ഡീയസ് ഈറെ’യില്‍ പ്രണവിനൊപ്പം പ്രാധാന്യമുള്ള മധുസൂദനന് പോറ്റി എന്ന കഥാപാത്രം. "കളങ്കാവലി’ല്‍ മമ്മൂട്ടിക്കും വിനായകനുമൊപ്പം ആനന്ദ് എന്ന പോലീസ് വേഷം. 18നു റിലീസാകുന്ന ദിലീപ് ചിത്രം "ഭഭബ’യില്‍ നിര്‍ണായക കഥാപാത്രം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യചിത്രം "തുടക്ക’ത്തിലും മോഹന്‍ലാല്‍-മമ്മൂട്ടി-മഹേഷ് നാരായണന് സിനിമ "പേട്രിയറ്റി’ലും വേഷങ്ങള്‍. കരിയറില്‍ തുടര്‍ച്ചയായി സൂപ്പര്‍താര, മാസ് സിനിമകളുടെ ഭാഗമാവുകയാണ് ജിബിന്‍ ഗോപിനാഥ്.
"ഒരു നടനെ സംബന്ധിച്ചിടത്തോളം ജനം തിയറ്ററില്‍ കാണുന്ന സിനിമകളില്‍ സ്ഥിരമായി വരാനാകുന്നതു വലിയ ഭാഗ്യമാണ്. മമ്മൂട്ടി സാറിനും ലാല്‍ സാറിനുമൊപ്പം അവസരം കിട്ടുമ്പോള്‍ ഇന്ന കഥാപാത്രം എന്നൊന്നും നോക്കാതെ സന്തോഷത്തോടെ ചെയ്യും. കാരണം, അതൊക്കെ നമ്മളെ വിളിച്ചു തരുന്ന വേഷങ്ങളാണ്, വലിയ ഭാഗ്യവുമാണ്’ -ജിബിന്‍ ഗോപിനാഥ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ മധുസൂദനന് പോറ്റിയിലേക്ക് എത്തിയത്..?
ഒന്നു രണ്ടു വലിയ നടന്മാരെയാണ് അതിലേക്ക് ആദ്യം പരിഗണിച്ചത്. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകന് ദിന്നാഥാണ് ഒരു ഓപ്ഷൻ എന്ന നിലയ്ക്ക് എന്റെ പേര് ഡയറക്ടര്‍ രാഹുല്‍ സദാശിവനു നിര്‍ദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഞാന്‍തന്നെ മതിയെന്നു രാഹുല്‍ ഉറപ്പിച്ചു. എന്നെ താടിയില്ലാതെയാണു ഡയറക്ടര്‍ കണ്ടത്. മിക്ക പടങ്ങളിലും അതാണു ലുക്ക്. ഒരു മാറ്റം എന്ന നിലയ്ക്ക് ഈ കഥാപാത്രത്തിനുവേണ്ടി താടിവളര്‍ത്താന്‍ രാഹുല്‍ നിര്‍ദേശിച്ചു.
കഥാപാത്രത്തെക്കുറിച്ചു വായിച്ചു മനസിലാക്കുന്നതിലുപരി മറ്റു തയാറെടുപ്പുകളൊന്നും വേണ്ടെന്നും പ്രത്യേകം പറഞ്ഞു. പ്രണവിനും എനിക്കും മാത്രമാണ് ഷൂട്ടിംഗ് തുടങ്ങുംമുമ്പ് ഫുള്‍ സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയത്. മധുസൂദനന് പോറ്റിക്കു കഥാഗതിയിലെ പ്രാധാന്യം തിരക്കഥയില്‍നിന്നു ബോധ്യമായി. അതിനോടു നീതിപുലർത്തുന്ന പ്രകടനം പടത്തിൽ ചെയ്യാനായെന്നു കരുതുന്നു.
പ്രണവുമൊത്തുള്ള അനുഭവങ്ങള്‍..?

