളെയെങ്ങനെയാകുമെന്നു മുൻധാരണയില്ലാത്ത അന്നത്തെ ജീവിതത്തിൽ കല്യാണത്തെക്കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ലായിരുന്നു.
അച്ഛന്റെ കേസുകൾ വീടു പോലും നഷ്ടപ്പെടുത്തി. കൂത്തുപറന്പിൽ വാടകവീട്ടിലായിരുന്നു താമസം. ഞങ്ങളുടെ നാട്ടിൽ വാടകയ്ക്കു താമസിക്കുക എന്നതു ഒരു കുറവു തന്നെയാണ്. അത്തരം നിരവധി കുറവുകൾക്കുള്ളിൽ നിൽക്കുന്പോഴാണ് വിമല എന്നെ മാത്രം മതിയെന്നു പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുന്നത്.
വീട്ടുകാർ കൊണ്ടുവരുന്ന ആലോചനകളെല്ലാം മുടക്കി വിമല എനിക്കായി കാത്തിരിക്കുകയാണെന്നു മനസിലാക്കിയപ്പോൾ ഞാനവൾക്ക് ജനുവരി 12നു നമ്മുടെ വിവാഹമാണു തയാറായിരിക്കണം എന്നു പറഞ്ഞൊരു കത്തയച്ചു.
രജിസ്റ്റർ കല്യാണം
കല്ല്യാണം രജിസ്ട്രാഫീസിൽ വച്ചു നടത്താനാണ് പ്ലാനിട്ടത്. കല്യാണത്തിനു തലേന്നാണു നാട്ടിലെത്തിയത്. കാര്യങ്ങൾ ഏർപ്പാടാക്കിയ സുഹൃത്തു പറഞ്ഞു, 12-ാം തീയതി കല്യാണം നടക്കില്ല. അന്നു വസ്തു രജിസ്ട്രേഷന്റെ ബഹളമാണെന്ന്. അങ്ങനെ, 13-ാം തീയതി കല്യാണം എന്നു തീരുമാനിച്ചു.
ഇക്കാര്യം വിമലയെ എങ്ങനെ അറിയിക്കണമെന്ന് ആലോചിക്കുന്പേഴാണു വീട്ടിലേക്കു വിമല കയറിവരുന്നത്. വിമല എന്നോട് ഒരാഗ്രഹം പറഞ്ഞു. വിമലയുടെ വീട്ടുകാർക്കു കല്യാണത്തിൽ എതിർപ്പുണ്ടാകാൻ സാധ്യതയില്ല. ആരെയെങ്കിലും കല്യാണം കഴിച്ചാൽ മതി എന്ന ചിന്തയായിരുന്നു വീട്ടുകാർക്ക്. അതുകൊണ്ടു നേരിട്ടു വീട്ടിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കണം.
ആർഭാടരഹിതമായ കല്യാണം അതാണെന്റെ ആഗ്രഹമെന്നു ഞാനും അറിയിച്ചു. വിമലയുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞാൽ അവർ നല്ല രീതിയിൽ കല്യാണം നടത്താൻ തുനിഞ്ഞിറങ്ങും. അതോടെ ചെലവുകൾ വർധിക്കും. കൈയിൽ നാനൂറു രൂപയോളം മാത്രം. അതുകൊണ്ടു ബുദ്ധിപൂർവം മുന്നോട്ടുനീങ്ങി.
പക്ഷേ, അമ്മയുടെ മുന്നിൽ കുടുങ്ങി. അന്നത്തെ അവസ്ഥയിൽ പൊതുവെ ദുഃഖിതയായ അമ്മ, കല്യാണം എവിടെവച്ചായാലും താലി വേണം എന്ന ഉപാധി മുന്നോട്ടുവച്ചു. താലികെട്ടിയേ മതിയാവൂ. അമ്മയുടെ സങ്കൽപ്പത്തിൽ സ്വർണത്തിന്റെ താലി തന്നെയാണുള്ളത്. ആകെ പുലിവാലായി.
മമ്മൂട്ടിയുടെ നിർബന്ധം
കണ്ണൂരിൽ അതിരാത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. മമ്മൂട്ടി അതിൽ അഭിനയിക്കുന്നുണ്ട്. അവസാനം മമ്മൂട്ടിയെ സഹായത്തിനായി കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം മമ്മൂട്ടിയോടു പറഞ്ഞു. രണ്ടായിരം രൂപയും വാങ്ങിച്ചു. തീർച്ചയായും കല്യാണത്തിനു വരുമെന്ന് മമ്മൂട്ടി ശഠിച്ചു. വീണ്ടും പുലിവാലായി.
കാരണം, മമ്മൂട്ടി അന്നു സ്റ്റാറാണ്. അദ്ദേഹം വന്നാൽ ആരെയും ക്ഷണിക്കാതെ നടത്തുന്ന കല്യാണം ബഹളമയമാവും. കാര്യങ്ങൾ മമ്മൂട്ടിയെ ബോധ്യപ്പെടുത്തി. മമ്മൂട്ടി കല്യാണത്തിനു വന്നില്ല. അങ്ങനെ അമ്മയുടെ താലിയെന്ന സങ്കൽപ്പം യാഥാർഥ്യമായി.
വിമലയുടെ ന്യായമായ മറ്റൊരാഗ്രഹവും ആ പണം കൊണ്ടു നിറവേറി. കല്യാണസമയത്തെ സാരിയും ബ്ലൗസുമടക്കമുള്ള വസ്ത്രങ്ങളെല്ലാം ഞാൻ വാങ്ങി നൽകണമെന്നതായിരുന്നു അത്. അങ്ങനെ ജനുവരി 13ന് കതിരൂർ രജിസ്ട്രാഫീസിൽ വച്ച് ഞങ്ങളുടെ കല്യാണം നടന്നു.
Movies
നീണ്ട ചിരി വിനയായി... മമ്മൂട്ടിയെ ക്ലാസിൽനിന്ന് ക്ലാസെടുത്തിരുന്ന അച്ചൻ ഗെറ്റ്ഔട്ട് അടിച്ചു... മെഗാസ്റ്റാർ മമ്മൂട്ടിയുടെ കോളജ് ജീവിതം രസകരമായ പല അനുഭവങ്ങളും നിറഞ്ഞതായിരുന്നു. അടുത്ത കാലത്ത് ഒരു പ്രസംഗത്തിലാണ് ഈ കോളജ് അനുഭവം മമ്മൂട്ടി പങ്കുവച്ചത്.
തേവരയിലും മഹാരാജാസിലും ലോ കോളജിലും മുഹമ്മദുകുട്ടി എന്ന മമ്മൂട്ടി ഒപ്പിച്ച വികൃതികൾ ഇന്നും ചിരിക്കു വക നൽകുന്നവയാണ്. തേവര കോളജില്‍ പഠിക്കുന്ന കാലത്താണ് ചിരി വിനയായി ക്ലാസിനു പുറത്തായത്.
ഒരിക്കൽ ക്ലാസില്‍നിന്നു മമ്മൂട്ടിയെ പുറത്താക്കി. മലയാളം ക്ലാസിലാണു സംഭവം. ഫാ. ഡൊമീഷ്യന്‍ ആണു മലയാളം പഠിപ്പിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം ക്ലാസില്‍ എന്തോ തമാശ പറഞ്ഞു. അതുകേട്ട് മുഴുവന്‍ വിദ്യാര്‍ഥികളും ചിരിച്ചു.
നിർത്താൻ പറ്റാത്ത ചിരി
മമ്മൂട്ടിയുടെ ചിരി അൽപ്പം ഉറക്കെയായിരുന്നു. ഫ്രണ്ട്സ് സിനിമയിലെ ശ്രീനിവാസിന്റെ ചിരി പോലെ മറ്റുള്ളവരുടെ ചിരി നിലച്ചിട്ടും മമ്മൂട്ടിയുടെ ചിരി നീണ്ടുപോയി. തന്നെ മമ്മൂട്ടി പരിഹസിക്കുകയാണെന്നാണ് അച്ചനു തോന്നിയത്.
കോപംകൊണ്ട് അച്ചന്റെ മുഖം ചുവന്നു. മമ്മൂട്ടിയുടെ നേരേ വിരല്‍ ചൂണ്ടി അദ്ദേഹം ഗര്‍ജിച്ചു- യൂ... നമ്പര്‍ ഫിഫ്റ്റി സ്റ്റാന്‍ഡപ് ആന്‍ഡ് ഗറ്റൗട്ട്. അതുകേട്ട് മമ്മൂട്ടി ഞെട്ടിപ്പോയി. കോളജില്‍ ചേര്‍ന്നു മൂന്നോ നാലോ മാസത്തിനുള്ളിലായിരുന്നു സംഭവം. ക്ലാസില്നിന്നിറങ്ങിയ മമ്മൂട്ടി നേരെ കുമ്പളത്തെ ബന്ധുവിന്റെ വീട്ടിലേക്കാണു പോയത്.
അവിടെ ആരോടും ഇതേക്കുറിച്ചു പറഞ്ഞില്ല. അടുത്ത ദിവസം ചെമ്പില്‍ സ്വന്തം വീട്ടിലെത്തി. മകനെ കണ്ടപാടെ ബാപ്പ പൊട്ടിത്തെറിച്ചു: നിന്നെയൊക്കെ എതിനാടാ കോളജില്‍ വിടുന്നത്? പഠിക്കാനോ അതോ അധ്യാപകരെ പരിഹസിക്കാനോ?
ചെമ്പില്‍നിന്നു ദിവസവും തേവര കോളജില്‍പോയി പഠിക്കുന്ന ചില വില്ലന്മാര് തലേദിവസംതന്നെ വാര്‍ത്ത ബാപ്പയുടെ ചെവിയില്‍ എത്തിച്ചിരുന്നു.
