ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന ബഹുമതി നേടിയ സന്തോഷം പങ്കുവച്ച് നടി ഷംല ഹംസ. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് ഷംല ഹംസയെ ഈ നേട്ടത്തിന് അർഹയാക്കിയത്.
മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ തന്നെ തനിക്കും പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറഞ്ഞു.
എന്റെ കൂടെ അഭിനയിച്ച കുമാർ സുനിൽ ചേട്ടൻ എന്നെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. വളരെ സീനിയർ ആക്ടർ ആയിട്ടുകൂടി വളരെ നല്ല രീതിയിൽ എന്നോട് കൂടി ചർച്ച ചെയ്തു കഥാപാത്രം ചെയ്യാൻ പറ്റി.
അതൊക്കെ ഇതിന് വലിയൊരു മുതൽക്കൂട്ടായി. അവാർഡ് കിട്ടിയതിൽ ഒരുപാട് സന്തോഷം. ഞാൻ നോക്കിയത് ഈ കഥാപാത്രത്തെ ആണ്. ഈ കഥാപാത്രത്തിൽ എനിക്ക് അഭിനയിക്കാൻ കുറെ ഉണ്ട് എന്ന് മനസിലാക്കിയാണ് ഈ സിനിമ ചെയ്തത്.
കേരളം സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. മമ്മൂക്കയുടെ കൂടെ ഈ പുരസ്കാരം ലഭിച്ചത് ഈ സന്തോഷത്തിന്റെ മാറ്റ് കൂട്ടുന്നു. എന്റെ കൂടെ ഈ പുരസ്കാരത്തിന് വേണ്ടി മത്സരിച്ച എല്ലാ കലാകാരികൾക്കും നന്ദി. വളരെ പിന്തുണ തരുന്ന ഒരു ക്രൂ ആയിരുന്നു സിനിമയുടേത്. എല്ലാവരും എന്നെ ഒരുപാട് പിന്തുണച്ചു.
പ്രത്യേകിച്ച് കുമാർ ചേട്ടനെ, വിജി ചേച്ചി, നമ്മുടെ സംവിധായകൻ നിർമ്മാതാക്കൾ എല്ലാവരോടും നന്ദി. ആയിരത്തൊന്നു നുണകൾ എന്ന സിനിമ കണ്ടിട്ടാണ് ഈ സിനിമയിലേക്ക് വിളിച്ചത്. ആ സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദി. ഈ നേട്ടം എന്റെ മാത്രം കഴിവല്ല. എന്റെ ക്രൂ എല്ലാം വളരെ നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ പുരസ്കാരം ലഭിച്ചത്. ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. ഷംല ഹംസ പറഞ്ഞു.
യാഥാസ്ഥിതികനായ ഭർത്താവിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഒരു മെത്ത വാങ്ങാൻ ശ്രമിക്കുന്ന ഫാത്തിമ എന്ന കഥാപാത്രത്തെയാണ് ഷംല ഹംസ അവതരിപ്പിച്ചത്.
യാതൊരു ഒച്ചപ്പാടുമില്ലാതെ ദൈനംദിന ജീവിതത്തിലെ നിസ്സഹായതകളും പ്രതിഷേധവും വളരെ സ്വാഭാവികമായും ആഴത്തിലും പ്രേക്ഷകരിലേക്ക് എത്തിക്കാൻ നടിക്കു കഴിഞ്ഞു
Tags : Shamla Hamza Best Actress Mammootty