ഈ പടത്തിന്റെ സെറ്റിലാണ് ആദ്യമായി പ്രണവിനെ നേരില്‍ കണ്ടത്. ആദ്യദിവസം തന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രത്യേക ഡിമാന്ഡുകളൊന്നുമില്ലാത്ത ഒരു സാധാരണക്കാരന്, ഒരു നല്ല കൂട്ടുകാരന്-അതാണു പ്രണവ്. ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ചും എങ്ങനെ, ഏതുവരെ ചെയ്യാം, എന്തൊക്കെയാണു പരിമിതികള്‍ എന്നതും രാഹുല്‍ കൃത്യമായി പറഞ്ഞുതന്നു. ഇടവേളകളില്‍ ഞാനും പ്രണവും സംഭാഷണങ്ങള്‍ ഇന്ന രീതിയില്‍, ഇത്ര ടൈം ഗ്യാപ്പില്‍ എന്നൊക്കെ ശ്രദ്ധിച്ചു പരിശീലിച്ചിരുന്നു. പക്ഷേ, രാഹുല്‍ ഉദ്ദേശിച്ചത് ആ രീതിയിലല്ലെങ്കില്‍ വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുമായിരുന്നു.
"മധുസൂദനന് പോറ്റി’യുമായി വ്യക്തിപരമായി എത്രത്തോളം അടുപ്പമുണ്ട്..?
അയാള്‍ ഒരു കോണ്‍ട്രാക്ടറാണ്. അയാള്‍ക്ക് അമ്മ മാത്രമേയുള്ളൂ. എല്ലാം വളരെ സമാധാനത്തോടെ കണ്ടു പെരുമാറുന്ന ഒരാളാണ്. അയാളുടെ സാഹചര്യങ്ങളും ജീവിതവും അങ്ങനെയാണ്.. എന്നൊക്കെ രാഹുല്‍ പറഞ്ഞിരുന്നു. ഞാനാണ് ആ വേഷം ചെയ്തതെന്ന് എന്നെ അറിയുന്ന ആരുംതന്നെ പെട്ടെന്ന് ഉള്‍ക്കൊണ്ടിട്ടില്ല. ഞാന്‍ കുറച്ചുകൂടി എല്ലാവരോടും സംസാരിക്കുന്നയാളാണ്, എന്തിനോടും പെട്ടെന്നുതന്നെ പ്രതികരിക്കാറുമുണ്ട്.
കഥാപാത്രത്തില്‍ ആദ്യാവസാനം ഇത്തരമൊരു മാറ്റം കൊണ്ടുവന്നപ്പോള്‍ എല്ലാവര്ക്കും അതിശയമായി. ഇത്തരം കഥാപാത്രങ്ങള്‍ എനിക്ക് ചെയ്തെടുക്കാനാകുമെന്ന വലിയ ആത്മവിശ്വാസമാണ് വാസ്തവത്തില്‍ രാഹുല്‍ തന്നത്. പഴയ വേഷങ്ങളുമായി ഒരു ഛായയും തോന്നിപ്പിക്കാതെ, പുതിയ തരത്തില്‍ എനിക്കതു ചെയ്യാനായി എന്നു കേള്‍ക്കുന്നതില്‍ സന്തോഷം.
"ഡീയസ് ഈറെ’യ്ക്കു "ഭ്രമയുഗം’, "ഭൂതകാലം’ സിനിമകളുമായുള്ള ബന്ധം തിരക്കഥയിലുണ്ടായിരുന്നോ..?
കൊടുമണ്‍ പോറ്റിയുമായി എന്റെ കഥാപാത്രത്തിനുള്ള ബന്ധത്തെപ്പറ്റിയാണ് എല്ലാവരും ചോദിക്കുന്നത്. സിനിമ കഴിഞ്ഞപ്പോഴാണ് അങ്ങനെയൊരു സാധ്യതയുണ്ടല്ലോ എന്നു തോന്നിയത്. അതേപ്പറ്റി സംവിധായകന് കൂടുതലൊന്നും പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ഉണ്ടായേക്കാം. സൈജു കുറുപ്പിന്റെ ജോര്‍ജ് എന്ന കഥാപാത്രം മധുസൂദനന് പോറ്റിയെ വന്നു കാണുന്ന സീന്‍ "ഭൂതകാലം’ സിനിമയുമായുള്ള ബന്ധമാണെന്ന് എനിക്കു വ്യക്തമായി അറിയാമായിരുന്നു.