വീണ്ടും അകത്തായി
ഡോക്ടറാകാന്വേണ്ടി മകനെ വലിയ പ്രതീക്ഷകളോടെ കോളജിലേക്ക് അയച്ചതാണ്. പക്ഷേ, തുടക്കത്തില്‍തന്നെ ചുവടു പിഴച്ചാലോ? ബാപ്പയുടെ ചിന്ത ഇങ്ങനെയായിരുന്നു: എങ്ങനെയാണ് അഡ്മിഷന് വാങ്ങിയതെന്ന് എനിക്കറിയാം. നീ പഠിച്ചാലും പഠിച്ചില്ലെങ്കിലും ഈ കാര്യത്തിനു ഞാന്‍ കോളജിലേക്കില്ല- ബാപ്പ തീര്‍ത്തു പറഞ്ഞു. മമ്മൂട്ടി അടുത്ത ദിവസം ഒറ്റയ്ക്കുചെന്നു പ്രിന്‍സിപ്പലിനെ കണ്ടു. ഫാ. ഗായോസാണ് അന്നു തേവര കോളജിന്റെ പ്രിന്‍സിപ്പല്‍.
അച്ചോ, ഞാന്‍ ആ സംഭവം മനഃപൂര്‍വം ഉണ്ടാക്കിയതല്ല. എല്ലാവരും ചിരിച്ചു. കൂടെ ഞാനും ചിരിച്ചു എന്നു മാത്രം. ചിരി തുടങ്ങാനല്പം താമസിച്ചുപോയതുകൊണ്ട് എന്റെ ചിരി അല്പം നീണ്ടുപോയി. അല്ലാതെ ഞാന്‍ വേറൊരു കുഴപ്പവും കാണിച്ചില്ല- മമ്മൂട്ടി പറഞ്ഞു. വിനയപൂര്‍വമുള്ള മമ്മൂട്ടിയുടെ പ്രകടനം അച്ചന് ഇഷ്ടമായി. അങ്ങനെ പുറത്തായ മമ്മൂട്ടി വീണ്ടും കോളജിന്റെ അകത്തായി.
Movies
കളങ്കാവല്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി മാറിയിരിക്കുന്നത്. മമ്മൂട്ടിച്ചിത്രം രണ്ടാം വാരാന്ത്യത്തിലും മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 2025-ല്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രമായി കളങ്കാവല്‍. 11 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളങ്കാവല്‍ വലിയ കളക്ഷനാണ് കരസ്ഥമാക്കിയത്.
രണ്ടാം തിങ്കളാഴ്ച, 11-ാം ദിവസം ക്രൈം ത്രില്ലര്‍ 75 ലക്ഷം രൂപ നേടി. ആകെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍നിന്ന് 32.92 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ഇപ്പോഴും മികച്ച പ്രേക്ഷകപ്രീതിയോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വൈകാതെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.
ആഴ്ച തിരിച്ചുള്ള കളക്ഷന്‍:
ആദ്യ ആഴ്ച- 26.3 കോടി
എട്ടാം ദിവസം- 1.65 കോടി
ഒമ്പതാം ദിവസം- 2.1 കോടി
പത്താം ദിവസം- 2.15 കോടി
11-ാം ദിവസം- 75 ലക്ഷം
ആകെ- 32.95 കോടി രൂപ.
2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ മലയാള ചിത്രമാണിത്. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍-സന്ത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തെ (40.14 കോടി) മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ വിനായകന്, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിനിയുടെ ബാനറില്‍ 29 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2025ലെ മികച്ച 10 മലയാള ചിത്രങ്ങള്‍:
ലോക- 157.01 കോടി
തുടരും- 122 കോടി
എംപുരാന്- 106.77 കോടി
ആലപ്പുഴ ജിംഖാന- 44.25 കോടി
ഡീയെസ് ഇറേ- 41.35 കോടി
ഹൃദയപൂര്‍വം- 40.14 കോടി
കളങ്കാവല്‍- 32.95 കോടി (പ്രദര്‍ശനം തുടരുന്നു)
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 31.64 കോടി
രേഖാചിത്രം- 26.6 കോടി
എക്കോ- 23.93 കോടി (പ്രദര്‍ശനം തുടരുന്നു).
Movies
മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാലുദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റിക്കാര്‍ഡും കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍.
മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
എട്ടു മാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനെ ഏറ്റെടുത്തത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ്- എം. ആർ. രാജാകൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ- വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകർ, സംഘട്ടനം- ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ- ഡിക്സൻ പി ജോ.
വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.
നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു.
ആ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തെരഞ്ഞെടുപ്പിലും 2024 ലോക്സഭാ തെരഞ്ഞെടുപ്പിലും മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തിരുന്നു. പൊന്നുരുന്നി സികെസി എൽപി സ്കൂളിലായിരുന്നു വോട്ട്.
Movies
ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് ഇച്ചാക്കയുടെ അഭിനന്ദനം. കൊച്ചിയിൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ സെറ്റിൽ വച്ചായിരുന്നു മോഹൻലാലിനെ മമ്മൂട്ടി അഭിനന്ദിച്ചത്.
ഫാൽക്കെ അവാർഡ് നേടിയതിനുശേഷം മോഹൻലാൽ ആദ്യമായാണ് മമ്മൂട്ടിയെ നേരിൽകാണുന്നത്. ശനിയാഴ്ച കൊച്ചിയിൽ പാട്രിയറ്റന്റെ അവസാന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്ത ദിവസം തന്നെ മമ്മൂട്ടി അഭിനന്ദനവുമായെത്തി.
സംവിധായകൻ മഹേഷ് നാരായണൻ, നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, സി.ആർ.സലിം, ആന്റോ ജോസഫ്, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, എസ്.എൻ.സ്വാമി, കന്നഡ നടൻ പ്രതീഷ് ബലവാടി, കാമറാമാൻ മാനുഷ് നന്ദൻ തുടങ്ങിയവർ മമ്മൂട്ടി-മോഹൻലാൽ അഭിനന്ദനസംഗമത്തിന് സാക്ഷികളായി.
Movies
കളങ്കാവൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി. മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടതെന്നും ധീരമായ പരീക്ഷണമാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കളങ്കാവൽ: ധീരമായ പരീക്ഷണം. മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടത്.
കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് കളങ്കാവൽ പ്രേക്ഷകമനസിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നല്ല സിനിമകൾ വിജയിക്കട്ടെ.
Movies
വില്ലനിസത്തിന്റെ സമസ്തഭാവങ്ങളും വാരിവിതറി ഇങ്ങനെയൊരു വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകര്‍ ഇതേവരെ മമ്മൂട്ടിയെ കണ്ടിട്ടുണ്ടാവില്ല. വേറിട്ട അഭിനയമൂഹൂര്ത്തങ്ങള്ക്കും കഥാപാത്രങ്ങള്‍ക്കും വേണ്ടി ദാഹിക്കുന്ന മമ്മൂട്ടിയിലെ നടന് സംവിധായകന് ജിതിന് കെ. ജോസ് സമ്മാനിച്ച ഉജ്ജ്വല വില്ലന്‍. അതാണു കളങ്കാവലിലെ സ്റ്റാന്‍ലി ദാസ്.
എന്നാലും ഇങ്ങനെയുണ്ടാകുമോ ഒരു വില്ലന്‍? തുടക്കം മുതല്‍ ഒടുക്കം വരെയും വില്ലനിസത്തിന്റെ ഗ്രാഫ് മേലേയ്ക്കുതന്നെ വരച്ചുനീട്ടുന്ന അപൂർവ കഥാമൂഹൂര്ത്തങ്ങളുടെ ഘോഷയാത്ര. ഇനിയൊരാള്‍ക്കും മമ്മൂട്ടിയെ ഇതുക്കുംമേലെ വില്ലനായി അവതരിപ്പിക്കാന്‍ കഴിയാത്തവിധത്തിലുള്ള കാഴ്ചകളും കാര്യങ്ങളുമാണ് ജിതിനും ജിഷ്ണുവും ചേര്‍ന്നു പടച്ചുവിട്ടിരിക്കുന്നത്.
ഒരു പ്രാദേശിക കലാപത്തിന്റെ അന്വേഷണത്തിനിടെ അന്വേഷണ സംഘം ചില സ്ത്രീകളെ കാണാതാകുന്ന കേസുകളിലേക്ക് എത്തിപ്പെടുകയാണ്. അത്തരം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലുള്ളവരാണ് വിനായകന് അവതരിപ്പിക്കുന്ന ജയകൃഷ്ണനും ജിബിന്‍ ഗോപിനാഥിന്റെ ആനന്ദും. തുടര്‍ന്ന് അവര്‍ എത്തിപ്പെടുന്ന ഞെട്ടിക്കുന്ന സംഭവപരമ്പരകളിലൂടെയാണ് കളങ്കാവൽ യാത്രകൾ.
വാസ്തവത്തിൽ, ദാരികനെത്തേടി ഭദ്രകാളി നടത്തുന്ന ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ ചില ക്ഷേത്രങ്ങളില്‍ നടത്തുന്ന ഒരു ചടങ്ങാണു കളങ്കാവല്‍. ഈ സിനിമയിലുമുണ്ട് ദാരികനും ഭദ്രകാളിയും. ദാരികനെത്തേടിയുള്ള ഭദ്രകാളിയുടെ യാത്രകളുമുണ്ട്. കഥാന്ത്യം വലിയൊരു സസ്പെന്‍സാണ്, അതിലൊരു ട്വിസ്റ്റുമുണ്ട്. അതൊക്കെ തിയറ്ററില്‍ കണ്ടറിയുന്നതല്ലേ ത്രില്‍.
Movies
മമ്മൂട്ടിയുടെ നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ചത് താരത്തിന്റെ കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്.
