സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ മുഖ്യമന്ത്രി സി.കെ. ജോസഫിനെ ആയിരക്കക്കിനു പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്ന് ഒരു സാധാരണക്കാരന് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും വേറിട്ട രീതിയില്‍ സറ്റയറിക്കലായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം ഭഭബ അഥവാ ഭയം ഭക്തി ബഹുമാനം. കുട്ടിക്കൂട്ടങ്ങളായ ദളപതി ബോയ്സും റിച്ച് കിഡ്സും തമ്മില്‍ പറയുന്ന കഥകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത്.
ആദ്യമേ പറയട്ടെ, ഇതു നിങ്ങളുടെ ചിന്താശേഷിയെ അളന്നുകുറിക്കാനുള്ള സിനിമയൊന്നുമല്ല. ഇതിലെ കഥാസഞ്ചാരത്തിനും കഥാമുഹൂര്ത്തങ്ങള്ക്കും അണിയറക്കാര്‍ തന്നെ പറഞ്ഞതുപോലെ യാതൊരു ലോജിക്കുമില്ല. ഒരു കൂട്ടം ഭ്രാന്തന് ചിന്തകളുടെയും ആശയങ്ങളുടെയും ഭ്രാന്തന് സീനുകളുടെയും രണ്ടര മണിക്കൂര്‍ അഴിഞ്ഞാട്ടമാണ് ഭഭബ.