ഭഭബ വിശേഷങ്ങള്‍..?

ദിലീപേട്ടനും ലാല്‍ സാറുമുള്ള ചിത്രം. എനിക്ക് ഏറെ പ്രതീക്ഷയുള്ള വേഷം. വിനീത് ശ്രീനിവാസന്, ധ്യാന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരുമുണ്ട്. വിനീതിന്റെ അസോസിയേറ്റായിരുന്ന ധനഞ്ജയ് ആണു ഡയറക്ടര്‍. എഴുതിയതു നടന് ഫാഹിമും ഭാര്യ നൂറിനുമാണ്. ഇരുവരും ഇതില്‍ അഭിനയിക്കുന്നുമുണ്ട്. കൂടുതല്‍ ചിന്തിക്കാനുള്ള കാര്യങ്ങളൊന്നുമില്ല. നമ്മുടെ ബൗദ്ധികശേഷി അളക്കുന്ന സിനിമയുമല്ല. പ്രത്യേകിച്ചു ജോണറൊന്നും പറയാനില്ല. ലോജിക്കിനപ്പുറം മാഡ്നെസ് വിളയാട്ടത്തിന്റെ ഒരു ലോകം.
ഈയടുത്തകാലത്തൊന്നും ഇത്രയും രസകരമായ, പവര്‍ഫുള്‍ സിനിമ വന്നിട്ടില്ലെന്നു പറയാം. തുറന്ന മനസോടെ വന്ന്, രണ്ടു രണ്ടര മണിക്കൂര്‍ വേറെ ടെന്ഷനൊന്നുമില്ലാതെയിരുന്നു കാണാന്‍ പറ്റുന്ന, കുറച്ച് എനര്‍ജിയുമായി വീട്ടിലേക്കു മടങ്ങാനാകുന്ന അനുഭവമാകും അത്. ആദ്യാവസാനം ചിരിപ്പിച്ച് കുറച്ച് ആക്്ഷന്‍ സീക്വന്സുകളിലൂടെയാണു കഥാസഞ്ചാരം. നമ്മളെ ത്രില്ലടിപ്പിച്ചിട്ടുള്ള ഒന്നുരണ്ടു പാട്ടുകള്‍ ഇതില്‍ റീമിക്സായി വരുന്നുണ്ട്. അവയില്‍ ലാല്‍ സാറും ദിലീപേട്ടനുമൊക്കെയുള്ള പാട്ടുകളുമുണ്ട്.
"കളങ്കാവല്‍’ വിശേഷങ്ങള്‍..?
മമ്മൂട്ടി സാര്‍ തന്നെയാണ് എന്നെ പടത്തിലേക്കു വിളിച്ചത്. വിനായകന് ചേട്ടനും മമ്മൂക്കയ്ക്കുമൊപ്പം ആദ്യാവസാനമുള്ള കഥാപാത്രം. യൂണിഫോമില്ലാത്ത പോലീസ് വേഷം, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ആനന്ദ്. ഏറെ രസകരമായി സംസാരിക്കുന്ന, നമ്മളെ വളരെ കൂളാക്കുന്ന നല്ല ഒരു മനുഷ്യനാണു വിനായകന് ചേട്ടന്. അദ്ദേഹവുമായി നല്ല അടുപ്പമായി.
മമ്മൂട്ടി സാര്‍ എപ്പോഴും സെറ്റിലുണ്ടാവും. അടുത്തു സംസാരിച്ചും കാര്യങ്ങള്‍ ചോദിച്ചും പറഞ്ഞും... അങ്ങനെ അദ്ദേഹത്തോടൊപ്പം 45 ദിവസങ്ങള്‍. നമ്മള് ചെറിയ പ്രായംതൊട്ടു കണ്ടുവരുന്ന മമ്മൂട്ടി സാര്‍. തന്റെ കഴിവു തെളിയിച്ച വിനായകന് ചേട്ടന്. ഇവര്‍ക്കൊപ്പം സീനില്‍ നില്‍ക്കാനായതു തന്നെ വലിയ അനുഭവമാണ്, ഭാഗ്യമാണ്.
പോലീസ് കഥാപാത്രങ്ങള്‍ അനായാസമല്ലേ..?

