കുര്യച്ചന് എന്ന നിഗൂഢത തേടിയിറങ്ങുന്ന കുറച്ചധികംപേര്ക്കൊപ്പം പ്രേക്ഷകരും നടുക്കുന്ന സത്യങ്ങളുടെ ബൈനോക്കുലാര്‍ കാഴ്ചകളിലെത്തിപ്പെടുന്ന ക്ലാസിക് സിനിമാറ്റിക് അനുഭവമാണ് "എക്കോ'. കുര്യച്ചന്റെ ക്രൈമുകളുടെ പങ്കാളിയും കാലാന്തരത്തില്‍ അയാളുടെ ശത്രുവുമാകുന്ന "എക്കോ'യിലെ മോഹന്‍ പോത്തനില്‍ രൂപഭാവങ്ങളിലും കഥാപാത്രനിര്വഹണത്തിലുമെല്ലാം വേറിട്ട, പുതുമയുള്ള മോഡിഫൈഡ് വീനീതിനെ ആസ്വദിക്കാനാകുന്നതിന്റെ ഉജ്വല മുഹൂര്‍ത്തങ്ങളുണ്ട്.
"ഇതുവരെ ചെയ്തതില്‍ വെല്ലുവിളിയുയര്‍ത്തിയ വേഷങ്ങളിലൊന്നാണിത്. പെര്‍ഫോമന്‍സിനു പ്രാധാന്യമേറിയ കഥാപാത്രം. തിയറ്റര്‍ സന്ദർശനത്തിനു പോയപ്പോള്‍ രാത്രി പന്ത്രണ്ടരയ്ക്കും കുടുംബപ്രേക്ഷകര്‍! പ്രായമുള്ള അമ്മമാരും കുട്ടികളുമുള്‍പ്പെടെ. അവരൊക്കെ കൈപിടിച്ച് അവരുടെ സന്തോഷം പങ്കുവയ്ക്കുന്നു. അതൊക്കെ എന്തൊരനുഗ്രഹമാണ്!- വീനീത് സണ്‍ഡേ ദീപികയോടു പറഞ്ഞു.
മോഹന്‍ പോത്തനില്‍ നിന്നു തുടങ്ങുന്ന കഥാസഞ്ചാരം വലിയ നിഗൂഢതകളിലേക്കാണല്ലോ..?

പോത്തനെ ആദ്യം കാണിക്കുന്ന സീനില്‍ പണ്ടു നായയെക്കുറിച്ചു പഠിക്കാന്‍ മലേഷ്യയില്‍ പോയിരുന്നു എന്നും മറ്റും വളരെ കാഷ്വലായാണ് അയാള്‍ അപ്പൂട്ടിയോടു സംസാരിക്കുന്നത്. അപ്പൂട്ടി കുര്യച്ചനെക്കുറിച്ചു പറയുമ്പോഴൊക്കെ പോത്തന് അതെല്ലാം വകവച്ചുകൊടുക്കുന്നുമുണ്ട്. അവിടെ നിഗൂഢതകളൊന്നും വെളിപ്പെടുന്നതേയില്ല. പക്ഷേ, പോത്തനും മ്ലാത്തിയുമായുള്ള സംഘര്‍ഷഭരിതമായ സംഭാഷണത്തിലാണ് അയാളുടെ നിരാശയും മനസിലെ വിഷവും പുറത്താകുന്നത്. പോത്തനും കുര്യച്ചനും ഒരേയളവില്‍ ചെകുത്താന്റെ ആത്മാവുള്ളവരാണ്. അവിടെയാണ് എഴുത്തിലും കഥാപാത്രസ്വഭാവ വിശകലനത്തിലും കഥാപാത്ര നിര്വചനത്തിലുമുള്ള ബാഹുലിന്റെ വൈഭവം വെളിവാകുന്നത്.
"എക്കോ' നല്കുന്ന പരിശുദ്ധമായ സിനിമാറ്റിക് അനുഭവത്തിനു പിന്നില്‍..?
