x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മമ്മൂട്ടിയുടെ പുതുവത്സര സമ്മാനമായി വീല്‍ ചെയറുകള്‍; നടന്‍ എന്നും മലയാളിക്ക് അഭിമാനമെന്ന് മാര്‍ കൂവക്കാട്ട്


Published: January 2, 2026 01:35 PM IST | Updated: January 2, 2026 02:10 PM IST

കൊച്ചി: പുതുവര്‍ഷ സമ്മാനമായി തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലേക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ച് നടന്‍ മമ്മൂട്ടി. നടന്‍ നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിലാണ് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. കോട്ടയം പാമ്പാടിക്ക് സമീപമുളള വെള്ളൂര്‍ ഗൂഡ് ന്യൂസ് അമ്മവീട്ടില്‍ വച്ചാണ് വീല്‍ചെയറുകളുടെ വിതരണം നടന്നത്.

ഇന്‍റര്‍ ഫെയ്ത് ഡയലോഗ് കമ്മീഷന്‍റെ സെക്രട്ടറിയായ കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് ആണ് വീല്‍ചെയറിന്‍റെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചത്. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഭാഗമാകാന്‍ സാധിച്ചതിലുള്ള സന്തോഷം കര്‍ദിനാള്‍ പങ്കുവച്ചു.

"മലയാളത്തിന്‍റെ മഹാ നടനും നമുക്കേവര്‍ക്കും വിസ്മയവുമായ പത്മശ്രീ മമ്മൂട്ടി 16 വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും സജീവമായി നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷനിലൂടെ വിവിധങ്ങളായ ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹ നന്മയ്ക്കായി ചെയ്തുവരുന്നത് മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചിട്ടുണ്ട്. എങ്കിലും കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഒരു ചടങ്ങില്‍ നേരിട്ട് സംബന്ധിക്കുവാന്‍ സാധിച്ചത് ഇന്ന് മാത്രമാണ്.

ഇന്നത്തെ ഈ സമയം എന്‍റെ ജീവിതത്തിലെ ഒരു ഭാഗ്യനിമിഷമായി ഞാന്‍ കാണുന്നു. കൊച്ചുകുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയില്‍ ആരംഭിച്ച്, വിദ്യാമൃതം, വഴികാട്ടി, സുകൃതം, ഗോത്ര വര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ഇന്നിവിടെ നടക്കുന്ന ചലനം പദ്ധതി തുടങ്ങി പന്ത്രണ്ടോളം കര്‍മപദ്ധതികളാണ് സമൂഹത്തിന് വേണ്ടി കെയര്‍ ആന്‍ഡ് ഷെയറിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.

ഇതെല്ലാം തന്നെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ എനിക്കുളള അതിയായ സന്തോഷം അറിയിക്കുന്നു. മമ്മൂട്ടിയുടെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ സംഘത്തിന്‍റെ ഈ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് ആശ്വാസമായി കൊണ്ടിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്.

മമ്മൂട്ടിയുടെ ഹൃദയത്തിന്‍റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്‍റെ കരുതല്‍ മനസുമാണ് ഇതിനെല്ലാം മുഖാന്തിരമായി കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസിലാക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍റെ വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും തുടര്‍ന്നും സര്‍വേശ്വരന്‍ നല്‍കട്ടേയെന്ന് ആത്മാർഥമായി പ്രാര്‍ഥിക്കുന്നു' - കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു.

കോട്ടയം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. പാലാ ശ്രീരാമകൃഷ്ണമഠാധിപതി വീതസംഗാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെയര്‍ ആന്‍ഡ് ഷെയറിന്‍റെ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ഫൗണ്ടേഷന്‍റെ ഇതുവരെയുളള വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ആമുഖ പ്രസംഗം നടത്തി.

കുട്ടിക്കാനം മരിയന്‍ കോളജ് മുന്‍ പ്രിന്‍സിപ്പൽ ഡോ. റൂബിള്‍ രാജ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെംബര്‍ റോയി മാത്യു വടക്കേല്‍, ഗൂഡ് ന്യൂസ് അമ്മവീട് ഡയറക്ടര്‍ ഫാ. ജോസഫ് കണ്ടത്തിപ്പറമ്പില്‍, ജോര്‍ജ് വര്‍ഗീസ് നെടുമാവ് എന്നിവര്‍ പ്രസംഗിച്ചു.

Tags : Wheelchair Mammootty New Year

Recent News

Up