ഒരിക്കലും പോലീസ് വേഷം എനിക്ക് അനായാസമായി തോന്നാറില്ല. ഞാന്‍ ചെയ്തിരുന്ന ജോലിയിലെ പോലീസുകാരനല്ല സിനിമയിലെ പോലീസുകാരന്. നമ്മള് എത്രതന്നെ സാമാന്യവത്കരിച്ചു കാണിച്ചാലും ഒറിജിനല്‍ പോലീസുകാരനെ സിനിമയില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാണ്. മാത്രമല്ല സീനില്‍ ഒറിജിനല്‍ പോലീസുകാരനായി നില്‍ക്കാനും എനിക്കു ബുദ്ധിമുട്ടാണ്.
പോലീസില്‍നിന്നുള്ള ലീവ് തുടരുമോ..?
അഭിനയത്തിനായി എടുത്ത അഞ്ച് വര്‍ഷത്തെ ലീവില്‍ രണ്ടു കൊല്ലം കഴിഞ്ഞു. ഡീയസ് ഈറെ, കളങ്കാവല്‍, ഭഭബ... ഇവയുടെ അടുത്തടുത്തുള്ള റിലീസ് എനിക്കു നല്ല രീതിയില്‍ റീച്ച് നല്‍കുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ നല്ല കഥാപാത്രങ്ങള്‍ക്കുവേണ്ടി ഇപ്പോള്‍ പലരും വിളിക്കുന്നതില്‍ സന്തോഷം.
എനിക്കു ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള വേഷങ്ങള്‍ ചെയ്തു നല്ല സിനിമകളുടെ ഭാഗമായി ഇവിടെ തുടരണമെന്നാണ് ആഗ്രഹം. ഈസ്റ്റ് കോസ്റ്റ് വിജയന്റെ "ഭീഷ്മര്‍’, അരുണ്‍ലാല്‍ രാമചന്ദ്രന്റെ "സുഖമാണോ സുഖമാണ്’, സുനില്‍ ഇബ്രാഹിമിന്റെ "തേഡ് മര്‍ഡര്‍’ എന്നിങ്ങനെ ഞാന്‍ ഭാഗമായ സിനിമകള്‍ റിലീസിനൊരുങ്ങുന്നു. ലിയോണയ്ക്കൊപ്പം ഞാന്‍ പ്രധാന വേഷം ചെയ്ത മിഥുന് മാനുവല്‍ തോമസിന്റെ ആദ്യത്തെ ഹോട്ട്സ്റ്റാര്‍ വെബ് സീരീസ് "അണലി’ റിലീസിനൊരുങ്ങി.
"ഡീയസ് ഈറെ’യ്ക്കുശേഷം വേറിട്ട വേഷങ്ങള്‍ വന്നുതുടങ്ങിയോ..?
ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നതു ജൂഡ് ആന്റണി സാറിന്റെ "തുടക്കം’ എന്ന സിനിമയിലാണ്. അതില്‍ പ്രണവിന്റെ സഹോദരി, ലാല്‍ സാറിന്റെ മകളാണു നായിക. എല്ലാത്തരം പ്രേക്ഷകര്‍ക്കും വര്‍ക്കാകുന്ന രസകരമായ ഒരു പ്രമേയം. അതില്‍ ഒരു നല്ല വേഷം ചെയ്യുന്നുണ്ട്. ആശീര്വാദാണു നിര്‍മാണം. ആന്റണിച്ചേട്ടന്റെ മകൻ ആശിഷ് ആന്റണി ഒരു പ്രധാന വേഷത്തിലെത്തുന്നു. മഹേഷ് നാരായണൻ സാറിന്റെ "പേട്രിയറ്റാ’ണ് ഇപ്പോൾ ഞാൻ അഭിനയിക്കുന്ന മറ്റൊരു സിനിമ.
ലാലേട്ടനും മമ്മൂക്കയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമൊക്കെയുള്ള വന്‍ ബജറ്റ് പടം. പുതിയ രണ്ടു മൂന്നു സിനിമകള്‍ ചര്‍ച്ചകളിലാണ്.
Tags : Jibin Gopinath interview kalamkaval dies irea