കലാപരമായ ബ്രില്യന്‍സ്, സിനിമയുടെ ക്രാഫ്റ്റ്, ഛായാഗ്രഹണം ഉള്‍പ്പെടെയുള്ളവയുടെ സാങ്കേതിക മികവ്... ഇതിനെല്ലാമപ്പുറം ബാഹുല്‍ രമേശിന്റെ തിരക്കഥയും. ഒരു പസിലിന് ഉത്തരം കണ്ടെത്തുന്നതുപോലെയുള്ള അനുഭവമാണ് ഈ സിനിമ നല്‍കുന്നത്. പലപ്പോഴും പിയൂസോ മോഹന്‍ പോത്തനോ മ്ലാത്തിയോ പറയുന്നതു ചെറിയൊരു ഡയലോഗായിരിക്കാം.
പക്ഷേ, അതിലുള്ളത് സിനിമയുടെ മറ്റൊരു സീക്വന്‍സുമായി ബന്ധിപ്പിക്കുന്ന ഒരു ഉത്തരമായിരിക്കാം. നായ്ക്കളെ കൂട്ടിലിട്ടല്ല പോറ്റേണ്ടതെന്ന് ഒരു സീനില്‍ മ്ലാത്തിച്ചേട്ടത്തി പറയുന്നുണ്ട്. ആ മലനിരകളിലെ നായക്കൂട്ടങ്ങളെ അവര്‍ എങ്ങനെയാണു നിയന്ത്രിക്കുന്നതെന്ന് ആ സംഭാഷണം സൂചന തരുന്നുണ്ട്.
പ്രേക്ഷകര്‍ക്കു വളരെ വ്യക്തമായി വിശകലനം ചെയ്ത് ചിന്തിച്ച് തീരുമാനിക്കാനുള്ള ഒരിടമാണു സിനിമയില്‍ ബാഹുല്‍ കൊടുത്തിരിക്കുന്നത്. മ്ലാത്തിച്ചേട്ടത്തിയായി വേഷമിട്ട മേഘാലയന്‍ അഭിനേത്രി ബിയാനെ മോമിന്, അവരുടെ ചെറുപ്പകാലം അവതരിപ്പിച്ച മലേഷ്യന്‍ മോഡല്‍ സീ ഫൈ, സൗരബ് സച്ച്ദേവ്, അശോകന്, നരേന്, സഹീര്‍ മുഹമ്മദ്, സന്ദീപ്, ബിനു പപ്പു...എല്ലാവരും അവരവരുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി.
മോഹന്‍ പോത്തന് എന്ന കഥാപാത്രം ഒരാക്ടറിനു ലഭിക്കുന്ന ഭാഗ്യമല്ലേ..?
അസാധാരണ പ്രതിഭാവിശേഷമുള്ള ചെറുപ്പക്കാരാണു ബാഹുലും ദിന്‍ജിത്തും. അവരുടെ വര്‍ക്കിംഗ് രീതിക്കൊപ്പം നില്‍ക്കാനായതാണ് അനുഗ്രഹം. തിരക്കഥാരചനയിലുള്പ്പെടെ അവരില്‍നിന്ന് എത്രത്തോളം മുന്നൊരുക്കവും പരിശ്രമങ്ങളുമുണ്ടായിട്ടുണ്ട് എന്നതു ഷൂട്ടിംഗിനെത്തിയപ്പോഴാണു ബോധ്യമായത്. ഇടുക്കിയുടെ ഉള്‍പ്രദേശങ്ങളില്‍ ഇതേവരെ ആരും എക്സ്പ്ലോര്‍ ചെയ്യാത്ത വനാന്തരങ്ങളിലെ കിഴുക്കാംതൂക്കായ മലഞ്ചെരിവുകളിലായിരുന്നു ചിത്രീകരണം. മഴ, കോട, ഇടി, കാറ്റ്...പലപ്പോഴും അഞ്ചാറു മണിക്കൂര്‍ വരെ കാത്തിരുന്നു കിട്ടിയ അരമണിക്കൂറിലൊക്കെ ഷോട്ടെടുക്കേണ്ടി വന്നിട്ടുണ്ട്.