കളങ്കാവലിന്റെ സംവിധായകൻ ജിതിൻ കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.
ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.
ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവലിന്റെ പ്രി-റിലീസ്
ടീസർ പുറത്തായി. ഡിസംബർ അഞ്ചിന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
Kerala
തിരുവനന്തപുരം: മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണൻ പുതിയ ചിത്രം ഒരുക്കുന്നു. 32 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അടൂരും മമ്മൂട്ടിയും ഒന്നിക്കുന്നത്.
ചിത്രത്തിന്റെ രചനാ സമയത്ത് മമ്മൂട്ടിയുടെ മുഖമാണ് കേന്ദ്ര കഥാപാത്രത്തിന്റെ സ്ഥാനത്ത് മനസില്‍ തെളിഞ്ഞതെന്ന് അടൂര്‍ പറഞ്ഞു. സിനിമയുടെ മറ്റ് കാസ്റ്റിംഗ് പുരോഗമിക്കുകയാണെന്നും ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നാലാമത്തെ തവണയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടി എത്തുന്നത്.
അനന്തരം (1987), മതിലുകള്‍ (1990), വിധേയന് (1993) എന്നിവയാണ് ഇതിനകം ചെയ്ത മൂന്ന് ചിത്രങ്ങള്‍. ഇതില്‍ മതിലുകളിലും വിധേയനിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു.
Movies
സിഗരറ്റ് കടിച്ചുപിടിച്ച്, ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടിയുടെ വല്ലാത്തൊരു നോട്ടത്തിലും ചിരിയിലും തുടങ്ങിയതാണ് മമ്മൂട്ടി-വിനായകന് സിനിമ "കളങ്കാവലി'ന്റെ സസ്പെന്‍സും ത്രില്ലും. "ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോഴാണെന്ന് അറിയാമോ’ എന്ന മമ്മൂട്ടിയുടെ ഡയലോഗു കൂടിയായപ്പോള്‍, ട്രെയിലറില്‍ ഉദ്വേഗം ഒരുപടികൂടി കടന്നു.
മമ്മൂട്ടി വില്ലനാണോ, ഇതു സയനൈഡ് മോഹന്റെ ക്രൈം ലൈഫാണോ...നിരവധിയാണ് ഇതുസംബന്ധിച്ചു പ്രചരിക്കുന്ന ഊഹാപോഹങ്ങളും ചോദ്യങ്ങളും. ചിത്രത്തിന്റെ സംവിധായകനും സഹരചയിതാവുമായ ജിതിന് കെ. ജോസ് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
എന്താണു കളങ്കാവല്‍..?
ദാരികനെത്തേടി ഭദ്രകാളീദേവി നടത്തുന്ന ഒരു യാത്രയുടെ ഐതിഹ്യവുമായി ബന്ധപ്പെട്ടു ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള ചടങ്ങാണു കളങ്കാവല്‍. എന്റെ കളത്തിനു ഞാന്‍ കാവല്‍ നില്ക്കുന്നു എന്നാണ് അതിന്റെ വാച്യാര്‍ഥം. കളത്തിനു വിവിധ അര്‍ഥങ്ങളുണ്ട്. മലയാളത്തിലും തമിഴിലും ഒരേ അര്‍ഥം തന്നെയാണ്. ഇതിന്റെ കഥാഭൂമിക കേരള-തമിഴ്നാട് അതിര്‍ത്തിയിലായതുകൊണ്ടും ഈ രണ്ടു സംസ്കാരങ്ങളെ ഈ സിനിമ ഉള്ക്കൊള്ളുന്നതിനാലുമാണ് ഈ പേരിലെത്തിയത്. മാത്രമല്ല, ഇതിന്റെ പ്രമേയവുമായും ആ ഐതിഹ്യത്തിനു ബന്ധമുണ്ട്.
Movies
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം കളങ്കാവലിന്റെ റിലീസ് നീട്ടി. മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് റിലിസ് തീയതി മാറ്റിയ വിവരം പങ്കുവച്ചത്.
പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. നവംബർ 27ന് ആഗോള തലത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നാണ് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. നാഗർകോവിൽ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റി ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.
Movies
മമ്മൂട്ടിയെ പ്രശംസിച്ച് യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകൾകൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ലെന്ന് അദ്ദേഹം പറയുന്നു.
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനം മുൻനിർത്തിയാണ് അദ്ദേഹത്തിന്റെ പ്രശംസ.
ഡോ. ഗീവർഗീസ് മാർ കൂറിലോസിന്റെ വാക്കുകൾ
നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക? കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ് എയർവെയ്സ് ഫ്ലൈറ്റിൽ ഭ്രമയുഗം സിനിമ കണ്ടത്.
അപ്പോൾ മനസിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്. ഇന്ത്യൻ സിനിമയിൽ മെത്തേഡ് ആക്ടിംഗിൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാപാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ ഡാനിയൽ ഡേ ലൂവിസ് എന്നോ റോബർട് ഡെ നീറോ എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം.
ഏബ്രഹാം ലിങ്കനെ അവതരിപ്പിച്ച ഡാനിയൽ ഡേ ലൂവിസ് ഷൂട്ടിങ് തീരുന്നതു വരെയും ആ കഥാപാത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലിഷ് ഭാഷാശൈലിയിലെ പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്.
‘ടാക്സി ഡ്രൈവർ’ ആയി അഭിനയിക്കാൻ ജീവിതത്തിൽ നീറോ ടാക്സി ഡ്രൈവർ ആയതു പോലെ! ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യാസവും (modulation) ഇത്രമേൽ സമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല.
സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്.
കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച )കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ട് അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ.
ഒരുപക്ഷേ തന്റെ രാഷ്ട്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരൻപ്, നന്‍പകൽ നേരത്തു, കാതൽ അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരണങ്ങൾ. എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.
അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു, വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ. നമ്മുടെ എല്ലാം പ്രാർഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..
നാട്യ കലയിൽ സപര്യ തുടരാൻ. തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ ഒരു ആഗ്രഹം കൂടി പങ്കുവയ്ക്കുന്നു: കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം. ഒരു മമ്മൂട്ടി ഫാന്‍.
Movies
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാട്ടിൽ തിരിച്ചെത്തിയ ഉറ്റസുഹൃത്ത് മമ്മൂട്ടിയെ കാണാൻ വീട്ടിൽ ചെന്ന വിശേഷങ്ങളുമായി നടൻ വി.കെ. ശ്രീരാമൻ. ഭാര്യയ്ക്കൊപ്പം മമ്മൂട്ടിയുടെ കൊച്ചി കടവന്ത്രയിലെ വീട്ടിലാണ് ശ്രീരാമൻ ചെന്നത്.
മമ്മൂട്ടിക്ക് ഫോട്ടോഗ്രാഫിയിലുള്ള കമ്പം വളരെ രസകരമായാണ് ശ്രീരാമൻ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്. മമ്മൂട്ടി പകർത്തിയ തന്റെയും ഭാര്യയുടെയും ചിത്രങ്ങളും താരം പങ്കുവച്ചു.
‘ഇന്നുച്ചതിരിഞ്ഞ് എറണാളത്ത് കടവന്ത്ര ഭാഗത്തൊരു വീട്ടീപ്പോയി. ന്റെ തീയ്യത്തീം ഇണ്ടാർന്നു കൂടെ. വീട്ടൊടമസ്ഥൻ കലാരസികനാ. ച്ചാൽ കലാകാരനും രസികനുമാണ് എന്നർത്ഥം. അനർത്ഥം എന്താച്ചാൽ ഇടയ്കിടക്ക് ‘നിനക്കൊക്കെ നന്നായിക്കൂഡ്രാ’ എന്ന് ചോദിക്കും. പിന്നെ ഫോട്ടം പിടിച്ചു കൊണ്ടിരിക്കും. അപ്ലൊക്കെ ചിരിക്കടാ എന്നു ഗർജ്ജിക്കും. നമ്മളെക്കൊണ്ട് കൂട്ട്യാ കൂടണേലോരി അല്ലെ നമ്മള് ചിർക്ക്യാ. ബ്രമ്മയുഗം പോല്യൊക്കെ നമ്മക്ക് പറ്റ്വോ?’
മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് വി.കെ ശ്രീരാമൻ. ഇരുവരും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് വി.കെ ശ്രീരാമൻ പോസ്റ്റ് ചെയ്ത കുറിപ്പ് വലിയ ആരാധകശ്രദ്ധ നേടിയിരുന്നു.
മമ്മൂട്ടിയുമായി നടത്തിയ ഫോൺ സംഭാഷണത്തിന്റെ രത്നച്ചുരുക്കമാണ് അന്ന് ശ്രീരാമൻ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയകാല ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.
Movies
മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി എന്ന മഹാനടന്റെ വേഷപ്പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്ന് അണിയറ പ്രവർത്തകരും പറയുന്നു.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
Movies
മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിച്ചെത്തുന്ന ഒരു ചിത്രത്തിനായി ആരാധകർ കാലങ്ങളായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വാപ്പച്ചിക്കൊപ്പം സ്ക്രീൻ പങ്കിടുന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ.
സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ വേഫെയറർ ഫിലിംസ് നിർമിച്ച ലോക, ചാപ്റ്റർ വൺ ചന്ദ്ര എന്ന ചിത്രത്തിന്റെ തുടർ ഭാഗങ്ങളിലാണ് മമ്മൂട്ടി എത്തുകയെന്നും ഇത് തനിക്ക് 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണാവസരമാണെന്നും ദുൽഖർ വ്യക്തമാക്കി.
താൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം ഇതിന് സമ്മതിക്കില്ലായിരുന്നുവെന്നും ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.
ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി ഉയർന്നുപോയി. ബജറ്റിനെക്കുറിച്ച് കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി. ‘ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ലോക.
