മലയാളികളുടെ പ്രിയതാരം ഹണി റോസ് വെള്ളിത്തിരയിലെത്തിയിട്ട് 20 വര്‍ഷം പൂര്‍ത്തിയാക്കുന്നു. വിനയന് സംവിധാനം ചെയ്ത "ബോയ്ഫ്രണ്ട്' എന്ന സിനിമയിലൂടെ സിനിമയിലെത്തിയ ഹണി രണ്ടു പതിറ്റാണ്ടിനിപ്പുറം "റേച്ചല്‍' എന്ന ചിത്രത്തിൽ അതിശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തന്നെ സിനിമയ്ക്ക് ആവശ്യമില്ലെന്നും തനിക്കാണ് സിനിമ ആവശ്യമെന്നും അടുത്തയിടെ തുറന്നുപറഞ്ഞ ഹണി റോസ് സംസാരിക്കുന്നു...
റേച്ചല്‍ എന്ന കഥാപാത്രം
ഏറെ വ്യത്യസ്തമായ, ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് റേച്ചല്‍ എന്ന ചിത്രത്തിലെ റേച്ചല്‍. റേച്ചല്‍ ഒരു ഇറച്ചിവെട്ടുകാരിയാണ്. എഴുപതു കാലഘട്ടമാണ് സിനിമയില്‍ കാണിക്കുന്നത്. കരിയറില്‍ ആദ്യമായാണ് ഞാന്‍ ഒരു ടെറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എനിക്ക് പെര്‍ഫോം ചെയ്യാന്‍ ഏറെ സാധ്യതയുണ്ടായിരുന്ന വേഷമായിരുന്നു റേച്ചല്‍.
റേച്ചല്‍ ആകാനുള്ള ഒരുക്കങ്ങള്‍

ഒരാഴ്ചയോളം ഇറച്ചി വെട്ടുന്നതു പരിശീലിച്ചു. ഭാരമുള്ള നാടന്‍ തോക്ക് ഉപയോഗിക്കാനും ഏറെ പരിശീലനം വേണ്ടിവന്നു. ഒരു പഴയ ജീപ്പാണ് ഈ സിനിമയില്‍ ഉടനീളം ഉപയോഗിക്കുന്നത്. ഡ്രൈവിംഗ് നേരത്തേ അറിയാമെങ്കിലും ആ പഴയ ജീപ്പ് ഓടിച്ചു പഠിക്കാൻ പാടുപെട്ടു. ഇങ്ങോട്ടു പിടിച്ചാല്‍ അങ്ങോട്ടു പോകുന്നതരം ജീപ്പായിരുന്നു അത്. പിന്നെ നല്ല നാടന്‍ തല്ലും പ്രാക്ടീസ് ചെയ്തു.
ആക്ഷന്‍ രംഗങ്ങളില്‍ ആദ്യമായി
ആദ്യമായാണ് ഞാൻ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നത്. അതുകൊണ്ടു തന്നെ അതൊരു പുതിയ അനുഭവമായിരുന്നു. തല്ല് എങ്ങനെ, എവിടെനിന്നു വരും എന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. രാജശേഖരന് മാസ്റ്ററാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. അദ്ദേഹത്തിനൊപ്പം മുമ്പു ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. വളരെ റിയലിസ്റ്റിക്കായി സീനുകളെടുക്കുന്ന ആളാണ്. നല്ല കഷ്ടപ്പാടുകളായിരുന്നുവെങ്കിലും വളരെ മനോഹരമായാണ് അദ്ദേഹം അത് ചെയ്തത്. നല്ല റിസള്‍ട്ട് വന്നിട്ടുണ്ട് എന്നാണ് വിശ്വാസം. റേച്ചലിന്റെ തുടക്കംമുതല്‍ ഈ സിനിമയുടെ യാത്ര തുടങ്ങുന്നതുമുതല്‍ ഞാന്‍ അതിന്റെ ഭാഗമായിരുന്നു.
