അവഗണനകള്‍ മറികടന്ന് സിനിമയിലെത്തിയ "ആശാനി’ലെ നായക കഥാപാത്രം അനന്തനെപ്പോലെ, തീരെച്ചെറിയ വേഷങ്ങളില്‍നിന്ന് നായകസ്ഥാനത്തേക്കുയര്ന്ന പുത്തന്താരമാണ് ജോമോന് ജ്യോതിര്‍.
കളിമണ്ണില്‍നിന്ന് ഉദാത്തസൗന്ദര്യം കണ്ടെടുക്കുംപോലെ ജോമോനില്‍ നിന്നു ജോണ്‍പോള്‍ ജോര്‍ജ് മെനഞ്ഞെടുത്ത ഹൃദയഹാരിയായ കഥാപാത്രമാണ് അനന്തന്! "രോമാഞ്ച’ത്തിലെ ഡി.ജെ. ബാബു, "ഗുരുവായൂരമ്പലനടയി’ലെ ഡോക്ടര്‍ ജോര്‍ജ്, വാഴയിലെ മൂസ, "വ്യസനസമേതം ബന്ധുമിത്രാദികളി’ലെ ശക്തി...ഹിറ്റായ ജോമോന് വേഷങ്ങളില്നിന്നു കെട്ടിലും മട്ടിലും മാറ്റിപ്പിടിച്ച "ആശാന്’ കഥാപാത്രം.
"ഞാനുമായി നന്നായി അടുപ്പമുള്ള കഥാപാത്രമാണ് അനന്തന്. ഞങ്ങൾ തമ്മില്‍ ഏറെ സാദൃശ്യങ്ങളുണ്ട്. ഒരുപക്ഷേ, ജോണേട്ടന് അങ്ങനെ കണ്ടിട്ടാവാം എന്നെ കാസ്റ്റ് ചെയ്തത്. സിനിമയില്‍ കയറാനുള്ള ആഗ്രഹത്തോടെ ഒരുപാടു സിനിമകളുടെ പിറകേ നടന്ന ഒരാളാണു ഞാനും’ -ജോമോന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സിനിമയിലെത്തിയത്..?

തോന്നയ്ക്കല്‍ എജെ കോളജില്‍നിന്ന് ബിഎ മാസ് കമ്യൂണിക്കേഷന്‍ കഴിഞ്ഞ് ഗ്രാഫിക് ഡിസൈനിംഗുമായി മുന്നോട്ടുപോയി. സിനിമതന്നെയായിരുന്നു മനസില്‍. കാറ്ററിംഗ് ഉള്‍പ്പെടെ, വട്ടച്ചെലവിനു പൈസ കിട്ടുന്ന പരിപാടികളെല്ലാം ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു പണം വീട്ടിലും അയച്ചുകൊടുത്തിരുന്നു.
ഒടുവില്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറിയേ പറ്റൂ എന്ന അവസ്ഥയിലെത്തി. കാരണം, 25 വയസിനു പുറത്തായി. മനസില്‍ സിനിമ കിടക്കുമ്പോള്‍ വേറെ ജോലിക്കു പോകാന്‍ പറ്റുന്നുമില്ല. പത്തു പതിനഞ്ച് ഓഡിഷനുകളില്‍ വിജയിച്ചിട്ടും അവര്‍ പറയുന്ന ഫ്രെയിമില്‍ പോയി നിന്നതല്ലാതെ ഡയലോഗുകളൊന്നും കിട്ടിയിരുന്നില്ല. പത്തുപേരുടെ കൂട്ടത്തില്‍ ഒരാളായി രണ്ടു മാസമൊക്കെ നിന്നു മനസു മടുക്കുന്ന അവസ്ഥ.
കോവിഡ് സമയത്തു യൂട്യൂബില്‍ കണ്ടന്റ് റീല്‍സ് ചെയ്തുതുടങ്ങി. അതു കണ്ട് ഇഷ്ടമായിട്ടാണ് ജൂഡ് ആന്റണി എന്നെ "സാറാസി’ലേക്കു വിളിച്ചത്. യൂട്യൂബ് വെബ് സീരീസുകള്‍ തുടര്‍ന്നും ചെയ്തു. അതിനിടെ സംവിധായകന് ജിത്തു മാധവന് "രോമാഞ്ച’ത്തിലേക്കു വിളിച്ചു. ജോണ്‍പോള്‍ ജോര്‍ജായിരുന്നു നിര്‍മാതാവ്.