സിനിമയിൽ എത്തി 14 വർഷത്തിന് ശേഷമാണ് എനിക്ക് ഈ സുവർണാവസരം ലഭിച്ചത്, എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം അതിന് സമ്മതിക്കില്ല, ഞാൻ ആദ്യം സ്വയം കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നു. ഈ ഇതിഹാസത്തിനൊപ്പം സ്ക്രീൻ പങ്കിടുന്ന ഈ നിമിഷം അഭിമാനകരവും വൈകാരികവുമാണ്. ദുൽഖർ സൽമാന് പറഞ്ഞു.
ലോകയുടെ അടുത്ത ഭാഗങ്ങളിൽ മൂത്തോൻ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന് അണിയറപ്രവർത്തകർ നേരത്തെ സൂചന നൽകിയിരുന്നു.
Movies
സംസ്ഥാനപുരസ്കാരത്തിന്റെ നേട്ടത്തിന് പിന്നാലെ മറ്റൊരു പൊൻതൂവൽ കൂടി സ്വന്തമാക്കി ഭ്രമയുഗം. ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്.
അക്കാദമി മ്യൂസിയത്തിന്റെ Where the Forest Meets the Sea എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.
ഈ വിഭാഗത്തിലേക്ക് പ്രവേശനം ലഭിച്ച ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഇതോടൊപ്പം ഭ്രമയുഗത്തിന് സ്വന്തമാണ്.
നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഭ്രമയുഗം ടീമിന്റെ ഒരു വമ്പൻ അപ്ഡേറ്റ് ഇന്ന് രാത്രി എത്തുമെന്ന് നിർമാതാവ് ചക്രവർത്തി രാമചന്ദ്രൻ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
പിന്നാലെ സംവിധായകൻ രാഹുല്‍ സദാശിവം അതിന് മറുപടിയുമായി എത്തി. ഇത് ചതിയാണെന്നും രാത്രി 10.30-ന് പുറത്തുവിടാൻ ഇരുന്ന കാര്യമല്ലേ സർ എന്നും പറഞ്ഞു. തനിക്ക് അതുവരെ കാത്തിരിക്കാനുള്ള ക്ഷമ ലഭിച്ചില്ലെന്നാണ് നിർമാതാവ് ചക്രവർത്തി പറഞ്ഞത്.
ഇരുവരുടേയും എക്സ് തര്‍ക്കത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഊഹാപോഹങ്ങള്‍ പടര്‍ന്നു. ചിത്രം കളര്‍ പ്രിന്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റായിരിക്കാം വരാന്‍ പോകുന്നതെന്നുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പലരും കുറിച്ചു.
ഒടുവില്‍ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണെന്ന അപ്ഡേറ്റ് പുറത്തുവിടുകയായിരുന്നു.
Kerala
തിരുവനന്തപുരം: രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. ലോസ് ഏഞ്ചൽസിലെ ഓസ്കാർ അക്കാദമി മ്യൂസിയത്തിലാണ് പ്രദർശനം.
2026 ഫെബ്രുവരി 12ന് ആണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം. ഓസ്കാർ അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിലാണ് പ്രദർശനം. ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമയും ഭ്രമയുഗമാണ്.
ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽ.എൽ.പി.യാണ് നിർമ്മിച്ചത്.
Movies
ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി നേടിയ സന്തോഷം പങ്കുവച്ച് നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഷംല ഹംസയെ ഈ നേട്ടത്തിന് അർഹയാക്കിയത്.
മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ തന്നെ തനിക്കും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറഞ്ഞു.
എന്റെ കൂടെ അഭിനയിച്ച കുമാർ സുനിൽ ചേട്ടൻ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. വളരെ സീനിയർ ആക്ടർ ആയിട്ടുകൂടി വളരെ നല്ല രീതിയിൽ എന്നോട് കൂടി ചർച്ച ചെയ്തു കഥാപാത്രം ചെയ്യാൻ പറ്റി.
അതൊക്കെ ഇതിന് വലിയൊരു മുതൽക്കൂട്ടായി. അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം. ഞാൻ നോക്കിയത് ഈ കഥാപാത്രത്തെ ആണ്. ഈ കഥാപാത്രത്തിൽ എനിക്ക് അഭിനയിക്കാൻ കുറെ ഉണ്ട് എന്ന് മനസിലാക്കിയാണ് ഈ സിനിമ ചെയ്തത്.
കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. മമ്മൂക്കയുടെ കൂടെ ഈ പുരസ്കാരം ലഭിച്ചത് ഈ സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു. എന്റെ കൂടെ ഈ പുരസ്കാരത്തിന് വേണ്ടി മത്സരിച്ച എല്ലാ കലാകാരികൾക്കും നന്ദി. വളരെ പിന്തുണ തരുന്ന ഒരു ക്രൂ ആയിരുന്നു സിനിമയുടേത്. എല്ലാവരും എന്നെ ഒരുപാട് പിന്തുണച്ചു.
പ്രത്യേകിച്ച് കുമാർ ചേട്ടനെ, വിജി ചേച്ചി, നമ്മുടെ സംവിധായകൻ നിർമ്മാതാക്കൾ എല്ലാവരോടും നന്ദി. ആയിരത്തൊന്നു നുണകൾ എന്ന സിനിമ കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിച്ചത്. ആ സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദി. ഈ നേട്ടം എന്റെ മാത്രം കഴിവല്ല. എന്റെ ക്രൂ എല്ലാം വളരെ നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ പുരസ്കാരം ലഭിച്ചത്. ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. ഷംല ഹംസ പറഞ്ഞു.
യാഥാസ്ഥിതികനായ ഭർത്താവിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു മെത്ത വാങ്ങാൻ ശ്രമിക്കുന്ന ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ഷംല ഹംസ അവതരിപ്പിച്ചത്.
യാതൊരു ഒച്ചപ്പാടുമില്ലാതെ ദൈനംദിന ജീവിതത്തിലെ നിസ്സഹായതകളും പ്രതിഷേധവും വളരെ സ്വാഭാവികമായും ആഴത്തിലും പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടിക്കു കഴിഞ്ഞു
Movies
മികച്ച നടനുള്ള പരിഗണനയിൽ മമ്മൂട്ടിയുടെ പേരിനൊപ്പം ഇഞ്ചോടിഞ്ച് മത്സരിച്ചാണ് ആസിഫ് അലിക്ക് ഒടുവിൽ പ്രത്യേക ജൂറി പരാമർശത്തിലേയ്ക്ക് മാറിപ്പോകേണ്ടി വന്നത്. വീട്ടുകാരുമൊത്ത് ലൈവായിട്ടാണ് താരം പുരസ്കാര പ്രഖ്യാപനം കണ്ടത്. ഒടുവിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചപ്പോൾ സന്തോഷത്താൽ കണ്ണുനിറഞ്ഞ ആസിഫിനെ മലയാളികൾ കണ്ടു.
ലെവൽ ക്രോസ്, കിഷ്കിന്ധാകാണ്ഡം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശ(സ്പെഷൽ ജൂറി മെൻഷൻ)മാണ് താരത്തിന് ലഭിച്ചത്. ആസിഫിന് ആദ്യമായി ലഭിക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരമാണിത്.
മമ്മൂട്ടിയോടൊപ്പം മികച്ച നടനുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടിയതിലുള്ള വലിയ സന്തോഷം ആസിഫ് അലി പങ്കുവച്ചു. താൻ ഏറെ ആഗ്രഹിച്ച അംഗീകാരമാണിതെന്നും, ഇത് സ്വപ്നം കാണുക മാത്രമല്ല, അതിനായി ശ്രമിച്ചാൽ നേടാനും കഴിയുമെന്നതിന്റെ തെളിവാണ് ഈ അവാർഡ് എന്നും ആസിഫ് അലി പ്രതികരിച്ചു.
അർഫാസ് അയൂബ് സംവിധാനം ചെയ്ത ചിത്രം ലെവൽ ക്രോസിൽ ആസിഫ് അലിയുടെ പ്രകടനത്തെക്കുറിച്ച് എടുത്തു പറയാതിരിക്കാൻ ആകില്ല. ഒപ്പം കിഷ്കിന്ധകാണ്ഡത്തിലും രേഖാചിത്രത്തിലും ആസിഫ് തന്റേതായ അഭിനയപാടവം കാഴ്ച വച്ചു.
ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടന് വിജയങ്ങളും പരാജയങ്ങളും ഒരേപോലെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 2009-ൽ തുടങ്ങിയ യാത്ര 15 വർഷങ്ങൾക്കിപ്പുറം സംസ്ഥാന അവാർഡിലേയ്ക്ക് എത്തിച്ചു.
ചില സിനിമകൾ പ്രതീക്ഷിച്ച വിജയംനേടാതെ വന്നപ്പോൾ ആസിഫ് അലിയുടെ കരിയർ ഇടിഞ്ഞു എന്ന് ചില വിമർശകർ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. പക്ഷേ അവയ്ക്കുള്ള ഉത്തരമായിരുന്നു ആസിഫ് അലിക്ക് 2024 നൽകിയത്.
ഇടുക്കി തൊടുപുഴ സ്വദേശിയായ ആസിഫ് ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് തന്നെ പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ജോലി ചെയ്തു. തുടർന്ന് ശ്യാമപ്രസാദിന്റെ ഋതുവിലൂടെ മലയാളസിനിമയുടെ വെളിച്ചത്തിലേയ്ക്ക് കാലെടുത്തുവച്ചെങ്കിലും ആസിഫ് ശ്രദ്ധിക്കപ്പെട്ടത് സത്യൻ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിത്രത്തിലൂടെയാണ്.