രാഹുല്‍ മണപ്പാട്ട് എഴുതിയ, ഒരുപാട് അംഗീകാരങ്ങള്‍ നേടിയ ചെറുകഥയാണ് ഈ സിനിമ. പിന്നീട് രാഹുലും എബ്രിഡ് ഷൈന്‍ സാറും ചേര്‍ന്നു അതു ഡെവലപ്പ് ചെയ്താണ് തിരക്കഥയൊരുക്കിയത്. സംവിധായിക ആനന്ദിനി എന്നോട് ഈ സിനിമ പറയുന്ന സമയത്ത് ഇതൊരു ഷോര്‍ട്ട് സ്റ്റോറി മാത്രമായിരുന്നു. അങ്ങനെ ഈ സിനിമയുടെ ആദ്യം മുതല്‍ ഞാനും അണിയറക്കാരുടെ യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. അങ്ങനെ എന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ മനസിലാക്കാനുമായി. എങ്കിലും ഒരു ടൈറ്റില്‍ കഥാപാത്രം ചെയ്യുന്നതിന്റെ ടെന്‍ഷന്‍ ഉണ്ടായിന്നു. ചിത്രീകരണം തുടങ്ങിയപ്പോൾ ആത്മവിശ്വാസം വന്നു.
ശക്തയായ സ്ത്രീ കഥാപാത്രം

ഇറച്ചിവെട്ട് തൊഴിലാക്കിയ, വേട്ടയ്ക്കൊക്കെ പോകുന്ന ഒരു കഥാപാത്രമാണ് റേച്ചല്‍. ജീവിതസാഹചര്യത്തില്‍ നിന്നാണ് അവളുടെ സ്വഭാവമൊക്കെ ഉണ്ടായിവരുന്നത്. അത്രയും ശക്തയായ, ഒന്നിനെയും കൂസാത്ത സ്ട്രോംഗ് കഥാപാത്രം.
എനിക്കു കിട്ടിയ ഒരു അനുഗ്രഹമാണ് ഈ വേഷം. എല്ലാ കാലഘട്ടത്തിലും ഈ രംഗത്തു പിടിച്ചുനില്ക്കാന് പാകത്തിന് എനിക്കു സിനിമകള്‍ ലഭിച്ചിട്ടുണ്ട്. മോണ്‍സ്റ്റര്‍ അടക്കമുള്ള നല്ല സിനിമകള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. അടുത്ത കാലത്ത് വീരസിംഹറെഡ്ഢി എന്നൊരു തെലുങ്ക് സിനിമ ചെയ്തു. അവിടുത്തെ മാസ് ഓഡിയന്‍സിനു വേണ്ടിയുള്ള സിനിമ. അതില്‍ യുവതിയായും അമ്മയായും വേഷമിട്ടു. അതൊരു ഈസി ജോബ് ആയിരുന്നില്ല. എന്നാല്‍ റേച്ചല്‍ ഇതിനേക്കാള്‍ എല്ലാം ഒരു പടികൂടി മുകളില്‍ നില്ക്കും. എനിക്ക് വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ഈ സിനിമ.
സിനിമയ്ക്ക് ഹണിയെ വേണ്ടേ
ഹണി റോസിനെ സിനിമയില്‍ ആവശ്യമില്ല, ഹണി റോസിനാണ് സിനിമ ആവശ്യം എന്നു ഞാന്‍ പറഞ്ഞത് നൂറു ശതമാനം സത്യമായ കാര്യമാണ്. എനിക്കു സിനിമ വേണമെന്നത് എന്റെ ആവശ്യമാണ്, അത്യാഗ്രഹമാണ്. അതുകൊണ്ടാണ് ഇത്രയും വര്‍ഷമായി ഞാനിവിടെ പിടിച്ചുനില്‍ക്കുന്നത്. മോശം സമയം വരുമ്പോള്‍ പലരും പറയാറുണ്ട,് നിര്‍ത്തി പൊയ്ക്കൂടേ എന്തിനാണ് വെറുതേ സമയംകളയുന്നത് എന്നൊക്കെ! ഒത്തിരി നെഗറ്റീവ് കമന്റുകളും ഒക്കെ നേരിട്ടാണ് പിന്നെയും ഇവിടെ നില്‍ക്കുന്നത്. എന്നെ സിനിമയ്ക്ക് ആവശ്യമാണെന്ന നിലയിലേക്ക് വളരാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. അങ്ങയൊരു അവസ്ഥയിലേക്ക് എത്തണമെന്നാണ് ആഗ്രഹം. നോക്കാം നമുക്ക്.