വഴിത്തിരിവായി രോമാഞ്ചം. അത്യാവശ്യം പടങ്ങള്‍ വന്നുതുടങ്ങി. ഒരു സീന്‍ അഭിനയിക്കാനാണു വിപിൻദാസ് "ഗുരുവായൂരമ്പലനടയി’ലേക്കു വിളിച്ചത്. ചെയ്തത് ഇഷ്ടമായപ്പോള്‍ നാലഞ്ചു സീന്‍കൂടി തന്ന് എന്നെ ക്ലൈമാക്സ് വരെ എത്തിച്ചു. അങ്ങനെ ഡോ. ജോര്‍ജ് വലിയ കഥാപാത്രമായി. തുടര്‍ന്ന് അവസരങ്ങള്‍ കൂടിവന്നു. "വാഴ’യില്‍ മൂസ എന്ന കഥാപാത്രം ചെയ്തശേഷമാണ് ജോണ്‍പോള്‍ എന്നെ "ആശാനി’ലേക്കു വിളിച്ചത്.
പിന്നീടു "വ്യസനസമേതം ബന്ധുമിത്രാദികളി’ലെ ശക്തിയും ക്ലിക്കായി. "ഇന്നസെന്റി’ലും "പെറ്റ് ഡിറ്റക്ടീവി’ലും ഹ്യൂമര്‍ വേഷങ്ങളാണു ചെയ്തത്.
അനന്തനാകാന് ജോണ്‍പോളിന്റെ സപ്പോര്‍ട്ട്..?

"കൈയില്‍ നിന്നിടുന്ന പരിപാടിയൊക്കെ ഇതില്‍ മാറ്റിവയ്ക്കണം. ചേട്ടന് പറയും, അതുപോലെ ചെയ്താല്‍ മതി’ എന്നു ജോണ്‍പോള്‍ ആദ്യമേ പറഞ്ഞിരുന്നു. സ്ക്രിപ്റ്റ് ഒരുതവണ എനിക്കു വായിച്ചുതന്നു. പിന്നീടു രണ്ടു തവണ ഞാന്‍ വായിച്ചു. ഇതുവരെയുള്ള അഭിനയരീതിയില്നിന്നു ട്രാക്ക് മാറ്റിപ്പിടിക്കാന്‍ ജോണ്‍പോള്‍ എന്നെ നല്ലരീതിയില്‍ സഹായിച്ചു.
ഞാന്‍ സിനിമയിലെത്തിയിട്ട് ഏകദേശം രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. ആക്ടിംഗ് വര്ക്ഷോപ്പിനോ ആക്ടിംഗ് ക്യാമ്പിനോ പോയിരുന്നില്ല. ഈ പടം തുടങ്ങുന്നതിന് അഞ്ചുദിവസം മുമ്പ് ജോണ്‍പോള്‍ എന്നെ ക്യാമ്പിലേക്കു കൊണ്ടുപോയി വേണ്ട കാര്യങ്ങള്‍ പറഞ്ഞുതന്നശേഷമാണു ഷൂട്ടിംഗിലേക്കുകടന്നത്. സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരും സിനിമയെക്കുറിച്ചു പഠിക്കാന്‍ താത്പര്യമുള്ളവരും ഈ പടം ഒരുതവണ കണ്ടാല്‍മതി, എല്ലാം വ്യക്തമാകും. ആദ്യ പകുതി നര്‍മം, രണ്ടാംപകുതി ക്ലാസ്- അങ്ങനെയാണു മേക്കിംഗ്.
ഇന്ദ്രന്‍സിനെ അടുത്തറിയുമ്പോൾ..?

മുമ്പ് രണ്ടു മൂന്നു പടങ്ങളില്‍ വച്ച് ഞങ്ങള്‍ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതല്‍ കമ്പനിയായത് "ആശാനി’ലാണ്. ഒന്നിച്ചുള്ള സീനെടുക്കും മുമ്പ് കുറച്ചുനേരം സംസാരിച്ചിരുന്ന് മാനസിക അടുപ്പമുണ്ടായാല്‍ ഏതു സീനും ഗംഭീരമായി ചെയ്യാനാവും. അദ്ദേഹത്തിനും അതറിയാം.
നല്ല അടുപ്പമായതോടെ ഒപ്പം വര്‍ക്ക് ചെയ്യാന്‍ എളുപ്പമായി. എല്ലാവരോടും ഒരുപോലെയുള്ള അദ്ദഹത്തിന്റെ പെരുമാറ്റമാണ് എന്നെ ഏറ്റവുമധികം ആകര്‍ഷിച്ചത്. അദ്ദേഹത്തെ വലിയ ആളാക്കുന്നതും ആ പെരുമാറ്റമാണ്.