ഡയലോഗ് ഡെലിവറിയിലും മോഡുലേഷനിലുമെല്ലാം വേറിട്ടു നില്ക്കുന്ന കഥാപാത്രം..?

വൈചിത്ര്യവും അസാധാരണത്വവുമുള്ള, നിരീക്ഷണകുതുകിയായ കഥാപാത്രമാണു പോത്തന്. പക്ഷേ, എല്ലാം വളരെ ഉദാസീനരീതിയിലാവും പറയുക. തെക്കന്‍ സ്ളാംഗില്‍ വളരെ ആഴത്തിലുള്ള സംഭാഷണങ്ങളാണ് ബാഹുല്‍ എഴുതിയിരിക്കുന്നത്. മാത്രമല്ല, ഈ കഥയുമായി ബന്ധപ്പെടുത്തുന്ന ധാരാളം കാര്യങ്ങള്‍ സന്ദീപിനോടും മ്ലാത്തിയോടും പോത്തന്തന്നെ പറയുന്നുമുണ്ട്. അതൊക്കെ ഒരേ മീറ്ററില്‍ തന്നെ പറയണമെന്നുള്ളതു ഡയറക്ടര്‍ക്കും കാമറാമാനും നിര്‍ബന്ധമായിരുന്നു. ആ ഡയലോഗുകളൊക്കെ പഠിച്ച് ആ മോഡുലേഷനില്ത്തന്നെ പറയുമ്പോഴാണ് അതിനു ഭംഗിയും പൂര്‍ണതയും കൈവരുന്നത്. ആ രീതിയിലേക്ക് ഇഴുകിച്ചേരുക എന്നത് എന്നിലെ നടനു വെല്ലുവിളിയായിരുന്നു.
തയാറെടുപ്പുകൾ ഉണ്ടായിരുന്നോ..?
ഇത്തരം തീവ്ര സ്വഭാവത്തിലുള്ള സിനിമകള്‍ക്കൊക്കെ മുന്നൊരുക്കമുണ്ടാവും. മൂന്നാലു പ്രാവശ്യം തിരക്കഥ വായിച്ച് മൊത്തം സംഭാഷണവും പഠിച്ചശേഷമാണു സെറ്റിലെത്തിയത്. ആദ്യം വേറൊരു ഗെറ്റപ്പ് നോക്കി. പക്ഷേ, എവിടെയെങ്കിലും അതു കൃത്രിമമെന്നു തോന്നാനിടയായാല്‍ കഥാപാത്രത്തെ ബാധിക്കും. അങ്ങനെ ഈ ഗെറ്റപ്പിലെത്തി.
മേക്കപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തേ തീരുമാനിച്ചുറപ്പിച്ചു. പോത്തന് എന്ന കഥാപാത്രം എങ്ങനെയായിരിക്കണം എന്നതിലുള്ള ബാഹുലിന്റെയും ദിന്‍ജിത്തിന്റെയും ഉറച്ച ബോധ്യമാണ് പ്രേക്ഷകര്‍ക്ക് അതു വേറിട്ട അനുഭവമാക്കിയത്.
"എക്കോ'യിലെ പ്രധാന വെല്ലുവിളി..?
"മലമടക്കിലെവിടെയോ ഒരു പൊത്ത്. അവിടെ 24 മണിക്കൂറും നീരുറവ. പുറത്തുനിന്നു പഴങ്ങളും മറ്റുമെത്തിക്കാന്‍ പട്ടികള്‍. ലോകത്ത് ഒരു കുഞ്ഞുപോലുമറിയാതെ 25-30 ദിവസം കഴിയാനൊരു സ്ഥലമുണ്ടെന്നു കുര്യച്ചന് പണ്ടു പറഞ്ഞിരുന്നു. ഞാന്‍ ഒരുപാടു പ്രാവശ്യം ചോദിച്ചതിനുശേഷമാണ് അയാള്‍ എന്നോടതു പറഞ്ഞത്.