മൂന്നാമത്തെ ചിത്രം സിബി മലയിൽ സംവിധാനം ചെയ്ത അപൂർവരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത മറ്റൊരു സിനിമയായിരുന്നു ഇത്. ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിൻ എന്നീ സിനിമകളിൽ പിന്നീട് നായകനായെങ്കിലും ട്രാഫിക്, സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രങ്ങളിലൂടെ ആസിഫ് മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനായി. തുടർന്ന് നിരവധി ചിത്രങ്ങൾ ആസിഫിന്റേതായി പുറത്തിറങ്ങി.
വിജയപരാജയങ്ങൾ തിരിച്ചറിഞ്ഞു. എല്ലാത്തിനുമൊടുവിൽ തന്റെ സ്വതസിദ്ധമായ ചിരിയിൽ ആസിഫ് എല്ലാവരുടെയും മനസ് കീഴടക്കാൻ പാകത്തിന് വളർന്നു. ആസിഫിന്റെ ചിരിക്ക് പോലും വലിയ അർഥങ്ങളുണ്ടെന്ന് കാലം തെളിയിച്ച സന്ദർഭങ്ങളുണ്ടായി. ഇപ്പോഴിതാ തന്റെ പേരിലേയ്ക്ക് ഒരു പുരസ്കാരം എഴുതിചേർക്കപ്പെട്ടപ്പോൾ അയാൾ നിറഞ്ഞു ചിരിക്കുകയാണ്.
Movies
മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയുമായ 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സമ്പൂർണ പട്ടിക.
2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത് 128 ചിത്രങ്ങളാണ്. ഇതിൽ ആറെണ്ണം കുട്ടികളുടെ ചിത്രങ്ങളാണ്. ഇതിൽ നിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 64 വീതം സിനിമകൾ കാണുകയും 37 സിനിമകളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും ചെയ്തു.
കുട്ടികളുടെ ചിത്രങ്ങൾ അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ല. മികച്ച കുട്ടികളുടെ സിനിമ, മികച്ച ബാലതാരം (ആൺ), മികച്ച ബാലതാരം (പെൺ) എന്നീ വിഭാഗങ്ങളിൽ അവാർഡുകൾ നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു.
സമർപ്പിക്കപ്പെട്ട ചിത്രങ്ങൾ കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവയായിരുന്നില്ല. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടതുമില്ല എന്ന് ജൂറി വിലയിരുത്തി.
1. മികച്ച ചിത്രം (മഞ്ഞുമ്മൽ ബോയ്സ്), സംവിധായകൻ ചിദംബരം - നിർമാതാക്കൾ- ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ (നിർമാതാക്കൾക്ക് 66,666/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം, സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
2. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ-സംവിധായകൻ ഫാസിൽ മുഹമ്മദ്, നിർമാതാക്കൾ- സുധീഷ് സ്കറിയ
താമർ കെ.വി. (നിർമാതാക്കൾക്ക് 75,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം, സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
3. മികച്ച സംവിധായകൻ ചിദംബരം ചിത്രം മഞ്ഞുമ്മൽ ബോയ്സ് (2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
6 കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് 2024 4. മികച്ച നടൻ ചിത്രം മമ്മൂട്ടി ഭ്രമയുഗം (1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
5. മികച്ച നടി ചിത്രം ഷംല ഹംസ ഫെമിനിച്ചി ഫാത്തിമ (1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
6. മികച്ച സ്വഭാവനടൻ- സൗബിൻ ഷാഹിർ(മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ(ഭ്രമയുഗം) (25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
7. മികച്ച സ്വഭാവനടി ചിത്രം ലിജോമോൾ ജോസ് (നടന്ന സംഭവം)(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
8. മികച്ച ബാലതാരം (ആൺ) ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.
9. മികച്ച ബാലതാരം (പെൺ) ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.
10. മികച്ച കഥാകൃത്ത് -പ്രസന്ന വിതാനഗെ (പാരഡൈസ്) (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
11. മികച്ച ഛായാഗ്രാഹകൻ - ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്) (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
12. മികച്ച തിരക്കഥാകൃത്ത്-ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്) (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
13. മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) ലാജോ ജോസ്, അമൽ നീരദ് (ബോഗയ്ൻവില്ല) (25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
14. മികച്ച ഗാനരചയിതാവ് -വേടൻ (വിയർപ്പ് തുന്നിയിട്ട കുപ്പായം) മഞ്ഞുമ്മൽ ബോയ്സ് (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
15. മികച്ച സംഗീത സംവിധായകൻ സുഷിൻ ശ്യം (മറവികളെ പറയൂ.... ചിത്രം
ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി ബോഗയ്ൻവില്ല) (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
16. മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം) ചിത്രം ക്രിസ്റ്റോ സേവ്യർ ഭ്രമയുഗം (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
17. മികച്ച പിന്നണി ഗായകൻ (ആൺ)- കെ.എസ്.ഹരിശങ്കർ കിളിയേ...(പൂവേ പൂവേ താഴമ്പൂവേ....) എ.ആർ.എം. (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
18. മികച്ച പിന്നണി ഗായിക (പെൺ) സെബ ടോമി (ആരോരും കേറിടാത്തൊരു ചില്ലയിൽ) അം അഃ (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
19. മികച്ച ചിത്രസംയോജകൻ -സൂരജ് ഇ.എസ്. (കിഷ്കിന്ധാ കാണ്ഡം) (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
20. അജയൻ ചാലിശേരി (മഞ്ഞുമ്മൽ ബോയ്സ്) മികച്ച കലാസംവിധായകൻ ചിത്രം (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
21. മികച്ച സിങ്ക് സൗണ്ട് അജയൻ അടാട്ട് (പണി -50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
22. മികച്ച ശബ്ദമിശ്രണം ചിത്രം - ഫസൽ എ. ബക്കർ, ഷിജിൻ മെൽവിൻ ഹട്ടൻ (മഞ്ഞുമ്മൽ ബോയ്സ്-25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
23. മികച്ച ശബ്ദരൂപകൽപ്പന ചിത്രം ഷിജിൻ മെൽവിൻ ഹട്ടൻ
അഭിഷേക് നായർ മഞ്ഞുമ്മൽ ബോയ്സ് (25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് ശ്രീക് വാര്യർ, പോയറ്റിക് ഹോം ഓഫ്
മഞ്ഞുമ്മൽ ബോയ്സ്, ബോഗയ്ൻവില്ല (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
25. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് ചിത്രങ്ങൾ റോണക്സ് സേവ്യർ - ബോഗയ്ൻവില്ല
ഭ്രമയുഗം (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
26. മികച്ച വസ്ത്രാലങ്കാരം ചിത്രം സമീറ സനീഷ് (രേഖാചിത്രം, ബോഗയ്ൻവില്ല, 50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
27. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ) ഭാസി വൈക്കം (രാജ ഒ.വി.) ബറോസ് ഗാർഡിയൻ ഓഫ് ട്രഷേഴ്സ് 3D വൂഡൂ (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
28. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ) സയനോര ഫിലിപ്പ് -ബറോസ് ഗാർഡിയൻ ഓഫ് ട്രഷേഴ്സ് 3D മുവെസി മരിയ കഥാപാത്രത്തിന്റെ)
29. മികച്ച നൃത്തസംവിധാനം - സുമേഷ് സുന്ദർ ജിഷ്ണുദാസ് എം.വി. ബോഗയ്ൻവില്ല (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
30-ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം പ്രേമലു - നിർമാതാക്കൾ (ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ ശ്യം പുഷ്കരൻ), സംവിധായകൻ ഗിരീഷ് എ.ഡി (നിർമാതാവിന് 33,333/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
31. മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും) ഫെമിനിച്ചി ഫാത്തിമ.
32. മികച്ച കുട്ടികളുടെ ചിത്രം(ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.)
33. മികച്ച വിഷ്വൽ എഫക്ട്സ്- ജിതിൻ ലാൽ, ആൽബർട്ട് തോമസ്, അനിരുദ്ധ മുഖർജി, സാലിം ലാഹിർ (എ.ആർ.എം.) (12,500/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
34. സ്ത്രീ/ട്രാൻസ്ജെൻഡർ പായൽ കപാഡിയ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് ചിത്രം -പ്രഭയായ് നിനച്ചതെല്ലാം (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
35. പ്രത്യേക ജൂറി അവാർഡ് പാരഡൈസ്-ആന്റോ ചിറ്റിലപ്പിള്ളി, സനിത ചിറ്റിലപ്പിള്ളി, പ്രസന്ന വിതാനഗെ (നിർമാതാക്കൾക്ക് 12,500/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം സംവിധായകന് 25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
36. അഭിനയം (പ്രത്യേക ജൂറി പരാമർശങ്ങൾ)
1. ടൊവിനോ തോമസ് എ.ആർ.എം (ശില്പവും പ്രശസ്തിപത്രവും)
2. ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം)
3. ജ്യോതിർമയി (ബോഗയ്ൻവില്ല)
4. ദർശന രാജേന്ദ്രൻ (പാരഡൈസ് ദേശം)
രചനാ വിഭാഗം അവാർഡുകൾ
1-മികച്ച ചലച്ചിത്ര ലേഖനം മറയുന്ന നാലുകെട്ടുകൾ : മലയാള സിനിമയും മാറുന്ന ഭാവുകത്വങ്ങളും-ഡോ.വത്സലൻ വാതുശേരി (രചയിതാവിന് 20,000/- രൂപയും ശില്പവും പ്രശസ്തിപത്രവും).
2-മികച്ച ചലച്ചിത്രഗ്രന്ഥം - പെൺപാട്ടു താരകൾ - മലയാള സിനിമാപ്പാട്ടുകളിലെ പെണ്ണാവിഷ്കാരങ്ങൾ-ഗ്രന്ഥകർത്താവ് സി.എസ്.മീനാക്ഷി (രചയിതാവിന് 30,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
District News
മലപ്പുറം: "ഫെമിനിച്ചി ഫാത്തിമ’യിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസ ആഹ്ലാദത്തിൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിലെ തന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് ഷംല ഹംസ പ്രതികരിച്ചു. നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ തന്നെ തനിക്കും പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറഞ്ഞു.
