മമ്മൂട്ടിയ്ക്ക് പത്മഭൂഷൺ ലഭിച്ചതിന്റെ സന്തോഷം താരത്തിനൊപ്പം പങ്കിട്ട് മലയാളത്തിലെ യുവനടൻമാരായ ആസിഫ് അലിയും ടൊവീനോയും ബേസിലും. സംസ്ഥാനചലച്ചിത്ര പുരസ്കാരം ഏറ്റുവാങ്ങി തിരികെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഈ രംഗം അരങ്ങേറിയത്. ഒപ്പം രസകരമായ ഒരു കാര്യവും നടന്നു.
മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിക്കുന്നതിനിടെ ടൊവീനോ നടൻ ബേസിലിനെ വീഡിയോ കോൾ വിളിച്ച് കാണിച്ചുകൊടുത്തു. വീഡിയോ കോളിലൂടെ മമ്മൂട്ടിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കുന്ന ബേസിലിന്റെയും, ബേസിലിന്റെ രസകരമായ മറുപടികൾ കേട്ട് പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടി, ടൊവീനോ, ആസിഫ് അലി എന്നിവരുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഈ രസകരമായ നിമിഷം ടോവീനോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ‘‘കൊച്ചുങ്ങൾ എന്നായേലും ആഗ്രഹം പറഞ്ഞാൽ സാധിച്ചുകൊടുക്കണം, വലുതായാൽ ഈ കൊച്ചുങ്ങൾക്ക് ചെറിയ ആഗ്രഹങ്ങളൊന്നും ഉണ്ടാവുകേലടാ ഉവ്വേ’’ എന്ന സിദ്ദിഖിന്റെ ഹിറ്റ് ഡയലോഗ് പശ്ചാത്തലമായി ചേർത്താണ് ടൊവീനോ ബേസിലിനെ ട്രോളിയത്.
വീഡിയോയ്ക്ക് താഴെ മറുപടി കമന്റുമായി ബേസിലും എത്തിയതോടെ ആരാധകർക്കിടയിൽ ഇത് വലിയ ആവേശമായി.
Tags : tovino thomas basil joseph mammootty