സംവിധായകന് വിനയന്
സിനിമയില്‍ വന്ന കാലം തൊട്ട് എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും വലിയ സപ്പോര്‍ട്ട് തന്ന് അദ്ദേഹം എനിക്കും കുടുംബത്തിനും കൂടെയുണ്ട്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ അദ്ദേഹത്തിനന്റെ ഉപദേശങ്ങള്‍ ഇപ്പോഴും തേടാറുണ്ട്. ഇത്തിരി കണിശക്കാരനെങ്കിലും എപ്പോഴും വ്യക്തതയുള്ളതാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍. ബോയ്ഫ്രണ്ട് എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ എന്നെ കൊണ്ടുവരുമ്പോഴുള്ള ഹണി റോസ് എന്ന ആക്ട്രസിന് ഇത്രയും വര്‍ഷത്തിലുണ്ടായ വളര്‍ച്ച അദ്ദേഹം കണ്ടിട്ടുണ്ടാകും.
20 വര്‍ഷങ്ങള്‍
കിട്ടുന്ന കഥാപാത്രങ്ങള്‍ നന്നായിവരാന്‍ നൂറു ശതമാനം ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വളരെ നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുന്നു എന്നത് വലിയ ഭാഗ്യം തന്നെയാണ്. എല്ലാ ദിവസവും ഞാന്‍ കഥ കേള്‍ക്കാറുണ്ട്. എനിക്കു മാനസികമായി ഓക്കെ അല്ലാത്ത ഒരു ടീമിനൊപ്പം, ആ സിനിമ തിയറ്റര്‍ വരെ എത്തിക്കാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ലാത്ത ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ ഒട്ടും താത്പര്യപ്പെടുന്നില്ല. സിനിമ ഞാന്‍ ഏറ്റവും ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്ന കാര്യമാണ്.
റേച്ചലില് ഹണിയുടെ അംശമില്ല

ഒരു അഭിനേതാവ് എന്ന നിലയില്‍ റേച്ചല്‍ എന്ന സിനിമ ഇതിനകം ഞാന്‍ പലതവണ കണ്ടു. ഇതുവരെയുള്ള എന്റെ സിനിമകളിലെ കഥാപാത്രങ്ങളില്‍ ഹണിറോസിന്റെ ചില അംശങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. റേച്ചല്‍ കാണുമ്പോള്‍ അതു വേറൊരു സ്ത്രീയെ ആണല്ലോ സ്ക്രീനില്‍ കാണുന്നതെന്ന് തോന്നി. അതു വലിയ സംതൃപ്തി നൽകുന്നതാണ്. എന്നോട് അടുത്തുനില്ക്കുന്ന പലരും ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.
റേച്ചലിന്റെ സംവിധായിക
ആനന്ദിനി ബാല ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് റേച്ചല്‍. വ്യക്തമായ ഒരു വിഷനുള്ള സംവിധായികയാണ്. അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടറായി വർഷങ്ങൾ പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമുണ്ട്. ഒരു ആര്‍ട്ടിസ്റ്റില്‍നിന്ന് എന്താണ് വേണ്ടതെന്നും അതെങ്ങനെ നന്നായി എടുക്കാമെന്നും അവർക്ക് നന്നായി അറിയാമായിരുന്നു.
പുതിയ പ്രോജക്ടുകള്‍
ഒരു പ്രൊഡക്ഷന്‍ ഹൗസ് ആരംഭിച്ചിട്ടുണ്ട്. ഒരു തമിഴ് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന്റെ ഡിസ്കഷനും കാര്യങ്ങളുമൊക്കെ നടക്കുന്നു. അതുതന്നെയാകും അടുത്ത പ്രോജക്ട്.
Tags : Honey Rose interview rachel main lead