ഒരു ഷോട്ട് കഴിഞ്ഞ് ഡയറക്ടര്‍ പറയാതെ അദ്ദേഹം ആ ലൊക്കേഷനില്‍നിന്ന് ഒരടി അനങ്ങില്ല. കാരവാനില്‍ പോയി ഡ്രസ് മാറും, ഭക്ഷണം കഴിക്കും. ബാക്കി സമയം കോസ്റ്റ്യൂം വിഭാഗത്തിലെത്തി തയ്യല്‍മെഷീനു സമീപം കസേരയിട്ട് ഇരിക്കും. അതല്ലേ, അദ്ദേഹത്തിന്റെ സെക്കന്‍ഡ് ഹോം!
ഈ പടത്തില്‍ ഇന്ദ്രന്സേട്ടന് ആദ്യം ചെയ്തതു ക്ലൈമാക്സ് സീനാണ്. ഒരു പടംതുടങ്ങി ഏറെ നേരം അതിലൂടെ സഞ്ചരിച്ചു ക്ലൈമാക്സില്‍ എത്തുമ്പോഴുള്ള ഇമോഷന് എന്തെന്നു മനസിലാക്കിയാണ് അദ്ദേഹം ആദ്യ ദിവസംതന്നെ ആ സീന്‍ ചെയ്തത്. പരിചയക്കുറവു കാരണം എന്റെ സീനുകള്‍ കൃത്യമായ ക്രമത്തില്‍ എടുത്തെടുത്താണുപോയത്.
അദ്ദേഹത്തിന് ഇത്രയും വര്‍ഷത്തെ അനുഭവപരിചയമുള്ളതിനാല്‍ അവസാന സീന്‍ ആദ്യമെടുത്താലും പ്രശ്നമില്ല. ഞാന്‍ അതിലേക്ക് എത്താന്‍ കുറച്ചു വര്ഷങ്ങള്കൂടിയെടുക്കും!
ഇനി ഹീറോ വേഷങ്ങളാണോ താത്പര്യം..?
എപ്പോഴും ഹീറോ ആകണമെന്നു വലിയ ആഗ്രഹമൊന്നുമില്ല. പക്ഷേ, അത്യാവശ്യം ഭേദപ്പെട്ട ഒരു കാരക്ടര്‍ വേഷം, അതു വില്ലന്‍ ആണെങ്കിലും ഞാന്‍ ഹാപ്പിയാണ്. വില്ലന്‍ വേഷങ്ങള്‍ എനിക്കു താത്പര്യമാണ്. എനിക്കു ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. വരുന്നതു നായക വേഷമോ മറ്റേതെങ്കിലുമോ ആവട്ടെ, അതു നോക്കിയാവും തീരുമാനം.
കോമഡി ചെയ്യുന്നതാണാ കൂടുതല്‍ ഇഷ്ടം..?

കോമഡി ചെയ്യുന്നതു വലിയ അപകടമാണ്. തുടര്‍ച്ചയായി കോമഡി ചെയ്തു നിന്നാല്‍ ഒരു പരിധിവരെ മാത്രമേ ആളുകള്‍ക്ക് ഇഷ്ടമാവുകയുള്ളൂ. അതു സ്ഥിരമാക്കിയാൽ അവര്‍ നമ്മളെ വെറുക്കും. അതിനുമുമ്പേ കാരക്ടര്‍ വേഷങ്ങളിലൂടെ നമ്മുടെ അഭിനയം വേറൊരു തലത്തിലേക്ക് എത്തിക്കണം. അതിനുള്ള പണിയിലാണ്. പക്ഷേ, കോമഡി വിട്ടുകളയില്ല. അതു ചെയ്യുന്നതാണ് എനിക്കു സമാധാനം.
ഇനി വരാനുള്ള സിനിമകള്‍..?
"കാലന്റെ തങ്കക്കുട’മാണ് അടുത്ത റിലീസ്. "ഇഡി’യുടെ സംവിധായകന് അമീര്‍ പള്ളിക്കലിന്റെ "പ്രേംപാറ്റ’ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. അതില്‍ നായകനാണ്. സമകാലിക പ്രസക്തിയുള്ള, എനിക്കിഷ്ടമുള്ള പ്രമേയമാണ്.
വിപിന്‍ ദാസ് നിര്‍മിക്കുന്ന പടത്തിലും നായകവേഷം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന പടത്തില്‍ മെയിന്‍ ലീഡാണ്. "ആശാന്’ എല്ലാ സിനിമാക്കാരിലേക്കും എത്തുമ്പോഴേക്കും വേറിട്ട, പുതിയ വേഷങ്ങള്‍ തേടിയെത്തുമെന്നാണു പ്രതീക്ഷ.
Tags : Joemon Jyothir interview aashan star chat