സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.
തുറന്ന മനസോടെ തിയറ്ററിലെത്തി രണ്ടര മണിക്കൂറിലേറെ ചിരിച്ചുല്ലസിച്ച് നൊസ്റ്റാള്‍ജിക് ഫാസ്റ്റ് നമ്പറുകളുടെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ രംഗങ്ങളിലാറാടി തിയറ്ററിനെ പ്രകമ്പനം കൊള്ളിക്കുന്ന ഗോപിസുന്ദര്‍ മ്യൂസിക്കില്‍ ഇളകി മറിയാനുള്ള കിടിലന്‍ ഉത്സവചിത്രമാണിത്.
വാളയാര്‍ ട്രേഡേഴ്സ് കമ്പനിയുടെ ലോറിയിലാണ് സിനിമ തുടങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തിയറ്ററിനെ ഇളക്കിമറിച്ച് ദിലീപിന്റെ മാസ് എന്‍ട്രി. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോകുന്നവരുടെ അംബാസഡര്‍, ജിപ്സി വാഹനങ്ങളിലായുള്ള റൈഡ് ഒരു വശത്തു തുടരുമ്പോള്‍ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുന്നു. ചെന്നൈയില്‍ നിന്നെത്തുന്ന അന്വേഷണ ഉദ്യാഗസ്ഥനായി വേഷമിടുന്നതു വിനീത് ശ്രീനിവാസന്. വിനീതു കൂടി വരുന്നതോടെ ചിരിയുടെ മാലപ്പടക്കം തന്നെ തിയറ്ററില്‍ പൊട്ടിച്ചിതറുകയായി. ചിത്രത്തിന്റെ രചയിതാക്കളിലൊരാളായ ഫാഹിം സഫര്‍, സിജോ എന്ന ഇന്‍ഫോര്‍മറുടെ വേഷത്തില്‍ തുടര്‍ന്നുള്ള കഥാസഞ്ചാരത്തില്‍ പങ്കുചേരുന്നു. വീനീതിന്റെ കഥാപാത്രത്തിനു മുഖ്യമന്ത്രിയുമായുള്ള ബന്ധം സിനിമ കണ്ടുതന്നെ അറിയുന്നതാണ് ത്രിൽ.
മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയതാര്, എന്തിന്-എന്നുള്ള ടെലിവിഷന്‍ ചര്‍ച്ചകളിലെ താരം, ഇന്റര്‍വ്യൂ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഗോഡ്സണ്‍ അഞ്ചരക്കണ്ടിയായി വേഷമിടുന്നതു ധ്യാന്‍ ശ്രീനിവാസന്. വിനീത്- ധ്യാന്‍ കോംബിനേഷന്‍ സീനുകള്‍ ചിരിയുടെ കിടലന്‍ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നവയാണ്. അവരുടെ കോംബോം രംഗങ്ങളിലെ ഡയലോഗുകള്‍ പലതും ധ്യാനിന്റെ വൈറല്‍ ഇന്റര്‍വ്യൂകളിലെ കണ്ടന്റുമായി ബന്ധമുള്ളതായതിനാല്‍ പ്രേക്ഷകര്‍ക്ക് അവയൊക്കെ ഏറെ കണക്ടാകുന്നുണ്ട്.
ബൈജു സന്തോഷിന്റെ സി.കെ. ജോസഫ് എന്ന മുഖ്യമന്ത്രി വേഷം, സെന്തിലിന്റെ ചാനല്‍ റിപ്പോര്‍ട്ടര്‍, അശോകന്റെ ഹിസ്റ്റോറിയന്‍, ദേവന്റെ ദേവ് ജി ഐപിസ് എന്ന പോലീസ് ഓഫീസര്‍, ജിബിന്‍ ഗോപിനാഥിന്റെ പോലീസ് കഥാപാത്രം, മണിയന്‍പിള്ള രാജുവിന്റെ പ്രതിപക്ഷ നേതാവ്, ബാലു വര്‍ഗീസിന്റെ അന്ധനായ ആര്‍ട്ടിസ്റ്റ് വേഷം, സാന്‍ഡി മാസ്റ്ററുടെ പോലീസ് വേഷം, നോബിയുടെ നന്ദുവേട്ടന്, റിയാസ് ഖാന്, ഷാജു ശ്രീധര്‍, ബിജു പപ്പന് എന്നിവരുടെ കഥാപാത്രങ്ങള്‍ എന്നിവയും ഈ കഥവഴിയില്‍ വേറിട്ട രസാനുഭവമുഹൂര്ത്തങ്ങള് സമ്മാനിക്കുന്നു. സലീം കുമാറിന്റെ അഡ്വക്കേറ്റ് മുകുന്ദനുണ്ണി ഒറിജിനലും പ്രേക്ഷകര്‍ക്കു കൃത്യമായി മീശമാധവന് സിനിമയുമായി കണക്ടാകുന്നുണ്ട്.
ദിലീപ് അവതരിപ്പിക്കുന്ന സാധാരണക്കാരന് എന്ന കഥാപാത്രം ആരാണ്, അയാളുടെ ജീവിതമെങ്ങനെയാണ് ഒരു പകലില്‍ ചാനലുകള്‍ക്കു സെന്‍സേഷണല്‍ ന്യൂസായി മാറിയത്, അതിന് അയാളെ പ്രേരിപ്പിച്ച വസ്തുതകളുടെ പിന്നാമ്പുറക്കഥകളെന്താണ്...ഇതെല്ലാം സിനിമയുടെ രണ്ടാംപകുതിയില്‍ അനാവൃതമാകുന്നുണ്ട്.