കൂടെ അഭിനയിച്ചവരും സഹപ്രവർത്തകരും വലിയ രീതിയിൽ പിന്തുണച്ചു. കൂടെ അഭിനയിച്ച കുമാർ സുനിൽ ചേട്ടൻ ഒരുപാട് പ്രോത്സാഹനം നൽകി. വളരെ സീനിയർ ആക്ടർ ആയിട്ടു കൂടി വളരെ നല്ല രീതിയിൽ എന്നോട് കൂടി ചർച്ച ചെയ്തു കഥാപാത്രം ചെയ്യാൻ പറ്റി. അതൊക്കെ അംഗീകാരത്തിന് വലിയൊരു മുതൽക്കൂട്ടായി.
അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പുരസ്കാരം ലഭിക്കും എന്നുള്ളതിനേക്കാൾ അവസാന റൗണ്ടിലെത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ ആഹ്ലാദം തോന്നിയിരുന്നു. ഞാൻ നോക്കിയത് ഈ കഥാപാത്രത്തെ ആണ്. ഈ കഥാപാത്രത്തിൽ എനിക്ക് അഭിനയിക്കാൻ ഏറെയുണ്ടെന്ന് മനസിലാക്കിയാണ് സിനിമ ചെയ്തത്.
"ആയിരത്തൊന്ന് നുണകൾ’ എന്ന സിനിമ കണ്ടിട്ടാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് ഷംല ഹംസക്ക് ക്ഷണം ലഭിച്ചത്. ആ സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദിയുണ്ടെന്ന് ഷംല ഹംസ പറഞ്ഞു. ഈ നേട്ടം എന്റെ മാത്രം കഴിവല്ല, എല്ലാവരും നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ പുരസ്കാരം ലഭിച്ചത്. ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. ഷംല ഹംസ പറഞ്ഞു.
തന്റെ പിതാവ് തൃത്താല ഹംസ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള തന്റെ ഇഷ്ടം അങ്ങനെ വന്നതാകാമെന്ന് ഷംല പറയുന്നു. നല്ല അവസരങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് തുടരുമെന്നും അവർപറഞ്ഞു. പാലക്കാട് ജില്ലയിലെ തൃത്താലയാണ് ഷംലയുടെ വീട്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ശാന്തിനഗറിലാണ് ഭർത്താവായ സ്വാലിഹിന്റെ വീട്. ഏക മകൾ ലെസിൻ സോയ്. മാതാവ്: ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: ഷെരീഫ്, സജില, ഷാഹിദ് മരക്കാർ. നവഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ഫാസിൽ മുഹമ്മദും മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരനാണ്.
Movies
മമ്മൂട്ടിയെന്ന നടന്റെ പകർന്നാട്ടമാണ് ഭ്രമയുഗം. അഭിനയത്തിലെ തന്റെ തഴക്കവും പഴക്കവും തേച്ചുമിനിക്കുയെടുത്ത് അഭിനയിച്ച സിനിമ. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ഏഴാം തവണയും സ്വന്തമാക്കിയിരിക്കുന്നു. അതും തന്റെ 74-ാം വയസിൽ.
ഇത് ഭ്രമയുഗമാ.. കലിയുഗത്തിന്റെ ഒരു അപഭ്രംശം.. എന്ന് അട്ടഹസിച്ചുള്ള വർത്തമാനത്തോടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തെ അഭിനയമികവിലൂടെ പൂർണതയിലെത്തിച്ച മമ്മൂട്ടി.
മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയായിരുന്നു കൊടുമൺ പോറ്റി. അധികാരത്തിന്റെ ഹുങ്കോടെ നടക്കുന്ന കൊടുമൺപോറ്റി. പരീക്ഷണ ചിത്രങ്ങളുടെ ബ്രാൻഡ് അംബാസഡറാണ് മമ്മൂട്ടിയെന്നും അഭിനയത്തോട് ഭ്രാന്താണ് അയാൾക്കെന്നും ആളുകൾ പറഞ്ഞു.
ഇപ്പോഴിതാ ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയതിന് പിന്നാലെ കൈക്കുള്ളിൽ സുരക്ഷിതമാക്കിയിരിക്കുകയാണ് സംസ്ഥാനത്തെ മികച്ച നടനുള്ള പുരസ്കാരവും.
Movies
തൃശൂർ: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി മമ്മൂട്ടിയും(ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയും(ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുക്കപ്പെട്ടു. ഇത് എട്ടാം തവണയാണ് മമ്മൂട്ടി മികച്ച നടനാകുന്നത്. പ്രത്യേക ജൂറി പരമാർശത്തിന് ടൊവീനോയും ആസിഫ് അലിയും അർഹനായി. മികച്ച സംവിധായകനായി ചിദംബരം പുരസ്കാരത്തിനർഹനായി.
മികച്ച ചിത്രം മഞ്ഞുമ്മൽ ബോയ്സ്. പ്രത്യേക ജൂറി പരാമർശം നടി ജ്യോതിർമയിക്കും ദർശനയ്ക്കും ലഭിച്ചു. ബോഗൈൻവില്ലയിലെ അഭിനയത്തിനാണ് ജ്യോതിർമയിക്ക് പുരസ്കാരം.
സഹനടിയായി ലിജോമോളും സഹനടനായി സിദ്ധാർഥ് ഭരതനും സൗബിനും പുരസ്കാരം പങ്കിട്ടു. മികച്ച രണ്ടാമത്തെ ചിത്രം ഫെമിനിച്ചി ഫാത്തിമ.
മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജും വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ എന്നിവരും ഒപ്പമുണ്ട്.
മികച്ച ചലച്ചിത്ര ഗ്രന്ഥമായി പെൺപാട്ട് താരകൾ തെരഞ്ഞെടുത്തു. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.
മികച്ച ജനപ്രിയ ചിത്രം- പ്രേമലു. മികച്ച ചലച്ചിത്ര ഗ്രന്ഥം - പെൺപാട്ട് താരകൾ. ഗ്രന്ഥകർത്താവ് -സി.എസ്. മീനാക്ഷി. മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി.മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം.
നവാഗത സംവിധായകന്: ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ), മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല), മികച്ച ഡബ്ബിംഗ് ആർടിസ്റ്റ്- സയനോര ഫിലിപ്പ്. വസ്ത്രാലങ്കാരം- സമീറ സനീഷ് (ബോഗൈൻവില്ല, രേഖാചിത്രം)
മികച്ച മേക്കപ്പ് ആർടിസ്റ്റ് - റോണക്സ് സേവ്യർ, മികച്ച പിന്നണി ഗായിക- സെബാ ടോമി, സംഗീതസംവിധായകൻ-സുഷിൻ ശ്യാം (മഞ്ഞുമ്മൽ ബോയ്സ്).
ഗായകൻ-കെ.എസ്. ഹരിശങ്കർ(എആർഎം), മികച്ച പശ്ചാത്തല സംഗീതസംവിധായകൻ ക്രിസ്റ്റോ സേവ്യർ(ഭ്രമയുഗം), മികച്ച ഗാനരചിതാവ്- വേടൻ(മഞ്ഞുമ്മൽ ബോയ്സ്).
കലാസംവിധായകൻ; അജയൻ ചാലിശേരി( മഞ്ഞുമ്മൽ ബോയ്സ്), മികച്ച ചിത്രസംയോജകൻ: സൂരജ് ഇ. എസ്(കിഷ്കിന്ധാകാണ്ഡം), മികച്ച തിരക്കഥാകൃത്ത്- ചിദംബരം(മഞ്ഞുമ്മൽ ബോയ്സ്), ഛായഗ്രാഹകൻ ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്).
Movies
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം ആരോയുടെ പ്രിവ്യൂ കാണാനെത്തി മമ്മൂട്ടി. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ഹ്രസ്വചിത്രമാണിത്.വാര്യര്‍, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാനവേഷങ്ങള്‍ ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും.
ഇതിനോടകം ഏഴ് സിനിമകള്‍ നിര്‍മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹ്രസ്വചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോള്‍ തിയറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ചിത്രം നിര്‍മിച്ചത്. സംവിധായകന് രഞ്ജിത്ത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
കഥ- സംഭാഷണങ്ങള്‍: വി.ആര്. സുധീഷ്, കവിത: കല്പറ്റ നാരായണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, ഛായാഗ്രാഹകന്‍: പ്രശാന്ത് രവീന്ദ്രന്, പശ്ചാത്തലസംഗീതം: ബിജിപാല്‍, കലാസംവിധായകന്‍: സന്തോഷ് രാമന്, എഡിറ്റര്‍: രതിന് രാധാകൃഷ്ണന്, കളറിസ്റ്റ്: ലിജു പ്രഭാകര്‍, പ്രൊഡക്ഷന്‍ സൗണ്ട് മിക്സര്‍- സൗണ്ട് ഡിസൈനര്‍: അജയന് അടാട്ട്, കോസ്റ്റ്യൂം ഡിസൈനര്‍: സമീറ സനീഷ്, മേക്കപ്പ്: രഞ്ജിത് അമ്പാടി, അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ, വിഎഫ്എക്സ്: വിശ്വ വിഎഫ്എക്സ്, സൗണ്ട് മിക്സിംഗ്: സപ്താ റെക്കോര്‍ഡ്സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍: സുജിത് വെള്ളനാട്, സുമിത് വെള്ളനാട്, പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്സ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ഡിജിറ്റല്‍ പിആര്‍: വിഷ്ണു സുഗതന്.