എന്നാല്‍ സ്ഥലം ഏതാണെന്നു പറഞ്ഞിട്ടുമില്ല.' ഈ സംഭാഷണങ്ങൾ ഒട്ടും നാടകീയമാകാതെ വളരെ കാഷ്വലായി അവതരിപ്പിക്കണം എന്നതായിരുന്നു സംവിധായകന്റെ താത്പര്യം. അത്തരത്തില്‍ അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. സംഭാഷണശൈലി തന്നെ ചലഞ്ചിംഗായിരുന്നു. ഒപ്പം, ശബ്ദ ക്രമീകരണം കൊണ്ടുവരികയും വേണം.
എന്തുകൊണ്ടാണു നിരന്തരം സിനിമകള്‍ ചെയ്യാത്തത്..?
എന്നിലേക്കു വരുന്നതൊക്കെയും ഗംഭീര തിരക്കഥകള്‍ തന്നെയാണ്. പക്ഷേ, മിക്കപ്പോഴും എന്റെ കഥാപാത്രത്തിനുവേണ്ടി എനിക്കു കാര്യമായി ഒന്നുംതന്നെ ചെയ്യാനുണ്ടാവില്ല. എനിക്ക് ആത്മവിശ്വാസമുള്ളത്, പുതുമ തോന്നുന്നത്, ഒരു സീനാണെങ്കിലും അതില്‍ പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുള്ളത്... അതിലൂടെ ആത്മസംതൃപ്തി നേടാനാകുന്നത്... അത്തരം വേഷങ്ങളാണു ചെയ്യുന്നത്. എക്കോയില്‍ നോക്കൂ, എനിക്ക് മ്ലാത്തിയുമായുള്ള സംഘര്‍ഷഭരിതമായ ആ ഒരു സീന്‍ മതി.
കുര്യച്ചനെത്തേടി മ്ലാത്തിയുടെ വീട്ടിലെത്തുന്ന പോത്തന് അവരോടു കയർത്തു സംസാരിക്കുന്ന ആ സീന്‍. ഈ പടത്തില്‍ എന്റെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന സീനാണത്. നടനെന്ന നിലയില്‍ എനിക്കതു ചലഞ്ചിംഗ് ആയിരുന്നു. സിനിമയുടെ മൊത്തത്തിലുള്ള ക്രാഫ്റ്റിലും പോത്തന്റെ കഥാപാത്ര നിര്‍വചനത്തിലുള്ള മതിപ്പിലുമാണ് പ്രേക്ഷകര്‍ ഇന്ന് എന്നോടു നല്ല വാക്കുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അഭിനയിക്കാന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതു വലിയ ഉത്തരവാദിത്വമായി കാണുന്നു. കരുത്തും കാതലുമുള്ള വേഷങ്ങള്‍ ചെയ്താലേ അവരുടെ മനസില്‍ നമ്മള് എപ്പോഴുമുണ്ടാവുകയുള്ളൂ.
അടുത്ത റിലീസുകള്‍..?
"കത്തനാരാ'ണ് അടുത്ത റിലീസ്. അതില്‍ ഒരു പ്രധാന വേഷമാണ്. അതിനിടെ മറ്റൊരു വലിയ പടവും റിലീസിനൊരുങ്ങുന്നുണ്ട്. നിര്‍ണായക സീനില്‍ വരുന്ന കഥാപാത്രമായതിനാല്‍ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തമിഴില്‍ ഒരു ബിഗ് പ്രൊഫൈല്‍ സിനിമ ചര്‍ച്ചയിലാണ്.
Tags : vineeth interview vineeth eko movie