മിസ്റ്റര്‍ ബട്ലറിലെ രാരവേണു ഗോപബാല, നരസിംഹത്തിലെ ധാം കിണക്ക ധില്ലം ധില്ലം തുടങ്ങിയ പാട്ടുകളുടെ റീമിക്സ് വരുന്നതു കിടിലന്‍ സംഘട്ടന രംഗങ്ങളുടെ പശ്ചാത്തലമായാണ്. തമിഴ്ചിത്രം മുതല്‍വനിലെ മുതല്വനേ...എന്ന പാട്ടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കഥയിലെ ചില സീക്വന്‍സുകളില്‍ പശ്ചാത്തലത്തില്‍ കേള്‍ക്കാനാവും.

കഥ തുടങ്ങി ഒരു മണിക്കൂര്‍ നാല്പത്തേഴാം മിനിറ്റിലാണ് റിയല്‍ ഓജി മോഹന്‍ലാലിന്റെ കളര്‍ഫുള്‍ എന്‍ട്രി. ലോഡ് എന്നെഴുതിയ ബ്ലാക്ക് ഷര്‍ട്ടിലും വെള്ള മുണ്ടിലും മറ്റാരിക്കല് അണ്‍ലീഷ്ഡ് ലയണ്‍ എന്നെഴുതിയ ഷര്‍ട്ടിലും വെള്ളമുണ്ടിലും അഴിച്ചുവിട്ട സിംഹത്തെപ്പോലെ തലമുറകളുടെ നായകന്റെ അവതാരപ്പിറവി. ഗില്ലി യൂണിവേഴ്സിറ്റിയുടെ നായകന് ഗില്ലിബാലയെന്ന കഥാപാത്രത്തെയാണ് എക്സ്റ്റൻഡഡ് കാമിയോ റോളില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഗില്ലി യൂണിവേഴ്സിന്റെ കഥയും വിജയ് കണക്ഷനും സിനിമ കണ്ടുതന്നെയറിയുന്നതാണു ത്രില്‍.
ഗില്ലിബാല, ബാലേട്ടന്, ബാലയ്യ എന്നിങ്ങനെ പാന്‍ ഇന്ത്യന്‍ കണക്്ഷനുകളുള്ള കിടിലന്‍ വേഷത്തിലാണു ലാലേട്ടന്റെ വിളയാട്ടം. ഗില്ലിബാലയുടെ സ്ഫടികം കണക്ഷനും സുന്ദരി, രാജമാണിക്യം, വിജയ് കണക്ഷനും തിയറ്ററില്‍ നേരിട്ടറിയുന്നതാണു ത്രില്‍. രണ്ടു തവണകളിലായി അരമണിക്കൂറോളം നീളുന്ന മോഹന്‍ലാല്‍ വിളയാട്ടത്തില്‍ ജനപ്രിയ മുണ്ടുമടക്കി കുത്തലും പ്രസിദ്ധമായ ആ മീശപിരിയുമുള്പ്പെടെയുള്ള ലാലേട്ടന്റെ നിരവധി അടയാളമുദ്രകളും റഫറന്‍സുകളും തിരക്കഥയെഴുതിയ നൂറിനും ഫാഹിമും വേണ്ടുവോളം വാരിവിതറിയിട്ടുണ്ട്. അത്തരത്തില്‍ ഈ ക്രിസ്മസ് കാലത്ത് മോഹന്‍ലാല്‍ ആരാധകര്‍ക്കും ഉത്സവാവേശം സമ്മാനിക്കുന്ന ചിത്രം കൂടിയാണ് ഭഭബ.
അവതരണത്തില്‍ ഒരുകൂട്ടം ഭ്രാന്തന് ചിന്തകളുടെ ഘോഷയാത്രയെന്നു തോന്നുമെങ്കിലും സാമൂഹികജീവിതത്തെ ബാധിക്കുന്ന കാലിക പ്രസക്തിയുള്ള നിരവധി സന്ദര്‍ഭങ്ങളും ചിത്രത്തിന്റെ പ്രമേയത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. സ്ത്രീളെപ്പറ്റിയുള്ള മോശം പരാമര്‍ശങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ വഴിമുടക്കി നടത്തുന്ന വിജയാഹ്ളാദ ഘോഷയാത്രകള്‍ എന്നിവയൊക്കെ സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും ആളുകളുടെ മനോനിലയെയും ജീവനെത്തന്നെയും എത്രത്തോളം ബാധിക്കുമെന്നുകൂടി തീവ്രമായി പറയുന്ന സിനിമയാണു ഭഭബ.
സിനിമയുടെ ടെയില്‍ എന്‍ഡില്‍ വരുന്ന തമിഴ് താരത്തിന്റെ കാമിയോ റോള്‍ പ്രേക്ഷകര്‍ക്കു സര്‍പ്രൈസ് തന്നെയാണ്. ഈ ക്രിസ്മസ് കാലത്ത് കൂലങ്കഷമായി ഒന്നുമാലോചിക്കാതെ മാസ് ചേരുവകളുടെ അഴിഞ്ഞാട്ടത്തില്‍ ആറാടാനുള്ള ഒരവസരമായി കണ്ട് ഈ ദിലീപ്-മോഹന്‍ലാല്‍ ചിത്രത്തിനു ടിക്കറ്റെടുക്കാം.
Tags : BHA BHA BA REVIEW Mohanlal Dilieep Shaan Rahman MG Sreekumar Vineeth