Kerala
തിരുവനന്തപുരം: അതിദാരിദ്ര്യത്തില്‍നിന്ന് മാത്രമേ കേരളം മുക്തമായിട്ടുള്ളൂവെന്നും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് നടന് മമ്മൂട്ടി. സാമൂഹിക സൂചികകളില്‍ കേരളം ഒരുപാട് മുന്നിലാണ്. ഈ നേട്ടങ്ങള്‍ കേരളം സ്വന്തമാക്കിയത് സാമൂഹിക ബോധത്തിന്റേയും ജനാധിപത്യബോധത്തിന്റേയും ഫലമായിട്ടാണെന്നും മമ്മൂട്ടി പറഞ്ഞു.
സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത സംസ്ഥാനം പ്രഖ്യാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിദാരിദ്ര മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനേക്കാള്‍ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
അതിദാരിദ്ര്യം മാത്രമെ മുക്തമായിട്ടുള്ളു. ദാരിദ്ര്യം നമ്മുടെ മുന്നിലുണ്ട്. അതിനേ അതിജീവിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികള്‍ കേരളം അതിജീവിച്ചിട്ടുണ്ട്. അത്തരത്തിൽ ദാരിദ്ര്യത്തെ അതിജീവിക്കാനും നമുക്കാകുമെന്നും അദ്ദേഹം പറഞ്ഞു.
എട്ടുമാസമായി താൻ നാട്ടിലുണ്ടായിരുന്നില്ല. ഒരു പൊതുവേദിയിലും പങ്കെടുത്തിരുന്നില്ല. താൻ ഇപ്പോള്‍ വരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങള്‍ കാണാനായി. കേരളം പലകാര്യത്തിലും മാതൃകയാണ്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതുകൊണ്ട് മാത്രം നമ്മള് വികസിക്കുന്നില്ല.
വികസിക്കേണ്ടത് സാമൂഹിക ജീവിതമാണ്. അതിനായി ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചുനീക്കപ്പെടണം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ അപൂര്‍വമായിട്ടേയുള്ളു. നമുക്ക് തോളോട് തോള് ചേര്‍ന്ന് ദാരിദ്ര്യത്തെ നേരിടാം. അങ്ങനെ ദാരിദ്ര്യത്തെ അതിജീവിക്കാം.
ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനമുണ്ടെങ്കിലും വിശക്കുന്ന വയറിന് മുന്നിൽ ഒരു വികസനത്തിനും വിലയില്ല. ആ വിശക്കുന്ന വയറുകള്‍ കണ്ടു തന്നെയാണ് വികസനം യഥാര്‍ഥ്യമാക്കേണ്ടത്. ഇന്നത്തെ ഈ പ്രഖ്യാപനം അതിനുള്ള മാതൃകയാകട്ടെയെന്ന് ആഗ്രഹിക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.
Movies
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചിയിൽ തിരിച്ചെത്തി മെഗാസ്റ്റാർ മമ്മൂട്ടി. ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയ താരം സ്വദേശത്ത് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.
നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയോടെയാണ് താരം വിമാനമിറങ്ങിയത്. ഭാര്യ സുൽഫത്ത്, നിർമാതാവ് ആന്റോ ജോസഫ്, താരത്തിന്റെ സന്തതസഹചാരിയും പേഴ്സണൽ മേക്കപ്പ്മാനുമായ ജോർജും യാത്രയിൽ ഒപ്പമുണ്ടായിരുന്നു.
വിമാനത്താവളത്തിൽ മന്ത്രി പി. രാജീവ്, ആലുവ എംഎൽഎ അൻവർ സാദത്ത് എന്നിവർ താരത്തെ സ്വീകരിക്കാനെത്തിയിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് നിറഞ്ഞ ചിരിയോടെയാണ് താരം കാറിലേയ്ക്ക് കയറിയത്.
തനിയെ ഡ്രൈവ് ചെയ്താണ് മമ്മൂട്ടി വീട്ടിലേയ്ക്ക് പോയത്. വിശ്രമത്തിന് ശേഷം ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ മോഹൻലാലിനൊപ്പം പ്രധാന അതിഥിയാകും.
തുടർന്ന് മഹേഷ് നാരായണൻ ചിത്രം പാട്രിയാക്കിന്റെ കേരളത്തിലെ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
Movies
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ശനിയാഴ്ച പ്രഖ്യാപിച്ചേയ്ക്കും. രാവിലെ 11-ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മികച്ച നടനുള്ള അന്തിമ പട്ടികയിൽ മമ്മൂട്ടിയും ആസിഫ് അലിയുമാണ് നേർക്കുനേർ മത്സരിക്കുന്നത്.
മമ്മൂട്ടിയുടെ ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് മത്സരരംഗത്തുള്ളത്. ലെവല്‍ ക്രോസ്, കിഷ്കിന്ധാ കാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങളിലാണ് ആസിഫ് അലിയുടെ മത്സരം.
മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ, ടൊവീനോ തോമസ് എന്നിവരും നടൻമാർക്കുള്ള നോമിനേഷനിൽ ഉണ്ടായിരുന്നു.
പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയിലുള്ളത്.
കനി കുസൃതി, അനശ്വരാ രാജന്, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തെരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്സ്പേഴ്സണ് ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്പേഴ്സണ്മാര് ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
പ്രകാശ്രാജ് ചെയര്‍മാനായ അന്തിമ ജൂറിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകന്, സൗണ്ട് ഡിസൈനര്‍ നിതിന്‍ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങള്‍.
നവാഗത സംവിധായകനായി മത്സരിക്കുന്നവരുടെ കൂടെ മോഹന്‍ലാലും ജോജുവും ഉണ്ട് എന്നതും പ്രത്യേകതയാണ്. ബറോസാണ് മോഹൻലാൽ സംവിധാനം ചെയ്ത ചിത്രം. ജോജു ജോർജിന്റെ ചിത്രം പണി.
Kerala
കൊച്ചി: അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടില്‍ സന്ധ്യ ബിജു (41) വിന്റെ ചികിത്സച്ചെലവുകള്‍ പൂര്‍ണമായും നടന് മമ്മൂട്ടി ഏറ്റെടുത്തു. ആലുവ രാജഗിരി ആശുപത്രിയിലെ തുടര്‍ ചികിത്സ മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തും.
ഗുരുതരമായി പരിക്കേറ്റതിനാല്‍ സന്ധ്യയുടെ കാല് മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിക്കുകയും ഇടതുകാല് മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായി. മകന് കാന്‍സര്‍ മൂലം കഴിഞ്ഞവര്‍ഷം മരിച്ചു. നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് ഇനിയുള്ള തുണ.
നിസഹായരായ ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സച്ചെലവുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഞായാറാഴ്ച പുലര്‍ച്ച 5.16 നായിരുന്നു ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അവസ്ഥയില്‍ സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്.
മൂന്നു മണിക്കൂറോളം മണ്ണിനടിയില്‍ അകപ്പെട്ട സന്ധ്യയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏകദേശം ഏഴു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടസപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു. പിന്നീട് എട്ടു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ ഇടത്തേ കാലിലേക്കുള്ള രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികള്‍ ഏകദേശം പൂര്‍ണരൂപത്തിലാക്കുകയും ചെയ്തു.
മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ ഇടത്തേ കാല് മുട്ടിനു മുകളില്‍ വച്ച് നീക്കംചെയ്യേണ്ടി വന്നു. കാലിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ തുടര്‍ചികിത്സയും ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും മസിലുകള്‍ക്ക് തുടര്‍ചികിത്സ ആവശ്യമാണ്.
Movies
അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ അടിമാലി നെടുമ്പിളിക്കുടി വീട്ടിൽ സന്ധ്യ ബിജു(41)വിന്റെ ചികിത്സാച്ചെലവുകൾ പൂർണമായും നടൻ മമ്മൂട്ടി ഏറ്റെടുത്തു.
ആലുവ രാജഗിരി ആശുപത്രിയിലെ തുടർ ചികിത്സ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തും. ഗുരുതരമായി പരിക്കേറ്റതിനാൽ സന്ധ്യയുടെ കാൽമുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
അപകടത്തിൽ ഭർത്താവ് ബിജു മരിക്കുകയും ഇടതു കാൽമുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകൻ കാൻസർ മൂലം കഴിഞ്ഞവർഷം മരിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ മകൾ മാത്രമാണ് ഇനിയുള്ള തുണ.
നിസഹായരായ ബന്ധുക്കൾ സഹായം തേടി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടർന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
ഞായാറാഴ്ച പുലർച്ച 5.16 ന് ആയിരുന്നു സന്ധ്യയെ രാജഗിരി ആശുപത്രിയിലെത്തിച്ചത്. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ അവസ്ഥയിലാണ് സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയിൽ എത്തിച്ചത്.
മൂന്ന് മണിക്കൂറോളം മണ്ണിനടിയിൽ അകപ്പെട്ട സന്ധ്യയെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഏകദേശം ഏഴ് മണിക്കൂർ പിന്നിട്ടിരുന്നു. ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂർണമായും തടസ്സപ്പെടുകയും അസ്ഥികൾ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
പിന്നീട് എട്ടുമണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിൽ ഇടത്തേക്കലിലേക്കുള്ള രക്തയോട്ടം പൂർവ്വസ്ഥിതിയിലാക്കുകയും ഒടിഞ്ഞ അസ്ഥികൾ ഏകദേശം പൂർണരൂപത്തിലാക്കുകയും ചെയ്തിരുന്നു. ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിക്കുന്ന വിഷാംശങ്ങൾ കൂടിവരികയും അവ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥയിലെത്തിയതോടെ സന്ധ്യയുടെ ജീവൻരക്ഷിക്കുന്നതിനായി ഇടത്തേക്കാൽ മുട്ടിന് മുകളിൽ വച്ച് നീക്കംചെയ്യേണ്ടതായി വന്നു.
ഇടതുകാലിന്റെ പ്രവർത്തനം സുഗമമാക്കാൻ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ തുടർ ചികിത്സ ആവശ്യമാണ്. വലതുകാലിലേക്കുള്ള രക്തയോട്ടവും അസ്ഥികളും കുഴപ്പമില്ലാതെയിരിക്കുമ്പോഴും ചതഞ്ഞരഞ്ഞ മസിലുകൾക്ക് തുടർ ചികിത്സ ആവശ്യമാണ്.
തിരക്കിനിടയിലും സന്ധ്യയുടെ ആരോഗ്യനിലയെക്കുറിച്ചും മമ്മൂട്ടി ആശുപത്രി രാജഗിരി ആശുപത്രി അധികൃതരുമായി വിശദമായി ചർച്ച ചെയ്തു.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ നവംബർ 27ന് ആഗോള റിലീസായി എത്തുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയും ആവേശത്തോടെയുമാണ് മലയാള സിനിമാ പ്രേമികൾ "കളങ്കാവൽ' കാത്തിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്.
ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് കളങ്കാവലിൻന്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥയൊരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും വലിയ ആവേശവും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ പ്രോമോ കണ്ടന്റുകളും നൽകുന്ന പ്രതീക്ഷ. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം-ഫൈസൽ അലി, സംഗീതം-മുജീബ് മജീദ്, എഡിറ്റർ-പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ-അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ-ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബോസ്, മേക്കപ്പ്-അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം-അഭിജിത്ത് സി, സ്റ്റിൽസ്-നിദാദ്, ടൈറ്റിൽ ഡിസൈൻ-ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്-വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ-ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ-വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മമ്മൂട്ടിയും മുരളിയും അശോകനും മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് അമരം. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി.
33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ ഏഴിന് അമരം തിയേറ്ററുകളിൽ എത്തും.
ലോഹിതദാസിന്റെ തിരക്കഥയില്‍ മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റുമാനായിരുന്ന ഭരതന് ഒരുക്കിയ ചിത്രമാണ് അമരം. വിഖ്യാത ഛായാഗ്രാഹകന്‍ മധു അമ്പാട്ടിന്റെ കാമറക്കണ്ണിലൂടെ മലയാളികള്‍ കണ്ട ഒരു ദൃശ്യകാവ്യം.
കടലും തിരകളും തീരവും അവിടുത്തെ മനുഷ്യരും മറക്കാനാവാത്ത കാഴ്ചകളും കഥയുമായി നമുക്ക് മുന്നിൽ നിറയുകയായിരുന്നു കാലാതിവർത്തിയായ ഈ ഭരതൻ ചിത്രത്തിലൂടെ. ബാബു തിരുവല്ലയാണ് മലയാളികൾക്ക് എക്കാലവും ഓർമിക്കാവുന്ന ഈ ക്ലാസിക്ക് ചിത്രത്തിന്റെ നിർമാതാവ്.
ചലച്ചിത്ര കലാസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ അഭിമാനമായ സാബു സിറിൾ എന്ന പ്രതിഭാശാലിയായ ആർട്ട് ഡയറക്ടറുടെ കരവിരുതും കൈയൊപ്പും നമുക്ക് കണ്ടറിയാനാകും.
രവീന്ദ്ര സംഗീതത്തിന്റെ മാസ്മര ഭാവങ്ങളാണ് ചിത്രത്തിലെ ഗാനങ്ങളിൽ നിറയുന്നതെങ്കിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതവും കൈതപ്രത്തിന്റെ വരികളും അമരം കാണുന്നവരെ തിരകളും തീരവുമെന്ന പോലെ തഴുകിയുണർത്തും.
ചിത്രം കേരളത്തിൽ തിയറ്ററുകളിൽ എത്തിക്കുന്നത് ഫിയോക്. ഓവർസീസിൽ വിതരണം ഏറ്റെടുത്തിരിക്കുന്നത് സൈബർ സിസ്റ്റംസ്. പിആർഓ- മഞ്ജു ഗോപിനാഥ്.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ.ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ സെൻസറിംഗ് പൂർത്തിയായി. U/A 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചത്.
മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
ദുൽഖർ സൽമാൻ നായകനായെത്തിയ കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ.ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കളങ്കാവലിനുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
കളങ്കാവലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ,
വസ്ത്രാലങ്കാരം- അഭിജിത്ത് സി, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Movies
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ യുകെയിലെ ലൊക്കേഷൻ വീഡിയോ പുറത്ത്. റേഞ്ച് റോവറില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന മമ്മൂട്ടി ഉൾപ്പെടുന്ന വീഡിയോ മമ്മൂട്ടി കമ്പനിയാണ് പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. താരം സ്ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ കാമറയിൽ പകര്‍ത്തുന്നതുമെല്ലാം വീഡിയോയിൽ കാണാം. മഹേഷ് നാരായണനെയും ആന്റോ ജോസഫിനെയും സെറിൻ ഷിഹാബിനെയും വീഡിയോയിൽ കാണാം.
Movies
മകളുമൊത്ത് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടൻ ബേസിൽ ജോസഫ്. ഹൈദരബാദിൽ വച്ചായിരുന്നു ബേസിൽ ഭാര്യ എലിസബത്തിനും രണ്ടുവയസുകാരി മകൾ ഹോപ്പിനുമൊപ്പം മമ്മൂട്ടിയെ കാണാനെത്തിയത്.
ലോകമറിയുന്ന മഹാനടൻ അങ്കിളിന്റെ പേരെന്താണ് എന്ന തന്റെ കുഞ്ഞുമകളുടെ നിഷ്കളങ്കമായ ചോദ്യത്തിന് മമ്മൂട്ടി എന്ന് എളിമയോടെ മറുപടി പറയുകയും ചെയ്തെന്ന് ബേസിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
""ഒരു ഇതിഹാസത്തോടൊപ്പം ഒരന്തിനേരം ചെലവഴിക്കാൻ ലഭിച്ച അസുലഭ ഭാഗ്യം, അത് സ്വർഗീയമായ രീതിയിൽ അത്യധികം സന്തോഷം നൽകുന്നതായിരുന്നു, ഞങ്ങളുടെ കുടുംബം എന്നെന്നും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരനുഭവം.
എന്റെ കുഞ്ഞുമകൾ അദ്ദേഹത്തെ നോക്കി നിഷ്കളങ്കമായി, അങ്കിളിന്റെ പേരെന്താണ്?' എന്ന് ചോദിച്ചപ്പോൾ, അദ്ദേഹം ചിരിച്ചുകൊണ്ട് ലളിതമായി മമ്മൂട്ടി എന്ന് മറുപടി പറഞ്ഞു. ആ എളിമയുള്ള മറുപടി ജീവിതകാലം മുഴുവൻ ഞങ്ങളുടെ ഹൃദയത്തിൽ വലിയ ഒരോർമ്മയായി തന്നെ ഞങ്ങൾ കുറിച്ചിട്ടു.
അദ്ദേഹം സ്വന്തം കാമറയിൽ മോളുടെ കുറേ ചിത്രങ്ങളെടുത്തു, ഹൊപ്പിയും മമ്മൂക്കയും ചേർന്ന് ഒരുപാട് സെൽഫികൾ എടുത്തു. ഏതാനും മണിക്കൂറുകൾ അദ്ദേഹം ലോകത്തിന് ആരാണെന്നത് ഞങ്ങൾ തന്നെ മറന്നുപോയി.
ഏറ്റവുമടുത്ത ഒരു സുഹൃത്തിനോടൊപ്പമിരിക്കുന്ന അനുഭവമാണ് അദ്ദേഹം ഞങ്ങൾക്ക് നൽകിയത്. അദ്ദേഹം ഞങ്ങൾക്ക് നൽകിയ സ്നേഹവാത്സല്യങ്ങൾ വാക്കുകൾക്കതീതമാണ്. അങ്ങയുടെ ദയയ്ക്കും വാത്സല്യത്തിനും എന്നെന്നും നിധിപോലെ മനസിൽ സൂക്ഷിക്കാൻ ഒരന്തിനേരം ഞങ്ങൾക്ക് സമ്മാനിച്ചതിനും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരായിരം നന്ദി മമ്മൂക്ക''. ബേസിൽ ജോസഫ് കുറിച്ചു.
ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ചിത്രീകരണത്തിൽ നിന്ന് മാറി നിന്നിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഹൈദരബാദിലെ ഷൂട്ടിംഗിൽ വീണ്ടും ജോയിൻ ചെയ്തിരുന്നു. നിലവിൽ ഹൈദരബാദിലാണ് താരമുള്ളത്.
Movies
ആരാധകർ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റിന്റെ ടീസർ റിലീസായി. തീ പാറുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളും മാസ് ഡയലോഗുകളുമായി സമ്പന്നമാണ് ടീസർ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രകടനത്തിനൊപ്പം കിടപിടക്കുന്ന അഭിനയവുമായി ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയൻതാരയും രേവതിയുമുണ്ട്.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത് ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ്. ചിത്രം ഉഗ്രനൊരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ആകുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.
National
ചെന്നൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നീണ്ട വിശ്രമത്തിലായിരുന്ന നടൻ മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്. സ്വന്തമായി ഡ്രൈവ് ചെയ്ത് സ്റ്റൈലൻ എൻട്രിയിൽ അദ്ദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആന്റോ ജോസഫിനൊപ്പമാണ് താരം എത്തിയത്.
ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്.
ഒപ്പം നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പേട്രിയറ്റിന്റെ ഷൂട്ടിങ്ങിനിടെയാണ് മമ്മൂട്ടി ചികിത്സയ്ക്കായി പോയത്. പിന്നീട് അദ്ദേഹം ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു.